1 usd = 71.93 inr 1 gbp = 93.27 inr 1 eur = 79.71 inr 1 aed = 19.58 inr 1 sar = 19.18 inr 1 kwd = 236.81 inr

Nov / 2019
19
Tuesday

‘ജീവിതം നമ്മെ തൃപ്തരാക്കുന്നില്ല - നാം സിനിമക്കു പോകുന്നു’.

November 08, 2019 | 03:48 PM IST | Permalink‘ജീവിതം നമ്മെ തൃപ്തരാക്കുന്നില്ല - നാം സിനിമക്കു പോകുന്നു’.

ഷാജി ജേക്കബ്‌

‘When you dont love life, or when life doesn't give you satisfaction, you go to the movies’ ... Truffaut

ജീവിതംപോലെതന്നെ വിസ്മയകരവും വിലോഭനീയവുമായ രണ്ട് സാംസ്‌കാരികാനുഭവങ്ങളേ മനുഷ്യൻ സൃഷ്ടിച്ചിട്ടുള്ളു - സംഗീതവും സിനിമയും. ഇവ രണ്ടിനെയുംപോലെ തീവ്രവും തീഷ്ണവുമായി മനുഷ്യാസ്തിത്വത്തെ പുനർനിർവചിക്കാൻ കെല്പുള്ള മൂന്നാമതൊരനുഭൂതിലോകം ഇനിയും സൃഷ്ടിക്കപ്പെടേണ്ടിയിരിക്കുന്നു. നോവലിനും മൊബൈൽ ഫോണിനും പോലും ഈയൊരു സർഗവിപ്ലവം സാക്ഷാത്കരിക്കാൻ കഴിഞ്ഞിട്ടില്ല. സംഗീതത്തിന്റെ ഏകാന്തവും അദ്വയവുമായി ശാന്തിയല്ല സിനിമയുടെ സാമൂഹികവും അനന്വയവുമായ ഉത്സവാനുഭവം. അതുകൊണ്ടാണ് ത്രൂഫോ പറഞ്ഞത്, ഭ്രാന്തുപോലെ ജീവിതത്തെ അസ്വസ്ഥമാക്കുന്ന ഒരാവേശമാണ് സിനിമയെന്നും ജീവിക്കാൻ ജീവിതം മതിയാകാത്തപ്പോൾ നാം സിനിമക്കു പോകുന്നുവെന്നും. സിനിമ, ജീവിതത്തെ, അതിന്റെ അനുഭൂതി ചക്രവാളങ്ങൾക്കെല്ലാമപ്പുറത്തേക്കു കൊണ്ടുപോകുന്ന, ആത്മാവിൽ ഇടിമുഴക്കം സൃഷ്ടിക്കുന്ന മാന്ത്രികകലയും യന്ത്രസങ്കേതവുമാണ്. ഇരുട്ടിന്റെ ഇതിഹാസം. പ്രപഞ്ചത്തിന്റെ മൂന്നാം കണ്ണ്.

‘സിനിമാപ്രാന്തിന്റെ 40 വർഷങ്ങൾ’ എന്ന ഷാജിയുടെ പുസ്തകം 1960കളിൽ ജനിച്ച് 1970കളിലും 80കളിലും കൗമാരയൗവനങ്ങൾ പിന്നിട്ട ശരാശരി മലയാളിപുരുഷന്റെ ദൃശ്യകാമനയുടെ ആത്മകഥയാണ്. അതിനു മുൻപോ പിൻപോ ജനിച്ച മലയാളിക്ക് ഈയൊരു സാധ്യത ഇത്രമേലില്ല. കാരണം, കേരളത്തിൽ സിനിമാതീയറ്ററുകൾ പ്രചരിക്കുന്നതും സിനിമയുടെ കാഴ്ച ഒരു ഭ്രാന്തുപോലെ മലയാളിയെ ആവേശിക്കുന്നതും 1960കൾ തൊട്ടാണ്. 90കളുടെ തുടക്കമാകുമ്പോഴേക്കും ടെലിവിഷൻ, തീയറ്ററുകളിലെ സിനിമാകാഴ്ചസംസ്‌കാരത്തെ ദുർബ്ബലമാക്കിത്തുടങ്ങി.

ഇടുക്കിയുടെ സവിശേഷമായ ഒരു സാംസ്‌കാരിക ഭൂമിശാസ്ത്രം ചലച്ചിത്രകലയുടെ ഈ ആത്മകഥനത്തിനുണ്ട്. ഹൈറേഞ്ചിന്റെ കുടിയേറ്റചരിത്രത്തിൽ പള്ളി, പള്ളിക്കൂടം, സിനിമാതീയറ്റർ എന്നിവ സൃഷ്ടിച്ചതുപോലുള്ള സാമൂഹ്യാനുഭവങ്ങൾ മറ്റൊരു സ്ഥാപനവും സൃഷ്ടിച്ചിട്ടില്ല. എന്നുമാത്രവുമല്ല, പള്ളിമുറ്റത്തും പള്ളിക്കൂടത്തിലും തീയറ്ററിലും തന്നെയാണ് ഹൈറേഞ്ചുകാർ സിനിമ കണ്ടതും. ഷാജി, മൂന്നാം തലമുറ കുടിയേറ്റക്കാരനെന്ന നിലയിൽ 1970കളിലും 80കളിലും ഇടുക്കി ജില്ലയിലെ ഗ്രാമാന്തരങ്ങളിലും ചെറുപട്ടണങ്ങളിലും രൂപം കൊണ്ട ചലച്ചിത്രസംസ്‌കാരത്തിന്റെ (വിവിധതരം പ്രദർശനങ്ങൾ, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, മലയാളം സിനിമകൾ, സിനിമാതീയറ്റർ, ഗാനമേളകൾ, ഫിലിം സൊസൈറ്റി, ചലച്ചിത്രചർച്ചകൾ, ഷൂട്ടിങ്....) ഇന്നോളമുണ്ടായിട്ടുള്ള ഏറ്റവും മികച്ച ഡോക്യുമെന്റേഷൻ നടത്തുന്നു തന്റെ ഓർമക്കുറിപ്പുകളിൽ.

മലയാളിയുടെ കാമനകളുടെ ചരിത്രവൽക്കരണത്തോടും ചലച്ചിത്രക്കാഴ്ചയുടെ പൊതുഭാവുകത്വത്തോടും സിനിമാതീയറ്ററുകൾ സൃഷ്ടിച്ച സാമൂഹ്യാനുഭവത്തോടും ഹൈറേഞ്ച് കുടിയേറ്റത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയത്തോടും ഒരേസമയം ബന്ധപ്പെട്ടു നിൽക്കുന്ന വ്യത്യസ്തമായ ഒരു സ്മൃതിരേഖയാണ് ഈ പുസ്തകം. എന്നു മാത്രവുമല്ല, ഒരൊറ്റ അനുഭവത്തിന്റെ നൈരന്തര്യത്തിൽ നാലുപതിറ്റാണ്ടിന്റെ ജീവിതം രേഖപ്പെടുത്തുന്നതിലൂടെ ആത്മകഥാരചനയുടെ മൗലികമായ ഒരു രീതിശാസ്ത്രവും ഇതു പിന്തുടരുന്നു. ആത്മാർഥതയും ആർജ്ജവവുമുള്ള ഭാഷയിൽ ആഖ്യാനം നിർവഹിക്കുന്ന ഈ രചന കലയെന്ന നിലയിൽ സിനിമയോട് ഒരു യുവാവിന് ചോരയിലുറഞ്ഞുണ്ടായ കൂറിന്റെ അനുഭവചരിതമായും മാറുന്നു. ഭ്രാന്തമായി വളർന്ന ജീവിതാഭിനിവേശത്തിന്റെ കഥയെഴുത്തിലൂടെ ത്രൂഫോ പറഞ്ഞതുതന്നെയാണ് ഷാജി തെളിയിക്കുന്നതും - ‘ജീവിതം തൃപ്തരാക്കാത്ത മനുഷ്യർ സിനിമക്കു പോകുന്നു’.

സ്വകാര്യം, വൈകാരികം, ആത്മനിഷ്ഠം, വൈയക്തികം തുടങ്ങിയ പരികല്പനകൾക്ക് ആധുനികത കല്പിച്ചുനൽകിയ ന്യൂനപദവിയാണ് വ്യക്തിയുടെയെന്നല്ല സമൂഹത്തിന്റെ തന്നെയും ഓർമകൾക്കും കാമനകൾക്കും അക്കാദമിക-വൈജ്ഞാനിക സ്വീകാര്യത നിഷേധിക്കാൻ കാരണമായത്. ആധുനികതയുടെ അന്ത്യം ഈ വൈജ്ഞാനിക വരേണ്യതയുടെയും അന്ത്യമായി. വൈയക്തികമായതും രാഷ്ട്രീയമായി. വൈകാരികമായതും വൈജ്ഞാനികമായി. ആത്മനിഷ്ഠമായതും അക്കാദമികമായി. സ്വകാര്യമായതും സാമൂഹികമായി. ഓർമകൾ ചരിത്രമായി. കാമനകൾ സംസ്‌കാരവുമായി. സ്വപ്നവും ഭ്രാന്തും ലൈംഗികതയും കുറ്റവാസനകളും കൊതിയും വെറിയും ദാരിദ്ര്യവും രോഗവും പോലുള്ളവ സംസ്‌കൃതിയുടെ അപരങ്ങളും വിപരീതങ്ങളുമായി കണ്ടിരുന്ന കാലം മാറി. കാമനകളുടെ അനുഭൂതിവിശേഷങ്ങൾ വ്യക്തിജീവിതത്തെയും സാമൂഹ്യചരിത്രത്തെയും രേഖപ്പെടുത്തുന്ന സാംസ്‌കാരിക രാഷ്ട്രീയങ്ങളായി തിരിച്ചറിയപ്പെട്ടു തുടങ്ങി. മിഷെൽ ഫൂക്കോ തടവറകളുടെയും ഭ്രാന്തിന്റെയും ലൈംഗികതയുടെയും രാഷ്ട്രീയചരിത്രമെഴുതിയതിനും ജാനിസ് റാഡ്‌വെയും ഇയാൻ ആംഗും ലോറാമൾവിയുമൊക്കെ ജനപ്രിയ സാഹിത്യവായനയെയും ടെലിവിഷൻ പരമ്പരകാഴ്ചയെയും സിനിമാകാഴ്ചയെയും സ്ത്രീകളുടെ കാമനാലോകങ്ങളുമായി ബന്ധപ്പെടുത്തി പഠിച്ചുതുടങ്ങിയതിനും സമാനവും സമാന്തരവുമായി ലോകമെങ്ങും സംഭവിച്ച മാറ്റമായിരുന്നു, ഇത്. ഷാജി, തന്റെ ‘സിനിമാപ്രാന്തിന്റെ 40 വർഷങ്ങൾ’ എഴുതുന്നതിലൂടെ ചുവടുറപ്പിക്കുന്നത് മലയാളത്തിൽ പൂർവമാതൃകകളില്ലാത്ത ഒരു കാമനാചരിതത്തിന്റെ പാഠമണ്ഡലത്തിലാണ്.

ഇതാകട്ടെ, മലയാളിയുടെ ചലച്ചിത്രക്കാഴ്ചയുടെ പൊതുഭാവുകത്വത്തോടാണ് അടുത്തതായി ബന്ധപ്പെടുന്നത്. 1928-30 കാലത്താരംഭിക്കുന്നുണ്ട് മലയാളസിനിമയെങ്കിലും 1950കളിലാണ് യന്ത്രകലയുടെയും സങ്കേതത്തിന്റെയും സാധ്യതകൾ കൊണ്ട് സവിശേഷമായി മലയാളിയുടെ ദൃശ്യാനുഭൂതിയെയും സാമാന്യമായി ഇതര ഭാവുകത്വങ്ങളെയും വിപ്ലവകരമായി നവീകരിച്ചു തുടങ്ങുന്നത്. (സാക്ഷരതയുടെ മുന്നേറ്റത്തിനൊപ്പം പത്രവായനയും നോവൽവായനയും ജനപ്രിയവും ജനകീയവുമാകുന്നതും പ്രൊഫണൽ നാടകവേദികളെ രാഷ്ട്രീയപ്രസ്ഥാനങ്ങളും സാമൂഹ്യസ്ഥാപനങ്ങളും സജീവമാക്കിയതും ഇതേ കാലത്താണ്.) ജീവിതനൗകയും നീലക്കുയിലും തൊട്ടുതുടങ്ങുന്ന ഈ ചരിത്രം വലിയൊരളവോളം പുരുഷലോകമായിത്തന്നെ നിലനിന്നപ്പോഴും സിനിമ സൃഷ്ടിച്ച വിനോദഭാവുകത്വത്തിന്റെ പ്രത്യക്ഷമുഖം രംഗപാഠമെന്ന നിലയിൽ മാത്രമല്ല പ്രസക്തമായത്. സിനിമാതീയറ്ററുകൾ സൃഷ്ടിച്ച സാമൂഹികസാധ്യതകൾ സിനിമക്കുപോക്കെന്ന അപൂർവവും അതുല്യവുമായ അനുഭവത്തെ ദൃശ്യാനുഭൂതിയുടെ സാംസ്‌കാരിക അച്ചുതണ്ടാക്കി മാറ്റി. ലോകത്തെവിടെയുമെന്നപോലെ കേരളത്തിലും സിനിമാതീയറ്ററുകൾ ആധുനിക പൊതുമണ്ഡലത്തിന്റെ ഏറ്റവും മൂർത്തമായ സാമൂഹിക പ്രരൂപമായി മാറിയത് അങ്ങനെയാണ്. സാംസ്‌കാരിക രൂപം, ആഖ്യാനം, പാഠം തുടങ്ങിയവയ്ക്ക് സ്ഥലവുമായുള്ള ജൈവബന്ധം ഇത്രമേൽ പ്രശ്‌നവൽക്കരിക്കപ്പെട്ട മറ്റൊരു കലാസന്ദർഭമില്ല-രാഷ്ട്രീയസന്ദർഭവും. (ഈ വിഷയത്തിന്റെ കൂടുതൽ ചർച്ചക്ക് തൊട്ടുമുൻപത്തെ പുസ്തകവിചാരം കാണുക).

നാട്ടിൻപുറത്തെന്നപോലെ ഹൈറേഞ്ചിലും ഇതൊരു വൻ യാഥാർഥ്യമായിരുന്നു. 1940-50-60 ദശകങ്ങളാണ് ഹൈറേഞ്ച് കുടിയേറ്റത്തിന്റെ പ്രഭാവകാലം. 60കളോടെ നാട്ടിൻപുറത്തിന്റെ ഇതര സൗകര്യങ്ങളൊന്നും (റോഡ്, വൈദ്യുതി, വാഹനങ്ങൾ, ആശുപത്രികൾ, കോളേജുകൾ....) കടന്നുവന്നില്ലെങ്കിലും സിനിമാതീയറ്ററുകൾ ഹൈറേഞ്ചിൽ വ്യാപകമായിത്തുടങ്ങി. മദ്യത്തിനൊപ്പം പുരുഷന്റെ ഏറ്റവും വലിയ ലഹരിയായി സിനിമ മാറാൻ അധികകാലം വേണ്ടിവന്നില്ല. പത്തും പതിനഞ്ചും ഇരുപതും കിലോമീറ്റർ നടന്ന് സിനിമ കാണാൻ പോവുകയെന്നത് ഹൈറേഞ്ചിലെ യുവാക്കളുടെ ജീവിതത്തിന്റെ ഭാഗമായി. കഞ്ചാവ് കൃഷിയുടെ വ്യാപനവും ഒപ്പം നടന്നു. 70കളിലും 80കളിലുമാണ് ഇവ മൂന്നിന്റെയും വസന്തം ഇടുക്കിക്കുമേൽ ഇടിമുഴക്കിയത്. ഷാജി എഴുതുന്നതും ഈ വസന്തത്തിന്റെ കഥയാണ്.

രണ്ടു ഭാഗങ്ങളുണ്ട് ‘സിനിമാപ്രാന്തിന്റെ 40 വർഷങ്ങളി’ലെ ആത്മകഥനത്തിന്. ഇരുപതുവയസ്സുവരെ താൻ ജീവിച്ച ഇടുക്കിയിൽ സിനിമ ഭ്രാന്തായിരുന്ന പത്തുവർഷത്തോളം, സിനിമ കണ്ടും സിനിമ പഠിച്ചും സിനിമയുടെ പേരിൽ നാട്ടുകാരാലും വീട്ടുകാരാലും വഴിപിഴച്ചവനായി മുദ്രകുത്തപ്പെട്ടും നല്ല സിനിമകൾ വേർതിരിച്ചറിഞ്ഞും സിനിമാപ്പാട്ടുകൾ, ഒരു ഭ്രാന്തിനുള്ളിലെ മറ്റൊരു ഭ്രാന്തായി മാറിയും ചെറുചെറു ഗാനമേള ട്രൂപ്പുകളിൽ പാട്ടുകാരനായും ജീവിച്ച കഥയാണ് ആദ്യ ഭാഗം. ഇവിടെ മൂന്നു തലങ്ങളിലാണ് കഥ മുന്നേറുന്നത്. കണ്ട സിനിമകളെക്കുറിച്ചും അവ കാണാൻ സഹിച്ച കഷ്ടപ്പാടുകളെക്കുറിച്ചുമുള്ള ആഖ്യാനമാണ് ഒന്ന്. കൂട്ടുകാരും വീട്ടുകാരും നാട്ടുകാരുമായ മനുഷ്യർ, ഓരോരോ ജീവിതാവസ്ഥകളുടെ കാരിക്കേച്ചറുകളായി മാറുന്നതാണ് രണ്ടാം തലം. മദ്യപാനവും മോഷണവും കഞ്ചാവ് കൃഷിയും മുതൽ നാടുവിടൽ വരെയുള്ള സ്വന്തം സാഹസങ്ങളുടെ മറയില്ലാത്ത വിവരണങ്ങൾ മൂന്നാം തലം. സിനിമാപ്രാന്തിന്റെ കുതിരസ്സവാരിയാണ് മൂന്നു തലങ്ങളെയും കൂട്ടിയിണക്കുന്ന ഘടകം.

കുടിയേറ്റ കർഷകരുടെ ജീവിതപ്രാരാബ്ധങ്ങൾ, ശിഥിലമാകുന്ന കുടുംബങ്ങൾ, സാമ്പത്തികത്തകർച്ചകൾ, രാവും പകലും സിനിമയെക്കുറിച്ചുള്ള ജ്വരം കയറി കാട്ടിക്കൂട്ടുന്ന സാഹസങ്ങൾ, ഹൈറേഞ്ചിന്റെ അതിസൂക്ഷ്മമായ സാംസ്‌കാരിക ഭൂമിശാസ്ത്രം-ഷാജിയുടെ ഓർമക്കുറിപ്പുകൾ ഒരു കാലത്തിന്റെയും ജനതയുടെയും നാടിന്റെയും സമാനതകളില്ലാത്ത അനുഭവലോകങ്ങളുടെ സൂക്ഷ്മചിത്രങ്ങളാണ്.

‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയാണല്ലോ മലയാളഭാവനയിൽ രൂപംകൊണ്ട ഇടുക്കിയുടെ ഏറ്റവും ജനപ്രിയമായ സാംസ്‌കാരികപാഠം. ഷാജിയുടെ ഈ പുസ്തകം, 1990കളുടെ തുടക്കം വരെയുള്ള അരനൂറ്റാണ്ടിന്റെ ഹൈറേഞ്ച് കുടിയേറ്റചരിത്രം പശ്ചാത്തലമാക്കി, 70-80 ദശകങ്ങളിൽ സിനിമാസംസ്‌കാരം ഈ ഭൂമികയിലെ ആൺകാമനകൾക്കു സൃഷ്ടിച്ചുനൽകിയ ദൃശ്യഭാവലോകങ്ങളുടെ ജീവചരിത്രം രചിക്കുന്നു.

മയിൽ, ചാത്തൻകുഞ്ഞ്, നാലുമുക്കൻ, പ്രിയൻ തുടങ്ങിയ കൂട്ടുകാരുമായി സിനിമ കണ്ടുനടന്ന കഥകൾ, കലാരാജൻ, കല്ല് രാജു തുടങ്ങിയവർക്കൊപ്പമുള്ള തോട്ടം മേഖലകളിലെ ഗാനമേള അനുഭവങ്ങൾ, വീട്ടിലും നാട്ടിലും കൊള്ളരുതാത്തവനായി മാറി, അലഞ്ഞുനടന്ന നാളുകൾ..... ഷാജിയുടെ സിനിമാപ്രാന്തിന്റെ ആദ്യഘട്ടം സംഭവബഹുലമായിരുന്നു.

ചില അനുഭവങ്ങൾ അവയുടെ കഥനകലകൊണ്ടും നഗ്നജീവിതഭംഗികൊണ്ടും നമ്മെ വിടാതെ പിന്തുടരും. ഒരെണ്ണം വായിക്കൂ:

“ആളുകളുടെ കണ്ണിൽപ്പെടാതെ മൈതാനത്തിന്റെ ഓരംപറ്റി പുറത്തേക്കിറങ്ങുമ്പോൾ പരിതയമുള്ള മൂന്നുപേർ എന്നെ വളഞ്ഞു. പോസുരാജൻ എന്നറിയപ്പെടുന്ന കൽക്കൂന്തൽ രാജൻ, ഒരു ചെറുകിട ഗിറ്റാറിസ്റ്റും മര ഉരുപ്പടി വില്ക്കുന്ന കടക്കാരനുമായ ഓച്ചപ്പൻ, പിന്നെ ആന്റി. മൂന്നു പേരും എന്നെ അഭിനന്ദിക്കാൻ കാത്തുനില്ക്കുകയായിരുന്നത്രേ. ആന്റിയുടെ വായിൽനിന്ന് ഗുമുഗുമാ ബ്രാണ്ടി മണം. ‘എടാ ചെറുക്കാ, ഒന്നേ.... ഒന്നേ.... ചുറുമാ ചുറുമാ... തമിഴ്പാട്ട് നീ കലക്കിയെടാ.....റ്റേജേക്കേറി വന്ന് നിനക്കിട്ടൊരു കടി തരണോന്നൊണ്ടാരുന്നു. ഇപ്പം നീ എന്റെ കൂടെ വന്നേ ഒക്കത്തൊള്ളൂ. ചെലവ് എന്റെ വക’. പോളിയെസ്റ്റർ ഡബിൾ മുണ്ടുടുത്ത് സ്‌പെണ്ണിന്റെ പുള്ളിയുടുപ്പിട്ട് വലിയ സ്വർണമാല കഴുത്തിൽ തൂക്കുന്ന ആന്റി അത്യാവശ്യം കാശുള്ള ഒരു ഇരട്ടയാറുകാരനാണ്. ആന്റിയച്ചൻ എന്നാണ് ശരിക്കുള്ള പേര്. നാട്ടുകാർ അതു ചുരുക്കി അയാളെ ആന്റിയാക്കി!

‘നിന്റെ പാട്ട് കൊള്ളാരുന്നു. പക്ഷേ, മ്യൂസിക്കും സൗണ്ടും മഹാ വതം ആരുന്നു.... ഗിറ്റാർ വായിക്കാൻ അവസരം കിട്ടാഞ്ഞതിന്റെ പൗശന്യം ഓച്ചപ്പൻ മറച്ചുവെച്ചില്ല. ആനചവിട്ടി അപ്പച്ചൻ എന്ന പെന്തക്കോസ്ത് പാതിരിയുടെ ആശ്രിതനായി അക്കാലം കഴിഞ്ഞുവന്ന രാജൻ അപ്പോൾ പറയുന്നു, ഷാജി എന്റെ കൂടെ വാ. പാസ്റ്ററും ഫാമിലീം നോക്കിയിരുപ്പൊണ്ട്. അവരിതിലേ കാറേപ്പോകുവാരുന്നു. പാടുന്നത് എന്റെ ഫ്രെണ്ടാന്ന് പറഞ്ഞപ്പം ഇവിടെ നിന്നോണ്ട് ഒരു പാട്ടു കേട്ടു. നല്ല അയിപ്രായവാ... വീട്ടിലോട്ട് വിളിച്ചോണ്ട് ചെല്ലണോന്ന് പറഞ്ഞേച്ചാ പോയേക്കുന്നെ. ആന്റിയെ ഒരുവിധത്തിൽ പറഞ്ഞുവിട്ട് ഞാൻ രാജന്റെ കൂടെച്ചെന്നു. രാത്രി കിടന്നുറങ്ങാൻ ഒരിടം വ്ണമല്ലോ. പോകുന്ന വഴിയിൽ ആനചവിട്ടിപ്പാസ്റ്ററെപ്പറ്റി രാജൻ വാതോരാതെ പറഞ്ഞു. ചില്ലറപ്പുള്ളിയല്ല. കലേം സാകത്യോം ഒക്കെ ഒണ്ട്. പൊസ്താങ്ങള് എഴുതീട്ടൊണ്ട്. മാസത്തിൽ രണ്ടും മൂന്നും പ്രാവിശം അമേരിക്കയ്ക്ക് പോയേച്ച് വരുന്ന ആളാ. നമ്മള് ചായ ഉടിക്കാൻ പോന്ന പോലല്ലേ പുള്ളീടെ ഫോറിൻപോക്ക്. ഷാജിക്കൊരു വെന്തം കെടക്കട്ടെ. നല്ലതാ’.

കറുത്തു മെലിഞ്ഞ് സുന്ദരനായ പാസ്റ്ററും അദ്ദേഹത്തിന്റെ വെളുത്തു തടിച്ച ഭാര്യയും ഒപ്പം പെണ്ണുങ്ങളും ആണുങ്ങളുമടങ്ങുന്ന ചില അന്തേവാസികളും ആ വീട്ടിലുണ്ടായിരുന്നു. ‘ഷ്യാജി ബ്രദറിനെപ്പറ്റി രാജ്യൻ ബ്രദർ പറഞ്ഞിട്ടൊണ്ട്. സോങ് കേട്ടു. നല്ല സിങ്ങിങ്ങാരുന്നു. റൈറ്റിങ്ങും ഒണ്ടല്ലേ? ഞാനും ഒരു ബുക്ക് റൈറ്റ് ചെയ്ത് എറക്കീട്ടൊണ്ട്. പോകുമ്പം തരാം’. രുചിയുള്ള അത്താഴം കിട്ടി. അത് കഴിച്ചിട്ട് രാജനും ഞാനും സ്വീകരണമുറിയിൽ തിരിച്ചെത്തുമ്പോഴും ആളുകളൊക്കെ അവിടെത്തന്നെ ഇരിപ്പുണ്ട്. പാസ്റ്ററുടെ ചോദ്യങ്ങൾ പാട്ടുകളെക്കുറിച്ചായി. ‘’ആ തമിഴ് സോങ് കമൽഹാസന്റെ പിച്ചറിലേതല്ലേ? പിന്നേതൊക്കെയാ പാടിയേ‘’ അമിതാഭ് ബച്ചൻ അഭിനയിച്ച പുകാർ സിനിമയിലെ സമുന്ദറാണ് പാടിയത് എന്നു പറഞ്ഞപ്പോൾ ‘നല്ല പാട്ടാ, അതൊന്നു പാടാവോ?’ എന്നായി.

‘അത് പയങ്കര ഹൈ പിച്ചാ. ഇങ്ങനിരുന്ന് പാടിയാ ശെരിയാകത്തില്ല’ രാജൻ സഹായത്തിനെത്തി. പാസ്റ്റർ വിടുന്നില്ല. ‘എന്നാപ്പിന്നെ അമിതാബച്ചന്റെ ഷോലേലെ ഏ ദോസുത്തീ എന്നൊള്ള പാട്ട് പാട്. അതാകുമ്പം എല്ലാർക്കും പാടാൻ എളുപ്പവാണല്ലോ’. സിനിമകളുടെയും സിനിമാപ്പാട്ടുകളുടെയും ഒരു മാസ്റ്റർ ആണല്ലോ ഈ പാസ്റ്റർ എന്ന് ആലോചിച്ചുകൊണ്ട് ഞാൻ ആ പാട്ട് പാടാനൊരുങ്ങി. പെട്ടെന്ന് പാസ്റ്റർ ‘രാജ്യൻ ബ്രദറേ.... ആ തമ്പേറ് ഇങ്ങോട്ടെടുക്ക്. നമ്മക്കെല്ലാർക്കും ഒരുമിച്ച് പാടി സന്തോഷിക്കാം. ഹാലേലൂയ്യാ’ എന്ന് പറയുന്നു. ഞാൻ തരിപ്പണമായിപ്പോയി. തമ്പേറടിച്ച് യേ ദോസ്തീ! പക്ഷേ, പാടാതെ രക്ഷയില്ല. ഞാൻ പാടിയ ഓരോ നാലുവരിയും ആഞ്ഞ തമ്പേറടിയുടെ അകമ്പടിയോടെ അവതാളത്തിൽ എല്ലാവരും ചേർന്ന് ഏറ്റുപാടി. ആർ.ഡി. ബർമന്റെ ആർദ്രഗാനത്തെ ആനചവിട്ടിപ്പാസ്റ്ററും കൂട്ടരും ഒരു പെന്തക്കോസ്ത് കൂട്ടപ്പാട്ടാക്കി.

പിറ്റേന്ന് പുറപ്പെടുമ്പോൾ താനെഴുതിയ ചെറുപുസ്തകം പാസ്റ്റർ എനിക്ക് ഒപ്പിട്ട് തന്നു. ഒരു ലഘുലേഖയുടെ വലിപ്പമേയുള്ളൂ. പേര് സിനിമാ എന്ന വെറിക്കൂത്ത്. ചെറുബാല്യക്കാർ സിനിമ കാണുന്നതിന്റെ ദൂഷ്യങ്ങളെക്കുറിച്ചുള്ള ശക്തമായ താക്കീതുകളാണ്. ഇന്നലെ രാത്രി അതിഭയങ്കര സിനിമാപ്രേമിയെപ്പോലെ എന്നോട് സംസാരിച്ചയാളാണോ ഇതെഴുതിയത്? അതോ അങ്ങേരുടെ പ്രായമുള്ളവർ മാത്രമേ സിനിമ കാണാൻ പാടുള്ളൂ എന്നാണോ? അന്തംവിട്ട് അതു മറിച്ചുനോക്കിക്കൊണ്ട് വഴിയേ നടക്കുകയായിരുന്ന എന്റെ മുൻപിലേക്ക് അതാ വന്നിറങ്ങുന്നു ശ്രീമാൻ ആന്റി. ഞാൻ ചുറ്റും നോക്കി. ഹിൽഡാ ബാറിന്റെ മുൻപിലാണ് നില്ക്കുന്നത്. അവിടെ നിന്നാണ് ആന്റിയുടെ വരവ്. ‘വാ നമ്മക്കൊരു സ്‌മോളടിക്കാം. എന്റെ വക ചെലവാ. ഇന്നലേ പറഞ്ഞതല്ലേ...?’ ആന്റി കൈ പിടിച്ചു വലിക്കുന്നു. ജീവിതത്തിൽ അന്നുവരെ മദ്യപിച്ചിട്ടില്ല. പേടിയുണ്ട്. പക്ഷേ, എന്താണീ സംഭവം എന്ന് അറിയാനുള്ള കൊതി അതിലേറെയുണ്ട്. ഒന്ന് കുടിച്ചുനോക്കിയാൽ എന്താ? വരുന്നതു വരട്ടെ. ആന്റിയോടൊപ്പം ഞാൻ ബാറിനുള്ളിലേക്കു കയറി”.

ചെവിയിൽ ഇപ്പോഴും കൂവലിന്റെയും അടിയുടെയും വണ്ടു മൂളുന്ന ഗാനമേളകളുടെ ഓർമയും ഷാജിക്കുണ്ട്. നോക്കൂ, ഒരെണ്ണം:

“ഡ്രംസ് ഇല്ലാതെ, തമിഴ് പാടാൻ നല്ല പാട്ടുകാരില്ലാതെ ‘പല്ലവി ഓർക്കസ്ട്ര, കോട്ടയം’ എന്ന് തുണിപ്പതാക കെട്ടിയ വാടകവണ്ടിയിൽ ഞങ്ങൾ അമ്പലപ്പറമ്പിൽ ചെന്നിറങ്ങുമ്പോൾ അവിടെ ആകെയൊരു സമാധാനക്കേടിന്റെ അവസ്ഥ. സംഘാടകർ പല ചേരികളായി തിരിഞ്ഞ് പോരുകുത്തുകയാണ്. അടുത്തുള്ള തേയിലത്തോട്ടത്തിലെ കങ്കാണി സുബ്ബയ്യയുടെ അനിയന്റെ വെട്ടിക്കൂട്ട് ഗാനമേളയാണ് ‘കോട്ടയം പല്ലവി’ എന്ന ഇല്ലാപ്പേരിൽ വന്നിറങ്ങിയിരിക്കുന്നത്. ഇവന്മാരെ വേദിയിൽ കാലുകുത്താൻ അനുവദിക്കില്ല എന്ന് ഒരു കൂട്ടർ. ‘നാൻ മട്ടും താൻ ഇങ്കേ ഇരുന്ത്. മറ്റ്ര എല്ലാരും കോട്ടയംകാരങ്ക താൻ’ എന്ന് രാജു പറഞ്ഞപ്പോൾ ചിലർ വന്ന് ഞങ്ങളെ വിചാരണ തുടങ്ങി. മലയാളം പാട്ടുകാരനോട് ‘നിന്റെ വീട് കോട്ടയത്ത് എവിടാടാ?’ എന്ന് ചോദിച്ചു. ‘എന്റെ വീട് ഇവിടെ മേരികൊളത്താ’ അയാൾ സത്യം പറഞ്ഞു. ഒരാൾ എന്നോട് ‘നീ കട്ടപ്പനക്കാരനല്ലേടാ എലുമ്പാ?’ എന്ന് ചോദിക്കുന്നു! ചുരുക്കത്തിൽ ഡ്രം അടിക്കാൻ വന്ന ആൾ ഒഴിച്ച് മറ്റ് എല്ലാവരും ഹൈറേഞ്ചുകാരാണെന്നുള്ള സത്യം പുറത്തായി. തെറിവിളിയും ബഹളവും ഉന്തും തള്ളുമായി.

ഒടുവിൽ എട്ടരമണിക്ക് ആരുടെയൊക്കെയോ ഇടപെടലും കരുണയുംകൊണ്ട് ഞങ്ങൾ വേദിയിൽ കയറി ഉപകരണങ്ങൾ നിരത്തി ശബ്ദപരിശോധന തുടങ്ങി. അപ്പോഴാണ് ഡ്രംസ് ഇല്ല എന്ന കാര്യം ആളുകൾ ശ്രദ്ധിക്കുന്നത്. ‘എവിടെറാ ജാസെറ്റ്? ജാസെറ്റില്ലാതെ ഒരു നാറീം ഇന്നിവിടെ പാടുകേല’. കാര്യങ്ങൾ വീണ്ടും കൈവിട്ടു. താണുവീണു ക്ഷമചോദിച്ച് കെഞ്ചി ഒരുവിധത്തിൽ ഒൻപതു മണിക്ക് ഗാനമേള തുടങ്ങി. ചേരിതിരിഞ്ഞുള്ള കൂവലുകൾക്കും കൈയടികൾക്കുമിടയിൽ ആകപ്പാടെ അലങ്കോലമായി ഞങ്ങൾ പാടി. റോസമ്മ പാടാൻ തുടങ്ങിയപ്പോൾ ‘എടീ റോതമ്മേ.... നീ ഒന്ന് തിരിഞ്ഞുനിന്നു പാടിയാൽ അതെങ്കിലുമുണ്ടാരുന്നെടീ കാണാൻ’ എന്നൊക്കെയാണ് ആളുകൾ വിളിച്ചുകൂവിയത്. റോസമ്മയുടെ അപ്പന്റെ ‘യാരുക്കാക, ഇതു യാരുക്കാക’യെ തുടക്കം മുതൽ ഒടുക്കം വരെ അവർ കൂവിക്കൊന്നു. ഒടുവിൽ തമിഴും ഞാൻ തന്നെ പാടേണ്ടിവന്നു. ഒന്നും കാര്യമായി ഏറ്റില്ല എന്നു മാത്രം. സമയം രാത്രി പത്തര! പശുമലയിൽ ഗാനമേള തുടങ്ങേണ്ട സമയം.

‘ഇന്നു രാത്രി കുറച്ച് ദൂരെയുള്ള മറ്റൊരു വേദിയിലും ഗാനമേള അവതരിപ്പിക്കേണ്ടതിനാൽ അടുത്ത ഒരു ഗാനത്തോടെ ഞങ്ങളുടെ പരിപാടി അവസാനിക്കുന്നു’ എന്ന് ഞാൻ വിളിച്ചുപറഞ്ഞത് രാജു പറഞ്ഞിട്ടാണ്. ഭാഗ്യരാജിന്റെ എങ്ക ചിന്ന രാസാ സിനിമയിലുള്ള ‘എടുടാ മേളം അടിടാ താളം ഇനിതാ കച്ചേരി ആരംബം’ എന്ന വേഗതയുള്ള പാട്ട് ഞാൻ പാടിക്കൊണ്ടിരിക്കുമ്പോൾ ഒരുകൂട്ടം ആളുകൾ വേദിക്കരികിലേക്ക് തള്ളിക്കയറി വരുന്നത് കാണാമായിരുന്നു. പാട്ടു തീർന്ന ഉടനെ അവരിലൊരാൾ വേദിയിലേക്ക് ചാടിക്കയറി എന്റെ കൈയിൽനിന്ന് മൈക്ക് പിടിച്ചുപറിച്ചു. ‘സുകർത്തുക്കളേ, ഇനി താൻ കച്ചേരി ആരംബം... അതായത്, ഇനിയാണ് കച്ചേരി ആരംഭിക്കാൻ പോകുന്നത് എന്ന് പാടിയത് നിങ്ങൾ കേട്ടല്ലോ. നമ്മള് നിർത്താൻ പറയുന്നതുവരെ ഇവര് പാടും’ എന്ന് വിളിച്ചുപറഞ്ഞു. പിന്നെ അയാൾ മൈക്ക് വായിൽനിന്ന് മാറ്റിപ്പിടിച്ച് ‘ഞങ്ങള് നിർത്താൻ പറേന്നവരെ പാടിക്കോണം. കേട്ടോടാ കഴ്‌വർഡ മക്കളേ’ എന്ന് പറഞ്ഞുകൊണ്ട് വേദിയിൽനിന്നിറങ്ങി. ഉടനെ ഒരാൾ അലറിക്കൊണ്ട് അരയിൽനിന്ന് കഠാരി വലിച്ചൂരി വേദിയുടെ അറ്റത്തുള്ള തട്ടുപലകയിൽ കുത്തിയിറക്കി. പേടിച്ചു വിറച്ച് പെടുക്കുമെന്ന അവസ്ഥയിലെത്തി ഞങ്ങൾ.

 

‘ആ.... ഇനി ഒരു മലയാളം പോരട്ടെ, അടുത്തത് തമിഴ്, ഇനിയൊരു ഹിന്ദി ആയിക്കോട്ടെ’ എന്നിങ്ങനെ ഞങ്ങളെക്കൊണ്ട് അവർ ബലമായി പാടിച്ചുകൊണ്ടേയിരുന്നു. വായ്ക്കു വരുന്നത് കോതയ്ക്ക് പാട്ട് എന്നതുപോലെ അറിയാവുന്നതും അറിയാത്തതുമായ എത്രയോ പാട്ടുകൾ അന്നു ഞങ്ങൾ പാടി. ഒടുവിൽ രാത്രി പന്ത്രണ്ടര ആയപ്പോഴാണ് ആ പാട്ടുതടങ്കലിൽനിന്ന് അവർ ഞങ്ങളെ പുറത്തുവിട്ടത്. ഇരുട്ടിലൂടെ നിലംതൊടാതെ പാഞ്ഞ ഞങ്ങളുടെ വാൻ ഒന്നേകാൽ മണിക്ക് പശുമല എസ്റ്റേറ്റിന് സമീപമെത്തി. അമ്പലപ്പറമ്പിൽനിന്ന് പിരിഞ്ഞുപോകുന്ന ജനങ്ങളെ ദൂരെനിന്നേ കാണാമായിരുന്നു. അരമൈൽ ഇപ്പുറത്തുവെച്ച് ഒന്ന് രണ്ടുപേർ ഞങ്ങളുടെ വണ്ടിക്ക് കൈ കാണിച്ചു. ‘നിങ്ങൾ ഗാനമേളക്കാരാണോ?’. ‘അതെ ചേട്ടാ’. ‘എന്നാ അങ്ങോട്ട് പോകാതിരിക്കുകാ നല്ലെ. അവിടെ ഫയങ്കര അടി നടന്നോണ്ടിരിക്കുവാ. നിങ്ങള് നേരത്തിന് വരാഞ്ഞകൊണ്ട് ആകെ വിഷയവായിരിക്കുവാ’.

സൂചികുത്തുന്ന രാത്രിത്തണുപ്പിൽ വാദ്യങ്ങളും പെട്ടികളുമായി റോസമ്മയടക്കം ഞങ്ങൾ പാട്ടുകാരും വാദ്യക്കാരും അമ്പലമുറ്റത്ത് കുത്തിയിരിക്കുന്നു. പത്തിരുപതുപേർ ചുറ്റിനിന്ന് തെറിവിളിക്കുന്നു. ഞങ്ങളുടെ വാൻ അവർ ബലം പ്രയോഗിച്ച് പറഞ്ഞുവിട്ടു കഴിഞ്ഞിരുന്നു. അവർക്കുണ്ടായ എല്ലാ കഷ്ടനഷ്ടങ്ങൾക്കും പരിഹാരമായി ഒരു ഭാരിച്ച സംഖ്യ കൊടുക്കാതെ ഞങ്ങളെ വിടില്ല എന്ന് അവർ തീർത്തു പറഞ്ഞു. ഒരു വൃത്തികെട്ടവൻ റോസമ്മയെ നോക്കി ‘ഇവളെപ്പോലത്തെ മൂന്നാലെണ്ണം ഒണ്ടായിരുന്നെങ്കി കാശ് മൊതലാക്കാമാരുന്നു. ഒരെണ്ണത്തിനെ വെച്ചോണ്ട് എന്നാ ചെയ്യാനാ?’ എന്ന് പറയുന്നു. ‘അങ്ങനെയൊന്നും പറയരുത് ചേട്ടാ’ എന്ന് പറഞ്ഞുകൊണ്ട് അവരോട് ദയ യാചിക്കാൻ ശ്രമിച്ച രാജുവിനെ ‘തേവടിയാ മവനേ... എല്ലാത്തുക്കും കാരണം നീ താൻടാ’ എന്നുപറഞ്ഞുകൊണ്ട് ഒരുത്തൻ തലങ്ങും വിലങ്ങും അടിച്ചു. തടസ്സം പിടിക്കാൻ എഴുന്നേറ്റ എനിക്കും കിട്ടി മുഖമടച്ച് ഒന്നുരണ്ടെണ്ണം. തല മരച്ചുപോയി. ഇനിയീ ജന്മത്ത് എനിക്ക് പാട്ടും വേണ്ട കൂത്തും വേണ്ട.... ഈ ഗാനമേള ഏർപ്പാടിന് ഇനി ഞാനില്ല.

ഒടുവിൽ നേരം വെളുക്കാറായപ്പോൾ അടുത്ത ഉത്സവത്തിന് ഒരു സമ്പൂർണ ഗാനമേള സൗജന്യമായി നടത്തിക്കൊടുത്തുകൊള്ളാം എന്ന് എഴുതിവെച്ച് അവിടെനിന്ന് ഞങ്ങൾ തടിതപ്പി. ബംഗാൾ അഗതികളെപ്പോലെ വിശന്നു തളർന്ന്, ഉറക്കച്ചടവിൽ കണ്ണ് ചുളുചുളുത്ത്, വാദ്യോപകരണങ്ങളും പെട്ടികളും തലയിൽ ചുമന്നുകൊണ്ട് കുറുക്കുവഴികളിലൂടെ നടന്ന് വണ്ടിപ്പെരിയാറ്റിലെത്തുമ്പോൾ വെയിലുറച്ചിരുന്നു. ‘അടിയും കൊണ്ടു പുളിയും കുടിച്ചു’ എന്നു പറഞ്ഞ അവസ്ഥയിലായി എന്റെ കഥ. കാരണം, ആ ഗാനമേളക്കൂത്തുകളുടെ പിന്നാലെ നടന്ന സമയത്ത് എന്നെ ഒരു വീഡിയോ സിനിമയുടെ സഹസംവിധായകനാക്കാൻ വേണ്ടി അതിന്റെ ആളുകൾ വീട്ടിൽ തേടിവന്നിരുന്നു. പലദിവസമായി ഞാൻ വീട്ടിൽ വരാത്തതിന്റെ ദേഷ്യത്തിൽ ‘ഈ സൈസ് ഏർപ്പാടിനൊന്നും അവനെ വിടുകേല’ എന്നു പറഞ്ഞ് അമ്മ അവരെ ഓടിച്ചു. വിവരം അറിഞ്ഞ് ആകെ പരിഭ്രാന്തനായ ഞാൻ അവരെത്തേടി പാഞ്ഞു”.

ഈ പുസ്തകത്തിലെ ഏറ്റവും ഹൃദയാവർജ്ജകമായ അനുഭവങ്ങൾ ഷാജിക്കു തന്റെ ചില സുഹൃത്തുക്കളിൽ നിന്നു കിട്ടിയ സ്‌നേഹത്തിന്റെയും കരുതലിന്റെയും ഓർത്തെടുക്കലുകളാണ്. അതിർത്തിഗ്രാമങ്ങളിൽ തമിഴരും മലയാളികളും തമ്മിലുടലെടുത്ത ആത്മബന്ധങ്ങളുടെ അസമാനമായ ഒരു നാട്ടുചരിത്രം കുടിയേറ്റജനതക്കുണ്ട്. എന്നോ ഒരിക്കൽ തന്റെ ഗ്രാമത്തിൽ കഞ്ചാവ് വാങ്ങാൻ വന്ന് പരിചയപ്പെട്ട പൂവരാകൻ എന്ന തമിഴനെതേടി മധുരയിലെത്തിയ ഷാജിക്കുണ്ടായ ഒരനുഭവം കേൾക്കൂ:

“രാത്രിക്കെപ്പോഴോ ഉണർന്നപ്പോഴാണ് സന്ധ്യയ്ക്കു മുൻപ് തിരിച്ചെത്താമെന്ന് ടൈറ്റസ് അണ്ണന് വാക്കുകൊടുത്തത് ഓർമവന്നത്. അതോടെ ആകെ കുറ്റബോധമായി. പിറ്റേന്ന് അതിരാവിലെ ഉണർന്നയുടനെ അവിടെനിന്ന് പുറപ്പെടാൻ തുടങ്ങുമ്പോൾ ‘ഒങ്ക കൂട നാനും വർറെ... മതുരൈ സുത്തി പാക്ക വേണ്ടമാ?’ എന്ന് പൂവരാകനും എന്റെ കൂടെ വന്നു. നേരേ ടൈറ്റസ് അണ്ണന്റെ വീട്ടിലെത്തി താമസിച്ചതിന് ക്ഷമ പറയണം എന്നാണ് വിചാരിച്ചതെങ്കിലും പൂവരാകനെയും കൊണ്ട് അങ്ങോട്ടു ചെല്ലാൻ എനിക്കു മനസ്സുവന്നില്ല. മീനാക്ഷിയമ്മൻ കോവിൽ, ആയിരംകാൽമണ്ഡപം, അഴകർകോവിൽ, ഗാന്ധിമ്യൂസിയം എന്നിവയൊക്കെ പൂവരാകൻ എനിക്ക് കാണിച്ചുതന്നു. സൈക്കിൾ റിക്ഷാകളിലും സിറ്റിബസ്സുകളിലും കയറിയിറങ്ങി ഞങ്ങൾ നഗരത്തിൽ കറങ്ങി. പഴമുതിർ ചോലൈയിലെ അമ്പലം ചുറ്റുമ്പോൾ ‘പഴമുതിർചോലൈ എനക്കാകത്താൻ, പടൈത്തവൻ പടൈത്താൻ അതർക്കാകത്താൻ’ എന്ന പുതിയ തമിഴ് പാട്ട് പാടാതിരിക്കാൻ എനിക്കു കഴിഞ്ഞില്ല. പൂവരാകൻ പ്രോത്സാഹിപ്പിച്ചെങ്കിലും അമ്പലം ചുറ്റിക്കൊണ്ടിരുന്ന ചില ഭക്തന്മാർ പരിശുദ്ധമായ ക്ഷേത്രാങ്കണത്തിൽ സിനിമാപ്പാട്ട് പാടിയതിന് എന്നെ വഴക്കു പറഞ്ഞു.

സിനിമാപ്പാട്ടിനല്ലേ കുഴപ്പമുള്ളു ‘ഭക്തിപ്പാടൽകൾ’ അറിയില്ലേ എന്നായി പൂവരാകൻ. ‘പുല്ലാംകുഴൽ കൊടുത്ത മൂങ്കിൽകളേ എങ്കൾ പുരുഷോത്തമൻ പുകഴ്പാടുങ്കളേ.... വണ്ടാടും ഗംഗൈമലർ തോട്ടങ്കളേ എങ്കൾ മതുസൂതനൻ പുകഴ് പാടുങ്കളേ....’ എന്ന ടി.എം. എസ്സിന്റെ പാട്ട് ഞാൻ ഉറക്കെപ്പാടി. ‘വായെ മൂടുടാ മുട്ടാൾ... ഇങ്കേ സത്തം പോടക്കൂടാത്.... തെരിയാതാ ഒനക്കു?’ കുറച്ച് വയസ്സായ ഒരാൾ എന്നെ ചീത്ത വിളിക്കുന്നു. കേരളത്തിൽനിന്ന് ദർശനത്തിന് വന്ന ഒരു ഭക്തനാണെന്നും ഭക്തി മൂത്ത് പാടുന്നതാണെന്നും പൂവരാകൻ സമാധാനിപ്പിക്കാൻ നോക്കിയപ്പോൾ അയാൾ ‘മുരുകന്റെ അമ്പലത്തിലാണോടോ കൃഷ്ണന്റെ പാട്ട് പാടുന്നത്? വല്ല കൃഷ്ണക്കേവിലിലും പോയിരുന്ന് വിളിച്ചു കൂവെടാ’ എന്ന് പിന്നെയും എന്നെ പുലഭ്യം പറഞ്ഞു. കോപം കയറി നിലതെറ്റിയ പൂവരാകൻ തെറിവിളിച്ചുകൊണ്ട് അയാളെ അടിക്കാൻ ചാടി. ഞാൻ ഞെട്ടിപ്പോയി. പൂവരാകന് ഇങ്ങനെയും ഒരു മുഖമോ?

ഒരുവിധത്തിൽ അവിടെനിന്ന് മടങ്ങി ഉച്ച കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ നഗരത്തിൽ തിരിച്ചെത്തി. തീർച്ചയായും കാണേണ്ട സ്ഥലമാണ് എന്നു പറഞ്ഞ് തിരുമലൈ നായ്ക്കർ മണ്ഡപം കാണിക്കാൻ പൂവരാകൻ എന്നെ കൊണ്ടുപോയി. പക്ഷേ, അന്നവിടെ ഏതോ ഒരു വലിയ പരിപാടി നടക്കുകയായിരുന്നു. ഞങ്ങളെ അകത്തേക്കു വിട്ടില്ല. തിരുമലൈ നായ്ക്കരുടെ കൊട്ടാരം എന്നെ കാണിച്ചേ അടങ്ങൂ എന്നുള്ള വാശിയിൽ മറ്റൊരു പടിവാതിലിലൂടെ അകത്തേക്കു കയറാൻ നോക്കിയ പൂവരാകനെയും എന്നെയും കാവൽക്കാർ ഓടിച്ചു. എന്നെ കഴുത്തിനു പിടിച്ച് തള്ളിയ അവർ പൂവരാകനെ ലാത്തികൊണ്ടടിച്ചു. കലികയറിയ പൂവരാകൻ മാറിനിന്ന് അവരെ ചീത്ത വിളിച്ചു. ഉടനെ ഒരു കാവൽക്കാരൻ കേട്ടാലറയ്ക്കുന്ന തെറികൾ വിളിച്ചുകൊണ്ട് പടികടന്നോടി പൂവരാകന്റെ നേരേ പാഞ്ഞുവന്നു. പൂവരാകൻ അയാളെ ഒറ്റയടിക്ക് താഴെ വീഴ്‌ത്തി നിലത്തിട്ട് ചവിട്ടാൻ തുടങ്ങി. അയാളുടെ അലമുറ കേട്ട് മറ്റൊരു കാവൽക്കാരനും ഒപ്പം ഒരു പൊലീസുകാരനും ഞങ്ങൾക്കു നേരേ പാഞ്ഞുവരുന്നത് ഞാൻ കണ്ടു.

‘പൂവരാകാ... നമ്മള പിടിക്ക പൊലീസ് വർറാങ്ക’.

‘ഓടിക്കോ ചാജീ.... എൻ പിന്നാലെ വേഗമാ ഓടിക്കോ’.

പൂവരാകൻ ഓട്ടം തുടങ്ങി. പിന്നാലെ ഞാനും ഓടി. കാവൽക്കാരനും പൊലീസും പിറകേ പാഞ്ഞുവരുന്നുണ്ട്. പേടിച്ച് അരണ്ടുപോയതുകൊണ്ട് ഓടിയിട്ടും ഓടിയിട്ടും എന്റെ കാലുകൾ ഒട്ടും നീങ്ങാത്തതുപോലെ....പല തെരുവുകളിലൂടെ ചുറ്റിയും വളഞ്ഞും കുറെ നേരം ഓടിക്കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോൾ പിന്നിലാരുമില്ല. ആശ്വാസമായി. തിരിഞ്ഞുനോക്കാതെ ഓടിക്കൊണ്ടിരുന്ന പൂവരാകൻ കുറെ നേരം കഴിഞ്ഞാണ് നിന്നത്. ‘ഇനി ഒരുത്തനും വര മാട്ടാ. വന്താ അവനെ അടിച്ച് നാര് നാരാ കിഴിപ്പേൻ’, പൂവരാകൻ കിതച്ചുകൊണ്ട് പറഞ്ഞു. ഒരു ചായക്കടയിൽനിന്ന് വെള്ളം വാങ്ങി മുഖം കഴുകി കടത്തിണ്ണയിൽ ഇരുന്ന് നിറയെ നാരങ്ങാ ചേർത്ത വെട്ടിവേര് സർബത്ത് രണ്ടുമൂന്ന് പാത്രം വാങ്ങിക്കുടിച്ചപ്പോൾ പൂവരാകൻ ഉഷാറായി. എന്റെ ചങ്കിടിപ്പ് അടങ്ങിയിരുന്നില്ല. അവർ വരുന്നുണ്ടോയെന്ന് ഇടയ്ക്കിടയ്ക്ക് തിരിഞ്ഞുനോക്കിക്കൊണ്ടിരുന്ന എന്നോട് പൂവരാകൻ ‘എന്ന ബയമാ? ഉങ്ക ഊരിലെ വെച്ച് നമ്മ പാത്തപോത് ചാജി പാടിയ പാട്ട് മറന്തിട്ടിയാ? എന്നൈ യാരും തൊട്ടതില്ലൈ, തൊട്ടവനൈ വിട്ടതില്ലൈ.... അവ്വളവു താൻ’ ”.

ഈ പുസ്തകത്തിന്റെ നാലിൽ മൂന്നു ഭാഗം, മേല്പറഞ്ഞ ഒന്നാം ഘട്ടമാണെങ്കിൽ നാലിലൊന്നു വരുന്ന രണ്ടാം ഘട്ടം, നാടുവിട്ട ഷാജി പിന്നീടുള്ള മുപ്പതുവർഷക്കാലം നയിച്ച ജീവിതത്തിനു കൈവന്ന ചലച്ചിത്രബന്ധങ്ങളുടെ സംഗൃഹീതചരിത്രമാണ്. മധുര, ഹൈദരാബാദ്, ചെന്നൈ.... ദക്ഷിണേന്ത്യൻ നഗരങ്ങളിൽ മാറിമാറി ജീവിച്ച ഷാജി, അവിടങ്ങളിൽ ചെയ്യാത്ത പണികളില്ല. അവയിൽ ഏറ്റവും പ്രധാനം മാഗ്നാസൗണ്ടിന്റെ സംഗീതവിഭാഗത്തിൽ കിട്ടിയ ഉയർന്ന ജോലിയാണ്. പ്രീഡിഗ്രി വരെ മാത്രം പഠിച്ച ഷാജി, തമിഴ്, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിലും സംഗീതം ഉൾപ്പെടെയുള്ള കലാമണ്ഡലങ്ങളിലും കൈവരിച്ച പ്രാവീണ്യത്തിന്റെ കൂടി ഫലമായിരുന്നു, ഈ ഉദ്യോഗലബ്ധി.

സിനിമാസംഗീതമുൾപ്പെടെയുള്ള മുഴുവൻ ജനപ്രിയ സംഗീതങ്ങളുടെയും വ്യവസായസംസ്‌കാരം കാസറ്റുകളിൽ അരങ്ങേറിയ കാലത്ത് മാഗ്നാസൗണ്ടിന്റെ പ്രഭാവം ഒന്നു വേറെതന്നെയായിരുന്നു. വാർണർ ബ്രദേഴ്‌സിന്റെ ഇന്ത്യയിലെ പങ്കാളികളായിരുന്നു, മാഗ്നാസൗണ്ട്. തെന്നിന്ത്യൻ സംഗീതവ്യവസായത്തിന്റെ അന്തർനാടകങ്ങളിൽ പങ്കാളിയായ ഈ കാലമാണ് ഷാജിയുടെ അതുവരെയുള്ള സിനിമാപ്രാന്തിന്റെ സാക്ഷാത്കാരം. ഇടുക്കിയിലെ വിദൂരഗ്രാമങ്ങളിലെ സിനിമാശാലകളിൽ ശബ്ദമായും ദൃശ്യമായും കേട്ടും കണ്ടുമറിഞ്ഞ്, അലൗകികമായ ഒരനുഭൂതിയായി ആത്മാവിൽ ആവാഹിച്ച ചലച്ചിത്രരംഗത്തെ പ്രതിഭകളെ നേരിട്ടറിഞ്ഞും പരിചയപ്പെട്ടും അവരോടൊപ്പം പ്രവർത്തിച്ചും ജീവിച്ച നാളുകൾ. സിനിമയെക്കാൾ അവിശ്വസനീയമായ ജീവിതപരിണാമങ്ങൾ സംഭവിച്ച കാലം. സിനിമാ അഭിനയം, തിരക്കഥാരചന, ഗാനരചന, പരസ്യനിർമ്മാണം, ഹോംതീയറ്റർ നിർമ്മാണം-ഷാജി ഇക്കാലത്തിടപെടുന്ന മേഖലകൾ നിരവധിയാണ്. ആയിരത്തിലധികം പരസ്യങ്ങളെഴുതിയ കോപ്പിറൈറ്റർ കൂടിയാണ് ഷാജി. ഇവയിൽ ഏറെ പ്രസിദ്ധമായ ചിലതാണ്, ‘വിശ്വാസം, അതല്ലേ എല്ലാം’, ‘വൈകിട്ടെന്താ പരിപാടി’ തുടങ്ങിയവ.

അൻപതുവർഷം ജീവിച്ച ഒരു മനുഷ്യൻ, അതിൽ 40 വർഷവും തന്നെ അതിജീവിപ്പിച്ചത് സിനിമയാണെന്ന് സ്വന്തം അനുഭവം കൊണ്ടു സാക്ഷ്യപ്പെടുത്തുന്നു ഈ പുസ്തകത്തിൽ. നാടുകളും ദേശങ്ങളും ഭാഷകളും തൊഴിലുകളും കടന്നുകടന്ന് ജീവിതം നങ്കൂരമിട്ട കരയിൽനിന്നു തിരിഞ്ഞുനോക്കുമ്പോൾ താൻ പിന്നിട്ടുപോന്ന കടലിന്റെ കോളിളക്കങ്ങൾ ഈ മനുഷ്യനെ തെല്ലും ചകിതനാക്കുന്നില്ല. വിജയങ്ങളെക്കാളധികം പരാജയങ്ങളും സന്തോഷങ്ങളെക്കാളധികം സങ്കടങ്ങളും നിറഞ്ഞ ഭൂതകാലം സെൻസർ ചെയ്യാനും ഷാജി തയ്യാറല്ല. അസാധാരണമായ വഴിത്തിരിവുകൾ, ആകസ്മികങ്ങളായ കണ്ടുമുട്ടലുകൾ, അവിശ്വസനീയമായ അനുഭവങ്ങൾ- തമിഴിൽ അറിയപ്പെടുന്ന എഴുത്തുകാരനും ചലച്ചിത്രനടനുമായിക്കഴിഞ്ഞിരിക്കുന്നു, ഷാജി.

തന്റെ ഈ ഓർമ്മക്കുറിപ്പുകൾ അവസാനിപ്പിക്കുന്ന ഭാഗം ഷാജി എഴുതിയിരിക്കുന്നത് വായിക്കൂ. നമ്മുടെ ഉള്ളുലച്ചുകളയും, അത്.

“ഞാൻ സിനിമകളെ സ്‌നേഹിച്ചത് സിനിമയിൽ എന്തെങ്കിലും ചെയ്യാനോ ഒരു സിനിമാനടനാകാനോ ആഗ്രഹിച്ചല്ല. സിനിമ എന്നും എനിക്ക് ഒരു പകൽസ്വപ്നമായിരുന്നു. എപ്പോഴും ഉണർന്നിരുന്നുകൊണ്ട് ഞാൻ കണ്ട സ്വപ്നം. കാലത്തിന്റെ കുത്തൊഴുക്കിൽ ഇടിച്ചുനിരത്തപ്പെട്ട ഇരട്ടയാർ നിർമലയുടെയും തീയിൽ വെന്ത് ചാരമായിപ്പോയ ഇരട്ടയാർ ബിന്ദുവിന്റെയും മറവിയിൽ മറഞ്ഞ കട്ടപ്പന സംഗീതയുടെയും ഒക്കെ മുൻപിൽ സിനിമാപ്രാന്ത് മൂത്ത് ഒരു കവലപ്പയ്യനെപ്പോലെ അലഞ്ഞ ഞാൻ ഇന്ന് സിനിമകളിൽ അഭിനയിക്കുന്നു! വീടുകൾക്കുള്ളിൽ സിനിമാശാലകൾ നിർമ്മിച്ചുകൊടുക്കുന്നു. ചെറുതെങ്കിലും തരക്കേടില്ലാത്ത ഒരു സിനിമാശാല എന്റെ വീട്ടിലുമുണ്ട്. അതിനുള്ളിലിരുന്നുകൊണ്ട് പന്ത്രണ്ടു വയസ്സായ ഒരു പെൺകുട്ടി ചിരിച്ചും ആർത്തട്ടഹസിച്ചും സിനിമ കാണുകയാണ്. അവളാണ് എന്റെ സിനിമാപ്രാന്തിന്റെ ഒരേയൊരു അനന്തരാവകാശി. സിനിമയാണ് അവളുടെ ലോകം. സിനിമയാണ് അവൾക്ക് ജീവിതം. നില്ക്കാനോ നടക്കാനോ ഉള്ള കഴിവില്ലാതെ പിറന്ന എന്റെ പൊന്നുമകളെ ആഹ്ലാദത്തോടെ ജീവിപ്പിക്കുന്നത് സിനിമകളാണ്. നാല്പതു വർഷം എന്നെ ജീവിപ്പിച്ച സിനിമ എന്റെ മകളെ എൺപതു വർഷം ജീവിപ്പിക്കും എന്നെനിക്കുറപ്പുണ്ട്”.

ഒരു മലയാളി നടാടെ എഴുതിയ ചലച്ചിത്രക്കാഴ്ചയുടെ കാമനാചരിതം എന്ന നിലയിൽ ‘സിനിമാപ്രാന്തിന്റെ 40 വർഷങ്ങൾ’, അതിന്റെ മുഴുവൻ അക്കാദമിക പരിമിതികൾക്കുമപ്പുറം, സാംസ്‌കാരിക ചരിത്രരചനയുടെ ഒരു പാഠമാതൃക മലയാളത്തിലവതരിപ്പിക്കുന്നുണ്ട്. വിവിധ സാംസ്‌കാരിക-രാഷ്ട്രീയ അനുഭൂതികൾ മുൻനിർത്തി കേൾവിയുടെയും കാഴ്ചയുടെയും വായനയുടെയുമൊക്കെ (തീർച്ചയായും ഇതര ജീവിതാനുഭവങ്ങളുടെയും) സമാനമായ ദേശ-കാല-രൂപ-വ്യക്തി കഥനങ്ങൾ എഴുതപ്പെടുമ്പോഴേ കേരളീയാധുനികതയുടെ സാമൂഹിക ജീവിതചരിത്രം പൂർണമാകൂ.

പുസ്തകത്തിൽനിന്ന്:-

യില് കുഞ്ഞുമോൻ എന്നൊരാൾ ഉണ്ടായിരുന്നു. അച്ചാന്റെ ഒരു അകന്ന ബന്ധു. പത്തുനാല്പതു കൊല്ലം മുൻപത്തെ കഥയാണ്. നാട്ടിൽ ഏതോ സിനിമാക്കൊട്ടകയിൽ ഉണ്ടായ അടിപിടി സംഭവത്തിൽ അദ്ദേഹം ഹൈറേഞ്ചിലേക്ക് മുങ്ങി വന്നതാണ്. ഒരു തെറി ചെറുതായി മാറ്റിയപ്പോൾ ഉണ്ടായ തന്റെ വിളിപ്പേരിനോട് മയിലിന് കടുത്ത ദേഷ്യമായിരുന്നു. ‘എടാ മയിലേ....’ എന്ന് വിളിക്കുന്നവരോട് ‘പല കത്തിക്കുത്ത് കേസിലെ പ്രതിയാ ഞാൻ.... ഓർത്തോ’ എന്നൊക്കെ വീരവാദം പറയുമായിരുന്നെങ്കിലും ആരോ കഴുത്തിനു പിടിച്ച് തള്ളിയതിന് പേടിച്ചോടി മലകയറി വന്നതാണ് അയാൾ എന്നാണ് എന്റെ അമ്മ പറഞ്ഞത്. ഞങ്ങളുടെ ഗ്രാമത്തിൽ മാവന്മാരും മാവിമാരും ചേട്ടാനിയമ്മാരുമായി പല അകന്ന ബന്ധുക്കൾ മയിലിനുണ്ടായിരുന്നു. ഓരോ വീട്ടിലും കയറിയിറങ്ങി മയിലങ്ങനെ സുഖമായി ജീവിച്ചു. പക്ഷേ, മിക്കവാറും ഞങ്ങളുടെ വീട്ടിലായിരുന്നു കുടിപാർപ്പ്. സദാസമയവും മൂടിപ്പുതച്ചുറക്കവും സമയാസമയം രുചിയുള്ള ശാപ്പാടും മയിലിന് നിർബന്ധമായിരുന്നു. ഡാ കുഞ്ഞുമോനേ, ഈ വീട്ടിൽ എന്തേരെ പണിയൊള്ളതാടാ? എന്നതേലും ഒന്നിന് നിനക്കൂടൊന്ന് കൂടിത്തരരുതോ? എന്ന് എന്റെ അമ്മ ഒരിക്കൽ ചോദിച്ചുപോയതിന് മയിലൊപ്പിച്ച പുകില് കേൾക്കണോ?

അമ്മയെ കണ്ണിൽ കണ്ടുകൂടാത്ത ഒരു നാത്തൂനെ, ചിറ്റപ്പെങ്ങൾ എന്ന് എല്ലാവരും വിളിക്കുന്ന തന്റെ ‘വകേലൊള്ള’ മാവിയെ മയിൽ പറഞ്ഞിളക്കിവിട്ടു. ആ സ്ത്രീ ഞങ്ങളുടെ വീട്ടിലേക്ക് പാഞ്ഞുവന്നു. ‘എടീ, കെട്ടിക്കേറി വന്ന കൂത്തിച്ചീ... ഞങ്ങടെ കുടുമ്മത്ത് ആണുങ്ങക്കാടീ അണ്ടിയൊള്ളെ.... പെണ്ണുങ്ങക്കല്ലടീ... കൈക്കോട്ടുമ്പറമ്പിലെ ആണുങ്ങളോട് കളിക്കാൻ നീ വളന്നോടീ പൊലയാടീ..?’ എന്ന് മുട്ടൻ തെറികൾ വിളിച്ച് വലിയ കൊപ്പരമുണ്ടാക്കി. അമ്മ മിണ്ടാട്ടം നിർത്തി. മയിൽ മുൻപത്തെക്കാൾ ഭംഗിയായി ഉണ്ടുറങ്ങി. ആഴ്ച അവസാനങ്ങളിൽ അയാൾ നേരേപോയി കാമാക്ഷി ജെമിനി, ഇരട്ടയാൽ നിർമല, കട്ടപ്പന സംഗീത, നെടുങ്കണ്ടം ദർശന, തങ്കമണി സന്തോഷ് എന്നിവരെ സന്ദർശിച്ചു. അവിടങ്ങളിൽ വന്ന സിനിമകൾ ഒന്നുവിടാതെ കണ്ടുതീർത്ത ആ മയിൽ ആയിരുന്നു ഏഴുവയസ്സുകാരനായ എന്നെയും സിനിമാഭ്രാന്തിന്റെ നിലയില്ലാക്കയത്തിലേക്ക് പിടിച്ചു തള്ളിയത്.

സിനിമാകാണലിന്റെ രോമാഞ്ചങ്ങളിലേക്ക് ആദ്യമായി മയിൽ കൈപിടിച്ചു കൊണ്ടുപോയത് പതിനാറു വയസ്സിന്റെ വീർപ്പുമുട്ടലുകളിൽ മെലിഞ്ഞുണങ്ങിപ്പോയ തങ്കനെ ആയിരുന്നു. ഞങ്ങളുടെ ഒരു പൊതു ബന്ധുവാണ് തങ്കൻ. രാത്രിക്കളികൾ കഴിഞ്ഞ് മലമ്പാതകളിലെ കണ്ണിൽ കുത്തിയാൽ അറിയാത്ത ഇരുട്ടിൽ നീണ്ട ദൂരം നടന്ന് വീട്ടിലെത്താൻ മയിലിന് ഒരു കൂട്ടുവേണമായിരുന്നു. കൂട്ടുപോകുന്ന തങ്കൻ ‘സിലുമാക്കോട്ടക്ക്’ വെളിയിൽ നിന്നുകൊണ്ട് ‘സപ്തരേഗ’ മാത്രം കേൾക്കുമ്പോൾ മയിൽ അകത്തിരുന്ന് വിസ്തരിച്ച് പടം കാണും. പക്ഷേ, പള്ളിക്കൂടത്തിന്റെ പടിവാതിൽപോലും കാണാത്ത തങ്കന് ഭയങ്കരമായി ചില നാട്ടറിവുകളുണ്ടായിരുന്നു. അത്തരം അറിവുകളിൽ മയിലിനെ വളച്ചുവീഴ്‌ത്തി തങ്കനും വൈകാതെ കൊട്ടകയ്ക്കുള്ളിൽ കയറിപ്പറ്റി.

ഒരുസമയത്ത് തങ്കനും ഞാനും ഒറ്റക്കെട്ടായിരുന്നു. കാമാക്ഷിവയലിൽ വട്ടകനെയും വാഴവരയനെയും തോർത്തിച്ച് പിടിച്ചും അടയാളത്തണ്ടിന്റെ ചരിവിലെ കുറ്റിക്കാടുകളിൽ ചിറ്റീന്തിൻപഴവും ചുടലിപ്പഴവും പറിച്ചുതിന്നും ചുറ്റിനടക്കുന്ന നേരങ്ങളിൽ തന്റെ അറിവുകളോരോന്നായി തങ്കൻ എനിക്കു പകർന്നു. നാട്ടുവിശേഷങ്ങളാണ്. പ്രത്യേകിച്ച് ആണും പെണ്ണും തമ്മിലുള്ള ചില പരിപാടികൾ. ഒന്നുമറിയാത്ത എന്റെ ലൈംഗിക അറിവുകളുടെ തുടക്കം ഒട്ടുമറിയാത്ത തങ്കനിൽനിന്നായിരുന്നു! അടുത്തിടെ താൻ കണ്ട ഒരു ‘സിലുമാ’യുടെ കഥ തങ്കൻ എനിക്ക് പറഞ്ഞുതരികയാണ്: ‘എടാ സാജീ... യേശുവാസിന് നല്ല കൊഴുകൊഴാന്നിരിക്കുന്ന ഒരുത്തിയോട് പയങ്കര റേമവാടാ... യേശുവാസ് പാട്ടുപാടിക്കോണ്ട് അവളെ കെട്ടിപ്പിടുത്തോം ഉമ്മകൊടുപ്പും ഒക്കെയാ. അതിനെടക്ക് കറത്തു പെടച്ച ഒരുത്തൻ അവളേക്കേറിപ്പിടിച്ച് അവടെ തുണിയെല്ലാം വലിച്ചു പറിക്കുവാ.... അന്നേരം യേശുവാസ് ഡൈബ് ചെയ്ത് ചാടിവന്ന് അരേന്ന് വാള് വലിച്ചൂരി അവനെ ഒരൊറ്റ വെട്ടാ.... പിന്നെ രണ്ടുവേരും പയങ്കര വാൾ പ്ലെയിറ്റാ.... എന്നാ ഒരു പ്ലെയിറ്റാന്നറിയാവോ? നീയൊന്നു കാണണം!.’

ഒരു സിനിമപോലും കണ്ടിട്ടില്ലെങ്കിലും തങ്കൻ അപ്പറഞ്ഞതിൽ എനിക്ക് വല്ലാത്തൊരു പന്തികേട് തോന്നി. യേശുദാസ് സിനിമയിൽ വാൾപ്പയറ്റ് നടത്തുന്നെന്നോ? പാട്ടുകാരനല്ലേ യേശുദാസ്/ എന്നും റേഡിയോയിൽ കേൾക്കുന്നതല്ലേ! അദ്ദേഹം സിനിമയിൽ എങ്ങനെ വരാനാണ്? പക്ഷേ, തങ്കന് യാതൊരു സംശയവുമില്ല. റേഡിയോയിൽ പാടുന്ന യേശുദാസിനും സിനിമയിൽ കാണുന്ന ആളിനും ഒരേ ശബ്ദമാണ്. അതുകൊണ്ട് അത് യേശുദാസ്തന്നെ. എനിക്കാകെ സംശയമായി. ഞാൻ ചെന്ന് അമ്മയോട് കാര്യം പറഞ്ഞു. ‘നീയല്ലാതാരെങ്കിലും ആ വെടിയൻ തങ്കൻ പറേന്ന കേക്കുവോടാ? വാ തൊറന്നാ അവൻ വെടിയല്ലേ പറേത്തൊള്ളൂ. സിനിമായിക്കണ്ടത് വല്ല നസീറുമാരിക്കും’.

വെടിയനെന്ന് വിളിപ്പേരുണ്ടെങ്കിലും ഇക്കാര്യം തങ്കൻ ആത്മാർഥമായി പറഞ്ഞതായിരുന്നു. പാടുന്നതും അഭിനയിക്കുന്നതും ഒരാളല്ല എന്നും നടന്റെ പേര് നസീർ എന്നാണെന്നും തങ്കനറിയാമായിരുന്നില്ല. അതോടെ തങ്കന്റെ മഹത്തായ അറിവുകളിൽ എനിക്ക് വിശ്വാസമില്ലാതായി. എങ്കിലും മയിലിന്റെയും തങ്കന്റെയും ത്രസിപ്പിക്കുന്ന സിനിമാക്കഥകൾ കേട്ട് ഇരിപ്പുറയ്ക്കാത്ത സ്ഥിതിയിലെത്തിയിരുന്നു ഞാൻ. എന്താണീ സിനിമയെന്ന സാധനമെന്ന് ഒരു പിടിയും കിട്ടുന്നില്ല. എങ്ങനെയെങ്കിലും ഒരു സിനിമ കണ്ടേ പറ്റൂ! ‘എന്നേം കൂടെ സിനിമാ കാണിക്കാവോ? എന്നേം കൂടെ സിനിമാ കാണിക്കാവോ?’ മയിലിനോടും തങ്കനോടും ഞാൻ മാറിമാറിക്കെഞ്ചി.

ആ സമയത്താണ് തങ്കമണി സന്തോഷിൽ സ്‌നാപക യോഹന്നാൻ എന്ന സിനിമ വരുന്നത്. ‘എന്റേടാ... യേശൂന്റെ കൈയേൽ ആണിയടിച്ച് കേറ്റുന്നതൊക്കെ ഒന്നു കാണണം. ഹോ.... പയങ്കരവാ...’ വെള്ളിയാഴ്ച തന്നെ സിനിമ കണ്ടുകഴിഞ്ഞ മയിൽ കഥാസാരം അല്പമൊന്നു വെളിപ്പെടുത്തി. ഈ പുണ്യപുരാണ ചിത്രമെങ്കിലും ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ. എന്റെ കെഞ്ചലും നിർബന്ധവും വല്ലാതെ കൂടിയപ്പോൾ മയിൽ വീട്ടിൽ കാര്യം അവതരിപ്പിച്ചു. ‘നല്ല പസ്റ്റ് സിനിമായാ. ഒന്നാന്തരം വൈവിൾ കത. പിള്ളാരെയൊക്കെ കാണിക്കണ്ട പടവാ. എല്ലാരേം കൂട്ടിക്കോണ്ട് പോയി ഞാൻ വേണേ കാണിക്കാം...’ അതേറ്റു. കാശും അനുവാദവും കിട്ടി. അങ്ങനെ ഒരു ഞായറാഴ്ചദിവസം ഉച്ചതിരിഞ്ഞ് താന്നിക്കലെ മൂന്നു വീടുകളിൽനിന്ന് സ്ത്രീകളും കുട്ടികളുമായി നാലഞ്ചു പേർ മയില് കുഞ്ഞുമോന്റെ നേതൃത്വത്തിൽ തങ്കമണി സന്തോഷിലേക്ക് പുറപ്പെട്ടു. ആദ്യമായി ഒരു സിനിമാ കാണാൻ പോകുന്നതിന്റെ ഇളക്കത്തിൽ എന്റെ കാലുകൾ നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ല.

പേരമ്മട, അമ്പലമേട്, മൈനക്കുകവല, നീലിവയൽ വഴി കുന്നുകൾക്കിടയിലൂടെ കയറിയിറങ്ങുന്ന ഒറ്റയടിത്താരകളിലൂടെ പത്തുനാഴിക ദൂരെയുള്ള തങ്കമണിയിലേക്ക് ഞങ്ങൾ വലിഞ്ഞു നടക്കുകയാണ്. പാറക്കടവിറങ്ങിയാൽ കുറച്ചുകൂടി വീതിയുള്ള വഴിയേ പോകാമായിരുന്നു. അത് ദൂരക്കൂടുതലാണെന്ന് മയില് പറഞ്ഞു. പക്ഷേ, ഈ വഴിയും നടന്നിട്ടും നടന്നിട്ടും തീരുന്നില്ലല്ലോ. ഒരുവിധത്തിൽ നീലിവയൽക്കുന്നിന് ഇപ്പുറമെത്തുമ്പോൾ തങ്കമണിത്താഴ്‌വരയിൽനിന്ന് കാറ്റിൽ അരിച്ചെത്തുന്ന പാട്ട് കാതിൽ വീണുതുടങ്ങി. ‘കാറ്റ് വന്നൂ... ടട്ടടക്കം....... കള്ളനെപ്പോലേ.. കാട്ടുമല്ലയ്‌ക്കൊരുമ്മ കൊടുത്തു കാമുകനെപ്പോലെ....’ ചിത്രം കരകാണാക്കടൽ, പാടിയത് പി. സുശീല. അതൊക്കെ അപ്പോഴേ എനിക്കറിയാം. ദിവസം മുഴുവൻ റേഡിയോയ്ക്കു മുൻപിൽ കുത്തിയിരിക്കുന്നതിന്റെ ദോഷമാണ്. ‘ലലലല്ലല്ലാ............ലലലല്ലല്ലാ............ലലലലലാലലാ...’ നീലിവയൽ കുന്നിൽനിന്ന് നിലംതൊടാതെയാണ് ഞാൻ താഴെ തങ്കമണിക്കവലയിൽ എത്തിയത്.

മേച്ചിപ്പുല്ല് മേഞ്ഞ് പരമ്പുകൊണ്ട് കെട്ടിമറച്ച് അടിമുടി ചാരനിറത്തിൽ നീണ്ടുകിടന്ന നെടുങ്കൻ കൊട്ടകയ്ക്കു മുൻപിൽ ഞങ്ങളങ്ങനെ നില്ക്കുകയാണ്. ജനം തിങ്ങിക്കൂടിയിട്ടുണ്ട്. മുളമോന്തായത്തിൽ ഉയർത്തിക്കെട്ടിയിരിക്കുന്ന വെള്ളിനിറമുള്ള കോളാമ്പികളിൽ പാട്ടുകൾ തുടരുന്നു. വൈദ്യുതി ഉണ്ടാക്കുന്ന യന്ത്രത്തിന്റെ മുരൾച്ച പിന്നിലെവിടെയോനിന്ന് കേൾക്കാം. കൊട്ടകയുടെ മുൻപിൽ പെട്ടിപോലെ പണിത ഒരു ഒറ്റമുറിക്കെട്ടിടത്തിന്മേൽ ഉള്ളിലേക്ക് കൈകടത്താൻ പാകത്തിൽ വളച്ചുവാതിൽപോലെയുള്ള ഓട്ടകൾ. കസേര ഒരു രൂപാ, ചാരുബെഞ്ച് എഴുപത്തഞ്ച് പൈസാ, ബെഞ്ച് അറുപതു പൈസാ, തറ നാല്പത് പൈസാ എന്ന് എഴുതിവെച്ചിരിക്കുന്നു. ഞങ്ങളെ ഒരു മൂലയിൽ ഒതുക്കിനിർത്തിയിട്ട് മയിൽ പോയി ടിക്കറ്റെടുത്തുകൊണ്ടുവന്നു. ഇളം നീല നിറത്തിലുള്ള ഒരു ചെറിയ കടലാസുതുണ്ട്. ഇതിനാണോ എഴുപത്തഞ്ച് പൈസാ? ഈ പൈസയ്ക്ക് തേനാലിയുടെ ചായക്കടയിൽനിന്ന് പത്തു ദോശ തിന്നാൻ പറ്റുമായിരുന്നല്ലോ!

മണൽ വിരിച്ച തറയുള്ള നടപ്പുരയുടെ മങ്ങിയ വെളിച്ചത്തിനുള്ളിലേക്ക് ഞങ്ങൾ കയറിയെത്തുമ്പോൾ നാരങ്ങാമുട്ടായി, കട്ടിൽമൂട്ട, നിലക്കടല, ബീഡിപ്പുക എന്നിവയെല്ലാം കലങ്ങിയ ഒരു കെടുമ്പിച്ച മണം അവിടെ കനത്തുനിന്നു. ‘മലരമ്പൻ വളർത്തുന്ന മന്ദാരവനികയിൽ മധുമാസം വിലിയിച്ച മലരാണോ....’ തെളിച്ചമില്ലാത്ത ശബ്ദത്തിൽ പാട്ട് മുഴങ്ങുന്നുണ്ട്. ചാരുബെഞ്ച് തപ്പിത്തേടി ഞങ്ങൾ ഇരിപ്പുറപ്പിച്ചു. വൈകാതെ ടപ്പ്....ടുപ്പ്... എന്ന് പൊട്ടലും ചീറ്റലുമായി പാട്ടു നിന്നു. വെളിച്ചമണഞ്ഞ് ചുറ്റും ഇരുട്ടു പരന്നു. ‘ആക്കാണുന്നതാ സ്രീൻ’ എന്ന് മയിൽ പറഞ്ഞു തീർന്നില്ല, അതാ മുൻപിൽ വലിച്ചുകെട്ടിയിരിക്കുന്ന വലിയ വെള്ളത്തുണിയിൽ മിന്നലും മിനുങ്ങലുമായി വെള്ളിവെളിച്ചം തെളിയുന്നു.....ഹോ.... അപ്പോൾ ഇതാണ് ‘തങ്കമണി സന്തോഷിന്റെ വെട്ടിത്തിളങ്ങുന്ന വെള്ളിത്തിരയിൽ’ എന്ന് സിനിമാനോട്ടീസിൽ എഴുതിക്കണ്ട സംഭവം!

ഞാൻ വാപിളർന്ന് നോക്കിയിരിക്കെ തിരയിൽ ചാരനിറത്തിൽ പാപ്പര പാപ്പര പാപ്പര പാപ്പര പ്രായ്.... എന്ന സംഗീതത്തിന്റെ അകമ്പടിയോടെ ഒരു ഭൂഗോളം ചുറ്റിക്കറങ്ങാൻ തുടങ്ങി. അതിന്റെ മുകളിൽ കോണകം മാത്രമുടുത്ത വെളുവെളുത്ത ദേഹവും കൈയിൽ ശൂലവുമായി സാക്ഷാൽ ബാലമുരുകൻ. അതിനു താഴെ മെറിലാന്റ് സ്റ്റുഡിയോ ചിഹ്നം. ഭഗവാന്റെ പിന്നിൽ തിളങ്ങുന്ന കറുപ്പു നിറത്തിൽ ഒരു വലിയ മയിൽ. ഞാൻ എന്റെയടുത്തിരിക്കുന്ന മയിലിനെ നോക്കി. ആദ്യമായി ഒരു സിനിമാ കാണുന്നവനെപ്പോലെ തിരയിൽ തുറിച്ചുനോക്കിയിരിപ്പാണ് മയിൽ. മുരുകഭഗവാൻ മറയുന്നതിനു മുൻപേ ഒരാണിന്റെ ശബ്ദത്തിൽ ‘ആദിയിൽ വചനമുണ്ടായിരുന്നു’ എന്നു തുടങ്ങുന്ന ബൈബിൾവചനം മുഴങ്ങിത്തുടങ്ങി.

‘തിരികൊളുത്തുവിൻ ചക്രവാളങ്ങളേ, വഴിതെളിക്കുവിൻ മാലാഖമാരേ’ എന്ന് യേശുദാസിന്റെ സ്വരമുയർന്നപ്പോൾ മേലേ ആകാശത്ത് മാലാഖമാർ കാലില്ലാതെ ഒഴുകിനീങ്ങി. താഴെ ആട്ടിടയന്മാർ ഉറക്കത്തിൽനിന്ന് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. ‘ബെത്‌ലഹേമിന്റെ തിരുമടിത്തട്ടിലെ പുൽക്കൂടിൽ തന്ന മണിക്കിടാവേ’ എന്ന് പി. ലീല പാടിത്തുടങ്ങി. പെട്ടെന്ന് ഥുടുപ്പ്.... ടുപ്പ്.... എന്ന ശബ്ദത്തോടെ വെള്ളിത്തിര പൊട്ടിക്കീറി അതിൽ വെളിച്ചമണഞ്ഞു. ‘പിലിൻ പൊട്ടിയതാ... എങ്ങനെ പൊട്ടാതിരിക്കും! പത്തു പന്ത്രണ്ട് കൊല്ലം പഴയ പടമല്ലിയോ!’ മയിൽ പറഞ്ഞു. അന്ന് സിനിമ തീരുന്നതിനുള്ളിൽ എത്രയോ തവണ ഫിലിം പൊട്ടി! കുറെ നേരത്തേക്ക് പൊട്ടിയില്ലെങ്കിലും ഇടയ്ക്ക് 10 9 8 ത ഥ ദ എന്നെല്ലാം മിന്നിമിന്നി സിനിമാ നില്ക്കും. മയിൽ പറയും ‘ഡ്രീല് മാറ്റുന്നതാ’.

പടം നെടുകെ മയിലിന്റെ ദൃക്‌സാക്ഷിവിവരണമുണ്ടായിരുന്നു. ‘അതാ തിക്കുറിശ്ശി, ഇതുകൊട്ടാരക്കര, അക്കാണുന്നതാ മിസ് കുമാരി, മറ്റേത് എസ്‌പി.പിള്ള....’ പ്രത്യേക സംഗീതത്തിന്റെ അകമ്പടിയിൽ റോമൻപടയാളിയുടെ വേഷത്തിൽ സുന്ദരനായ ഒരാൾ വന്നപ്പോൾ... ‘ദോണ്ട് നസീർ........ദോണ്ട് നസീർ.........’ എന്ന് മയിൽ ഒച്ചയുണ്ടാക്കി. ജോസ്പ്രകാശായിരുന്നു സ്‌നാപകയോഹന്നാനായി വന്നത്. ‘എല്ലാപ്പടത്തിലും വില്ലെനാ........ ഇതിനാത്ത് മാത്രം പുണ്യാളൻ’ എന്ന് മയിൽ പറഞ്ഞെങ്കിലും സ്‌നാപക യോഹന്നാൻ എന്നു പേരുള്ള സിനിമയിൽ യോഹന്നാന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല! എന്തിന്? യോഹന്നാനെക്കാൾ കൂടുതൽ സമയം സിനിമയിൽ വരുന്ന യേശുക്രിസ്തുവിന്റെ മുഖമൊന്നു കാണാൻ ചാഞ്ഞും ചരിഞ്ഞും ഇരുന്നും കിടന്നും നോക്കിയിട്ടും കഴിഞ്ഞില്ല. മുഖം കാണിച്ചിട്ടു വേണ്ടേ?

ഒരു രാജകൊട്ടാരവും അവിടെ നടക്കുന്ന പാട്ടും നൃത്തങ്ങളും. നായകനും നായികയുമായുള്ള പ്രേമസല്ലാപങ്ങൾ. ‘നീരാടാം....... നീലമലർ പൊയ്കയിൽ’ എന്ന് പാടിക്കൊണ്ട് തോഴിമാരുമൊത്ത് നായിക വിശാലമായി നീന്തിക്കുളിക്കുന്നു. പിന്നെ കുറെ ഗൂഢാലോചനകളും കുതിരയോട്ടങ്ങളും വാൾപ്പയറ്റുകളുമൊക്കെയായി ആകെ നല്ല രസമായിരുന്നു. ഉണർന്നിരിക്കുമ്പോഴും തെളിമയുള്ള സ്വപ്നങ്ങൾ കാണുന്നതുപോലെ. ചിന്തിക്കാൻപോലും പറ്റാത്ത കാര്യങ്ങൾ ജീവനുള്ള ചിത്രങ്ങളായി ഇതാ കൺമുന്നിൽ! സിനിമ ഒരു ബാധപോലെ എന്നിൽ കയറിക്കൂടുകയായിരുന്നു. ഫിലിം പൊട്ടലും ഇടയ്ക്കിടെയുള്ള ഇടവേളകളും ഇരിപ്പിടങ്ങൾക്കിടയിലൂടെ ഉന്തിത്തള്ളി നടന്ന് കടലയും ഇഞ്ചിമുട്ടായിയും ബീഡിയും വില്ക്കാൻ വന്നവരുമാണ് രസംകൊല്ലികളായി തോന്നിയത്. സിനിമായന്ത്രത്തിൽനിന്ന് വെള്ളിത്തിരയിലേക്ക് പടങ്ങൾ കൊണ്ടുവരുന്ന വെളിച്ചക്കതിരുകൾ ഉയർന്നുതാഴുന്നത് ഗുമുഗുമാ പൊങ്ങിയ ബീഡിപ്പുകയിൽ നന്നായിക്കാണാമായിരുന്നു”.

സിനിമാപ്രാന്തിന്റെ 40 വർഷങ്ങൾ
(ഓർമ)
ഷാജി ചെന്നൈ
മാതൃഭൂമി ബുക്‌സ്, 2019
250 രൂപ

ഷാജി ജേക്കബ്‌    
കേരള സര്‍വകലാശാലയില്‍ ഗവേഷകവിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് കലാകൗമുദി വാരികയില്‍ തുടര്‍ച്ചയായി ലേഖനങ്ങളും ഫീച്ചറുകളും എഴുതിത്തുടങ്ങി. ആനുകാലികങ്ങളിലും, പുസ്തകങ്ങളിലും, പത്രങ്ങളിലും രാഷ്ട്രീയസാംസ്‌കാരിക വിഷയങ്ങളെ സംബന്ധിച്ച നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതിയിട്ടുണ്ട്. അക്കാദമിക നിരൂപണരംഗത്തും മാദ്ധ്യമവിമര്‍ശനരംഗത്തും സജീവമായ വിവിധ വിഷയങ്ങളില്‍ ഷാജി ജേക്കബിന്റെ നൂറുകണക്കിനു രചനകള്‍ പുറത്തുവന്നിട്ടുണ്ട്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

TODAYLAST WEEKLAST MONTH
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
സൈനികനായിരുന്നിട്ടും ബിനോയിയുടെ മൃതശരീരം പള്ളിക്കുള്ളിൽ കയറ്റാൻ അനുവദിക്കാതിരുന്നത് യാക്കോബായ സഭാംഗമായതിനാൽ; സഭാ ഭരണഘടന അനുസരിക്കുന്നില്ലെന്ന് പറഞ്ഞ് തടഞ്ഞ മൃതശരീരം ബലമായി പള്ളിക്കുള്ളിൽ കയറ്റി നാട്ടുകാരും; പള്ളിക്കുള്ളിൽ കയറാൻ ശ്രമിച്ചത് തുറന്ന് കിടക്കുന്ന പള്ളിയിൽ പ്രവേശിക്കാൻ നിയമ തടസ്സം ഇല്ലാത്തതിനാലെന്ന് ബന്ധുക്കളും
പാർട്ടി സെക്രട്ടറിയുടെ സവർണ്ണ ബോധമുള്ള മകന്, ജീവിക്കാൻ വേണ്ടി അർദ്ധനഗ്‌നയായി ഡാൻസ് ചെയ്യേണ്ടി വന്ന പെൺകുട്ടിയിൽ ഒരു കൊച്ചുണ്ടായെന്ന ആരോപണം വന്നപ്പോൾ എവിടെ നിന്റെ കീഴാള ബോധം? ഒരു പട്ടികജാതി പെൺകുട്ടി, ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോൾ സവർണ്ണ കുലജാതനായ എൽഡിഎഫ് കൺവീനർ പരിഹസിച്ചപ്പോൾ എവിടെ പണയം വെച്ചു നിന്റെ കീഴാളബോധം?? കീഴാള വാദവുമായി വന്ന ഡിഫി നേതാവിനെ കണ്ടംവഴി ഓടിച്ച് അനിൽ അക്കര എംഎൽഎ
ശനിയാഴ്ച രാത്രി നെടുങ്കുളത്ത് മദ്യപിച്ചിരിക്കുമ്പോഴെ തുരുത്തിശേരി വിനു ബിനോയിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; പലവട്ടം ഭീഷണി മുഴക്കിയെങ്കിലും കൃത്യം നടത്തുമെന്ന് കരുതിയില്ലെന്ന് പിടിയിലായ കൂട്ടാളികൾ; കസ്റ്റഡിയിലായത് വാഹനവും മറ്റും മുഖ്യപ്രതികൾക്ക് എത്തിച്ചുകൊടുക്കാൻ ഒത്താശ ചെയ്തവർ; വിനുവും കൂട്ടരും തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന് സൂചന; അത്താണിയിലെ കൊലപാതകം നെടുങ്കളത്തെ ചേരിതിരിഞ്ഞുള്ള അക്രമങ്ങളുടെ തുടർച്ചയെന്ന് പൊലീസ്
പുഷ് ബാക്ക് ലിവറുകൾ വലിച്ചൊടിക്കുന്ന മാനസിക വൈകൃതം; സീറ്റുകൾ കുത്തികീറിയും പ്ലഗ് പോയിന്റുകൾ ഇല്ലാതെയാക്കിയും രാജരഥത്തെ കൊല്ലാ കൊല ചെയ്ത് സാമൂഹ്യ വിരുദ്ധർ; സിസിടിവി വയ്ക്കാത്തതിന്റെ ആനുകൂല്യം മുതലെടുത്ത് ക്രിമിനലുകൾ ഇല്ലായ്മ ചെയ്തത് തിരുവനന്തപുരം മുതൽ ഷൊർണ്ണൂർ വരെ സുഖയാത്രയെന്ന മലയാളികളുടെ മോഹത്തെ; മുഖം മിനുക്കിയ തീവണ്ടിയെ നശിപ്പിച്ചവരെ കണ്ടെത്താൻ റെയിൽവേ പൊലീസും; വേണാട് എക്സ്‌പ്രസിന്റെ മനോഹാരിത ഒരാഴ്ച കൊണ്ട് ഇല്ലാതാക്കി സാമൂഹ്യവിരുദ്ധർ
എണ്ണൂറിലേറെ യാത്രക്കാരെ കൊള്ളുന്ന കൂറ്റൻ വിമാനത്തേക്കാൾ ഭാരം; 15 കണ്ടയ്‌നറുകളെ അനായാസം വഹിക്കും; ഫോർമുല വൺ കാറുകളുടെ ആറിരട്ടി ശക്തിയുള്ള എൻജിൻ; ലോകത്തെ ഏറ്റവും വലിയ മൈനിങ് ട്രക്ക് അറിയപ്പെടുന്നത് കരയിൽ ഓടുന്ന കപ്പലായി; ആവശ്യക്കാർക്കു മാത്രം നിർമ്മിച്ചുകൊടുക്കുന്ന ട്രക്കിന്റെ വില ഏകദേശം 42.98 കോടി രൂപ  
അറിയാതെ പോലും ഇടഞ്ഞാൽ ഇവർ ഡെയ്ഞ്ചർ ബോയ്‌സ്; 'അത്താണി ബോയ്‌സി'ലെ അംഗമെന്ന് കേട്ടാൽ നാട്ടുകാർ കിടുകിടാ വിറയ്ക്കും; വൈകിട്ടെന്താ പരിപാടി എന്ന് ചോദിച്ച് തുടങ്ങിയ സായാഹ്ന കൂട്ടായ്മ പതിയെ ക്വട്ടേഷൻ സംഘമായി വേരുപിടിച്ചത് ഭീഷണിയും അടിപിടിയും ആയുധമാക്കി; കഞ്ചാവ് കച്ചവടവും കൈക്കും കാലിനും വില പറഞ്ഞുള്ള ആക്രമണവും കൂടിയായതോടെ ക്വട്ടേഷനുകളുടെ എണ്ണമേറി; ഗൂണ്ടാസംഘം സ്ഥാപകൻ ബിനോയിയെ ബാറിന് മുന്നിലിട്ട് വകവരുത്തിയത് പഴയ ശിഷ്യന്മാർ തന്നെ
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ
നാടകത്തിൽ തുടങ്ങി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ; താരജോഡികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി
ഡേറ്റിങ് ഫേസ്‌ബുക്ക് ഗ്രൂപ്പിൽ അംഗമായ യുവാവ് നോട്ടമിട്ടത് അതിസുന്ദരിയായ യുവതിയെ; മുപ്പതിനായിരം രൂപയ്ക്ക് സമ്മതിച്ച് പെൺകുട്ടി എത്തിയപ്പോൾ അതിനുള്ള മൊഞ്ചില്ലെന്ന് യുവാവും; എന്നാൽ വീട്ടമ്മയെ മുട്ടിച്ചുതരാമെന്ന് പെൺകുട്ടി; സംഗമത്തിന് മുമ്പുള്ള സംഭാഷണം ലീക്കായതോടെ പണി പാളി; പെൺകുട്ടിയുടെ ക്ഷണം സ്വീകരിച്ച് കാമാർത്തനായി എത്തിയ യുവാവിനെ ഹോട്ടലിൽ കാത്തു നിന്നത് ഗുണ്ടകൾ; ആലപ്പുഴക്കാരന്റെ പരാതിയിൽ പിടിയിലായത് മൂന്നു പേർ; കൊച്ചിയിലെ ഓൺലൈൻ പെൺവാണിഭ സംഘത്തെ പൂട്ടാൻ പൊലീസ്
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ