Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കഥകളുടെ കരിനിലങ്ങൾ: എസ് ഹരീഷിന്റെ വിവാദ നോവൽ മീശയെ കുറിച്ചുള്ള ആദ്യത്തെ സമഗ്രമായ പഠനം

കഥകളുടെ കരിനിലങ്ങൾ: എസ് ഹരീഷിന്റെ വിവാദ നോവൽ മീശയെ കുറിച്ചുള്ള ആദ്യത്തെ സമഗ്രമായ പഠനം

ഷാജി ജേക്കബ്‌

ടക്കൻ കുട്ടനാടിന്റെ ഐതിഹ്യമാലയാണ് 'മീശ'. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ, രണ്ടുലോകയുദ്ധങ്ങളും അവയ്ക്കിടയിലെ ആഗോള സാമ്പത്തികമാന്ദ്യവും വംശീയ-പ്രത്യയശാസ്ത്രഹിംസകളും സൃഷ്ടിച്ച നാനാതരം സംഘർഷങ്ങളുടെ സൂക്ഷ്മപശ്ചാത്തലത്തിൽ, മനുഷ്യൻ സൃഷ്ടിച്ച ഭൂമിശാസ്ത്രവിസ്മയത്തിൽ കുറഞ്ഞൊന്നുമല്ലാത്ത കുട്ടനാടിന്റെ രാവണൻകോട്ടയിൽ കുടുങ്ങിത്തോറ്റപ്പോഴും ഐതിഹ്യങ്ങളിൽ വളർന്നുനിറഞ്ഞ ഒരു പുലയക്രിസ്ത്യാനിയുടെ അമാനുഷജീവിതത്തിന്റെ കഥാത്മകചരിത്രം. മലയാളനോവലിന്റെ ആഖ്യാനകലയിലും രാഷ്ട്രീയഭാവനയിലും സംഭവിച്ച ഗംഭീരമായ വഴിമാറിനടപ്പ്. വസ്തുതകളെക്കാൾ ഭാവനയ്ക്കും ചരിത്രത്തെക്കാൾ കഥകൾക്കും പ്രാധാന്യം നൽകിക്കൊണ്ട് ഭൂതത്തിന്റെ അർഥാന്തരന്യാസങ്ങൾ പുനഃസൃഷ്ടിക്കുന്ന 'ചരിത്രവിജ്ഞാനീയപരമായ അതികഥന'ത്തിന്റെ മികച്ച ഉദാഹരണം. ഭാഷയുടെയും ഭാഷണത്തിന്റെയും തലങ്ങളിൽ 'ബൃഹദാഖ്യാനപാരമ്പര്യ'ങ്ങളെ അപനിർമ്മിക്കുന്ന ആധുനികാനന്തര 'ലഘുസാഹിത്യ'പാഠങ്ങളുടെ കേരളീയമാതൃക. ജാതികേരളത്തിന്റെ സദാചാരനീതിബോധങ്ങളെ ജൈവാധികാരത്തിന്റെ രാഷ്ട്രീയയുക്തിയിൽ കുറ്റവിചാരണ ചെയ്യുന്ന മലയാളനോവൽ. 'മീശ'യുടെ ഒരപഗ്രഥനം.

'History is a kind of fiction in which we live and hope to survive, and fiction is a kind of speculative history by which the available data for the composition is seen to be greater and more various in its sources than the historian proposes' - E.L. Doctorov.

ചരിത്രത്തെക്കാൾ 'യഥാതഥ'മായ കഥകളെയും സംഭവങ്ങളെക്കാൾ 'വസ്തുതാപര'മായ ഓർമകളെയും മുൻനിർത്തി, നോവലിന്റെ ആഖ്യാനകലയെ പുനർനിർണയിക്കുന്ന ലാവണ്യചിന്തകൾ ഇന്നിപ്പോൾ നിരവധിയുണ്ട്. 'ആധുനികാനന്തരതയുടെ കാവ്യശാസ്ത്രം' എന്ന നിലയിൽ 'ചരിത്രവിജ്ഞാനീയപരമായ അതികഥനം' (Historiographic Metafiction) എന്ന സങ്കല്പനമവതരിപ്പിക്കുന്ന ലിൻഡാ ഹച്ചിയന്റെ സമീപനം ഒരുദാഹരണം മാത്രമാണ്. ചരിത്രം, അതുരേഖപ്പെടുത്തിയവരുടെ മാത്രം കാഴ്ചയാണെന്നും സാംസ്‌കാരിക പ്രതിനിധാനങ്ങൾ നിർമ്മിക്കുന്നതാണു ചരിത്രങ്ങളെന്നും ചരിത്രത്തിന്റെ കർതൃത്വം, പാഠാന്തരത്വം, പ്രത്യയശാസ്ത്രം എന്നിവയൊക്കെ ആഖ്യാനാത്മകമാണെന്നും ആത്യന്തികമായി ചരിത്രം മറ്റൊരു കഥയാണെന്നും അതിനാൽ കഥകൾക്കും ചരിത്രമാകാൻ കഴിയുമെന്നുമൊക്കെയാണ് ഇന്നു നാം കരുതുന്നത്. ജീവനുള്ള ഓർമകളാണ് കഥകൾ. ചരിത്രമാകട്ടെ, ചത്ത കഥകളും. ചരിത്രത്തെക്കാൾ കഥകളെയും സംഭവങ്ങളെക്കാൾ ഓർമകളെയും വിശ്വസിക്കുന്ന ആഖ്യാനമാണ് 'മീശ'. ചരിത്രത്തിന്റെ തന്നെ അതികഥനവും അപനിർമ്മിതിയും.

'ഓരോ മനുഷ്യരെയും നിർമ്മിച്ചിരിക്കുന്നത് കഥകൾ കൊണ്ടാണ്. രാജാവിനു പിന്നാലെയുള്ള ആചാരവേഷമായ അങ്കിപോലെ, സൂക്ഷിച്ചുനോക്കിയാൽ ഓരോരുത്തരുടെയും പുറകേ മർമ്മരവുമായി കഥകൾ പോകുന്നതുകാണാം. ചിലർക്കാകട്ടെ രക്തവും മാംസവും പോലുമില്ല, അവർ മുഴുവനായും കഥകളാണ്', എന്ന് 'മീശ'യിൽ കുട്ടനാടിന്റെ കഥപറച്ചിലുകാരനായി മാറുന്ന ആഖ്യാതാവ് തന്റെ മകനോടു സൂചിപ്പിക്കുന്നുണ്ട്. ചരിത്രത്തെ കഥകളായി അപഗൂഢവൽക്കരിച്ചും കഥകളെ ചരിത്രത്തിനു പകരംവച്ചും നിർമ്മിക്കുന്ന ജനജീവിതത്തിന്റെ നാട്ടുപുരാണമാണ് 'മീശ'. ചരിത്രം കഥകളുടെ തുടലിമുൾപ്പടർപ്പാണെന്നു സ്ഥാപിക്കുന്ന നോവൽ. 'മീശ' ഒരു വ്യക്തിയല്ല, കഥകളുടെ കാലാന്തര ഉടൽരൂപമാണ്. അനേകം നാടുകളിൽ പലകാലത്തുണ്ടായ കഥകളിലും പാട്ടുകളിലും 'മീശ'യുണ്ട്. ചരിത്രത്തിന്റെ മാത്രമല്ല ആഖ്യാനത്തിന്റെയും അതി-രൂപകങ്ങൾ കൊണ്ടു സമൃദ്ധമാണ് 'മീശ'. മലയാളനോവലിലെ ആധുനികാനന്തര ഭാവുകത്വത്തിന്റെ ഏറ്റവും ശ്രദ്ധേയമായ നാലോ അഞ്ചോ പാഠമാതൃകകളിലൊന്ന്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപതിറ്റാണ്ടുകളിലെ വടക്കൻ കുട്ടനാടാണ് 'മീശ'യുടെ സ്ഥലരാശി. സുഘടിതമായ ഒറ്റക്കഥയിലോ അതുനൽകുന്ന അനുഭവാത്മകതയുടെ തുടർച്ചയിലോ അല്ല, ദേശകാലപ്പലമയിലൂന്നുന്ന ജീവിതാവസ്ഥകളിലും അവനൽകുന്ന ആഖ്യാനത്തിന്റെ ചിതറലിലുമാണ് ഹരീഷിന്റെ ഊന്നൽ. നോവലിന്റെ കലയെക്കുറിച്ചുള്ള ആധുനികാനന്തര ബോധ്യങ്ങളിൽ നിന്നുരുവം കൊണ്ടതാണ് ആധുനികതയെ തലകീഴ് മറിക്കുന്ന ഈയൊരു ഭാവലോകബോധം. കീഴാളന്റെ വിയർപ്പും ചോരയും കണ്ണീരും കൊണ്ട് ജന്മിമാർ കായലിൽനിന്നു ചെളികുത്തിയുയർത്തിയെടുത്ത കുട്ടനാടൻ പാടശേഖരങ്ങളും അവയ്ക്കിടയിലെ ജലരാശികളും. അടിമയിൽ നിന്നു തൊഴിലാളിയിലേക്കു പരിണമിച്ചിട്ടില്ലാത്ത പുലയരുടെയും പറയരുടെയും മറ്റും മൃഗതുല്യമായ ജീവിതാവസ്ഥകൾ. കൊടും പട്ടിണിയുടെ ആണ്ടറുതികൾ. ജാതി, ജന്മി, നാടുവാഴിത്തം നിർമ്മിച്ച അധികാരത്തിന്റെ മുക്കാലിയിൽ തലകീഴായി കെട്ടിത്തൂക്കിയ പുലയരുടെ വംശപരമ്പരയിൽ നിന്നാണ് നോവൽ പവിയാനെ കണ്ടെത്തുന്നത്. കൈപ്പുഴ, നീണ്ടൂർ പാടശേഖരങ്ങളിലെ മടവരമ്പുകളിലൊന്നിൽ അയാൾ ഭാര്യ ചെല്ലക്കും ചത്തും ജീവിച്ചും കഴിഞ്ഞ അഞ്ചാറു മക്കൾക്കുമൊപ്പം കൂരവച്ചു കിടന്നു. പവിയാന്റെ മകൻ വാവച്ചൻ, 'കുടിയാൻ' എന്ന നാടകമവതരിപ്പിക്കാൻ കൈപ്പുഴയിലെത്തുന്ന എഴുത്തച്ഛന്റെയും സഹായി ദാമോദരന്റെയും കണ്ണിൽപെട്ടു. കൊമ്പൻ മീശക്കാരനായ പൊലീസുകാരന്റെ വേഷത്തിൽ, ആരെയും കിടിലം കൊള്ളിക്കുന്ന സ്വന്തം മീശ ചെത്തിയൊരുക്കി അഭിനയിച്ച വാവച്ചൻ പിന്നെ നാടകത്തിൽ നിന്നു പുറത്തുവന്നില്ല. രണ്ടോ മൂന്നോ അവതരണം കഴിഞ്ഞ് നാടകവും നാടകകാരനും നാടുവിട്ടുവെങ്കിലും വാവച്ചൻ തന്റെ മീശജന്മം തുടങ്ങിക്കഴിഞ്ഞിരുന്നു. നാടകമാണ് ജീവിതത്തെക്കാൾ വിശ്വസനീയം എന്നു തെളിയിക്കുന്നു, നോവൽ; കഥയാണ് ചരിത്രത്തെക്കാൾ ജീവിതബദ്ധമെന്നും.

തുടർന്നങ്ങോട്ട് നോവൽ അവതരിപ്പിക്കുന്നത് കഥകളുടെ മലവെള്ളപ്പാച്ചിലിൽ വാവച്ചൻ കുട്ടനാടിന്റെ ഐതിഹ്യപുരുഷനാകുന്ന ദേശാന്തരവും കാലാന്തരവുമായ മീശ മിത്തുകളാണ്. ആ മിത്തുകളുടെയും കഥകളുടെയും പാട്ടുകളുടെയും പറച്ചിലുകളുടെയും അവതരണമാകട്ടെ നോവലിന്റെ ഭാഷയും ഭാഷണവും മാത്രമല്ല, കലയും ആഖ്യാനവും കുഴമറിയുന്ന ഭിന്നവിതാനങ്ങളിലൂടെ മുന്നേറുന്നു. ചിലത് വർത്തമാനകാലത്തുനിന്ന് ആഖ്യാതാവ് തന്റെ മകനു പറഞ്ഞുകൊടുക്കുന്നവ. ചിലതു ഭൂതകാലത്തു സംഭവിക്കുന്നതായി രേഖപ്പെടുത്തുന്നവ. മറ്റുചിലത് ഭൂതത്തിന്റെ ഉടമകൾ വേർതിരിച്ചെടുക്കുന്ന ഓർമകളുടെ താവഴിയിൽ നിന്നുള്ളവ. ഇനിയും ചിലത് കഥകളുടെ തടിയിലും ചില്ലകളിലും നിന്നു പൊട്ടിമുളച്ചു പൂത്തുലയുന്നവ. മനുഷ്യരും ഇതര ജന്തുജാലങ്ങളും മാത്രമല്ല, ഭൂതപ്രേതങ്ങളും പരേതാത്മക്കളും 'മീശ'യുടെ കൂർമ്പുകളിൽ കഥകളുടെ ഊഞ്ഞാലുകെട്ടുന്നു.

മീശയാകട്ടെ, കുട്ടനാടൻ നെല്പാടങ്ങളിലെ തന്റെ മരിച്ചുപോയ പിതാക്കളെയും പല കാലങ്ങളിൽ പല നാടുകളിൽ നിന്നായി വഴിതെറ്റിവന്ന പ്രേതങ്ങളെയും ആൾപ്പിടിയന്മാരായ മുതലകളെയും അതീതജന്മങ്ങളെയും തന്നെ പിടികൂടാൻ പിന്നാലെ പായുന്ന വേട്ടക്കാരെയും നേർക്കുനേർ കണ്ട് വെള്ളത്തിൽ മീനെന്നപോലെ പിടിവിട്ടു സഞ്ചരിച്ചു. തങ്ങളുടെ നെല്ലുകയറ്റിപ്പോകുന്ന വള്ളങ്ങൾ എവിടെവച്ചും മീശ കൊള്ളയടിക്കാമെന്നു ഭയന്ന ജന്മിമാരും നാട്ടിലെ മുഴുവൻ ക്രമസമാധാനപ്രശ്‌നങ്ങൾക്കും പിന്നിൽ മീശയാണെന്നു വിശ്വസിക്കുന്ന ഭരണകൂടവും മീശവച്ച് തങ്ങളെ ജാതീയമായി വെല്ലുവിളിച്ച പുലയനെന്ന നിലയിൽ വാവച്ചനെ കാണുന്ന നായന്മാരും ഓരോ വഴിയിൽ അവനെ വേട്ടയാടാനിറങ്ങി. ശ്രീമൂലം പ്രജാസഭയിലെ എം.എൽ.സി. കൂടിയായ ജന്മി ലൂക്കാ മത്തായി, സ്‌പെഷൽ പൊലീസ് ഇൻസ്‌പെക്ടർ താണുലിംഗനാടാർ, ജന്മിയും കരപ്രമാണിയുമായ കേശവപിള്ള എന്നിവരാണ് മേല്പറഞ്ഞ മൂന്നു വേട്ടകൾക്കും നേതൃത്വം കൊടുക്കുന്നത്.

മീശയാകട്ടെ, തന്നെക്കുറിച്ചു നാട്ടുകാർ പറഞ്ഞുണ്ടാക്കുന്ന പേക്കഥകളറിഞ്ഞും അറിയാതെയും പാട്ടുകൾ കേട്ടും കേൾക്കാതെയും ചരിത്രത്തിന്റെ ചുഴിക്കയങ്ങളിൽ മുങ്ങിത്താണു. പട്ടിണികിടന്നും ഭയന്നും ഒളിച്ചും പതുങ്ങിയും പലായനം ചെയ്തും അയാൾ തന്റെ നാളുകൾ പോക്കുന്നു. അയാളെക്കുറിച്ചുണ്ടായ ഒരു കഥയും സത്യമായിരുന്നില്ല. പക്ഷെ അവയൊന്നും അസത്യവുമായിരുന്നില്ല. ചരിത്രത്തിലെ മീശ നിസ്സാരനും നിസ്സഹായനുമായ ഒരു വെറും മനുഷ്യനായിരുന്നുവെങ്കിൽ കഥകളിലെ മീശ അതിമാനുഷപ്രഭാവങ്ങളോടെ നെയ്‌തെടുക്കപ്പെട്ട ഇതിഹാസനായകനായി. ആർക്കും ചരിത്രം വേണ്ട, എല്ലാവർക്കും കഥകൾ മതി എന്നതിനാൽ മീശപുരാണങ്ങൾ പെറ്റുപെരുകുകയും ചെയ്തു. ആൾമാറാട്ടത്തിനും പരകായപ്രവേശത്തിനുമുള്ള മീശയുടെ അത്ഭുതസിദ്ധികൾ, ഒടിവിദ്യയിലും ഗുസ്തിയിലുമുള്ള മീശയുടെ സാമർഥ്യങ്ങൾ, കൊള്ളയ്ക്കും കൊലയ്ക്കുമില്ലാത്ത മടി; നാട്ടിലെ പെണ്ണുങ്ങളെ ഒന്നടങ്കം കാമാതുരകളാക്കുന്ന മീശയുടെ ഉദ്ധൃതപൗരുഷം, ശ്രീരാമന്റെ ജാതകവുമായി സീതയെ തേടിയലയുന്ന മീശയുടെ മിത്തിക്കൽ പ്രരൂപം.... ഒന്നിനും പഞ്ഞമുണ്ടാകുന്നില്ല. പക്ഷെ ഈ കഥകൾക്കും പാട്ടുകൾക്കും ഐതിഹ്യങ്ങൾക്കുമിടയിൽ, നേരുകൾക്കും നുണകൾക്കുമിടയിൽ മീശയ്ക്ക് തന്റെ അസ്തിത്വം തന്നെ പ്രശ്‌നഭരിതമായി മാറുകയായിരുന്നു. യാഥാർഥ്യവും പകർപ്പും തമ്മിലുള്ള അന്തരമറിയാതെ അയാൾ അന്തം വിട്ടുനടന്നു.

'ഇരുട്ടുവാക്കുപറ്റി അയാൾ കൊണ്ടുവന്ന വള്ളത്തിൽ അവർ വടക്കോട്ട് നീങ്ങി. പക്ഷേ അന്ന് വാവായതുകൊണ്ട് നിലാവ് പെട്ടെന്നുദിച്ചു. അനക്കമില്ലാതെ വെള്ളം ഏറിയേറിവന്ന് ചെറിയ തുരുത്തുകളിലെ ചെടികളെ മുക്കിയപ്പോൾ കായലിൽ പല ചന്ദ്രന്മാർ തെളിഞ്ഞു. മുകളിലെ തെളിഞ്ഞമാനത്തെയും താഴെ കായലിൽ അതിന്റെ ശരിപ്പകർപ്പിനെയും മീശ മാറിമാറി നോക്കി. വള്ളത്തിന്റെ മുന്നിലെയും പിന്നിലെയും പടികളിലിരുന്ന് അവന്റെ രണ്ടു പകർപ്പുകൾ അവനെക്കാൾ ആവേശത്തോടെ തുഴയുന്നു. മീശയും പകർപ്പിന്റെ പകർപ്പ് മാത്രമായിരുന്നു. എഴുത്തച്ഛൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ താൻ ഒരു സംഭാഷണംപോലും നാടകത്തിൽ കനിഞ്ഞുനല്കാത്ത മീശക്കാരൻ പൊലീസ് എന്ന അപ്രധാന കഥാപാത്രത്തെ ഓർമ്മിക്കുന്നുണ്ടാകുമോ? ആ പൊലീസുകാരനും ജീവിതത്തിൽ അയാൾ കണ്ട ഒരു പൊലീസുകാരന്റെയോ ഒരുപാടുപേരുടെയോ ഛായയിലുണ്ടാക്കിയതായിരിക്കണം. പക്ഷേ ജീവിതത്തിലെ പൊലീസല്ല അരങ്ങിലെ പൊലീസ്. അവർക്കിടയിൽ ഇരട്ടിച്ച അകലമുണ്ട്. അരങ്ങിലെ മീശക്കാരനല്ല പുഞ്ചപ്പാടങ്ങളിലേക്ക് രക്ഷപെട്ട മീശക്കാരനും കഥകളിലെയും പാട്ടുകളിലെയും മീശക്കാരനും. പക്ഷേ ബന്ധമില്ലാത്ത കാര്യങ്ങൾക്കിടയിലെ അകലം തന്നെ പകർപ്പുകൾക്കിടയിലുണ്ടെങ്കിലും അവർ അനുകരണങ്ങൾ മാത്രമാണ്. പൊലീസുകാരനെ ഓർമ്മിക്കുന്നുണ്ടെങ്കിൽത്തന്നെ തന്റെ കഥാപാത്രം വേഷമഴിക്കാതെ രക്ഷപെട്ടുപോയതും തന്റെ അധികം വേദികൾ കിട്ടാത്ത നാടകത്തെക്കാൾ പലമടങ്ങ് പ്രശസ്തമായ കഥകളുണ്ടാക്കുന്നതും എഴുത്തച്ഛൻ അറിഞ്ഞുകാണില്ല. മീശയുടെ കഥകൾ കേട്ടാൽത്തന്നെ അയാൾ തന്റെ കഥാപാത്രത്തെ ഓർമ്മിക്കണമെന്നോ തിരിച്ചറിയണമെന്നോ ഇല്ല. കൈപിടിച്ചു നടന്നാലും അച്ഛനും മകനും അപരിചിതരാണ്. ശരിപ്പകർപ്പുകൾ തമ്മിലും അപരിചിതരാണ്'.

ഇരട്ടനാവുള്ള നാട്ടുകാരുടെ തെറികൾ, പേക്കഥകൾ, പഴമൊഴികൾ, നാട്ടുചൊല്ലുകൾ, പകകൾ, കുശുമ്പുകൾ, വീമ്പുകൾ, നുണകൾ, സ്വപ്നങ്ങൾ, ഭയങ്ങൾ, ഭ്രാന്തുകൾ, ഭ്രമങ്ങൾ, പ്രേതഭാഷണങ്ങൾ, ഭൂതസാന്നിധ്യങ്ങൾ..... സദാചാരം വിലക്കിയ സാംസ്‌കാരിക ജീവിതങ്ങൾക്ക് ഹരീഷ് സൃഷ്ടിക്കുന്ന ദൈനംദിനത്വം കുട്ടനാടിന്റെ സാമൂഹ്യബോധങ്ങളിൽ നിന്നു പുനഃസൃഷ്ടിക്കുന്ന 'മീശ'യുടെ രാഷ്ട്രീയമായി മാറുന്നു. മാരിയോ വർഗസ്സ് യോസയുടെ 'Feast of the Goats'നെ ഓർമ്മയിലെത്തിക്കുംവിധം, ഭാഷയുടെ തമസ്‌കരിക്കപ്പെട്ട ബദൽ ഊർജ്ജങ്ങളുടെ ഭരണിപ്പാട്ടുകൾകൊണ്ട് ഹരീഷ് ജാതികേരളത്തിന്റെ സാംസ്‌കാരിക പ്രതിരോധങ്ങൾക്കു വാൾമൂർച്ച നൽകുന്നു.

നാടകാഭിനയം വരെയുള്ള വാവച്ചന്റെ കഥയും ജീവിതവുമേ നേർരേഖയിൽ സഞ്ചരിക്കുന്നുള്ളു. പിന്നീടുള്ളത് രാവണൻകോട്ട പോലുള്ള കുട്ടനാടൻ ഭൂമിശാസ്ത്രത്തിന്റെയും അതിലകപ്പെട്ടുപോയവരുടെ ജീവശാസ്ത്രത്തിന്റെയും സ്ഥലകാലാതീതമായ കഥനവിഭ്രമങ്ങളാണ്. ഏതുസമയത്തും എന്തും സംഭവിക്കാവുന്ന മാന്ത്രികയാഥാർഥ്യങ്ങളുടെ കായൽപ്പരപ്പുകൾ. ശൂന്യതയിൽനിന്നു സംഭവിക്കുന്ന ഭൂതാവിഷ്ടതയെന്നപോലെ ആർക്കുമുണ്ടാകാവുന്ന അമ്പരപ്പിക്കുന്ന അവസ്ഥാന്തരങ്ങൾ. താണുലിംഗനാടാരുടേതുപോലുള്ള കിരാതങ്ങളായ ഹിംസകൾ. പോത്തന്മാപ്പിളയുടെയും മാച്ചോവന്റെയും പോലുള്ള കിടിലം കൊള്ളിക്കുന്ന ജീവിത-മരണങ്ങൾ, പക്ഷി-മൃഗ-ജല-പ്രാണികളിൽ നിന്നുണ്ടാകുന്ന അവിശ്വസനീയമായ പ്രകൃത്യനുഭവങ്ങൾ, ലോകാവസാനം പോലുള്ള പ്രളയങ്ങൾ.... 'മീശ'യുടെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും നോവൽ ആവിഷ്‌ക്കരിക്കുന്ന ഭാവലോകങ്ങൾക്കുള്ളത് മലയാളത്തിൽ മുന്മാതൃകകളില്ലാത്ത ഒരു ഭാവനാഭൂപടമാണ്.

'മീശ'യുടെ ചരിത്രപാഠങ്ങളെ പൂരിപ്പിക്കുന്ന ഭാവബന്ധങ്ങൾ നിരവധിയാണ്. ചിലതു നോക്കുക:-

1. സ്ഥലരാശികൾ : 'ലാബിറിന്ത്' എന്നു മാത്രം വിളിക്കാവുന്ന കര, ജല ഭൂമികകളുടെ മായികഭാവനയിൽ ഹരീഷ്, തകഴി ഉഴുതുമറിച്ച കുട്ടനാടിന്റെ സാംസ്‌കാരിക ഭൂമിശാസ്ത്രം പാടേ മറികടക്കുന്നു. അചരപ്രകൃതിയുടെ അത്ഭുതകരമായ ഹരിതഭൂപടം മീശയിലുടനീളമുണ്ട്. മനുഷ്യർ കാണാത്ത ലോകങ്ങളുടെ ഗുപ്തലാവണ്യം. ഹരീഷ് എഴുതുന്നു: 'മനുഷ്യനെന്നല്ല, എല്ലാ ജീവികളോടും തീണ്ടാപ്പാടകലം സൂക്ഷിക്കുന്നവരാണ് എരണ്ടകളും ആളകളും കട്ടകുത്താനുപയോഗിക്കുന്ന പാരപോലെ കറുത്ത നീണ്ട ചുണ്ടുകളുള്ള കട്ടകുത്തിപ്പക്ഷികളും. എന്നാൽ മീശയുടെ തെറ്റാലിയിൽ നിന്നു പാഞ്ഞുവരുന്ന കല്ല് തൊടുമ്പോൾ ഒന്നും കൊള്ളുമ്പോൾ മൂന്നുമാണ്. ഒറ്റയടിക്ക് രണ്ടും മൂന്നും പക്ഷകൾ കറങ്ങിവീഴും. സ്ഥാനം തെറ്റി ചിറകിനോ പള്ളയ്‌ക്കോ അടി കിട്ടുന്നവർ ഒന്നു പറന്നുയർന്ന് അതേപോലെ താഴേക്ക് ചെരിഞ്ഞുവീണ് മരണം കാത്തുകിടക്കും.

ഒരു വൈകുന്നേരം എല്ലാ പക്ഷികളും വെയിലിൽ മാഞ്ഞുപോയെന്നു തോന്നി മീശയ്ക്ക്. നാനാ ദിക്കിലും കാറ്റുപോലും അനങ്ങാത്ത നിശബ്ദത. ചെറുകിളികളുടെ വളർത്തുകൂടായ ഒട്ടൽകാടുകളും വേഴാങ്കോൽ പടർപ്പുകളും ഈരപ്പുൽ പൊന്തകളും പോലും ചിലപ്പുകളില്ലാതെ കാണപ്പെട്ടു. തലേന്ന് എരണ്ടകളും ചാരപ്പൂണ്ടന്മാരും പെരുമുണ്ടികളും നിരന്നിരുന്ന ചേറുകളിൽ മെലിഞ്ഞ ഭ്രാന്തൻ കാലടയാളങ്ങൾ മാത്രമുണ്ട്. വേണ്ടത്ര വിളവുതരാത്ത ഈ വിജനത പട്ടിണിക്കാരായ മനുഷ്യർ മാത്രമല്ല പക്ഷികളും തുമ്പികളും ശലഭങ്ങളും കൂടി ഉപേക്ഷിച്ചെന്ന് തോന്നി അയാൾക്ക്. തോടുകളിൽ നോക്കിയാൽ മയങ്ങിനില്ക്കുന്ന മുതുവല മീനുകൾ പോലുമില്ല. കുഞ്ഞു മനസ്സായിക്കാണുന്ന തെളിവെള്ളത്തിൽ നിന്ന് ഇവരൊക്കെ എവിടെപ്പോയൊളിച്ചു? കുറേ നടന്ന് ഈ ലോകത്ത് ഒറ്റയൊരു ജീവിപോലുമില്ലെന്ന് ചിന്തിച്ച് തിരിച്ചുപോകും നേരം മീശ നേർത്തൊരു ആരവം കേട്ട് ചെവികൂർപ്പിച്ചു. എങ്ങോട്ടു തിരിഞ്ഞിട്ടും അതിന്റെ ഉറവിടം കണ്ടെത്താനാകാതെ വട്ടംചുറ്റി. കല്ലുകൊണ്ട് പ്രാണൻപോയ പലയിനം പക്ഷികൾ അദൃശ്യരായി അയാൾക്കു ചുറ്റും വട്ടമിട്ട് ചിലച്ചതാണ്. ചിറകടിയുടെ കാറ്റ് അവന്റെ മുഖത്ത് വ്യക്തമായടിച്ചു. പരേതർ പോയപ്പോൾ പിന്നെയും നേരിയ ഇരമ്പം കേട്ട് മീശ മുന്നിലെ പുല്ല് നിറഞ്ഞ ചേറുപാടം ചവുട്ടിക്കടന്നു. അതിനപ്പുറം ആരുടെയും കണ്ണിൽപ്പെടാതെ തെളിവെള്ളം നിറഞ്ഞ കറുത്ത നീർക്കൂവകൾ മാത്രമുള്ള പാടം. അതിൽ തൊട്ടാൽ ചൊറിയും. പാടത്തിനു നടുക്ക് പക്ഷികൾ കാഷ്ഠിച്ച് പുല്ലുണങ്ങിപ്പോയ തുരുത്തിൽ കല്ലെരണ്ടക്കുഞ്ഞുങ്ങളുടെ കളിസ്ഥലം. തെല്ലിടയില്ലാതെ തുരുത്തു മുഴുവൻ പറക്കാനാകാത്ത കുഞ്ഞുങ്ങളാണ്. അതുങ്ങൾ ചിലപ്പ് പഠിക്കുന്നു. തമ്മിൽ തള്ളുന്നു. ഒത്തിരിയെണ്ണം വെള്ളത്തിൽ ചാടി മുട്ടയിൽ വെച്ചേ തിരിഞ്ഞ നീന്തൽപാഠങ്ങൾ ചെയ്തുനോക്കുന്നു. മനുഷ്യർ പക്ഷിക്കുഞ്ഞുങ്ങളായതുപോലെ ചിലവ മുന്നിൽ നിന്നവരെ തള്ളി വെള്ളത്തിലിടുന്നു. ഇത് മനുഷ്യരാരും കണ്ടിട്ടില്ലാത്ത ലോകമാണെന്ന് മീശയ്ക്കുറപ്പായിരുന്നു. ഇലയനങ്ങുന്നതിൽ പോലും ശ്രദ്ധാലുക്കളാണ് എരണ്ടകൾ. ഒരു തൂവൽപൊഴിയുന്ന സമയമെടുത്തും ജാഗ്രതയിലും മീശ വെള്ളത്തിലേക്കൂർന്നു. കണ്ണുമാത്രം തുറന്ന് അനക്കമില്ലാതെ തുരുത്തിലേക്ക് നീന്തി. സസ്യങ്ങൾ തണുപ്പിച്ചെടുത്ത വെള്ളം വമ്പന്മീശകണ്ട് പേടിച്ച് ചെറു ഓളംപോലുമുണ്ടാക്കിയില്ല'.

2. കാലഭൂപടങ്ങൾ : ചരിത്രവും മിത്തും കഥയും ഭാവനയും മാത്രമല്ല കാലവും ഇടകലർന്നു സൃഷ്ടിക്കുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പകുതിയുടെ ജൈവഭൂപടമാണ് 'മീശ'യിലുള്ളത്. കൊളോണിയൽ ആധുനികതയുടെ അധികാരരാഷ്ട്രീയവും പ്രൊട്ടസ്റ്റന്റ് ഹ്യൂമനിസത്തിന്റെ നവീകരണമൂല്യങ്ങളും ഒരുവശത്ത്. നാടുവാഴിത്തത്തിന്റെ നെറികേടുകളും ജന്മിത്തത്തിന്റെ കിരാതത്വങ്ങളും മറുവശത്ത്. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും പതിറ്റാണ്ടുനീണ്ട യാതനാകാണ്ഡം ഒരുവശത്ത്; പകർച്ചവ്യാധികളുടെയും പ്രളയങ്ങളുടെയും തേർവാഴ്ച മറുവശത്ത്. സ്ഥലം മാത്രമല്ല, കാലവും സമുദ്രനിരപ്പിനു താഴെ തളംകെട്ടിക്കിടക്കുകയാണ് കുട്ടനാടിന്റെയും മീശയുടെയും ആഖ്യാനഭൂമികയിൽ.

3. ജാതിവെറികൾ : ഒരുപക്ഷെ 'മീശ'യുടെ രാഷ്ട്രീയഭൂപടം നെയ്‌തെടുത്തിരിക്കുന്നതുതന്നെ ജാതിയിലാണ്. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തെ മുൻപും തന്റെ പല കഥകളിലും ജാതിവെറിയുടെ ഏടുകളിലൂടെ ഹരീഷ് ആവിഷ്‌ക്കരിച്ചിട്ടുണ്ട്. മീശ, ജാതികേരളത്തിന്റെ ഐതിഹ്യങ്ങൾപോലും തമസ്‌കരിച്ച ഒരു കീഴാളന്റെയും അവന്റെ ജനതയുടെയും ഭാവിതചരിത്രമാണ്. കേശവപിള്ളയെയും പാച്ചുപിള്ളയെയും പോലുള്ള നായർജന്മിമാരും സ്‌പെഷൽ ഇൻസ്‌പെക്ടർ താണുലിംഗനാടാരെയും അസിസ്റ്റന്റ് പേഷ്‌കാർ സഹസ്രനാമയ്യരെയും പോലുള്ള ഉദ്യോഗസ്ഥരും ലൂക്കാമത്തായിയെയും പുളിങ്ങായിൽ മത്തയെയും പോലുള്ള മാപ്പിളപ്രമാണിമാരും ജാതിയിൽ താണവരുടെ മേൽ നടപ്പാക്കിയ കായൽനീതികളുടെകൂടി ചരിത്രഗാഥയാണ് 'മീശ'. 'പുലയനുണ്ടോ ആത്മാവുള്ളു?' എന്ന ഘാതകവധത്തിലെ ചോദ്യത്തിൽ തുടങ്ങുന്ന മലയാളനോവലിന്റെ ചരിത്രത്തിൽ ടി.കെ.സി. വടുതല മുതൽ രാജു കെ. വാസു വരെയുള്ളവർ എഴുതിയ പുലയരുടെ ജൈവരാഷ്ട്രീയത്തിന്റെ തുടർക്കഥകളുണ്ട്. ഐറണികൾകൊണ്ട് അർമാദമാടിയ സി. അയ്യപ്പന്റെ അസമാനമായ കഥകൾ കൂടിചേർത്താൽ ഹരീഷിന്റെ ജാതിരാഷ്ട്രീയത്തിന്റെ പൂർവപാഠങ്ങൾ പൂർത്തിയാകും.

4. കാമക്കാഴ്ചകൾ : ജാതിയും മതവും വർഗവും വർണവും വ്യത്യാസമില്ലാതെ 'മീശ' നോവൽവൽക്കരിക്കുന്ന ജീവിതാവസ്ഥകളിലൊന്ന് കാമത്തിന്റെ കഴപ്പുമുറ്റിയ പരാക്രമങ്ങളാണ്. നായരും ചോവനും മാപ്പിളയും സായിപ്പും പുലയനും കാമാർത്തിയിൽ ഒന്നിനൊന്നു മുന്നിലാണ്. പെൺവേട്ടകളുടെ സമാന്തരചരിത്രം മീശയിലുണ്ട്. ചെളിയിലും വെള്ളത്തിലും കുത്തിയൂന്നുന്ന തഴക്കോൽപോലെ അവർ പെണ്ണിടലുകൾക്കുമേൽ തങ്ങളുടെ കാമത്തിന്റെ കഴക്കോൽ താഴ്‌ത്തി രമിച്ചു. മുരിക്കും മൂട്ടിൽ ഔതച്ചന്റെ മകൻ, ജന്മിയും കരനാഥനുമായ കുഞ്ഞച്ചന്റെ അഹന്തമുറ്റിയ ആസക്തികൾ നോക്കുക:

'നീയാ മദാമ്മേടെ കൂടെയായിരുന്നെന്ന് കേട്ടല്ലോ'.

അയാൾ ചോദിച്ചു.

'അതിനല്ലേ സായിപ്പ് നിന്നെ വെടിവെച്ചത്? മദാമ്മയ്‌ക്കൊക്കെ എളക്കം കൂടും. വെറുതേ മൊതലേം കാട്ടുമാക്കാനേം വെടിവച്ച് നടന്നിട്ട് കാര്യമില്ല. രാത്രി ഭാര്യേടെ കൂടെക്കെടക്കണം. ഇല്ലെങ്കി കരയാമേം നീർക്കോലീംവരെ കേറിനെരങ്ങും'.

കുഞ്ഞച്ചൻ കേട്ടിട്ടുള്ള മീശേടെ കഥകൾ മുഴുവൻ പെണ്ണുങ്ങളെ കൂട്ടിയുള്ളതായിരുന്നു. മീശയുള്ള പുരുഷനെ അന്വേഷിച്ച് അവൻ കഴിയുന്നിടം തേടിയെത്തുന്ന പെണ്ണുങ്ങളുടെ കഥകൾ. ഇക്കാണായ പാടങ്ങളിലെ ഒട്ടൽക്കാടുകളും ചക്രപ്പുരകളും അവന്റെ വേഴ്ചാസ്ഥലങ്ങളാണ്. ചതുപ്പും തോടും നീന്തി പെണ്ണുങ്ങൾ സാഹസികമായി അന്വേഷിച്ചെത്തുന്നു. അവനെ ഓർത്ത് അവർക്ക് കിടക്കപ്പൊറുതിയില്ല. മൂന്നുനേരം ഉണ്ണാനുള്ള വീടുകളിലെ പെണ്ണുങ്ങൾക്കാണ് കടികൂടുതൽ. ഒരു ചൂളംകുത്തിന് ഇറങ്ങിവരുന്ന അവർ വെള്ളത്തിലും തുറസിലും ചെളിയിലും പരിസരം മറന്ന് കിടന്നുകൊടുക്കുന്നു.

'നിനക്കെന്താ വല്ല മറുകുമുണ്ടോ?'

ലക്ഷണം ചോദിച്ച് അയാൾ ഉറക്കെ അട്ടഹസിച്ചു. എത്ര പെണ്ണുങ്ങളുടെയൊപ്പം കിടന്നു എന്നതിലാണ് ഒരാളെ കുഞ്ഞച്ചൻ വിലയിരുത്തുന്നത്. അല്ലാതെ പറയത്തക്ക ഒരു യോഗ്യതയും മനുഷ്യർക്കില്ല. മീശ ഒന്നും മിണ്ടാതിരുന്നപ്പോൾ അയാൾ സ്വന്തം മതിപ്പുവില പറഞ്ഞുതുടങ്ങി.

'അച്ചിമാര്, നമ്പൂരിച്ചികൾ, പെലക്കള്ളികൾ, ഉള്ളാടത്തികൾ, ആശാരിച്ചികൾ, കൊങ്ങിണികൾ, പട്ടത്തികൾ, ചൊകചൊകന്നിരിക്കുന്ന മാപ്പളച്ചികൾ... എല്ലാത്തിനേം പൂശിയിട്ടൊണ്ട്'.

ഒന്നുകൂടി അട്ടഹസിച്ച് അയാളൊരു വേദാന്തോം പറഞ്ഞു.

'പാമ്പും പൂറും ഒത്തുകിട്ടിയാ അന്നേരേ അടിച്ചോണം. നോക്കിനിന്നാ കൈയീന്ന് പോകും'.

ഒരു ഗ്ലാസുകൂടി കുടിച്ച് മുഖത്ത് അല്പം വിഷാദം വരുത്തി അയാൾ കട്ടിലിലിരുന്നു.

'ഇനിയൊരു കോവിലകത്തൂടെ കേറി നെരങ്ങണം. അത്രേയുള്ളു ആഗ്രഹം'.

എല്ലാപ്പെണ്ണുങ്ങളും പകുതികണ്ട് വേശ്യകളാണെന്നായിരുന്നു കുഞ്ഞച്ചന്റെ പക്ഷം.

'എല്ലാരും ഇതിനുപകരം നമ്മടെ കൈയീന്ന് എന്തെങ്കിലും കിട്ടണമെന്ന് കൊതിക്കുന്നുണ്ട്. ചിലർക്ക് ചക്രം മതി. ചിലർക്ക് നെല്ല്. വീട്ടിൽ ഒതുങ്ങിയിരിക്കുന്ന കെട്ടിയോളുമാരും അങ്ങനെയാ. നമ്മടെമാത്രം കൂടെ കെടക്കണേന് പകരമല്ലേ നമ്മളവർക്ക് ചെലവിന് കൊടുക്കുന്നത്? ചുമ്മാതെ ഒരുത്തീം കെടക്കത്തില്ല'.

5. തെറിത്തോറ്റങ്ങൾ : കാമം പോലെതന്നെ തെറിയും ഒരു സമൂഹത്തിന്റെ സാംസ്‌കാരിക നരവംശശാസ്ത്രത്തിന്റെ മൂർത്തരൂപകങ്ങളാണ്. കൊടുങ്ങല്ലൂർ ഭരണിപ്പാട്ട് മുതൽ ആൺ, പെൺ ലൈംഗികതകൾക്കു നൽകുന്ന വാമൊഴിപ്പകർച്ചകൾവരെ, തെറിയുടെ പൂരമാണ് മലയാളിയുടെ ജീവിതയാഥാർഥ്യങ്ങളിലൊന്ന്. വരേണ്യ-സദാചാര-മാന്യതാസങ്കല്പങ്ങളും സംസ്‌കൃതീകരണവും കൊണ്ട് ദ്രാവിഡതയുടെയും കീഴാളതയുടെയും പദകോശത്തെ തെറിയായി മുദ്രകുത്തുന്ന ബ്രാഹ്മണീകൃത ലാവണ്യയുക്തി മീശയിൽ അശ്ലീലമാരോപിച്ചേക്കാം. പക്ഷെ ഏതു ലൈംഗികാവയവത്തിന്റെയും ക്രിയയുടെയും ദ്രാവിഡപ്രയോഗം തെറിയും സംസ്‌കൃതപ്രയോഗം മാന്യവുമാകുന്ന സാഹചര്യം മാത്രമോർത്താൽ മതി, തെറിയുടെ വംശരാഷ്ട്രീയം മനസ്സിലാക്കാൻ. മീശ, കീഴാളന്റെ ആത്മത്വവും അപരത്വവും തെറിയുടെ മുറിപ്പത്തൽ കൊണ്ടു തല്ലിനീർക്കുന്നു.

6. ഉടലഴിവുകൾ : ശരീരത്തെക്കാൾ മൂർത്തമായ മറ്റൊരു രൂപകം സമകാല സാഹിത്യ, കലാഭാവനകളിലില്ല. മാധ്യമ, പൊതുമണ്ഡലങ്ങളിലും അതങ്ങനെതന്നെ. ഉടലിന്റെ രാഷ്ട്രീയം, ജാതിക്കോയ്മകളുടേതെന്നപോലെ തന്നെ മീശയുടെ പ്രത്യക്ഷവും പരോക്ഷവുമായ ഭാവതലങ്ങളിലുടനീളം വ്യാപിച്ചുനിൽക്കുന്നു. ആൺ, പെൺ ശരീരങ്ങളുടെ സകലവിധ കാമനാഭേദങ്ങളും അവസ്ഥാന്തരങ്ങളും മീശയിലുണ്ട്. അധികാരം, വിധേയത്വം, ലൈംഗികത, ദാരിദ്ര്യം, ആസക്തികൾ, നിറം, അധ്വാനം, നഗ്നത, വസ്ത്രം, ശിക്ഷ, ...... എന്നിങ്ങനെ ഉടലിന്റെ നിറവുകളും അഴിവുകളും കൊണ്ട് ഊടും പാവും നെയ്തവയാണ് മീശയിലെ സംസ്‌കാരശൃംഖലകളോരോന്നും.

7. ആൺകോയ്മകൾ : ചരിത്രത്തിലാകട്ടെ, കഥകളിലാകട്ടെ, ഭൂതത്തിലാകട്ടെ, വർത്തമാനത്തിലാകട്ടെ, ഭാഷയിലാകട്ടെ, ഭാഷണത്തിലാകട്ടെ ആണത്തത്തിന്റെ ഫണം നീർത്തിയ പുളപ്പുകളുടെ ഒരുലോകം മീശ അവതരിപ്പിക്കുന്നുണ്ട്. ജാതിയും മതവും വർഗവും രാഷ്ട്രീയവും ഏതുമാകട്ടെ, ആണധികാരത്തിന്റെ തിണർപ്പുകളില്ലാതെ മലയാളിയുടെ ജീവിതത്തെക്കുറിച്ചുള്ള ഒരാഖ്യാനവും സാധ്യമല്ല എന്നിടത്തോളമെത്തിയിരിക്കുന്നു, കാര്യങ്ങൾ. ഹരീഷ്, ജാതികേരളത്തിന്റെയും കൊളോണിയൽ ആധുനികതയുടെയും ലിംഗജീവിതത്തിൽ നിന്നു കണ്ടെടുക്കുന്ന ആണത്തത്തിന്റെ കൊടിപ്പടങ്ങളുണ്ട് ഈ നോവലിലുടനീളം. ലിംഗാധികാരത്തിന്റെയും രാഷ്ട്രീയ സമ്പദ്ഘടനയുടെയും മൂർഖഭാവങ്ങളായി അത് നോവലിൽ തെഴുത്തുനിൽക്കുകയും ചെയ്യുന്നു.

8. പെൺനിലകൾ : ചെല്ല, സീത, കാത്തു, കുട്ടത്തി... മീശയിലെ സ്ത്രീകളോരോരുത്തരും അസാധാരണമായ ആത്മബോധത്തോടെ തങ്ങൾ കണ്ടുമുട്ടുന്ന ആൺപിറന്നവരെ കാതങ്ങളോളം പിന്നിലാക്കുന്നവരാണ്. നിരക്ഷരരും പട്ടിണിക്കാരുമായ പുലക്കള്ളികളാകട്ടെ, കാശുള്ള പുരുഷന്മാർ കയറിയിറങ്ങിപ്പോകുന്ന നാട്ടുവേശ്യകളാകട്ടെ, രാവണൻകോട്ടയിലകപ്പെട്ട് മീശയെ മോഹിപ്പിച്ച സീതയാകട്ടെ, ഒരു പുരുഷനും അവർക്കുമുന്നിൽ നിവർന്നുനിൽക്കുന്നില്ല. എടനാടൻ പാട്ടുൾപ്പെടെയുള്ള മീശപ്പാട്ടുകളിൽ മീശയും സീതയും ഒന്നിക്കുന്നതൊഴിച്ചാൽ ജീവിതത്തിൽ മീശക്കു സീതയെ കിട്ടുന്നില്ല. മരിക്കും മുൻപും അവൾ അവന്റെ മുഖത്തു തുപ്പുന്നുണ്ട്. അതൃപ്തകാമിയായിത്തന്നെ അയാൾ തന്റെ ഐതിഹ്യജീവിതം പൂർത്തിയാക്കുന്നു. പിന്നീട് യഥാർഥ ജീവിതത്തിലേ അയാളുടെ കൂടെ ഒരു സ്ത്രീ പൊറുക്കുന്നുള്ളു.

9. ജന്തുലോകങ്ങൾ : കുട്ടനാടിന്റെ ജന്തുലോകം മീശയിൽ ഒരു സമാന്തരപ്രപഞ്ചം തന്നെ സൃഷ്ടിക്കുന്നുണ്ട്. മീനുകൾ, പാമ്പുകൾ, മുതലകൾ, മൃഗങ്ങൾ, പക്ഷികൾ..... മനുഷ്യരെക്കാൾ എത്രയോ മുൻപേ ഈ ഭൂമിയുടെ അവകാശികളായ ചരങ്ങളുടെ പ്രാണസഞ്ചാരങ്ങൾ മീശയുടെ ഒരു പകുതിലോകം തന്നെ പൂർത്തീകരിക്കുന്നു. 'പാമ്പുകൾ' എന്നൊരധ്യായം തന്നെയുണ്ട്. 'കട്ടപ്പുളവൻ'പോലെ, പാമ്പുകൾ പരകായപ്രവേശം നേടുന്ന മനുഷ്യരുടെ കഥകൾ വേറയും. വേട്ടക്കാരൻ ബേക്കർ സായിപ്പിനെ കുടുക്കാൻ കെണിയൊരുക്കി കാത്തിരുന്ന അവസാനത്തെ മുതലയുടെ കഥപോലുള്ളവയാണ് ഇനിയുമൊന്ന്. പുലയനോടു മിണ്ടുന്ന മുതലയും ആമയും ഞണ്ടും കിളിയും അളുങ്കും വരാലും കുട്ടനാടിന്റെ മാന്ത്രികയാഥാർഥ്യങ്ങളല്ല; ജീവിതസാധ്യതകൾ മാത്രമാകുന്നു. പവിയാൻ മുതലപ്പുറത്തുകയറി സഞ്ചരിക്കുന്നു. മീശ മുതലയുടെ കുലംമുടിക്കുന്നു. നോവലിന്റെ തുടക്കംതന്നെ പവിയാനും ഈനാംപേച്ചിയും തമ്മിലുള്ള സൗഹൃദത്തിൽനിന്നാണ്. ചോവന്റെ ചരിത്രഗാഥകളിലെ മിത്തായി മാറിയ ചെമ്പല്ലിയുടെ കഥ കേൾക്കുക: 'പവിയാന്റെ ചാച്ചന്റെ ചാച്ചന്റെയും മുൻപാണ് സംഭവം. വില്ലൂന്നിക്കാരനായ ചോവോൻ പുലർച്ചെ ഉണർന്ന് ചെത്താൻ പോകാൻ തുടങ്ങുമ്പോൾ ചോവത്തിവന്ന് തടഞ്ഞു.

'ഇന്ന് പോകണ്ട'.

അവൾ പറഞ്ഞു

ഒരാഴ്ച മുമ്പ് മാത്രമാണ് അവർ ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയത്.

'മാറി നില്ക്ക് പെണ്ണേ. കളെളടുത്തില്ലെങ്കിൽ കുടം കവിഞ്ഞ് തെങ്ങ് പോകും. മണ്ടയിൽ കള്ള് വീണാൽ ചെല്ലി കൂമ്പ് കുത്തിമറിക്കും'.

' എന്നാൽ എങ്ങും നോക്കിനില്ക്കാതെ പെട്ടെന്ന് വരണം. വഴിതെറ്റാതെ നോക്കണം'.

ചോവന് ഒരു പ്രത്യേക സ്വഭാവമുണ്ടെന്ന് അവൾക്കറിയാമായിരുന്നു. വെള്ളത്തിൽ നല്ല മീനിനെ വല്ലതും കണ്ടാൽ സമയം പോകുന്നതറിയാതെ അവിടെ നോക്കിനില്ക്കും. അതിനെ എങ്ങനെയെങ്കിലും പിടിക്കാൻ ശ്രമിക്കും.

ചോവത്തി പറഞ്ഞത് മനസ്സിൽവെച്ചെങ്കിലും കൃത്യം രണ്ടാമത്തെ തെങ്ങിൽ നിന്നിറങ്ങിയപ്പോൾ ചോവൻ അത് മറന്നുപോയി. തോട്ടിൽ വെള്ളം വറ്റിയഭാഗത്ത് നല്ല ഒന്നാന്തരം മുഴുത്ത ചെമ്പല്ലിമീനുകൾ പിടയ്ക്കുന്നു. കറുത്ത് പരന്ന ചെമ്പല്ലി എന്ന കല്ലട തൊലിപൊളിച്ച് മുളക് മാത്രമിട്ട് കറിവച്ചാൽ രുചിയാണ്. അല്ലെങ്കിൽ മുളകരച്ചു പുരട്ടി ചട്ടിയിൽ വറുത്തെടുത്താൽ അതിന്റെ മണം മാത്രംമതി നാഴി അരിയുടെ കഞ്ഞികുടിക്കാൻ. കുടം നിലത്ത് വെച്ച് ചോവൻ തോട്ടിലിറങ്ങി. അഞ്ചാറ് ചെമ്പല്ലി പിടിച്ച് ഉടുത്തിരുന്ന തോർത്തിൽ തിരുകി. വേറൊരെണ്ണമെടുത്ത് കൈയിൽ പിടിച്ച് കയറാൻ തുടങ്ങുമ്പോൾ അതുവരെ കിട്ടിയതിലും മുഴുത്ത ഒരെണ്ണം മുന്നിൽ കിടന്ന് പുളയ്ക്കുന്നു. ഒന്നുമാലോചിക്കാതെ ചോവൻ കിട്ടിയതിനെ കടിച്ചുപിടിച്ച് മുന്നിലുള്ളതിനെ പിടിക്കാനാഞ്ഞു. വായിലിരുന്ന മീൻ ഒരു നിമിഷം തന്റെ വംശത്തിന്റെയും മനുഷ്യന്റെയും പതിനായിരം വർഷത്തെ ചരിത്രമോർത്തു. മരിക്കുന്നെങ്കിൽ ഇങ്ങനെ എന്നുകരുതി അതൊന്നുപിടച്ചപ്പോൾ ചോവൻ വായ പൊളിച്ചു. ഒറ്റക്കുതിപ്പിന് തൊണ്ടയും അന്നനാളവും കടന്ന് ചെമ്പല്ലി അയാളുടെ വയറ്റിലെത്തി. മുകളിലും താഴെയും മറ്റൊരു മീനിനുമില്ലാത്തത്ര മുള്ളുകളാണ് ചെമ്പല്ലിക്ക്. ചോവത്തിയുടെ കാത്തിരിപ്പ് വെറുതെയായി.

അന്നുമുതലാണ് അതുവഴി പോകുന്ന വള്ളങ്ങളെയും മനുഷ്യരെയും ചോവൻ വഴി തെറ്റിക്കാൻ തുടങ്ങിയത്. ഒത്തിണങ്ങി കൈയിൽ കിട്ടിയാൽ നിർഭാഗ്യവാനായ ആ ആത്മാവ് എല്ലാറ്റിനെയും ദിക്കും സമയവും തെറ്റിച്ച് വിടും'.

10. കഥായനങ്ങൾ : മേല്പറഞ്ഞ മുഴുവൻ ആഖ്യാനപാഠങ്ങളെയും ഒന്നാകെ സ്വാധീനിച്ചും 'മീശ'യുടെ കലയും പ്രത്യയശാസ്ത്രവും ഉടനീളം നിർണയിച്ചും ഈ നോവലിൽ വിന്യസിക്കപ്പെടുന്ന എത്രയെങ്കിലും കഥകളാണ് ഒരുപക്ഷെ ഈ ഭാവബന്ധങ്ങളിൽ ഏറ്റവും പ്രമുഖം. ഒറ്റമനുഷ്യരുടെയും പറ്റമനുഷ്യരുടെയും; ഒറ്റജന്തുക്കളുടെയും പറ്റജന്തുക്കളുടെയും; ചരിത്രം വഴിമാറ്റിവിട്ടവരുടെയും ചരിത്രത്തിന്റെ ഇരയായിത്തീർന്നവരുടെയും; കഥകൾ. ഓരോ കഥാപാത്രവും ഒന്നിലധികം കഥകളുടെ ഉടമകളാണ്. പലരും, ഹരീഷ്തന്നെ പറഞ്ഞതുപോലെ, 'മുഴുവനായും കഥകളാണ്'. ചരിത്രത്തിനു പകരം നിൽക്കുന്ന കഥകൾ. ചരിത്രമായി ഖനീഭവിക്കുന്ന കഥകൾ. ചരിത്രമാകാൻ വിസമ്മതിക്കുന്ന കഥകൾ. ചരിത്രത്തെക്കാൾ ജീവനും ഓജസ്സുമുറ്റ കഥകൾ. മീശ, വടക്കൻ കുട്ടനാടിന്റെ ഐതിഹ്യമാലയാകുന്നതും മീശയെക്കുറിച്ചുള്ള കഥകൾ അവയുടെ കേന്ദ്രത്തിൽ നിറയുന്നതും ഒരേപോലെ വിസ്മയകരമായ നോവൽ കലയായി നിലനിൽക്കുന്നു-ആഖ്യാനത്തിന്റെ പലമയും കാഴ്ചയുടെയും കേൾവിയുടെയും പൊലിമയും കൊണ്ട് അവ മിത്തുകളുടെയും ഐതിഹ്യങ്ങളുടെയും ചരിത്രങ്ങളുടെയും ഭാവമണ്ഡലങ്ങളെ കൂട്ടിയിണക്കുന്നു. വാമൊഴിപ്പാട്ടുകളുടെ ജലോത്സവങ്ങൾപോലും മീശയുടെ ഐതിഹാസികമായ കഥാഗാഥയായിത്തീരുന്നു. നാടകത്തിൽ തുടങ്ങി നാടകത്തിലവസാനിക്കുന്നതാണ് 'മീശ'യുടെയും (നോവൽ) 'മീശ'യുടെയും (കഥാപാത്രം) ജീവിതം. ഒന്നോടൊന്നിഴപിരിഞ്ഞുണ്ടാകുന്ന ഈ കഥകലാകട്ടെ, ആഖ്യാതാവ് (അയാളാകട്ടെ മീശയുടെ സമകാലികനും നായർമാടമ്പിയുമായിരുന്ന പാച്ചുപിള്ളയുടെ കൊച്ചുമകനാണ്) മകൻ പൊന്നുവിനു പറഞ്ഞുകൊടുക്കുന്ന നൂറ്റൊന്നുരാവുകളിൽ നിന്നു പിറക്കുന്നതുമാണ്. ഉള്ളതും ഇല്ലാത്തതും സംഭവിച്ചതും സംഭവിക്കാത്തതും കണ്ടതും കാണാത്തും ചെയ്തതും ചെയ്യാത്തതും തമ്മിലുള്ള അന്തരങ്ങളവസാനിപ്പിക്കുന്ന കഥയുടെ മാന്ത്രികലോകം തുറന്നിട്ട് ഹരീഷ് തന്റെ ആദ്യനോവൽ മലയാളഭാവനയുടെ വലിയ ഉയരങ്ങളിലൊന്നാക്കി മാറ്റുന്നു.

വജ്രമൂർച്ചയുള്ള ലോകക്കാഴ്ചകൾ കൊണ്ടു സമൃദ്ധമാണ് മീശ. ഹരീഷിന്റെ ചില നിരീക്ഷണങ്ങൾ ശ്രദ്ധിക്കൂ:

'ഉടൻതന്നെ മരിച്ചുപോകേണ്ട ചിലരുടെ ഓർമ്മകളിലും ചിന്തകളിലും മാത്രമാണ് നമ്മൾ ജീവിക്കുന്നത്'.

'മനുഷ്യൻ മുതലയെ തിന്നുതുടങ്ങിയതോടെ മുതല മനുഷ്യനെയും തിന്നുതുടങ്ങി. ഇടിവെട്ടിയാൽ മരിക്കുമെന്നറിയാമെങ്കിലും ആരും മഴയത്ത് പുറത്തിറങ്ങാതിരിക്കുന്നില്ല. തീകത്തിപ്പടരുമെന്നറിയാമെങ്കിലും രാത്രി അടുപ്പിൽ കനൽ സൂക്ഷിക്കാതിരിക്കുന്നില്ല'.

'മക്കൾ മരിച്ചുപോയ ദമ്പതികളുടെ വീടാണ് കായൽ'.

'ഏറ്റവും ദുർബ്ബലനായ ജീവി കിടക്കപ്പായിലെ പരാക്രമങ്ങൾക്കുശേഷമുള്ള പുരുഷനാണ്'.

'സ്ത്രീകളറിയാതെ ഒരു രഹസ്യവും ജീവിക്കുന്നില്ല. അവരത് കണ്ടില്ലെന്ന് നടിക്കുക മാത്രമാണ്'.

'ഏതുവലിപ്പവും ഇല്ലാതാകുന്ന സമയമുണ്ട്. നീണ്ടുവാണ ഒന്നും ലോകത്തില്ല'.

1920കളിലെയും '30കളിലെയും കൊടും പട്ടിണിയുടെ വറുതികൾ, ഉത്രം തിരുന്നാളിന്റെ വൈദ്യശാസ്ത്രവിഭ്രമങ്ങൾ, ശ്രീമൂലം പ്രജാസഭ, 1924ലേതുൾപ്പെടെയുള്ള വെള്ളപ്പൊക്കങ്ങൾ, ഹെന്റിബേക്കർ സീനിയറും ജൂനിയറും നടത്തിയ ജാത്യുന്മൂലനങ്ങൾ, പന്തിഭോജനങ്ങൾ, പുന്നപ്രവയലാർ സമരം എന്നിങ്ങനെ വസ്തുനിഷ്ഠ-ലിഖിത ചരിത്രത്തിന്റെ സൂചകങ്ങളുമുണ്ട് നോവലിൽ. യഥാർഥ സ്ഥലങ്ങളിലാണ് മീശയും ഇതര കഥാപാത്രങ്ങളും ജീവിക്കുന്നത്. കഥാഖ്യാനത്തിലുള്ള വർത്തമാനകാലത്തിന്റെ പങ്കും പ്രാധാന്യവും ഈ ചരിത്രാത്മകതയെ ഊട്ടിയുറപ്പിക്കുന്നു. ഹരീഷിന്റെതന്നെ ചെറുകഥകളായ രസവിദ്യയുടെ ചരിത്രം, വലിയ ചുടുകാട്, മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ തുടങ്ങിയവയുടെ പാഠാന്തരസാന്നിധ്യം വേറെ. പക്ഷെ ഇവയെക്കാളൊക്കെ എത്രയോ മടങ്ങ് വിശ്വസനീയവും വിപുലവുമായാണ് ഈ സൂചകങ്ങൾക്കിടയിൽ ദമിതമായിരിക്കുന്ന കഥകളുടെ ഐതിഹ്യമാല 'മീശ' അവതരിപ്പിക്കുന്നത്! മീശയിലെ കഥാപ്രപഞ്ചത്തെ ചരിത്രത്തിലേക്കു കൂട്ടിയിണക്കുന്ന അവസാന അധ്യായം വായിക്കൂ, അമ്പരക്കും നിങ്ങൾ. എന്തൊരു കഥാപരിണതി! ഏകാന്തവും അദ്വയവുമായ അശാന്തയാത്രകളിൽ തന്റെ അസ്തിത്വം കൊരുത്തിട്ട് മീശ നിർമ്മിച്ച ഒരു നൂറുവർഷത്തെ കഥാത്മകജീവിതത്തെ, മീശക്കു സമകാലികനായി ജീവിച്ച, മീശയെ ഒരിക്കൽ കണ്ടുമുട്ടുകപോലും ചെയ്ത എൻ.എൻ. പിള്ളയുടെ നാടകജീവിതത്തിലേക്കു വിളക്കിച്ചേർക്കുകയാണ് ഹരീഷ്. ഒളശ്ശയിൽനിന്നു മലയായിലേക്കു പുറപ്പെട്ടുപോയി, ഗതിപിടിക്കാതെ തിരിച്ചുവന്ന്, നാടകത്തിലൂടെ ജീവിതത്തിന്റെയും കുടുംബത്തിന്റെയും പുണ്യപുരാണ സാംസ്‌കാരിക സദാചാര തിരക്കഥാമുറ്റങ്ങളിൽ കുഴിബോംബിട്ട പിള്ളയുടെ പരകായസാന്നിധ്യം ഈ നോവലിന്റെ കലാപരതയിലും രാഷ്ട്രീയത്തിലും സൃഷ്ടിക്കുന്ന ട്വിസ്റ്റ് ഒന്നുവേറെതന്നെയാണ്.

ആധുനികതയുടെ അന്ത്യം പ്രവചിച്ചുകൊണ്ട് ഫ്രഞ്ച് ചിന്തകരായ മിഷെൽ ഫൂക്കോ അവതരിപ്പിച്ച Biopower/politics, ഫ്രാങ്കോ ലിയോത്താർ അവതരിപ്പിച്ച Little Narrative, ഗിൽദെല്യൂസ് അവതരിപ്പിച്ച Minor Literature തുടങ്ങിയ പരികല്പനകൾ മുൻനിർത്തിയുള്ള രാഷ്ട്രീയ-ആഖ്യാന-ഭാവുകത്വ വിശകലനം മീശക്കു തീർച്ചയായും സാധ്യമാണ്. ഈ നോവലിനെന്നപോലെതന്നെ ഇതിന്റെ പ്രസിദ്ധീകരണം സൃഷ്ടിച്ച കൊടുങ്കാറ്റുകൾക്കുമുണ്ട് ഇത്തരമൊരു വിശകലനസാധ്യത.

എഴുത്തുകാരെ മീൻപിടുത്തക്കാരോടുപമിച്ച്, എം. അച്യുതൻ ഉറൂബിനെക്കുറിച്ചും കെ. എ. സെബാസ്റ്റ്യൻ തന്നെക്കുറിച്ചുതന്നെയും പറഞ്ഞ കല്പനകൾ പോലൊന്ന് 'മീശ'യുടെ ആമുഖത്തിൽ ഹരീഷും ആവർത്തിക്കുന്നുണ്ട്. ഒപ്പം, കഥാപാത്രങ്ങളും നോവലിസ്റ്റും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആനന്ദിനെയും സക്കറിയയെയും പോലുള്ള മുൻഗാമികൾ കുറിച്ചതുപോലുള്ള ചില നിരീക്ഷണങ്ങളും. തകഴിക്കുശേഷം കുട്ടനാടിന്റെ സാംസ്‌കാരിക സ്ഥല-ജലരാശിയിൽ ആൾപ്പിടിയൻവലവീശാനിറങ്ങിയ വലിയ മുക്കുവനാണ് ഹരീഷ്. കഥാപാത്രങ്ങൾ എഴുത്തുകാരുടെ അടിമകളോ ഉപകരണങ്ങളോ അല്ല, സ്വതന്ത്രരായ മനുഷ്യരാണ് എന്ന് ഹരീഷും വിശ്വസിക്കുന്നു. അവരുടെ ജീവിതം മാറിനിന്നു കണ്ടവതരിപ്പിക്കുന്ന സാക്ഷ്യം പറച്ചിലുകാർ മാത്രമാണ് എഴുത്തുകാർ. 'മാതൃഭൂമി'യിൽ നോവൽ പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോൾതന്നെ ഒരുവിഭാഗം മതമൗലികവാദികളുയർത്തിയ വെല്ലുവിളിയിൽ നിന്ന് തന്റെ കഥാപാത്രങ്ങളെ രക്ഷിച്ചു പുറത്തുപോകേണ്ടിവന്നു ഹരീഷിന്. അതിന്റെ ഫലമാണ് ഈ ആമുഖം. നിസംശയം പറയാം, ആധുനികാനന്തര മലയാളനോവലിന്റെ ആഖ്യാനരാഷ്ട്രീയത്തെ കരിങ്കല്ലിൽ കൊത്തിവയ്ക്കുകയാണ് രണ്ടരപുറം വരുന്ന ഈ ആമുഖക്കുറിപ്പ്.

നോവലിൽ നിന്ന്:-

'ചെല്ലയുടെ മരണശേഷമുള്ള മഴ പത്തുദിവസം കഴിഞ്ഞും മാറ്റമില്ലാതെ തുടർന്നു. ആരും പുറത്തിറങ്ങാത്ത ദിവസങ്ങളിൽ പുലിക്കുട്ടിശ്ശേരിയിലും മേനോൻകരിയിലും കല്ലുങ്കത്രയിലും ദൂരെ പാടവരമ്പുകളിൽക്കൂടി വാവച്ചൻ നടന്നുപോകുന്നത് കണ്ടവരുണ്ട്. തന്റെ മീശയുടെ അറ്റം മഴയെ നേരിടാനുള്ള മാറാഞ്ചേമ്പിന്റെ ഇലപോലെ അയാൾ തലയ്ക്കുമുകളിൽ വിടർത്തി ചൂടിയിരുന്നു. കരിയില മണ്ണാങ്കട്ടയെയെന്നപോലെ മഴയത്ത് മീശ അയാളെത്തുണച്ചു. അയാൾ ഭാഗ്യവാനാണ്. തലചായ്ക്കാനിടംതേടി അലയേണ്ട. ഇരുട്ടാകുമ്പോൾ ചെല്ലുന്നിടത്തുവെച്ച് തന്റെ മീശകൊണ്ട് ഒരു കൂടാരം പണിത് താമസിക്കാം. ചിലപ്പോഴിതൊക്കെ മഴയത്ത് വിശന്ന് വീടുകളിലിരുന്നവർക്ക് തോന്നിയ മായക്കാഴ്ചകളാകാനുമിടയുണ്ട്. കാരണം ചിലർ പറഞ്ഞത് വലിയ നെല്ലുചാക്കുകളും തലയിൽവച്ച് മീശ പോകുന്നത് കണ്ടെന്നാണ്. പക്ഷേ അന്ന് ഒരുമണി നെല്ലുപോലും എങ്ങും കിട്ടാനില്ലായിരുന്നു. കുഴച്ചുതിന്നാൻ പിണ്ണാക്കോ തവിടോപോവും ലഭ്യമല്ലായിരുന്നു. കട്ടൻകപ്പയില തിന്ന് കുറേപ്പേർ മരിച്ചു. താറാവിനരിഞ്ഞുകൊടുക്കേണ്ട പന മനുഷ്യർ തിന്നുതീർത്തു, മുളകും മല്ലിയും ഇല്ലാതിരുന്നതുകൊണ്ട് കിട്ടുന്ന മീനും കക്കായും ഞവുണിക്കായും ഉപ്പുമാത്രമിട്ട് പുഴുങ്ങിത്തിന്നു. വെളിഞ്ചേമ്പും വാഴമാണവും തീർന്നപ്പോൾ പശു തിന്നുന്ന പുല്ലിലേക്കായി ആളുകളുടെ ശ്രദ്ധ. അടുത്ത കൃഷിക്കായി നെൽവിത്ത് ഉണക്കിസൂക്ഷിച്ച അപൂർവ്വം ക്രിസ്ത്യാനികളും നായന്മാരും വാക്കത്തിയും കോടാലിയുമായി ആളുകളെ കാവൽനിർത്തി പത്തായത്തിനു മേൽ കിടന്നുറങ്ങി. കാവൽക്കാരെയും വിശ്വാസമില്ലാതെ ഇടയ്ക്കിടെ ഞെട്ടിയുണർന്നു. എങ്കിലും ആളുകൾ വലിയ വാഴക്കുലകളും കിഴങ്ങുനിറഞ്ഞ കപ്പമൂടുകളുമായി വിദൂരതയിൽ നടന്നുപോകുന്ന മീശയെ മഴയ്ക്കിടയിൽക്കൂടി നിഴലായി കണ്ടു. നെല്ലുമായിപ്പോകുന്ന വലിയ വള്ളങ്ങൾ അവൻ മുക്കിക്കളയുന്നെന്നും പ്രചരണമുണ്ടായി.

പടിഞ്ഞാറ് മഴ മുറിഞ്ഞുപെയ്തുതുടങ്ങിയപ്പോൾ കിഴക്ക് ഒന്നുകൂടി കനത്തു. നിറം മാറിയ ഒഴുക്ക് ആറുകളുടെ ഇരുകരകളേയും തകർത്ത് പാഞ്ഞെത്തി. നോക്കിനിൽക്കെ വെള്ളമുയർന്ന് പാടങ്ങളും തോടുകളും കായലും ഒന്നായി. കുടമുരുട്ടിലെ മൂടോടെ ഇളകിപ്പോരുകയാണെന്നറിഞ്ഞ് പേട്ടയിലും പൂഞ്ഞാറിലും കിടങ്ങൂരിലുമുള്ളവർ ആറിന്റെ കരവിട്ട് അകലേക്ക് പോയി. കണ്ടാമരങ്ങൾ പിടിക്കാനും നീലക്കൊടുവേലിക്കായി ഭാഗ്യം പരീക്ഷിക്കാനും ധൈര്യമുള്ളവർമാത്രം ശേഷിച്ചു. നാഗമ്പടത്തും കല്ലുമടയിലും തിരുവാർപ്പിലും താഴത്തങ്ങാടിയിലും കരകാണാനില്ലാതായി. വെട്ടിക്കാട്ടിനപ്പുറത്തേക്കും കായൽ കയറിവന്ന് കാഞ്ഞിരത്തിൽ വെച്ചുതന്നെ പുഴയുമായി യോജിച്ചു. മൃഗങ്ങളുടെ ജഡങ്ങളാണ് ആദ്യം പാടങ്ങളിലേക്ക് ഒഴുകിയെത്തിയത്. മ്ലാവിന്റെയും കൂരന്റെയും ചീർത്തുവീർത്ത ശരീരങ്ങൾ നിരപ്പുള്ള സ്ഥലത്തെത്തി ശാന്തമായി പൊങ്ങിക്കിടന്നു. കരിമരുതും അകിലുമുൾപ്പെടെ മരങ്ങളുടെ വരവായി പിന്നീട്. ഒഴുക്കിൽ തലകുത്തിമറിഞ്ഞും നെടുകെപിളർന്നും കാടൊഴുകിവരുകയായിരുന്നു. അതിൽ ജീവൻ പേടിച്ച് ചുറ്റിക്കിടന്ന പാമ്പുകളെ ആരുമത്ര ശ്രദ്ധിച്ചില്ല. മരങ്ങൾ തടഞ്ഞുനിന്നിടത്തെല്ലാം അവ പിടിച്ച് മുകളിലേക്ക് കയറി. കൊടുംകാട്ടിലെ ഇരുട്ടുമാത്രം ശീലിച്ച ചിലതൊക്കെ വെളിച്ചത്തിലെത്തിയതേ ചത്തൊടുങ്ങി.

ഇതൊന്നുമറിയാതെ പള്ളകയറിപ്പോയ ഒരു ചക്രപ്പുരയുടെ വെള്ളം കയറാത്തിടത്ത് ദിവസങ്ങളോളമായി ഉറങ്ങിക്കിടക്കുകയായിരുന്നു മീശ. ഉറക്കത്തിനിടെ അയാൾ മരണത്തിന്റെ അരികുവരെയെത്തി. ഗ്രന്ഥം വായിച്ചതിന്റെ ക്ഷീണം അയാളെ അത്രത്തോളം തളർത്തിയിരുന്നു. ഇനിയൊന്നും അറിയാനില്ല. ജീവിതത്തിൽ അനുഭവിക്കാനുള്ളതിന് കൗതുകമില്ല, ശരീരം പലവട്ടം ഉണരാൻ വിളിച്ചെങ്കിലും മനസ്സ് ഉണരെണ്ടെന്നു പറഞ്ഞു. ശ്വാസമെടുക്കുന്നത് കുറഞ്ഞു. ഹൃദയമിടിപ്പ് താണു. മഴയുടെ ഉവ്വെ ഉവ്വെ ശബ്ദത്തിനുനേരെ ചെവികൾ അടഞ്ഞു. അയാളെക്കണ്ടാൽ പ്രളയത്തിനുശേഷം ഒരു ദൈവം ഉറങ്ങിക്കിടക്കുകയാണെന്നു തോന്നും. പക്ഷേ തണുത്തവെള്ളം കാലുകളിലേക്ക് കയറിയപ്പോൽ അയാൾക്ക് ഉണരണമെന്നുതോന്നി. പതിയെ കണ്ണുതുറന്ന് ശ്വാസമെടുപ്പ് സാധാരണമാക്കിയപ്പോൾ ലോകം ഒരു ചക്രം പൂർത്തിയാക്കിയെന്ന് മീശയ്ക്ക് മനസ്സിലായി. എഴുത്തച്ഛനും നാടകവും പവിയാനും മീശയും സീതയുമൊക്കെ ഒരിക്കൽകൂടി ആവർത്തിച്ചിരിക്കുന്നു.

എഴുന്നേറ്റിരുന്ന് താൻ കിടന്നിടത്തേക്ക് തിരിഞ്ഞുനോക്കിയപ്പോൾ കൈവണ്ണമുള്ള ഒരു മൂർഖൻ ചത്തരഞ്ഞു കിടക്കുന്നത് മീശ കണ്ടു. പുറത്തുതൊട്ടുനോക്കിയപ്പോൾ അവൻ മരണവെപ്രാളത്തിൽ കടിച്ച പലപാടുകൾ കൈയിൽത്തടഞ്ഞു. ഒരു കുളത്തിൽ വട്ടോന്റെ കളിനില്ക്കണമെങ്കിൽ വരാല് വരണം. മൂർഖന് വിഷമില്ലാതാകണമെങ്കിൽ അതിലും വലുതെന്തോ ഉണ്ടായിട്ടുണ്ട്. അയാൾ പുറത്തേക്കിറങ്ങി നോക്കി.

ഭൂമിയിലൊരിക്കലും കാണാത്തതും നരകത്തിൽ സ്വാഭാവികവുമായ കാഴ്ചയാണ് അയാൾക്കുവേണ്ടി പ്രളയം ഒരുക്കിവെച്ചിരുന്നത്. വെള്ളം കയറാത്തിടങ്ങളെല്ലാം നനഞ്ഞൊഴുകിയിരിക്കുന്നു. മൃതദേഹത്തിൽ പുഴുക്കൾപോലെ അല്പസ്ഥലവും അവശേഷിപ്പിക്കാതെ അവിടങ്ങളിൽ പ്രാണരക്ഷാർത്ഥം പാമ്പുകൾ കെട്ടിമറിഞ്ഞ് പുളയുന്നു. ഏതൊക്കെയിനം? അയാളെണ്ണിനോക്കി. വെള്ളിവരയൻ, കൊക്കുരുട്ടി, ഇരുതലയൻ മണ്ണൂലി, പന്തുപാമ്പ്, വില്ലൂന്നി, ശംഖുവരയൻ. അയാൾ ചെല്ലയെ ഓർത്തു. മരിച്ചുകിടന്നപ്പോൾ അവൾ കാൽമുട്ടുകൾക്കിടയിലേക്കാക്കി തലകുനിച്ച് ചുരുണ്ടാണ് കിടന്നത്. വിരലുകൾ നഖം തേഞ്ഞ് കുറഞ്ഞ് ഈറ പൊങ്ങിയിരുന്നു. തലയുടെ വെളുപ്പ് കാണത്തക്ക വിധത്തിൽ അഞ്ചാറെണ്ണം മാത്രമുള്ള മുടികൾ കൂട്ടിക്കെട്ടി ഒരു ജീവിതാനന്ദത്തേയും ഓർമ്മിപ്പിക്കാതെ കിടന്നു. മുലകൾ അകം ശൂന്യമായി ഞൊറിഞ്ഞ് ചുരുങ്ങിയിരുന്നു. ഇല്ലായ്മനിറഞ്ഞ വയറ് അപ്രത്യക്ഷമായി. പവിയാനെപ്പറ്റി ഒത്തിരിക്കാലം ആശങ്കപ്പെട്ട കണ്ണുകൾ പാതിയടഞ്ഞ് പീളകെട്ടിക്കാണപ്പെട്ടു. ഇത്തിരിവട്ടത്തിൽ ഒത്തിരിദൂരം നടന്ന് തേയ്മാനം വന്ന കാലുകളിൽ ചാലുകീറിയിട്ടുണ്ട്.

സങ്കടത്തോടെ മീശ കണ്ണുയർത്തി മുകളിലേയ്ക്കു നോക്കി. കായ്ച്ചുതുടങ്ങിയ തെങ്ങിന്മണ്ടകളിലും ഓലകളിലും തടിയിലുമൊക്കെ പാമ്പുകൾ. ചെത്തുകാർ ഉപേക്ഷിച്ചുപോയ ചൊട്ടകളിലും വെള്ളം കയറി മഞ്ഞളിച്ചുപോയ കുരുത്തോലകളിലുംവരെ അവറ്റ ചുറ്റിക്കിടക്കുന്നു. ചുരുട്ടയും മണ്ഡലിയും വെള്ളിക്കെട്ടനും. ദേഷ്യം കൊണ്ട് അയാളുടെ മുഖം കരുവാളിച്ച് മീശരോമങ്ങൾ വിറച്ചു. ആകാശത്ത് പാമ്പുപിടുത്തക്കാരായ പരുന്തുകളെ മീശ കണ്ടു. അവരുടെ അമ്മയേയും പാമ്പുകൾ ചതിച്ചിട്ടുണ്ട്. മഴയത്ത് നനഞ്ഞിട്ടും ചേക്കേറാൻ കൊമ്പില്ലാഞ്ഞിട്ടും പ്രതികാരദാഹികളായി അവ റാകിപ്പറക്കുന്നു.

'നമ്മൾ ഒന്നിച്ചാണിനി. ഞങ്ങൾ മുകളിലും നീ താഴെയും'.

പരുന്തുകൾ പറഞ്ഞു'.

മീശ
എസ്. ഹരീഷ്
ഡി.സി. ബുക്‌സ്
2018, വില : 299 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP