Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആർക്കും വേണ്ടാത്ത മനുഷ്യർ

ആർക്കും വേണ്ടാത്ത മനുഷ്യർ

ഷാജി ജേക്കബ്

ട്ടപ്പാടി ഒരു പ്രതീകമാണ്. കേരളീയ നവോത്ഥാനം മുതൽ കേരളമാതൃക വരെ പുലർത്തിപ്പോന്ന സവർണയുക്തികളുടെ ബലിയാടുകളും ഇരകളുമായി മാറിയ ഒരു ജനതയുടെ ജൈവപ്രതീകം. വടക്കൻപാട്ടുകൾ തൊട്ട് 'പെരുച്ചാഴി'യിലെ ഡയലോഗ് വരെ, ആദിവാസിക്കും അട്ടപ്പാടിക്കും കേരളീയ പൊതുസമൂഹത്തിൽ ലഭിക്കുന്ന പ്രാതിനിധ്യങ്ങളുടെ രാഷ്ട്രീയം, ചരിത്രമെന്നത് വേട്ടക്കാരുടേതു മാത്രമാണെന്നു തെളിയിക്കുന്നു. കേരളത്തിലെ ആഫ്രിക്ക (കെ പാനൂർ), അന്യാധീനപ്പെടുന്ന ആദിവാസിഭൂമി (പി കെ പ്രകാശ്) തുടങ്ങിയ ഗ്രന്ഥങ്ങളിലും കെ ജയചന്ദ്രനും വി മുഹമ്മദാലിയും ഒകെ ജോണിയും പി സായ്‌നാഥും എം സുചിത്രയും മുതൽ കെ എ ഷാജി വരെയുള്ള മാദ്ധ്യമപ്രവർത്തകരുടെ ഇടപെടലുകളിലും നിന്ന് മലയാളിക്കു ലഭിച്ച ആദിവാസികളുടെയും അട്ടപ്പാടിയുടെയും ജീവിതചിത്രങ്ങൾ പുതിയൊരു മാനത്തിലേക്കു വളരുകയാണ് പി ഇ ഉഷയുടെ 'അരികുജീവിതങ്ങൾ' എന്ന ഗ്രന്ഥത്തിൽ.

 വംശവെറിയുടെയും ഗോത്രപ്പകയുടെയും ലിംഗാനീതിയുടെയും പറയപ്പെടാത്ത ചെറുചരിത്രങ്ങളായി ഇവ എഴുതപ്പെട്ടിരിക്കുന്നു. സാമ്പത്തികമായ ദാരിദ്ര്യം, നിരക്ഷരത, മദ്യാസക്തി, കുടിവെള്ളമുൾപ്പെടെയുള്ള ഭൗതികസാഹചര്യങ്ങളുടെ അഭാവം, കുടിയേറ്റക്കാരുടെയും കയ്യേറ്റക്കാരുടെയും നിരന്തരമായ ഭീഷണി, അധ്വാനത്തിന്റെയും ലൈംഗികതയുടെയും കടുത്ത ചൂഷണം, ഭാഷാനഷ്ടം, വർണവിവേചനം, പരിസ്ഥിതിനാശം... അട്ടപ്പാടിയിലെ മനുഷ്യർ നേരിടുന്ന നിരവധിയായ പ്രതിസന്ധികളുടെ പട്ടിക നീളുന്നു. അട്ടപ്പാടിയിൽ 'അഹാഡ്‌സ്' എന്ന സ്ഥാപനത്തിൽ ജോലിചെയ്യുന്ന കാലത്തും തുടർന്ന് മഹിളാസമഖ്യയിൽ പ്രവർത്തിക്കുന്ന കാലത്തും ഉഷ നേരിട്ടറിഞ്ഞ ആദിവാസികളുടെ അരികുവൽക്കരിക്കപ്പെട്ട ജീവിതകഥകളാണ് ഈ ഗ്രന്ഥത്തിലെ മിക്കവാറും രചനകൾ. പ്രാന്തവൽക്കരിക്കപ്പെടുന്ന വംശീയതയും ജാതീയതയും ലിംഗപരതയും മാത്രമല്ല ആദിവാസികളുടെയും അട്ടപ്പാടിയുടെയും ദുരന്തങ്ങൾക്കു പിന്നിൽ. സവർണ, വരേണ്യ നിയമങ്ങളും ഭരണകൂടങ്ങളും പൊതുസമൂഹവും മനുഷ്യപദവിതന്നെ കല്പിച്ചു കൊടുക്കാൻ മടിക്കുന്ന അടിമജീവിതമാണ് അവരുടേത്. സമൃദ്ധമായ പ്രകൃതിവിഭവങ്ങളുടെയും വിപുലമായ ഭൂമിയുടെയും ഉടമകളായിരിക്കെത്തന്നെ അവർ പട്ടിണിയും പരിവട്ടവുമായി നട്ടംതിരിയുന്നു. ആദിവാസി ക്ഷേമപ്രവർത്തനങ്ങളുടെ പേരിൽ സ്വാഭാവികമായ ആവാസവ്യവസ്ഥയിൽ നിന്ന് അവരെ കോൺക്രീറ്റ് കൂരകളിലേക്ക് ആട്ടിത്തെളിക്കുന്നു. പഞ്ചായത്ത് മുതൽ സംസ്ഥാനം വരെ ഏതു ഭരണം വന്നാലും ആർക്കും വേണ്ടാത്ത മനുഷ്യരായി ആദിവാസികൾ മാറുന്നു. മുത്തങ്ങ മുതൽ (മുത്തങ്ങക്കു മുൻപും ആദിവാസികൾക്കു സമരചരിത്രങ്ങളുണ്ട്. എഴുപതുകളിലെ തീവ്ര ഇടതുപക്ഷ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ വേരുകൾ പലതും അവർക്കിടയിലായിരുന്നല്ലോ ആഴ്ന്നിറങ്ങിയത്). ഇപ്പോഴും സെക്രട്ടേറിയറ്റിനു മുന്നിൽ സജീവമായ നിൽപ്പുസമരം വരെ ഓരോന്നും കേരളത്തിന്റെ മനഃസാക്ഷിക്കു മുന്നിൽ ആദിവാസി ഉയർത്തുന്ന ചോദ്യങ്ങളാണ്. ഉത്തരം പറയാൻ ആർക്കും താൽപര്യമില്ലാത്തതുകൊണ്ടും ആരും തയ്യാറാകാത്തതുകൊണ്ടും അവ അനന്തമായി നീളുന്നു എന്നു മാത്രം.

വംശവെറിയുടെയും ഗോത്രപ്പകയുടെയും ലിംഗാനീതിയുടെയും പറയപ്പെടാത്ത ചെറുചരിത്രങ്ങളായി ഇവ എഴുതപ്പെട്ടിരിക്കുന്നു. സാമ്പത്തികമായ ദാരിദ്ര്യം, നിരക്ഷരത, മദ്യാസക്തി, കുടിവെള്ളമുൾപ്പെടെയുള്ള ഭൗതികസാഹചര്യങ്ങളുടെ അഭാവം, കുടിയേറ്റക്കാരുടെയും കയ്യേറ്റക്കാരുടെയും നിരന്തരമായ ഭീഷണി, അധ്വാനത്തിന്റെയും ലൈംഗികതയുടെയും കടുത്ത ചൂഷണം, ഭാഷാനഷ്ടം, വർണവിവേചനം, പരിസ്ഥിതിനാശം... അട്ടപ്പാടിയിലെ മനുഷ്യർ നേരിടുന്ന നിരവധിയായ പ്രതിസന്ധികളുടെ പട്ടിക നീളുന്നു.ഉഷയുടെ കുറിപ്പുകൾ അട്ടപ്പാടിയിലെ ആദിവാസികൾക്കു മനുഷ്യാന്തസ്സ് കല്പിച്ചു നൽക്കാൻ മടിക്കുന്ന പൊതുമലയാളിയുടെ ആത്മവിമർശനങ്ങളായി വായിക്കണം. വംശവെറിയുടെയും ഗോത്രപ്പകയുടെയും ലിംഗാനീതിയുടെയും പറയപ്പെടാത്ത ചെറുചരിത്രങ്ങളായി ഇവ എഴുതപ്പെട്ടിരിക്കുന്നു. സാമ്പത്തികമായ ദാരിദ്ര്യം, നിരക്ഷരത, മദ്യാസക്തി, കുടിവെള്ളമുൾപ്പെടെയുള്ള ഭൗതികസാഹചര്യങ്ങളുടെ അഭാവം, കുടിയേറ്റക്കാരുടെയും കയ്യേറ്റക്കാരുടെയും നിരന്തരമായ ഭീഷണി, അധ്വാനത്തിന്റെയും ലൈംഗികതയുടെയും കടുത്ത ചൂഷണം, ഭാഷാനഷ്ടം, വർണവിവേചനം, പരിസ്ഥിതിനാശം... അട്ടപ്പാടിയിലെ മനുഷ്യർ നേരിടുന്ന നിരവധിയായ പ്രതിസന്ധികളുടെ പട്ടിക നീളുന്നു. ഇവയ്ക്കിടയിലും തങ്ങളുടെ മനുഷ്യത്വത്തെ മുറുകെപ്പിടിച്ചു ജീവിക്കുന്ന ഒരു ജനതയുടെ പ്രജ്ഞകളുടെയും നിസ്സഹായതകളുടെയും കഥകളാണ് ഉഷ വാക്കുകളിൽ വരച്ചിടുന്നത്. രാഷ്ട്രീയവും മതവും ആസൂത്രണവും വികസനവും അഴിമതിയും ഭൂവുടമസ്ഥതയും കൃഷിയും വിദ്യാഭ്യാസവും കലയും ജീവകാരുണ്യവും... ആദിവാസികളുടെ ജീവിതത്തെ ആധുനിക, മുഖ്യധാരയിലേക്കു പറിച്ചുനടാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങൾ പല പല തലങ്ങളിൽ ഈ സമൂഹത്തിന്റെ വേരറുത്തുകളയുകയാണ് എന്ന് ഈ കുറിപ്പുകൾ കണ്ടെത്തുന്നു.

സ്ത്രീപക്ഷ സാമൂഹ്യചിന്തകളുടെ പൊതുവേദിയിൽ രൂപപ്പെടുന്ന ചില രചനകളൊഴിച്ചാൽ ഈ ഗ്രന്ഥത്തിലെ മിക്ക രചനകളും അട്ടപ്പാടിയുടെ കണ്ണീർച്ചോലകൾ തന്നെയാണ്. ഒരു പേരിന്റെ രാഷ്ട്രീയത്തിലും സാമൂഹ്യാനുഭവത്തിലും തൊട്ടു തുടങ്ങുന്ന (മന്തിമലയിലെ മരുതന്റെ കഥ) ഉഷയുടെ അട്ടപ്പാടിചരിതം, ഗാർഹികപീഡനത്തിന്റെ ഞെട്ടിക്കുന്ന പരമ്പരകളിലൂടെ കടന്നുപോയ ശോഭനയെന്ന ഇരുളപെൺകുട്ടിയുടെ, സ്വന്തം കുഞ്ഞിനുവേണ്ടിയുള്ള പരക്കംപാച്ചിലിലും മരണത്തിലുമവസാനിക്കുന്നു. പൊതുവിൽ ആദിവാസികളുടെയും, വിശേഷിച്ച് ആദിവാസി സ്ത്രീകളുടെയും ജീവിതാവസ്ഥകളെ, അവരനുഭവിക്കുന്ന അസാധാരണമായ സഹനങ്ങളിലൂടെ മറനീക്കുന്നു ഓരോ രചനയും.

പൊലീസിനെയും നാട്ടുകാരെയും ഉദ്യോഗസ്ഥരെയും വകവയ്ക്കാതെ കുടിവെള്ളത്തിനുവേണ്ടി സമരം നയിക്കുന്ന പാപ്പമ്മയും ആദിവാസി ഊരുകളിലെ കുടുംബജീവിതങ്ങൾ തകിടംമറിക്കുന്ന വ്യാജമദ്യലോബിക്കെതിരെ സ്ത്രീകളെ സംഘടിപ്പിച്ചു സമരം ചെയ്യുന്ന കാടയമ്മയും മദ്യപാനാസക്തിക്കെതിരെ നാടകം കളിച്ച് പുതിയൊരു പ്രതിരോധമാർഗം തുറക്കുന്ന വേലമ്മയും ഗാർഹികപീഡനത്തിന്റെ കൊടും യാതനകളിലൂടെ കടന്നുപോകുന്ന മല്ലികയും വഴിവിട്ടുപോയ സ്വന്തം മകളെ തേടിയലയുന്ന നഞ്ചിയും രാഷ്ട്രീയരംഗത്ത് നേരിന്റെയും നെറിയുടെയും പ്രതീകമായി മാറുന്ന ഈശ്വരിയും നാട്ടുകാർ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ചതിച്ചും ഗർഭണികളാക്കി ഉപേക്ഷിക്കുന്ന, പേരില്ലാത്ത നിരവധി പെൺകുട്ടികളുമൊക്കെ അട്ടപ്പാടിയുടെ പെൺജീവിതങ്ങളിൽനിന്ന് ഉഷ കണ്ടെടുക്കുന്ന സഹനത്തിന്റെയും സമരത്തിന്റെയും ദ്വന്ദ്വവ്യക്തിത്വങ്ങളാണ്.

അന്യാധീനപ്പെടുന്ന ആദിവാസിഭൂമിക്കുവേണ്ടി നിരന്തരം നടക്കുന്ന സമരങ്ങളുടെയും ആദിവാസികളെ മനുഷ്യരായി കാണാൻ വിസമ്മതിക്കുന്ന പൊതുസമൂഹത്തിന്റെയും മാദ്ധ്യമങ്ങളുടെയും വർത്തമാനകാലത്ത് ഉഷയുടെ ഈ ചരിത്രാന്വേഷണങ്ങൾ അട്ടപ്പാടിയുടെ സമാന്തരജീവിതത്തെക്കുറിച്ചുള്ള സത്യാന്വേഷണങ്ങൾ തന്നെയായി മാറുന്നുആദിവാസിയുടെ ഭൂമിക്കുവേണ്ടി കാലങ്ങളായി പോരാടുന്ന എൺപത്തേഴുകാരൻ കോന്നനെ, പുത്തൂർ പഞ്ചായത്തിലെ സിയാറ്റിൽ മൂപ്പനാക്കി മാറ്റുന്ന ഒരു രചന. ആദിവാസികളുടെ അറിയപ്പെടാത്ത ചരിത്രകാരനായും വീറുറ്റ സമരനായകനായും ജീവിച്ച് ചരിത്രത്തിൽ മുങ്ങിമറഞ്ഞുപോയ ശ്രീധരന്റെ കഥ പറയുന്നു, മറ്റൊരു രചന. അന്യാധീനപ്പെടുന്ന ആദിവാസിഭൂമിക്കുവേണ്ടി നിരന്തരം നടക്കുന്ന സമരങ്ങളുടെയും ആദിവാസികളെ മനുഷ്യരായി കാണാൻ വിസമ്മതിക്കുന്ന പൊതുസമൂഹത്തിന്റെയും മാദ്ധ്യമങ്ങളുടെയും വർത്തമാനകാലത്ത് ഉഷയുടെ ഈ ചരിത്രാന്വേഷണങ്ങൾ അട്ടപ്പാടിയുടെ സമാന്തരജീവിതത്തെക്കുറിച്ചുള്ള സത്യാന്വേഷണങ്ങൾ തന്നെയായി മാറുന്നു; മലയാളം പോലും അന്യഭാഷയായനുഭവപ്പെടുന്ന ഒരു ജനതയുടെ വീർപ്പുമുട്ടലുകളുടെ നേർസാക്ഷ്യമായും.

ഈ ഗ്രന്ഥത്തിൽ, ആദിവാസികളെക്കുറിച്ചല്ലാത്ത ചുരുക്കം ചില രചനകളുള്ളവ ഒന്നടങ്കം മലയാളിപുരുഷന്റെ സ്ത്രീവിരുദ്ധത തുറന്നുകാണിക്കുന്ന സാമൂഹ്യചിന്തകളാണ്. കാല്പനികതയിൽ അഭിരമിക്കുന്ന കദനകഥകളല്ല ഉഷയുടെ മാർഗവും ലക്ഷ്യവും. നാനാതരം ചൂഷണങ്ങളുടെയും പീഡനങ്ങളുടെയും വിവേചനങ്ങളുടെയും ഇരകളായി മാറുന്ന ഒരുകൂട്ടം മനുഷ്യരുടെ അതിജീവന കഥകളാണ് അവ. ചരിത്രത്തിന്റെ പുറമ്പോക്കുമനുഷ്യരെന്ന നിലയിൽ ആദിവാസികൾ പൊതുവിലും ആദിവാസി സ്ത്രീകൾ വിശേഷിച്ചും അനുഭവിക്കുന്ന വേട്ടയാടലുകൾക്കെതിരെ രൂപപ്പെടുത്തുന്ന ഗോത്രപരവും ലിംഗപരവുമായ സമരവീര്യമാണ് ഈ ഗ്രന്ഥത്തിന്റെ രാഷ്ട്രീയം.

അരികുജീവിതങ്ങൾ (ലേഖനങ്ങൾ)
പി.ഇ. ഉഷ
സൈകതംബുക്‌സ്
2014, വില 80 രൂപ

പുസ്തകത്തിൽ നിന്ന്:

 'നമ്മുടെ സാധാരണ പ്രയോഗങ്ങൾതന്നെ അവർക്ക് വ്യത്യസ്തമായ അർത്ഥതലങ്ങളാണ് ഉൽപാദിപ്പിക്കുന്നത്. സാധാരണയായുള്ള ബന്ധസൂചകപദങ്ങളും അങ്ങനെതന്നെയാണ്. ഇരുളഭാഷയിൽ അമ്മ എന്നാൽ അച്ഛനാണ്, അപ്പ എന്നാൽ മുത്തശ്ശിയും. മലയാളത്തിന്റെ ചതുരങ്ങളിൽനിന്ന് ആ സമൂഹത്തോട് ആശയവിനിമയം കുറഞ്ഞുപോകുകയോ അസാധ്യമാവുകയോ ചെയ്യുന്നു. മാതൃഭാഷയിൽ വിദ്യാഭ്യാസം നടത്താനുള്ള അവകാശം ഉണ്ടെങ്കിൽപോലും ഇതൊന്നും പാലിക്കപ്പെടാറില്ല. അതുപോലെതന്നെ കുട്ടികളുടെ ഭാഷയറിയുന്ന ആളുകളെ നിയമിക്കാനുള്ള സാഹചര്യങ്ങളും സൃഷ്ടിക്കപ്പെടാറില്ല. പതിവായി സ്‌കൂളിൽ വരാതിരുന്ന ഒരു കുട്ടിയെ അന്വേഷിച്ച് ഒരു ടീച്ചർ പറഞ്ഞൊരു സംഭവമുണ്ട്, നല്ല ഓമനത്തമുള്ള കുട്ടിയായിരുന്നു മരുതൻ. പഠനത്തിലും നല്ല മികവു പുലർത്തിയിരുന്നു. ഇടയ്ക്ക് ക്ലാസിൽ വരാതിരുന്ന മരുതൻ പിന്നെ സ്‌കൂളിൽ വരാതായി. ടീച്ചർ കണ്ടെത്തുമ്പോൾ അവൻ വീണ്ടും മാടുമെയ്‌ക്കാൻ പോയിത്തുടങ്ങിയിരുന്നു. ടീച്ചറോട് അവൻ ഒരപ്രിയവും കാണിച്ചില്ല. പതിവുപോലെ പാറിപറന്ന മുടി കൈക്കൊണ്ട് ഒതുക്കി അവൻ ചിരിച്ചു. പക്ഷെ സ്‌കൂളിൽ വരില്ലെ എന്ന് ചോദിച്ചപ്പോൾ വീണ്ടും വരില്ല എന്നുതന്നെ തലയാട്ടി. ടീച്ചർ അവനെ സ്‌കൂളിൽ തിരിച്ചെത്തിച്ചേ അടങ്ങൂ എന്നുള്ളതുകൊണ്ട് വീണ്ടും അവനോട് ഒട്ടിനിന്ന് കാര്യങ്ങൾ പുറത്തെടുക്കാൻ ശ്രമിച്ചു. ഒടുവിൽ അവൻ മടിച്ചുമടിച്ചു കാര്യം പറഞ്ഞു. സ്‌കൂളിൽ വന്നാൽ എല്ലാവരും അവനെ വീണ്ടും പി. മരുതൻ പി. മരുതൻ എന്ന് വിളിക്കും. അവന് അത് ഇഷ്ടമല്ല. അതെന്താ കാര്യമെന്നായി. അത് ടീച്ചർക്ക് അറിയില്ല എന്ന് ബോധ്യമായപ്പോൾ അവൻ പറഞ്ഞു, അവന്റെ ഭാഷയിൽ പി. എന്നാൽ മലം ആണ്. അവനെ അവന്റെ സ്‌കൂൾ തിരിച്ചറിയൽ അടയാളം വിഷമിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് ടീച്ചർ മനസ്സിലാക്കിയത് അപ്പോഴാണ്. പേരിനോട് ചേർത്ത് ചുരുക്കാക്ഷരങ്ങൾ ചേർത്ത് അവന്റെ ഐഡന്റിറ്റി വ്യക്തമായിരുന്നില്ല. അതുകൊണ്ട് മരുതന് മനസ്സിലായില്ല എന്തിനാണിങ്ങനെ അവന്റെ പേരിന്റെ കൂടെ പി. ചേർത്ത് വയ്ക്കുന്നത് എന്ന്. ഇക്കാര്യങ്ങൾ അവന്റെ വീട്ടിൽ പറഞ്ഞപ്പോൾ അവരും വിചാരിച്ചു. ഇങ്ങനെ ആക്ഷേപിക്കുന്നിടത്ത് തങ്ങളുടെ മകൻ എന്തിനു പോകണം? അങ്ങനെ അവരൊരുമിച്ച് മരുതൻ സ്‌കൂളിൽ പോകേണ്ട എന്ന് തീരുമാനമെടുക്കുകയായിരുന്നു. ഈ ടീച്ചർ മരുതന്റെ അനുഭവം പറഞ്ഞപ്പോഴാണ് മറ്റൊരു ടീച്ചർ ഉഭയജീവികളെ കുറിച്ച് പഠിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട സംഭവം പറയുന്നത്. കരയിലും വെള്ളത്തിലും ജീവിക്കുന്ന ജീവി ആദിവാസി കുട്ടികൾക്ക് മീനാണ്, തവളയല്ല. കാരണം കര അവർക്ക് പുഴയാണ്. തവളകൾക്ക് അവർ പറയുന്നത് കപ്പെയെന്നാണ്. കുടിയേറ്റ വിഭാഗത്തിൽപ്പെടുന്ന ടീച്ചർമാർക്ക് കപ്പ മരിചീനിയാണെന്ന കാര്യം കുട്ടികൾക്കറിയില്ലല്ലോ. ഇങ്ങനെ ടീച്ചറും കുട്ടികളും വ്യത്യസ്ത ആശയങ്ങളിൽ ഉടക്കി നിന്നുപോകുന്നു.

കേസ് അന്വേഷണങ്ങളിലും കോടതി വ്യവഹാരങ്ങളിലുമെല്ലാം മലയാളം എന്ന അന്യഭാഷയുടെയും ഇംഗ്ലീഷ് എന്ന വിദേശഭാഷയുടെയും ആധിപത്യം ആദിവാസികളെ അപകടപ്പെടുത്തുന്നുണ്ട്. ഇവരുടേത് മറ്റൊരു ഭാഷയാണെന്ന ഒരു സമീപനം പോലും പലപ്പോഴും ഉണ്ടാവുന്നില്ല. അപരിഷ്‌കൃതർ, അറിവില്ലാത്തവർ എന്നൊക്കെയുള്ള രീതിയിൽ മാത്രമേ ഇക്കാര്യം പരിഗണിക്കപ്പെടുന്നുള്ളൂ. വ്യവഹാരഭാഷ അറിയാത്തവർക്ക് ലഭ്യമാക്കേണ്ട ഒരു സൗകര്യവും ലഭിക്കാതെ പോകുകയും ചെയ്യുന്നു. ഒരു സമൂഹത്തിന്റെ ഭാഷയെ അവരിൽ നിന്നടർത്തിമാറ്റിയാൽ പിന്നെ അവർ എല്ലാ അർത്ഥത്തിലും നിരാലംബരാകും, നിരായുധരാകും. അവർക്ക് അവരുടെ ചരിത്രം, അറിവ് എല്ലാം അങ്ങനെ നഷ്ടമാവുന്നു. പിന്നെ അവരെ കുത്തിനിറയ്ക്കുന്നത് അവർക്കന്യമായ സംസ്‌കാരത്തിന്റെ ചതുരത്തിലാണ്. അവിടെ അവർ അപരിചിതരും അന്യരുമാകും. അങ്ങനെ അവരുടെ അറിവിന്റെ ചരിത്രത്തിന്റെ തുടർച്ചയിൽനിന്ന് അവർ വെട്ടിമാറ്റപ്പെടുന്നു. അത് അവരെ ഒരു നിസ്സഹായാവസ്ഥയിൽ പിടിച്ചുനിർത്തുന്നു'.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP