Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിനിമയുടെ ലൈംഗിക മനഃശാസ്ത്രം

സിനിമയുടെ ലൈംഗിക മനഃശാസ്ത്രം

ഷാജി ജേക്കബ്‌

തിവീർപ്പിച്ച പുല്ലിംഗമാണ് ഓരോ മലയാളി പുരുഷനും. കാറ്റുപോയാൽ അതിന്റെ കഥ കഴിഞ്ഞു. ധ്വജഭംഗഭീതിയിലും ഷണ്ഡത്വസംശയത്തിലും മുങ്ങിജീവിക്കുന്ന കേരളീയ ആണഹന്തകളുടെ അർഥശൂന്യതകൾ വിരുദ്ധാർഥതലത്തിൽ ചരിത്രവൽക്കരിക്കപ്പെടുന്ന സാംസ്‌കാരികപാഠമാണ് മലയാളസിനിമ. ഇതു തിരിച്ചറിഞ്ഞുകൊണ്ട്, ആണധികാരത്തിന്റെ നാനാതരം വ്യാജബിംബങ്ങളെ പൊതുവിലും പുരുഷലൈംഗികതയെക്കുറിച്ചു കെട്ടിപ്പൊക്കിയ മിത്തുകളെ വിശേഷിച്ചും അപനിർമ്മിക്കുന്ന ചലച്ചിത്രപഠനങ്ങൾ മലയാളത്തിൽ കുറവാണ്. മീനാ ടി. പിള്ള എഡിറ്റുചെയ്ത 'ണീാലി ശി ങമഹമ്യമഹമാ ഇശിലാമ' എന്ന പുസ്തകത്തിലെ ചില രചനകൾ ഈ വിഷയം സാന്ദർഭികമായി ചർച്ചചെയ്യുന്നുണ്ടെന്നതു മറക്കുന്നില്ല. മൊത്തത്തിൽ മലയാളസിനിമയുടെ ചരിത്രംതന്നെ ഇത്തരമൊരു പ്രച്ഛന്ന പുരുഷലൈംഗികതയുടെ മിഥ്യാമേൽക്കോയ്മയിലടിയുറച്ചതാണെന്നു സൂചിപ്പിച്ചുകൊണ്ട്, മലയാളിയുടെ ലൈംഗിക മനഃശാസ്ത്രവും സിനിമയുടെ സൗന്ദര്യശാസ്ത്രവും തമ്മിലുള്ള സാംസ്‌കാരിക ഉടമ്പടികൾ തുറന്നുകാണിക്കുന്ന ഒരുപറ്റം ലേഖനങ്ങളുടെ സമാഹാരമാണ് എതിരൻ കതിരവന്റെ 'സിനിമയുടെ സാമൂഹികവെളിപാടുകൾ'. യഥാർഥത്തിൽ സിനിമയെക്കുറിച്ചുള്ള സാമൂഹികപഠനങ്ങളല്ല ഈ പുസ്തകത്തിലുള്ളത്. സാംസ്‌കാരിക നരവംശശാസ്ത്രം, ലൈംഗികമനോവിജ്ഞാനീയം എന്നിവ കൂട്ടിയിണക്കിയ രൂപനിഷ്ഠകലാപഠനങ്ങളാണ്. അതാകട്ടെ, തികച്ചും മൗലികവും പുതുമയുള്ളതുമായ ആണത്തപഠനങ്ങളുടെ സാംസ്‌കാരിക രാഷ്ട്രീയം പിന്തുടരുന്നവയും.

ഉദ്ധരിച്ച ആണത്തബിംബങ്ങളുടെ നട്ടെല്ലുതകർക്കുന്ന നിരീക്ഷണങ്ങളാൽ സമൃദ്ധമാണ് എതിരന്റെ പുസ്തകം. ഷോർട്ട്ഫിലിം, ഫീച്ചർഫിലിം തുടങ്ങിയ സാങ്കേതിക ഭിന്നതകൾ മറികടന്നും ഇംഗ്ലീഷ്, മലയാളം, ബംഗാളി തുടങ്ങിയ ഭാഷാഭേദങ്ങൾ റദ്ദാക്കിയും, സാഹിത്യം സിനിമയാകുമ്പോഴുള്ള അനുകല്പനരാഷ്ട്രീയം തിരിച്ചറിഞ്ഞും മിത്തുകളുടെ പ്രത്യയശാസ്ത്രമാനങ്ങൾ കണ്ടെടുത്തും രതിമൃതികളുടെ ഉത്സവമേളമായി ജീവിതത്തെ വിലയിരുത്തിയും കേരളത്തിന്റെ സാമൂഹ്യമനോഘടനകളെ അപഗ്രഥിച്ചും പുരുഷകാമനകൾ പാറിനിൽക്കുന്ന ധ്വജങ്ങളും താണുപറ്റിയ പതാകകളും ഓർത്തെടുത്തും മലയാളസിനിമയെക്കുറിച്ചു പഠിക്കുന്നു, എതിരൻ. സിനിമ അദ്ദേഹത്തിന് ഒരു ലക്ഷ്യമല്ല, മാർഗം മാത്രമാണ്. മാധ്യമമോ രൂപമോ ഭാഷയോ രൂപകമോ ആണ്. ചർച്ചചെയ്യുന്നത് സിനിമയെ കേന്ദ്രീകരിച്ചുള്ള മാനുഷിക-ജീവിത-മാനവിക-ലൈംഗിക പ്രശ്‌നങ്ങളോ പ്രഹേളികകളോ ആണ്. ചുരുക്കിപ്പറഞ്ഞാൽ, രൂപത്തിന്റെ രാഷ്ട്രീയവിശകലനം എന്ന നിലയിൽ ചലച്ചിത്രകലയുടെ ലിംഗനിഷ്ഠമായ സാംസ്‌കാരിക പഠനം നിർവഹിക്കുകയാണ് എതിരന്റെ മുഖ്യമായ രീതിയും പദ്ധതിയും. തീർച്ചയായും ഇതിനു പുറത്തുനിൽക്കുന്ന രചനകളും ഈ പുസ്തകത്തിലുണ്ട്. എങ്കിലും എതിരന്റെ ചലച്ചിത്രയാത്രയുടെ അച്ചുതണ്ട് ഉദ്ധൃതപ്രതീതി ജനിപ്പിക്കുന്ന മലയാളിലിംഗത്തിന്റെ പട്ടിൽപ്പൊതിഞ്ഞ തളർവാതക്കാഴ്ചയാണ്.

മലയാളിയുടെ ഉപഭോഗതൃഷ്ണയുടെ വിഭ്രാമകപരിണാമങ്ങൾ പ്രത്യക്ഷവൽക്കരിക്കുന്ന പ്രശാന്ത് വിജയിന്റെ 'അംഗുലീചാലിതം', ജീവിതത്തിന്റെ രതി-മൃതി മേളനങ്ങളെ രൂപകവൽക്കരിക്കുന്ന സനൽകുമാർ ശശിധരന്റെ 'ഫ്രോഗ്' എന്നീ ഹ്രസ്വചിത്രങ്ങളെക്കുറിച്ചുള്ള ഓരോ ലേഖനങ്ങൾ ഈ പുസ്തകത്തിലുണ്ട്.

മനുഷ്യരുടെ കൈവിരൽ മുറിച്ചിട്ടുണ്ടാക്കുന്ന സൂപ്പുതേടി രണ്ടു ചെറുപ്പക്കാർ ഒരു കടയിലെത്തുന്നതും അവരുടെ സ്വന്തം വിരലുകൾ സൂപ്പുണ്ടാക്കാൻ സന്തോഷത്തോടെ മുറിച്ചുനൽകി അതു കുടിച്ചു സംതൃപ്തരാകുന്നതുമാണ് അംഗുലീചാലിതത്തിന്റെ ഇതിവൃത്തം. യഥാർഥത്തിൽ വിരൽസൂപ്പ് ഒരു മിത്താണ്. വെറും സൂപ്പാണ് ഈ പേരിൽ കടക്കാരൻ നൽകുന്നത്. പക്ഷെ അടക്കാനാവാത്ത ഉപഭോഗതൃഷ്ണയിൽ ഏതു ത്യാഗവും ചെയ്ത് ആസക്തി ശമിപ്പിക്കാൻ തയ്യാറാണ് മലയാളി എന്നടിവരയിട്ടു പറയുന്നു, സിനിമ. ആഗോളവൽക്കരണകാലത്തെ മലയാളിയുടെ ഗുപ്തകാമനകളുടെ നാഗരിക നരവംശശാസ്ത്രമാണ് അംഗുലീചാലിതം രചിക്കുന്നത്.

ആത്മഹത്യ ചെയ്യാൻ പോകുന്ന ചെറുപ്പക്കാരൻ തന്നെ ബലാൽക്കാരം ചെയ്യുന്ന പുരുഷനെ കൊന്ന് കൊക്കയിൽതള്ളി തിരിച്ചുപോകുന്നു, 'ഫ്രോഗ്' എന്ന സിനിമയിൽ. ജീവിതം-രതി-മരണം എന്ന ത്രികോണത്തിൽ രൂപം കൊള്ളുന്ന ഈ ചിത്രം അതിസൂക്ഷ്മമായാവിഷ്‌ക്കരിക്കുന്ന രതിയുടെ തിണർപ്പുകളും മൃതിയുടെ തണുപ്പും ജീവിതത്തിന്റെ അർഥാന്തരങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഉഭയലോകങ്ങളിൽ ജീവിക്കുന്ന തവളയെപ്പോലെ, ജീവിതം കൊതിക്കുന്നവൻ മരണപ്പെടുന്നു, മരണം കൊതിച്ചുവന്നവൻ ജീവിതത്തിലേക്കു തിരിച്ചുപോകുന്നു.

സാഹിത്യത്തെയും സിനിമയെയും മുൻനിർത്തി ആഖ്യാനത്തിന്റെ ഭിന്നമാധ്യമസാധ്യതകൾ താരതമ്യം ചെയ്തും സിനിമ ഏറ്റെടുക്കുന്ന ദൃശ്യഭാവുകത്വത്തിന്റെ ബിംബ-രൂപകവൈവിധ്യങ്ങൾ ചൂണ്ടിക്കാണിച്ചും മുന്നേറുന്ന മൂന്നു ലേഖനങ്ങൾ ഈ പുസ്തകത്തിലുണ്ട്. അറ്റോൺമെന്റ്, ഭാർഗവീനിലയം, നിരാകർഛായ എന്നീ സിനിമകളെക്കുറിച്ചുള്ളവയാണ് ഈ പഠനങ്ങൾ. (ഇരുമാധ്യമരൂപങ്ങളുടെയും വിശകലനം 'ലീലാ'പഠനത്തിലുമുണ്ടെങ്കിലും മുഖ്യ ഊന്നൽ മറ്റൊരു വിഷയത്തിലാണ്).

ഇയാൻ മക് ഇവൻ എഴുതിയ നോവലിന്റെ അനുകല്പനമാണ് അറ്റോൺമെന്റ്. ബ്രയാനി എന്ന പെൺകുട്ടിയുടെ ലൈംഗികാസൂയ സൃഷ്ടിക്കുന്ന ജീവിതപരിണാമങ്ങളുടെയും വൈകാരിക ദുരന്തങ്ങളുടെയും ചരിത്രഗാഥയാണ് നോവലും സിനിമയും. ഒട്ടൊക്കെ അധിഭൗതികവും അതിയഥാർഥവുമായ ആഖ്യാനം. രതികാമനകളുടെ മിശ്രഭാഷണം. ദൃശ്യബിംബങ്ങൾ മുൻനിർത്തിയുള്ള സ്വത്വവിശകലനത്തിന്റെ സൂക്ഷ്മതലങ്ങൾ. സ്ത്രീലൈംഗിക മനഃശാസ്ത്രത്തിന്റെ അസാധാരണമായ ചലച്ചിത്രപാഠാന്തരം. ലൈംഗികാസൂയയുടെ നരവംശശാസ്ത്രവും നുണകളുടെ സാംസ്‌കാരിക ചരിത്രവുമായി മാറുന്ന ദൃശ്യവാങ്മയം. എഴുത്തുകാരി എന്ന കേന്ദ്രബിംബത്തിലേക്കു സംക്രമിപ്പിക്കുന്ന സർഗാത്മകതയുടെ സംഘർഷങ്ങൾ ഈ സിനിമയെ (നോവലിനെയും) ആത്മകഥയോടടുപ്പിക്കുകയും ചെയ്യുന്നു.

സമാനമായല്ലെങ്കിലും എഴുത്തുകാരൻ എന്ന കേന്ദ്രരൂപകത്തിലേക്ക് വഴിമാറി ഒരു സ്ത്രീയുടെ രതി-മൃതി ദുഃഖങ്ങളെ പുനരാനയിക്കുന്നു, 'ഭാർഗവീനിലയ'വും. മരണത്തെ മുൻനിർത്തിയുള്ള ഒരു പുരാവൃത്തപാഠമാണ് ഈ സിനിമ. കഥയ്ക്കുള്ളിലെ കഥ. കുറ്റാന്വേഷകനുപകരം എഴുത്തുകാരൻ. യാഥാർഥ്യത്തിനുപകരം ഭാവന. സത്യമേത്, കഥയേത് എന്ന ചോദ്യമാണ് 'അറ്റോൺമെന്റി'ലെന്നപോലെ ഭാർഗവീനിലയത്തിന്റെയും അടിസ്ഥാന ഭാവബന്ധം. തന്റെ മിക്ക ചലച്ചിത്രനിരൂപണങ്ങളിലുമെന്നപോലെ ഈ പഠനത്തിലും എതിരൻ സിനിമയിലെ ദൃശ്യബിംബങ്ങളുടെ സൂക്ഷ്മവിശകലനം നടത്തുന്നത് ചിഹ്നവിജ്ഞാനീയത്തിന്റെയും സാംസ്‌കാരിക നരവംശശാസ്ത്രത്തിന്റെയും ലൈംഗിക മനഃശാസ്ത്രത്തിന്റെയും ചുവടുപിടിച്ചാണ്. നോക്കുക: 'കറതീർന്ന പ്രണയത്തിന്റെ സൂചകാങ്കം, പൂവൻപഴം, അത് ഓറഞ്ചുപോലെ ഉരുണ്ടിരുന്നാലും ആണെന്ന് പ്രഖ്യാപിച്ച ബഷീറിന് ഇവിടെയും പഴമാണ് പ്രണയഹർഷദ്യോതകം. നേന്ത്രപ്പഴമാണ് ശശികുമാറിന് ഏറെയിഷ്ടം. ഭാർഗ്ഗവി തന്റെ പ്രാണനായകനു പലപ്പോഴും സമ്മാനിക്കുന്നതും നേന്ത്രപ്പഴംതന്നെ. ഭാർഗ്ഗവി കൊടുത്തുവിട്ട പഴവുമായി പപ്പു ശശികുമാറിനടുക്കൽ എത്തുമ്പോൾ എം.എൻ. ആണത് ആദ്യം തുറന്നു നോക്കുന്നത്. ഭാർഗ്ഗവിക്ക് ശശികുമാറിനോടുള്ള അനുരാഗതീവ്രത അയാൾക്ക് ഇതോടെ പിടികിട്ടി. എം.എൻ. ഒരിക്കൽ ഭാർഗ്ഗവിക്ക് വച്ചുനീട്ടുന്നതും നേന്ത്രപ്പഴംതന്നെ.... അവൾ അതു നിരാകരിക്കുമ്പോൾ 'എന്താ ഇതിൽ വിഷം വല്ലതും ഉണ്ടോ' എന്ന ചോദ്യത്തിന് 'ആർക്കറിയാം' എന്നാണവളുടെ മറുപടി. എം.എന്നിന്റെ തലയിൽ ഘോരബുദ്ധി ഉദിച്ചതും അപ്പോഴാണ്. അതുകൊണ്ടായിരിക്കണം തീവണ്ടിയിൽവച്ച് ഭാർഗ്ഗവി തന്നുവിട്ടതാണെന്ന വ്യാജേന വിഷം കലർത്തിയ നേന്ത്രപ്പഴം ശശികുമാറിനു സമ്മാനിക്കുന്നത്. എഴുത്തുകാരന്റെ ഭാവന കൃത്യമായിട്ടാണീ സൂക്ഷ്മവിവരങ്ങളൊക്കെ പിടിച്ചെടുത്തത്. ഇത് ശരിയാണെന്ന് എം.എൻ. അവസാനം സമ്മതിക്കുന്നുമുണ്ട്. അങ്ങനെ പ്രണയവസന്തങ്ങളിൽ പൂവിരിയാൻ വളക്കൂറ് ചേർത്ത ഈ സൂചകം മരണത്തിനും നിദാനമാകുകയാണ്. പ്രണയത്തിന്റെ മാന്ത്രികമാധുര്യം മരണത്തിന്റേതും ആകുകയാണ്.

അനന്തമായ ഇരുളിലോ ജലഅഗാധതയിലോ ലയിക്കാൻ പര്യാപ്തമാക്കിത്തരുന്നതാണ് കിണർ എന്ന ആശയം. ജീവിതം/മരണം എന്ന ദ്വന്ദ്വങ്ങൾ സിനിമയിൽ അവതരിപ്പിക്കപ്പെടുന്നത് മുറ്റത്തുള്ള കിണർ വഴിയാണ്. സിനിമയിൽ കിണർ ഒരു പ്രധാന കഥാപാത്രമാണ്. ഭാർഗ്ഗവിക്കുട്ടി 'മരണം മാടിവിളിക്കുന്നതിൽ മുൻപെൻ' പാടുന്നത് കിണറ്റിലേക്കു നോക്കിയാണ്. കിണറിന്റെ ഉള്ളിൽനിന്നുള്ള നിരവധി ഷോട്ടുകൾ നിബന്ധിച്ചിട്ടുണ്ട് സിനിമയിൽ. രണ്ടുതവണ എഴുത്തുകാരനെ മരണസാദ്ധ്യതയിൽനിന്ന് അകറ്റിയതും ഈ കിണർതന്നെ. 'നിനക്ക് നൊന്തോ ഭാർഗ്ഗവിക്കുട്ടീ' എന്ന് കിണറിലേക്ക് നോക്കി എഴുത്തുകാരൻ ചോദിക്കുന്ന ഭാഗം അതീവ സാരസ്യം കലർന്നതാണ്. 'ഓരോ ഹൃദയത്തിലുമുണ്ടൊരു ശവകുടീരം, ഓരോ ഹൃദയത്തിലുമുണ്ടൊരു ശ്മശാനം, പ്രേമത്തിന്റെ ശവകുടീരം, പ്രേമത്തിന്റെ ശ്മശാനം' എന്ന ഡയലോഗ് സാഹിത്യകാരൻ ഉരുവിടുന്നത് ഈ കിണറിലേക്കു നോക്കിയാണ്. ഇതിൽ ഗ്രസിക്കാനുഴറുന്നതോ മോഹവലയങ്ങളുടെ ചുഴികൾ. ഭാർഗ്ഗവിയുടെ പ്രണയസാക്ഷാത്കാരം എന്ന മോഹം. എം.എന്നിന്റെ ദുഷ്ടലാക്ക് മോഹം. എല്ലാം തീരുന്നത് ഈ കിണറ്റിനുള്ളിൽത്തന്നെയാണ്. എല്ലാ മായാമോഹങ്ങളും ഒതുങ്ങിയമർന്ന് കാമനാപരിപൂർത്തി നിതാന്തതയ്ക്ക് വിട്ടുകൊടുത്ത് കഥാപാത്രങ്ങൾ സാഹിത്യസൃഷ്ടിയിൽ വിലയം പ്രാപിക്കുകയാണ്. അറിവിൻ മുറിവുകൾ കരളിൽ ഏന്തി മോഹാന്ധത തീർന്നെത്തിയ ഇടത്തിൽ തന്റെ സൃഷ്ടിക്കു നടുവിൽ നിൽക്കുന്ന സാഹിത്യകാരനെ ഫോക്കസിലാക്കി പുറകോട്ടു വലിയുന്ന ക്യാമറ സമ്മാനിക്കുന്ന ദൃശ്യത്തോടെ സിനിമ അവസാനിക്കുകയാണ്'.

സേതുവിന്റെ പാണ്ഡവപുരം, ആശിക് അവികുണ്ഠക് അതീവ ശ്രദ്ധേയമായ ഒരു ബംഗാളിസിനിമയാക്കി പുനഃസൃഷ്ടിച്ചതെങ്ങനെയെന്നും ശ്യാംബനഗൽ, കേതൻ മേത്ത, ദീപാമേത്ത, അടൂർ ഗോപാലകൃഷ്ണൻ എന്നിവരെ പിന്തള്ളി പുരസ്‌കാരങ്ങൾ നേടിയതെന്തുകൊണ്ടെന്നും വിശദീകരിക്കുന്നു, മറ്റൊരു ലേഖനത്തിൽ എതിരൻ. ഭ്രമാത്മകത, അതിയാഥാർഥ്യം, മാജിക്കൽ റിയലിസം, മിത്തിക്കൽ ഭാവന.... സിനിമയിൽ ആശിക് സാർവലൗകികവൽക്കരിച്ച പാണ്ഡവപുരത്തിന്റെ ഭാവമാനങ്ങളും രൂപതലങ്ങളും എതിരൻ വിശദീകരിക്കുന്നു.

മിത്തുകളുടെ ഈ ചലച്ചിത്രഭാഷാന്തരത്തിനു കൈവന്ന ഏറ്റവും ബൃഹത്തും ജനപ്രിയവുമായ പാഠം എന്ന നിലയിലാണ് 'ബാഹുബലി'യുടെ ചർച്ച. ഇന്ത്യൻ ഉപബോധമനസ്സിലെ ശിവ(ലിംഗ)പുരാണത്തിനു ലഭിച്ച കാലാന്തര ദൃശ്യപുനരാഖ്യാനമെന്ന നിലയിൽ ബാഹുബലിയുടെ ജനപ്രിയമൂലകങ്ങൾ എതിരൻ കണ്ടെടുക്കുന്നു. ആണധികാരത്തിന്റെ സാമൂഹ്യബോധങ്ങൾക്കു കൈവന്ന 'ബ്രഹ്മാണ്ഡ' മിത്താണ് ബാഹുബലി. അമർചിത്രകഥ ഇന്ത്യൻ ആഖ്യാനപാരമ്പര്യത്തിൽ പുനർനിർവചിച്ച കാഴ്ചരതിയുടെ ചലച്ചിത്രരൂപമെന്ന നിലയിൽ ബാഹുബലിയുടെ ദൃശ്യഭാഷ വിശദീകരിക്കുന്നു, എതിരൻ. 'ഭാരതത്തിലെ പുരാണോതിഹാസങ്ങളെക്കുറിച്ച് പുതിയ തലമുറയ്ക്ക് അജ്ഞതയേറിവരുന്നു. എന്നാൽ പാശ്ചാത്യമായതോ ഗ്രീക്ക് റോമൻ കഥകളോ അവർക്ക് കൂടുതൽ അറിയാം എന്നൊരു വേവലാതിയുടെ പുറത്ത് അനന്ത് പൈ 32 പേജുകളിൽ ഒതുക്കിയ ആധുനിക ആഖ്യാനമായ അമർചിത്രകഥ ഉദ്ദേശിച്ച ഫലം കണ്ടത് പെട്ടെന്നാണ്. കഴിഞ്ഞ രണ്ടു തലമുറയെ ഭാരതീയ മിത്തുകളെയും മാത്രമല്ല ക്ലാസിക്ക് സാഹിത്യസൃഷ്ടികളെയും കാർട്ടൂൺ എന്ന ആഖ്യാനരീതിയിൽ ഒരുക്കി, വാർപ്പുമാതൃകകളാക്കി അവതരിപ്പിച്ചത് ഒരു ബാധപോലെ പിടികൂടുകയാണുണ്ടായത്. തികച്ചും പാശ്ചാത്യമായ സങ്കേതങ്ങളിൽത്തന്നെ അവതരിപ്പിച്ചാണ് അനന്ത് പൈ ഈ മറുലോക കടന്നുകയറ്റത്തെ നേരിട്ടത്. ലളിതവും എന്നാൽ ദൃഢവും ആയ വരകളും ഔട്ട്‌ലൈനുകളുമാണ് ഭാരതീയ കഥാപാത്രങ്ങളെ പുറംശൈലിയിൽ അവതരിപ്പിച്ചത്. രാജാക്കന്മാർക്കും നായകന്മാർക്കും ഗ്രീക്ക് കഥാപാത്രങ്ങളെപ്പോലെ സിക്‌സ് പായ്ക്ക് ഉള്ള, നെടുനീളൻ ശരീരഘടനയും സായിപ്പിന്റെ മുഖഛായയും നൽകിയാണ് പഴമ പുതുക്കിപ്പണിതത്. ശ്രീരാമന്റെ മുഖംപോലും സായിപ്പിന്റെ മുഖത്തോടെ അവതരിപ്പിക്കപ്പെട്ടത് പുതിയ തലമുറ തെല്ലും ആവലാതിയില്ലാതെ ഏറ്റുപിടിച്ചു എന്നത് രസാവഹമാണ്. കിരീടം, വേഷഭൂഷ എന്നിവയൊക്കെ രൂപകല്പന ചെയ്തതും രവിവർമ്മച്ചിത്രങ്ങളുടെയോ, അല്ലെങ്കിൽ ഭിത്തിച്ചിത്രങ്ങളടക്കമുള്ള ഭാരതീയ ചിത്രകലാരീതികളിൽ നിയുക്തമാക്കപ്പെടാറുള്ളതിൽ നിന്നോ അകൽച്ച പാലിച്ച് വേറിട്ട രീതി നിലനിൽത്തിക്കൊണ്ടാണ്. ഗ്രീക്ക് പടച്ചട്ടയും കിരീടവും ലോഹക്കണ്ണികൾ വിളക്കിയ വലകളും കവചങ്ങളും ഗംഭീരമായി ഭാരതീയ പുരാണനായകന്മാർ അണിഞ്ഞ് ഊർജ്ജം കൊണ്ടു. ഒരു പാശ്ചാത്യകടന്നുകയറ്റത്തിനു സ്ഥാനാന്തരണം നടത്തിയത് അതേ കരുക്കൾതന്നെ നീക്കിയാണ്. പ്രതിരോധത്തിനു പറ്റിയ ഇടപെടലുകൾ. അനന്ത് പൈയുടെ ഈ സാമർത്ഥ്യം അമർചിത്രകഥയുടെ പ്രചുരപ്രചാരം ഗംഭീരമായി ശരിവച്ചു. ഈ സൂക്ഷ്മതകളെ അല്ലെങ്കിൽ 'അമർചിത്രകഥ സംസ്‌കാര'ത്തെ എളുപ്പം ആവാഹിച്ച ജനതയെ ഒറ്റയടിക്ക് കൈപ്പിടിയിൽ ഒതുക്കാൻ കഴിഞ്ഞു എന്നത് ബാഹുബലിയുടെ പരമോന്നത വിജയങ്ങളിലെ പ്രധാനപ്പെട്ട ഘടകമാണ്. നായകനും പ്രതിനായകനും ആയി അഭിനയിച്ചവർ (പ്രഭാസ്, റാണ ദഗ്ഗുബട്ടി) തങ്ങളുടെ ശരീരപ്രകൃതി ഇതിനൊപ്പിച്ച് മാറ്റി എടുക്കാൻ അഭ്യാസം ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും നേരത്തേതന്നെ വിപണിയിൽ എത്തിയതിനാൽ പ്രേക്ഷകർക്ക് വിസ്മയം തെല്ലും വേണ്ടിവന്നില്ല. നേരത്തേ എൻ.റ്റി. രാമറാവുവും എം.ജി.ആറും പ്രേംനസീറും തങ്ങളുടെ മാംസളവും സ്ഥൂലവും മൃദുലവുമായ ശരീരങ്ങൾകൊണ്ട് ഇതേ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് എന്നത് മറക്കേണ്ട. പുതുമ വിറ്റഴിക്കേണ്ടുന്നതിലെ ആവശ്യകതയുടെ യുക്തി എളുപ്പം നിരത്തിയെടുത്തു. ഗ്രീക്ക് പടച്ചട്ടയിലും കിരീടങ്ങളിലും മേൽപ്പറഞ്ഞ താരങ്ങളും വിലസിയിട്ടുണ്ട്. പുതിയ അമർചിത്രകഥാതാരങ്ങൾക്ക് ഈ ചരിത്രയുക്തി സഹായമണയ്ക്കുകയാണുണ്ടായത് എന്നത് രസാവാഹമായ കാര്യംതന്നെ. ബാഹുബലി, ഭല്ലാലദേവൻ, കട്ടപ്പ എന്നിവർ മാത്രമല്ല ധാരാളം പടയാളികളും ഗ്രീക്ക് ശിരോകവചവും പടച്ചട്ടയും ലോഹക്കണ്ണി വലകളും ധരിച്ച് തലങ്ങും വിലങ്ങും പ്രത്യക്ഷപ്പെടുന്നുണ്ട്. ബിജ്ജലദേവന്റെ (നാസർ) വികൃതമായി വളഞ്ഞുനീണ്ട മീശ ചിരിയുണർത്താത്തത് സിനിമ കാർട്ടൂൺ പകർപ്പ് ആണെന്ന ധാരണ കാണികളിൽ നേരത്തേ രൂഢമൂലമാക്കാനുള്ള മിടുക്ക് സംവിധായകൻ പ്രദർശിപ്പിച്ചതുകൊണ്ടാണ്. അമർചിത്രകഥ എപ്രകാരം ഭാരതീയത കൈവിട്ട് കൂടുതൽ സാർവ്വലൗകികമായ ഘടകാംശങ്ങളും മൂലപ്രമാണങ്ങളും (ശരീരം, ആടയാഭരണങ്ങൾ, ഫ്രെയിമുകൾ, അവതരണ രീതികൾ, ഘടനായോജിപ്പുകൾ) സ്വീകരിച്ചുവോ അതു ദൃശ്യവൽക്കരിക്കുക എന്ന കർത്തവ്യം ഗംഭീരമായി നിർവ്വഹിച്ചതാണ് ബാഹുബലിയുടെ പ്രധാന വിജയകാരണം'.

കമലിന്റെ 'കറുത്ത പക്ഷികൾ', പെഡ്രൊ അൽമൊദൊവാറിന്റെ 'വോൾവർ' എന്നീ സിനിമകളെ മാതൃ-പുത്രീ ബന്ധത്തിന്റെ സാമൂഹ്യമനഃശാസ്ത്രം മുൻനിർത്തി വിശകലനം ചെയ്യുന്നു, മറ്റൊരു ലേഖനം. 'കുട്ടിസ്രാങ്കി'ന്റെ സ്ഥല, കാലരാഷ്ട്രീയങ്ങൾ ആഖ്യാനത്തിൽ എങ്ങനെ നായക-താര-പുരുഷബിംബങ്ങളെ തച്ചുടയ്ക്കുംവിധം പ്രാധാന്യം നേടുന്നു, എന്നാരായുന്നു, വേറൊരു പഠനം. മിത്തിക്കൽ-മാജിക്കൽ റിയലിസങ്ങളുടെ അസാധാരണമായ കലർപ്പ് കുട്ടിസ്രാങ്കിന്റെ കലയും സൗന്ദര്യശാസ്ത്രവുമായി മാറുന്നതെങ്ങനെ എന്ന വിശകലനമാണ് എതിരന്റേത്.

ആണധികാരത്തിന്റെയും പുരുഷലൈംഗികതയുടെയും നിഹിതസൂചകങ്ങൾ പൊതുവിൽ സിനിമയിലും വിശേഷിച്ചു മലയാളസിനിമയിലും കൈവരിക്കുന്ന ദൃശ്യരാഷ്ട്രീയത്തിന്റെ ചർച്ചയാണ് ഈ പുസ്തകത്തിന്റെ അടിസ്ഥാനതാൽപര്യം. കുട്ടിക്കുപ്പായം, ലീല, എത്സമ്മ എന്ന ആൺകുട്ടി, പ്രാഞ്ചിയേട്ടൻ എന്നീ സിനിമകളെ മുൻനിർത്തിയുള്ള വായനകളാകട്ടെ, ഈ രീതിശാസ്ത്രത്തിന്റെ കുറെക്കൂടി സയുക്തികവും സുബദ്ധവുമായ പ്രയോഗപാഠങ്ങളാണ്. ഇതിൽ 'എത്സമ്മ'യെക്കുറിച്ചുള്ള ലേഖനം, മലയാളസിനിമ കൊണ്ടാടുന്ന ആണത്തത്തിന്റെ സൂക്ഷ്മാവലോകനമാണ്. പെൺകുട്ടിയായി നിലനിന്ന് എത്സമ്മക്കു ചെയ്യാൻ കഴിയാത്തതാണ് അവൾ ചെയ്യുന്നതെന്ന പൊതുബോധത്തെ ലുങ്കിയും ഷർട്ടും ധരിപ്പിച്ചവതരിപ്പിക്കുകയാണ് ആ ചിത്രം. ആൺവേഷം കെട്ടി മാത്രം പെണ്ണിനു ചെയ്യാൻ കഴിയുന്ന കാര്യങ്ങളുടെ പട്ടികയുണ്ടാക്കുകയാണ് സിനിമ. പുല്ലിംഗത്തെക്കുറിച്ചുള്ള മിഥ്യാബോധം നിർമ്മിക്കുന്ന അസംഖ്യം മലയാളചിത്രങ്ങളിലൊന്ന്.

മറ്റു മൂന്നു സിനിമകൾ അങ്ങനെയല്ല. അവ, മലയാളസിനിമ തുടക്കം തൊട്ടിന്നോളം പുരുല്പാദിപ്പിച്ചുകൊണ്ടേയിരിക്കുന്ന പുരുഷലൈംഗികതയെക്കുറിച്ചുള്ള പൊതുബോധം എത്രമേൽ മിഥ്യയാണെന്നു സ്ഥാപിക്കുന്ന ധീരപരീക്ഷണങ്ങളാണെന്നു സമർഥിക്കുന്നു, എതിരൻ. മൂന്നു സിനിമകളും മൂന്നുതരത്തിലാണ് ഈ ലിംഗാപനിർമ്മിതി നടത്തുന്നത്.

ഷണ്ഡനായ ഒരു പുരുഷനെ നായകസ്ഥാനത്തു സങ്കല്പിച്ചും, അതേ വിഷയത്തെക്കുറിച്ചു തുറന്ന ചിത്രീകരണം നടത്തിയും മലയാളത്തിലുണ്ടായ ഏക സിനിമയാണ് കുട്ടിക്കുപ്പായം. പ്രേംനസീറിനെ മുൻനിർത്തി, സന്തത്യുല്പാദനത്തിനു ശേഷിയില്ലാത്ത പുരുഷന്റെയും സമൂഹം അപ്പോഴും സ്ത്രീക്കുമേൽ മാത്രം ചാരുന്ന പഴികളുടെയും യാഥാർഥ്യങ്ങൾ മറനീക്കുന്ന ചിത്രം. ('ശേഷിക്കുറവ്' പിൽക്കാലത്ത് ഒരു മലയാളസിനിമയിലൂടെ ജനപ്രിയമായ ഒരു കോമഡിയായി മാറുകയായിരുന്നു). പിന്നീട് മലയാളസിനിമയിൽ ഒരു മുൻനിരനായകനും ഇത്തരമൊരു വേഷം ചെയ്യാൻ തയ്യാറായില്ല എന്നതാണ് മലയാളിയും മലയാളസിനിമയും പുരുഷലൈംഗികതയെക്കുറിച്ചു പുലർത്തുന്ന മിഥ്യാഭിമാനത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ലിംഗപൂജയുടെയും ആഴം വെളിപ്പെടുത്തുന്നത്. 'വന്ധ്യത്വം ഒരു സിനിമാനായകനു സംഭവിക്കാനേ പാടില്ല എന്ന കടുംപിടിത്തത്തിൽനിന്നും ഏറെ ആകലെയാണ് കുട്ടിക്കുപ്പായത്തിലെ നായകനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. തന്റെ കഴിവുകേട് അയാൾ തുറന്നു സമ്മതിക്കുന്നുമുണ്ട്. 1960-കളിലെ സിനിമയിൽ നായകന്റെ ആണത്തത്തിലെ കുറവ് പ്രമേയമാക്കുക എന്നത് തികച്ചും വിപ്ലവാത്മകമാണ്. അതും നായകസങ്കല്പങ്ങൾക്ക് അനുയോജ്യനായി വാർത്തെടുക്കപ്പെട്ട പ്രേംനസീർ എന്ന നടൻ ചെയ്യുന്ന വേഷത്തിന്. ഗർഭധാരണത്തിന്റെ കുടുംബനീതി പരിശോധിക്കപ്പെടുന്നത് നായകന്റെ രണ്ടു ഭാര്യമാരുടെ മാതൃത്വശേഷി വിളംബരം ചെയ്യുന്നതിലൂടെയാണ്. മകന്റെ സന്താനോത്പാദനശക്തി അളക്കപ്പെടേണ്ടതല്ല എന്ന തിരിച്ചറിവോടെ മരണത്തെ പുല്കുന്ന അമ്മയും ഇതിന്റെ മറുപുറമാണ്. ഗർഭധാരണം ജൈവീകമായ ഒന്നു മാത്രമാണെന്നും അതിനു നായകൻ വേണ്ടെന്നും വെറും വിശ്വാസം മാത്രമാണെന്നും സിനിമ വിളിച്ചുപറയുകയാണ്. ഇത് വ്യക്തമാക്കപ്പെടുന്നത് വിരോധാഭാസചിത്രീകരണം വഴിയാണെന്നുള്ളത് രസാവാഹംതന്നെ. നായകന്റെ കഴിവുകേടിനെ പരിവർദ്ധിതമാക്കാനെന്നവണ്ണം ഊർവ്വരതയുടെ മൊത്തം ആഘോഷമാണ് സിനിമ. ഒരു കുഞ്ഞിന്റെ കാതുകുത്തുകല്യാണവും ഒരു പാട്ടിലൂടെ അവതരിപ്പിക്കുന്നുണ്ട്. ഉമ്മയ്ക്കും ബാപ്പയ്ക്കും ആയിരമായിരം ഉമ്മയും കൊണ്ട് വരാൻ പോകുന്ന കുഞ്ഞിനെപ്പറ്റി പാട്ടും പരപുരുഷന്റെ ഗർഭം പേറുന്നവളെ (അതറിയാതെ ആണെങ്കിലും) വാഴ്‌ത്തി പരിചരിക്കുന്ന രംഗങ്ങളും ഒക്കെ ഇതിന് ആക്കം കൂട്ടുകയാണ്. ഇതിനും ഉപരി സുബൈദയ്ക്കു വന്ധ്യത്വം കല്പിച്ച യാഥാസ്ഥിതികത്വത്തെ കളിയാക്കാൻ എന്ന മട്ടിൽ മറ്റൊരു ആഘോഷവും നടക്കുന്നു. അവളുടെ ഗർഭധാരണം. 'വിരുന്നു വരും വിരുന്നു വരും പത്താം മാസത്തിൽ' എന്ന പാട്ടിലൂടെ ഇത് സാധിച്ചെടുക്കുന്നു. രണ്ടു നായികമാരുടെയും ഗർഭധാരണത്താൽ നായകന്റെ വൻ ബാദ്ധ്യത ഒഴിവാക്കപ്പെടുകയാണ്. കടുംപിടിത്ത വിശ്വാസങ്ങളുടെ ബലിയാട് സാധാരണ സ്ത്രീകളാണ് എന്ന സിനിമായുക്തിക്ക് വിപരീതമായി നായികയിൽനിന്നും ഇത് നായകനിലേക്ക് സ്ഥാനാന്തരണം ചെയ്യുകയാണ്'.

ഈ യാഥാർഥ്യബോധമാണ് 'ലീല'യുടെ രാഷ്ട്രീയം. കുട്ടിയപ്പൻ എന്ന ഷണ്ഡനായ മധ്യവയസ്‌കന്റെ വേഷം മമ്മൂട്ടിയും മോഹൻലാലും 'ലിംഗപ്പേടി'മൂലം തിരസ്‌കരിച്ചതാണ്. മലയാളിയുടെ പലതരം ലൈംഗികഭീതികളുടെയും വക്രതകളുടെയും അനാരോഗ്യങ്ങളുടെയും ഫാന്റസികളുടെയും രൂപകാത്മകപാഠമാണ് ലീല-കഥയും സിനിമയും. മരുമക്കത്തായവും ശബരിമലയും യക്ഷിസങ്കല്പവും ഉൾപ്പെടെയുള്ള സാംസ്‌കാരികസന്ദർഭങ്ങൾ ചൂണ്ടിക്കാണിച്ച്, തന്നെക്കാൾ സമ്പത്തും പദവിയും അഴകും അധികാരവുമുള്ള സ്ത്രീക്കു മുന്നിൽ മലയാളിപുരുഷൻ അനുഭവിക്കുന്ന ആത്മീയ-ലൈംഗിക ധ്വജഭംഗങ്ങളുടെ സാമൂഹ്യമനഃശാസ്ത്രം വിശദീകരിക്കുന്നു, എതിരൻ. ഇത്തരമൊരു പ്രതിസന്ധിയിൽ മലയാളിപുരുഷന്റെ രതികാമനകൾ സഞ്ചരിക്കുന്ന കുമാർഗങ്ങളുടെ ഭാവപാഠമാണ് ലീല. കുട്ടിയപ്പന്റെ സ്വത്വവ്യതിയാനങ്ങൾ മുൻനിർത്തി, ആണത്തത്തിന്റെ വ്യാജചിഹ്നങ്ങളിൽ നിന്നും ചിഹ്നനങ്ങളിൽനിന്നും വഴിമാറി സഞ്ചരിച്ച അപൂർവം മലയാളസിനിമകളിലൊന്നായി ലീലയെ എതിരൻ വിശകലനം ചെയ്യുന്നു.

പ്രാഞ്ചിയേട്ടനിൽ, നർമത്തിന്റെ തിരയടിക്കുള്ളിൽ മറഞ്ഞുകിടക്കുന്ന ആണത്തനഷ്ടങ്ങളുടെ ശിലാഖണ്ഡങ്ങളുണ്ടെന്നു കണ്ടെത്തുന്നു, എതിരൻ. (കോമഡി കൊണ്ട് ആദ്യം മമ്മൂട്ടിയെയും പിന്നീട് പ്രേക്ഷകരെയും കബളിപ്പിച്ച് സംവിധായകൻ ചാർത്തിക്കൊടുത്തതാകാം, ഈ ഷണ്ഡവേഷം). ആണത്താധികാരങ്ങളെയും അഹന്തകളെയും മിത്തുകളെയും കുറിച്ചുള്ള മലയാളചലച്ചിത്രപാഠങ്ങളിൽ നിന്ന് പ്രാഞ്ചിയേട്ടൻ വലിയൊരകലം പാലിക്കുന്നു. പ്രണയം, വിവാഹം, ദാമ്പത്യം, പിതൃത്വം.... ഓരോ തലത്തിലും ആണധികാരസൂചകങ്ങൾകൊണ്ടു സമ്പന്നമായ മലയാളസിനിമയുടെ സദാചാരമൂല്യങ്ങളെ പ്രാഞ്ചിയേട്ടൻ മറികടക്കുന്നു. 'സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാൻ പ്രാപ്തയായ നായികയെ 'കയ്യൊപ്പ്' എന്ന സിനിമയിൽ അവതരിപ്പിച്ച് താൻ നിർമ്മിക്കുന്ന സിനിമാസ്ത്രീപ്രതിച്ഛായ ഒരു മാറ്റത്തിനു തയ്യാറാണെന്ന് നേരത്തേ അറിയിച്ചിരുന്നു. രഞ്ജിത് എന്ന സംവിധായകൻ. വിവാഹവിവാഹേതരബന്ധങ്ങളെക്കുറിച്ചും അതിലെ ലൈംഗികതയെക്കുറിച്ചും തുറന്ന കാഴ്ചപ്പാടുള്ളവളും അത് ഏറെക്കുറെ പ്രായോഗികമായി അനുശീലിക്കുന്നവളുമായ സ്വതന്ത്രസ്ത്രീയെ ത്യാഗത്തിന്റെ കെട്ടുപാടുകളില്ലാതെ അംഗീകരിക്കുന്ന നായകൻ മലയാളസിനിമയിൽ എന്നല്ല ഭാരതീയസിനിമാപ്രതിപുരുഷന്മാരിൽ വിരളംതന്നെ. പാത്രസൃഷ്ടിയിൽ സംഭവിക്കുന്ന ഇത്തരം സ്ഥാനാന്തരണം നായികനായക പാരസ്പര്യത്തിനു കല്പിച്ചുകൊടുക്കുന്ന അനാധീനത ചെറുതല്ല, അവർക്ക് അനുഭവവേദ്യമാകുന്ന മുക്തിയും. സാർവ്വലൗകിക ഇടങ്ങളിൽ വ്യാപരിക്കുന്ന നായികയുമായി ദൃഢമൈത്രി സ്വരൂപിച്ചെടുക്കാൻ നായകനും അനിശ്ചിതാർത്ഥപരമായ സ്ഥലികൾ തേടേണ്ടിവരും, വർഗ്ഗപരമായും ലൈംഗികമായും'.

വലിയ കൗതുകം, മലയാളത്തിലെ ഏറ്റവും പ്രതിലോമപരമായ പുരുഷാധികാരസിനിമകളുടെ സംവിധായകൻതന്നെയാണ് ലീലയ്ക്കും പ്രാഞ്ചിയേട്ടനും പിന്നിൽ എന്നതാണ്.

തൊണ്ണൂറുവർഷം പിന്നിടുന്ന മലയാളസിനിമയുടെ ചരിത്രത്തെ ഒരൊറ്റ സാംസ്‌കാരിക പാഠമായെടുത്താൽ, ആണത്തത്തെക്കുറിച്ചുള്ള ഒരു വചനപ്രഘോഷണമാണ് അതെന്നു കാണാം. ഈ ആണത്തമാകട്ടെ, നരവംശശാസ്ത്രപരമായും മനഃശാസ്ത്രപരമായും സാമൂഹികമായും ലിംഗശാസ്ത്രപരമായും വലിയൊരു വ്യാജവുമാണ്. ഇതു തിരിച്ചറിഞ്ഞും വിരളമായി മാത്രം സംഭവിച്ചിട്ടുള്ള ചില യഥാതഥ പുരുഷലൈംഗികാഖ്യാനങ്ങളെ (സ്ത്രീലൈംഗികാഖ്യാനങ്ങളെയും-ഭാർഗവീനിലയം, കുട്ടിക്കുപ്പായം....) വിശദീകരിച്ചും എതിരൻ മുന്നോട്ടുവയ്ക്കുന്ന ചലച്ചിത്രപഠനരീതിശാസ്ത്രം അങ്ങേയറ്റം കൗതുകകരമായ ഒന്നാണ്. (തന്റെ സാമൂഹ്യ, ചരിത്ര, സാഹിത്യ, സംഗീത, കലാപഠനങ്ങളിലും എതിരൻ ഇങ്ങനെയൊരു സമീപനം പിന്തുടരുന്നുണ്ട്). നിശ്ചയമായും മലയാളസിനിമയിലെ നിരവധിയായ സാംസ്‌കാരിക അടരുകളും മണ്ഡലങ്ങളും പ്രരൂപങ്ങളും പാഠമാതൃകകളും മുൻനിർത്തി ഈയൊരു രീതിശാസ്ത്രം ഇനിയും വികസിക്കേണ്ടതുണ്ട്.

പുസ്തകത്തിൽനിന്ന്:-

'നായകൻ ഷണ്ഡനാകാൻ സാദ്ധ്യമല്ല എന്നാണു ഇന്ത്യൻ സിനിമാനീതി. നിന്റെ തിങ്കളാഴ്ചനോയമ്പിന്നു മുടക്കും ഞാൻ, ഇളനീർക്കുടമിന്നുടയ്ക്കും ഞാൻ എന്ന് പാടി അടിവയറിനു താഴത്തെ വിജൃംഭിതത്വം വിളംബരം ചെയ്യേണ്ടവനാണ് അയാൾ. ഗർഭധാരണപ്രദായകൻ ആയില്ലെങ്കിലും കുഴപ്പമില്ല, കുട്ടികൾ ഇല്ലെങ്കിൽ എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യാം എന്ന രീതിയിൽ കഥ വികസിപ്പിച്ചെടുക്കും. എന്നാൽ ഹോളിവുഡ് സിനിമകളിൽ നിരവധിയാണ് ഇത്തരം കഥാപാത്രങ്ങൾ. ബോണി ആൻഡ് ക്ലൈഡിൽ നായകനടൻ വാറൻ ബീറ്റി യാതൊരു മടിയുമില്ലാതെയാണ് ക്ലൈഡിനെ ഷണ്ഡനായി അവതരിപ്പിച്ചത്. അദ്ദേഹം ആവശ്യപ്പെട്ട് ചേർത്തതാണത്രേ ഈ നായകസ്വഭാവമാറ്റം. 'ദി ബിഗ് ചിൽ' ഇൽ വില്യം ഹർട്, 'സെക്‌സ് ആൻഡ് ദി സിറ്റി'യിലെ ചില എപ്പിസോഡുകളിലെ നായകൻ ഒക്കെ ലൈംഗികാപഭ്രംശം പേറുന്നവരാണ്. എന്നാൽ ഇന്ത്യൻ സിനിമയിലെ നായകന്മാരെ ഇപ്പോഴും നാട്യശാസ്ത്രത്തിലെ ധീരോദാത്തനായകരൂപത്തിൽത്തന്നെ ബന്ധിപ്പിച്ച് നിറുത്തിയിരിക്കുകയാണ്. മറ്റ് രാജ്യങ്ങളിലെ സിനിമകൾ പൊതുജനത്തിനു വേണ്ടി നിർമ്മിക്കപ്പെടുമ്പോൾ ഇന്ത്യൻ സിനിമകൾ ഇന്നും ആണുങ്ങളുടെ മാത്രം കാഴ്ചയെ പ്രീണിപ്പിക്കലാണ് ലക്ഷ്യമിടുന്നത്. മോഹൻലാലും മമ്മൂട്ടിയും വേണ്ടെന്നുവച്ച വേഷമാണത്രേ കുട്ടിയപ്പൻ.

ഇത്തരം 'പ്രശ്‌ന'മുള്ള കഥാപാത്രത്തെ നിരാകരിച്ചതിനു സ്വന്തം സിനിമാവഴികൾതന്നെ ബാദ്ധ്യതയായിത്തീർന്നത് ഒരു പ്രധാന കാരണം ആയിരിക്കണം. അവർ പ്രതിനിധീകരിച്ചിട്ടുള്ള, മലയാളി ആണത്തനിദർശനമായ നിരവധി കഥാപാത്രങ്ങൾ ഇല്ലായ്മ ചെയ്യപ്പെടും ഷണ്ഡനായ ഒരു വേഷത്തെ സ്വീകരിച്ചാൽ (മലയാളസിനിമ വഴിമുട്ടുന്ന രീതികൾ നോക്കണേ). ഭാര്യയിൽ താത്പര്യമില്ലാത്ത നായകൻ 'ഗംഗ പോയി ഉറങ്ങിക്കോളൂ', നകുലൻ (സുരേഷ് ഗോപി) മണിച്ചിത്രത്താഴ് മൂലം മോഹങ്ങൾ വഴിതിരിഞ്ഞു പോയവളെ ക്രൂരമായ ആഭിചാരപ്രക്രിയയാൽ മര്യാദ പഠിപ്പിക്കുന്നതു കണ്ട് ഇന്നും കയ്യടിച്ചുകൊണ്ടിരിക്കുന്ന മലയാളി തളരുന്ന പൗരുഷത്തെ മൂടിപ്പൊതിഞ്ഞു മറയ്ക്കാൻ ഉദയം മുണ്ടുകൾ പലയെണ്ണം ഉടുക്കേണ്ടിയിരിക്കുന്നു.

മലയാളസിനിമയിൽ പ്രത്യുത്പാദനശേഷി ഇല്ലാത്ത നായകന്മാർ വളരെ വിരളമാണ്. 50 വർഷം മുൻപ് ഇറങ്ങിയ 'കുട്ടിക്കുപ്പായം' ഒഴിച്ച് നായകനു ലിംഗോദ്ധാരണം സാദ്ധ്യമാണെങ്കിലും ബീജശേഷി കമ്മിയാണ്. അന്ന് പ്രേംനസീർ സധൈര്യം എടുത്ത വേഷമാണിത്. സിനിമയുടെ കഥാവസ്തുവും ഇതോട് ബന്ധപ്പെട്ടതാണ്. മനഃശാസ്ത്രജ്ഞനായ എ.റ്റി. കോവൂറിന്റെ കേസ് ഡയറിയിൽനിന്നും എടുത്ത കഥ സേതുമാധവൻ പുനർജ്ജന്മം എന്ന പേരിൽ സംവിധാനം ചെയ്തിട്ടുണ്ട്. നായകനു മാതൃസ്ഥിരീകരണം (mother fixation) ആണ്, ഭാര്യയുമായി വേഴ്ച സാദ്ധ്യമാവുന്നില്ല. എന്നാൽ വേലക്കാരിയുമായി സംഭാവ്യമാണുതാനും. ഈ മാനസികദുർഘടം ചികിത്സിച്ചു മാറ്റപ്പെടുന്നതായാണ് സിനിമാക്കഥ. മലയാറ്റൂർ രാമകൃഷ്ണന്റെ യക്ഷിയിൽ മുഖവൈരൂപ്യം മൂലം ആത്മവിശ്വാസം നഷ്ടപ്പെട്ടതിനാൽ ലൈംഗികവേഴ്ചയ്ക്ക് കഴിവില്ലാത്തവനായി മാറുകയാണ് നായകൻ. സത്യൻ അന്ന് സങ്കോചമില്ലാതെ ഈ വേഷം ഏറ്റെടുത്തു. എന്നാൽ ഇത് നായകന്റെ കഴിവുകേടല്ലെന്നും യക്ഷിസ്വരൂപമുള്ള ഭാര്യയുടെ ഇടപെടലാണെന്നും ചിത്രീകരിച്ച് നായകന്റെ പക്ഷത്തുനിന്നും ഈ ഉത്തരവാദിത്വം മാറ്റപ്പെടുന്നുണ്ട്. ബാലചന്ദ്രമേനോന്റെ 'താരാട്ടി'ൽ നായകന്റെ ഷണ്ഡത്വം പ്രശ്‌നമായിട്ട് അവതരിക്കപ്പെടുന്നില്ല, പ്രത്യുത ഒരു അപകടശേഷം വന്നുപിണഞ്ഞ ശാരീരികാവസ്ഥ മാത്രമാണിത് എന്നും പ്രേമനാടകത്തിൽ നായകനു പങ്കില്ല എന്ന് തെളിയിക്കാനുള്ള പരിണാമഗുപ്തിമാത്രമാണെന്നും ആണ് കഥ. ഈ വെളിപ്പെടുത്തലോടെ സിനിമാ തീരുകയുമാണ്. ദശരഥത്തിലെ നായകന്റെ ബീജത്തിനു പ്രത്യുൽപ്പാദനശേഷിയുണ്ടെങ്കിലും നായകൻ സ്ത്രീകളുമായുള്ള വേഴ്ചയ്ക്കു തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് വെളിവാക്കുന്നില്ല. മോഹൻലാലിന് അക്കാലത്ത് 'കഴിവുകേട്' ഉള്ള ഒരു കഥാപാത്രത്തെ വച്ചുകൊടുക്കുന്നത് മലയാളികൾക്ക് സങ്കല്പിക്കാൻപോലും പറ്റുന്നതായിരുന്നില്ലതാനും. കുട്ടിയപ്പനെ ചികിത്സിച്ച് മാറ്റാൻ സിനിമ ശ്രമിക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. തന്റെ ഷണ്ഡത്വം പരിപൂർണ്ണവും പരീക്ഷണങ്ങളാൽ മാറ്റപ്പെടുകയുമില്ലെന്ന അറിവ് അയാളെ കരയിക്കുന്നുണ്ട്. ഇന്ത്യൻ സിനിമകളിൽ കാണാത്ത സീൻ.

കുട്ടിയപ്പന്റെ മാനസികപ്രശ്‌നങ്ങൾ ആയിരിക്കണം അയാളുടെ ധ്വജഭംഗത്തിനു കാരണം. ലിംഗഛേദനപ്പേടി (castration anxiety) അയാളിൽ വളർന്നിട്ടുണ്ടാവണം. ഇന്നും പ്രാമാണികത നിലനിൽക്കുന്ന ഈഡിപ്പസ് കോംപ്ലക്‌സ്, അച്ഛൻ പ്രതിരൂപത്തെപ്പറ്റിയുള്ള ആശങ്കകൾ, അച്ഛൻ പ്രതിരൂപത്തിന്റെ തിരോധാനം ഇവയൊക്കെ കുട്ടിയപ്പനെ ബാധിച്ചിട്ടുണ്ടാവണം. ചെറുപ്പകാലത്ത് അച്ഛനുമായുള്ള ബന്ധങ്ങളിലെ ഉലച്ചിൽ 'അച്ഛൻ തൃഷ്ണ'(father hunger)-യിൽ എത്തിക്കുകയും അത് പിൽക്കാലത്ത് മറ്റ് ബന്ധങ്ങളെ സ്വാധീനിക്കുകയും ഷണ്ഡത്വംവരെ എത്തിയേക്കാമെന്നുമാണ് ആധുനിക മനഃശാസ്ത്ര നിഗമനങ്ങൾ. ജഡ്ജിയായിരുന്ന അച്ഛനെ നിരാകരിച്ച് ബൊഹീമിയൻ ജീവിതരീതി സ്വാംശീകരിച്ച കുട്ടിയപ്പന് അച്ഛൻ ഒരു വെല്ലുവിളി ആയിരുന്നിരിക്കണം. അപ്പനെയും അമ്മച്ചിയെയും അന്വേഷിച്ചതായി പറയേണ്ട എന്ന് മാലാഖയായി വന്ന കുഞ്ഞമ്മയോട് പറയുന്നുണ്ട് അയാൾ. അച്ഛന്റെ കോട്ടും ടൈയുമണിഞ്ഞ് ആ പ്രതിരൂപത്തിൽ കയറിക്കൂടാൻ ശ്രമിക്കുന്നുമുണ്ട് അയാൾ ആ സമയത്ത്. മരിച്ചുകിടക്കുന്ന അച്ഛനായി മാറാൻ ശ്രമിക്കുന്നുണ്ട് അയാൾ സി.കെ. ബിന്ദുവിന്റെ അടുക്കൽ. ഇക്കൂടെ അമ്മ സ്ഥിരീകരണ(mother fixation)-ത്തിന്റെ ലാഞ്ഛനയുമുണ്ട് അയാളുടെ ലിബിഡോയെ തളർത്താൻ കാരണമായിട്ട്. ലീല പാചകം ചെയ്ത ഇറച്ചിക്കറി അയാൾക്ക് അമ്മയോർമ്മയാണ് സമ്മാനിക്കുന്നത്, കാമിനിയുടെ നൈവേദ്യരുചി അല്ല. ഇതിനെ മറികടക്കാനുള്ള വഴികളാണ് അയാൾ അന്വേഷിക്കുന്നതും. ലീലയെ മകൾരൂപത്തിൽ കാണുന്ന സംഭ്രാന്തിയും അയാൾക്കുണ്ടെന്ന് കഥയിൽ ('ഒരു കുഞ്ഞിനോടുള്ള വാത്സല്യംപോലെ അവളുടെ നെറുകയിൽ ഉമ്മവച്ചു')'.

സിനിമയുടെ സാമൂഹികവെളിപാടുകൾ
എതിരൻ കതിരവൻ
ഡി.സി. ബുക്‌സ്, 2018
വില: 125 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP