Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്രം, ചരിത്രം

പത്രം, ചരിത്രം

ഷാജി ജേക്കബ്

ച്ചടിച്ച വാക്കിനെ ദേശീയതയുടെ വാസ്തു ശില്പി (Architect of Nationalism) എന്നുവിളിച്ചത് മാർഷൽ മക്‌ലൂഹനാണ്. സാങ്കേതികത, മാദ്ധ്യമം, സംസ്‌കാരം എന്നീ മൂന്നു മണ്ഡലങ്ങളിലും അച്ചടിയും അച്ചടിച്ച വാക് രൂപങ്ങളും സൃഷ്ടിച്ച രാഷ്ട്രീയങ്ങളിൽ ഏറ്റവും പ്രമുഖം ദേശീയതയാണ് എന്നേ ഇതിനർഥമുള്ളു. മറ്റനവധി സാംസ്‌കാരിക രാഷ്ട്രീയങ്ങളുടെയും വാസ്തുശില്പിയാണ് അച്ചടിച്ച വാക്ക്. ഒരർഥത്തിൽ ആധുനികതയുടെ തന്നെ രൂപമഞ്ജരി. പത്രമാസികകളും പുസ്തകങ്ങളും ചേർന്നു പൂരിപ്പിച്ച അച്ചുകൂടങ്ങളുടെയും അക്ഷരലോകങ്ങളുടെയും നിർമ്മിതിയാണ് വാർത്ത മുതൽ സാഹിത്യം വരെയുള്ള ഓരോ വ്യവഹാരവും. മുഖ്യമായും കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒന്നാം പകുതിയിൽ മലയാളത്തിൽ പത്രങ്ങൾ സൃഷ്ടിക്കുകയോ സാക്ഷ്യം വഹിക്കുകയോ ചെയ്ത ചരിത്രാനുഭവങ്ങളെ വസ്തുതാപരമെന്നപോലെ തന്നെ ഭാവനാത്മകവും നാടകീയവുമായവലോകനം ചെയ്യുന്ന പഠനമാണ് എം. ജയരാജിന്റെ ഈ പുസ്തകം.

മലയാളപത്രങ്ങളുടെ ചരിത്രവും വർത്തമാനവും ചർച്ചചെയ്തും പത്രസ്ഥാപനങ്ങളും പത്രാധിപന്മാരും പുലർത്തിയ രാഷ്ട്രീയ - സാമൂഹിക നിലപാടുകൾ വിശദീകരിച്ചും അച്ചടിമാദ്ധ്യമങ്ങളുടെ സാങ്കേതികസ്വരൂപങ്ങൾ സംഗ്രഹിച്ചും ഭിന്നങ്ങളായ മാദ്ധ്യമമണ്ഡലങ്ങൾ പരിചയപ്പെടുത്തിയും മാതൃഭൂമിയിലെ ചില സവിശേഷ വാർത്തകൾ മുൻനിർത്തി 1924-1960 കാലത്തെ സാമൂഹ്യ, ചരിത്ര ജീവിതലോകങ്ങൾ വ്യാഖ്യാനിച്ചും ദൃശ്യ, നവമാദ്ധ്യമകാലത്തെ പത്രസംസ്‌കാരം വിശകലനം ചെയ്തും മുന്നേറുന്ന വേറിട്ടൊരു പുസ്തകമാണിത്.

'അച്ചടിമാദ്ധ്യമത്തിന്റെ ഭൂതകാലം' എന്ന ഒന്നാം ഭാഗത്ത് ഏഴധ്യായങ്ങളുണ്ട്. ഇന്ത്യയിലും കേരളത്തിലും അച്ചടിവിദ്യരൂപംകൊണ്ട കാലത്തിന്റെ അവലോകനമാണ് ആദ്യ രണ്ടധ്യായങ്ങൾ. ചൈനയിൽ നിന്നു യൂറോപ്പിലെത്തിയ അച്ചടിവിദ്യ, കടലാസിലെ കലാരൂപമായി ലോകമെങ്ങും വ്യാപിച്ചതിന്റെ കഥപറയുന്ന ജയരാജ്, കൊളോണിയൽ ആധുനികത ഇന്ത്യയിൽ സൃഷ്ടിച്ച ഏറ്റവും വലിയ വിപ്ലവമായി ഈ സംസ്‌കാരത്തെ വിശദീകരിക്കുന്നു. ആധുനികതയുടെയും നവോത്ഥാനത്തിന്റെയും ദേശീയതയുടെയും ജനാധിപത്യത്തിന്റെയും പൗരാവകാശങ്ങളുടെയും രാഷ്ട്രീയ പൊതുമണ്ഡലത്തിന്റെയുമൊക്കെ മുന്നുപാധിയെന്ന നിലയിൽ പത്രങ്ങൾ നിർവ്വഹിച്ച ദൗത്യങ്ങളുടെ വിശകലനം. കെ. നടരാജന്റെ 'ഇന്ത്യൻ പത്രപ്രവർത്തനചരിത്രം', പുതുപ്പള്ളി രാഘവന്റെ 'കേരള പത്രപ്രവർത്തന ചരിത്രം' എന്നീ ഗ്രന്ഥങ്ങൾ മുഖ്യമായും ആശ്രയിച്ചുള്ള രചനകൾ.

മലയാളത്തിൽ വിദേശ-മിഷനറി പത്രപ്രവർത്തനത്തിനുശേഷം വന്ന നാട്ടു പ്രസാധകരുടെയും നാട്ടുപത്രാധിപന്മാരുടെയും ചരിത്രമാണ് മൂന്നാമധ്യായം. കണ്ടത്തിൽ വർഗീസ് മാപ്പിള (കേരളമിത്രം, മലയാളമനോരമ), ചെങ്കുളത്തു കുഞ്ഞിരാമമേനോൻ(കേരള പത്രിക), കെ. രാമകൃഷ്ണപിള്ള (കേരളദർപ്പണം, കേരള പഞ്ചിക, മലയാളി, സ്വദേശാഭിമാനി....) വക്കം അബ്ദുൾഖാദർ മൗലവി എന്നിവരുടെ സാമൂഹിക ജീവിതം വിശകലനം ചെയ്യുകയാണ് ഇവിടെ.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലയാള പത്രങ്ങൾ ഏറ്റെടുത്ത രണ്ട് പ്രഖ്യാപിത രാഷ്ട്രീയങ്ങളുടെ വിശകലനമാണ് അടുത്ത രണ്ടധ്യായങ്ങൾ. യഥാക്രമം, സാമൂഹ്യഅനാചാരങ്ങൾക്കെതിരെ യുള്ള(പ്രധാനമായും ജാതി, മതം തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള) മാദ്ധ്യമ ഇടപെടലുകളും ദേശീയ - സ്വാതന്ത്ര്യസമരത്തിലെ പങ്കാളിത്തവും. സുജനാനന്ദിനി, കേരളകൗമുദി, മിതവാദി തുടങ്ങിയ പത്രങ്ങളിലൂടെ സി.വി. കുഞ്ഞിരാമനും കെ. സുകുമാരനും സി. കൃഷ്ണനും മറ്റും ഉയർത്തിയ സാമൂഹ്യ വിപ്ലവത്തിന്റെ അലയൊലികൾ; സമദർശി, കേസരി, ഉണ്ണി നമ്പൂതിരി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെ എ. ബാലകൃഷ്ണപിള്ളയും. വി.ടി. ഭട്ടതിരിപ്പാടും മറ്റും ഇളക്കിവിട്ട കൊടുങ്കാറ്റുകൾ എന്നിവ ജയരാജ് ചർച്ചചെയ്യുന്നു.

കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് (ലോകമാന്യൻ), എ.കെ. പിള്ള (സ്വരാട്), കെ.പി. കേശവമേനോൻ (മാതൃഭൂമി), മുഹമ്മദ് അബ്ദുർ റഹ്മാൻ (അൽ അമീൻ), ടി.ആർ. കൃഷ്ണസ്വാമി അയ്യർ (യുവഭാരതം),യു. ഗോപാലമേനോൻ, കെ.പി. കുഞ്ഞുണ്ണിമേനോൻ (നവീനകേരളം), കെ.ജി. ശങ്കരൻ (മലയാള രാജ്യം), എം. മാത്തുണ്ണി (ഭജേഭാരതം), മൊയ്യാരത്തു ശങ്കരൻ(കേരള കേസരി), എ.കെ. കുഞ്ഞുണ്ണി നമ്പ്യാർ(സ്വാഭിമാനി), അംശിനാരയണപിള്ള(മഹാത്മാ), പി. കുഞ്ഞിരാമൻ നായർ(നവജീവൻ), ഇ.എം.എസ്(പ്രഭാതം), വി.ആർ കൃഷ്ണനെഴുത്തച്ഛൻ(ദീനബന്ധു) എന്നിങ്ങനെ എത്രയെങ്കിലും പേർ നേതൃത്വം കൊടുത്ത മലയാളപത്രങ്ങൾ 1920-40 കാലത്ത് ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി രൂപംകൊണ്ടു. കെ.പി. കേശവമേനോന്റെയും 'മാതൃഭൂമി'യുടെയും കഥ ജയരാജ് സവിസ്തരം പ്രതിപാദിക്കുന്നു, ഈയധ്യായത്തിൽ.

സാഹിത്യപത്രപ്രവർത്തനം, വനിതാ പത്രപ്രവർത്തനം എന്നീ രണ്ടു വിഷയങ്ങളുടെ അവലോകനമാണ് അടുത്ത അധ്യായം. മുൻ അധ്യായങ്ങളിൽ വിശകലനം ചെയ്ത കേരളീയ രാഷ്ട്രീയ പൊതുമണ്ഡലത്തിന്റെ ചരിതമായി ഈയധ്യായം മാറുന്നു. വിദ്യാവിലാസിനി, വിദ്യാവിനോദിനി, ജനരഞ്ജിനി, കവനോദയം, രസികരഞ്ജിനി, മംഗളോദയം തുടങ്ങിയ പ്രസിദ്ധീകരണങ്ങളാണ് മലയാള സാഹിത്യത്തിന്റെ ആധുനികീകരണത്തിനു വഴിവച്ചത്. ഒപ്പം, സാഹിത്യസംഘടനകൾ, സംവാദങ്ങൾ തുടങ്ങിയവയുടെ ഇടപെടലും. 'മാതൃഭൂമി' ആഴ്ചപ്പതിപ്പിന്റെ ചരിത്രം ജയരാജ് വേറിട്ടെടുത്തു പരിശോധിക്കുന്നു. മലയാളത്തിലെ സാഹിത്യ പത്രപ്രവർത്തനത്തിൽ ആഴ്ചപ്പതിപ്പിനുള്ള പങ്ക്, രാഷ്ട്രീയ പത്രപ്രവർത്തനത്തിൽ മാതൃഭൂമി പത്രത്തിനുള്ള പങ്കിനു സമാനമാണെന്നു സ്ഥാപിക്കുകയാണ് ജയരാജ്.

(എം.എൻ. വിജയൻ എഡിറ്റു ചെയ്ത് കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച 'നമ്മുടെ സാഹിത്യം, നമ്മുടെ സമൂഹം' എന്ന ബൃഹദ്‌ഗ്രന്ഥ പരമ്പര മുതൽ സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന് ഒരാമുഖം' എന്ന നോവൽ വരെ, പല സംരംഭങ്ങളിലും ആധുനിക മലയാളിയുടെ സാംസ്‌കാരിക ജീവചരിത്രം പറയാൻ 'മാതൃഭൂമി'യാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. പഴക്കത്തിലും പ്രചാരത്തിലും മുൻപിൽ മലയാളമനോരമയായിട്ടും എന്തുകൊണ്ടാവാം 'മാതൃഭൂമി'ക്ക് ഇത്തരമൊരു സാംസ്‌കാരിക മേൽക്കോയ്മ മലയാളത്തിൽ കൈവന്നത്? സംശയം വേണ്ട, ഈ പത്രത്തിന്റെ സവർണഹിന്ദു സ്വത്വം തന്നെയാണ് അതിനു കാരണം.)

മലയാളത്തിലെ ആദ്യകാല വനിതാ പത്രപ്രവർത്തകർ, അവരുടെ രാഷ്ട്രീയ, സാഹിത്യ പത്രപ്രവർത്തനം എന്നിവ വിശദീകരിക്കുന്നു, ഈയധ്യായത്തിന്റെ രണ്ടാംഭാഗം. 'കേരളീയ സുഗുണബോധിനി' മുതൽ 'ശാരദ'വരെ; ടി.സി. കല്യാണിയമ്മ മുതൽ ടി.സി. കമല വരെ- രാഷ്ട്രീയ, സാഹിത്യ പത്രപ്രവർത്തനങ്ങളുടെ നാനാലോകങ്ങളിൽ ഇടപെട്ട മലയാളിസ്ത്രീകളുടെ ഒരുസംക്ഷിപ്തചരിത്രം ഇവിടെയുണ്ട്.

അച്ചടിസാങ്കേതികത മലയാളത്തിൽ വികസിച്ചു വന്നതിന്റെ കഥ പറയുന്നു, ഒന്നാംഭാഗത്തെ അവസാന അധ്യായം. അവിടെയും 'മാതൃഭൂമി'തന്നെയാണ് ജയരാജിന് ആകരം.

'മാറുന്ന കാലം, മാറുന്ന ശൈലി' എന്ന രണ്ടാം ഭാഗത്ത് 1924 മുതൽ 1960 വരെ, മാതൃഭൂമി പത്രത്തിൽ വന്ന കൗതുകകരവും ശ്രദ്ധേയവുമായ ചില വാർത്തകൾ മുൻനിർത്തി അക്കാലത്തിന്റെ സവിശേഷമായ ഒരു രാഷ്ട്രീയ ചരിത്രമെഴുതുകയാണ് ജയരാജ്. ഈ പുസ്തകത്തിന്റെ സിംഹഭാഗവും ഈ ചരിത്രാന്വേഷണമാണ്. അൻപതിലധികം വാർത്തകളും അവയുടെ ചരിത്രസന്ദർഭങ്ങളെക്കുറിച്ചുള്ള അവലോകനങ്ങളും. 1924 ജനുവരി 26ന് ലെനിന്റെ മരണം റിപ്പോർട്ട് ചെയ്ത മാതൃഭൂമി നോക്കുക:

'കുറച്ചുകാലമായി രോഗം പിടിപ്പെട്ട് കിടപ്പിലായിരുന്ന റഷ്യൻ റിപ്പബ്ലിക്കിന്റെ പ്രസിഡന്റായ പ്രസിദ്ധപ്പെട്ട ലെനിൻ മരിച്ചു പോയതായി അറിയുന്നു. ലെനിന്റെ ശത്രുക്കൾ അദ്ദേഹം മരിച്ചു എന്നുള്ള പ്രസ്താവം ഇതിനുമുൻപ് പലപ്രാവിശ്യം പരത്തുകയുണ്ടായിട്ടുണ്ട്. ഈ പ്രാവിശ്യം അദ്ദേഹം യഥാർഥമായി മരിച്ചിട്ടുണ്ടെന്നുതന്നെ തീർച്ചപ്പെടുത്തണമെന്നാണ് തോന്നുന്നത്. മരിച്ചു എന്നുള്ള വർത്തമാനം റഷ്യൻ ഗവൺമെന്റുതന്നെയാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് അത് വിശ്വസിക്കാവുന്നതാണ് '.

കുമാരനാശാൻ ബോട്ട് മുങ്ങി മരിച്ച വാർത്ത, മരണം നടന്ന് അഞ്ചാം ദിവസം മാതൃഭൂമിയിൽ വന്നതാണ് മറ്റൊന്ന് . കൊടുങ്ങല്ലൂർ ഭരണിപ്പാട്ട് നിരോധിച്ചതും പുനഃസ്ഥാപിച്ചതും (1932), സി. കേശവന്റെ വിഖ്യാതമായ കോഴഞ്ചേരി പ്രസംഗം(1935), കയ്യൂർ സമരം(1941), ഇ.എം.എസും കോൺഗ്രസ്സ് ദേശീയ നേതൃത്വവും തമ്മിലുണ്ടായ തർക്കങ്ങൾ(1937), പുന്നപ്രവയലാർ സമരം(1946),മൊറാഴ(1940), കാവുമ്പായി(1946), ഒഞ്ചിയം(1948) മുനയൻകുന്ന്(1948) സമരങ്ങൾ, പി.കൃഷ്ണപിള്ള(1948), ഗാന്ധിജി(1948), ചങ്ങമ്പുഴ(1948) കേസരി ബാലകൃഷ്ണപിള്ള(1960) തുടങ്ങിയവരുടെ മരണം, ഇടപ്പള്ളി പൊലീസ്‌സ്റ്റേഷൻ ആക്രമണം(1950) ടി.വി. തോമസ്- ഗൗരിയമ്മ വിവാഹം(1957), വിദ്യാഭ്യാസബിൽ(1957) കാർഷികബന്ധബിൽ(1957), വിമോചനസമരം(1959) അങ്കമാലി, ചെറിയതുറ വെടിവയ്പുകൾ(1959) എന്നിങ്ങനെ നിരവധി സന്ദർഭങ്ങൾ 'മാതൃഭൂമി'യിൽ അവയെക്കുറിച്ചുവന്ന വാർത്തകൾ മുൻനിർത്തി വിശകലനം ചെയ്യുകയാണ് ഗ്രന്ഥകാരൻ. 'മാതൃഭൂമി'യുടെ തന്നെ നിലപാടിനുവിരുദ്ധമായി, ഇടതുപക്ഷാനുഭാവം പ്രകടമാകും വിധമാണ്‌വിഷയങ്ങളുടെ തെരഞ്ഞെടുപ്പും വിശകലനവും. പത്രവാർത്തകൾ ചരിത്രത്തിന്റെ പാഠമാതൃകയായി മാറുന്നതിന്റെ മികച്ച ഉദാഹരണങ്ങൾ അങ്ങേയറ്റം കൗതുകകരമാണ്, ഇന്നു വായിക്കുമ്പോൾ അന്നത്തെ മാതൃഭൂമി വാർത്തകളുടെ രാഷ്ട്രീയം. ദേശീയപ്രസ്ഥാനത്തിനു നൽകിപ്പോന്ന കലവറയില്ലാത്ത പിൻതുണ, ഗാന്ധിയൻ രാഷ്ട്രീയത്തോടുള്ള കടുത്ത പ്രതിപത്തി, ഗാന്ധിഭക്തി, കമ്യൂണിസത്തോടുള്ള വിയോജിപ്പ്, കമ്യൂണിസ്റ്റ് സർക്കാരിനെതിരെ സ്വീകരിച്ച നിലപാട്, വിമോചന സമരത്തിനു നൽകിയ പിന്തുണ എന്നിങ്ങനെ ഓരോ വിഷയത്തിലും സന്ദർഭത്തിലും 'മാതൃഭൂമി'യുടെ രാഷ്ട്രീയം ദേശീയ-ജനാധിപത്യനിലപാടുകളിൽ ഉറച്ചുനിന്നുള്ളവയായിരുന്നു.

രസകരമായവിവാദങ്ങൾ സൃഷ്ടിക്കുന്നതിൽ അന്നും മാതൃഭൂമിക്കു താല്പര്യക്കുറവേതുമുണ്ടായിരുന്നില്ല. പള്ളത്തുരാമന്റെ ഒരു പ്രസംഗം മാതൃഭൂമി ലേഖകൻ റിപ്പോർട്ടു ചെയ്ത് സൃഷ്ടിച്ച പുകിലുകൾ നോക്കുക:

'വള്ളത്തോൾക്കവിത ജീവകാംശം നശിച്ച ധവളായമാനമായ ചാക്കരിക്കു സാമാനമാണ്. അതിർകവിഞ്ഞ ആശയപൗഷ്‌കല്യംകൊണ്ട് ആശാന്റെയും അങ്ങേയറ്റത്തെ പദലാളിത്യംകൊണ്ട് വള്ളത്തോളിന്റെയും കവിതകൾക്ക് ന്യൂനതകൾ സംഭവിച്ചിട്ടുണ്ട്. ഉള്ളൂരിന്റേത് അത്യധികം ശുഷ്‌കവുമാണ്.'

'ഇന്ത്യക്കാർ നിരായുധരാണെങ്കിലും മഹാത്മജിയുടെ അക്രമരാഹിത്യത്തിൽക്കൂടി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്ന് എനിക്ക് തോന്നുന്നില്ല ആയുധമെടുത്ത് യുദ്ധം ചെയ്യാൻ അർജുനനെ ഉപദേശിച്ച ശ്രീകൃഷ്ണനായിരിക്കണം നമ്മുടെ മാതൃക. ഗാന്ധിജി ആദർശശാലിയും ത്യാഗിയും ചിന്തകനുമാണെങ്കിലും അദ്ദേഹത്തെ അനുകരിക്കുകയാണെങ്കിൽ നാമെല്ലാം അർധനഗ്നന്മാരായിത്തീരാനാണ് വഴിയുള്ളത്. ഇന്ത്യക്കാർ സസ്യഭക്ഷണം ഉപേക്ഷിച്ച് ഗോമാംസം ഭക്ഷിക്കേണ്ടതാണ്. അതാണ് സ്വാമി വിവേകാനന്ദന്റെ ഉപേദശം'

പി. കൃഷ്ണപിള്ളയുടെ മരണം മാതൃഭൂമി റിപ്പോർട്ടു ചെയ്തതിങ്ങനെയാണ്.

മി. പി. കൃഷ്ണപിള്ള പാമ്പുകടിയേറ്റു മരിച്ചുവെന്ന റിപ്പോർട്ട് കോഴിക്കോട്, ഓഗസ്റ്റ് 20

കേരളത്തിലെ ഒരു പ്രമുഖ കമ്മ്യൂണിസ്റ്റ് പ്രവർത്തകനായ മി. പി. കൃഷ്ണപിള്ള ഇന്നലെ ആലപ്പുഴവച്ചു പാമ്പുകടിയേറ്റു മരിച്ചതായി കോഴിക്കോട് കമ്യൂണിസ്റ്റ് പാർട്ടി ഓഫീസ്സിൽ ഇന്നലെ രാത്രി വിവരം കിട്ടിയിരിക്കുന്നു. ഔദ്യോഗികവൃത്തങ്ങളിൽ അന്വേഷിച്ചതിൽ അവിടങ്ങളിൽ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണു പറഞ്ഞതു. മി. കൃഷ്ണപിള്ള പൊലീസിനു പിടികിട്ടേണ്ട ഒരു പ്രതിയാണ്. അയാളെ പിടിക്കുകയോ അതിനു സഹായിക്കുന്ന വിവരങ്ങൾ നൽകുകയോ ചെയ്യുന്നവർക്ക് 200ക. സമ്മാനം കൊടുക്കുന്നതാണെന്നു ഗവർമ്മെണ്ട് പ്രസിദ്ധപ്പെടുത്തിയിരുന്നു.

മതാത്മകരാഷ്ട്രീയത്തിനും ആൾദൈവപൂജകൾക്കും അപകടകരമാംവിധം പ്രചാരം നൽകുന്ന ഇന്നത്തെ മാതൃഭൂമിയുടെ അവസ്ഥയുടെ പശ്ചാത്തലത്തിൽ ജയരാജ് നടത്തുന്ന ഈ നിരീക്ഷണം ഏറെ ശ്രദ്ധാർഹമാകുന്നു:

1947 -വരെ അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ, ജാതിമത ചിന്തകൾ എന്നിവയ്‌ക്കെതിരെയും സമത്വം, സ്വാതന്ത്ര്യം, നീതി എന്നിവയ്ക്ക് വേണ്ടിയും ശക്തമായ നിലപാടുകൾ എടുക്കുന്നതിൽ മലയാളപത്രങ്ങൾ പൊതുവെ സമാനവീക്ഷണം പുലർത്തിയിരുന്നു. 1947-നു ശേഷം സാമൂഹിക വീക്ഷണത്തിലും സമീപനത്തിലും വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുമ്പോഴും ദൈവത്തിന്റെയും മതത്തിന്റെയും ഭക്തിയുടെയും പേരിൽ ചിലർ നടത്തുന്ന തട്ടിപ്പുകൾ പൊതുസമൂഹത്തിനു മുൻപിൽ തുറന്നുകാണിക്കുന്നതിൽ ഏകാഭിപ്രായം നിലനിർത്തിയിരുന്നു. 1970-കളിൽ എത്തിയപ്പോഴേക്കും ഈ വിഷയത്തിൽ മാദ്ധ്യമനിലപാടുകളിൽ പ്രത്യക്ഷമായ മാറ്റങ്ങൾ കണ്ടുതുടങ്ങി. ജാതി-മത സ്വാധീനം വാർത്തകളിൽ പ്രകടമായിത്തുടങ്ങി. 1970-നു ശേഷം പുഷ്ടിപ്പെട്ട ആൾദൈവങ്ങളുടെയും ആധ്യാത്മികതാചാര്യന്മാരുടെയും കണക്കെടുത്താൽ ഇത് കൂടുതൽ സ്പഷ്ടമാകും.

കർഷകബന്ധബിൽ, വിദ്യാഭ്യാസബിൽ തുടങ്ങിയവയോട് മാതൃഭൂമിക്ക് അനുഭാവമാണുണ്ടായിരുന്നതെന്ന് ജയരാജ് പറയുന്നുണ്ടെങ്കിലും വിമോചനസമരത്തോട് പത്രം കൈക്കൊണ്ട സമീപനം മറ്റൊന്നായിരുന്നു. തെരഞ്ഞെടുപ്പിലെ കമ്യൂണിസ്റ്റ് വിജയത്തോടാകട്ടെ മാതൃഭൂമിക്ക് തെല്ലും ആഭിമുഖ്യമുണ്ടായിരുന്നുമില്ല. മലയാളമനോരമയും കേരളഭൂഷണവും മറ്റും ചെയ്തതുപോലെ, ഇംഗ്ലീഷിൽ മുഖപ്രസംഗമെഴുതി നെഹ്‌റുവിനെ സ്വാധീനിക്കാൻ ശ്രമിച്ചില്ല എന്നു മാത്രമേയുള്ളു. മത-ജാതി- വർഗീയ ശക്തികളുടെ പക്ഷം ചേർന്ന് കമ്യൂണിസ്റ്റ് സർക്കാരിനെതിരെ യുദ്ധം ചെയ്തു, മനോരമയെങ്കിൽ ഗാന്ധിയൻ ജനാധിപത്യബോധം മുൻനിർത്തി കമ്യൂണിസ്റ്റ് ഭരണത്തെ എതിർത്തു, മാതൃഭൂമി. മന്ത്രിസഭപിരിച്ചുവിട്ടതിനെ സ്വാഗതം ചെയ്ത 'മാതൃഭൂമി' മന്നത്തു പത്മനാഭന്റെ പ്രസ്താവന ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചു. അതിൽ ഇങ്ങനെ വായിക്കാം.

'...... നമ്മുടെ സമരം ഇതുകൊണ്ടവസാനിക്കുന്നില്ലെന്ന് ഓർമിക്കുക. ജനാധിപത്യത്തെയും ധാർമികമൂല്യങ്ങളെയും കുഴിച്ചുമൂടാൻ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഈ കമ്യൂണിസത്തെ നമ്മുടെ നാട്ടിൽനിന്നും വേരോടെ നശിപ്പിക്കുന്നതുവരെ നമുക്ക് വിശ്രമിക്കാൻ പാടുള്ളതല്ല. അതിനാൽ ഈ ദേശീയ മഹാവിപത്തിനെ നിശ്ശേഷം ദുരീകരിക്കുന്നതുവരെ സർവാത്മനാ പ്രവർത്തിക്കുമെന്ന് ഒരു ധീര പ്രതിജ്ഞയെടുക്കേണ്ടതും ഈ സന്ദർഭത്തിലാണ്. കരതോറും യോഗങ്ങൾകൂടി ഈ വിധം ഒരു പ്രതിജ്ഞ പ്രമേയരൂപത്തിൽത്തന്നെ എഴുതിവായിക്കുകയും എല്ലാവരും എഴുന്നേറ്റുനിന്ന് ഈശ്വരനെ സാക്ഷിയാക്കിക്കൊണ്ട് അംഗീകരിക്കുകയും ചെയ്യണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.... കമ്യൂണിസമെന്നാൽ അതിത്ര ഭയങ്കര വിപത്താണെന്ന് നാം അറിഞ്ഞിരുന്നില്ല. ആ അവിവേകം നമുക്ക് വരുത്തിവച്ച വേദന 28 മാസക്കാലം നാം മതിയാവോളം അനുഭവിക്കുകയും ചെയ്തു. ഒരൊറ്റ സീറ്റിലും ജനാധിപത്യത്തിന്റെ ഘാതകനായ കമ്യൂണിസ്റ്റുകാരൻ വരാൻ ഇടവരാതെ ശക്തിയേറിയ പ്രവർത്തനങ്ങൾ രാജ്യത്തുടനീളം ആരംഭിക്കുക. നമ്മുടെ നാടിന്റെ സുകൃതക്ഷയം നിശ്ശേഷം മാഞ്ഞുമായട്ടെ. ഈശ്വരൻ നമ്മെ അനുഗ്രഹിക്കട്ടെ.'

മൂന്നാംഭാഗത്ത് മൂന്നുലേഖനങ്ങളുണ്ട്. 'മാതൃഭൂമി'യ്ക്കുശേഷം മലയാളത്തിലുണ്ടായ പ്രധാനവർത്തമാനപ്പത്രങ്ങളെക്കുറിച്ചാണ് ആദ്യലേഖനം. ദേശഭിമാനി, ജനയുഗം, വീക്ഷണം, ജന്മഭൂമി, സിറാജ്, മാദ്ധ്യമം, മംഗളം, തേജസ്..... തുടങ്ങിയ പത്രങ്ങളെക്കുറിച്ചും നിലവിൽ മലയാളപത്രങ്ങൾ പൊതുവിൽ കൈവരിച്ചു കഴിഞ്ഞ സാങ്കേതിക-മാദ്ധ്യമ സ്വഭാവങ്ങളെക്കുറിച്ചും ജയരാജ് വിവരിക്കുന്നു. സാമൂഹ്യമാദ്ധ്യമങ്ങളും ടെലിവിഷനും പത്രങ്ങൾക്കുയർത്തുന്ന വെല്ലുവിളികളെക്കുറിച്ചാണ് അടുത്ത ലേഖനങ്ങൾ. പൊതുവെ മലയാളമാദ്ധ്യമങ്ങൾ മതപ്രീണനം, വിപണിവൽക്കരണം, വിഗ്രഹവൽക്കരണം, സെൻസേഷണലിസം, രാഷ്ട്രീയപക്ഷപാതം, സ്ത്രീ - കീഴാള വിരുദ്ധത തുടങ്ങിയവയിൽ പുലർത്തുന്ന താല്പര്യങ്ങൾ തുറന്നുകാണിച്ച് 'മാതൃഭൂമി' ഉൾപ്പെടെയുള്ള പത്രങ്ങൾ എത്തിനിൽക്കുന്ന പ്രതിലോമ സാഹചര്യങ്ങൾ വിവരിച്ച് ഈ പഠനം അവസാനിപ്പിക്കുന്നു, ജയരാജ്. മാദ്ധ്യമപ്രവർത്തകർക്കും പഠിതാക്കൾക്കും ഒരുപോലെ മുതൽക്കൂട്ടാണ് ഈ പുസ്തകം.

പുസ്തകത്തിൽ നിന്ന്

കേരളത്തിന്റെ സാമൂഹികജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് അടിത്തറപാകിയ നിയമനിർമ്മാണങ്ങളായിരുന്നു കേരള വിദ്യാഭ്യാസബില്ലും കേരള കർഷകബന്ധബില്ലും. ആദ്യ ഇ.എം.എസ് . സർക്കാറിന്റെ ഏറ്റവും വലിയ നേട്ടങ്ങളായി വിലയിരുത്തുന്ന ഈ നിയമനിർമ്മാണം തന്നെ യായിരുന്നു ആ മന്ത്രിസഭയുടെ പതനത്തിലേക്കുള്ള പാതയൊരുക്കിയതും. കേരളത്തിലെ ഫ്യൂഡൽ - കൊളോണിയൽ വ്യവസ്ഥിതിയെ ആധുനികവത്കരിക്കാൻ നേതൃത്വം നല്കുകയായിരുന്നു ഭൂപരിഷ്‌കരണത്തിലൂടെ കമ്യൂണിസ്റ്റ് മന്ത്രിസഭ ചെയ്തത്. സ്വാതന്ത്ര്യാനനന്തര ഘട്ടത്തിലെ കർഷക പ്രക്ഷോഭങ്ങളും കാർഷിക പ്രശ്‌നങ്ങളുമായിരുന്നു സംസ്ഥാന രൂപവത്കരണശേഷം ആദ്യമായി നടന്ന പൊതുതിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് സർക്കാരിനെ അധികാരത്തിലെത്തിച്ചത്. കുടികിടപ്പുകാരും വെറും പാട്ടക്കാരും കുടിയൊഴിപ്പിക്കപ്പെടുന്ന അന്നത്തെ സാഹചര്യത്തിൽ ഒഴിപ്പിക്കൽ നിരോധന ഓർഡിനൻസിലൂടെ കർഷകസമൂഹത്തിന് സുരക്ഷിതബോധം നല്കാൻ സർക്കാരിന് സാധിച്ചു. 1957 ഏപ്രിൽ 11-ന് സത്യപ്രതിജ്ഞ കഴിഞ്ഞ് ഒരാഴ്ച കഴിയുന്നതിനു മുൻപുതന്നെ ഒഴിപ്പിക്കലും കുടിയിറക്കലും തടയുന്ന ഓർഡിനൻസിറക്കി കർഷകബന്ധബില്ലിന് സർക്കാർ ശക്തമായ അടിത്തറയിട്ടു. അസംബ്ലിയിൽ ബില്ലവതരിപ്പിച്ച് പാസാക്കാൻ വേണ്ടിവരുന്ന സുദീർഘമായ കാലയളവ് ഉപയോഗപ്പെടുത്തി കൃഷിക്കാരെ ഭൂവുടമകൾ വൻതോതിൽ കുടിയിറക്കാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് അതിന് തടയിടാൻ വേണ്ടിയായിരുന്നു ഈ ഓർഡിനൻസ്.

1957-ലെ ഈ നിയമനിർമ്മാണം കേരളത്തിലെ സമഗ്ര സാമൂഹികമാറ്റത്തിന് പശ്ചാത്തലമൊരുക്കി. ഏതാണ്ട് 36 ലക്ഷത്തിലധികം പേർക്ക് ഭൂമിയിൽ സ്ഥിരാവകാശം ലഭിച്ചപ്പോൾ അതൊരു സാംസ്‌കാരിക വിപ്ലവവും സാമ്പത്തിക വളർച്ചയുടെ ആരംഭവുമായി. ജന്മിമാർ കാലങ്ങളായി ഈടാക്കിയിരുന്ന ഉത്പാദന വിഹിതം കർഷകസമൂഹത്തിനുതന്നെ ലഭിച്ചു.

1957 ഡിസംബർ 28-ന് കേരള കർഷകബന്ധ നിയമത്തിലെ വ്യവസ്ഥകൾ സർക്കാർ പൊതുജനങ്ങളുടെ അഭിപ്രായം അറിയുന്നതിനായി മാദ്ധ്യമങ്ങൾക്ക് പ്രസിദ്ധീകരണത്തിനു നല്കി. മാതൃഭൂമി നിയമവ്യവസ്ഥകളുടെ മലയാള പരിഭാഷ പൂർണ്ണരൂപത്തിൽ തന്നെ പ്രസിദ്ധീകരിച്ചു. പത്രത്തിന്റെ 2,3,4,5,6 പേജുകൾ ഇതിനുമാത്രമായി മാറ്റിവച്ചു. കേരള വിദ്യാഭ്യാസ നിയമത്തിലെന്നപോലെ കാർഷികബന്ധബില്ലിനും മാതൃഭൂമി കലവറയില്ലാത്ത പിന്തുണയാണ് നല്കിയത്. പൊതുജനങ്ങൾക്ക് കാര്യങ്ങൾ എളുപ്പത്തിൽ ഗ്രഹിക്കാൻ പാകത്തിൽ നിയമത്തിലെ പ്രധാനവ്യവസ്ഥകൾക്കെല്ലാം പ്രത്യേകം പ്രത്യേകം തലക്കെട്ടുകൾ നല്കിയാണ് പ്രസിദ്ധീകരിച്ചത്. നിയമങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുക്കുമ്പോൾ സ്വീകരിക്കുന്ന ഭാഷാസമ്പ്രദായം അന്നും ഇന്നും കൗതുകമുണർത്തുന്നതാണ്. കാലത്തിനനുസരിച്ച് ഭാഷയിൽ നവീകരണം നടത്താറുണ്ടെങ്കിലും നീതിന്യായകോടതികൾ ഇപ്പോഴും ആശ്രയിക്കുന്നത് നൂറുവർഷം മുൻപേ ഉപയോഗിച്ചിരുന്ന ഭാഷയെത്തന്നെയാണ്. കേരള കാർഷികബന്ധനിയമത്തിൽ സ്ഥിരം കുടിയാൻ എന്നതിന്റെ നിർവചനം ഇങ്ങനെ: 'കാണത്തിന്മേലോ കാണം കുഴിക്കാണത്തിന്മേലോ, കുഴിക്കാണത്തിന്മേലോ നാട്ടാചാരപ്രകാരമുള്ള വെറും പാട്ടത്തിന്മേലോ ഭൂമികൈവശം വെക്കുകയോ അല്ലെങ്കിൽ(2) കൈവശഭൂമി മലബാറിലാണെങ്കിൽ 1957 ഏപ്രിൽ 11-ന് തൊട്ടുമുൻപായി അഞ്ചുകൊല്ലത്തിൽ കുറയാതെയോ അല്ലെങ്കിൽ കൈവശഭൂമി സംസ്ഥാനത്തിന്റെ മറ്റുവല്ല ഭാഗത്തുമാണെങ്കിൽ പത്തുകൊല്ലത്തിൽ കുറയാതെയോ കൈവശഭൂമിയിൽ തുടർച്ചയായി കൃഷിചെയ്യുകയും ഈ ആക്ട് നടപ്പിൽ വരുന്ന സമയത്ത് കൈവശഭൂമി കൃഷിചെയ്യുന്നത് അങ്ങനെ തുടരുകയും ചെയ്യുകയോ അല്ലെങ്കിൽ (3) ഭൂമി വീണ്ടെടുക്കപ്പെടുന്നതിന് ഇടയില്ലാതെ ഒരുടമസ്ഥനെന്ന നിലയിലോ കുടിയാൻ എന്ന നിലയിലോ പരമാവധി വിസ്തീർണത്തിൽ കവിഞ്ഞ വിസ്തീർണമുള്ള ഭൂമി കൈവശമുള്ളതായ ഒരു ജന്മിയുടെ കീഴിൽ 1957 ഡിസംബർ പതിനെട്ടാം തീയതി കൈവശം വെക്കുകയോ ചെയ്യുന്ന, കൃഷിചെയ്യുന്ന കുടിയാൻ എന്ന അർഥമാകുന്നതും ഈ ആക്ട് നടപ്പിൽ വരുന്നതിന് തൊട്ടു മുൻപ് അഞ്ചുകൊല്ലത്തിൽ കുറയാത്ത കാലത്തേക്ക് തുടർച്ചയായി കൈവശംവച്ചിരിക്കുന്ന ഒരു കുടിയിരുപ്പ് കുടിയാൻ അതിൽ ഉൾപ്പെടുന്നതുമാകുന്നു. എന്നാൽ പരമാവധി വിസ്തീർണത്തിൽ കവിഞ്ഞ വിസ്തീർണമുള്ള ഭൂമി ഉടമസ്ഥനെന്ന നിലയിൽ കൈവശംവെക്കുന്ന ആളെ ഒരു സ്ഥിരം കുടിയാനായി കരുതാൻ പാടുള്ളതല്ല'(1957 ഡിസംബർ 28, മാതൃഭൂമി).

1959 ജൂൺ 10 -ന് സ്റ്റേറ്റ് അസംബ്ലിയിൽ കേരള കർഷകബന്ധ ബിൽ പാസാക്കി. 'കർഷകബന്ധ ബിൽ പാസാക്കി' എന്ന ശീർഷകത്തിൽ റവന്യൂമന്ത്രി കെ. ആർ. ഗൗരിയമ്മയുടെ ചിത്രം സഹിതമാണ് ഒന്നാം പേജിൽ മാതൃഭൂമി ഈ വാർത്ത പ്രസിദ്ധീകരിക്കുന്നത്. '...ഈ ബിൽ കമ്യൂണിസ്റ്റ് ഗവൺമെന്റിന്റെ ഒരു വമ്പിച്ച നേട്ടമാണെന്ന് മന്ത്രി കെ.ആർ. ഗൗരി പറഞ്ഞു. അതിനെ നന്നാക്കുന്നതിൽ സഹകരിച്ചതിന് അവർ അംഗങ്ങളോടും ഉദ്യോഗസ്ഥന്മാരോടും നന്ദി പറഞ്ഞു. ബിൽ നടപ്പാക്കുന്ന കാര്യത്തിലും പ്രതിപക്ഷ പാർട്ടികളുടെ സഹകരണം കിട്ടും എന്നവർ ആശിച്ചു. ബിൽ വളരെ കുഴപ്പം പിടിച്ചതാണെന്നും നടപ്പാക്കുന്ന സമയത്തെ അനുഭവങ്ങളുടെ വെളിച്ചത്തിൽ കൂടുതൽ ഭേദഗതികൾ വേണ്ടിവരുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു'(1959 ജൂൺ 11, മാതൃഭൂമി).

ഇതോടൊപ്പം ഒന്നാം പേജിൽ വൻ പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെട്ട രണ്ട് വാർത്തകൾ പ്രത്യേകം ശ്രദ്ധേയമാണ്. 'വിമോചനസമരം 15-ാനുതന്നെ ആരംഭിക്കും.' സമരസമിതിയുടെ തീരുമാനം, വിദ്യാലയങ്ങൾ എന്നു തുറന്നാലും സമരം ജൂൺ 15-ാം തീയതിതന്നെ ആരംഭിക്കുന്നതാണെന്ന് ഇന്ന് ഇവിടെവച്ച് ശ്രീ. മന്നത്തു പത്മനാഭന്റെ അധ്യക്ഷതയിൽ കൂടിയ വിമോചനസമരസമിതിയുടെ സെൻട്രൽ കമ്മിറ്റിയുടെ ഒരടിയന്തര യോഗം തീരുമാനിച്ചിരിക്കുന്നു.'

'കേരളത്തിലെ സംഭവവികാസങ്ങളിൽ ഉത്കണ്ഠ. കമ്യൂണിസ്റ്റ് ഗവൺമെന്റിൽനിന്ന് നീതിലഭിക്കില്ലെന്ന ബോധം ജനങ്ങളിൽ ശക്തിപ്പെടുന്നു. പത്രസമ്മേളനത്തിൽ നെഹ്‌റു.'

മലയാള അച്ചടി മാദ്ധ്യമം: ഭൂതവും വർത്തമാനവും
എം. ജയരാജ്
മാതൃഭൂമി ബുക്‌സ്
2013
വില:225 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP