Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഥയിലെ പ്രേതഭാവനകൾ

കഥയിലെ പ്രേതഭാവനകൾ

ഷാജി ജേക്കബ്

കൃത്യം നൂറ്റിഇരുപത്തിയഞ്ചുവർഷം മുൻപ് 1892-ൽ എഡ്വേർഡ് മങ്ക്, പിന്നീടു വിശ്വവിഖ്യാതമായിത്തീർന്ന 'The Scream' വരയ്ക്കുമ്പോൾ അതിനെഴുതിച്ചേർത്ത ഒരടിക്കുറിപ്പുണ്ട്. 'One evening I was walking along a path, the city was on oneside and the fjord below. I felt it tired and ill. I stopped and looked out over the fjord-the sun was setting, and the clouds turning blood red. I sensed a scream passing through nature; it seemed to me that I heard the scream. I painted this picture, painted the clouds as actual blood. The colour shrieked. This became The Scream'.

മർത്യാനുഭവങ്ങളെ ശവംപോലെ മരവിപ്പിക്കുന്ന സാമൂഹ്യാവസ്ഥകളുടെ ക്രൂരഭാവനയായി ലോകം വാഴ്‌ത്തിയ ഈ ചിത്രം എക്സ്‌പ്രഷനിസത്തിന്റെ എക്കാലത്തെയും ക്ലാസിക് മാതൃകയായി.

1929-ൽ സൽവദോർദാലിയും താനും ചേർന്നെടുത്ത സറിയലിസ്റ്റിക് ഷോർട്ട് ഫിലിം Unchie Anda louhnൽ അന്നോളം (ഒരുപക്ഷെ പിന്നീടും) കാണാത്തവിധം ഭയജനകമായി കാമനകളുടെ കറുത്ത ദുരന്തങ്ങളാവിഷ്‌ക്കരിച്ചതിനെക്കുറിച്ച് ലൂയി ബുനുവൽ എഴുതി: 'We exalted passion, mystification, blackhumor, the insult and the call of the abyss'.

നമ്മുടെ കാലത്തേക്കുവന്നാൽ കിംകിഡുക്കിന്റെ സിനിമകളിൽ അക്രമവും ക്രൂരതയും രതിയും മൃതിയും അവയുടെ ഏറ്റവും നാരകീയമായ ഭാവരൂപങ്ങളിൽ തെഴുത്തുനിൽക്കുന്നതുകാണാം. 2013-ൽ തിരുവനന്തപുരത്ത് അദ്ദേഹം പറഞ്ഞ വാക്കുകൾ ഓർക്കുക. 'My movies are based on the pains of humanbeings... For me violence is beautiful.... I tried to convey the pain and sensitivity of humanbeings'.

കലാത്മകതയിലോ രാഷ്ട്രീയമാനങ്ങളിലോ സമീകരിച്ചു കാണുകയല്ല, പക്ഷെ ഈ മൂന്നു സന്ദർഭങ്ങൾ ഓർമ്മയിലെത്തിച്ചു, ഇന്ദുമേനോന്റെ 'പഴരസത്തോട്ടം' എന്ന സമാഹാരത്തിലെ ഏഴുകഥകളും. ജോർജ് ഓർവെല്ലിന്റെ 1984 മുതൽ ടി.ഡി. രാമകൃഷ്ണന്റെ സുഗന്ധി... വരെയുള്ള നോവലുകളിലുള്ളതുപോലെ, ഭരണകൂടം മുതൽ വിപ്ലവപ്രസ്ഥാനങ്ങൾ വരെയുള്ളവ നടത്തുന്ന കിരാതമായ നരവേട്ടയുടെ കഥാപാഠങ്ങളാണ് 'പഴരസത്തോട്ടം', 'ഡി' എന്നിവയെങ്കിൽ, മതവർഗീതയുടെയും ജാതിവെറിയുടെയും അക്രമാസക്തമായ ചരിത്രപ്രവേശങ്ങളാകുന്നു മരണവേട്ട, പുലയടി എന്നീ കഥകൾ. വ്യക്തി സ്വയം കൈവരിക്കുന്ന നൃശംസതയുടെയും ക്രൗര്യത്തിന്റെയും മനുഷ്യവിരുദ്ധതയുടെയും ഹിംസാത്മകസന്ദർഭങ്ങളുടെ ആവിഷ്‌ക്കാരമാണ് 'ഷണ്ഡവിലാപ'വും 'മൃതിനിർവേദ'വും. 'പ്രേമസൂത്ര'മാകട്ടെ, ഒരേസമയം പുരുഷലൈംഗികതയെക്കുറിച്ചുള്ള ഒരുപന്യാസവും അഗമ്യഗമനത്തിന്റെ പാപസങ്കീർത്തനവുമാകുന്നു.

ഭാവുകത്വപരവും ആഖ്യാനപരവുമായ തലങ്ങളിൽ നടത്തിയ വേറിട്ട ചില ഇടപെടലുകൾ വഴിയാണ് ഇന്ദുമേനോന്റെ കഥകൾ മലയാളത്തിൽ മൗലികമായി അടയാളപ്പെടുന്നത്. ഒന്നാമത്തെ സവിശേഷത, ഭാഷയുടെ കലയിൽ അവ പ്രകടിപ്പിക്കുന്ന അസാമാന്യമായ വഴിമാറിനടപ്പാണ്. മലയാളത്തിൽ മറ്റൊരു കഥാകൃത്തിനും കഴിയാത്ത മട്ടിൽ ഭാഷയുടെ തീവ്രവും രൂക്ഷവുമായ രസസന്നിവേശങ്ങൾ സാധ്യമാക്കുന്ന പദകോശത്തിന്റെയും ബിംബകല്പനകളുടെയും നൈരന്തര്യം ഇന്ദുവിന്റെ ആദ്യകാലകഥകൾ മുതലുണ്ട്. ഒരു ലെസ്‌ബിയൻ പശു, സംഘ്പരിവാർ, ഹിന്ദുഛായയുള്ള മുസ്ലിം പുരുഷൻ എന്നീ മൂന്നു സമാഹാരങ്ങളിലെയും മിക്കവാറും രചനകളിൽ ഇതുമാറ്റമില്ലാതെ തുടരുന്നു. പഴരസത്തോട്ടത്തിലെത്തുമ്പോൾ ഈ ഭാഷാകല അതിന്റെ അമ്ലതുല്യമായ രൂക്ഷതയും തീവ്രതയും പൂർവാധികം വർധിതമാക്കുന്നു. പ്രണയമാണ് ഭാവമെങ്കിൽ ഭാഷ അതീവ കാല്പനികമാകും. വിരഹമാണു ഭാവമെങ്കിൽ ഭാഷ അത്രമേൽ കാതരമാകും. ഹിംസയാണ് പ്രമേയമെങ്കിൽ ഭാഷ ഒരു കൊടുവാൾപോലെ മൂർച്ചയുറ്റതാകും. വയലൻസാണ് സന്ദർഭമെങ്കിൽ ഭാഷയിൽനിന്നു ചോരയിറ്റും. രതിയാണ് വിഷയമെങ്കിൽ വാക്കുകൾ ഉണർന്ന ലൈംഗികാവയവങ്ങൾ പോലെ ത്രസിക്കും. മലയാളകഥ ഒ.വി. വിജയനിലൊഴികെ (അശാന്തി പോലുള്ള സമാഹാരങ്ങൾ ഓർക്കുക) ആരിലും ഇത്രമേൽ സൂക്ഷ്മമായി ആസൂത്രണം ചെയ്യപ്പെട്ട ഭാഷയിലൂടെ ഈവിധമൊരു ഭാവപാരമ്യത്തിലെത്തിയിട്ടില്ല. കഥകളുടെ ശീർഷകം മുതൽ കഥനത്തിന്റെ ആദിമധ്യാന്തം പ്രകടമാണ് ഭാഷയുടെ ഈ രാസകാവ്യകല.

രണ്ടാമത്തെ തലം പെൺകഥകളിൽ മുൻപാരും ചെയ്യാത്തവിധം കൂസലേതുമില്ലാതെ ഇന്ദുചെയ്യുന്ന ലൈംഗികതയുടെയും ഇതര കാമനാലോകങ്ങളുടെയും തുറന്നിടലാണ്. ആൺ, പെൺ ലൈംഗികതകൾ രണ്ടിലും ഒരുപോലെ പ്രകടമാണ് ഈ തുറന്നിടലുകൾ. ശരീരവും ആത്മാവും തീപിടിച്ച ആസക്തികളുടെ തെയ്യങ്ങളായി മാറുന്നു. മാധവിക്കുട്ടിയിൽനിന്നു മുന്നോട്ടുപോയി മലയാളത്തിലെ പെൺകഥ പെണ്ണുടലിന്റെ രത്യുത്സവങ്ങൾക്കു തുറന്ന മേച്ചിൽപ്പുറം കണ്ടെത്തിയത് ഇന്ദുവിലാണ്. ചിലപ്പോഴെങ്കിലും അത് കൃത്രിമത്വം നിറഞ്ഞ കാമാർത്തിയുടെ സൂത്രവാക്യങ്ങളായിപ്പോകാറുണ്ട് എന്നതു മറക്കുന്നില്ല. എങ്കിലും ചുംബനം മുതൽ സുരതം വരെ; പ്രണയം മുതൽ ബലാൽക്കാരം വരെ; ദാമ്പത്യം മുതൽ അഗമ്യഗമനം വരെ - ഒരിടത്തും സദാചാരവും ധാർമികതയും മൂല്യബോധവും കാമഭാവനയും സ്ത്രീപുരുഷന്മാരെ പിന്നോട്ടുവലിക്കുന്നില്ല; ഇന്ദുവിന്റെ കഥനകലയെയും. രതിപോലെതന്നെ രത്യാത്മകമായി അക്രമവും പീഡനവും പകയും വെറിയും ഹിംസയും വിവരിക്കുന്ന വിചിത്രമായൊരു പ്രേതഭാവനയ്ക്കുടമയാണ് ഇന്ദുമേനോൻ.

മൂന്നാമത്തെ തലം ചരിത്രബദ്ധവും മാനവികവുമായ മതരാഷ്ട്രീയമാണ്. ഇത്രമേൽ നിശിതമായി ആധുനികാനന്തര ഇന്ത്യൻ മതവർഗീയതയുടെ രാഷ്ട്രീയം അപനിർമ്മിക്കുന്ന കഥാകൃത്തുക്കൾ ഇന്ദുവിന്റെ തലമുറയിൽ മറ്റൊരാളില്ല. വി.കെ. എന്നും ആനന്ദും സക്കറിയയും മാധവനും സാറാജോസഫും തുറന്നിട്ട വഴിയിലൂടെ സുധീരം മുന്നോട്ടുപോകുന്നു, ഇന്ദുമേനോൻ. കഥയെ ചരിത്രവൽക്കരിച്ചും രാഷ്ട്രീയവൽക്കരിച്ചും മൂർത്തമായ സാംസ്‌കാരികപാഠങ്ങളാക്കി മാറ്റുന്നതിൽ തന്റെ തലമുറയിലെ ആൺ, പെൺ കഥാകൃത്തുക്കളിൽനിന്ന് ഇന്ദു പാലിക്കുന്ന ഈ അകലമാണ് ഒരുപക്ഷെ അവരുടെ രചനകളെ ഏറ്റവും കാലികപ്രസക്തവും സാമൂഹികബദ്ധവുമാക്കി മാറ്റുന്നത്. മുൻപിറങ്ങിയ മൂന്നു സമാഹാരങ്ങളിലും ഈ രാഷ്ട്രീയഭാവന ഇടതടവില്ലാത്ത ജാഗ്രതയോടെ കാത്തുസൂക്ഷിക്കുന്നുണ്ട്, ഇവർ.

'പഴരസത്തോട്ട'ത്തിലെ കഥകളും പലനിലകളിൽ മേല്പറഞ്ഞ മൂന്നു ഭാവുകത്വമണ്ഡലങ്ങളെയും ആഖ്യാനവിതാനങ്ങളെയും സ്വയം നവീകരിക്കുകയോ പ്രശ്‌നവൽക്കരിക്കുകയോ ചെയ്യുന്നു. പലതരം ഹിംസകളെ മുൻനിർത്തിയെഴുതപ്പെട്ട 'ഗോഥിക്'ഭാവനകളാണ് 'പഴരസത്തോട്ട'ത്തിലെ കഥകൾ. രതിയുടെയും മൃതിയുടെയും ഗന്ധകാഗ്നിയിൽ നീറിപ്പഴുക്കുന്ന മനുഷ്യാവസ്ഥകളുടെ ശിരോലിഖിതങ്ങൾ. ആധുനികതയുടെ ഗൂഢസാരസ്വതങ്ങൾക്ക് വാൾമൂർച്ച നൽകിയ എക്സ്‌പ്രഷനിസ്റ്റ്, സറിയലിസ്റ്റിക് സംസ്‌കാരചിഹ്നങ്ങൾക്ക് നൂറ്റാണ്ടിനിപ്പുറമുണ്ടായ പുനർജനിപോലെയാണ് ഇവയുടെ ഭാവബന്ധങ്ങളും രൂപപദ്ധതിയും ചിട്ടപ്പെടുന്നത്. വേണമെങ്കിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ ഉരുവംകൊണ്ട നിയോ എക്സ്‌പ്രഷനിസത്തിന്റെ തുടർച്ചയെന്നും ഇവയെ കരുതാം. ചിത്രകലയിലാകട്ടെ, സിനിമയിലാകട്ടെ, സാഹിത്യത്തിലാകട്ടെ മനുഷ്യശരീരത്തിന്റെ ക്രൂരവും അക്രമാസക്തവുമായ ആവിഷ്‌ക്കാരത്തെ തങ്ങളുടെ കാലത്തിന്റെ രാഷ്ട്രീയരൂപകമാക്കിമാറ്റിയ ഈയൊരു കലാപാരമ്പര്യത്തിലാണ് ഇന്ദുമേനോന്റെ കഥകളുടെ നില. മലയാളത്തിൽ മറ്റൊരു കഥാകൃത്തും പരീക്ഷിക്കാത്തവിധം ഉടലിന്റെ വന്യവും ഭീതിദവും തിക്തവും ജ്വരിതവുമായ പീഡാനുഭവങ്ങൾക്കുമേലാണ് ഈ കഥാകൃത്തിന്റെ ഭാവന നിഷ്‌ക്കരുണം നൃത്തം ചെയ്യുന്നത്.

വിയറ്റ്‌നാം യുദ്ധത്തിന്റെ ചരിത്രപശ്ചാത്തലത്തിൽ, തന്റെ ജനതക്കുവേണ്ടി ഉടൽകൊണ്ടു പൊരുതി കാലത്തെയും അമേരിക്കൻ സൈന്യത്തെയും അതിജീവിച്ച റൂഡിത്തായുടെ ജീവിതകഥയാണ് 'പഴരസത്തോട്ട'ത്തിന്റെ ആഖ്യാനസന്ദർഭങ്ങളിലൊന്ന്. അവരെ കണ്ട്, ജീവിതം യുദ്ധവും യുദ്ധം ജീവിതവുമാണെന്നു തിരിച്ചറിയുന്നു. ഐരാവതി. തന്റെ ഭർത്താവ് ബാലാജിയും കൂട്ടുകാരി ജയന്തിയും ചേർന്ന് ഐരാവതിയെ ചതിക്കുന്നു. മാന്ത്രികനായിരുന്ന പിതാവ് ശക്തിവേൽ, വേദിയിൽതന്നെ തൂങ്ങിമരിക്കുന്നതോടെ ബാലാജിയെ ഐരാവതി കാത്തു. എന്നിട്ടും അയാൾ തന്നെയും പിതാവിനെയും ചതിച്ചവന്റെ മകളായ ജയന്തിയെ കാമിച്ചു. അവരൊന്നിച്ച് ഐരാവതിയെ ചതിച്ചു. പകയുടെയും വെറിയുടെയും ചതിയുടെയും മാനങ്ങളിലൂടെ വ്യക്തികളും രാഷ്ട്രങ്ങളും പ്രസ്ഥാനങ്ങളും ജനതകളും കടന്നുപോകുന്ന സമാനമായ അവസ്ഥാന്തരങ്ങളുടെ രൂപകമാണ് 'പഴരസത്തോട്ടം'. ആഖ്യാനത്തിന്റെ ക്രൗര്യഭാവത്തിൽ സമാനതകളില്ലാത്ത രചന. സറിയലിസത്തിന്റെ ഭാഷാഭൂപടം. ചരിത്രത്തിന്റെയും ഭാവനയുടെയും മാന്ത്രികസംയുക്തം. മരണത്തിന്റെ കഠം.

'ഡി', ശ്രീലങ്കൻ തമിഴ് രാഷ്ട്രീയത്തിന്റെ അതുല്യമായ ആത്മബലികളുടെ ചരിത്രം പശ്ചാത്തലമാക്കി വിമോചനപ്പോരാളികളായ ദിപാകരന്റെയും പശുമാലയുടെയും കഥ പറയുന്നു. സമാധാനസേന ഭരണകൂടസൈന്യത്തോടൊപ്പം ചേർന്ന് നടത്തിയ വംശഹത്യകൾക്കു പകരം വീട്ടാൻ പശുമാല തെരഞ്ഞെടുത്ത രീതി പ്രധാനമന്ത്രിയെ വധിക്കുക എന്നതായിരുന്നു. അവൾ മനുഷ്യബോംബായി പൊട്ടിത്തെറിച്ചെങ്കിലും ശരീരത്തിന്റെ ഒരുപകുതി ജീവനോടെ അവശേഷിച്ചു. കാമറ അവളെ ഒറ്റുകൊടുക്കുകയും ചെയ്തു. ദിപാകരനും മക്കൾ പോൾ ആന്തണിയും വേദികയും തിരുച്ചെൽവിയും കുരുതികൊടുക്കപ്പെടുന്നു. പശുമാലയെ ഭരണകൂടം തൂക്കിക്കൊല്ലുന്നു. ദിപാകരനും പശുമാലയും സൈന്യത്താൽ ഭീകരമായ ശാരീരിക പീഡനത്തിനിരയാകുന്നതിന്റെ ചരിത്രാത്മകവിശകലനമാണ് കഥ. പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ലൂയി പതിനഞ്ചാമനെ ആക്രമിച്ച റോബർട്ട് ഫ്രാങ്കോ ഡാമിയൻ എന്നയാളെ ഭരണകൂടം ചിത്രവധം നടത്തിയ രീതിയിൽനിന്ന് ദിപാകരനിലേക്കും പശുമാലയിലേക്കും ഇന്ദു ഒരുവഴി തുറന്നിടുന്നു. റൂഡിത്തായിൽ അമേരിക്കൻ സൈന്യം നടത്തിയ കയ്യേറ്റംപോലെ മറ്റൊന്ന്. ആധുനികകാലത്തെ ഭരണകൂടഭീകരതയുടെയും ശരീരപീഡനങ്ങളുടെയും ഹിംസയുടെയും ചരിത്രമായി ഈകഥകൾ രണ്ടും മാറുന്നു. നാലുകുതിരകളിൽ കെട്ടി നാലുദിക്കിലേക്കു പായിച്ച് ഡാമിയന്റെ ശരീരം നാലായി വലിച്ചുകീറിയ ലൂയിപതിനഞ്ചാമനെ ഓർമയിലെത്തിച്ചുകൊണ്ട് ദിപാകരനെ രണ്ടായി പിളർന്നുകീറി മേജർ മൽഹോത്രയുടെ ചോരയ്ക്കു പകരംവീട്ടി, ഇന്ത്യൻ സേന.

മിഷെൽ ഫൂക്കോയും മറ്റും ചർച്ചചെയ്യുന്ന, ഭരണകൂടഹിംസയുടെയും ശരീരപീഡനത്തിന്റെയും ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ മാതൃകകളിലൊന്നാണ് ഡാമിയന്റേത്. എത്രയെങ്കിലും പാഠരൂപങ്ങളിൽ പുനരാവിഷ്‌ക്കരിക്കപ്പെട്ട ഭരണകൂടഭീകരതയുടെ രക്തപുഷ്പം. ഡാമിയന്റെയും ദിപാകരന്റെയും കഥകൾ സിനിമാറ്റിക് ശൈലിയിൽ സീനുകളായി പുനഃസൃഷ്ടിക്കുന്നു, 'ഡി'. പീഡനത്തിന്റെ ഘോരരൂപങ്ങളിലൊന്ന് വായിക്കുക:

'ഡാമിയന്റെ കയ്യിലും കാലുകളിലും ഓരോരോ കുതിരകളെ കെട്ടി. ഭംഗിയും തലയെടുപ്പുമുള്ള കരുത്തരായ നാല് ആൺകുതിരകൾ. ചാട്ടപുളഞ്ഞു... അവ നാലു ദിക്കുകളിലേക്കും പാഞ്ഞു... ക്വാർറ്ററിങ്. നാലായി പിളർത്തൽ... എല്ലുകൾ നീങ്ങുന്ന ശബ്ദം ജനഭ്രാന്തിൽ മുങ്ങിപ്പോയി.

ആളുകളുടെ ആർപ്പുകൾ ഉച്ചസ്ഥായിലായി.

'കൊല്ല് കൊല്ല് കൊല്ല്...'. അവർ താളത്തിൽ ഹരംപൂണ്ടു. കൈകൊട്ടി ശിക്ഷകനെ പ്രോത്സാഹിപ്പിച്ചു.

ക്രിക്ക് എന്ന ശബ്ദത്തിൽ രണ്ടു കൈകളും കുഴിയിൽനിന്നും വേർപെട്ടുപോന്നു.

'അമ്മാ... അവരോടെ കാൽ, അത് വിട്ടുപോന്നതേയില്ലൈ... വീണ്ടും ഓരോ കുതിരയെയുംകൂടി ചേർത്തുകെട്ടി വലിച്ചുനോക്കി. പറ്റീലാ. പിന്നെ മഴുകൊണ്ടുവന്ന് വെട്ടിയെടുക്കുകയായിരുന്നു... എന്നിട്ടും അവങ്കെ സാവലെ... അന്ത റ്റോർസ്സോ ജീവനോടെ ഒരു മരക്കമ്പിൽ സ്റ്റേക്ക് സെയ്തിട്ടാൾ. ഒടുക്കം തീയ്യെ പോട്ട്... അവങ്കെ എരിന്ത സാരത്തെ പാരീസ്സ് നഗരത്തിൽ വിതറിയിട്ടേൻ. എന്ന കൊടുമയമ്മാ ഇത്?'.

അവൾ എന്തിനാണു കത്തെഴുതുമ്പോൾ നിലവിളിച്ചതെന്നു പശുമാലയ്ക്ക് മനസ്സിലായി. അവൾ എന്തിനെയായിരിക്കും ഭയന്നത് എന്നവൾക്കു മനസ്സിലായി.

ദിപാകരന്റെ കാലുകൾ പട്ടാളവണ്ടിയുടെ കൊളുത്തിൽ ചങ്ങല കെട്ടി ഞാത്തിയിടാൻ അതിക്രൂരമായ ഒരു പുഞ്ചിരിയോടെ മേജർ സുന്ദരരാമസ്വാമി അയ്യങ്കാർ കല്പിച്ചു. എതിർ പാതകളിലേക്കു മുഖം തിരിച്ചിട്ട രണ്ടു വണ്ടികൾ. ക്വാർറ്ററിങ്... ക്വാർറ്ററിങ്... നാലായി പകുക്കൽ...

പശുമാലയ്ക്ക് പ്രാണൻ വിലങ്ങി.

'കടവുളേ യെൻ കടവുളേ...'.

അവൾ മുഖം പൊത്തി. ദിപാകരനെ ബന്ധിച്ച രണ്ട് പട്ടാളവണ്ടികളും എതിർദിശയിലേക്ക് സാവധാനം അകന്നുപോയി... അവളുടെ കൈപ്പത്തിയിൽ ചോര ചിതറിവീണു. രണ്ടു പാതിയായി ദിപാകരൻ പശുമാലയിൽ നിന്നകന്നുപോയി. ഒരു പാതി ഇന്ത്യയിലേക്കും മറുപാടി ലങ്കയിലേക്കും. അയാളുടെ മോതിരം ഊരിത്തെറിച്ച് അവൾക്കു മുമ്പിൽവന്ന് വീണു'.

'ഒരു ലസ്ബിയൻ പശു' മുതൽ 'ഹിന്ദുഛായയുള്ള മുസ്ലിം പുരുഷൻ' വരെയുള്ള അരഡസൻ കഥകളിലെങ്കിലും ഇന്ത്യയിലെ ഹിന്ദുത്വഭീകരതയെ വിചാരണ ചെയ്ത ഇന്ദുമേനോൻ ഇസ്ലാമികഭീകരതയെ പ്രതിക്കൂട്ടിൽ നിർത്തുന്നു, 'മരണവേട്ട'യിൽ. ഈ കഥ തനിക്കുപറ്റിയ തെറ്റാണെന്ന് പുസ്തകത്തിന്റെ ആമുഖത്തിൽ കുമ്പസാരിക്കുന്നുണ്ട്, കഥാകൃത്ത്. മതഭീകരതയും ഹിംസാത്മക രാഷ്ട്രീയവും ഹിന്ദുത്വവാദികളുടെ മാത്രം സ്വഭാവമല്ല. നിലനിൽക്കുന്ന ആഗോള, ദേശീയ, പ്രാദേശിക സന്ദർഭങ്ങളിൽ ഇസ്ലാമികഭീകരതയും ഒരു യാഥാർഥ്യമാണ്. രാഷ്ട്രീയ ഇസ്ലാമിനെക്കുറിച്ചു കഥയെഴുതുന്നത് ഏറ്റുപറയേണ്ട തെറ്റായി ഇന്ദു കാണുന്നതാണ് വിസ്മയം. സുമംഗലയെ പ്രണയിച്ചു വിവാഹം കഴിച്ച ബഷീർ, അവളുടെ കൂട്ടുകാരിയും ഐസക്കിന്റെ ഭാര്യയുമായ എലിസബത്തുമായി അടുക്കുന്നതോടെ രണ്ടു ദാമ്പത്യങ്ങളും തകരുന്നു. സുമംഗലക്ക് എയ്ഡ്‌സ് പകർന്ന് ബഷീർ ആത്മഹത്യ ചെയ്യുന്നു. വർഷങ്ങൾക്കുശേഷം രോഗിയാകുമ്പോൾ താൻ ജീവിതത്തിലുടനീളം ചതിക്കപ്പെടുകയായിരുന്നു എന്നവൾ തിരിച്ചറിയുന്നു. അവളുടെ മകൻ സോനു, ഹിന്ദുവായി ജീവിക്കുകയും ഹിന്ദുത്വവാദിയായി മാറുകയും ചെയ്യുന്നതിൽ മുൻപുണ്ടായിരുന്ന അസഹിഷ്ണുത സുമംഗല മറികടക്കുന്നു. എയ്ഡ്‌സ് പരത്തുന്ന മുസ്ലിമിൽ നിന്ന് ലൗജിഹാദിന്റെ സമീപകാല രാഷ്ട്രീയത്തിലേക്ക് ഇസ്ലാമോഫോബിയ വളരുന്നതിന്റെ നിശിതമായ നിരീക്ഷണങ്ങളുണ്ട് കഥയിൽ. സോനുവിന് ആദ്യശത്രു സ്വന്തം പിതാവുതന്നെയായി മാറി. ' 'അമ്മാ... ആരേം വിശ്വസിക്കല്ലേ... അമ്മാ. അമ്മാ ചതിയന്മാരാണ്...'.

സോനുവിന്റെ ശബ്ദം...

'ഇന്നേം ഇന്റെ പാവം അമ്മേം... ചതിച്ചു'. അവന്റെ സ്വരത്തിലെ നിസ്സഹായത, നിസ്സഹായന്റെ ക്രോധം.

'പ്രിയ സഹോദരിമാരേ, നിങ്ങളിവരുടെ വലയിൽ വീഴാതിരിക്കൂ... ഭാരതാംബ....' ഭജ്‌റംഗി വിലങ്ങിട്ട കൈകൾ വായുവിൽ വീശി...

'എച്ച്.ഐ.വി. പോസിറ്റീവായതുകൊണ്ടാണ് ബഷീർ സൂയിസൈഡ് ചെയ്തത്. നിങ്ങൾക്കറിയുമെന്നാണ് ഞാൻ കരുതിയത്. സത്യമാണിത്. വിശ്വസിച്ചേ മതിയാവൂ'. ഡോക്ടർ മുഴക്കമുള്ള ശബ്ദത്തിൽ ആണയിട്ടു.

മെഡിക്കൽ റിപ്പോർട്ടുകൾ വാങ്ങി മുറിയിലേക്കു നടക്കുമ്പോൾ സുമംഗല ഒരു വിഡ്ഢിച്ചിരി ചിരിച്ചു. വേട്ടക്കാരന്റെ കൊന്ത്രമ്പല്ലുരസുമ്പോൾ അല്പനേരത്തേക്ക് ഇരയ്ക്കുണ്ടാകുന്ന ഭയപ്പെടുത്തുന്ന ഇക്കിളിയുടെ ചിരി. ഇനി സോനുവിന്റെ സർട്ടിഫിക്കറ്റുകളിൽ അവന്റെ ജാതിക്കോളത്തിൽ, 'ജാതിയില്ല, മതമില്ല' എന്നെഴുതിയത് തിരുത്തി കറുത്ത മഷികൊണ്ട് 'ഹിന്ദു....ഹിന്ദു നായർ' എന്നെഴുതണമെന്ന് അവൾ ആഗ്രഹിച്ചു.

'നമ്മുടെ മകൻ മനുഷ്യനായി വളരട്ടേ സുമേ. ജാതിയും മതവുമൊന്നുമില്ലാണ്ട് തികഞ്ഞ ഇന്ത്യക്കാരനായി അവൻ വളരട്ടെ. മനുഷ്യക്കുട്ടിയാവട്ടെ അവൻ'. ബഷീറിന്റെ ചതിച്ചതുപ്പുകൾ ഒളിപ്പിച്ച വാക്കുകൾ അവൾ ഓർത്തു.

'ഇത് ഭയങ്കര ചതിയായി ബഷീറേ... നീ എന്റെ പെങ്ങളെത്തന്നെ...' എന്നു പറഞ്ഞ് വേദനിച്ച ചെറിയേട്ടനെ അവൾക്ക് പെട്ടെന്ന് ഓർമ്മവന്നു. ഇന്നുമുതൽ സോനുവിനെ ശാഖക്കയയ്ക്കണം... അവൾ ക്രൂരമായ ഒരാനന്ദത്തോടെ ബഷീറിനെയും ഓർത്തു.

'ഇല്ല.... ഇല്ല.... ഇതിൽ ചതിയില്ല... ഇല്ല...' ബഷീറിന്റെ പുച്ഛം നിറഞ്ഞ മറുപടി വാക്കുകൾ തികഞ്ഞ ആത്മനിന്ദയോടെ അവൾ പതുക്കെ ഉരുവിട്ടു.'.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം പശ്ചാത്തലമാക്കി രചിക്കപ്പെടുന്ന 'പുലയടി', പുലയരുടെ ജാതിസ്വത്വസംഘർഷങ്ങളുടെ ബാഹ്യവും ആഭ്യന്തരവുമായ ലോകങ്ങളുടെ ചരിത്രാഖ്യാനമാകുന്നു. പൊയ്കയിൽ അപ്പച്ചന്റെ കാലംതൊട്ടുണ്ടായ പുലയരുടെ ക്രിസ്തുമതാദേശവും ഹിന്ദുസ്വത്വവും തമ്മിലുള്ള വൈരുധ്യങ്ങളുടെ രാഷ്ട്രീയമാണ് കഥയുടെ കാതൽ. സുകുമാരൻ തന്റെ രണ്ടു തലമുറ പിതാക്കളുടെ ചോരയിലും ചെളിയിലും മുങ്ങിയ ചരിത്രം പറയുന്ന രീതിയിലാണ് ആഖ്യാനം. ഭരണകൂടവും സവർണഹിന്ദുക്കളും അദ്ധ്യാപകരും പൊലീസും കോടതിയും..... പുലയഹിംസനടത്താൻ മത്സരിച്ച ആധുനികസമൂഹങ്ങൾ ഒന്നൊന്നായി കഥയിൽ വിചാരണ ചെയ്യപ്പെടുന്നു. മരണത്തിലും ജീവിതത്തിലും പുലയന് വ്യത്യാസമൊന്നുമില്ല. മണ്ണുതിന്നും മണ്ണിൽ പണിതും മണ്ണിലടിയുന്ന തൃണജന്മം. അമ്മ ചത്ത ശേഷം സുകുവിനെ വളർത്തിയ പൊന്തമ്മാമ്മച്ചിയെ സവർണർ ബലാൽസംഗം ചെയ്തുകൊന്നു കെട്ടിത്തൂക്കി. അതിനെതിരെ പരാതികൊടുക്കാൻപോയ വല്യപ്പച്ചനെ പൊലീസ് ഇടിച്ചുകൊന്നു. അടിയന്തരാവസ്ഥയിൽ സുകുവിന്റെ അച്ഛനെയും പൊലീസ് കൊന്നു. ക്രിസ്ത്യാനിയായി എന്ന കുറ്റം വിധിച്ച് ഭരണകൂടം സുകുവിന് സംവരണവും നിഷേധിച്ചു. പൊയ്കയിൽ അപ്പച്ചൻ ചേരമരാക്കിയ പുലയരുടെ ജാതിച്ചൂര് പക്ഷെ ക്രിസ്ത്യാനികളും ഭരണകൂടസ്ഥാപനങ്ങളും കഴുകിക്കളഞ്ഞില്ല. അങ്ങനെ സുകുവിന്റെ ജാതിയെച്ചൊല്ലി പൊതുസമൂഹം നടത്തുന്ന പ്രത്യക്ഷവും പരോക്ഷവും പ്രതീകാത്മകവുമായ ഹിംസകളുടെ ഇരയായി മാറി അയാൾ.

ഷണ്ഡവിലാപത്തിൽ, ഡോക്ടർ രാജീവിന് കേണലിന്റെ അഞ്ചാം ഭാര്യയായ ചാരുലക്ഷ്മിയുമായുണ്ടാകുന്ന അവിഹിതബന്ധവും, അതേ പേരിട്ട് അയാൾ വളർത്തിയ മകളുടെ മരണവും കാൻസർരോഗിയായ ആയിഷയുടെ സ്തനഛേദവുമാണ് കഥാസന്ദർഭങ്ങൾ. ഇവ മൂന്നും തമ്മിലുള്ള ഇഴച്ചേർച്ചകളും ഇടർച്ചകളുമാണ് കഥയുടെ നാടകീയത; നാരകീയതയും. പാപത്തിന്റെ ശമ്പളം മരണമായി മാത്രമല്ല ഷണ്ഡത്വമായും അയാളെ വേട്ടയാടി. മരണത്തിന്റെ ഗന്ധവും ശവത്തിന്റെ അഴുകലും ജീവിച്ചിരിക്കുമ്പോൾതന്നെ ഏറ്റുവാങ്ങി അയാൾ തന്റെ ആത്മാവിനെ ചെകുത്താനു വിറ്റു.

ഇതേ ചെകുത്താനു കൈവന്ന മനുഷ്യാവതാരത്തിന്റെ കഥയാണ് മൃതിനിർവേദം. ജീവിതം കുറ്റകൃത്യങ്ങളുടേതു മാത്രമാണെന്നു തിരിച്ചറിയുന്ന കേശവേന്ദ്രൻ, തന്നെ വേട്ടയാടിയ ലോകത്തോട് പകവീട്ടിയത് ഹിംസകളെ രതിപോലെയാസ്വദിച്ചുകൊണ്ടാണ്. അമ്മയെയും അമ്മയെ പ്രാപിക്കാൻവന്ന പതിവുകാരനെയും കൊന്നുതുടങ്ങിയ ജീവിതം. മുംബയിലെ ഹിന്ദുത്വരാഷ്ട്രീയത്തിന് കൂലിത്തല്ലും കൂട്ടിക്കൊടുപ്പുമായി വളർന്ന കൗമാരം. ഒടുവിൽ മരണത്തിന്റെ ദൂതനും ശവങ്ങളുടെ വ്യാപാരിയുമായി മാറുന്ന രാജ്യാന്തര വളർച്ച. കൂട്ടക്കൊലകളും വംശഹത്യകളും ദുരന്തങ്ങളും അയാൾക്കു ലഹരിയായി. നൊസ് ഫെറാദു മുതൽ ഡ്രാക്കുള്ള വരെയുള്ളവർക്കുണ്ടായ കാലാന്തരജന്മംപോലെ കേശവേന്ദ്രൻ ശവങ്ങൾക്കിടയിൽ തിമിർത്തുജീവിക്കുന്നു.

ഒരു എഴുപതുകാരൻ മരണക്കിടക്കയിൽ നിന്നെഴുതുന്ന രതിനിർവേദങ്ങളുടെ കഥയാണ് പ്രേമസൂത്രം. നാൻസി ഫ്രൈഡേയുടെ ഫാന്റസികൾ പോലെ, താൻ പ്രാപിച്ചവരും പ്രാപിക്കാൻ കൊതിച്ചവരുമൊക്കെയായ ഇരുപത്തിരണ്ടു പെണ്ണുങ്ങളിലൂടെ കടന്നുപോയവന്റെ ആസന്നമരണചിന്തകൾ. യൂണിവേഴ്‌സിറ്റി പ്രൊഫസറാണയാൾ. തുടക്കം തന്റെ പ്രൊഫസറുടെ മകൾ മൃണാളിനിയെ പ്രാപിച്ചുകൊണ്ടായിരുന്നു. ഒടുക്കം മൃണാളിനിയിൽ തനിക്കുണ്ടായ മകളെ പ്രാപിച്ചുകൊണ്ടും. അപർണ, കാലങ്ങളോളം അയാളെ പ്രണയിച്ചും പ്രാപിച്ചും കഴിഞ്ഞതിനൊടുവിലാണ് അയാൾ തന്റെ പിതാവാണെന്നറിയുന്നത്. അയാളും. അവൾ ആത്മഹത്യചെയ്തു. അയാളാകട്ടെ ഒരു മനുഷ്യന് തന്റെ രതിജീവിതത്തിലുണ്ടാകാവുന്ന ആത്മീയധ്വജഭംഗത്തിന്റെ പാരമ്യം കണ്ട് മരണക്കിടക്കയിലാകുന്നു.

ജീവിതരതികളും രതിജീവിതങ്ങളും തുള്ളിത്തുളുമ്പുമ്പോഴും ഒന്നൊഴിയാതെ മുഴുവൻ കഥകളിലും കേന്ദ്രപ്രമേയങ്ങളായി വരുന്നത് ശാരീരികമോ ആത്മീയമോ ആയ പീഡനങ്ങളും ഹിംസയുമാണ്. ആത്മഹത്യക്കും കൊലയ്ക്കുമിടയിൽ നരകതുല്യമായി തിളച്ചാർക്കുന്ന ഉടലനുഭവങ്ങളിലൂടെ മുന്നേറുന്ന ആഖ്യാനങ്ങൾ. വ്യക്തിഹത്യ മുതൽ വംശഹത്യവരെയുള്ളവ ചരിത്രത്തിന്റെ രാഷ്ട്രീയമായി വ്യാഖ്യാനിക്കപ്പെടുന്നു. വയലൻസും സെക്‌സും നിറഞ്ഞ അധികാരമണ്ഡലങ്ങൾ വിചാരണചെയ്യപ്പെടുന്നു. ബഹുതലരതി ബന്ധങ്ങളും അഗമ്യഗമനങ്ങളും മരണതുല്യമായ ആത്മനാശങ്ങളും നിറഞ്ഞ മർത്യഭാഗധേയങ്ങളുടെ ശാപഗ്രന്ഥം. സറിയലിസ്റ്റിക് രൂപകങ്ങൾ നിരനിരയായി വരുന്ന എക്സ്‌പ്രഷനിസ്റ്റ് കലയുടെ കഥയാട്ടങ്ങൾ. 'പഴരസത്തോട്ടം' മലയാളചെറുകഥയിൽ സൃഷ്ടിക്കുന്ന ഭാവനയുടെ പ്രേതഭൂമികകൾക്കുള്ള കിടിലംകൊള്ളിക്കുന്ന ഭാവുകത്വപ്രതീതി ഒന്നുവേറെതന്നെയാണ്.

'പഴരസത്തോട്ടം' എന്ന കഥയിൽനിന്ന്:-

'പൊടുന്നനേ റൂഢിത്തായുടെ കണ്ണുകളിൽ കാർമേഘങ്ങൾ കരിനിറച്ച ഒരു അബോധരാത്രിവന്ന് ജനലിലൂടെ കണ്ട ആകാശത്തെ കറുപ്പിച്ചു. പിന്നെ അന്തരീക്ഷത്തെ തണുപ്പിച്ചു. കറുത്ത പട്ടുതൊലിച്ചി കാപ്പിരിപ്പെണ്ണിന്റെ നഗ്നമായ തോളുകൾപോലെയാകാശം. നക്ഷത്രപ്പൊട്ടുകളില്ല, ചന്ദ്രനില്ല, രാത്രിനീലയെത്തിളക്കുന്ന അജ്ഞാതഗ്രഹങ്ങളിൽനിന്നു സ്ഫുരിക്കുന്ന കാന്തിക രാത്രിപ്രകാശമോ ചന്ദ്രകാന്ത രശ്മികളോ ഇല്ല. കറുത്ത പാടപോലെ നിർവികാരമായ ആന്ധ്യം. കണ്ണുകളിൽ ഊറിക്കെട്ടുന്ന ചുവന്ന രക്തപ്പാട. അതിനും താഴെ കട്ടകുത്തിയപോലെ കറുപ്പായ്തന്നെ എല്ലാ കാഴ്ചയും അറുന്നുപോകുന്നതുപോലെ റൂഢിത്തായ്ക്കു തോന്നി. പട്ടാളബൂട്ടിന്റെ പിച്ചളാറ്റംകൊണ്ട് അയാൾ കുഞ്ഞിന്റെ ജഡം ചവിട്ടിത്തെറിപ്പിച്ചു. കാലിജൂനിയറിന്റെ രോമരഹിതമായ ആപ്പിൾപ്പെണ്മുഖം. പീലികൾ നിറന്ന് വിശറിപ്പാപോലെ കനംതൂങ്ങിയ കണ്ണുകൾ. കയ്യിൽ എളിയിൽ സൂക്ഷിച്ച ചെറിയ കത്തി. ഇംഗ്ലീഷിലെ 'വി' അക്ഷരത്തിനു സദൃശമായ അതിന്റെ മുനക്കൂർപ്പിൽ വ്യാഘ്രകണ്ണൊളിമിന്നൽ റൂഢിത്തായ് കണ്ടു. ഗന്ധകാമ്ലത്തിൽ തിളങ്ങിയ അഗ്നിനക്ഷത്രങ്ങളുടെ വാൽപോലെ അതിന്റെ മൂർച്ച. അതവളോട് അപകടകരമായി ചിരിച്ചു.

വെടികൊണ്ട മുലയുടെ വലഞ്ചെരിവിലൂടെ മാങ്ങാപ്പൂളീൽ കയറ്റുന്ന ലാഘവത്തോടെ അയാൾ കത്തി കയറ്റി വരഞ്ഞു. അയാളെപ്പോഴും കടിക്കാറുണ്ടായിരുന്ന നെഞ്ചിനു മധ്യേയുള്ള ചെമ്പകമറുക് രണ്ടായി പകുന്നു. ഇടതുനെഞ്ചിനു താഴെയുള്ള വാരിയെല്ലിന്റെ ഇടയിലൂടെ അയാൾ കത്തി വൃത്താകൃതിയിൽ ചുഴറ്റി. ഹൃദയമുറിയും നാലറകളും ഒന്നായതുപോലെ റൂഢിത്തായ് അലറി.

'മിണ്ടരുത് പിശാചിനീ. നിന്നെ ഞാനെത്ര സ്‌നേഹിച്ചു? എത്ര വിശ്വസിച്ചു? എന്നെ മാത്രമല്ല, നിന്റെ ഗർഭത്തിലെ ഈ കുഞ്ഞിനെയും കൂടിയാണു നീ ചതിച്ചത്. നിന്നെയല്ലാതെ ഒരു പെണ്ണിനെയും ഞാൻ സ്പർശിച്ചിട്ടുപോലുമില്ല. ആ എനിക്കും രോഗമാണ് നിന്റെ സമ്മാനം. ഉഷ്ണപ്പുണ്ണ്. ഇതിനു മരുന്നില്ലെന്ന് നിനക്കറിയാം. ഈ രോഗം വന്നാൽ പട്ടാളക്കാരനെപ്പിന്നെ പിരിച്ചുവിടുമെന്നും. നിനക്കെല്ലാം അറിയാമായിരുന്നില്ലേ?'.

പാമ്പിൻതൊണ്ടയിൽ കുടുങ്ങിയ മരത്തവളയുടെ പിടപ്പോടെ കത്തിമുനയ്ക്കു താഴെ റൂഢിത്തായുടെ അവയവങ്ങൾ മിടിച്ചു. വേദനയ്ക്കിടയിലും അവൾ പൊട്ടിച്ചിരിക്കാൻ ശ്രമിച്ചു.

'എന്റെ രാജ്യത്തെ നിങ്ങളു ചതിച്ചില്ലേ? ഞങ്ങളുടെ സമാധാനത്തെ നിങ്ങള് ഇല്ലാണ്ടാക്കിയില്ലേ? എന്റെ കല്യാണത്തിന്റെ അന്ന് എന്റെ വരനെ നിങ്ങൾ കൊന്നില്ലേ? ഞാൻ നിങ്ങളെ സ്‌നേഹിക്കുമോ? വിഡ്ഢി'.

'ന്യായം പറയുന്നോ?' അയാൾ ക്രൂരമായ ഒരു ശബ്ദമിട്ടു. വേട്ടയിരയെ കഴുത്തുകടിച്ചെടുത്തു പായുന്ന കാട്ടുമൃഗത്തെപ്പോലെ ഒരു മുക്രശബ്ദം. പിന്നീട് സാവകാശം കത്തി പൊക്കിളിനു താഴേക്കു വലിച്ചു ചുഴറ്റി. വൻകുടലും ചെറുകുടലും അറുന്ന് അതിനു താഴെയുള്ള ഗർഭപാത്രത്തിലേക്ക് അത് സാവധാനം അയാൾ കുത്തിയിറക്കി. അടിവയറ്റിൽ ആയിരം ചിത്രശലഭങ്ങൾ പ്യൂപ്പപൊട്ടിച്ചു പുറത്തേക്ക് ഇരമ്പത്തോടെ ഇരച്ചുവന്നതായി റൂഢിത്തായ്ക്കുതോന്നി.

ഒരു നിലന്തല്ലികൊണ്ട് നിലം തല്ലുന്നതുപോലെ ലാഘവമായി ടെറിജൂനിയർ റൂഢിത്തായുടെ മുഖം ചതച്ചു. അവളുടെ മൂക്കുകുഴൽ പരന്ന് ചിതറി ഒരു ചുവന്ന തടിയൻ ശലഭത്തിന്റെ ഒറ്റച്ചിറകുപോലെ വിറച്ചു. അയാൾ കുന്തിച്ചിരുന്ന് അവളുടെ ചെവികൾ രണ്ടും അറുത്തെടുത്തു.

'ഒരു കഷണം ചോരയിറച്ചിയായിട്ടു വേണം നീയൊടുങ്ങാൻ'. അയാൾ അവളുടെ വലതു കൈവിരലുകൾ പുറകിലേക്ക് മടക്കി അഞ്ചും ഒടിച്ചു. ഇടത്തെ കയ്യിൽനിന്നും വലതു വിരൽ പറിച്ചെടുത്തു. കണ്ണുകൾ കുത്തിച്ചൂഴുവാനായി നോക്കുമ്പോൾ പട്ടാളത്തിന്റെ അപകട സൈറൺ മുഴങ്ങി'.

പഴരസത്തോട്ടം (കഥകൾ)
ഇന്ദുമേനോൻ
ഡി.സി. ബുക്‌സ്, 2017
വില : 180 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP