Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാട്ടിന്റെ ഭാവബന്ധങ്ങൾ

പാട്ടിന്റെ ഭാവബന്ധങ്ങൾ

ഷാജി ജേക്കബ്

സാഹിത്യം പൊതുവെ എടുക്കാച്ചരക്കായി മാറുന്ന പുതിയ നൂറ്റാണ്ടിൽ മലയാളിയുടെ വായന പരമ്പരാഗത സാഹിത്യരൂപങ്ങളെ വഴിയിലുപേക്ഷിച്ചു മുന്നേറുകയാണ്. നോവൽ മാത്രമാണ് പഴയ സാഹിത്യഗണങ്ങളിൽ ഇന്നു കാര്യമായി വായിക്കപ്പെടുന്നത്. നാടകവും കവിതയും മാത്രമല്ല. ചെറുകഥപോലും കാലയവനികക്കുള്ളിൽ മറഞ്ഞുകൊണ്ടിരിക്കുന്നു. പകരം രൂപംകൊണ്ട പുതിയ എഴുത്തുഗണങ്ങളിൽ പ്രധാനപ്പെട്ടവ ആത്മീയത ചാലിച്ച യാത്രാവിവരണങ്ങളും ലൈംഗികത മുറ്റിയ ആത്മകഥകളും 'അനുഭവ'ങ്ങളായി മാറുന്ന പാട്ടെഴുത്തും മറ്റുമാണ്. ഒന്നൊഴിയാതെ എല്ലാം കാഴ്ചയുടെ ഭാവുകത്വത്തെ പ്രാഥമികമായും പിൻപറ്റുന്നവ. ഇവയിൽ പാട്ടെഴുത്തിന്റെ കുലപതി രവിമേനോനാണ്. മലയാളത്തിന്റെ പാട്ടെഴുത്തച്ഛൻ.

2005 ൽ പുറത്തുവന്ന 'സോജാരാജകുമാരി' (പ്രസാധകർ ആദ്യം നിരാകരിച്ച കൃതി!) മുതൽ 2014 ൽ പുറത്തുവന്ന 'പൂർണേന്ദുമുഖി'വരെ പത്തു കൃതികൾ. ഓരോന്നിനും നാലും അഞ്ചും പതിപ്പുകൾ. ആനുകാലികങ്ങളിലെ നിരവധി ലേഖനങ്ങൾ. മാതൃഭൂമിയിൽ സ്ഥിരം പംക്തി. ദൂരദർശൻ മുതൽ മാതൃഭൂമിന്യൂസ് വരെയുള്ള ചാനലുകളിലെ പരിപാടികൾ, പാട്ടെഴുത്തിന്റെ അച്ചടി, ദൃശ്യ, ശ്രാവ്യ മണ്ഡലങ്ങളിൽ രവിമേനോനല്ലാതെ മറ്റൊരു താരം ഇനിയും ഉദിച്ചിട്ടില്ല.

മലയാള സിനിമയുടെ ഗാന ചരിത്രമാണ് രവിയുടെ ലേഖനങ്ങൾ പൂർത്തീകരിക്കുന്നത്. പാട്ടുകളുടെ പ്രത്യക്ഷ - സാഹിത്യ, സംഗീത ചർച്ചകളോ ഭാഷാ വിശകലനമോ രാഷ്ട്രീയാപഗ്രഥനം പോലുമോ അല്ല, സൗന്ദര്യാനുഭൂതികളും ജീവിതബന്ധങ്ങളുമാണ് രവിയുടെ രചനകൾ പങ്കുവയ്ക്കുന്നത്.പാട്ടുകളിലൂടെയുള്ള ആധുനിക മലയാളിയുടെ ജീവിത ചരിത്രമായി മാറുന്നു, ഇവ. മലയാളിയുടെ ജീവിതത്തെ പാട്ടുകൾ പൂർത്തീകരിച്ചതിന്റെ ലാവണ്യാനുഭവങ്ങൾ. ഒരു പാട്ടും, പാട്ടുമാത്രമല്ല, ഒട്ടേറെ മനുഷ്യരുടെ (എഴുത്തുകാർ മുതൽ പാട്ടുകാരും കേൾവിക്കാരും വരെ) ജീവിതത്തെ എത്രയെങ്കിലും തലങ്ങളിൽ സ്പർശിച്ചു നിൽക്കുന്ന പ്രാണനാഡികളിലൊന്നാണ് എന്നു തെളിയിക്കുന്ന കഥകൾ. കാഴ്ചയെക്കാൾ കേൾവിയുടെ ഇന്ദ്രിയാനുഭൂതിയെയും ചങ്ങമ്പുഴയുടെ തുടർഭാവനയെയും ചേർത്തു വച്ച് മലയാളം 1960 - 90 കാലത്ത് മലയാളിയെ ജീവിതസാഗരത്തിലാറാടിച്ചതിന്റെ കാവ്യമാതൃകകളും ഗാനരൂപങ്ങളും. പാട്ടു കൊണ്ടു പൂരിപ്പിച്ച ജീവിതങ്ങളെക്കുറിച്ചാണ് രവി എഴുതുന്നത്, പാട്ടിനെക്കുറിച്ചല്ല. പാട്ടുതടഞ്ഞ ആത്മഹത്യകൾ, പാട്ടുപുനർജീവിപ്പിച്ച ജന്മങ്ങൾ, സമസ്ത ജീവിതാനുഭവങ്ങളെയും പാട്ടിലേക്കു പരിഭാഷപ്പെടുത്തിയ മൂന്നു നാലു പതിറ്റാണ്ടുകളുടെ മലയാള ജീവിതം. രവി, പാട്ടിന്റെ ജീവിത ചരിത്രവും ജീവിതത്തിന്റെ പാട്ടുചരിത്രവും മാറിമാറിയെഴുതുകയാണ് തന്റെ ലേഖനങ്ങളിൽ. വന്മരങ്ങളും അവയ്ക്കടിയിലെ പുൽനാമ്പുകളും ഒരുപോലെ വീണടിഞ്ഞതിന്റെ തിരക്കഥകളായി മാറുന്നു അവ.

മുഖ്യമായും സിനിമ, ഗാനരചന, സംഗീതസംവിധാനം, ആലാപനം എന്നീ നാലു മേഖലകളെയും സ്പർശിച്ചു കടന്നുപോകുന്ന വ്യക്തിഗത അനുഭവങ്ങളുടെ അസാധാരണവും ആർജ്ജവംമുറ്റി നിൽക്കുന്നതുമായ ആവിഷ്‌ക്കാരം. മൂന്നു ഗ്രന്ഥങ്ങൾ (സോജാ രാജകുമാരി, മേരി ആവാസ് സുനോ, കഭീ കഭീ മേരെ ദിൽ മെ എന്നിവ) ഹിന്ദി സിനിമാഗാനങ്ങളെ കേന്ദ്രീകരിച്ചാണെങ്കിൽ, ബാക്കി ഏഴും മലയാള സിനിമാഗാനങ്ങളുടെ ജീവിതകഥകളാണ്. കണ്ണീരും കിനാവും കിനിഞ്ഞുനിൽക്കുന്ന വ്യക്തിചിത്രങ്ങൾ മുതൽ മറ്റാരുമറിയാത്ത ഗാനരഹസ്യങ്ങൾ വരെ; അസാധാരണമായ സംഗീതാനുഭവങ്ങൾ മുതൽ സിനിമയുടെയും കവിതയുടെയും സമാന്തര സൗന്ദര്യാനുഭൂതികൾ വരെ- രവിമേനോന്റെ പാട്ടെഴുത്ത് വസ്തുതകളുടെ സമൃദ്ധികൊണ്ടും ഭാഷയുടെ ലാവണ്യംകൊണ്ടും അവതരണത്തിന്റെ ചാരുതകൊണ്ടും നിരീക്ഷണങ്ങളുടെ ഭാവബന്ധം കൊണ്ടും അതീവ ശ്രദ്ധേയമായ ഒരു വായനാഗണമായി മാറിയിരിക്കുന്നു 'പൂർണേന്ദുമുഖി'. ഈ ആഖ്യാനരൂപത്തിന്റെ ഒന്നാം ദശകത്തെ മലയാളത്തിൽ പൂർത്തിയാക്കുന്ന കൃതിയാണ്.

കാല്പനികതയുടെ ഗദ്യജന്മം തിടം വച്ചു നിൽക്കുന്ന എം.ടിയുടെ കഥകളും കുറിപ്പുകളും ഓർമ്മയിലെത്തിക്കും രവിയുടെ പല പാട്ടെഴുത്തുകളും. അമ്പരിപ്പിക്കുന്ന ജീവിതാനുഭങ്ങളെ പാട്ടിന്റെ താളവട്ടത്തിൽ നിന്നു കണ്ടെടുക്കുന്നു ഇവ. രോഗത്തിന്റെയും വാർധക്യത്തിന്റെയും നെറുകയിൽ, ഓർമക്കും മറവിക്കുമിടയിൽ, പാട്ടിന്റെ ചിന്തുകൾ മാത്രം മുജ്ജന്മസ്മൃതികൾ പോലെ പൊന്തി വരുന്ന സ്വന്തം അമ്മയുടെ ജീവിതം പകർത്തുന്ന 'പൂർണേന്ദുമുഖി' എന്ന ആദ്യരചന മുതൽ, ഒളിമ്പ്യൻ റഹ്മാനെ കാണാൻ ജീവിതസായാഹ്നത്തിൽ വല്ലാതെ മോഹിക്കുന്ന ദേവരാജൻ മാസ്റ്ററുടെ വിസ്മയകരമായ കളിക്കളങ്ങളുടെ കഥ പറയുന്ന 'കളിയിലെ പാട്ട്' വരെ , ഈ ഗ്രന്ഥത്തിലെ ഓരോ രചനയും ജീവിതത്തിന്റെ ഓരോ ചീന്താണ്. വക്കിൽ പാട്ടിന്റെ ചോര പൊടിഞ്ഞു നിൽക്കുന്നവ. (അവസാന ലേഖനമൊഴികെ. അതുവരെ പറഞ്ഞു പോന്ന ജീവിതത്തിന്റെ ഭാവബന്ധവും ഭാവ ഗന്ധവും നഷ്ടമാകുന്നു ഈ രചനയിൽ.) കെ.പി ഉദയഭാനുവിന്റെ ആസന്ന മരണസ്മൃതികൾ പുനഃസൃഷ്ടിക്കുന്ന 'അരങ്ങിതിൽ ആളൊഴിഞ്ഞു', ദാക്ഷണ്യമില്ലാത്ത ദൈവനീതി അന്ധനാക്കിയ മുഹമ്മദിനെ ബാല്യകാലത്തു നിന്നും ഒരു പാട്ടിലൂടെ പുനരാനയിക്കുന്ന'മായാമരീചിക', ഓർമയും പ്രജ്ഞയും നഷ്ടമായി മരണക്കിടക്കയിൽ തളർന്നു കിടക്കുന്ന പി. ഭാസ്‌കരൻ, എസ്. ജാനകിയെ കരയിച്ച നിമിഷങ്ങളവതരിപ്പിക്കുന്ന 'തളിരിട്ട കിനാക്കൾ', മലയാളസിനിമയിലൂടെ ഒരു മിത്തായി മാറിയ മുല്ലശ്ശേരി രാജഗോപാലന്റെ ജീവിതവും മരണവും അവതരിപ്പിക്കുന്ന 'തൂവൽ പൊഴിയും പോലെ', യേശുദാസിന്റെ യും ജയചന്ദ്രന്റെയും സൗഹൃദങ്ങൾ തന്റെ ജീവിതത്തിലേക്കിണക്കിച്ചേർക്കുന്ന 'യേശുദാസ് ഒരു ശബ്ദം മാത്രമല്ല', 'പൂവും പ്രസാദവും'; കോഴിക്കോടിന്റെ സംഗീത നിശകളിൽ ജീവിതം തന്നെ പാട്ടുകളാക്കി മാറ്റിയ സാധാരണ മനുഷ്യരുടെ കഥ പറയുന്ന 'രാശിക്കുഞ്ഞിന്റെ ദർബാർ', 'ആരറിഞ്ഞു നിൻ മുറിവിൻ ആഴം','സംഗീത നഗരം'; മരണക്കിടക്കയിലും നട്ടെല്ലുനിവർത്തിക്കിടന്ന കെ.ജെ ജോയിയുടെ ഓർമകൾ തുളുമ്പുന്ന 'മറഞ്ഞിരുന്നാലും'..... പാട്ടുകളിലെ ജീവിതവും ജീവിതത്തിലെ പാട്ടുകളും രണ്ടല്ല എന്നു തെളിയിക്കുകയാണ് രവിമേനോൻ. വായന, വായനമാത്രമായല്ല, കാഴ്ചയും കേൾവിയും ഓർമയും ജീവിതം തന്നെയായും അനുഭവിക്കാൻ കഴിയുന്ന ഒന്നാണെന്ന് 'പൂർണേന്ദുമുഖി' മലയാളിയോടു പറയുന്നു.

പുസ്തകത്തിൽ നിന്ന്:
ർമ്മകളുടെ ഇടനാഴികളിലൂടെ സഞ്ചരിച്ച് പഴയൊരു കാലം വീണ്ടെടുക്കുന്ന റഹ്മാനിക്കയെയും ദേവരാജൻ മാഷിനെയും മതിമറന്ന് കണ്ടിരിക്കേ മനസ്സ് പറഞ്ഞു: ഇതാ രണ്ടു ലജൻഡുകൾ. ചീറിപ്പായുന്ന പന്തിന്റെ മൂളക്കമാണ് ഒരാളുടെ കാതിലെ ഏറ്റവും മധുരമുള്ള സംഗീതം. മറ്റെയാൾ കളിക്കളത്തിലെ മിഡ്ഫീൽഡ് ജനറലിനെപ്പോലെ വൈവിധ്യമാർന്ന ശബ്ദങ്ങളുടെ ഒരു സിംഫണി നിയന്ത്രിച്ച് കാലാതിവർത്തിയായ ഈണങ്ങൾ സൃഷ്ടിക്കുന്നു. രണ്ടുപേരും ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നവർ. ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ആരുടെയും മുഖം നോക്കാതെ തുറന്നടിക്കാൻ മടിയില്ലാത്തവർ. അതുകൊണ്ടു തന്നെ ഈ 'ധിക്കാരികൾ'ക്ക് ശത്രുക്കളും ധാരാളം.
പന്തുകളിയും പാട്ടും ഇഴചേർന്ന ജീവിതങ്ങളെ പിന്നെയും കണ്ടുമുട്ടിയിട്ടുണ്ട്. രാഘവൻ മാസ്റ്റർ ഉദാഹരണം. മുംബൈ കാൽട്ടക്‌സ് ക്ലബ്ലിന്റെ വലതു വിങ്ങിലെ പടക്കുതിരയായിരുന്നു ഒരിക്കൽ രാഘവൻ. എ ടി ഉമ്മർ, കണ്ണൂർ സ്പിരിറ്റഡ് യൂത്ത്‌സിനു വേണ്ടി ഒരേസമയം ഹോക്കിയും ഫുട്‌ബോളും കളിച്ചു. കോഴിക്കോട്ടെ കോടതി മൈതാനത്ത് തനിക്കും കെ. പി. ഉമ്മറിനും ഒപ്പം വൈകുന്നേരങ്ങളിൽ പന്ത് തട്ടാൻ വന്നിരുന്ന സാബിർ ബാബുവിനെക്കുറിച്ച് ഒളിമ്പ്യൻ റഹ്മാൻ സ്‌നേഹ വാത്സല്യങ്ങളോടെ സംസാരിച്ചു കേട്ടിട്ടുണ്ട്. 'നല്ല ഭാവിയുള്ള ചെക്കനായിരുന്നു. പറഞ്ഞിട്ടെന്തു കാര്യം? തലതിരിഞ്ഞു പോയി. ഓൻ പിന്നെ കളി വിട്ട് സിനിമേൽ പോയിപോലും' അന്നത്തെ സാബിർ ബാബു എന്ന 'ചെക്ക'നാണ് മലയാളികൾ ആരാധിക്കുന്ന എം.എസ് ബാബുരാജ് എന്ന സംഗീതസംവിധായകനായി വളർന്നതെന്ന് റഹ്മാനിക്ക അറിഞ്ഞത് വളരെക്കാലം കഴിഞ്ഞാണ്.

ഫോർട്ട് കൊച്ചിയിലെ ആളൊഴിഞ്ഞ പറമ്പുകളിൽ കൂട്ടുകാർക്കൊപ്പം പന്തുകളിച്ചുനടന്ന ഒരു പയ്യനെക്കുറിച്ചുകൂടി പറയാതെ ഈ കഥ പൂർണമാകില്ല. കോർണർ കിക്ക് ഗോളാക്കി മാറ്റുന്നതിലായിരുന്നു അവന് വൈദഗ്ധ്യം. വളഞ്ഞുപുളഞ്ഞ് പോസ്റ്റിൽച്ചെന്ന് കയറുന്ന കിക്കുകൾ. കാലമേറെക്കഴിഞ്ഞപ്പോൾ മലയാളിയുടെ സംഗീതഹൃദയമായി അവന്റെ പ്രിയപ്പെട്ട കളിക്കളം; പാട്ടുകൾ ഗോളുകളും. കാട്ടാശ്ശേരി ജോസഫ് യേശുദാസ് എന്നായിരുന്നു ആ കുട്ടിയുടെ പേര്.

പൂർണേന്ദുമുഖി
രവിമേനോൻ
മാതൃഭൂമിബുക്‌സ്
2014 വില : 80 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP