1 usd = 71.59 inr 1 gbp = 86.79 inr 1 eur = 79.35 inr 1 aed = 19.49 inr 1 sar = 19.09 inr 1 kwd = 235.31 inr

Aug / 2019
20
Tuesday

കാഴ്ചയും ദൃശ്യവും: മലയാളിയുടെ നവ-മാധ്യമജീവിതം

February 02, 2019 | 08:30 PM IST | Permalinkകാഴ്ചയും ദൃശ്യവും: മലയാളിയുടെ നവ-മാധ്യമജീവിതം

ഷാജി ജേക്കബ്‌

ഭാഷ/മാധ്യമം/സാങ്കേതികത/രൂപം എന്നിവ മുൻനിർത്തിയുള്ള സൗന്ദര്യപഠനങ്ങൾ ഒരുവശത്ത്. പ്രത്യയശാസ്ത്രം/ഉള്ളടക്കം/ഭാവം എന്നിവ മുൻനിർത്തിയുള്ള രാഷ്ട്രീയപഠനങ്ങൾ മറുവശത്ത് - ഇതായിരുന്നു പൊതുവെ കല, സാഹിത്യം, മാധ്യമം തുടങ്ങിയവയുടെ മണ്ഡലങ്ങളിൽ 1970കൾ വരെ നിലനിന്നിരുന്ന അക്കാദമിക വിമർശനപദ്ധതികൾ. മാർഷൽ മക്‌ലൂഹനും റെയ്മണ്ട് വില്യംസും പ്രതിനിധാനം ചെയ്യുന്ന രണ്ടു വിഭാഗങ്ങൾ തമ്മിൽ നടന്ന വിഖ്യാതമായ തർക്കത്തിന്റെ കൂടി ഫലമായി എന്നു വേണമെങ്കിൽ പറയാം, 70കൾ തൊട്ട് ഈ രണ്ടു വഴികൾ തമ്മിലുള്ള അന്തരം വലിയതോതിൽ കുറഞ്ഞുവന്നു. ആധുനികതാവാദ കലാ, സാഹിത്യ, മാധ്യമപഠനങ്ങളിൽ അക്കാദമിക പ്രാധാന്യം നേടിയിരുന്ന ആദ്യവഴിയും യൂറോപ്യൻ മാർക്‌സിസ്റ്റുകൾക്കിടയിൽ പ്രചാരം നേടിയ രണ്ടാം വഴിയും തമ്മിലുള്ള ഒരു ചാർച്ച അതോടെ രൂപപ്പെട്ടു. സൗന്ദര്യാത്മകതയും രാഷ്ട്രീയവും തമ്മിലുള്ള, അഥവാ സാങ്കേതികതയും സാംസ്‌കാരികതയും തമ്മിലുള്ള സംവാദാത്മക സംലയനങ്ങളും സാധ്യതകളും വിശകലനം ചെയ്യുന്ന ഒരു പദ്ധതിയാണ് പിന്നീടിങ്ങോട്ട് പൊതുവെ നിലനിന്നുപോരുന്നത്.

മലയാളത്തിൽ 1990കളോടെ രൂപപ്പെട്ടുവന്ന സാംസ്‌കാരിക വിമർശനത്തിന്റെ അടിസ്ഥാനസ്വഭാവവും സ്വരൂപവും ഈ ഇഴയടുപ്പമായിരുന്നു. അക്കാദമിക നിരൂപണത്തിലും മാർക്‌സിസ്റ്റ് നിരൂപണത്തിലും രണ്ടായി ഇഴപിരിഞ്ഞുനിന്നിരുന്ന വഴികളുടെയും വക്താക്കളുടെയും പൊതുഇടമായി മാറി, അതോടെ മലയാളവിമർശനം. തമ്മിൽതമ്മിൽ ചില ഭിന്നതകളില്ലെന്നല്ല. പക്ഷെ സാങ്കേതിക തലങ്ങളെ മാർക്‌സിസ്റ്റുകൾക്കും പ്രത്യയശാസ്ത്രതലങ്ങളെ അക്കാദമിക്കുകൾക്കും പരിഗണിക്കാതെവയ്യ എന്നു വന്നു. ഫോർമലിസത്തിന്റെയും ക്ലാസിക്കൽ മാർക്‌സിസത്തിന്റെയും തർക്കങ്ങളിലിടപെട്ടുകൊണ്ട് സാമൂഹ്യശാസ്ത്രവിമർശനത്തിന്റെ പരിധിക്കുള്ളിൽ നിന്ന് മുണ്ടശ്ശേരിയെപ്പോലുള്ളവർ മുൻപു ചൂണ്ടിക്കാണിച്ച രൂപ-ഭാവ ഭദ്രതകളുടെ മറ്റൊരു രീതിയിലുള്ള വ്യവസ്ഥാപനവും, 'നവവിമർശന'ത്തിന്റെ അക്കാദമിക-മാർക്‌സിസ്റ്റ് വിരുദ്ധ സമീപനത്തിലുറച്ചുനിന്ന് കെ. പി. അപ്പനെപ്പോലുള്ളവർ മുന്നോട്ടുവച്ച ആധുനികതാവാദവിമർശനത്തിന്റെ ഭാഷാനിഷ്ഠ പാഠനിരൂപണപദ്ധതിയോടുള്ള വിയോജിപ്പുമായിരുന്നു ഇത്. അതേസമയം, ഫോർമലിസത്തോടും ക്ലാസിക്കൽ മാർക്‌സിസത്തോടും നവവിമർശനത്തോടും കലഹിച്ച നവമാർക്‌സിയൻ ചിന്തയുടെ വലിയൊരു പിന്തുണയും മക്‌ലൂഹൻ-വില്യംസ് സംവാദത്തിനുണ്ടായിരുന്നു എന്നു മറക്കരുത്. സാഹിത്യം, കല, മാധ്യമം എന്നിങ്ങനെയുള്ള മുഖ്യ സാംസ്‌കാരികമണ്ഡലങ്ങളിൽ രൂപം കൊണ്ട എഴുത്തുകൾ പലതും ഈ ഉഭയഭാവുകത്വത്തെ ഉൾക്കൊണ്ടു എന്നു സാരം. കെ.എൻ. പണിക്കരും പി. ഗോവിന്ദപ്പിള്ളയും; സച്ചിദാനന്ദനും ബി. രാജീവനും; എം. വി. നാരായണനും ആർ. നന്ദകുമാറും; ജെ. ദേവികയും സുനിൽ പി. ഇളയിടവും; പ്രദീപൻ പാമ്പിരികുന്നും കവിതാബാലകൃഷ്ണനും ഉൾപ്പെടെയുള്ള പല തലമുറകളിലെ നിരൂപകർ സൗന്ദര്യശാസ്ത്രവും പ്രത്യയശാസ്ത്രവും തമ്മിലുള്ള സംലയനത്തെയാണ് ചരിത്രാത്മകവും പാഠനിഷ്ഠവുമായ സാംസ്‌കാരിക വിമർശനപദ്ധതിയിൽ അന്വേഷിച്ചത്.

മാധ്യമപഠനരംഗത്ത് ഈ വഴി പിന്തുടരുന്ന മലയാളനിരൂപകരിൽ ശ്രദ്ധേയനാണ് സി.എസ്. വെങ്കിടേശ്വരൻ. 'മലയാളിയുടെ നവമാധ്യമജീവിതം' എന്ന ഈ പുസ്തകവും ഇതിനുദാഹരണമാണ്. പതിനഞ്ചു ലേഖനങ്ങളും ഒരഭിമുഖവുമടങ്ങുന്ന മാധ്യമവിചാരങ്ങളുടെയും വിചാരണകളുടെയും സമാഹാരമാണ് 'മലയാളിയുടെ നവമാധ്യമജീവിതം'. ദൃശ്യസംസ്‌കാരം, സിനിമ, ടെലിവിഷൻ, മൊബൈൽഫോൺ, സൈബർസംസ്‌കാരം എന്നിങ്ങനെ അഞ്ചു മേഖലകളെ കേന്ദ്രീകരിക്കുന്നവയാണ് ഈ പുസ്തകത്തിലെ രചനകൾ.

ദൃശ്യസംസ്‌കാരത്തെക്കുറിച്ചുള്ള ആദ്യലേഖനം ചുവരെഴുത്തുമുതൽ നവ-സാമൂഹ്യ മാധ്യമങ്ങൾ വരെയുള്ളവ മുൻനിർത്തി മലയാളിയുടെ ദൃശ്യജീവിതത്തിന്റെ ഭാവുകത്വവിശകലനം നടത്തുന്നു. ദൃശ്യഭാഷയിലൂന്നി നടത്തുന്ന ആധുനികാനന്തര മലയാളിയുടെ സാംസ്‌കാരിക നരവംശശാസ്ത്രാപഗ്രഥനമായിത്തീരുന്നുണ്ട് ഒരർഥത്തിൽ ഈ രചന. മറ്റൊരർഥത്തിൽ റൊളാങ് ബാർത്തും മറ്റും ചെയ്ത ചിഹ്നവിജ്ഞാനീയപരമായ ബിംബാവലോകനത്തിന്റെ പാഠമാതൃകയും. ചുവരെഴുത്തിൽനിന്ന് 'ദൃശ്യം' എന്ന സിനിമയുടെ ദൃശ്യ-ഭാഷാ രാഷ്ട്രീയത്തിലേക്ക്. കാഴ്ചയും ദൃശ്യവും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിച്ചുകൊണ്ട് വെങ്കിടേശ്വരൻ എഴുതുന്നു:

'കാഴ്ച ജൈവികമായ ഒരു അനുഭവമാണ് എങ്കിൽ ദൃശ്യം അവശേഷിപ്പിക്കപ്പെട്ട ഒരു ഛായയാണ്. അതിന് നിശ്ചിതരൂപം ഉണ്ട്. പലപ്പോഴും അത് ഒരു രേഖയുമാണ്; അനുഭവം അഥവാ ലോകം അവശേഷിപ്പിക്കുന്ന ഒരു നിഴൽ ആണത്. കാഴ്ച എന്നത് പിൻനോട്ടമില്ലാത്ത, നിരന്തരമായ ഒരു ഒഴുക്കാണ് എങ്കിൽ, ദൃശ്യത്തിൽ സമയം/കാലം അഥവാ അനുഭവം എന്നിവ മരവിക്കുന്നു. ചില പ്രത്യേക നോട്ടങ്ങൾക്ക് വിധേയമാകാൻ ഉതകുംവിധം ദൃശ്യം ഒരുക്കപ്പെട്ടിരിക്കുന്നു. അങ്ങനെ നോക്കുമ്പോൾ, മരവിപ്പിച്ച, നൈരന്തര്യം നഷ്ടപ്പെട്ട, ജൈവ/സാമൂഹിക സാഹചര്യങ്ങളിൽനിന്നടർത്തപ്പെട്ട കാഴ്ചയാണ് ദൃശ്യം. കാഴ്ച മനുഷ്യവ്യവസ്ഥയ്ക്കകത്ത് പ്രവർത്തിക്കുമ്പോൾ ദൃശ്യം പ്രവർത്തനക്ഷമമാകുന്നത് ഒരു അധികാരവ്യവസ്ഥയ്ക്കകത്താണ്. ആ അവസ്ഥയിൽ ദൃശ്യം മനുഷ്യനിൽനിന്നു വേറിച്ച്, മനുഷ്യനെ തിരിച്ച് നിയന്ത്രിക്കുന്ന/ നോക്കുന്ന ഒരു ശക്തിയായി മാറുന്നു. 'ദൃശ്യം' എന്ന സിനിമയുടെ കേന്ദ്രത്തിലുള്ള സംഘർഷവും ഇതാണ്'.

സിനിമയിൽനിന്ന് ടെലിവിഷനിലേക്ക്. തീരശ്ചീനവും ലംബവുമായ തലങ്ങളിൽ ടെലിവിഷൻ സൃഷ്ടിക്കുന്ന കാഴ്ചയുടെ ഭിന്നലോകങ്ങൾ വെങ്കിടേശ്വരൻ വിശകലനം ചെയ്യുന്നു.

'ടെലിവിഷനിൽ പ്രത്യക്ഷപ്പെടുന്ന കേരളത്തിന്റെ അഥവാ മലയാളിയുടെ മാധ്യമീകരിക്കപ്പെട്ട പൊതുമണ്ഡലത്തിന്റെ സവിശേഷത അതിന്റെ തിരശ്ചീനവും ലംബമാനവുമായ തലങ്ങളിലുള്ള വൈരുദ്ധ്യമാണ്. അതായത് തിരശ്ചീനമായ തലത്തിൽ ടെലിവിഷനും അതിന്റെ വ്യവഹാരങ്ങൾക്കും മലയാളി സമൂഹത്തിൽ വർഗ്ഗവർണ്ണവ്യത്യാസത്തെ മറികടക്കുന്ന രീതിയിലുള്ള ഒരുതരം സമാനതയും സ്വീകാര്യതയും തുടർച്ചയും ഏകതാനതയുമുണ്ട് എന്നാൽ കാഴ്ചയുടെ തലത്തിലുള്ള ഈ സമീകരണം/സമാനത അഥവാ തിരശ്ചീനത പ്രേക്ഷകരുടെ യഥാർത്ഥ ജീവിതാവസ്ഥകളിൽ ഒരിക്കലും നിലനിൽക്കുന്ന ഒന്നല്ല. എന്തെന്നാൽ പ്രേക്ഷകർ വർഗ്ഗപരവും ജാതീയവും മതപരവും ലിംഗപരവും രാഷ്ട്രീയവും പ്രാദേശികവും ഒക്കെയായുള്ള തലങ്ങളിൽ വളരെ ലംബമാനമായ വിഭജനങ്ങളും വൈജാത്യങ്ങളും നിലനിൽക്കുന്ന ഒരു അവസ്ഥയ്ക്കകത്താണ് ജീവിക്കുന്നത്. അതായത്, അവരവരുടെ നിത്യജീവിതത്തിൽ, മറ്റേതൊരിന്ത്യൻ സമൂഹത്തെയുംപോലെ മലയാളി ടെലിവിഷൻ പ്രേക്ഷസമൂഹവും പല തട്ടുകളിലായിട്ടാണ് ജീവിക്കുന്നത്. ഓരോരുത്തരും അവരുടെ ജീവനോപാധി തേടുന്ന രീതികളിൽ, മതരാഷ്ട്രീയവിശ്വാസങ്ങളുടെയും സാംസ്‌കാരികമായ നിവൃത്തികേടുകളുടെയും കാര്യത്തിൽ, വിഭവ-വൈഭവങ്ങളുടെയും അവർക്ക് മുന്നിൽ യഥാർത്ഥത്തിൽ ലഭ്യമായേക്കാവുന്ന അവസരങ്ങളുടെയും കാര്യത്തിൽ, ലൈംഗികാഭിമുഖ്യങ്ങളുടെയും വംശവർഗ്ഗനിലപാടുകളിൽ രഹസ്യമായും പരസ്യമായും പുലർത്തുന്ന മുൻവിധികളുടെയും കാര്യത്തിൽ...ഇവയിലെല്ലാംതന്നെ തികച്ചും വ്യതിരിക്തവും ലംബമാനവും ജീവിതങ്ങളാണ് അവർ നിത്യേന നയിക്കുന്നത്. ഈ ജീവിതതട്ടുകൾ പലപ്പോഴും പരസ്പരം വർജ്ജിക്കുന്നതും വിവിധ അടരുകളിലായി വിഭജിക്കപ്പെട്ടതുമാണ്'.

തുടർന്ന് നവമാധ്യമങ്ങൾ. മൊബൈർഫോൺ കേന്ദ്രീകരിച്ച് ഫേസ്‌ബുക്ക് എന്ന സാമൂഹ്യമാധ്യമത്തെക്കുറിച്ചുനടത്തുന്ന നിരീക്ഷണങ്ങൾ. കാൾമാർക്‌സ് മുതൽ ഴാക് റാൻസിയറും സിഗ്മണ്ട് ബൗമാനും വരെയുള്ളവരെ പിൻപറ്റി മുന്നോട്ടുവയ്ക്കുന്ന സൈദ്ധാന്തിക പരികല്പനകളാണ് ഈ പഠനത്തിന്റെ അക്കാദമിക അടിത്തറ.

ഇനിയുള്ള ആറ് ലേഖനങ്ങൾ സിനിമയെക്കുറിച്ചാണ്. ആദ്യലേഖനത്തിൽ, ആഗോളവൽക്കരണകാലത്തെ സിനിമ എങ്ങനെ ആഗോളതയുടെയും പ്രാദേശികതയുടെയും, അഥവാ സാംസ്‌കാരിക സാമ്രാജ്യത്തത്തിന്റെയും പ്രാദേശിക സംസ്‌കൃതികളുടെയും ഉഭയരാഷ്ട്രീയം കൈപ്പറ്റുന്നു എന്നാരായുന്ന വെങ്കിടേശ്വരൻ ഡിജിറ്റൽ കാലത്തെ സിനിമയുടെ സാങ്കേതിക സാധ്യതകൾ സവിശേഷമായി അവലോകനം ചെയ്യുന്നു.

ചരിത്രവും സിനിമയുൾപ്പെടെയുള്ള ദൃശ്യമാധ്യമരൂപങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുന്നയിക്കുന്ന ചില കാഴ്ചപ്പാടുകളാണ് അടുത്ത രണ്ടു രചനകളുടെ ഉള്ളടക്കം. ചരിത്രവും യാഥാർഥ്യവും; ദൃശ്യവും മാധ്യമവും തമ്മിലുള്ള ഉടമ്പടികളെ ഒന്നടങ്കം പൊളിച്ചെഴുതുന്നതിൽ മാധ്യമങ്ങൾ കൈവരിച്ച മാറ്റങ്ങൾ മറനീക്കിക്കാണിക്കുന്നു, വെങ്കിടേശ്വരൻ.

'മാധ്യമത്തിലൂടെയാണ് 'യാഥാർത്ഥ്യം' നമ്മിലെത്തുന്നത് - അതിനെ വിലയിരുത്തുന്നതും ചരിത്രപ്രാധാന്യത്തെക്കുറിച്ച് മാറ്റുരയ്ക്കുന്നതുമെല്ലാം മാധ്യമത്തിലൂടെയാണ്. ദൃശ്യമാണ് (സിനിമയായാലും ടെലിവിഷനായാലും ഇന്റർനെറ്റായാലും) ഇന്ന് ചരിത്രം രചിക്കുന്നത്, അല്ലെങ്കിൽ ദൃശ്യത്താലാണ് ഇന്ന് ചരിത്രം രചിക്കപ്പെടുന്നത്.

ചരിത്രത്തിന്മേലും ചരിത്രജ്ഞാനത്തിന്മേലും ദൃശ്യമാധ്യമം കൊണ്ടുവന്ന ഈ മാറ്റവും മാധ്യമബിംബപംക്തികളുടെ സർവ്വവ്യാപിത്വവും അവയെ നമ്മൾ നയിക്കുന്ന രീതിയെയും മാറ്റിമറിച്ചു. ഗയ്‌ദെബോർ പറയുന്നതുപോലെ ജീവിച്ച എല്ലാംതന്നെ നേരിട്ട് പ്രതിനിധാനങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ ചരിത്രരചനയും അറിവും മുൻപ് അടിസ്ഥാനമാക്കിയ ആധികാരിക ഉപകരണങ്ങളും സാങ്കേതികവിദ്യകളും-രേഖകൾ, ലിഖിതങ്ങൾ, എഴുത്തോല, പുസ്തകം, എഴുത്താണി, പേന, ടൈപ്പ്‌റൈറ്റർ, അച്ചടി-ഇന്ന് ദൃശ്യമാധ്യമത്തിന്റെ 'യാഥാർത്ഥ്യപ്രതീതി'ക്കു മുന്നിൽ നിഷ്പ്രഭമായിരിക്കുന്നു. യാഥാർത്ഥ്യത്തിന്റെ ഈ ഇടതടവില്ലാത്ത സംപ്രേഷണം (സംഭവിക്കുമ്പോൾതന്നെ അല്ലെങ്കിൽ കഴിഞ്ഞയുടൻതന്നെ; നിരന്തരം ആവർത്തിച്ചും ഓരോ ഫ്രെയിമായെടുത്ത് വിശകലനം ചെയ്തും സ്ലോമോഷനിലും മറ്റും പരിശോധിച്ചും) യാഥാർത്ഥ്യത്തെയും പ്രതിനിധാനത്തെയും അവ തമ്മിലുള്ള ബന്ധത്തെയും ലളിതവും സുതാര്യവുമാക്കിയ ഒരു പ്രതീതി നല്കുന്നു; ദൃശ്യങ്ങളെ അവയുടെ ഉപരിതലത്തിൽനിന്നുതന്നെ തത്സമയം വായിച്ചെടുക്കാനാവും എന്ന തോന്നൽ അതുണ്ടാക്കുന്നു. (അതിന്റെ പിന്നിലുള്ള സാങ്കേതികവിദ്യകളെക്കുറിച്ചുള്ള 'പൊതുവിജ്ഞാന'വും വളരെ വ്യാപകവും ജനകീയവുമാണ്). ഒറ്റനോട്ടത്തിലുള്ള അതിന്റെ ലാളിത്യവും സുതാര്യതയും തന്നെയാണ് അതിനെ വിശകലനാതീതവും ദുർഗ്രഹവും ആക്കിത്തീർക്കുന്നതും'.

ആന്ദ്രെ ബാസിൻ മുതൽ ഫ്രെഡറിക് ജയിംസൺ വരെയുള്ളവരുടെ ചിന്തകൾ ഈ നിരീക്ഷണങ്ങൾക്കു പിൻബലമേകുന്നു.

'വ്യാജസിഡി, വ്യാജസിനിമ' എന്ന ലേഖനം, 2007ൽ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിൽ നടന്ന വ്യാജസിഡിവേട്ട യഥാർഥത്തിൽ ഒരു സാംസ്‌കാരിക പ്രശ്‌നമായിരുന്നുവോ എന്നന്വേഷിക്കുന്നു. ഇന്നത്തെക്കാലത്ത്, സാങ്കേതികവിദ്യയുടെ അപാരമായ സാധ്യതകൾക്കു മുന്നിൽ നിസാരമായി കാണേണ്ട ഒരു വിഷയത്തെയാണ് ഒരു ഭരണകൂടം സർവസൈന്യസന്നാഹങ്ങളോടെയും എതിരിടുന്നത്. റിച്ചാർഡ് സ്റ്റാൾമാന്റെ പ്രസിദ്ധമായ നിരീക്ഷണം മുന്നോട്ടുവച്ചുകൊണ്ട് വ്യാജപകർപ്പുകളുടെ രാഷ്ട്രീയം ഈ ലേഖനം ചർച്ചചെയ്യുന്നു.

സിനിമക്കുമേൽ മതം പിടിമുറുക്കുന്ന രീതികളെയും മൂന്നാം സിനിമ, മൂന്നാം ലോകസിനിമ എന്ന സങ്കല്പനത്തെയും കുറിച്ചുള്ള രണ്ടു ലേഖനങ്ങൾ തുടർന്നുവരുന്നു.

ആഗോളവാർത്താമാധ്യമങ്ങളും പ്രാദേശിക മാധ്യമങ്ങളുടെ പുതിയ പ്രസക്തിയും എന്ന വിഷയം ചർച്ചചെയ്യുന്നു, മറ്റൊരു ലേഖനം. പബ്ലിക് ബ്രോഡ്കാസ്റ്റിംഗിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ളതാണ് ഈ ഭാഗത്തെ അവസാന ലേഖനം.

രണ്ടാം ഭാഗത്ത് നവ-സൈബർ മാധ്യമങ്ങൾ, വിശേഷിച്ചും മൊബൈൽ ഫോൺ സൃഷ്ടിച്ചിട്ടുള്ള സാംസ്‌കാരിക രാഷ്ട്രീയങ്ങളുടെ അപഗ്രഥനമാണുള്ളത്. അഞ്ചു ലേഖനങ്ങൾ.

ഇന്റർനെറ്റിൽ സാധ്യമായ ആദ്യ പൊതുസംവേദനരൂപം എന്ന നിലയിൽ, ബ്ലോഗുകൾ സൃഷ്ടിച്ച അപൂർവമായൊരു ആവിഷ്‌ക്കാരമാധ്യമപ്രതീതിയെക്കുറിച്ചാണ് 'മലയാളിയുടെ ബൂജീവിതം'. സാഹിത്യഭാവനയുടെ തലത്തിൽ ബ്ലോഗ് സൃഷ്ടിച്ച മാറ്റങ്ങളാണ് സവിശേഷമായി ഇവിടെ ചർച്ചചെയ്യപ്പെടുന്നത്. ഹൈപ്പർ ടെക്സ്റ്റുകളും വെർച്വൽ റിയാലിറ്റിയും ഇന്ററാക്ടിവിറ്റിയും മറ്റും മറ്റുമായി ഈ മാധ്യമ/ രൂപം പരമ്പരാഗത സാഹിതീയാവിഷ്‌ക്കാരങ്ങളിൽനിന്ന് ഭിന്നമായ ഒരു ഭാവുകത്വം രൂപപ്പെടുത്തുന്നതെങ്ങനെയെന്ന് നിരവധി മലയാളം ബ്ലോഗുകൾ ഉദാഹരിച്ചുകൊണ്ട് വെങ്കിടേശ്വരൻ വിശദീകരിക്കുന്നു.

കല്പാത്തിയിലെ പരമ്പരാഗത അഗ്രഹാരത്തിൽനിന്ന് പട്ടന്മാരുടെ സൈബർ സമൂഹത്തിലേക്കു മാറിയ കാലത്തിന്റെ കഥയാണ് അടുത്ത ലേഖനം. സൈബർ സാമൂഹ്യനരവംശശാസ്ത്രത്തിന്റെ അപഗ്രഥനം. തൊഴിൽ, കുടിയേറ്റം, സമുദായാചാരങ്ങൾ, പാരമ്പര്യവും ആധുനികതയും തമ്മിലുള്ള ബന്ധം. സൈബർപൗരത്വത്തിന്റെ കാലത്ത് സാമൂഹികതയ്ക്കു കൈവരുന്ന സാധ്യതകളാണ് ഈ വെബ്‌സൈറ്റ് തുറന്നിടുന്നത്.

'ശരീരം, ശരീരഭാഷ, ഭക്ഷണം, രുചിവൈചിത്രങ്ങൾ, സ്വഭാവ സവിശേഷതകൾ, വിശ്വാസങ്ങൾ, വേഷം, കുടുംബബന്ധങ്ങൾ, പേരുകൾ, ആചാരങ്ങൾ, സർവ്വോപരി ബ്രാഹ്മണ്യം എന്ന ഭാരം/ബോധം/ഹുങ്ക് - ഇവ അവരെ പിന്തുടർന്നുകൊണ്ടേയിരുന്നു. വന്നു പാർത്ത കേരളത്തിലും പിന്നീട് ബോംബെപോലുള്ള മഹാനഗരങ്ങളിലും ഇപ്പോൾ ഐ.ടി. ലോകത്തിന്റെ ആഗോളഗ്രാമത്തിലും. അങ്ങനെ നാട്ടിൽനിന്ന് അകന്നകന്നുപോയിക്കൊണ്ടിരിക്കുന്ന അവസരങ്ങൾ തേടിയുള്ള ഈ പ്രവാസത്തിൽ അവർക്ക് ആദ്യമായി ഒരു 'സമൂഹസാധ്യത' നല്കിയത് ഇന്റർനെറ്റ് ആയിരിക്കും. അത് ഒരേസമയം ആഗോളമൂലധന തലസ്ഥാനങ്ങളിൽ വേല ചെയ്യാനും 'താമസി'ക്കാനും, അതേസമയം ഒരു പട്ടരായിരിക്കാനും ഉള്ള സാധ്യത അവർക്കു നല്കിയിരിക്കുന്നു; സൈബർലോകത്തിന്റെ മണ്ണിന്റെ മക്കളാക്കിയിരിക്കുന്നു'.

ഇനിയുള്ള രണ്ടു ലേഖനങ്ങൾ മൊബൈൽഫോണിനെക്കുറിച്ചാണ്. മലയാളത്തിൽ ഈ മാധ്യമത്തെയും അതിന്റെ സാംസ്‌കാരിക രാഷ്ട്രീയത്തെയും കുറിച്ചുണ്ടായിട്ടുള്ള ഏറ്റവും ശ്രദ്ധേയമായ നിരീക്ഷണങ്ങളാണ് ഇവയിലുള്ളത്. സാങ്കേതികവിദ്യകളുടെ ആഗോളാധിനിവേശത്തോടൊപ്പം പ്രാദേശികതയുടെ ആവിഷ്‌ക്കാരസാധ്യതകളും കണക്കിലെടുക്കുന്ന സന്തുലിതമായൊരു സമീപനമാണ് വെങ്കിടേശ്വരന്റേത്. യാന്ത്രികമാർക്‌സിസത്തിന്റെ വരട്ടുവാദമല്ല.

'വിവരസാങ്കേതികവിദ്യയുടെ വിസ്‌ഫോടനം നമ്മൾ ഏറ്റവും ഗാഢമായി അനുഭവിക്കുന്നത് ഇന്റർനെറ്റിനെക്കാളധികം മൊബൈൽഫോണിലൂടെയാണ്. ഇത്ര ആഴത്തിൽ, ഇത്ര (ഉപരിതലത്തിലും) നമ്മളെയും നമ്മുടെ ജീവിതരീതികളെയും ഇടപാടുകളെയും ഇത്രപെട്ടെന്നു സ്വാധീനിച്ച മറ്റൊരു സാങ്കേതികവിദ്യ ഉണ്ടെന്നു തോന്നുന്നില്ല. ഭൂതല ടെലിഫോൺ, ടെലിവിഷൻ, ഇന്റർനെറ്റ് തുടങ്ങിയവയെ അപേക്ഷിച്ച് എത്രയോ വേഗത്തിലും പരപ്പിലും ആണ് ഈ ഉപകരണം നമ്മുടെ ജീവിതത്തിൽ പടർന്നുകയറിയത്. മറ്റുള്ളവ മുഖ്യമായും അനങ്ങാ സാങ്കേതികവിദ്യകൾ (immobile technologies) ആയിരുന്നപ്പോൾ മൊബൈൽഫോൺ അതിന്റെ സഞ്ചാരസ്വാതന്ത്ര്യംമൂലം നമ്മുടെ ശരീരത്തിന്റെതന്നെ ഒരു നീട്ടൽ (extension) പോലെ പ്രവർത്തിക്കുകയും അനുഭവപ്പെടുകയും ചെയ്യുന്നു. ആരുമായും എവിടെയും എപ്പോഴും ബന്ധപ്പെടാൻ നമ്മളെ സഹായിക്കുന്ന സവിശേഷമായ ഒരു ഇന്ദ്രിയംതന്നെയാണത്. ഇത്തരം 'നാടോടി'(mobile)സാങ്കേതികവിദ്യകൾ മനുഷ്യന്റെ ഭൗതികസ്ഥലങ്ങളുടെയും സാന്നിധ്യങ്ങളുടെയും പരിമിതികളെ ഭേദിച്ച് പുതിയ ഢശൃൗേമഹ പ്രതീതിസമുദായങ്ങളും സാമൂഹികതയും സാധ്യമാക്കിയിരിക്കുന്നു. ഭൗതിക-കെട്ടുപാടിൽനിന്നുള്ള ഈ സ്വാതന്ത്ര്യം- കെട്ടുവിടൽ നമ്മൾ ഇതുവരെ പുലർത്തിയിരുന്ന-അഥവാ പുലർന്നുവന്ന തത്ത്വചിന്താപദ്ധതികളുടെ അടിസ്ഥാനങ്ങളെത്തന്നെ മാറ്റിയിരിക്കുന്നു. നവമാധ്യമങ്ങൾ പുതിയ സാമൂഹ്യ പാരസ്പര്യങ്ങളെയും സ്വത്വപ്രകാശന/സ്ഥാപനങ്ങളും രീതികളും സാധ്യമാക്കിയിരിക്കുന്നു. ഇത്തരം സങ്കര ഇടങ്ങളിൽ വസിക്കുന്ന സമുദായങ്ങൾ നൂതനവും പ്രവചനാതീതവുമായ ഭാവനാസ്ഥലികൾ പണിയുകയും അതിലൂടെ നമ്മൾ ജീവിക്കുന്ന ഇടങ്ങളെത്തന്നെ പുനരാഖ്യാനം ചെയ്യുകയും ചെയ്യുന്നു'.

മൊബൈൽഫോണിന്റെ ചരിത്രം, സാങ്കേതികത, സാംസ്‌കാരികത എന്നിവ സൂക്ഷ്മമായന്വേഷിക്കുന്ന ലേഖനങ്ങൾ.

നവമാധ്യമങ്ങളും നവസാങ്കേതികതകളും ചേർന്നു സൃഷ്ടിച്ചിട്ടുള്ള ഏറ്റവും പ്രതിലോമകരമായ രാഷ്ട്രീയാനുഭവമായി പൊതുവെ ചൂണ്ടിക്കാണിക്കാറുള്ളത് സ്വകാര്യതക്കുമേൽ നടക്കുന്ന കണ്ണേറ്റമാണ്. ചാപ്ലിന്റെയും ഓർവെല്ലിന്റെയുമൊക്കെ കാലത്തെ 'നിരീക്ഷണ'ത്തിന്റെ തലത്തിൽനിന്ന് 'അധീക്ഷണ'(surveillance)ത്തിന്റെ തലത്തിലേക്കും അവിടെനിന്നും മുന്നോട്ടുപോയ കാമറയുടെ സാധ്യതകളെക്കുറിച്ചുള്ള ലേഖനമാണ് അടുത്തത്. യഥാർഥത്തിൽ, കാറല്ല കാമറയാണ് കഴിഞ്ഞൂറ്റാണ്ടിൽ മനുഷ്യജീവിതത്തെയും സംസ്‌കാരത്തെയും ചരിത്രത്തെയും അവസ്ഥകളെയും മൂല്യങ്ങളെയും വികാരങ്ങളെയും ഏറ്റവുമധികം സ്വാധീനിച്ചതും നിയന്ത്രിച്ചതും നിർണയിച്ചതും നിർവഹിച്ചതും. കാമറ, അധികാരത്തിന്റെ കണ്ണാണ്; നോട്ടമാണ്; കാഴ്ചയാണ്; ദൃശ്യായുധമാണ്. സ്വകാര്യമാകട്ടെ, പൊതുവാകട്ടെ, സ്ഥാപനമാകട്ടെ, ഭരണകൂടമാകട്ടെ, ജൈവാധികാരപ്രയോഗത്തിന്റെ താക്കോലായി പ്രവർത്തിക്കുന്ന ഒന്നാണത്. ജോർജിയോ അഗമ്പന്റെ വാക്കുകൾ വെങ്കിടേശ്വരൻ ഉദ്ധരിക്കുന്നു:

'Public power is losing legitimacy. A mutual suspicion has developed between the authorities and the citizen. This mounting mistrust has overthrown some regimes. In the eyes of power, every citizen is a potential terrorist. Never forget that the biometric apparatus, which will soon be inserted in every citizen's identity card, was firstly created to control recidivist criminals'.

ഈ പുസ്തകത്തിലെ ഏറ്റവും ദീർഘവും വിശകലനാത്മകവും വിമർശനാത്മകവുമായ രചനയാണിത്.

കാർ, ഒരു മാന്ത്രികവസ്തുവും ലാവണ്യബിംബവും രാഷ്ട്രീയരൂപകവുമായി വളർന്ന് മലയാളിയുടെ ജീവിതത്തെ കീഴടക്കിയകാലത്തെക്കുറിച്ച് 'മാരുതി 800' മുൻനിർത്തി നടത്തുന്ന ഒരന്വേഷണമാണ് അവസാനലേഖനം. ഒന്നരപതിറ്റാണ്ടിനുള്ളിൽ 25 ലക്ഷം മാരുതി 800 കാറുകൾ ഇന്ത്യൻനിരത്തിലിറങ്ങി. ഇന്ത്യന്മധ്യവർഗത്തിന്റെ മോഹവസ്തുവെന്ന നിലയിൽ ഈ കാർ സൃഷ്ടിച്ച അനുഭവലോകങ്ങളും അനുഭൂതിമണ്ഡലങ്ങളും വെങ്കിടേശ്വരൻ വിവരിക്കുന്നു.

ഇടതുപക്ഷചലച്ചിത്ര, മാധ്യമനിരൂപണം, ദൃശ്യ-നവമാധ്യമങ്ങളുടെ സാംസ്‌കാരികപ്രഭാവം, സിനിമയിലെ നിരവധിയായ രാഷ്ട്രീയ-കലാസങ്കല്പനങ്ങൾ (ജനകീയത, ജനപ്രിയത, കലാസിനിമ, വിപണിസിനിമ, സമാന്തരസിനിമ, രാഷ്ട്രീയസിനിമ, സാമൂഹികപ്രതിനിധാനങ്ങൾ, സ്വത്വരാഷ്ട്രീയങ്ങൾ, ദൃശ്യപ്രത്യയശാസ്ത്രം, താരമൂല്യം, സെൻസറിങ്, ഡോക്യുമെന്ററി, ഡിജിറ്റൽ സാങ്കേതികത....) എന്നിങ്ങനെ മുഖ്യമായും മൂന്നു മേഖലയെ കേന്ദ്രീകരിച്ച് പി. കെ. ശ്രീകുമാറും സി.എസ്. വെങ്കിടേശ്വരനും തമ്മിൽ നടത്തിയ ഒരു സംഭാഷണമാണ് മറ്റൊരു രചന. ഒരു ചോദ്യവും ഉത്തരവും നോക്കുക - ഈ അഭിമുഖത്തിന്റെ സംവാദാത്മകവിമർശനവും വിമർശനാത്മക സംവാദവും വെളിപ്പെട്ടു കിട്ടും:

'മൂലധനകേന്ദ്രിതവും പ്രത്യക്ഷവും പരോക്ഷവുമായ ജാതിമത മാർക്കറ്റിന്റെ ഭാഗവുമായ മാധ്യമലോകത്തിന്റെ അഭിസംബോധനകൾ എത്രത്തോളം നിഷ്‌കളങ്കമാണ്? കേരളത്തിലെ ഇടതുപക്ഷ മാധ്യമചിന്തകൾ പൊതുമണ്ഡലത്തിൽ നേരിടുന്ന വെല്ലുവിളി എന്തൊക്കെയാണ്?

നമ്മുടെ മാധ്യമങ്ങൾ ആരെയാണ് യഥാർത്ഥത്തിൽ അഭിസംബോധന ചെയ്യുന്നത്? അതിന്റെ അഭിസംബോധനയിലൂടെ മാധ്യമങ്ങൾ ഭാവനചെയ്യുന്ന/നിർമ്മിച്ചെടുക്കുന്ന 'പൊതുജനം' ആരാണ്, അവ ഉയർത്തിപ്പിടിക്കുന്ന 'പൊതുജനതാത്പര്യം' എന്താണ്? നേരത്തേ സൂചിപ്പിച്ച സമവായത്തിന്റെ അധീശത്വത്തിൽ ഭരണകൂടം, വികസനം, ലൈംഗികത, ദേശഭക്തി/ദ്രോഹം തുടങ്ങിയ പലതിനെയും കുറിച്ചുള്ള മുൻവിധികൾക്കൊപ്പം ഈ അഭിസംബോധനയിലും ഭാവനയിലും ഉള്ള ഐകമത്യംകൂടി ഉൾപ്പെടുന്നുണ്ട്.

ഏത് പൊതുമണ്ഡലത്തിലും അതിന്റെ രൂപഭാവങ്ങളെയും സ്വാതന്ത്ര്യാസ്വാതന്ത്ര്യങ്ങളെയും സ്വാധീനിക്കുന്ന മൂന്ന് നിർണ്ണായകശക്തികൾ പ്രവർത്തിക്കുന്നുണ്ട്: ഒന്ന്, ഭരണകൂടം, രണ്ട് മൂലധനശക്തികൾ, പിന്നെ മാധ്യമങ്ങളും. ഇവ തമ്മിലുള്ള പാരസ്പര്യവും അതിന്റെ സ്വഭാവവും ആ സമൂഹത്തിന്റെ ജനാധിപത്യ ഉള്ളടക്കത്തെയും ഉൾക്കരുത്തിനെയും പ്രയോഗങ്ങളെയും നിർണ്ണയിക്കുന്നു. ഇവ മൂന്നിനും പൊതുവായുള്ള ഒരു സവിശേഷത അവയെല്ലാം സിവിൽ സമൂഹത്തിനുമേൽ ആരോപിക്കുന്ന അവരുടെ പ്രാതിനിധ്യ അവകാശമാണ്. ഭരണകൂടം തെരഞ്ഞെടുപ്പിലൂടെയും പ്രാതിനിധ്യ ജനാധിപത്യവ്യവസ്ഥയിലൂടെയും ഈ അവകാശവാദം ഉന്നയിക്കുമ്പോൾ, മൂലധനം-വിപണി അവകാശപ്പെടുന്നത്, അവർ ജനങ്ങൾക്കാവശ്യമുള്ള ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന അവശ്യസാന്നിധ്യമാണ് എന്നതാണ്. മാധ്യമങ്ങളുടെ അവകാശവാദം അവ സിവിൽ സമൂഹത്തിന്റെ സ്വരമായി പ്രവർത്തിക്കുന്നു എന്നതാണ്-തങ്ങൾ സിവിൽ സമൂഹത്തിന്റെ ആശങ്കകൾക്കും പ്രതീക്ഷകൾക്കും അഭിപ്രായങ്ങൾക്കും ശബ്ദം കൊടുക്കുകയും ഭരണകൂടത്തിനും മൂലധനത്തിലും എതിരെ സമൂഹത്തിന്റെ കാവൽനായയായി വർത്തിക്കുന്നു എന്നുമാണ് അവരുടെ മതം. എന്നാൽ കഴിഞ്ഞ ദശകത്തിലെ ഇന്ത്യൻ മാധ്യമചരിത്രം ഈ അവകാശവാദം എത്ര പൊള്ളയാണ് എന്ന് തെളിയിക്കുന്നു. റാഡിയാ ടേപ്പുകൾപോലുള്ള സംഭവങ്ങൾ സൂചിപ്പിക്കുന്നത്, മാധ്യമം എന്നത് ഭരണകൂടത്തിനും മൂലധനത്തിനും ഇടയിലെ പിണിയാളോ അവർ തമ്മിലുള്ള ഇടപാടുകളിൽ ഇടനിലക്കാരനായി പങ്കുപറ്റുന്നവരോ ആണ് എന്നതാണ്. ഈ അവസ്ഥയിൽ നമ്മുടെ സിവിൽ സമൂഹം എന്നത് പ്രാതിനിധ്യം നഷ്ടപ്പെട്ട അഥവാ അസാധ്യമായ ഒന്നായി മാറിയിരിക്കുന്നു. ഇത്തരമൊരവസ്ഥയിൽ മാധ്യമങ്ങളെക്കുറിച്ചുള്ള നവോത്ഥാനസങ്കല്പങ്ങൾ സിവിൽ സമൂഹത്തിന്റെ വക്താവ്, ഭരണകൂടത്തോടും മൂലധനത്തോടും സമൂഹത്തിന്റെ സ്വരമായി തിരിച്ചു സംസാരിക്കുന്ന ഒന്ന് തുടങ്ങിയവ-ഇന്നു തിരുത്തേണ്ടിയിരിക്കുന്നു.

അതുകൊണ്ടുതന്നെ ഇന്ന് സമാന്തര/ഇടതുപക്ഷ മാധ്യമങ്ങൾ നേരിടുന്ന ഏറ്റവും നിർണ്ണായകമായ വെല്ലുവിളി എങ്ങനെ കേരളത്തെ ഒരു 'രാഷ്ട്രീയസമൂഹം' എന്ന അവസ്ഥയിൽനിന്ന് ഒരു 'സിവിൽ സമൂഹ'മായി മാറ്റാനുള്ള ത്വരകമായി പ്രവർത്തിക്കാൻ കഴിയും എന്നതാണ്'.

തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, മലയാളമാധ്യമപഠനത്തിലും ചലച്ചിത്രനിരൂപണത്തിലും സാംസ്‌കാരികവിമർശനത്തിലും രൂപം കൊണ്ടിട്ടുള്ള സൗന്ദര്യരാഷ്ട്രീയങ്ങളുടെ സംയുക്തഭാവുകത്വത്തിന്റെ മാതൃകകളാണ് ഈ പുസ്തകത്തിലെ പല ലേഖനങ്ങളും. 'നവമാധ്യമ'ങ്ങളെക്കുറിച്ചാണ് പുസ്തകമെങ്കിലും ആറു ലേഖനങ്ങൾ സിനിമയെക്കുറിച്ചാണ്. ഒരെണ്ണം കാറിനെക്കുറിച്ചും. ദൃശ്യസംസ്‌കാരം, നിരീക്ഷണം എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങളിൽ പാലിക്കുന്ന അക്കാദമിക സൂക്ഷ്മതയും രീതിശാസ്ത്രഭദ്രതയും മറ്റു പല രചനകളിലും പാലിക്കാൻ കഴിയുന്നില്ല. അതുകൊണ്ടുതന്നെ നവമാധ്യമങ്ങൾ എന്നതിലുപരി നവ-ദൃശ്യസംസ്‌കാരത്തിന്റെ നാനാതരം മാധ്യമ-സാങ്കേതിക-സംസ്‌കാരരൂപങ്ങളെ ചരിത്രാത്മകവും പ്രത്യയശാസ്ത്രബദ്ധവുമായി വിശകലനം ചെയ്യുന്നതിന്റെ സമകാലിക മാതൃകകളായി ഇവ മാറുന്നുവെന്നു പറയാം.

പുസ്തകത്തിൽനിന്ന്:-

' 'Toatalitarianism is, first of all, an extreme focussing of surveillance'
Antony Giddens, The Nation State and Violence

വ്യക്തികളെ സംബന്ധിച്ചുള്ള അത്തരം വിവരങ്ങൾ ശേഖരിക്കാൻ അധികാരമുള്ള ഭരണകൂടത്തിന്റെയും (കോർപ്പറേറ്റുകൾക്കും അതിൽ പങ്കും നിക്ഷേപവുമുണ്ട്) അതുമായി ബന്ധപ്പെട്ട പല തലങ്ങളിലും മേഖലകളിലുമുള്ള ഏജൻസികളും വകുപ്പുകളും സ്ഥാപനങ്ങളും ഈ രീതിയിൽ ശേഖരിക്കുന്ന വിവരസഞ്ചയങ്ങൾ തമ്മിലുള്ള കൈമാറ്റവും ഉദ്‌ഗ്രഥനവും താരതമ്യവും (ഡാറ്റാമാച്ചിങ്) വഴി സാധ്യമാകുന്ന പൗരസമൂഹത്തിനു മുകളിലുള്ള സമഗ്രവും സർവ്വവ്യാപിയുമായ നിരീക്ഷണശേഷി അതിന്റെ വിലപ്പവും സങ്കീർണ്ണതയുംകൊണ്ടുതന്നെ പലവിധ പൗരാവകാശലംഘനങ്ങൾക്കും വഴിതെളിക്കാം. വ്യക്തികളെക്കുറിച്ചുള്ള പല തലങ്ങളിലും മേഖലകളിലുമുള്ള ക്രയവിക്രയങ്ങളുടെയും ചലനങ്ങളുടെയും നിത്യജീവിതവിനിമയങ്ങളുടെയും വിവരങ്ങൾ പല രീതിയിലും തെറ്റായതോ ചിലർക്ക് 'സൗകര്യപ്രദമോ' ആയ വിവരങ്ങൾ ഉത്പാദിപ്പിക്കാൻ അവസരം/അധികാരം നൽകുന്നു. പൗരനും ഭരണകൂടവും തമ്മിലുള്ള തികച്ചും സാങ്കേതികവും ഔദ്യോഗികവും പലപ്പോഴും ഔപചാരികവുമായ വിവരാടിത്തറയെ ആസ്പദമാക്കിയ ആ മുഖാമുഖത്തിന് വ്യക്തിപരമായ ഒരു തലം ഇല്ലാത്തതിനാൽതന്നെ അത് നൈതികമുക്തമാണ്. ഇവിടെ കമ്പ്യൂട്ടർ ഉത്പാദിപ്പിക്കുന്ന ഒരു വിവരഫലത്തിനുമുന്നിൽ ഏതൊരു വ്യക്തിയും കുറ്റവാളിയായി അവതരിപ്പിക്കപ്പെട്ടേക്കാം. ഇവിടെ തന്നെക്കുറിച്ചുള്ള വിവരസഞ്ചയം ഒരുക്കുന്ന നൂലാമാലകളെ കീറിമുറിച്ച് താൻ നിരപരാധിയാണെന്നു തെളിയിക്കേണ്ടത് വിവരകണികയായിത്തീരുന്ന ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്. മുമ്പ് ഇത്തരം നിരീക്ഷണസംവിധാനങ്ങൾ മനുഷ്യരുടെ രാഷ്ട്രീയ പൗരത്വവുമായി ബന്ധപ്പെട്ടായിരുന്നു നിലനിന്നിരുന്നത് എങ്കിൽ ഈ ഡിജിറ്റൽയുഗത്തിൽ മനുഷ്യരുടെ സാമൂഹികജീവിതത്തിന്റെ സർവ്വമേഖലകളെയും ഉള്ളടക്കുന്ന ഒന്നാണത്.

ഡേവിഡ് ല്യോൺ ചൂണ്ടിക്കാണിക്കുന്നതുപോലെ ഇന്ന് ഭരണകൂടത്തിന്റെയും കോർപ്പറേറ്റ്ശക്തികളുടെയും വർദ്ധിച്ചുവരുന്ന സർവാശ്ലേഷിയായ ഇത്തരം നിരീക്ഷണശേഷിയെയും ശക്തിയെയും എന്തെങ്കിലും തരത്തിൽ നിരീക്ഷിക്കാനോ നിയന്ത്രിക്കാനോ അതിർത്തികൾ നിശ്ചയിക്കാനോ അധികാരമുള്ള സ്ഥാപനസംവിധാനങ്ങളോ പ്രതിപ്രവർത്തനങ്ങളോ ഇല്ല. അതേസമയം, മാനവചരിത്രത്തിൽ മുമ്പ് ഉയർന്നുവന്നിട്ടുള്ള മറ്റ് ആധുനിക സ്ഥാപനങ്ങളുടെ കാര്യത്തിലെല്ലാം തന്നെ അവയെ തിരിച്ചുനിരീക്ഷിക്കാനും പ്രതിരോധിക്കാനമുള്ള സാമൂഹികപ്രസ്ഥാനങ്ങളും ഉദയംകൊണ്ടിട്ടുണ്ട്. ഉദാഹരണത്തിന്, വ്യവസായ മൂലധന കേന്ദ്രീകരണത്തിനെതിരായി തൊഴിലാളിപ്രസ്ഥാനങ്ങളും പ്രകൃതിക്കുമേലുള്ള വ്യവസായങ്ങളുടെ അനിയന്ത്രിതമായ കടന്നുകയറ്റത്തെ ചെറുക്കുന്ന പരിസ്ഥിതിപ്രസ്ഥാനങ്ങളും ഉയർന്നുവന്നുവെങ്കിൽ സർവ്വശക്തമായ ഇലക്‌ട്രോണിക് നിരീക്ഷണവ്യവസ്ഥയ്‌ക്കെതിരായി അത്തരത്തിൽ ഒരു പ്രസ്ഥാനവും ഉയർന്നുവന്നിട്ടില്ല എന്നത് ആശങ്കാജനകമായ ഒരു കാര്യമാണ്.

നിരീക്ഷാധികാരവ്യവസ്ഥയ്ക്ക് എതിരായ വാദങ്ങൾ പലപ്പോഴുമുന്നയിക്കുന്ന പ്രശ്‌നം വ്യക്തികളുടെ 'സ്വകാര്യത'യെ സംബന്ധിച്ചുള്ളതാണ്. നിയമപരമായ എതിർപ്പുകളും മാധ്യമചർച്ചകളും നിരീക്ഷണാധികാരത്തിന്റെ ഈ വശത്തിനാണ് കൂടുതൽ ഊന്നൽ നൽകുന്നത്. ഒരുപക്ഷേ, അത് മൂലധനത്തിന്റെയും ഉടമസ്ഥതാവാദത്തിന്റെയുംതന്നെ യുക്തിക്കും ഭാവനയ്ക്കുമകത്താണ് പലപ്പോഴും പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ 'സ്വകാര്യത' എന്ന വ്യക്തിയുടെ അവകാശത്തിൽനിന്ന് ഈ വിമർശവ്യവഹാരത്തെ 'സ്വാതന്ത്ര്യം' എന്ന സാമൂഹികാവകാശത്തിലേക്കുകൂടി നമ്മൾ മാറ്റി പ്രതിഷ്ഠിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യത്തിന്റെ ഒരു മാനമായിവേണം സ്വകാര്യതയെ കാണാൻ, അല്ലാതെ മറിച്ചല്ല. 'സ്വകാര്യം', 'പൊതുവായത്' എന്നിവ തമ്മിലുള്ള അതുവരെ പാവനം എന്നു കരുതപ്പെട്ടിരുന്ന അതിർവരമ്പുകൾ വ്യക്തികളുടെതന്നെ മുൻകൈയിൽ അപ്രസക്തമാവുകയും (ഫേസ്‌ബുക്ക് പോലുള്ള സാമൂഹിക നെറ്റ്‌വർക്കിങ് സൈറ്റുകൾ ഇത്തരം വിഭജനങ്ങളെ വലിയ തോതിൽ അസാധുവാക്കിയിരിക്കുന്നു) സ്വകാര്യജീവിതത്തെ പൊതുഇടങ്ങളിൽ അവരവർതന്നെ ആഘോഷിക്കുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ ഈ പരികല്പനകളെത്തന്നെ ഇന്ന് നമ്മൾ മാറ്റിയെഴുതേണ്ടിയിരിക്കുന്നു.

കൗതുകകരമായ കാര്യം മുമ്പ് 'സ്വകാര്യത' എന്നത് ഒരു പ്രശ്‌നമായും അവകാശമായും പൊതുമണ്ഡലത്തിൽ ഉന്നയിക്കപ്പെട്ടത് പ്രശസ്തരും സമ്പന്നരുമായ വ്യക്തികൾ, രാഷ്ട്രീയനേതാക്കൾ, സിനിമാ/സ്‌പോർട്ട്‌സ് താരങ്ങൾ എന്നിവരുടെ സ്വകാര്യജീവിതത്തിലേക്ക് മാധ്യമദൃഷ്ടി (സാധാരണക്കാരുടെ കണ്ണ്/കാത്) അതിക്രമിച്ചുതുടങ്ങിയപ്പോഴാണ്. ഇന്ന് നേരേമറിച്ചാണ് സ്ഥിതി. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ 'സാധാരണക്കാർ' എന്നു കരുതപ്പെടുന്ന മനുഷ്യരുടെ ചലനങ്ങളിലേക്കാണ് നിരീക്ഷണായുധങ്ങൾ തിരിഞ്ഞിരിക്കുന്നത്. പൊതുഇടങ്ങളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള നിരീക്ഷണക്യാമറകളിൽനിന്ന് 'ലീക്' ചെയ്യപ്പെടുന്ന ദൃശ്യങ്ങൾക്ക് ഇന്ന് ഒരു വലിയ വിപണിതന്നെ ഉണ്ടായിവന്നിട്ടുണ്ട്: ഡൽഹി മെട്രോ റെയിലിൽ രാത്രി സഞ്ചരിക്കുന്ന കമിതാക്കളുടെ യൂട്യൂബ് വഴി പുറത്തുവന്ന ദൃശ്യങ്ങൾ ഇതിനൊരുദാഹരണമാണ്. ട്രാഫിക് ജങ്ഷനുകളിലും പൊതുചത്വരങ്ങളിലും ഹോട്ടൽലോബികളിലും മാളുകളിലും മറ്റും സ്ഥാപിച്ചിട്ടുള്ള ഒളിക്യാമറകൾ ഉത്പാദിപ്പിച്ച ദൃശ്യംപംക്തികൾ ഇന്ന് ഒരു ടെലിവിഷൻ 'ജനുസ്സ്' (genre) തന്നെയായി പ്രചരിക്കുന്നു. ഒരാളറിയാതെ അയാളുടെ ചലനങ്ങളെ/ പെരുമാറ്റങ്ങളെ ഒളിഞ്ഞുനോക്കാനുള്ള നമ്മുടെ ത്വരയുടെതന്നെ ഭീമാകാരങ്ങളായ രൂപമാണ് ഒരർത്ഥത്തിൽ നമ്മെയെല്ലാം നിരന്തരം നിരീക്ഷിക്കുന്ന ഭരണകൂടനിരീക്ഷണയന്ത്രങ്ങളും. സൂപ്പർ മാർക്കറ്റുകളിലെയും മറ്റും നിരീക്ഷണ ക്യാമറാദൃശ്യങ്ങളുപയോഗിച്ചുകൊണ്ട് നിർമ്മിക്കപ്പെടുന്ന 'Caught Redhanded' പോലുള്ള ടെലിവിഷൻ പരിപാടികൾ, അതുപോലെ പൊതുനിരത്തുകളിലും ഇടങ്ങളിലുമുള്ള ഒളിക്യാമറകൾ പകർത്തിയ ദൃശ്യങ്ങളുപയോഗിച്ചുള്ള പൊലീസ്‌കഥകളെ ആസ്പദമാക്കിയുള്ള കുറ്റാന്വേഷണപരമ്പരകൾ തുടങ്ങിയവ വമ്പിച്ച ആഗോളപ്രേക്ഷകവിപണിയുള്ള ഒരു പുതിയ ടെലിവിഷൻ വിനോദജനുസ്സ് വികസിപ്പിച്ചെടുക്കുകമാത്രമല്ല, അവ നിരീക്ഷണത്തെയും പൊതുഇടങ്ങളിലുള്ള ഒളിക്യാമറകളെയും 'സ്വാഭാവിക'വും ഒഴിവാക്കാനാവാത്തതുമായി മാറ്റുന്നു; അങ്ങനെ അവയെ നമ്മുടെ സമകാലിക ആവാസവ്യവസ്ഥയുടെ (നഗരവാസ്തുവിന്റെ) അവിഭാജ്യഘടകങ്ങളായി നമ്മളറിയാതെതന്നെ നമ്മളെക്കൊണ്ട് അംഗീകരിപ്പിക്കുന്നു.

ജനങ്ങൾക്കിടയിൽ അനുസരണ എന്നത് ഭീഷണികൊണ്ടും ശിക്ഷാഭയംകൊണ്ടും അടിച്ചേല്പിക്കുന്ന പഴയ വ്യവസ്ഥ മാറി. ഇന്ന് തങ്ങൾ പലരാലും എപ്പോഴും എവിടെയും നിരീക്ഷണത്തിലാണ് എന്ന അറിവ് മനുഷ്യരെ അനുസരണയുള്ള ശരീരങ്ങളാക്കി മാറ്റിയിരിക്കുന്നു; ബാഹ്യശക്തികളുടെ നേരിട്ടുള്ള ഇടപെടലുകളൊന്നും ഇല്ലാതെതന്നെ സ്ഥാപനവത്കരിക്കപ്പെട്ടതും പൊതുസമ്മതിയുള്ളതും അങ്ങനെ സ്വാഭാവികവത്കരിക്കപ്പെട്ടതുമായ ഒന്നായി നിരീക്ഷണസംവിധാനങ്ങൾ മാറിയിരിക്കുന്നു. ഇവിടെ അധികാരത്തിന്റെ പ്രത്യക്ഷമായ സാന്നിധ്യങ്ങളോ പ്രകടമായ ഹിംസയോ ഇല്ലാതെതന്നെ ജനങ്ങൾ സ്വമേധയാ തങ്ങളുടെ അന്തരീക്ഷത്തിന്റെ ഭാഗമായി നിരീക്ഷണയന്ത്രങ്ങളെ പരിഗണിക്കാൻ തുടങ്ങുന്നു'.

മലയാളിയുടെ നവമാധ്യമജീവിതം
സി.എസ്. വെങ്കിടേശ്വരൻ
ഡി. സി. ബുക്‌സ്
2018, വില : 260 രൂപ

ഷാജി ജേക്കബ്‌    
കേരള സര്‍വകലാശാലയില്‍ ഗവേഷകവിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് കലാകൗമുദി വാരികയില്‍ തുടര്‍ച്ചയായി ലേഖനങ്ങളും ഫീച്ചറുകളും എഴുതിത്തുടങ്ങി. ആനുകാലികങ്ങളിലും, പുസ്തകങ്ങളിലും, പത്രങ്ങളിലും രാഷ്ട്രീയസാംസ്‌കാരിക വിഷയങ്ങളെ സംബന്ധിച്ച നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതിയിട്ടുണ്ട്. അക്കാദമിക നിരൂപണരംഗത്തും മാദ്ധ്യമവിമര്‍ശനരംഗത്തും സജീവമായ വിവിധ വിഷയങ്ങളില്‍ ഷാജി ജേക്കബിന്റെ നൂറുകണക്കിനു രചനകള്‍ പുറത്തുവന്നിട്ടുണ്ട്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

TODAYLAST WEEKLAST MONTH
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
ഇസ്ലാമികമല്ലാത്ത ജീവിതരീതി; പരപുരുഷ ബന്ധം; അനുമതിയില്ലാതെ വിദേശയാത്രകൾ; തന്റെ ചെലവിൽ വാങ്ങിയ കാർ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത് ഇഷ്ടാനുസരണം രഹസ്യയാത്രകൾ; വഴിവിട്ട ജീവിതം ചോദ്യം ചെയ്തപ്പോൾ പറഞ്ഞത് തന്റെ കാര്യങ്ങളിൽ ഇടപെട്ടാൽ പാഠം പഠിപ്പിക്കുമെന്ന്; വഫയ്ക്ക് കേരളത്തിലുള്ളത് ഉന്നത ബന്ധങ്ങളെന്നും വിവാഹമോചന ഹർജിയിൽ ആരോപണം; ഫിറോസ് വിവാഹ മോചനത്തിന്; ശ്രീറാമിനൊപ്പം സഞ്ചരിച്ച വഫ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞതെല്ലാം പച്ചക്കള്ളം
ആറാം വയസുമുതൽ അച്ഛന്റെ കാമാർത്തി തീർക്കാൻ വിധിക്കപ്പെട്ട പെൺകുട്ടി എല്ലാം സഹിച്ചത് നീണ്ട 15 വർഷം; ഗർഭനിരോധന ഉറകളും ഗുളികയും നൽകി സ്വന്തം മകളെ ബലാത്സംഗം ചെയ്യാൻ ഒന്നര പതിറ്റാണ്ടുകാലം കൂട്ടുനിന്നത് പെറ്റമ്മ തന്നെ; എല്ലാം തുറന്ന് പറഞ്ഞ് 22കാരി പരാതി നൽകിയത് അനുജത്തിയെയും അച്ഛനും അമ്മയും കണ്ണുവെച്ചതോടെ
ടിക് ടോക്കിൽ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായപ്പോൾ കുടുംബത്തെ മറന്നു; ഗൾഫിലുള്ള ഭർത്താവിനേയും മകളേയും ഉപേക്ഷിച്ച് വീട് വിട്ടിറങ്ങിയത് വിവാഹിതയെന്ന കാര്യം കാമുകനിൽ നിന്ന് മറച്ച് വച്ചും; കാമുകിയുടെ കഥ അറിഞ്ഞപ്പോൾ ഒഴിഞ്ഞുമാറി കാമുകൻ; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് യുവതിയുടെ പരാതി മഞ്ചേരി പൊലീസിന്; ടിക് ടോക് കളിച്ച് നടന്ന മുഹമ്മദ് ആസിഫ് അറസ്റ്റിൽ
മണ്ണുമാന്തിയുപയോഗിച്ച് തിരയുമ്പോൾ കണ്ടത് തലമുടി; പുറത്തെടുത്തപ്പോൾ കിട്ടിയത് തല മാത്രം; ` ആ കാഴ്ച കണ്ടപ്പോൾ തന്നെ എന്റെ കണ്ണിൽ ഇരുട്ട് കയറി`; നെഞ്ചിൽ വല്ലാതെ ഒരു വേദന അനുഭവപ്പെട്ടു; വെള്ളം കുടിച്ചിട്ടും മുഖം കഴുകിയിട്ടും മരവിപ്പ് മാറിയില്ല; പിന്നെ മനോനില തെറ്റി ഇറങ്ങി ഓടി; ഉണ്ണിയുടേത് കവളപ്പാറയിലെ എല്ലാ ജെസിബി ഓപ്പറേറ്റർമാരും നേരിടുന്ന കരള് പിളർക്കുന്ന അനുഭവം
കൈയിലുണ്ടായിരുന്ന സമ്പാദ്യമെല്ലാം ചിലവഴിച്ച് നിർമ്മിച്ചത് ആരെയും അമ്പരപ്പിക്കുന്ന സ്വപ്‌നസൗധം; പ്രളയം വില്ലനായപ്പോൾ തകർന്നത് 73 ലക്ഷം രൂപയുടെ വീട്; നഷ്ടമായത് പുതിയ കാറും ബൈക്കും സ്വർണാഭരണങ്ങളും വീടിന്റെ ആധാരവും; ഏതുനിമിഷവും നിലം പതിക്കാവുന്ന വീട്ടിനുള്ളിൽ കൂടി ഒഴുകുന്നത് പുഴ; എന്ത് ചെയ്യുമെന്ന് അറിയാതെ കുഴങ്ങി ഒരു കുടുംബം
മൊബൈൽ ഭ്രമം ഫാൻസിക്കടക്കാരനെ എത്തിച്ചത് ടിക് ടോക്കിൽ; പാലക്കാടുകാരിയെ കിട്ടിയപ്പോൾ ആർത്തുലസിക്കലും; പ്രണയം നടിച്ച് എല്ലാം നേടിയപ്പോൾ കൈകഴുകൽ; ടിക് ടോക്കിലെ വിശ്വസ്തനെ വിശ്വസിച്ച് ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച കാമുകിക്ക് കറളിക്കാടൻ മുഹമ്മദ് ആസിഫ് കൊടുത്തത് എട്ടിന്റെ പണി; യുവതിയെ വശീകരിച്ച് കീഴ്‌പ്പെടുത്തിയത് കുട്ടികളുടെ അമ്മയെന്ന് അറിഞ്ഞു തന്നെ; മഞ്ചേരിയിൽ ടിക് ടോക് ചർച്ചയ്ക്ക് പുതുമാനം
ആനപ്പുറത്ത് വരൻ... പിന്നാലെ പാട്ടും പാടി വരന്റെ സുഹ്യത്തുക്കൾ; ഫോട്ടോയെടുത്തും സെൽഫിയെടുത്തും ആഘോഷങ്ങൾ തകൃതി; നാട് പ്രളയ ദുരിതാശ്വാസത്തിൽ കൈമെയ് മറഞ്ഞ് ഒന്നിക്കുമ്പോൾ ആഡംബര വിവാഹം കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ; നേരത്തെ ആഡംബര വിവാഹത്തിനെതിരെ മുസ്ലിംലീഗ് നടത്തിയ കാമ്പയിൽ എവിടെപോയെന്ന് അണികൾ; കോഴിക്കോട് വില്ല്യാപ്പള്ളിയിൽ ആനപ്പുറത്തേറിയെത്തിയ വരന് നവമാധ്യമങ്ങളുടെ രൂക്ഷ വിമർശനം
പാക്കിസ്ഥാൻ നിയന്ത്രിത കാശ്മീരിലേക്ക് വെടിയുതിർത്ത് ഇന്ത്യൻ സേന; രണ്ട് പേർ കൊല്ലപ്പെട്ടെന്ന് തുറന്ന് സമ്മതിച്ച് പാക്കിസ്ഥാനും; പാക് പിന്തുണയോടെ പ്രതിഷേധിക്കാൻ ശ്രമിച്ച 4000 പേരെ തടവിലാക്കി; കാശ്മീർ വിഷയത്തിൽ വിട്ടു വീഴ്ചയില്ലെന്ന നിലപാടുമായി ഇന്ത്യ മുന്നോട്ട്; കാര്യങ്ങൾ വിശദീകരിച്ചപ്പോൾ ട്രംപും പച്ചക്കൊടി കാണിച്ചെന്ന് റിപ്പോർട്ടുകൾ; പാക്കിസ്ഥാൻ നിലപാടുകളെ പരസ്യമായി തള്ളി അഫ്ഗാനും; കാശ്മീരിൽ ചിലയിടങ്ങിൽ വീണ്ടും നിശാനിയമം
ബഹറിനിലെ അഴിക്കുള്ളിൽ ഒന്നര മാസം കിടന്നത് ഗോകുലം ഗോപാലന്റെ മൂത്ത മകൻ; ബൈജു ഗോപാലൻ ജയിൽ മോചിതനായെന്നും സൂചന; ബിസിനസ് ഡീലിലെ ചതിക്കുഴികളാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും വിശദീകരണം; പ്രശ്‌നം മുഴുവൻ പരിഹരിച്ചെന്നും റിപ്പോർട്ട്; ചിട്ടി കമ്പനിയും മെഡിക്കൽ കോളേജും സിനിമ നിർമ്മാണവും വാട്ടർ കമ്പനിയും നക്ഷത്ര ഹോട്ടലുകളുമുള്ള വമ്പൻ വ്യവസായിയുടെ മകന്റെ അറസ്റ്റ് കേട്ട് ഞെട്ടി മലയാളികൾ; ഫ്‌ളവേഴ്‌സ് ചാനൽ ഉടമയുടെ കുടുംബാംഗത്തിന്റെ ജയിൽ വാസത്തിൽ ദുരൂഹത തുടരുന്നു
സ്‌കൂളിൽ തല കറങ്ങി വീണ പന്ത്രണ്ടുകാരി; അദ്ധ്യാപകർ ആശുപത്രിയിൽ എത്തിയപ്പോൾ അറിഞ്ഞത് ഗർഭിണിയെന്ന വിവരം; അബോർഷൻ നടന്നപ്പോൾ ചൈൽഡ് ലൈനുകാരും ഓടിയെത്തി; പുറത്തു വന്നത് പതിനൊന്നുകാരന്റെ പീഡന കഥ; ബന്ധുവായ ബാലനെതിരെ ബലാത്സംഗം കുറ്റം ചുമത്തി പോക്‌സോ കേസെടുത്ത് പൊലീസ്; പീഡനം നടന്നത് രണ്ട് കുട്ടികളും ഒരു വീട്ടിൽ താമസിക്കുമ്പോൾ; പീഡനം തെളിയിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; കേരളം ചർച്ച ചെയ്യുന്ന വിചിത്ര പീഡനക്കേസ് ഇങ്ങനെ
നിന്റെ തന്ത കറിയ തന്നെയാണെങ്കിൽ കിട്ടിയ അടിയുടെയും ഇടിയുടെയും നിലവിളിയുടെയും വീഡിയോ പുറത്തുവിടെടാ...ഊളെ എന്ന തെറ്റിദ്ധരിപ്പിക്കൽ പോസ്റ്റുമായി പ്രീജിത്ത് രാജ്; രഹസ്യ ക്യാമറ വെച്ചെന്ന് പരസ്യമായി വിളിച്ചു പറയുന്ന 'സ്‌കങ്കറിയ' പേടിയുടെ അവസ്ഥാന്തരമെന്ന് ദീപാ നിശാന്ത്; നാണമില്ലാത്തവന്റെ ആസനത്തിൽ ആൽ മുളച്ചാൽ അതുമൊരു തണൽ എന്ന് സുനിതാ ദേവദാസിന്റെ ഉപദേശവും: വിനു ജോണിനെ കടന്നാക്രമിക്കുന്നവർ മറുനാടനേയും വെറുതെ വിടുന്നില്ല; വ്യാജ ആരോപണവുമായി വീണ്ടും സൈബർ സഖാക്കൾ
ശ്രീറാമിനെ വഫ വണ്ടിയിൽ കയറ്റിയ കവടിയാർ കൊട്ടാരത്തിനു സമീപത്ത് അവിടെ നടന്നതിനെല്ലാം സാക്ഷിയായി ബഷീറും ഉണ്ടായിരുന്നിരിക്കാം; ആ ഫോൺ കണ്ടെടുക്കാൻ സാധിച്ചാൽ കേസിന്റെ കഥ മാറും; പൊലീസുകാരൻ രാത്രി 1.56ന് ഫോണിലേക്ക് വിളിച്ചിരുന്നു; മറുതലയ്ക്കൽ ആരോ ഫോൺ എടുക്കുകയും കട്ട് ചെയ്യുകയും ചെയ്തു; അതിനു ശേഷം ആ ഫോൺ ഓൺ ആയിട്ടില്ല: മ്യൂസിയത്തിലെ അപകടത്തിലെ ദുരൂഹത ചർച്ചയാക്കി സോഷ്യൽ മീഡിയ: അന്വേഷണത്തിൽ നിറയുന്നത് കള്ളക്കളികൾ തന്നെ
അടിയന്തര ബ്രേക്കിങ്! അയൽവാസിയെ കേറിപ്പിടിച്ചതിന് വിനു വി ജോൺ എന്നയാളെ നാട്ടുകാർ എടുത്തിട്ട് പെരുമാറി: ചാനൽ അവതാരകനെതിരെ വ്യാജ വിവരം പോസ്റ്റ് ചെയ്തത് ഡിവൈഎഫ്‌ഐയുടെ താനൂർ മേഖലാ സെക്രട്ടറി; അപമാനിക്കൽ പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നൽകാൻ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവർത്തകൻ; സഖാക്കളുടെ സൈബർ ഗുണ്ടായിസത്തിന്റെ വികൃത മുഖം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; കേസും അറസ്റ്റും ഒഴിവാക്കാൻ ന്യായീകരണത്തിന്റെ പുതു തന്ത്രവുമായി ഷിഹാബ് അമനും
ദുരിതാശ്വാസനിധിയിൽ വേഗം പണമെത്തി, എന്നാൽ പണം വേഗത്തിൽ അർഹതപ്പെട്ടവരിലേക്ക് എത്തിയില്ല; നമുക്കൊരു മുഖ്യമന്ത്രിയുണ്ട്, മന്ത്രിമാരുണ്ട്, എംപിമാരുണ്ട്, എംഎൽഎമാരുണ്ട്.. ഒരു സംവിധാനം മുഴുവൻ ഉണ്ട്; എന്നിട്ടും ജനങ്ങളിലേക്ക് എന്തുകൊണ്ട് സഹായം എത്തുന്നില്ല? സർക്കാറിനെ വിമർശിച്ച ധർമ്മജൻ ബൊൾഗാട്ടിയെ പച്ചത്തെറി വിളിച്ച് സിപിഎം സൈബർ പോരാളികൾ; നിന്നെ എടുത്തോളാം.. എന്നു ഭീഷണിപ്പെടുത്തി തെറിവിളികൾ
കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഹിറ്റ്‌ലർ ഭരണമാണ് എന്ന് ആർക്കെങ്കിലും ഇനി സംശയമുണ്ടോ? സർക്കാരിന്റെ ധൂർത്തിനെതിരെ നിലപാട് എടുത്ത മറുനാടനെതിരെ കേസ് രജിസ്റ്റർ ചെയ്ത് കേരളാ പൊലീസ്; ചാർജ് ചെയ്തിരിക്കുന്നത് പൊലീസിനേയോ ഫയർഫോഴ്‌സിനേയോ ആംബുലൻസിനേയോ തെറ്റിധരിപ്പിക്കുന്ന തരത്തിൽ പെരുമാറിയതിന്; കേരളാ സർക്കാരിന്റെ ധൂർത്തിനെതിരെ പ്രതികരിച്ച 19 പേർക്കെതിരെ കള്ളക്കേസ്; അസഹിഷ്ണതയുടെ പേരിൽ കേന്ദ്രത്തെ നിരന്തരം വിമർശിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ 'സഹിഷ്ണുത'യുടെ കഥ
പ്രിഡിഗ്രി കാലത്തെ പ്രണയം അസ്ഥിക്ക് പിടിച്ചത് മഹാരാജാസിലെ ഡിഗ്രിക്കാലത്ത്; എന്തു വന്നാലും മനസ്സിലെ ആഗ്രഹം പറയാൻ ചെന്ന വാലന്റൈന് കിട്ടിയത് വിവാഹത്തിന് സമ്മതമെങ്കിൽ മാത്രം സൗഹൃദമെന്ന സന്തോഷിപ്പിക്കുന്ന പാട്ടുകാരന്റെ മറുപടിയും; അടുത്ത പ്രണയ ദിനത്തിൽ കിട്ടിയത് 'എന്റെ ഭാര്യയ്ക്ക്' എന്നു പറഞ്ഞെഴുതിയ പ്രണയ ലേഖനം; എല്ലാവരുടേയും സമ്മതത്തോടെ വിവാഹവും; ശ്രീലത മായുമ്പോൾ ബിജു നാരായണനെ ആശ്വസിപ്പിക്കാനാകാതെ സുഹൃത്തുക്കളും ബന്ധുക്കളും
വിവാഹം കഴിഞ്ഞ അബുദാബിക്കാരി! ആഗ്രഹിച്ചത് കേരളത്തിലെ ഉന്നതരുടെ അടുത്ത സുഹൃത്താകാൻ; മോഡലായി തിളങ്ങിയതും സ്വപ്‌ന സമാനമായ സൗഹൃദങ്ങളുടെ കാവൽക്കാരിയാകാൻ; ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായിരുന്നത് മലയാളിയായ പ്രവാസി യുവതി തന്നെ; ആഘോഷിച്ചത് കൂട്ടുകാരന്റെ പഠനം കഴിഞ്ഞുള്ള മടങ്ങി വരവും; നിവർത്തിയില്ലാതെ ഐഎഎസ് സുഹൃത്തിനെ തള്ളി പറഞ്ഞ് ഒടുവിൽ മലക്കം മറിച്ചിൽ; മ്യൂസിയത്തെ അപകടത്തിൽ വിവാദത്തിലാകുന്നത് വാഫാ ഫിറോസ് എന്ന പട്ടം മരപ്പാലത്തുകാരി
ശബരിമല ഓപ്പറേഷന് ചുക്കാൻ പിടിച്ച എസ്‌പി ഹരിശങ്കർ ഐപിഎസിന്റെ അമ്മായിഅപ്പൻ; ഇടതുപക്ഷത്തോട് അടുപ്പമുള്ള പഴയ എസ് എൻ ഡി പി നേതാവ്; മേൽപ്പാലത്തിൽ ക്രമക്കേട് കണ്ടെത്തിയ അസിസ്റ്റന്റ് ഏക്‌സിക്യുട്ടീവ് എൻജിനിയർ ചർച്ചയാക്കിയത് എം സി റോഡിൽ കോട്ടയം സംക്രാന്തിയിലെ പാലം കുളമാക്കിയ കോൺട്രാക്ടറുടെ മറ്റൊരു കള്ളക്കളി; ശ്രീധന്യയും കളിമാനൂർ ചന്ദ്രബാബുവും സുധാകര മന്ത്രിക്ക് വേണ്ടപ്പെട്ടവർ; വൈറ്റിലയിൽ സത്യം മറയ്ക്കാൻ ശ്രമിക്കുന്നത് സിപിഎം ബന്ധമുള്ള അതിവിശ്വസ്തനെ രക്ഷിച്ചെടുക്കാൻ തന്നെ
ചതിച്ചതാണ്.. എന്നെ ചതിച്ചതാണ്; ചാനൽ പരിപാടിക്കിടെ കുടിവെള്ളം എന്നപേരിൽ എല്ലാവർക്കും കൊടുക്കുന്ന ഗ്ലാസിന് പകരം എനിക്ക് വേറൊരു ഗ്ലാസിൽ എന്തോ തന്നു; പിന്നീട് ഞാൻ പറഞ്ഞതൊന്നും സ്വബോധത്തോടെയല്ല; പരിപാടി കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞിട്ടും തലയുടെ മത്ത് മാറിയിട്ടില്ല; ഈ ചാനൽ പരിപാടിയിൽ ഞാൻ പറഞ്ഞതൊക്കെ ഈ രീതിയിലെ കാണാവൂ എന്ന് മോഹനൻ വൈദ്യർ; ട്വന്റിഫോർ ന്യൂസിലെ ജനകീയകോടതി പരിപാടിയിൽ ഉത്തരം മുട്ടിയപ്പോൾ പുതിയ അടവുമായി വിവാദ ചികിൽസകൻ
അടിച്ചു പൂസായി കാൽ നിലത്തുറയ്ക്കാത്ത നിലയിൽ കാറിൽ നിന്ന് ഇറങ്ങിയത് മൂന്നാറിനെ വിറപ്പിച്ച ഐഎഎസുകാരൻ; ഒപ്പം ഉണ്ടായിരുന്നത് പെൺ സുഹൃത്തും; വണ്ടിയോടിച്ചത് താനല്ല കൂട്ടുകാരിയാണെന്ന് പറഞ്ഞിട്ടും സ്ത്രീയുടെ മെഡിക്കൽ എടുക്കാൻ പോലും മടിച്ച് പൊലീസ്; ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ചു കൊന്നത് തലസ്ഥാനത്തെ സൗമ്യനായ പത്രക്കാരനെ; സിറാജിലെ ബഷീറിന്റെ ജീവനെടുത്തത് അമിത വേഗതയിലെ അലക്ഷ്യമായ ഡ്രൈവിങ്; മ്യൂസിയത്തെ ആക്‌സിഡന്റിൽ ഇനി നിർണ്ണായകം സിസിടിവി
റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന്റെ കൈയിലെ രേഖ പുറത്ത്; ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കത്തിൽ വൻവഴിത്തിരിവ്; 1934ലെ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി കോടതിയിലും മന്ത്രിസഭാ ഉപസമിതിയിലും സമർപ്പിച്ച് യാക്കോബായ സഭ; അവകാശവാദം ഭരണഘടനയുടെ യഥാർഥ കോപ്പിയെന്ന്; ഭരണഘടന അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ യഥാർത്ഥ അധികാരങ്ങൾ വിശദീകരിക്കുന്നതെന്ന് യാക്കോബായ സഭ; ഓർത്തഡോക്‌സ് സഭ അസൽ ഹാജരാക്കാതെ ഏകപക്ഷീയമായി ഭരണഘടന ഭേദഗതി ചെയ്‌തെന്ന വാദത്തിന് ഇനി ചൂടുകൂടും
ശ്രീറാം വെങ്കിട്ടരാമന്റെ അപകടത്തിൽ ഹണി ട്രാപ്പ് മണക്കുന്നു; വഫയുടെ ഉന്നത ബന്ധങ്ങളും മുഖ്യമന്ത്രിയുടെ നിലപാടും വ്യക്തമാക്കുന്നത് ചതിക്കപ്പെട്ടുവെന്ന് തന്നെ; വാഹനം ഓടിച്ചത് ശ്രീറാം തന്നെയോ എന്ന വിഷയം വീണ്ടും ചർച്ചയാകുന്നു; ശ്രീറാമിന്റെ പാർട്ടിയിൽ വഫയും ഉണ്ടായിരുന്നുവെന്ന് സംശയിച്ച് പൊലീസ്; മെറിൻ ജോസഫിന്റെ ദുരൂഹമായ ഇടപെടലും ചർച്ചയാകുന്നു; മാധ്യമ പ്രവർത്തകൻ ബഷീറിന്റെ അപകട മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അജ്ഞാതമോ?
കവടിയാറിൽ ശ്രീറാമും വഫയും നിൽക്കുന്നത് കണ്ട് ബഷീർ ഫോട്ടോ എടുത്തു? വൈരാഗ്യം തീർക്കാൻ പിന്തുടർന്ന് കാറിടിച്ചു കൊലപ്പെടുത്തിയതോ? മരിച്ച മാധ്യമ പ്രവർത്തകന്റെ മൊബൈൽ അപ്രത്യക്ഷമായതും ദുരൂഹം; ഒന്നര കിലോമീറ്റർ ദൂരത്തെ ക്യാമറകളെല്ലാം ഒരേസമയം കണ്ണടച്ചതും സംശയകരം; ശ്രീറാമിനെ കുടിപ്പിച്ച് ബോധം കെടുത്തിയത് ജില്ലാ കളക്ടറോ? മദ്യപരിശോധന താമസിപ്പിച്ചതും ജില്ലാ മജിസ്‌ട്രേട്ടെന്ന് ആരോപണം; മെറിൻ ജോസഫിന് പിന്നാലെ ഗോപാലകൃഷ്ണൻ ഐഎഎസും സംശയ നിഴലിൽ; പകച്ച് പൊലീസും
കെട്ടിടത്തിനകത്ത് എന്തായിരുന്നു പണി? മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ? ഞങ്ങളോടും സഹകരിച്ചിട്ട് പോയാൽ മതി; കയർത്തതോടെ കൈയേറ്റം; സിഫ്റ്റ് കാറിൽ നേതാക്കളെത്തിയത് കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണിൽ മദ്യപിച്ച് ആർത്തുലസിക്കാൻ; മഴപ്പേടിയിൽ ഫയലുകൾ ഭദ്രമാക്കാൻ ഭർത്താവിനൊപ്പം എത്തിയ ജീവനക്കാരിക്ക് നേരെ സഖാക്കൾ നടത്തിയത് സദാചാരത്തിന്റെ വികൃത മുഖം; പൊലീസ് ശ്രമം സിപിഎമ്മുകാരെ രക്ഷിക്കാനും; പരുമലയിൽ ഹരികുമാറും അനൂപും വില്ലന്മാരാകുമ്പോൾ
വേദനകൾ ഇല്ലാത്ത ലോകത്തേക്ക് പറന്നകന്ന്‌ അനിതാ തച്ചങ്കരി; ഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ ഭാര്യ മരണത്തിന് കീഴടങ്ങിയത് പുലർച്ചെ മൂന്ന് മണിക്ക് കൊച്ചിയിലെ സ്വവസതിയിൽ; സംരംഭക എന്ന് പേരെടുത്ത അനിത മടങ്ങുന്നത് രണ്ടു പെൺമക്കളെയും കെട്ടിച്ചയച്ച സന്തോഷം ബാക്കിയാക്കി; ആദരാഞ്ജലികളുമായി കേരളം തമ്മനത്തെ വീട്ടിലേക്ക്
ഭാവി വധുവിനോടു പഴയകാമുകിയെ കണ്ടത് ഒരു വർഷം മുമ്പെന്ന് പറഞ്ഞ കള്ളം വിനയായി; ഒളിച്ചോട്ടകഥ പൊളിച്ചതുകൊച്ചിയിലെ കുടുസു വാടക മുറിയിൽ കണ്ട ബാങ്ക് പാസ്ബുക്കും ഐ ഡി കാർഡും; നല്ലപിള്ള ചമയാൻ ശ്രമിച്ച സൈനികൻ തരികിടയെന്ന് ഉറപ്പിച്ചത് ധനുവച്ചപുരത്ത് ആരെയും ഡ്രോപ്പ് ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന സിസി ടി വി ദൃശ്യങ്ങൾ; രാഖിയുടെ കൊലപാതകിയെ കണ്ടെത്തിയത് പൂവാർ എസ്‌ഐയുടെ ഡിറ്റക്ടീവ് മനസ്: ഡിജിപി പോലും കൈയടിച്ച സബ് ഇൻസ്‌പെക്ടർ സജീവ് നെല്ലിക്കാടിന്റെ കഥ