Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഥയുടെ ജൈവരസതന്ത്രം

കഥയുടെ ജൈവരസതന്ത്രം

ഷാജി ജേക്കബ്

'It is a short story because it is a short story' -Norman Friedman

നുഷ്യാവസ്ഥകളുടെ ഇതിഹാസമാണ് നോവലെങ്കിൽ ജീവിതാനുഭവത്തിന്റെ ഭാവഗീതമാണ് ചെറുകഥ. സമൂഹമനുഷ്യരുടെ സംഘചേതനകളാണ് നോവലിലാവിഷ്‌ക്കരിക്കപ്പെടുന്നതെങ്കിൽ വ്യക്തിയുടെ ആത്മഭൂപടമാണ് ചെറുകഥയിൽ വരഞ്ഞിടപ്പെടുന്നത്. എന്നുവച്ചാൽ, ആധുനികതയുടെ അസ്തിത്വരൂപങ്ങളെന്ന നിലയിൽ ഭാവനചെയ്യപ്പെടുന്ന നോവലും ചെറുകഥയും അടിസ്ഥാനപരമായി ഭിന്നമാകുന്നത് അവയിലെ അനുഭൂതിലോകങ്ങളുടെ ആഖ്യാനവ്യാപ്തിയിലാണ്.

കഥാസാഹിത്യ (Fiction)മെന്ന വിശാലമായ സാഹിത്യരൂപത്തിനുള്ളിൽ ചെറുകഥ (shortfiction/shortstory)യെന്ന സവിശേഷഗണത്തെ മൗലികമാക്കുന്ന ഘടകങ്ങളും സ്വഭാവങ്ങളുമെന്താണെന്നതിനെക്കുറിച്ച് വലിയ തർക്കങ്ങൾ തന്നെ നിലനിൽക്കുന്നുണ്ട്. 1976ൽ എഴുതിയ ചെറുകഥാസിദ്ധാന്തങ്ങൾ എന്ന ഗ്രന്ഥത്തിൽ ചാൾസ് ടിഎ, ഘടനാപരമായ ഐക്യം(Untiy) എന്ന സ്വഭാവം മുൻനിർത്തി എഡ്ഗാർ അലൻപോ, ബ്രാൻഡർ മാത്യൂസ് തുടങ്ങിയവരും ഇതിവൃത്തത്തിന്റെ സംഗ്രഹസങ്കേതങ്ങൾ (techniques of plot compression) മുൻനിർത്തി എ.എൽ.ബാദർ, നോർമൻ ഫ്രീഡ്മാൻ, എൽ.എ.ജി.സ്‌ട്രോംഗ് തുടങ്ങിയവരും, കഥാപാത്രപരിണാമം (change of character) മുൻനിർത്തി തിയോഡോർ സ്ട്രൗവും കർത്തൃത്വം(subject) മുൻനിർത്തി ഫ്രാങ്ക് ഒ കോണറും ശൈലി(tone) മുൻനിർത്തി ഗോർഡിമറും ഭാവഗീതാത്മകത (lyricsm) മുൻനിർത്തി മൊറാവിയയും ചെറുകഥയുടെ മൗലികത നിർണ്ണയിക്കുന്നതിനെക്കുറിച്ചെഴുതുന്നുണ്ട് (Suzane.C.Ferguson, 1995).

സൈദ്ധാന്തിക വിമർശനം കവിതക്കും, നാടകത്തിനും, നോവലിനും ശേഷം നാലാമതായേ ചെറുകഥയെ പരിഗണിക്കാറുള്ളൂ എന്ന നോർമൻ ഫ്രീഡ്മാന്റെ അഭിപ്രായം(1958) ഇന്നും പ്രസക്തമാണ്. 1963 ൽ ഫ്രാങ്ക് ഒ കോണർ എഴുതിയ The Lonely Voice എന്ന ചെറുകഥാസിദ്ധാന്ത ഗ്രന്ഥമാണ് ഒരുപക്ഷെ ഈ രംഗത്ത് നാളിതുവരെയുണ്ടായിട്ടുള്ളവയിൽ ഏറ്റവും പ്രസിദ്ധം. ഈ ഗ്രന്ഥത്തിൽ കോണർ ചെറുകഥയെ നിർവചിക്കുന്നത്, സമൂഹത്തിൽ നിന്നു മുറിച്ചുനീക്കപ്പെട്ട, ഏകാന്തരും ബഹിഷ്‌കൃതരുമായ വ്യക്തികളുടെ ആത്മരോദനങ്ങളായാണ്. 'ഇംപ്രഷനിസ്റ്റിക്' ആണ് ചെറുകഥയുടെ സൂക്ഷ്മജീവിതലോകം എന്ന് പൊതുവെ കരുതപ്പെടുന്ന സാഹചര്യവും ഇതാണ്. മറ്റു മനുഷ്യരുടേതിൽനിന്നു ഭിന്നമായ അനുഭൂതിലോകങ്ങളും സ്വത്വാനുഭവങ്ങളുമുള്ള ഒരു വ്യക്തിയെ കേന്ദ്രീകരിച്ചാവും, സാധാരണരീതിയിൽ ചെറുകഥ ഭാവനചെയ്യപ്പെടുക.

ആത്മനിഷ്ഠവും കർതൃകേന്ദ്രിതവുമായ ആഖ്യാനം, അന്യവൽകൃതവും ഏകാന്തവും സ്വത്വാന്വേഷണപരവുമായ നായകകഥാപാത്രം, സ്ഥലപരവും കാലപരവും ക്രിയാപരവുമായ ഐക്യം, റിയലിസത്തെക്കാൾ കാല്പനികതയോടിണങ്ങി നിൽക്കുന്ന ഭാവപ്രപഞ്ചം എന്നിങ്ങനെ ചെറുകഥയെ ചെറുകഥയാക്കുന്ന നിരവധി സ്വഭാവങ്ങൾ ഈ പശ്ചാത്തലത്തിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആധുനികതയിൽ, വ്യക്തിവാദ നിഷ്ഠമായ സൗന്ദര്യശാസ്ത്രപദ്ധതികളുടെയും വായനാധിഷ്ഠിതമായ മാദ്ധ്യമ സാധ്യതകളുടെയും സ്വരൂപങ്ങളിലാണ് ചെറുകഥ രൂപംകൊണ്ടതും പരിണമിച്ചതും.

വിട്ടുവീഴ്ചയില്ലാതെതന്നെ കാല്പനികതയോടും ആത്മനിഷ്ഠതയോടും വൈകാരികതയോടും ഇണങ്ങി നിന്നുകൊണ്ട്, അതിന്റെ വിശ്വവിഖ്യാതമായ 'ചെറുപ്പ'ത്തിനുള്ളിൽ ചെറുകഥ മനുഷ്യജീവിതത്തിന്റെ രസഭൂപടങ്ങൾക്ക് നിരന്തരം ഊടും പാവും നെയ്തുകൂട്ടുന്നതിന്റെ എത്രയെങ്കിലും ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്. ചെക്കോവും ടോൾസ്റ്റോയിയും മുതൽ ഹെമിങ്‌വേയും മാർക്കേസുംവരെ. മലയാളത്തിലാണെങ്കിൽ കാരൂരും എം ടിയും പത്മനാഭനും മാധവിക്കുട്ടിയും മുതൽ സന്തോഷ് കുമാറും സുഭാഷ്ചന്ദ്രനും ഇന്ദുമേനോനുംവരെയുള്ളവർ വ്യക്തമാക്കുന്നത് 'ലാവണ്യാത്മകവും കാല്പനികവുമായി ആവിഷ്‌കൃതമാകുന്ന ഏകാന്ത വ്യക്തിത്വങ്ങളുടെ ആത്മലോകങ്ങളാണ് ചെറുകഥയുടെ രസതന്ത്രം' എന്നുതന്നെയാണ്. ഇടയ്‌ക്കെപ്പോഴൊക്കെയോ ഉഷ്ണവാതം പോലെ വീശിപ്പോയ ആധുനികതാവാദത്തിന്റെ രാഷ്ട്രീയ, അരാഷ്ട്രീയ ജീവിതങ്ങൾ ഒരുപോലെ ബാക്കിനിൽക്കുമ്പോൾ തന്നെയാണ് ഇതുപറയാൻ കഴിയുന്നത്. കാരണം, ചെറുകഥ എക്കാലത്തും വായനയിൽ ജീവിതത്തെ അനുഭവിപ്പിക്കുകയാണ് ചെയ്യുന്നത്; നോവലിനെപ്പോലെ മനുഷ്യാവസ്ഥയെ അതിശയിപ്പിക്കുകയല്ല.

സ്വന്തം നോവലുകൾക്കു മുന്നിൽ ചെറുതായിപ്പോയ കഥകളെഴുതിയവരാണ് മലയാളത്തിലെ വലിയൊരുനിര എഴുത്തുകാർ-തകഴി മുതൽ സാറാജോസഫ് വരെ ഉദാഹരണം എത്രയെങ്കിലുമുണ്ട്. നോവലെഴുതാത്തതിനാൽ കഥയ്ക്കു കാമ്പുണ്ടെന്നു തെളിയിച്ചവരാണ് കാരൂർ മുതൽ ഹരീഷ് വരെയുള്ളവരെങ്കിൽ നോവലെഴുതി പരാജയപ്പെട്ടവരാണ് ആധുനികാനന്തര കഥാകൃത്തുക്കൾ മിക്കവരും. മാധവനും അശോകനും മുതൽ സന്തോഷ്‌കുമാറും സുഭാഷ്ചന്ദ്രനുംവരെ. കഥയെഴുതാതെതന്നെ നോവലിൽ വിജയിച്ചവരാണ് ഇക്കാലത്തെ മറ്റു ചിലർ. രാമകൃഷ്ണൻ മുതൽ രാജീവൻവരെ. എം.മുകുന്ദൻ നോവൽ ഭാവുകത്വത്തിൽ ആധുനികതയിൽ നിന്ന് ആധുനികാനന്തരതയിലേക്കു സഞ്ചരിച്ച മലയാളത്തിലെ മികച്ച രണ്ടെഴുത്തുകാരിൽ ഒരാളാണ്, കഥയിൽ അങ്ങനെയൊരു ഭാവുകത്വപരിണാമം അദ്ദേഹത്തിനു ഫലപ്രദമായി പ്രകടിപ്പിക്കാനായിട്ടില്ലെങ്കിലും. അതേസമയം, ആധുനികതാവാദത്തിന്റെ പാഠമാതൃകകളായി കാണാവുന്ന എത്രയെങ്കിലും കഥകൾ മുകുന്ദന്റേതായുണ്ട് - ജീവിതത്തിന്റെ സൂക്ഷ്മഭൂപടം വരഞ്ഞിടുന്ന ഭാവനാലീലകളെന്ന നിലയിൽ.

'നവരസകഥാപരമ്പര' എന്ന പേരിൽ കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ സമാഹാരത്തിലെ കഥകൾക്കുള്ളതും മറ്റൊരു സ്വഭാവമല്ല. കാമനകളുടെയും മോഹങ്ങളുടെയും സ്വപ്നതുല്യമായ ഉത്സവമേളങ്ങൾ മാത്രമല്ല, ജീവിതത്തിന്റെ ക്രൂരസന്ദർഭങ്ങളിൽ മനുഷ്യരനുഭവിക്കുന്ന ഒറ്റപ്പെടലുകളുടെയും വേട്ടയാടലുകളുടെയുംകൂടി കഥകളാണ് ഇവിടെ സമാഹരിക്കപ്പെടുന്ന രചനകൾ. ഒരനുഭവം, ഒരു സന്ദർഭം, ഒരു വൈകാരികാനുഭൂതി, ഒരവസ്ഥ-അസ്തിത്വത്തിന്റെ രസഛേദങ്ങളാണ് ഓരോ കഥയും. കാളവണ്ടിക്കാരൻ ചെക്കു, പപ്പു കുരുടനായ കഥ, വേശ്യകളേ നിങ്ങൾക്കൊരമ്പലം എന്നിവ മലയാളകഥയിൽ ഒരു ഭാവുകത്വസന്ധിയുടെ പ്രാതിനിധ്യ സ്വഭാവം കൈയടക്കിയ രചനകളാണെങ്കിൽ ആമുഖങ്ങളില്ലാത്ത ആധുനിക ജീവിതോദന്തങ്ങൾ തന്നെയാണ് ഇതരകഥകളും. ഭാഷയിലൂടെ ഭാവനജീവിതത്തിനു വരച്ചുനൽകുന്ന ഭാവചിത്രങ്ങളായി ഇവ മാറുന്നു.

പ്രണയത്തിന്റെ ഒരു പൂവ് ആത്മാവിനുള്ളിൽ വിരിഞ്ഞുപൊട്ടുന്നതിന്റെ ഹർഷമനുഭവിക്കുന്ന പ്രേമ എന്ന പെൺകുട്ടിയുടെ കഥയാണ് 'ഹൃദയവതിയായ ഒരു പെൺകുട്ടി'. ആരാധന പ്രണയമായും പ്രണയം നിരാശയായും പരിണമിക്കുന്ന ഒരു സാധാരണ ജീവിതാനുഭവത്തിന്റെ സ്വാഭാവിക ദുരന്തചിത്രം. പ്രണയം അതു തോന്നുന്നയാളോടുപോലും വെളിപ്പെടുത്താൻ കഴിയാതെ ഗൂഢവും അസ്വസ്ഥവുമായ ഒരനുഭൂതിയായി സൂക്ഷിക്കാൻ വിധിക്കപ്പെടുന്ന പെൺകുട്ടിയുടെ അടക്കിവച്ച കാമനകളുടെ കഥ. വിപ്രലംഭത്തിലേക്കോ സംഭോഗത്തിലേക്കോ എത്തിച്ചേരാത്ത ശൃംഗാരത്തിന്റെ വിധുരഭാവന.

പ്രണയത്തിന്റെ ഈ ആർദ്രകാല്പനികതക്കു പകരം കാമത്തിന്റെ തീപാറുന്ന കീഴാള ജീവിതത്തെ നർമ്മവും രാഷ്ട്രീയാക്ഷേപവും കലർത്തിയാവിഷ്‌ക്കരിക്കുന്ന കഥയാണ് 'കാമവും വിപ്ലവവും'. ഒ.വി.വിജയന്റെയും വി.കെ.എന്നിന്റെയും പ്രസിദ്ധങ്ങളായ പൊളിറ്റിക്കൽ സറ്റയറുകൾ ഓർമ്മയിലെത്തിക്കുന്ന രചന. തുള്ളിച്ചിയെ കണ്ടമാത്രയിൽ തന്നെ തലമുറിയനുണ്ടാകുന്ന കാമപാരവശ്യവും ഫണം നീർത്തിയ കാമാസക്തിയിൽ പിടയുന്ന അവന്റെ അശരണമായ രാപകലുകളും നിഷ്‌ക്കരുണം തുള്ളിച്ചി നിരാകരിക്കുന്ന കാമം തലമുറിയനുണ്ടാക്കുന്ന ഭ്രാന്തും അത് വിപ്ലവമായി പൊട്ടിത്തെറിക്കുന്ന കറുത്ത ഫലിതവുമാണ് കഥയിലുള്ളത്. പരിത്യക്തകാമത്തിന്റെ രക്തസാക്ഷിയായി ചരിത്രത്തിൽ വിപ്ലവത്തിന്റെ ഫലിതോക്തിപോലെ തലമുറിയൻ. കാമത്തെക്കുറിച്ചെന്ന പോലെ വിപ്ലവത്തെക്കുറിച്ചുമുള്ള ഒന്നാന്തരം സറ്റയർ.

നഷ്ടപ്രണയത്തിന്റെ പിൽക്കാല സ്മൃതികളും പ്രണയിനിയുമായുള്ള കൂടിക്കാഴ്ചകളും അദ്ധ്യാപകനും എഴുത്തുകാരനുമായ മധ്യവയസ്‌കന് നൽകുന്ന അതിജീവനോർജ്ജത്തിന്റെ കഥയാണ് 'കാഴ്ചക്കാരൻ'. പ്രണയവും കാമവും മറികടന്ന നിർവേദാനുഭൂതിയുടെ കരുണാർദ്രമായ മനോനിലയിലാണ് അയാൾ വീണ്ടും അവളെ കാണാനെത്തുന്നത്. പല രാജ്യങ്ങളിൽ, പല നഗരങ്ങളിൽ മാറി മാറി ജീവിക്കുമ്പോഴും അരുന്ധതി എഴുത്തുകാരന്റെ സാന്നിധ്യമറിയുന്നു. ഓർമയും മറവിയും തമ്മിലുള്ള സംഘർഷം സൃഷ്ടിക്കുന്ന ആത്മവ്യഥകൾ അയാളെ അസാധാരണമായ മനോനിലകളിലൂടെ കടത്തിവിടുന്നു. അകാല്പനികമായ തന്റെ ജീവിതചോദനകളിൽ നിന്നു മോചനം തേടി അയാൾ തന്റെ പലായനം തുടരുകതന്നെ ചെയ്യുന്നു.

അസാധാരണമായ ഒരു നാട്ടിൻപുറകഥയാണ് 'കാളവണ്ടിക്കാരൻ ചെക്കു'. ഗ്രാമത്തിന്റെ മിത്തിക്കൽ ജന്മമായ ചെക്കുവിന്റെ നിശ്ശബ്ദമായ പക കിടിലംകൊള്ളിക്കുന്ന രൗദ്രതയിലേക്കു പരിണമിച്ചെത്തുന്ന കഥാന്ത്യം മലയാളഭാവനയിൽ തന്നെ വിരളമായ ഒന്നാണ്. പൂച്ചയെപ്പോലെ പതുങ്ങിയിരുന്ന കണാരൻ സകലരും പേടിക്കുന്ന ചെക്കുവിന്റെ പൗരുഷത്തെപ്പോലും വെല്ലുവിളിക്കുന്നതോടെ, മനുഷ്യചേതനയെ മരവിപ്പിക്കുംവിധം അയാൾ കണാരനോടു പകവീട്ടുന്നു. എൻ.എസ്.മാധവന്റെ ശൈലി കടംകൊണ്ടു പറഞ്ഞാൽ, യാതൊരു ഗൃഹാതുരത്വവും കൂടാതെ. കഥയുടെ മാന്ത്രിക പരിസമാപ്തിയിലേക്ക് ഹിംസയുടെ ചോരപുരണ്ട അമ്പു പോലെ മൂളിപ്പായുന്ന, സിനിമാറ്റിക് ഇഫക്ടുള്ള രചന.

എരച്ചൻ എന്ന വേട്ടക്കാരനും കൊട്ടൂരൻ എന്ന തേൻകാരനും ഒരു കാടിന്റെ ജീവിതങ്ങളെയും തങ്ങളുടെതന്നെ ജീവിതത്തെയും കാണുന്ന രീതികളുടെ വന്യമായ വൈരുദ്ധ്യങ്ങളാണ് 'വേട്ടക്കാർ സൂക്ഷിക്കുക' എന്ന കഥയെ ശ്രദ്ധേയമാക്കുന്നത്. വേട്ടയുടെ രതിയിൽ സ്വന്തം പെണ്ണിനെപ്പോലും മറന്ന എരച്ചന്റെ കണ്ണില്ലാത്ത മൃഗയയോട് കൊട്ടൂരൻ പകരം വീട്ടുന്നത് അവന്റെ പെണ്ണിനെ പ്രാപിച്ചുകൊന്നാണ്. എരച്ചന്റെ ഉന്നംതെറ്റാത്ത അമ്പുകൾ പോലെ കൊട്ടൂരന്റെ പക മാമ്പിയുടെ പ്രണയവും പ്രാണനും കവരുന്നു. പുരുഷവീര്യത്തിന്റെ ഇരുതല മൂർച്ചയുള്ള പരക്കംപാച്ചിലിൽ രതിയുടെയും ഹിംസയുടെയും ഇണചേരൽ നടക്കുന്ന കഥ.

ബാല്യത്തിന്റെ നിഷ്‌ക്കളങ്കതകളിൽ നിന്ന് കൗമാരത്തിന്റെ ആശങ്കകളിലേക്കും അവിടെ നിന്ന് യൗവനത്തിന്റെ ഭയാനകതകളിലേക്കും എടുത്തെറിയപ്പെടുന്ന പെണ്ണിന്റെ ജീവിതങ്ങളാണ് 'ഭാവി' എന്ന കഥയിലുള്ളത്. ശ്രീദേവിക്ക്, പെണ്ണെന്ന നിലയിലുള്ള തന്റെ ഭാവിയെക്കുറിച്ച് കത്തുന്ന മുന്നറിയിപ്പുനൽകിക്കൊണ്ട് കൂട്ടുകാരി പിങ്കിയുടെ വീട്ടിൽ നന്ദിനിയെന്ന നവവധുവിന്റെ ഹത്യ അരങ്ങേറുന്നു. പെണ്ണിനെക്കുറിച്ചുള്ള സംഭീതമായ നിരവധി ഇന്ത്യൻ യാഥാർഥ്യങ്ങളിലൊന്നാണ് ഭർതൃഗൃഹത്തിലെ വേട്ടയാടൽ. നന്ദിനി ശ്രീദേവിക്കു നൽകുന്ന പാഠവും മറ്റൊന്നല്ല. തനിക്കൊരിക്കലും വലുതാകേണ്ട എന്ന് ഏതുപെൺകുട്ടിയും നിലവിളിച്ചുപോകുന്ന ഇന്ത്യൻ കുടുംബ വ്യവസ്ഥയുടെ ക്രൂരതകളിലേക്കു തുറക്കുന്ന വാതിലാണ് 'ഭാവി' എന്ന കഥ.

ഭാര്യയുടെ പ്രസവം കാത്തിരിക്കുന്ന രാമചന്ദ്രനു മുന്നിൽ ദൈവം പ്രത്യക്ഷപ്പെട്ട് അയാൾക്കു ജനിക്കാൻ പോകുന്ന മകനെക്കുറിച്ചു നടത്തുന്ന പ്രവചനങ്ങളും അവ അയാളിൽ സൃഷ്ടിക്കുന്ന ബീഭത്സമായ ഭാവപരിണാമങ്ങളുമാണ് 'തെമ്മാടിയായ കുട്ടി' എന്ന കഥയിലുള്ളത്. സതീന്ദ്രൻ എന്ന മകൻ നാലാം വയസ്സിൽ രാമചന്ദ്രന്റെ കരണത്തടിക്കും, അഞ്ചാംക്ലാസ്സിൽ പഠിക്കുമ്പോൾ സരസ്വതി ടീച്ചറുടെ മുലയ്ക്കുപിടിക്കും, വളരുമ്പോൾ മദ്യപനും ബലാൽക്കാരിയും വിപ്ലവകാരിയുമാകും, ദുർനടപ്പുകാരിയായ ഒരുവളെ വിവാഹം ചെയ്യും എന്നിങ്ങനെ ദൈവം പ്രവചിച്ചു. മകനെ കൊല്ലാൻ അയാളുടെ കൈതരിച്ചു. പക്ഷെ അയാളതുചെയ്തില്ല. ഭാവിജീവിതവും പിതൃത്വവും നേരിടേണ്ടിവരുന്ന ദുരവസ്ഥകളോർത്ത് അസ്വസ്ഥമാകുന്ന ഏതു പുരുഷമനസ്സിന്റെയും പെരുന്തച്ഛൻ കോംപ്ലക്‌സാണ് ഈ കഥ.
മാജിക്കൽ റിയലിസത്തിന്റെ സ്പർശമുള്ള കഥകൾ മലയാളത്തിൽ പലരുമെഴുതിയിട്ടുണ്ട്. വിജയനും കുഞ്ഞബ്ദുള്ളയും സേതുവും രചിച്ച ഇത്തരം കഥകളുടെ കൂട്ടത്തിൽ ക്ലാസിക്കായി മാറിയ രചനയാണ് 'പപ്പു കുരുടനായ കഥ'. നാട്ടിലെ പെണ്ണുങ്ങൾക്കൊക്കെ പിറക്കുന്ന കുഞ്ഞുങ്ങൾക്കു പപ്പുവിന്റെ മുഖഛായ. ഇന്നുവരെ പെണ്ണിനെ തൊട്ടറിയാത്ത പപ്പുവിനെ നാട്ടുകാർ ഭയക്കുന്നു, വെറുക്കുന്നു. ഒടുവിൽ അവന്റെ വിധവയായ അമ്മയ്ക്കുതന്നെയും ഗർഭമുണ്ടാകുകയും പപ്പുവിന്റെ ഛായയുള്ള കുട്ടി പിറക്കുകയും ചെയ്യുന്നു. പപ്പു പെണ്ണുങ്ങളെ നോക്കിയാൽ അവർക്കു ഗർഭമുണ്ടാകുമെന്ന് മാന്ത്രികൻ കേളുനായർ പറഞ്ഞതിന്റെ പിറ്റേന്ന് പപ്പു തന്റെ കണ്ണുകൾ കുത്തിപ്പൊട്ടിച്ചു. കേവല നർമത്തിനും ഹാസ്യത്തിനുമപ്പുറം മിത്തുകളുടെ വിസ്മയ പാരമ്പര്യത്തിൽ രചിക്കപ്പെട്ട കഥ.

ഹരിദ്വാർ, മയ്യഴി പോലെ തന്നെ മുകുന്ദന്റെ പ്രിയപ്പെട്ട ഭാവനാഭൂപടങ്ങളിലൊന്നാണ്. ആത്മീയതയും ഭൗതികതയും അവയുടെ വിപരീതങ്ങളിൽ തന്നെ ഇഴപിരിയുന്ന കഥാ ഭൂമിക. ആധുനികതയുടെ ഉച്ചഭാവുകത്വത്തിന്റെ ഭാഗമായി മലയാളിയെ വിസ്മയിപ്പിച്ച വേശ്യകളേ നിങ്ങൾക്കൊരമ്പലം, മനുഷ്യജീവിതത്തിന്റെ രാസസൂത്രങ്ങളെ ശമാവസ്ഥയിൽ കൊണ്ടുചെന്നെത്തിക്കുന്ന ഭാവനയാണ്. വീട്ടിലും പുറത്തും വേശ്യകൾക്കൊപ്പം ജീവിക്കുന്ന കഥാപാത്രം. ശരീരത്തിന്റെ കാമനകൾക്ക് ആത്മാവിന്റെ വിരക്തികളെക്കാൾ മൂല്യമുണ്ടെന്നു തെളിയിക്കുന്ന രചന. ആത്മീയതയെയും കാമാതുരയെയും ജീവിതത്തിന്റെ ഇരുകരകളിൽ മാത്രം കാണാൻ വാശിപിടിക്കുന്ന സദാചാരവാദികളുടെ തലമരവിപ്പിക്കുന്ന ആഖ്യാനത്തിന്റെയും ഭാഷയുടെയും അവിശുദ്ധമിശ്രിതം. മാംസത്തിന്റെ ഹിംസാത്മകതയും ആത്മാവിന്റെ സർഗാത്മകതയും ഇഴപിരിയുന്ന ജീവിതോദാന്തം.

മനുഷ്യജീവിതം, അതിന്റെ നാനാതരം രസാനുഭൂതികളിൽ ആവിഷ്‌കൃതമാകുന്നു ഈ കഥകളിൽ. കഥയുടെ കലയും ആഖ്യാനവും ജീവിതത്തിന്റെതന്നെ അനുഭൂതികളിൽ നിന്നു രൂപംകൊള്ളുന്നതിന്റെ മാതൃകകൾ. പ്രണയവും വിരഹവും രതിയും വിരതിയും സൃഷ്ടിയും സംഹാരവും സ്ഥിതിയും ഹത്യയും പകയും കരുണയും ഭയവും വാത്സല്യവും ചിരിയും കരച്ചിലും ആസക്തിയും ശമവും ഇഴപിരിഞ്ഞുണ്ടാകുന്ന മനുഷ്യജീവിതത്തിന്റെ രസസൂത്രങ്ങളായി ഇവ പരിണമിക്കുകയും ചെയ്യുന്നു.

പുസ്തകത്തിൽനിന്ന്:

പപ്പുകുരുടനായ കഥ

ചിലർ ജന്മനാ കുരുടന്മാരാകുന്നു. ചിലർ കണ്ണിൽ മസൂരി വന്ന് അന്ധമാരാകുന്നു. ചിലർ തിമിരം പിടിച്ച് കുരുടന്മാരാകുന്നു.
പപ്പുവിനു തിമിരം പിടിച്ചില്ല. കണ്ണിൽ മസൂരി വന്നില്ല. ജനിച്ചപ്പോൾ കണ്ണിനു കാഴ്ചയുണ്ടായിരുന്നു.
എന്നിട്ടും പപ്പു അന്ധനായി.
പപ്പുവിന്റെ കഥ തുടങ്ങുന്നത് അവന് പതിനെട്ട് വയസ്സുള്ളപ്പോഴാണ്. പപ്പുവിന്റെ കഥ ദുരന്തകഥയാണ്. പതിനെട്ടു വയസ്സുവരെ പപ്പു ജീവിച്ചിരുന്നില്ല. അവൻ ഗർഭപാത്രത്തിൽനിന്നു പുറത്തുവന്നത് പതിനെട്ടു വയസ്സിലാണെന്നു പറയാം. ചെറുപ്പകാലത്ത് അവൻ അനുസരണശീലമുള്ള ഒരു നല്ല കുട്ടിയായിരുന്നു. അവൻ കൃത്യമായി സ്‌കൂളിൽ പോയി. കൂടാതെ പഠിച്ചു ക്ലാസ്സുകൾ ഒന്നൊന്നായി ചാടിക്കടന്നു.
'നല്ലൊരു കുട്ട്യാ'.
നാട്ടുകാർ എന്നും അങ്ങനെയേ പറഞ്ഞിരുന്നുള്ളൂ.
'ആ കല്യാണി സുകൃതംചെയ്‌തോളാ. ഇങ്ങന്യൊരു മോനെ കിട്ട്യല്ല്യോ ഓൾക്ക്'.
അങ്ങനെയിരിക്കെ പപ്പുവിനു പതിനെട്ടു വയസ്സു തികഞ്ഞു. അപ്പോഴും അവൻ പാവമായിരുന്നു. നല്ലവനായിരുന്നു.
അപ്പോഴും അവൻ അന്ധനായിരുന്നില്ല.
അവൻ സൂര്യനെ കണ്ടിരുന്നു. രാത്രി നക്ഷത്രങ്ങളേയും ചന്ദ്രനെയും കണ്ടിരുന്നു. പക്ഷികൾ പറക്കുന്നതു കണ്ടിരുന്നു. മരങ്ങൾ കണ്ടിരുന്നു. സൂര്യാസ്തമയം കണ്ടിരുന്നു. പ്രഭാതം കണ്ടിരുന്നു. എല്ലാം കണ്ടിരുന്നു. അന്ധനായിരുന്നില്ല.
പപ്പുവിന്റെ വീടിനു മുന്നിലാണ് രാമുണ്ണിനായർ പാർക്കുന്നത്. രാമുണ്ണിനായർക്ക് ഒരു മകളുണ്ട്. മകൾക്ക് പതിനാറുവയസ്സാണ്. പതിനാറുവയസ്സുകാരി സുന്ദരിയാണ്. സുന്ദരിയുടെ പേര് വത്സല എന്നാണ്.
ഒരു ദീവസം വാഴച്ചുവട്ടിലിരുന്നു പതിനാറുകാരി ഛർദ്ദിക്കുന്നത് അമ്മ കണ്ടു.
'എന്താ വത്സലേ, സുഖോല്യോ മോളേ നിനക്ക്?'
അമ്മ അവളുടെ പുറം തടവിക്കൊടുത്തു. അവൾ പറഞ്ഞു: 'തല കറങ്ങുന്നമ്മേ!'
വത്സലയുടെ അമ്മ അവളെ താങ്ങിപ്പിടിച്ച് മുറിയിൽകൊണ്ടുപോയി കിടത്തി. പിറ്റേദിവസവും അവൾ ഛർദ്ദിച്ചു. അതിന്റെ പിറ്റേദിവസവും.
'ആരാ മൂധേവീ? ആരാന്ന്ച്ചാ പറഞ്ഞോ. അതാ നിനക്ക് നല്ലത്'.
വത്സല അന്ധംവിട്ട് അമ്മയുടെ മുഖത്തു നോക്കി.
'മറ്റുള്ളവരുടെ മുഖത്ത് കരിതേക്കാൻ നോക്ക്യാല് ബാക്കിവച്ചേക്കില്ല നിന്നെ ഞാൻ. കൊല്ലും നിന്നെ ഞാൻ'.
രമുണ്ണിനായർ ഗർജ്ജിച്ചു.
രാമുണ്ണിനായരുടെ ഗർജ്ജനംകേട്ട് വത്സല അമ്പരന്നു.
അച്ഛന്റ ഗർജ്ജനം കേട്ട് മകൾ അമ്പരന്നു.
'പറേല്ല്യേ നീ? പറേല്ല്യേ നീ?'
അമ്മയുടെ കൈ വത്സലയുടെ മുതുകിൽ വീണു.
വത്സല അവളുടെ കട്ടിലിൽപോയി കമഴ്ന്നുകിടന്നു നിലവിളിച്ചു. അവൾ സ്‌കൂളിൽ പോയില്ല. കുളിച്ചില്ല. ഭക്ഷണം കഴിച്ചില്ല.
വത്സല സ്‌കൂളിൽ പോയില്ല.
വത്സല കുളിച്ചില്ല.
വത്സല ഭക്ഷണം കഴിച്ചില്ല.
'ന്റെ പൊന്നുമോളല്ലേ. അമ്മയോടു പറയൂ. ആരാ?'
അമ്മ അവളുടെ മുതുകിലും ശിരസ്സിലും തലോടി.
'ആരും അല്ല'.
അവൾ തേങ്ങിക്കരയുന്നതിനിടയിൽ പറഞ്ഞു.
'എനിക്കു ഗർഭോംല്ല്യ'.
അവൾ പറഞ്ഞു.
'എനിക്കു ഗർഭോംല്ല്യ'.
വത്സല പറഞ്ഞു.
'എനിക്കു ഗർഭോംല്ല്യ'.
രാമുണ്ണിനായരുടെ മകൾ പറഞ്ഞു.
'എനിക്കു ഗർഭോംല്ല്യ'.
പപ്പുവിന്റെ അയൽപക്കക്കാരി പറഞ്ഞു.
പക്ഷേ, അവൾക്കു ഗർഭമുണ്ടായിരുന്നു. അവളുടെ അടിവയർ വീർത്തു വരികയായിരുന്നു.
അമ്മയുടെ കാൽക്കൽവീണു പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു:
'ഇല്ലമ്മെ എനിക്കു ഗർഭോംല്ല്യ. ഞാനാരുടേം കൂടെ...'
വത്സല പൊട്ടിക്കരഞ്ഞു. അച്ഛനും അമ്മയും അന്ധംവിട്ടുനിന്നു.
തന്നെ ആരും തൊട്ടിട്ടുപോലുമില്ല എന്ന് എല്ലാ ദൈവങ്ങളേയും പിടിച്ച് വത്സല ആണയിട്ടു. അച്ഛനേയും അമ്മയേയും പിടിച്ച് ആണയിട്ടു.
'ഇതെന്തൊരു മറിമായം!'
നാട്ടുകാർ പറഞ്ഞു.
മാസം തികഞ്ഞപ്പോൾ വത്സല പ്രസവിച്ചു. കുട്ടി ആണായിരുന്നു. കുട്ടിക്ക് പപ്പുവിന്റെ മുഖച്ഛായയുണ്ടായിരുന്നു.
'മഹാപാപീ, നീ എന്റെ മുഖത്ത് കരിതേച്ചില്ല്യോ?' പപ്പുവിന്റെ അമ്മ മാറത്തടിച്ചു നിലവിളിച്ചു.
'മറ്റുള്ളവരുടെ മുഖത്ത് ഞാനെങ്ങനെ നോക്കും ഇനി എന്റീശ്വരാ!'
പപ്പുവിന്റെ അമ്മ മാറത്തടിച്ചു നിലവിളിച്ചു.
'പോ ഇവിട്ന്ന്. ഇറങ്ങി എവിട്യാച്ചാല് പോ. എന്റെ മോനല്ല നീയിനി'.
പപ്പുവിന്റെ അമ്മ മാറത്തടിച്ചു നിലവിളിച്ചു.
പപ്പുവാണെങ്കിൽ അന്തം വിട്ടുനിന്നു.
'എങ്കിലും പപ്പൂ ഞ്ഞിതു ചെയ്യുമെന്ന് ആരും വിചാരിച്ചിരുന്നില്ല'.
'മിണ്ടാപ്പൂച്ച കലം പൊളിക്കും'.
'ഞാനോളെ കൈയോണ്ടു തൊട്ടിട്ടില്ല'.
പപ്പു പറഞ്ഞു.
'കൈയോണ്ടു തൊടണ്ട. എന്തിനാ തൊടുന്നേ?'
അതു പറഞ്ഞ ആൾ ഊറിച്ചിരിച്ചു.
പപ്പുവിന് ഒന്നും മനസ്സിലായില്ല. അവൻ അമ്പരന്നുനിന്നു. അവൻ എല്ലാ ദൈവങ്ങളേയും പിടിച്ച് ആണയിട്ടു. അവൻ വത്സലയെ ഒന്നും ചെയ്തിട്ടില്ല. അവനവളെക്കുറിച്ചു ആലോചിക്കുകപോലും ചെയ്യാറില്ല. പിന്നെ എങ്ങനെയാണ് അവൾക്ക് പപ്പു ഗർഭമുണ്ടാക്കുക.
പപ്പു പറയുന്നു അവൻ വത്സലയെ തൊട്ടിട്ടില്ലെന്ന്, വത്സല പറയുന്നു അവൾ അവനെ തൊട്ടിട്ടില്ലെന്ന്. പക്ഷേ, കുഞ്ഞു വളർന്നുവരവേ അതിനു വ്യക്തമായും പപ്പുവിന്റെ മുഖച്ഛായയുണ്ടായി.
ദിവസങ്ങൾ കടന്നുപോയി.
പപ്പുവിന്റെ കോളേജിനടുത്തുള്ള ഏറ്റുകാരൻ കണ്ണന്റെ ഭാര്യ പ്രസവിച്ചു. കുട്ടിക്ക് പപ്പുവിന്റെ മുഖച്ഛായയുണ്ടായിരുന്നു.
'മീശ മുളച്ചിട്ടില്ല. അതിനുമുമ്പ്...'
നാട്ടുകാർ പറഞ്ഞു.
'അടിച്ചു കാലൊടിക്കണം'.
നാട്ടുകാർ പറഞ്ഞു.
പെറ്റുകിടക്കുന്ന ഭാര്യയെ കണ്ണൻ ചവിട്ടുകയും ഇടിക്കുകയും ചെയ്തു. അടിയും ഇടിയുംകൊണ്ട് നിലവിളിക്കുന്നതിനിടയിൽ കണ്ണന്റെ ഭാര്യ മോങ്ങി:
'ഓനെന്നെ തൊട്ടിട്ടില്ല'.
'പോ. കുഞ്ഞിനെ എടുത്ത് പോ ഇവിട്ന്ന്'.
കണ്ണൻ അവളുടെ മുടിക്കു പിടിച്ച് അവളെ കട്ടിലിൽനിന്നു താഴെ വലിച്ചിട്ടു.
'ഞാമ്പറേന്നതു കേക്ക്. ഓനിവിടെ വന്നിട്ടില്ല. എന്റെ അമ്മയാണേ, ഭഗവത്യാണേ....!'
അവൾ കണ്ണന്റെ കാൽക്കൽ കിടന്നു കരഞ്ഞു.
കല്യാണിയമ്മയും കരഞ്ഞു. മുറിയടച്ചിട്ട് അതിൽ കിടന്ന് അവർ സദാ കണ്ണീർ വാർത്തു.
'പാപിയാ ഓൾ'
നാട്ടുകാർ പറഞ്ഞു.
'ഇങ്ങന്യോരു ചെക്കൻ ഓളുടെ വയറ്റില് പിറന്നല്ലോ!'
നാട്ടുകാർ പറഞ്ഞു.
ദിവസങ്ങൾ കടന്നുപോയി. വത്സലയുടെ കുട്ടി കമഴ്ന്നുവീഴാനും നിലത്തിഴയാനും പഠിച്ചു. ഏറ്റുകാരൻ കണ്ണന്റെ മകനും വളരുകയാണ്.
കല്യാണിയമ്മയുടെ ദുഃഖം തണുക്കുകയായിരുന്നു. അപ്പോഴാണ് കാട്ടുതീ പോലെ വാർത്ത പരന്നത്. സബ് കലക്ടർ ചന്ദ്രമേനവന്റെ ഭാര്യ അമ്മിണി പ്രസവിച്ചു. കുഞ്ഞിനു പപ്പുവിന്റെ മുഖച്ഛായയാണ്.
'നിനക്കൊന്നും പറയാനില്ലേ?'
ചന്ദ്രമേനവൻ ഭാര്യയോടു ചോദിച്ചു. അയാൾ വലിച്ചിട്ട സിഗരറ്റുകുറ്റികൾ ചാരത്തട്ടു കവിഞ്ഞു മേശപ്പുറത്തേക്കും തറയിലേക്കും ഒഴുകി.
'ഇല്ല'.
അമ്മിണി പറഞ്ഞു.
'നിനക്കവനെ അറിയില്ലേ?'
'ഇല്ല'.
'അവൻ നിന്നെ തൊട്ടിട്ടില്ലേ?'
'ഇല്ല'.
അവൻ മന്ദഹസിച്ചു. ഒന്നിനുപിറകെ മറ്റൊന്നായി സിഗരറ്റുകൾ കത്തിച്ചുകൊണ്ട് അവൻ തന്റെ കസേരയിൽ ഇരുന്നു.
അമ്മിണി പ്രസവിച്ചു രണ്ടാഴ്ച കഴിഞ്ഞതിനുശേഷമാണ് തുന്നൽക്കാരൻ നാണുവിന്റെ ഭാര്യ ജാനു പെറ്റത്. ജാനുവിന്റെ കുഞ്ഞിനും പപ്പുവിന്റെ മുഖച്ഛായയായിരുന്നു.
'ഇതെന്തൊരു കഥ!'
നാട്ടുകാർ ആകാശത്തിൽ നോക്കി.
'ഓനെ ഇങ്ങനെ കയറഴിച്ചുവിട്ടാല് ഓനീ നാടുമുടിക്കും'.
നാട്ടുകാർ അമർഷംകൊണ്ടു.
'ഓനെ എന്തിനാ കുറ്റം പറയുന്നത്? ഓന്റെ പിന്നാലെ പായുന്ന പെണ്ണുങ്ങളേയാ പറയേണ്ടത്'.
നാട്ടുകാർ പപ്പുവിനെ ന്യായീകരിക്കാൻ ശ്രമിച്ചു.
രാമുണ്ണിനായരുടെ ഭാര്യയ്ക്കും ഗർഭം.
രാമുണ്ണിനായരുടെ ഭാര്യ വത്സലയുടെ അമ്മയാണ്.
രാമുണ്ണിനായരുടെ ഭാര്യ പപ്പുവിന്റെ അയലത്താണു താമസം.
രാമുണ്ണിനായരുടെ ഭാര്യ പെറ്റുകാണുവാൻ ആളുകൾക്ക് കൗതുകമുണ്ടായി. അവർ പരസ്പരം ചോദിച്ചു:
'ഇതെത്രയാ ഓൾക്ക് മാസം'.
'അഞ്ചാ'.
'അഞ്ചേ ആയുള്ളൂ?'
ചിലർക്ക് രാമുണ്ണിനായരുടെ ഭാര്യ പെറ്റുകാണാൻ ധൃതിയായി.
ഇതിനകം കോളേജിലെ ഇംഗ്ലീഷ് പ്രൊഫസ്സർ ജനാർദ്ദനന്റെ മകൾ പ്രേമ പ്രസവിച്ചു. അവൾ അവിവാഹിതയായിരുന്നു. പതിവുപോലെ കുട്ടിക്കു പപ്പുവിന്റെ മുഖച്ഛായ.
രാമുണ്ണിനായരുടെ ഭാര്യക്ക് മാസം ആറായി.
ഏഴായി.
എട്ടായി.
ഒൻപതായി.
ഒൻപതരയായി.
രാമുണ്ണിനായരുടെ ഭാര്യയ്ക്കു പ്രസവവേദന തുടങ്ങിയെന്നു കേട്ട നാട്ടുകാർ രാമുണ്ണിനായരുടെ വീട്ടിലെത്തി. ചിലർ കോലായിൽ കയറിയിരുന്നു. ചിലർ വെളിയിൽ ചുറ്റിപ്പറ്റി നടന്നു.
രാമുണ്ണിനായരുടെ ഭാര്യ പെറ്റു. വത്സലയുടെ അമ്മ പെറ്റു. പപ്പുവിന്റെ അയലത്തെ രാമുണ്ണിനായരുടെ ഭാര്യ പെറ്റു.
കുട്ടിക്ക് പപ്പുവിന്റെ മുഖച്ഛായയാണ്.
പപ്പുവിനെ നടുനിരത്തിലിട്ട് നാട്ടുകാർ തല്ലി.
കല്ല്യാണിയമ്മയോട് അവർ പറഞ്ഞു:
'മോനെ പിടിച്ച് കെട്ടിയിടുന്നതാ നല്ലത്. അല്ലെങ്കിൽ പപ്പൂന്ന് ഒരു മോൻ നിങ്ങൾക്ക് ഉണ്ടാകില്ല. പറഞ്ഞേക്കാം'.
'ഓനെന്റെ മോനല്ല'.
പപ്പുവിന്റെ അമ്മ പറഞ്ഞു.
'ഓനെ എന്താന്ന്ച്ചാല് ചെയ്‌തോ. കൊന്നോ'.
ഭർത്താവു മരിച്ച പപ്പുവിന്റെ അമ്മയ്ക്കു ഗർഭമുണ്ടാകുകയും അവർ പ്രസവിക്കുകയും ചെയ്തു. കുഞ്ഞിന് പപ്പുവിന്റെ മുഖച്ഛായയായിരുന്നു.
ലോകം തിരിഞ്ഞുനിന്നു. നാട്ടുകാർ പരിഭ്രാന്തരായി. പെണ്ണുങ്ങൾ പപ്പുവിനെ പേടിച്ച് വെളിയിൽ ഇറങ്ങാതായി.
'ഇതിന്റെ പിന്നിലെന്തോ രഹസ്യമുണ്ട്'.
നാട്ടുകാർ പറഞ്ഞു.
അവർക്കതു കണ്ടുപിടിക്കാൻ കഴിഞ്ഞില്ല.
അവർ പുഴകടന്ന് കുന്നുകൾ മറികടന്ന് കേളുനായരെ ചെന്നുകണ്ടു. കേളുനായർ വന്നു.
വായിലെ വെറ്റിലച്ചണ്ടി തുപ്പിക്കളഞ്ഞിട്ടു തന്റെ പരുത്ത കൈ പപ്പുവിന്റെ ചുമലിൽ വച്ചു.
'മോനിതുവരെ ഒരു പെണ്ണിന്റേയും കൂടെ കിടന്നിട്ടില്ലേ?'
'ഇല്ല'.
'സത്യാണോ'.
'സത്യം'.
പപ്പു തേങ്ങിക്കരഞ്ഞു.
'കരേണ്ട, കരേണ്ട'.
കേളുനായരുടെ സ്വരം ആർദ്രമായിരുന്നു.
കേളുനായർ പപ്പുവിന്റെ വീടിനുവെളിയിൽ വന്നപ്പോൾ നാട്ടുകാർ ചോദിച്ചു.
'എന്താ കേളുനായരെ, രഹസ്യം പിടികിട്ട്യോ?'
'ഉം'.
കേളുനായർ മൂളി.
'ഓൻ പെണ്ണുങ്ങളെ നോക്ക്യാ പെണ്ണുങ്ങൾക്ക് ഗർഭോണ്ടാകും'. കേളുനായർ പറഞ്ഞു 'പാവം കുട്ടി!'
കേളുനായർ പോയതിന്റെ പിറ്റേദിവസം പപ്പു തന്റെ കണ്ണുകൾ കുത്തിപ്പൊട്ടിച്ചു.

നവരസകഥകൾ
എം. മുകുന്ദൻ
കൈരളിബുക്‌സ്, 2013
വില: 90 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP