Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കഥ - 1980

കഥ - 1980

ഷാജി ജേക്കബ്

'വിക്ടോറിയ ടെർമിനസിലെ പ്ലാറ്റ്‌ഫോമുകളിലൊന്നിൽ ഒരു വണ്ടി വന്നുനിന്നു. താഴ്‌വരകളും മരുഭൂമികളും താണ്ടിയും നാട്ടിൻപുറങ്ങളെ മുറിച്ചും നഗരങ്ങളെ തുളച്ചും ദിവസങ്ങളോളം കിതച്ചോടി വണ്ടി ഇപ്പോൾ ടെർമിനസിലെ ബഫദകളിൽ മുട്ടി അതു വിശ്രമിച്ചു. ആ വണ്ടി ബഹിഷ്‌ക്കരിച്ച മനുഷ്യരെല്ലാം ഏതേതു വഴികളിൽകൂടി പോയി? ഏതു വാതിക്കൽ മുട്ടി? എങ്ങെങ്ങ് ഒളിച്ചു? ആർക്കും അറിഞ്ഞുകൂടാ. കെട്ടിടങ്ങളും വാഹനങ്ങളും മനുഷ്യരും കൊണ്ടു നിറഞ്ഞതെങ്കിലും നഗരത്തിന്റെ ഇടുങ്ങിയ ഇടപ്പഴുതുകൾ അവരെയെല്ലാം ഊർന്നിറങ്ങുവാൻ അനുവദിച്ചു. അവർ നഗരത്തോടു ചേർന്നില്ലാതായി. പേരും മേൽവിലാസവും മായ്ച്ച്, മുഖമില്ലാത്ത ആൾക്കൂട്ടം അവരെ അതിന്റെ വലയത്തിലും ലയത്തിലും അടക്കി'.

1960 കളിലെ ബോംബെ നഗരത്തെക്കുറിച്ച് ആനന്ദ് മലയാളത്തിലെ മഹാഖ്യാനങ്ങളിലൊന്നായ 'ആൾക്കൂട്ട'ത്തിലെഴുതി. 1980 കളിലും ഈ മഹാനഗരത്തിന്റെയും അവിടത്തെ മനുഷ്യരുടെയും അവസ്ഥ മറ്റൊന്നായിരുന്നില്ല എന്നു തെളിയിക്കുന്നു, അഷ്ടമൂർത്തിയുടെ 'ബോംബെകഥകൾ'. ഒരുപക്ഷെ കൂടുതൽ അമാനവികമായി മാറി എന്നുതന്നെയും. ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടു പോകുന്ന മനുഷ്യരുടെ ജീവിതവും മരണവും രണ്ടല്ലാതാകുന്ന വിചിത്രമായ അസ്തിത്വസന്ദർഭങ്ങൾ കഥാരൂപം കൈവരിക്കുന്ന പതിനഞ്ചു രചനകളാണ് ഈ സമാഹാരത്തിലുള്ളത്.

മറ്റൊരു രീതിയിലും ഈ കഥകളെ കാണാം. ആധുനികതാവാദത്തിന്റെ മലയാളവഴികളിലൊന്നായിരുന്നു പ്രവാസവാദത്തിന്റെ അനുഭവവും ആവിഷ്‌ക്കാരവും. പിന്നീടൊരുഘട്ടത്തിൽ അത് രാജ്യാന്തരഭൂമിശാസ്ത്രങ്ങൾക്കു കളമൊരുക്കിയെങ്കിലും തുടക്കത്തിൽ പട്ടാളബാരക്കുകളും മഹാനഗരങ്ങളുമായിരുന്നു, കഥാഭൂമിക. കേരളത്തിന്റെ മണ്ണും വേരും പറിഞ്ഞുപോയ ജീവിതായോധനത്തിന്റെ രാപ്പകലുകളിലേക്ക് രാജ്യാതിർത്തികളും നഗരകാന്താരങ്ങളും കടന്നുവന്ന കാലം. പാറപ്പുറത്തും വെട്ടൂരും തുടങ്ങിവച്ച പട്ടാളക്കഥകൾക്കുതന്നെയും പുതിയ മാനം കൈവന്നു. സഹ്യപർവതം കടന്നുപോയ തീവണ്ടികളിൽ മറ്റ് ആയിരക്കണക്കിനു മനുഷ്യർക്കൊപ്പം മദിരാശിയിലും ഡൽഹിയിലും ബോംബെയിലും കൽക്കത്തയിലുമൊക്കെ എത്തിപ്പെട്ട ഭാഗ്യാന്വേഷികളായ ചിലർ എഴുത്തുകാരായി. മലയാളസാഹിത്യം ആധുനികവുമായി.

വി.കെ.എൻ, കോവിലൻ, നന്തനാർ, കാക്കനാടൻ, വിജയൻ, മുകുന്ദൻ, കുഞ്ഞബ്ദുള്ള, സക്കറിയ, ആനന്ദ്.... പാലക്കാട് ചുരം കടന്ന് പട്ടാളത്തിൽ ചേരാൻപോയ ആധുനിക മലയാളകഥാസാഹിത്യം പിന്നീടൊരിക്കലും കേരളത്തിലേക്കു തിരിച്ചുവന്നില്ല. അത് ഉത്തരേന്ത്യയിൽനിന്ന് പശ്ചിമേഷ്യയിലേക്കും പിന്നീട് യൂറോപ്പിലേക്കും അമേരിക്കയിലേക്കും വിമാനം കയറി. അതിനിടെ ആധുനികതാവാദികളുടെ മേജർസെറ്റിനുശേഷം കളിയരങ്ങിലെത്തിയ മൈനർസെറ്റിലെ ഏറ്റവും ശ്രദ്ധേയനായ അഷ്ടമൂർത്തി, ബോംബെയിൽ കണ്ടുമുട്ടിയ 'കഥ'യുടെ കഥകളാണ് ഈ സമാഹാരം.

മഹാനഗരത്തിന്റെ തിക്കിലും തിരക്കിലും നിലംതൊടാതെ ജീവിക്കുന്ന മനുഷ്യരുടെ കഥകളാണ് ഇവയോരോന്നും. ഓഫീസിലോ ഫ്‌ളാറ്റിലോ തീവണ്ടിയിലോ തെരുവിലോ റസ്റ്റോറന്റിലോ ലിഫ്റ്റിലോ കണ്ടുമറന്നുപോകുന്ന, ആൾക്കൂട്ടത്തിലലിഞ്ഞുതീരുന്ന, അന്യൻ നരകമായി മാറുന്ന, ഇരുകാലികളുടെ ലോകം.

ഏതർഥത്തിലും മലയാളത്തിലെ ഒന്നാംതരം കഥകളിലൊന്നായ, 'അമ്മ ഉറങ്ങുന്ന രാത്രി'യിൽ, ജീവിച്ചിരുന്നപ്പോൾ അമ്മയെ മറന്ന മകനോട് അമ്മ മരിച്ചരാത്രിയിൽ ഒരാത്മാവ് അദൃശ്യനായി വന്ന് പറയുന്ന കഥയിൽ എല്ലാമുണ്ട് - മനുഷ്യബന്ധങ്ങളിൽ അറ്റുപോകുന്ന കരുണയുടെയും വറ്റിപ്പോകുന്ന നനവിന്റെയും ലോകങ്ങൾ. ചോരയിൽ ഉപ്പെന്നപോലെ അമ്മ പകർന്ന സ്‌നേഹം തിരിച്ചറിയാഞ്ഞ മകന്റെ കെട്ടജീവിതം. അമ്മയുടെ ജഡത്തിനുള്ള രാത്രികാവൽ എത്രമാത്രം അർഥരഹിതമാണെന്ന യാഥാർഥ്യം.. ഒക്കെ ഈ കഥ പറയുന്നു. മാതൃ, പിതൃ ദുഃഖങ്ങളുടെ സമാനമായ ചില അവസ്ഥകൾതന്നെയാണ് 'അറകൾ', 'ലാ പത്താ', 'വഴിയോരങ്ങൾ' എന്നീ കഥകളിലുമുള്ളത്. പൊലീസുകാരുടെ ലഹള അമർച്ചചെയ്യാൻ പട്ടാളം തെരുവിലിറങ്ങിയ നാളുകളിലൊന്നിൽ കൈത്തോക്ക് കളിപ്പാട്ടമായിക്കിട്ടിയ കൊച്ചുമകൻ ഹിംസയോടടുക്കുന്ന മുത്തുച്ഛനെ വേട്ടയാടുന്ന ഒരു രാത്രിയാണ് 'അറകളി'ലുള്ളത്. മകനുവേണ്ടി പേനവാങ്ങാൻ പോയ രാത്രിയിൽ ചേരിപ്രദേശത്തുള്ള തന്റെ വീട്ടിലേക്കു ബസുകാത്തുനിന്ന ഒരു കുട്ടിയുടെ പിന്നാലെ അവന്റെ വീടുതേടി യാത്രപോകുന്ന കഥാപാത്രമാണ് 'വഴിയോരങ്ങ'ളിലുള്ളത്. കാണാതാകുന്ന കുട്ടികളെക്കുറിച്ചുള്ള ദൂരദർശനിലെ അറിയിപ്പുകളിൽ ആത്മാവുമരവിച്ചുപോകുന്ന ഒരു വൈകുന്നേരം, അത്തരമൊരനുഭവത്തിന്റെ ആഘാതം ജീവിതം തന്നെ മാറ്റിമറിച്ച സുഹൃത്തിനെ യാത്രയാക്കി മടങ്ങുമ്പോൾ മകന്റെ സാന്നിധ്യം പോലും സംഭീതനാക്കി മാറ്റുന്ന വിനോദിന്റെയും ഭാര്യയുടെയും ഉറങ്ങാൻ കഴിയാത്ത രാത്രിയാണ് 'ലാ പത്താ'യിൽ. ഒരേനഗരം. നാലുരാത്രികൾ. നാലോ എട്ടോ മനുഷ്യർ. നാലവസ്ഥകൾ. ഓരോന്നും രക്തത്തിൽനിന്നു രക്തത്തിലേക്കു നീളുന്ന ഓരോ ഉപ്പുചാലുകൾ പോലെ വറ്റിവരണ്ടവ. എങ്കിലും കണ്ണീരുണങ്ങിയവ.

ഫ്‌ളാറ്റുകളിൽ രാത്രിയും ഓഫീസുകളിൽ പകലും വായുകുറഞ്ഞ അറകളിലെന്നപോലെ ശ്വാസംമുട്ടി ജീവിക്കുന്ന മനുഷ്യരുടെ അകംപൊള്ളയായ ബന്ധങ്ങളും ആർദ്രതവറ്റിയ അഭിനയങ്ങളും ഗത്യന്തരമില്ലാത്ത ഒത്തുതീർപ്പുകളും വല്ലാത്തൊരു നിരാർദ്രതയോടെ പരാവർത്തനം ചെയ്യുന്ന കഥകളാണ് താക്കോൽ, രോഹിണിഭട്ട്, രാമചന്ദ്രസലേക്കർ, എലിവേയ്റ്ററിലെ അവസരങ്ങൾ, റസ്റ്റോറന്റ്, വസന്ത്കുർളേക്കർ, ഒരു ലിഫ്റ്റ് ഓപ്പറേറ്ററുടെ കഥ, ബർബോസ, അവസാനിക്കാത്ത ഒരു കഥ, അകലത്തെ വിശേഷങ്ങൾ, യുക്തിഭംഗങ്ങൾ എന്നിവയെല്ലാം. അയുക്തികമായ അനുഭവങ്ങളിലൂടെയും അതീതയാഥാർഥ്യങ്ങളിലൂടെയും യുക്തിയുടെയും യാഥാർഥ്യത്തിന്റെയും നിസ്സാരത വെളിപ്പെടുത്തുന്നു ചില കഥകളെങ്കിൽ, നഗ്നമായ ശരീരങ്ങളെക്കാൾ നമ്മെ നാണിപ്പിക്കുന്നു, നഗ്നമായ ആത്മാവുകളെന്ന് ചൂണ്ടിക്കാണിക്കുന്നു മറ്റുചില കഥകൾ. ജീവിതം ഒരു വലിയ നിവൃത്തികേടുമാത്രമാണെന്നും ചതിയുടെയും പകയുടെയും വെറിയുടെയും വായ്ത്തലമൂർച്ചയുള്ള കത്തികളൊളിപ്പിച്ചുവച്ചാണ് പലരും പരസ്പരം കെട്ടിപ്പിടിക്കുന്നതെന്നും ഇവ ധ്വനിപ്പിക്കുന്നു. വല്ലാത്ത ഒരു പരക്കംപാച്ചിലാണ് നഗരത്തിൽ മനുഷ്യജീവിതമെന്നും ഒരാൾ മറ്റൊരാൾക്കു തുണയോ തണലോ ആകുക അവിടെ അസാധ്യമാണെന്നും ഈ കഥകൾ പറയുന്നു. 'താക്കോ'ലിൽ സ്വന്തം ഫ്‌ളാറ്റിന്റെ കളഞ്ഞുപോയ താക്കോലിനും ഒരു രാത്രിയാത്രക്കുമിടയിൽ ഒരാൾ കള്ളനായി മാറ്റപ്പെടുന്ന കഥപറയുമ്പോൾ രാംചന്ദ്ര സലേക്കറും വസന്ത് കുർളേക്കറും ഒരു ലിഫ്റ്റ് ഓപ്പറേറ്ററും ബർബോസയും അതിവിചിത്രമായ ഓരോ ജീവിതം നയിക്കുന്ന മനുഷ്യരുടെ കഥ പറയുന്നു. ഒറ്റവാക്കിൽ പറയാം, നാലുപേരുടേതും ഇരട്ടജീവിതങ്ങളാണ്. നഗരത്തിലും ലിഫ്റ്റിലും പുറത്തും ഓഫീസിലും ഒറ്റയ്ക്കുമൊക്കെ പരസ്പരവിരുദ്ധമായ അസ്തിത്വങ്ങളോടെയും അഭിനയത്തികവോടെയും അവർ കടന്നുപോകുന്ന ഇരട്ടജീവിതത്തിന്റെ കഥകളാണ് അഷ്ടമൂർത്തി അസാധാരണമായ കയ്യടക്കത്തോടെ പറയുന്നത്. 'കുർളേക്ക'റിൽ നിന്നൊരുഭാഗം നോക്കു: ജാള്യത്തോടെ എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ മുന്നിൽ നിന്ന് പരിചിതമായ ഒരു സ്വരം.

'ആ ബാബു അവിടെ ഇരുന്നോട്ടെ'.

അതു കുർളേക്കർ ആയിരുന്നു. അപരിചിതമായ ആ ചുറ്റുപാടിൽ കുർളേക്കറെ കണ്ടപ്പോൾ എനിക്ക് ആശ്വാസമായി. 'എന്തുപറ്റി നിങ്ങൾക്ക്?' ഞാൻ ചോദിച്ചു. 'കുറേക്കാലമായി കാണാറില്ലല്ലോ?'

'ഞാൻ ഇവിടെത്തന്നെ ഉണ്ടായിരുന്നു', കുർളേക്കർ പറഞ്ഞു.
'ഞാൻ വിചാരിച്ചു, നിങ്ങൾ ഈ നഗരം വിട്ടുപോയിട്ടുണ്ടാവുമെന്ന്'.
'ഈ നഗരം വിട്ടുപോവുകയോ' കുർളേക്കർ അത്ഭുതം നടിച്ചു. 'ഞാൻ ജനിച്ചു കളിച്ചു പഠിച്ചുവളർന്ന ഈ സുന്ദരനഗരം വിട്ട്!'
'സുന്ദരനഗരമോ!' ഞാൻ പറഞ്ഞു. 'ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയിലെ ലേഖനം വായിച്ചില്ലേ കുർളേക്കർസാബ്? അതിൽ പറയുന്നത് ഈ നഗരം മരിക്കുകയാണെന്നാണല്ലോ'.
'ആരാ പറഞ്ഞത് ഈ വിഡ്ഢിത്തം?' കുർളേക്കർ ചോദിച്ചു. 'മരിക്കുകയാണത്രേ! കുറച്ചുകഴിഞ്ഞ് ഒരു പ്രവാചകന്റെ ഗാംഭീര്യത്തോടെ അയാൾ പറഞ്ഞു. 'ഈ നഗരത്തിനു മരണമില്ല ബാബൂ. അവൾക്ക് എന്നും പതിനേഴു വയസ്സാണ്'.
എന്റെ അടുത്തിരിക്കുന്ന ആൾ അതുകേട്ട് ഉറക്കെ ചിരിച്ചു.
'പതിനേഴ് വയസ്സ്! മോഹം തരക്കേടില്ല. കുർളേക്കർ സാബ് നോക്കിക്കോളൂ. ഏറിയാൽ അമ്പതുകൊല്ലം! അതിനിടയിൽ ഈ നഗരം മരിക്കാതെ വയ്യ. നിങ്ങൾക്കറിയാമോ പ്രതിദിനം എത്രപേരാണ് ജോലിതേടി ഇവിടെ വന്നിറങ്ങുന്നതെന്ന്?'

'അതുകൊണ്ടെന്താ?' കുർളേക്കർ ചോദിച്ചു. 'ഈ നഗരത്തിന് ഒരു ഹൃദയമുള്ളത് നിങ്ങളാരും കണ്ടിട്ടില്ല. ഫ്‌ളോറാ ഫൗണ്ടനൊന്നുമല്ല അത്. എത്ര ആളുകൾ വന്നാലും അവരെയൊക്കെ കൈനീട്ടി പുൽകുന്ന ഒരു മനസ്സ്. നഗരത്തെ സുന്ദരി എന്നു ഞാൻ പറഞ്ഞത് അതുകൊണ്ടാണ്'.

കറപുരണ്ട ദാമ്പത്യങ്ങളും നക്ഷത്രംപോലെ തിളങ്ങുന്ന പ്രണയങ്ങളും ഉലയിലെ തീപോലെ പൊള്ളുന്ന കാമങ്ങളും ഈ കഥകളിലുണ്ട്. ആദ്യഭാര്യയായിരുന്ന തന്റെ സഹോദരിയെ കൊന്ന് തന്നെ രണ്ടാംഭാര്യയാക്കാൻ വരുന്നയാൾക്കു മുന്നിൽ കന്യകയായി ചെല്ലരുതെന്ന വാശിയിൽ ഒരു രാത്രി ചെലവഴിക്കാൻ സുഹൃത്തിനെ തേടിവരുന്ന രോഹിണിഭട്ടിന്റെ കഥയും അജ്ഞാതനെങ്കിലും നിരന്തരമുള്ള കാഴ്ചയിലൂടെ തനിക്കുതോന്നുന്ന പ്രണയം തിരിച്ചറിയാത്ത, പേരുപോലുമറിയാത്ത യുവാവിനോട് ഈർഷ്യമുറ്റുന്ന യുവതിയുടെ കഥ പറയുന്ന എലിവേയ്റ്റസിലെ അവസരങ്ങളും, വിധവയായി നാട്ടിൽ ജീവിക്കാനാവാത്തതിനാൽ നഗരത്തിലെത്തിയപ്പോൾ അടുത്ത ഫ്‌ളാറ്റിലെ മലയാളിയോട് പ്രണയംതോന്നുന്ന രൂപയുടെ കഥപറയുന്ന അവസാനിക്കാത്ത കഥയും ഉദാഹരണമാണ്.

1980 കളിലെ മലയാളചെറുകഥയുടെ ഒന്നാന്തരം ഒരു പാഠപുസ്തകമാണ് ഈ സമാഹാരം. കാവ്യാത്മകറിയലിസത്തിന്റെയും മോഡേണിസത്തിന്റെയും ഉഭയഭാവുകത്വം ആഖ്യാനത്തിൽ സ്വീകരിച്ചും പ്രവാസജീവിതത്തിന്റെ മാനവികാനുഭവങ്ങൾ അനുഭൂതിവൽക്കരിച്ചും ഒറ്റപ്പെട്ട മനുഷ്യരുടെ അസ്തിത്വസംഘർഷങ്ങൾ നിരന്തരം പ്രശ്‌നവൽക്കരിച്ചും അപരിമേയവും വിധ്യാത്മകവുമായ സാമൂഹ്യസ്ഥാപനങ്ങൾക്കുമുന്നിൽ വ്യക്തികൾ അതിജീവനത്തിനായി നടത്തുന്ന പിടച്ചിലുകൾ പ്രമേയവൽക്കരിച്ചും കാമനകളുടെ കളിപ്പാട്ടമായി മാറുന്ന മർത്യജീവിതത്തിന്റെ കണ്ണീരും കിനാവും കാവ്യവൽക്കരിച്ചും നഗരം കുടിയേറ്റക്കാർക്കു നൽകിയ അടിസ്ഥാനസ്വരൂപംതന്നെ അകംപുറം പൊള്ളയായ ഇരട്ട ജീവിതത്തിന്റെ പ്രഹേളികയാണെന്ന യാഥാർഥ്യം മൂർത്തവൽക്കരിച്ചും അഷ്ടമൂർത്തി സൃഷ്ടിക്കുന്ന ഈ ബോംബെകഥകൾ മലയാളഭാവനയിൽ സ്വയം പൂർണ്ണമായ ഒരു ഭാവനാഭൂപടത്തിനും സാംസ്‌കാരിക ഭൂമിശാസ്ത്രത്തിനും രൂപം നൽകുന്നു.

പുസ്തകത്തിൽ നിന്ന്

ലാ പത്താ

അഞ്ചാമത്തെ ചിത്രം തെളിഞ്ഞപ്പോൾ അതുവരെ വാചാലനായിരുന്ന ഉപാധ്യയ വർത്തമാനം നിർത്തി ടി.വിയിൽ ശ്രദ്ധിച്ചു.
ഒരു പെൺകുട്ടിയുടെ മുഖമായിരുന്നു അത്. അറിയിപ്പുകാരിയുടെ അശരീരി.
കോകില. എട്ടുവയസ്സ്. വട്ടമുഖം. ഇരുനിറം. മലയാളം മാത്രം സംസാരിക്കും. ഇരുപത്തഞ്ചാം തീയതി മുതൽ തിരുവനന്തപുരത്തുനിന്നു കാണാതായിരിക്കുന്നു.
ഉപാധ്യായ ഒന്നിളകിയിരുന്നു. ടി.വിയിൽനിന്ന് മുഖം തിരിക്കാതെ അയാൾ ചോദിച്ചു. 'നിങ്ങളുടെ നാട്ടിൽ ഇത്രയധികം കുട്ടികളെ ഇങ്ങനെ കാണാതാവുന്നതെന്തുകൊണ്ടാണ്?'
ഉപാധ്യായയുടെ മഗ്ഗ് ഒഴിഞ്ഞിരുന്നു. അതെടുത്തു നിറച്ച് ഞാൻ അയാളുടെ മുമ്പിൽ വച്ചു. അയാൾ എന്റെ മുഖത്തേക്ക് നോക്കി.
'ഞാൻ ചോദിച്ചത് കേട്ടില്ലേ വിനോദ്?'
എനിക്കിപ്പോൾ ചിരിക്കാനാണ് തോന്നിയത്. ബിയർ എന്റെ തലയ്ക്കും ലാഘവം തന്നിരുന്നു.
'ലഖ്‌നോവിൽ കുട്ടികളെ കാണാതാവാറില്ലെന്നുണ്ടോ ഉപാധ്യായാ?' ഞാൻ ചോദിച്ചു.
'അതല്ല, ഉപാധ്യായ പറഞ്ഞു. 'എന്നാലും ഇങ്ങനെ അരഡസൻ കുട്ടികൾ ഒന്നിനു പിന്നാലെ ഒന്നായി, നിങ്ങളുടെ നാട്ടിൽ എന്താണിങ്ങനെ-
അയാൾ അതു മുഴുവനാക്കിയില്ല. ടി.വിയിൽ അപ്പോഴേക്കും മറ്റൊരു മുഖം തെളിഞ്ഞിരുന്നു.
ആറു വയസ്സുള്ള ഒരാൺകുട്ടിയായിരുന്നു അത്. ഓമനത്തമുള്ള മുഖം. നാലുദിവസം മുമ്പു കാണാതായിരിക്കുന്നു. മലയാളവും ഹിന്ദിയും സംസാരിക്കും. ഇവരെ കണ്ടുകിട്ടുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുക. തുടർന്ന് അറിയിപ്പുകാരിയുടെ ചിരിക്കുന്ന മുഖം തെളിഞ്ഞു.
'എന്താണ് കുട്ടിയുടെ പേര്?' ഉപാധ്യായ വീണ്ടും എന്റെ നേരെ തിരിഞ്ഞു. 'അനൗൺസർ എന്താണ് പറഞ്ഞത്?'
ഒടുക്കം കേട്ടതായിരുന്നതുകൊണ്ട് കുട്ടിയുടെ പേരടക്കം എല്ലാം ഓർമ്മയുണ്ടായിരുന്നു. ഞാനതു വിവർത്തനം ചെയ്തു കേൾപ്പിച്ചു.
'എന്താ കുട്ടിയെ പരിയമുണ്ടോ?' ഞാൻ ചോദിച്ചു. ഉപാധ്യായ ഒന്നു ചിരിക്കാൻ ശ്രമിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. പിന്നെ അയാൾ ടി.വിയിലേക്കുതന്നെ തിരിഞ്ഞു.
ശങ്കർ സിമന്റും കണ്ണൻ ദേവൻ ചായയും പച്ച ഏരിയലും കഴിഞ്ഞ് സമയത്തിന്റെ അക്കങ്ങൾ തെളിഞ്ഞപ്പോൾ കൈയിലെ മഗ്ഗ് ഒറ്റവലിക്കു കാലിയാക്കി ഉപാധ്യായ ചോദിച്ചു:
'പുറപ്പെടാറായോ?'
'ആയിത്തുടങ്ങുന്നു'. ഞാൻ പറഞ്ഞു. 'എന്നാലും ഒന്നുകൂടി മോന്താനുള്ള സമയമുണ്ട്'.
ഉപാധ്യായയുടെ മഗ്ഗ് ഞാൻ നിറയ്ക്കാൻ ഭാവിച്ചപ്പോൾ അയാൾ വിലക്കി.
'എന്തുപറ്റി?' ഞാൻ ചോദിച്ചു.
'നമ്മുടെ പുനഃസമാഗമത്തിന് ഇതു ധാരാളമായി വിനോദ്'. ഉപാധ്യായ എഴുന്നേറ്റ് ബാത്ത്‌റൂമിലേക്കു പോയി.
ഭീകരരെ നേരിടാൻ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനമായിരുന്നു ഏറ്റവും പ്രധാനപ്പെട്ട വാർത്ത. ഞാൻ എഴുന്നേറ്റ് ടി.വി. കെടുത്തി.
അടുക്കളയിൽ രേഖ തിരക്കിട്ട പണിയിലായിരുന്നു. ഉപാധ്യായ വന്നുകയറിയപ്പോൾ തുടങ്ങിയതാണ് അവളുടെ പരിഭ്രമം. ചപ്പാത്തിയോ പൊറോട്ടയോ വേണ്ടത് എന്നായിരുന്നു ആദ്യത്തെ ഉത്കണ്ഠ. സബ്ജി എന്തുവേണമെന്നു തീരുമാനിക്കാൻ ഞങ്ങൾ ഒരു ചർച്ചതന്നെ നടത്തി.
'എന്തെങ്കിലും സഹായം വേണോ?' ഞാൻ അടുത്തുചെന്നു.

'വേണ്ട'. രേഖ പറഞ്ഞു. 'പുറത്തുപോയി ദിലീപിനെ ഒന്നു വിളിച്ചുകൊണ്ടുവന്നാൽ മതി. സ്‌കൂൾ വിട്ട് നേരേ പോയതാണ് കളിക്കാൻ. ഒന്നും കഴിച്ചിട്ടുകൂടിയില്ല'.

ആ നിമിഷത്തിലാണ് കോളിങ്‌ബെൽ അലറി വിളിച്ചത്. അത് ദിലീപ്തന്നെ ആവും എന്ന എന്റെ ഊഹം തെറ്റിയില്ല. പക്ഷേ അവന്റെ ഒപ്പം സഹദേവൻകൂടി ഉണ്ടായിരുന്നുവെന്നുമാത്രം.
'ഏഴുമണി കഴിഞ്ഞാൽ കുട്ടികളെ പുറത്തുവിടരുത്'. സഹദേവൻ പറഞ്ഞു. 'ടൗണിൽ ഒരുത്തൻ അലഞ്ഞുതിരിഞ്ഞു നടക്കുന്നണ്ടത്രേ. ശ്രദ്ധിക്കണമെന്നു വിളിച്ചുപറഞ്ഞുകൊണ്ട് ഒരു പൊലീസ് ജീപ്പ് അൽപ്പം മുമ്പാണ് കോളനിയുടെ മുമ്പിലൂടെ പോയത്'.
വാതിൽ മുഴുക്കെത്തുറന്ന് ദിലീപ് അകത്തേക്ക് കയറി. ഞാൻ സഹദേവനെ അകത്തേക്കു ക്ഷണിച്ചു.
'ഒരുകാര്യം കൂടിയുണ്ട്'. തിരക്കുണ്ടെന്നും അകത്തേക്കു കയറുന്നില്ലെന്നും പറഞ്ഞ സഹദേവൻ തുടർന്നു: 'വാതിക്കൽ മുട്ടുകേട്ടാൽത്തന്നെ ആരാണെന്നറിഞ്ഞിട്ടേ വാതിൽ തുറക്കാവൂ. രേഖയോട് പ്രത്യേകം പറയണം'.
പ്രധാനമന്ത്രി പറഞ്ഞതുതന്നെ ശരി. വാതിലടച്ചു തിരിഞ്ഞുനടക്കുമ്പോൾ ഞാൻ വിചാരിച്ചു. ഭീകരരെ നേരിടാൻ ഒറ്റക്കെട്ടായി നിൽക്കുകതന്നെ.
അടുക്കളയിൽ രേഖ ദിലീപിനെ ശാസിക്കുകയായിരുന്നു.
'നിന്റെ കളി കുറെ കൂടുതലാകുന്നുണ്ട്'. അവൾ പറഞ്ഞു. 'ഏഴുമണിക്കു വരണമെന്ന് നിന്നോട് എത്ര പ്രാവശ്യം പറഞ്ഞതാണ്. നോക്ക്, ഇപ്പോൾ സമയം എന്തായി?'
ദിലീപ് ചുമരും ചാരി നിലത്തിരിക്കുകയാണ്. കീഴ്‌പോട്ടുനോക്കിയുള്ള ആ ഇരിപ്പ് രേഖയെ ശുണ്ഠിപിടിപ്പിച്ചു.

'ഒന്നും മിണ്ടാതെ ഇരുന്നോ', അവളുടെ ശബ്ദം ഉയർന്നു. 'പറയുന്നതൊന്നും അനുസരിക്കേണ്ട. ഇഷ്ടംപോലെ നടന്നോ'.
കുറച്ചുനേരെ അതു കണ്ടുനിന്നപ്പോൾ എനിക്കും ദേഷ്യം വന്നു. 'എണീക്ക്' ഞാൻ പറഞ്ഞു. 'വേഗം പോയി കുളിച്ച് ഭക്ഷണം കഴിക്ക്'. അവൻ അതും കേട്ടതായി നടിച്ചില്ല. കീഴ്‌പോട്ടു നോക്കിയുള്ള അതേ ഇരിപ്പുതന്നെ. ഞാനവന്റെ ചെവിപിടിച്ച് തൂക്കി എഴുന്നേൽപ്പിച്ചു നിർത്തി. എന്റെ മുഖത്തേക്കൊന്നു നോക്കിയതല്ലാതെ അവൻ അപ്പോഴും ഒന്നും മിണ്ടിയില്ല. എന്റെ ദേഷ്യം പെരുത്തു. ചെവിയിൽനിന്നു പിടിവിടാതെ വലിച്ചുകൊണ്ടുപോയി ഞാനവനെ ബാത്ത്‌റൂമിലേക്കു തള്ളി വാതിലടച്ചു.
വേഷം മാറുന്ന ഉപാധ്യായയെ അപ്പോഴാണ് ഞാൻ കണ്ടത്. ഒട്ടിട അയാളുടെ സാന്നിധ്യംതന്നെ ഞാൻ മറന്നുപോയിരുന്നു. 'ഉപാധ്യായ പുറപ്പെട്ടുവോ?' ഒരു ചിരിവരുത്തി ഞാൻ അടുത്തുചെന്നു.
ഉപചാരത്തിനുവേണ്ടിയെങ്കിലും ഒന്നു ചിരിച്ചില്ല ഉപാധ്യായ. മാറിയ ഉടുപ്പുകൾ മടക്കി ബ്രീഫ്‌കേസിൽ വെക്കുന്നതിനിടയിൽ അയാൾ ഞാൻ ചോദിച്ചതു കേട്ടുവെന്നുപോലും തോന്നിയില്ല. രേഖ ഭക്ഷണപ്പൊതിയുമായി അടുത്തുവന്നപ്പോൾ അയാൾ മുഖമുയർത്തി.
ഉപാധ്യായ അതു തീരെ പ്രതീക്ഷിച്ചില്ലെന്നു തോന്നുന്നു. 'ഓ ഭാഭി', അയാൾ പറഞ്ഞു. 'നിങ്ങൾ വെറുതെ ബുദ്ധിമുട്ടി. തിങ്കളാഴ്ച ഞാൻ അത്താഴം പതിവില്ല'.
രേഖയുടെ മുഖം വാടിയത് എനിക്ക് മനസ്സിലായി. ഉപാധ്യായയ്ക്കും അതു മനസ്സിലായെന്നു തോന്നുന്നു. ആട്ടെ, അയാൾ പറഞ്ഞു: 'ഭാഭിക്കുവേണ്ടി ഒരു വ്രതഭംഗമാവാം'.
കാറിലിരിക്കുമ്പോൾ ഉപാധ്യായ നിശ്ശബ്ദനായിരുന്നു. അയാളെ ശല്യപ്പെടുത്തേണ്ടെന്നു കരുതി ഞാൻ വണ്ടിയോടിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചു. പ്ലാറ്റ്‌ഫോമിലേക്കു കയറുമ്പോൾ വണ്ടി ബ്ലോക്കായതിന്റെ മണിയടി കേട്ടു. തുടർന്ന് വണ്ടിയുടെ വരവിനെപ്പറ്റിയുള്ള അറിയിപ്പും.
കോൺക്രീറ്റു ബഞ്ചിൽ ഞങ്ങൾ അടുത്തടുത്തിരുന്നു. ഏഴുകൊല്ലം കഴിഞ്ഞു കാണുമ്പോൾ പറഞ്ഞുതീർക്കാവുന്നതിന് ഒരു പരിധിയുണ്ട്. തിടുക്കപ്പെട്ടിട്ട് കാര്യമൊന്നുമില്ല. ഉപാധ്യായയാണെങ്കിൽ മൗനം തുടരുകയായിരുന്നു.
ആരോ എന്റെ ദേഹത്തു തൊട്ടു. നോക്കിയപ്പോൾ ഒരാൺകുട്ടി വയറു തൊട്ടുകാണിച്ച് വല്ലതും തരണേ എന്ന് അർത്ഥിക്കുകയാണ്.
യാചകൻ എന്നെ എപ്പോഴും ആശയക്കുഴപ്പത്തിലാക്കുന്നു. നമ്മൾ കൊടുക്കുന്ന പണം അവർക്ക് പ്രോത്സാഹനമാണ്. ഒന്നും കൊടുക്കാതിരിക്കുന്നത് നീതിയുടെ നിഷേധവുമാണ്. ദൈവം അപ്പത്തിന്റെ രൂപത്തിലാണ് പ്രത്യക്ഷപ്പെടുക എന്ന് മദർ തെരേസയാണോ പറഞ്ഞത്.
അവൻ വീണ്ടും തൊട്ടപ്പോൾ ഞാൻ ഒന്നുമില്ലെന്ന് ആംഗ്യം കാണിച്ചു. അവൻ ഉപാധ്യായുടെ മുന്നിലെത്തി. ഉപാധ്യായ ബ്രീഫ്‌കേസിൽ നിന്ന് ഭക്ഷണപ്പൊതിയെടുത്ത് അവനുനേരെ നീട്ടി.
രേഖ പണിപ്പെട്ടുണ്ടാക്കിയ അത്താഴപ്പൊതിയുടെ അവസാനം ഇങ്ങനെയായതിൽ എനിക്കു വിഷമം തോന്നി. എന്നാലും അതറിഞ്ഞില്ലെന്നു നടിച്ച് പ്ലാറ്റ്‌ഫോമിലെ മുഖങ്ങളിൽ അലസമായി കണ്ണോടിച്ചുകൊണ്ടിരുന്നു.
'ആ മുഖം എന്റെ മനസ്സിൽനിന്നു മായുന്നില്ല വിനോദ്,' ഒട്ടുനേരത്തെ മൗനം അസാനിപ്പിച്ച് ഉപാധ്യായ പറഞ്ഞു.
ഏതു മുഖത്തേക്കുറിച്ചാണു അയാൾ പറയുന്നതെന്ന് ഞാൻ ചുറ്റും നോക്കുമ്പോൾ ഉപാധ്യായ പറഞ്ഞു.
'ഞാൻ ടി.വി.യിൽ കണ്ട മുഖത്തേക്കുറിച്ചാണ് പറഞ്ഞത്'.
കാണാതെപോയവരെക്കുറിച്ചുള്ള അറിയിപ്പുകൾ എനിക്കോർമ്മവന്നു. ആ മുഖങ്ങളെല്ലാം എന്റെ മനസ്സിൽനിന്നു മാഞ്ഞുകഴിഞ്ഞിരുന്നു. പ്രേക്ഷകന്റെ ന്യായമായ ചോദ്യമുണ്ടായിരുന്നു ഒരിക്കൽ. ഇങ്ങനെ ഒന്നിനു പിന്നാലെ ഒന്നായി മുഖങ്ങൾ കാണിക്കുമ്പോൾ ഒന്നും ഓർമ്മയിൽ തങ്ങുന്നില്ല. പിന്നെ എങ്ങനെയാണ് ഞങ്ങൾ അവരെ കണ്ടുപിടിക്കുക?
'അതു കണ്ടപ്പോൾ എനിക്കെന്റെ മകനെ ഓർമ്മവന്നു'. ഉപാധ്യായ പറഞ്ഞു: 'അതേ കണ്ണുകൾ അതേ ചിരി'.
സെന്റ് തോമസ് അക്കാദമിയിൽ പഠിച്ചിരുന്ന ഉമയെ കണ്ടിട്ടുണ്ട്. സാമാന്യത്തിലധികം തടിട്ട കുട്ടി. അവളെ സ്‌കൂളിൽ പറഞ്ഞയച്ച് കണ്ണിൽനിന്നും മറയുന്നതുവരെ നോക്കിനിൽക്കാറുണ്ട് മിസ്സിസ്സ് ഉപാധ്യായ.
'നിങ്ങൾക്ക് ഒരു മകനുള്ള കാര്യം എനിക്കറിയില്ലല്ലോ', ഞാൻ അത്ഭുതം നടിച്ചു.
'അധികമാർക്കും അതറിയില്ല വിനോദ്', ഉപാധ്യായ പറഞ്ഞു. 'ആറു വയസ്സുള്ളപ്പോൾ അവനെ കാണാതായി. ഞങ്ങളന്ന് ഹൈദരാബാദിലായിരുന്നു. രാവിലെ ജോലിക്കു പോവുമ്പോൾ എനിക്ക് ടാറ്റ തരാൻ അവൻ ബാൽക്കണിയിൽ വന്നുനിന്നു. പക്ഷേ, അന്ന് അവൻ പതിവുള്ളപോലെ ചിരിച്ചില്ല. വെറുതെ കൈയുയർത്തി വീശുകയാണ് ചെയ്തത്. അന്ന് സ്‌കൂളിലേക്ക് പോയ അവൻ മടങ്ങിവന്നില്ല. സ്‌കൂളിൽ ചെന്നന്വേഷിച്ചപ്പോഴാണറിയുന്നത് അവിടേയും ചെന്നിട്ടില്ലെന്ന്. പൊലീസിൽ വിവരം കൊടുത്തു. അന്വേഷിക്കാവുന്നിടത്തൊക്കെ അന്വേഷിച്ചു. ഒരു ഫലവുമുണ്ടായില്ല'.
ഏതാനും നിമിഷങ്ങൾക്കുശേഷം ഉപാധ്യായ തുടർന്നു.
'തെറ്റും ശരിയും പലപ്പോഴും നമുക്കു തോന്നുന്നതുപോലെയാവില്ല കുട്ടികൾക്ക്. എന്തു കാര്യത്തിനാണെന്ന് ഇപ്പോൾ ഓർമ്മയില്ല. അന്ന് ഞാനവനെ മതിയാവോളം അടിച്ചു. അവൻ കരയുകയും ചെയ്തു. പിണങ്ങുന്ന ദിവസങ്ങളിലൊന്നും അവൻ യാത്ര പറയാൻ ബാൽക്കണിയിൽ വരാറില്ല. അന്നു വന്നുനിന്നത് എന്നോട് എന്നേക്കുമായി യാത്ര പറയാൻ വേണ്ടിയായിരുന്നുവെന്ന് പിന്നീട് പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്.
കൈകളിൽ മുഖം താങ്ങി ഉപാധ്യായ തലകുനിച്ചിരുന്നു.
'അന്ന് ഞങ്ങൾ അത്താഴം കഴിച്ചില്ല. ഒരു തിങ്കളാഴ്ചയായിരുന്നു. അന്നു മുതൽ ഒരു തിങ്കളാഴ്ചയും ഞങ്ങൾ അത്താഴം കഴിക്കാറില്ല'.
പ്ലാറ്റ്‌ഫോമിൽ ആളുകൾ എഴുന്നേറ്റു. വണ്ടിയുടെ ഹെഡ്‌ലൈറ്റിൽ പാളങ്ങൾ തിളങ്ങി.
'അത്താഴപ്പൊതിയുടെ കാര്യം ഭാഭിയോടു പറയണ്ട', ഉപാധ്യായ എന്റെ തോളിൽ കൈവച്ചു. 'പാവം അവർക്ക് വിഷമമാവും'.
ഉപാധ്യായയെ യാത്രയയച്ചു മടങ്ങാൻ എനിക്കു ധൃതിയായിരുന്നു. വണ്ടി നീങ്ങിത്തുടങ്ങിയ ഉടനെ ആളുകളെ തള്ളിമാറ്റി ഞാൻ പ്ലാറ്റ്‌ഫോമിൽ നിന്നു പുറത്തുകടന്നു. പാതകൾ വിജനമാണ്. അതു നന്നായെന്ന് എനിക്ക് തോന്നി. ഞാൻ കഴിയുന്നത്ര വേഗത്തിൽ കാറോടിച്ചു.
കോളിങ്ങ് ബെല്ലിൽ വിരലമർത്തിയപ്പോൾ ഒരു ഞെട്ടലോടെയാണ് രേഖ വിളികേട്ടത്. വാതിൽ തുറന്നുതന്ന രേഖയുടെ മുഖം എന്തോ കണ്ടു പേടിച്ചതുപോലെയുണ്ടായിരുന്നു.
'ദിലീപ് എവിടെ?' ഞാൻ ചോദിച്ചു.
'അകത്തുണ്ട്', രേഖ പറഞ്ഞു.
ഞാൻ നേരെ കിടപ്പുമുറിയിലേക്കു ചെന്നു. ദിലീപ് ഉറക്കമായിക്കഴിഞ്ഞിരുന്നു. ഞാൻ അവനെ കുറച്ചുനേരം അങ്ങനെ നോക്കിനിന്നു.
'നിങ്ങൾ പോയിട്ട് ഏറെനേരം കഴിഞ്ഞിട്ടും അവൻ കുളിമുറിയിൽനിന്നു പുറത്തുവന്നില്ല'. രേഖ പറഞ്ഞു. 'ഞാൻ ഉറക്കെ വിളി തുടങ്ങി. പക്ഷേ, അവൻ വിളികേട്ടില്ല. പിന്നെയാണ് ഞാൻ കണ്ടത്, വാതിൽ പുറത്തുനിന്നു സാക്ഷയിട്ടിട്ടുണ്ടായിരുന്നു. അപ്പോഴത്തെ ദേഷ്യത്തിൽ നിങ്ങളതു ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ഞാൻ വാതിൽ തുറന്നു. അവൻ ചുമരും ചാരി അനങ്ങാതിരിക്കുകയാണ്. തലയിലും ദേഹത്തും വെള്ളം കോരിയൊഴിച്ചിട്ടുണ്ട്. അവനെ തോർത്തിച്ച് പുറത്തേക്കു കൊണ്ടുപോന്നു. കുറേനേരം എന്തുചോദിച്ചിട്ടും അവൻ മിണ്ടിയില്ല. എത്ര നിർബന്ധിച്ചിട്ടും അവൻ ഉണ്ണാൻ കൂട്ടാക്കിയില്ല'.
ഓർമ്മവന്നതുപോലെ രേഖ ചോദിച്ചു: 'നമുക്ക് ഊണുകഴിക്കണ്ടേ വിനോദ്?'
തല കനം തൂങ്ങുന്നുണ്ടായിരുന്നു. ബിയൽ കുടിച്ചതിന്റെയാവണം. സുഖമായി ഉറങ്ങാനാണ് തോന്നുന്നത്.
'രേഖ കഴിച്ചോളൂ', ഞാൻ പറഞ്ഞു.
'എന്താ വിനോദ്?'
'എനിക്കു തീരെ വിശപ്പില്ല'.
'അതുതന്നെയാണ് ദിലീപും പറഞ്ഞത്'. രേഖ കട്ടിലിൽ ഇരുന്നു. 'അവൻ മിണ്ടിത്തുടങ്ങിയല്ലോ എന്നായിരുന്നു എന്റെ ആശ്വാസം. പിന്നെ അവൻ സ്‌കൂളിലെ വിശേഷങ്ങൾ പറഞ്ഞു. ഇന്ന് ഇവന്റെ ക്ലാസിലുള്ള ഒരു കുട്ടിയെ രണ്ടുപേർ ചേർന്ന് കൂട്ടിക്കൊണ്ടുപോയത്രേ, അമ്മ മരിച്ചുവെന്നു പറഞ്ഞ്. ഉച്ചയ്ക്ക് ക്ലാസിൽനിന്ന് ടീച്ചറും കുട്ടികളുംകൂടി ആ കുട്ടിയുടെ വീട്ടിൽ ചെന്നപ്പോഴാണറിയുന്നത് അമ്മ മരിച്ചിട്ടില്ലെന്ന്. ആ കുട്ടിയാണെങ്കിൽ വീട്ടിൽ എത്തിയിട്ടുമില്ല'.
വേഷം മാറി ഞാൻ കട്ടിലിൽ കയറിക്കിടന്നു. ദിലീപ് ശാന്തനായി ഉറങ്ങുകയാണ്. അവനെ ഇമവെട്ടാതെ നോക്കിയിരിക്കുകയാണ് രേഖ.
'എനിക്കു പേടിയാവുന്നു വിനോദ്', അവൾ പറഞ്ഞു. 'നാളെ രാവിലെ എന്തുറപ്പിന്മേലാണ് നമ്മളിവനെ സ്‌കൂളിൽ പറഞ്ഞയക്കുക?'
പിന്നെ അവൾ ദിലീപിനെ കെട്ടിപ്പിടിച്ച് അവന്റെ ഒപ്പം കിടന്നു.
'ഇവനില്ലെങ്കിൽ പിന്നെ എന്തിനാണ് നമുക്കു ജീവിതം വിനോദ്?'
അതു പറഞ്ഞ് അവൾ നിയന്ത്രണംവിട്ട് കരയാൻ തുടങ്ങി.

എന്റെ ബോംബെകഥകൾ
അഷ്ടമൂർത്തി
സൈകതം ബുക്‌സ്
2014, വില : 95 രൂപ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP