1 usd = 70.91 inr 1 gbp = 93.24 inr 1 eur = 78.48 inr 1 aed = 19.30 inr 1 sar = 18.91 inr 1 kwd = 233.50 inr

Dec / 2019
10
Tuesday

പ്രാണസങ്കീർത്തനങ്ങൾ

August 31, 2019 | 06:07 PM IST | Permalinkപ്രാണസങ്കീർത്തനങ്ങൾ

ഷാജി ജേക്കബ്‌

പരത്തെക്കുറിച്ചുള്ള ആരായലുകളൊക്കെയും ആത്മത്തെക്കുറിച്ചുള്ള അന്വേഷണങ്ങളായി മാറുന്ന ഒരു ചിന്താപദ്ധതിയുണ്ട്. ജ്ഞാനാർജ്ജനത്തിന്റെ തഥാഗതമാർഗമാണത്. നാമല്ലാതെ മറ്റൊരു ദൈവം നമുക്കില്ല എന്ന വാക്യത്തിലാരംഭിക്കുന്ന ലിജി മാത്യുവിന്റെ നോവൽ ഒറ്റവാക്കിൽ സംഗ്രഹിച്ചാൽ തഥാഗതമാർഗത്തിന്റെ സ്‌ത്രൈണവായനയാണ്. അതേസമയംതന്നെ പരമപ്രധാനമായ ബുദ്ധതത്വത്തിന്റെ വിചാരപരമായൊരു മറികടക്കലും അതിലുണ്ട്. ആഗ്രഹമാണ് എല്ലാ ദുഃഖങ്ങൾക്കും കാരണമെന്നും ആഗ്രഹങ്ങളൊഴിവാക്കിയാൽ ദുഃഖങ്ങളൊഴിവാക്കാമെന്നുമുള്ള തത്വത്തെ ലിജി കാരുണ്യപൂർവം നിരസിക്കുന്നു. സുഖംപോലെതന്നെ ദുഃഖവും ജീവിതത്തിന്റെ ഭാഗമാണെന്നും ചിരിപോലെതന്നെ കരച്ചിലും മനുഷ്യർക്കാവശ്യമാണെന്നും ഉണ്മപോലെതന്നെ ശൂന്യതയും യാഥാർഥ്യമാണെന്നും ദ്വന്ദ്വാത്മകതയാണ് പ്രപഞ്ചത്തിന്റെ അർഥം തന്നെയെന്നും താൻ പ്രണയിച്ച പുരുഷനെഴുതിയ അവസാനത്തെ കത്തിൽ കുറിച്ചിട്ടുകൊണ്ടാണ് ഈ നോവലിലെ നായികയായ ദിയ വെയിലിൽ മഞ്ഞെന്നപോലെ പ്രകൃതിയിൽ മാഞ്ഞുപോകുന്നത്. വെളിച്ചം എന്നാണ് അവളുടെ പേരിനർഥം. ‘ജീവിതമെനിക്കൊരു ചൂളയായിരുന്നപ്പോൾ ഭുവിനാ വെളിച്ചത്താൽ നന്മ ഞാനുളവാക്കി’ എന്നു കവി പാടിയത് ദിയയെക്കുറിച്ചാണ്. അസാധാരണമായ ഭാവതീഷ്ണതയോടെ ദിയ എന്ന പെൺകുട്ടിക്ക് തിന്മകൾ നിറഞ്ഞ ലോകം സമ്മാനിച്ച ഇരുണ്ട ജീവിതവും ആ ഇരുട്ടിലും അവളെ അതിജീവിപ്പിക്കുന്ന ജ്വലിക്കുന്ന പ്രണയവും കവിതപോലെഴുതുകയാണ് ലിജി മാത്യു.

സാറാജോസഫിനുശേഷം മലയാളത്തിൽ ക്രിസ്തുവിന്റെയും ക്രിസ്തുമതത്തിന്റെയും ചരിത്രബദ്ധവും ചിന്താബന്ധുരവുമായ പെൺവായന സാധ്യമാക്കിയ ഏറ്റവും മികച്ച രചനയായിരുന്നു ലിജിയുടെ ആദ്യനോവൽ, ‘ദൈവാവിഷ്ടർ’. ‘തഥാഗത’യിൽ ക്രിസ്തുമാർഗത്തിന്റെ മാത്രമല്ല, ദൈവമാർഗത്തിന്റെ തന്നെയും നിശിതമായ ചില പൊളിച്ചെഴുത്തുകളുണ്ട്. എങ്കിലും അതിനെക്കാൾ ആർജ്ജവത്തോടെ, ബുദ്ധമാർഗത്തിന്റെ പിൻപറ്റലും പുനർവായനയും വഴി ഒരു പെണ്ണിന്റെ ഏറ്റവും ദുഃഖഭരിതമായ കാമനാലോകങ്ങളെക്കുറിച്ചെഴുതിയ ‘മോചനമില്ലാത്ത സങ്കടങ്ങളുടെ കൈപ്പുസ്തക’മാണ് തഥാഗത.

മലയാഴം എന്ന മലയോര കുടിയേറ്റഗ്രാമത്തിലെ ദരിദ്രകുടുംബത്തിൽ പിറന്ന ദിയയ്ക്ക് ചെറുപ്പത്തിൽതന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ടു. ഇളയമ്മയാണ് പിന്നീടവളെ വളർത്തുന്നത്. സങ്കല്പിക്കാനാവുന്നതിന്റെ പാരമ്യത്തിലാണ് ആ കുടുംബത്തിന്റെ ശൈഥില്യവും നിസ്വതയും. ഇളയമ്മയുടെ ഭർത്താവ് പാമ്പുകടിയേറ്റു മരിച്ചതിനുശേഷം ഒരു മുഴുക്കുടിയൻ അവർക്കൊപ്പം പാർപ്പുതുടങ്ങി. ഇളയമ്മയുടെ തീരാരോഗിയായ മകളെ ശുശ്രൂഷിച്ചും വീട്ടിലെ മുഴുവൻ പണിയും ചെയ്തും അമ്മാമയെ സഹായിച്ചും പഠനം തുടർന്ന ദിയയെ ഒരിക്കൽ ഇളയമ്മയുടെ കൂടെപാർപ്പുകാരൻ ബലാൽക്കാരം ചെയ്യാൻ ശ്രമിച്ചു. അയാളെ കൊന്ന് ഇളയമ്മ ജയിലിലും പിന്നീട് ഭ്രാന്താശുപത്രിയിലുമായി. അമ്മാമ മരിച്ചു. രോഗിയായ സഹോദരിക്കൊപ്പം ദിയ കന്യാസ്ത്രീകൾ നടത്തുന്ന ഒരു ശരണാലയത്തിലെത്തി. സഹോദരിയും മരിച്ചതോടെ ദിയ ഒറ്റയ്ക്കായി. കോളേജ് പഠനം പൂർത്തിയാക്കിയ ദിയയെ കന്യാസ്ത്രീകൾ മഠത്തിൽ ചേർക്കാൻ ശ്രമിച്ചെങ്കിലും സിസ്റ്റർ ലിലി അവൾക്കൊപ്പം നിന്നു. രോഗിയായ ഇളയമ്മയെയും കൂട്ടി സ്വന്തം വീട്ടിലേക്കുമടങ്ങിയ ദിയ തോട്ടങ്ങളിൽ കൂലിപ്പണിയെടുത്ത് ജീവിതം മുന്നോട്ടുനീക്കി. താമസിയാതെ അവൾക്ക് സ്‌കൂളധ്യാപികയായി ജോലി കിട്ടി. ചോലക്കയം എന്ന മറ്റൊരു മലയോരഗ്രാമത്തിലേക്കു താമസം മാറി. അവിടെ അവൾ ശ്യാം മാധവ് എന്ന ഡോക്ടറെ കണ്ടുമുട്ടുന്നു. അവർക്കു പരസ്പരം ഇഷ്ടമായി. പക്ഷെ ഗ്രാമത്തിലെ ഒരു തമിഴ് പെൺകുട്ടിയെ എസ്റ്റേറ്റുടമയുടെ മകനും കൂട്ടുകാരും ബലാത്സംഗം ചെയ്ത സംഭവം പൊലീസിൽ റിപ്പോർട്ടു ചെയ്ത ശ്യാമിനെ അവർ സ്വാധീനമുപയോഗിച്ച് പാലക്കാട്ടേക്കു നാടുകടത്തി. ദുരന്തങ്ങൾ ഏറെ താണ്ടിവന്ന മല്ലികയെന്ന തമിഴ് പെൺകുട്ടിയെ ദിയ സംരക്ഷിച്ച് ഒപ്പം നിർത്തി. പാലക്കാട് കീടനാശിനിപ്രയോഗം മൂലം രോഗം ബാധിച്ചവർക്കുവേണ്ടി വാദിച്ച ശ്യാമിനെ തോട്ടമുടമകൾ ആക്രമിച്ചു. മദ്യത്തിനും വിഷാദരോഗത്തിനും അടിപ്പെട്ട ശ്യാമിനെ അയാളുടെ മാതാപിതാക്കൾ ബോംബെക്കു കൊണ്ടുപോയി. അയാൾ വിവാഹിതനായി, വൈകാതെ ആ ബന്ധം തകരുകയും ചെയ്തു.

വർഷങ്ങൾ കടന്നുപോയി. ദിയ ശ്യാമിനെ കാത്തിരിക്കുകയാണ്. അയാൾക്ക് അവൾ കത്തുകളെഴുതിക്കൊണ്ടേയിരുന്നു. മറുപടികളില്ല. ആ കത്തുകൾ തന്നെയും അയാൾ കൂട്ടിവയ്ക്കുകയല്ലാതെ വായിക്കുന്നുണ്ടായിരുന്നില്ല. ഒരിക്കൽ ശ്യാമിന്റെ അമ്മ ഇവയിൽ ചിലതു വായിക്കുകയും ശ്യാമിനെയും കൂട്ടി ദിയയെ തേടി നാട്ടിലെത്തുകയും ചെയ്യുന്നു. പക്ഷെ അവൾ രോഗം ബാധിച്ചു മരിച്ചുകഴിഞ്ഞിരുന്നു. അയാൾക്കയയ്ക്കാൻ അവളെഴുതിവച്ചിരുന്ന കുറെ കത്തുകൾ മാത്രം സിസ്റ്റർ ലിലി അവർക്കു നൽകി.

തന്റെ ആഗ്രഹങ്ങളെയും അവ നൽകിയ ദുഃഖങ്ങളെയും ഒരുപോലെ സാധൂകരിച്ചുകൊണ്ടെഴുതിയ അവസാനത്തെ കത്തിൽ ദിയ, മുൻപു പറഞ്ഞതുപോലെ, തഥാഗതന്റെ തത്വവിചാരം തിരുത്തുകയും ജീവിതത്തിന്റെ അർഥവും മൂല്യവും കുടികൊള്ളുന്നത് (വിരുദ്ധ)ദ്വന്ദ്വങ്ങളായി നിലനിൽക്കുന്ന പ്രപഞ്ചാനുഭവങ്ങളിലാണെന്നു വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. മേല്പറഞ്ഞ കഥാസംഗ്രഹത്തിനപ്പുറം ഈ നോവൽ, ആഗ്രഹനിയന്ത്രണത്തിനും ദുഃഖനിവാരണത്തിനും നിർദ്ദേശിക്കപ്പെട്ട തഥാഗതമാർഗങ്ങൾപോലെ ആഖ്യാനത്തിന്റെ ചില ലാവണ്യമാർഗങ്ങൾ പിൻപറ്റുന്നുണ്ട്.

ലോകത്തെയും ജീവിതത്തെയും ഉപാധികളില്ലാതെ സ്‌നേഹിക്കുകയും എന്നാൽ ലോകവും ജീവിതവും നിർദ്ദയം പെരുമാറുകയും ചെയ്യുന്ന ദിയ എന്ന പെൺകുട്ടിയുടെ ഷിസോഫ്രേനിക് അനുഭൂതികളാണ് ‘തഥാഗത’യുടെ ഏറ്റവും മൗലികമായ കഥനകല. സ്വപ്നങ്ങൾ മുതൽ വിഭ്രമങ്ങൾ വരെ; ഓർമകൾ മുതൽ ഭാവനകൾ വരെ; പകൽകിനാവുകൾ മുതൽ ആത്മഭാഷണങ്ങൾ വരെ - ദിയയുടെ ലോകം വസ്തുനിഷ്ഠയാഥാർഥ്യങ്ങളിൽ നിന്ന് ആത്മനിഷ്ഠയാഥാർഥ്യങ്ങളിലേക്കും തിരിച്ചും നടത്തുന്ന ഊഞ്ഞാലാട്ടങ്ങളാണ് നോവൽ. പക്ഷികളോടും മൃഗങ്ങളോടും പ്രാണികളോടും ചെടികളോടും മഴയോടും മഞ്ഞിനോടും കാറ്റിനോടും ഏകാന്തതയോടും ചങ്ങാത്തം കൂടുകയും സംസാരിക്കുകയും മാത്രമല്ല ദിയയുടെ ദൈനംദിന ജീവിതക്രമം. അവയായിരുന്നു അവളുടെ കൂട്ടുകാർ. നാട്ടുമാവും പുൽക്കൊടിയും പൂക്കളും ശലഭങ്ങളും പുഴുക്കളും തുമ്പികളും മത്സ്യങ്ങളും അവളുടെ വാക്കുകൾക്കു ചെവിയോർക്കുക മാത്രമല്ല അവൾക്കു കഥപറഞ്ഞുകൊടുക്കുകയും ചെയ്തു. ആണ്ടവൻ എന്ന പൂച്ചയും നാരദൻ എന്ന ഇരട്ടവാലൻ കിളിയുമാണ് ദിയയുടെ ആജന്മമിത്രങ്ങൾ. അവളുടെ ആത്മ-അപര ഭാഷണങ്ങളുടെ സങ്കേതവും കലയുമായി ആണ്ടവനെയും നാരദനെയും ഭാവനചെയ്യുന്ന നോവൽ, യഥാർഥത്തിൽ അവയെ ദിയയുടെ തന്നെ അപരസ്വത്വമാക്കി മാറ്റുകയാണു ചെയ്യുന്നത്. വിഭക്തസ്വത്വത്തിന്റെ ഇരുസ്വരങ്ങൾ പോലെ അവ ദിയയോടു സംവദിക്കുന്നു.

യാഥാർഥ്യത്തിന്റെ അപരലോകങ്ങളാവിഷ്‌ക്കരിക്കാൻ നോവലുകൾ സ്വീകരിക്കുന്ന ഷിസോഫ്രേനിയയുടെ കലാസങ്കേതം മലയാളത്തിൽ മാജിക്കൽ റിയലിസത്തിന്റെയും മനോനിഷ്ഠയാഥാർഥ്യത്തിന്റെയും മിശ്രഭാവനയായി മാറിയിട്ടുണ്ട്. ‘തഥാഗത’യുടെ ലാവണ്യകലയും ദിയയുടെ ചിന്താവിഷ്ടതയും കൂടിച്ചേരുന്ന ഭാവതലവും ഇതുതന്നെയാണ്.

മാധവിക്കുട്ടി തൊട്ടുള്ള മലയാളത്തിലെ സ്ത്രീയെഴുത്തുകാർ മിക്കവരും എന്തുകൊണ്ടാണ് തങ്ങളുടെ പല രചനകളിലും ഈയൊരു ഷിസോഫ്രേനിക് ഭാവന നിരന്തരമാവർത്തിക്കുന്നത്? ഇവർ സ്ത്രീയുടെ അനുഭവലോകങ്ങളെ വസ്തുനിഷ്ഠയാഥാർഥ്യത്തിന്റെ സുദൃഢവും മൂർത്തവുമായ അനുഭൂതിലോകങ്ങളിൽനിന്നു വിടർത്തി ആത്മനിഷ്ഠയാഥാർഥ്യങ്ങളുടെ ചിതറിയ ഭാവമണ്ഡലത്തിൽ പ്രതിഷ്ഠിക്കുന്നതെന്തുകൊണ്ടാണ്? സാറാജോസഫും ഗ്രേസിയും ചന്ദ്രമതിയും പ്രിയയും മീരയും ഇന്ദുവും സംഗീതയും യമയും ഇപ്പോൾ ലിജിയുമൊക്കെ സ്വീകരിക്കുന്ന ആഖ്യാനത്തിന്റെ ഏറ്റവും സൂക്ഷ്മമായ കലയും രാഷ്ട്രീയവുമായി മാറിക്കഴിഞ്ഞിരിക്കുന്നു, വിഭ്രാമകത്വത്തിന്റെ ഈ ഭാവതലം. ശിഥിലസ്വപ്നങ്ങളും ആത്മഭാഷണങ്ങളും വിഷാദരോഗവും പരകായപ്രവേശങ്ങളും പലായനങ്ങളും ഭ്രാന്തും ആത്മഹത്യയും ഇവർക്ക് ആത്മാന്വേഷണത്തിന്റെയും അപരക്കാഴ്ചയുടെയും സംയുക്തലാവണ്യഭൂമികയെ സാക്ഷാത്കരിക്കാനുള്ള സ്പന്ദമാപിനികളാണ്. മുഴുവൻ ലോകത്തെയും ജീവിതത്തെയും തൊട്ടറിയാനുള്ള പ്രതീതിസ്പർശിനികൾ. മലയാളത്തിലെ സ്ത്രീഭാവനയുടെ ഏറ്റവും ലാവണ്യതീഷ്ണവും രാഷ്ട്രീയബദ്ധവുമായ ആഖ്യാനകലയായി ഈ ഷിസോഫ്രേനിക് സങ്കേതത്തെ കാണാൻ കഴിയും. രണ്ടു സാധ്യതകളിലാണ് ഈ കലയുടെ ഊന്നൽ എന്നു തോന്നുന്നു. ഒന്നുകിൽ, തങ്ങളുടെ ഉള്ളിൽ തിളച്ചുമറിയുന്ന നരകലോകം പുറത്തുകൊണ്ടുവരാനുള്ള സ്വാഭാവികമായ ശ്രമം. അല്ലെങ്കിൽ തങ്ങളുടെ ആത്മനിഷ്ഠയാഥാർഥ്യങ്ങളെ പുരുഷബോധത്തിലും ഭാഷയിലും നിന്നു ഭിന്നമായി പുനഃസൃഷ്ടിക്കാനുള്ള രചനാപദ്ധതി. ‘തഥാഗത’യും ഈ ജീവിത-സൗന്ദര്യശാസ്ത്രത്തെയാണ് സ്ത്രീയുടെ ആന്തരാനുഭൂതികളുടെ രക്തസ്‌നാതമായ യാഥാർഥ്യങ്ങൾ പുനഃസൃഷ്ടിക്കുന്ന നോവൽകലയായി വികസിപ്പിക്കുന്നത്. പ്രകൃതിയോടുള്ള തൊട്ടുനില്പല്ല, പ്രപഞ്ചത്തോടുള്ള സംലയനം തന്നെയാണ് ദിയയുടെ അനുഭൂതിലോകത്തിനു സംഭവിക്കുന്ന രാസമാറ്റം. ഭാഷയുടെ കലകളിലും ഭാഷണത്തിന്റെ തലങ്ങളിലും ലിജി സൃഷ്ടിക്കുന്ന ഷിസോഫ്രേനിക് ഭാവലോകം അതുവഴി മലയാളത്തിലെ സ്ത്രീവാദസാഹിത്യത്തിന്റെയും പെണ്ണെഴുത്തിന്റെയും ഏറ്റവും തീവ്രവും തീഷ്ണവുമായ നവയാഥാർഥ്യപാഠങ്ങളിലൊന്നായി മാറുന്നു.

‘ദൈവാവിഷ്ടരി’ൽ ലിജി അവതരിപ്പിച്ച ഏറ്റവും ശ്രദ്ധേയമായ ദൈവശാസ്ത്രപാഠം ബൈബിളിലെ സങ്കീർത്തനങ്ങളുടെ പാഠാന്തരങ്ങൾപോലെ മികച്ച കവിതകളായിരുന്നു. ‘തഥാഗത’യിലും ആവർത്തിക്കപ്പെടുന്നു, അസ്തിത്വത്തിന്റെ ചിറകുമുളച്ച കവിതകളും കാവ്യാത്മകമായ അനുഭവാവിഷ്‌ക്കാരങ്ങളും. മിലൻ കുന്ദേര പറഞ്ഞതുപോലെ, നോവലിന്റെ ഭാവാത്മകമായ കാവ്യപരതയാണിത്. ഇംഗ്ലീഷും മലയാളവും ഒരുപോലെ. മറ്റുകവികളുടെ രചനകളും സ്വന്തം രചനകളും ഒരുപോലെ. ബോധധാരയുടെ കാട്ടരുവികൾപോലെ റൊമാന്റിക്-മിസ്റ്റിക് കവിതകൾ തഥാഗതയിലുടനീളം പുളകംകൊണ്ടൊഴുകുന്നു. റൂമിയും ടാഗോറും ജിബ്രാനും സങ്കീർത്തനങ്ങളും ലിജിയുടെ കാവ്യഭാവനയ്ക്കു പ്രചോദനമാകുന്നു. ഉദാഹരണങ്ങൾ എത്രയെങ്കിലുമുണ്ട്. രണ്ടെണ്ണം നോക്കുക:

“ഉയിരുകത്തിയെരിയുന്ന ജ്വാലപോൽ ഒളിപരത്തുമൊരു മുഖവുമായ്, അരികിലന്നു നീ വന്നു നിന്ന നാൾ ഇരുൾകണക്കു ഞാൻ മാഞ്ഞുപോയ്. കണ്ണുകൾക്കുപകരം കരിഞ്ചിറകുള്ള രണ്ടു ചെറു പക്ഷികൾ, നിന്മുഖത്തു ചേക്കേറി നിത്യതയ്ക്കതിരു തേടി മടുത്തപോൽ. ചിരി കരിഞ്ഞ കറ മായ്ച്ച കണ്ണുനീരുപ്പുപൊടിയുമധരങ്ങളാൽ, ചുമരുചാരിയിരുന്നു പാടി നീ ചെകിടു നീറ്റിയ പാട്ടുകൾ.

മലകൾ താണ്ടി, മരുവഴികൾ താണ്ടി, മണ്ണടരുവിണ്ട പാടങ്ങൾപോൽ, വികൃതമായ കാലടികളെൻ തണുമിഴികൾകൊണ്ടു തലോടവേ, കനലു തൊട്ടപോൽ കാൽ കുടഞ്ഞു നീ നൊടിയിടയ്ക്കു മറഞ്ഞുപോയ്.

പ്രണയമെൻ രുധിരത്തെയും മധുമദിരയാക്കി; ഉന്മത്തയായ്, കടൽമുറിച്ചുനടന്നു ഞാൻ, ഹിമമലകൾ തൊട്ടു പറന്നു ഞാൻ...

ക്ഷീരസാഗരദൂരവും കടന്നേതിരുട്ടുകയങ്ങളിൽ, ഞാനലഞ്ഞുനടന്നു നിന്നെയും തേടിയെത്രയൂഗാന്തരം?

പഴകിനേർത്തു പതുക്കെ രാത്രി സ്വയമായ് പുലർന്നു തുടുത്തപോൽ, കണ്ടുമുട്ടുകയായി നിന്നെയെന്നോർത്തു തേടിയൊരെന്നെ ഞാൻ.... ”.

“മനസ്സേ നിലയ്ക്കുക, നിത്യമൗനത്തിന്റെ നഭസ്സായിരിക്കുക, പതിയെത്തുളിക്കുമീമഴജനാലച്ചില്ലിൽ എഴുതിമായ്ക്കും ഹ്രസ്വകവിത വായിക്കുക, ഉയരത്തിലകത്തിൽ ഒറ്റയ്ക്കുപാറുന്ന പറവയെ നോക്കുക, താഴെ മൺമുറ്റത്തു നനവുള്ള നിബിഡ പായൽവനഛായയിൽ ചെറു ജൈവരൂപികൾ മുഴുയോഗനിദ്രയിൽ മരുവുന്നതറിയുവാൻ മിഴികൾ അടയ്ക്കുക, കരളുകാരും കരിവണ്ടിനെ ശേഷിച്ചൊരിതൾകൊണ്ടു താങ്ങി, തൻ ഉയിരുതാൻതന്നെ വിളമ്പിയൂട്ടുന്നൊരു മലരിനെനോക്കുക... ഒരു ജലബിന്ദുവിലില്ലാത്തതായ് മുഴുസാഗരത്തിൽ വേറെയെന്തൊക്കെയുണ്ടെന്ന് വിസ്മയംകൂറി മിഴിച്ചുനിൽക്കും മഴത്തുള്ളിയെ കൈവിട്ടുപോകാതെ കാക്കുവാൻ കൈകൂപ്പിനിൽക്കുമിലക്കുമ്പിൾ നോക്കുക. മനസ്സേ നിലയ്ക്കുക, ഗാഢശൈലാവൃതരഹസ്യമായ് അഗ്നിപൂക്കുന്ന പൂങ്കാവനം മനസ്സിൽവളർത്തും മഹാഗ്നി ശൈലത്തിന്റെ ശിരസ്സിലനാസക്തനായ് വിശ്രമിക്കുന്ന അലസഗംഭീരനാം കഴുകനെക്കാണുക.

മനസ്സേ നിലയ്ക്കുക,

മുല്ലമൊട്ടിരുളിനോടരുളുന്ന മന്ത്രം ഗ്രഹിക്കുവാൻ... മണ്ണിൽ വീണലിയുന്ന വിത്തുകൾ ജീവിതാനന്ദത്തിന്റെ സ്മൃതിയിൽ സ്പന്ദിക്കുന്ന താളം ശ്രവിക്കുവാൻ, വന്മരം വിരൽവേരു നീട്ടി ഭൗമാന്തര ഹൃദയരക്തം നുണയ്ക്കുന്നതു കേൾക്കുവാൻ....”.

ഹൈറേഞ്ചിന്റെ അസാധാരണമാംവിധം യഥാതഥമായ പ്രകൃതി, ജീവിത, സാമൂഹ്യ ദൃശ്യങ്ങളും സ്ഥലകാലാനുഭവങ്ങളും മുതൽ കുടിയേറ്റത്തിന്റെ ഭൂതകാലങ്ങൾ വരെയുള്ളവ തഥാഗതയിൽ സൃഷ്ടിക്കുന്ന ആഖ്യാനത്തിന്റെ കല വേറിട്ട ഒന്നാണ്. മലയാഴവും ചോലക്കയവും ഏതു മലയോര കുടിയേറ്റ തോട്ടം മേഖലയുടെയും സാംസ്‌കാരിക-നരവംശശാസ്ത്രത്തിന്റെ തനിപ്പകർപ്പാണ്. തമിഴരും മലയാളികളും ഇടകലർന്നു ജീവിക്കുന്ന ഗ്രാമങ്ങളുടെ ജൈവഭൂപടം.

 കന്യാസ്ത്രീമഠങ്ങളിലെ മനുഷ്യാവകാശധ്വംസനങ്ങളുടെ നേർക്കുള്ള നിശിതമായ മൂല്യവിചാരണകൾ ഈ നോവലിലെ മതവിമർശനത്തിന്റെ രാഷ്ട്രീയഭൂമികയായി മാറുന്നു. ദിയ, രോഗിയായ സഹോദരിക്കൊപ്പമെത്തുന്ന ശരണാലയവും വർഷങ്ങളോളം ജീവിക്കുന്ന കന്യാമഠവും സമീപകാല ചരിത്രം രേഖപ്പെടുത്തിയ കേരളീയ കന്യാമഠങ്ങളുടെ മുഴുവൻ ദുരൂഹതകളുടെയും താവളങ്ങളാണ്. ഗർഭം, ആത്മഹത്യ, വർണവിവേചനം, ബലാൽക്കാരങ്ങൾ, സാമ്പത്തിക ചൂഷണങ്ങൾ.... അഭയ മുതൽ ലൂസി കളപ്പുര വരെ നീളുന്ന, കന്യാമഠങ്ങളിൽ ബലികൊടുക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യുന്ന സ്ത്രീകളുടെ കദനഗാഥകളുടെ തനിയാവർത്തനം ‘തഥാഗത’യിലുണ്ട്.

യഥാർഥത്തിൽ എന്തിനാണ് കന്യാസ്ത്രീകളും കന്യാമഠങ്ങളും? പൗരോഹിത്യമെന്ന വ്യവസ്ഥയ്ക്കുവേണ്ടി പുരോഹിതരുള്ളതു മനസ്സിലാക്കാം. അവർ ബ്രഹ്മചര്യം പാലിക്കുന്നതും മനസ്സിലാക്കാം. പക്ഷെ പൗരോഹിത്യപദവിയിൽ പ്രവേശനമില്ലാത്ത, ആത്മാവിലും ശരീരത്തിലും ഒരുപോലെ ഷണ്ഡീകരിക്കപ്പെടുന്ന കന്യാസ്ത്രീകളുടെ ധർമവും ദൗത്യവുമെന്താണ്? സഭയുടെ വ്യാപാരസ്ഥാപനങ്ങളിൽ അടിമപ്പണിക്കാരണ് ഭൂരിപക്ഷം കന്യാസ്ത്രീകളും. വിശ്വാസത്തിന്റെയും സമ്പത്തിന്റെയും പുരുഷാധികാരത്തിന്റെയും ബലിയാടുകൾ. ഏതർഥത്തിലും ഭൂമിയുടെയും സ്വർഗത്തിന്റെയും തടവുകാർ. ദിയയെ കന്യാസ്ത്രീയാക്കാൻ മഠാധികൃതർ ശ്രമിക്കുന്നുണ്ടെങ്കിലും സിസ്റ്റർ ലിലി അവളെ ജീവിതത്തിലേക്കു മടക്കിയയ്ക്കുന്നു.

പെൺജീവിതത്തിന്റെ അതിദാരുണവും രുഗ്ണവുമായ ഒറ്റപ്പെടലുകളുടെയും കഷ്ടാനുഭവങ്ങളുടെയും പാനപ്പുസ്തകമാണ് ‘തഥാഗത’. ഒരൊറ്റ സ്ത്രീപോലുമില്ല, തന്റെ സൃഷ്ടിയിലും സ്ഥിതിയിലും സന്തുഷ്ടരും സംതൃപ്തരുമായി. ദിയ, കന്യാമഠത്തിലെ അന്തേവാസികൾ, തോട്ടങ്ങളിലെ തമിഴ് തൊഴിലാളികൾ, ദിയയുടെ സഹോദരി, അമ്മാമ, ഇളയമ്മ, സ്‌കൂളിലെ പെൺകുട്ടികൾ, ശ്യാം മാധവിന്റെ അമ്മ... ആരുമില്ല സ്ത്രീയായിരിക്കുന്നതിന്റെ സങ്കടങ്ങൾ നുകംപോലെ പേറാത്തവരായി. സഹനങ്ങൾക്കും സഹനങ്ങൾക്കുമിടയിൽ അവരിൽ പലരും ജീവിതം കൊണ്ടു ചതുരംഗം കളിച്ചു; എല്ലായ്‌പോഴും തോറ്റു. ക്രൂരമായ ബലാൽക്കാരങ്ങൾ. ആത്മഹത്യക്കും കൊലയ്ക്കുമിടയിൽ, പ്രജ്ഞയ്ക്കും ഭ്രാന്തിനുമിടയിൽ അവരുടെ ജീവിതം അവർ മാത്രമനുഭവിക്കുന്ന നോവായി മാറി. കാലദൂരങ്ങളും ദേശസ്ഥലികളും വർഗഭേദങ്ങളും സ്ത്രീയുടെ ജീവിതത്തിൽ യാതൊരു വ്യത്യാസവും വരുത്തുന്നില്ല. കന്യാമഠത്തിൽ പുരോഹിതന്റെ ബലാൽക്കാരത്തിലൂടെ ഗർഭിണിയായ അനീറ്റയുടെ അവസ്ഥ വായിക്കൂ:

“എനിക്കു പേട്യാവുന്നു ദിയേ. അനീറ്റ ദിയയുടെ ദുർബ്ബലമായ തോളിൽ അലച്ചുകെട്ടിക്കിടന്ന് പൊട്ടിക്കരഞ്ഞു, “ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലാ, എന്റെ സമ്മതത്തോടെയല്ല ഒന്നും. എനിക്ക് പേടിയാ അബോർഷനെന്നൊക്കെ കേൾക്കുന്നത്. അതിനൊക്കെ പോണേലും ഭേദം ചാകുവാ. ഇങ്ങനൊക്കെ ജിവിക്കുന്നേലും ഭേദം ചാകുവാ. ഈശോടെ മണവാട്ടിയായിട്ടുതന്നാ ഞാൻ ഇവിടെ വന്നെ. ഈശോടെ വിളി കേട്ടിട്ടാ.... അല്ലാതെ...” അനീറ്റ അടക്കിയ തേങ്ങളുകൾക്കിടയിലൂടെ പറഞ്ഞതൊക്കെയും ദിയയുടെ ഉൾക്കാതുകൾക്കുമാത്രം തിരിയുന്ന കാര്യങ്ങളായിരുന്നു. അവൾക്ക് അനീറ്റയെ ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ലായിരുന്നു. നിറഞ്ഞ കണ്ണുകളോടെ അവളെ നെഞ്ചോടുചേർത്ത് തലോടിക്കൊണ്ടിരുന്നപ്പോൾ അവളുടെ ഹൃദയത്തിൽനിന്നും മുഴുവൻ ദുഃഖവും തന്റേതിലേക്ക് ഒഴുകിയെത്തി. അവൾ ശമിച്ചേനെയെങ്കിൽ എന്ന് ദിയ ഉള്ളുപിടഞ്ഞ് ആഗ്രഹിച്ചു. അറവുകത്തിയുടെ കീഴിലെ കോഴിക്കുഞ്ഞിനെപ്പോലെ പിടയ്ക്കുന്ന ഹൃദയവുമായി അനീറ്റ മഠത്തിന്റെ ഇരുൾ പടർന്ന ഇടനാഴിയിലൂടെ തന്റെ കിടപ്പറയിലേക്ക് തന്നെത്തന്നെ മറ്റൊരാളെയെന്നോണം വലിച്ചിഴച്ച് കൊണ്ടുപോകുന്ന കാഴ്ചനോക്കി അവൾ അപ്പോഴും വെടിപ്പാകാത്ത ഭക്ഷണമുറിയുടെ വാതിക്കൽ നിന്നു”.

ദൈവമുപേക്ഷിച്ച മനുഷ്യരുടെ വൃത്താന്തപ്പുസ്തകമാണ് ‘തഥാഗത’. ശ്യാം മാധവ് ഉൾപ്പെടെയുള്ള പുരുഷന്മാരും ദിയ ഉൾപ്പെടെയുള്ള സ്ത്രീകളും ഇക്കാര്യത്തിൽ ഒരുപോലെയാണ്. ജീവിതം സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും ആനന്ദോദ്യാനമാണെന്ന് സങ്കല്പിക്കാൻ പോലും അവർക്കാകുന്നില്ല. നന്നേ ചുരുക്കം ചിലേടങ്ങളിൽ തൂമഞ്ഞുപോലുള്ള പ്രണയത്തിന്റെ ഒരാർദ്രാനുഭൂതി തിരയടിക്കും. ചുരുക്കം ചില മനുഷ്യരിൽ നിന്ന് സ്‌നേഹകാരുണ്യങ്ങളുടെ പൂമ്പാറ്റകൾ പാറിവരും. അങ്ങനെ ആനന്ദത്തിന്റെ ചില മഴവില്ലുകൾ ദിയയുടെ ആകാശത്തു പൊട്ടിവിടരുമെങ്കിലും ആത്യന്തികമായി അത് കാറും കോളും നിറഞ്ഞ ഒരു കർക്കടകസന്ധ്യപോലെ ഇരുണ്ടും മുഴങ്ങിയും പെയ്തവസാനിക്കുന്നു. ശ്യാം മാധവുമായുള്ള ഒരു സമാഗമത്തിന്റെ രവീന്ദ്രസംഗീതം പോലുള്ള വിവരണം വായിക്കൂ:

“ദിയയുടെ മനസ്സിൽ പ്രണയം കത്തിയെരിഞ്ഞു... യാഥാർഥ്യത്തിന്റെയും ഭാവനയുടെയും അതിരുകൾ മാഞ്ഞു.

ഇലകളില്ലാത്ത ഇലവുമരങ്ങളിൽ ചുവന്ന പൂക്കൾ ജ്വലിച്ചു. ചേക്കേറുവാനുള്ള പക്ഷികൾ കിഴക്കുനിന്നും പടിഞ്ഞാറേക്ക്.... പടിഞ്ഞാറുനിന്നും കിഴക്കോട്ട് വേഗത്തിൽ പറന്നു. നിരന്ന പാറയും പുൽത്തകിടിയുമുള്ള വഴിയോരത്ത് ഒരു ഉയർന്ന കൽത്തിട്ടമേൽ അവരിരുന്നു. പച്ചനിറമുള്ള മലകളുടെ തിരമാലകൾക്കപ്പുറം ചുകന്നു തുടുത്ത അസ്തമയസൂര്യൻ അവരോട് ചിരിച്ചു യാത്ര പറഞ്ഞു.

ശ്യാം ദിയയുടെ മെലിഞ്ഞ കൈത്തലം മൃദുവായി താലോടിക്കൊണ്ട് ചക്രവാളത്തിലേക്കു നോക്കിയിരുന്നു. ദിയ ശ്യാമിന്റെ മുഖത്തേക്കും.

“എന്തു രസമാണ് ശ്യാം നിന്നെ ഇങ്ങനെ നോക്കി നോക്കി ഇരിക്കാൻ? എത്ര കണ്ടിട്ടും കൊതിതീരുന്നില്ലാ”.

“അതിനുമാത്രം വിശേഷിച്ച് എന്താ എന്റെ മുഖത്ത്. ഞാനും കാണാറുണ്ട് എന്റെ മുഖം. കണ്ണാടിയിൽ...”

“ഓഹോ!! മത്തങ്ങാപോലത്തെ രണ്ടു കണ്ണുകൾ ഉണ്ടായാൽ പോരാ. കുറച്ചൊക്കെ സൗന്ദര്യബോധംകൂടി വേണം!”

“അതു ശരി! അപ്പോ അതില്ലാത്തോണ്ടാരിക്കും എനിക്ക് നിന്നെ ഇത്രയ്ക്കങ്ങ് ഇഷ്ടമായത്!”

“ദുഷ്ടാ!!” അവൾ കുറെ നേരം മുഖം വീർപ്പിച്ചിരുന്നു. പിണങ്ങിയിരിക്കുമ്പോൾ വല്ലാത്ത ശ്വാസംമുട്ട്!

ഭയങ്കര ബോറടി!

ബോറടി മാറ്റാൻ അവൾ അവന്റെ കൈത്തണ്ടയിലെ ചുരുളൻ രോമങ്ങളിൽ പിടിച്ചു വലിച്ചുകൊണ്ടിരുന്നു. ശ്യാമിന് നന്നായി വേദനിക്കാൻ തുടങ്ങി. വേണ്ടാ, വേണ്ട കേട്ടോ അയാൾ ഇടയ്ക്ക് തടുത്തുകൊണ്ടിരുന്നത് അവൾ ഗൗനിച്ചില്ല. ക്ഷമകെട്ട് അവൻ അവളുടെ കയ്യുരത്തിൽ സാമാന്യം നന്നായി ഒന്ന് പിച്ചി.

“ഹൗ!!” ദിയയ്ക്കും ശരിക്കും വേദനിച്ചു, നൊടിയിടയിൽ അവളുടെ മിഴി തുളുമ്പി. “അയ്യൊ, മോളൂ നൊന്തോ?” അയാൾ പരിഭ്രമിച്ചു. അവൾ മറുപടി പറയാതെ നിരങ്ങി നിരങ്ങി അയാളിൽനിന്നും കുറെ ഏറെ ദൂരം നീങ്ങിയിരുന്നു.... അയാൾ പറഞ്ഞു: “തമാശയ്ക്ക് പിച്ചിയതല്ലേ..... എനിക്കും നൊന്തിട്ടല്ലേ, വാ... വാന്ന്!!” അവൾ തല അയാൾക്കെതിരെ തിരിച്ച് അകലങ്ങളിലെ മലകളിലെ ഇടതൂർന്ന പച്ചകളിലേക്കു നോക്കി ഇരുന്നു.... അയാൾ കുറെനേരം അവളുടെ പാർശ്വഭംഗിയിൽ മിഴിനട്ടിരുന്നു. പിന്നെ തന്റെ മുന്നിലെ ചെറിയ ഉരുളൻകല്ലുകൾ എറിഞ്ഞുപിടിച്ചുകൊണ്ട് പാടുവാൻ തുടങ്ങി,

“ഞാൻ തനിച്ചിരിക്കുമ്പോൾ മുഴുവൻ പ്രപഞ്ചവും എന്നോടൊപ്പമാണ്...

എന്നാൽ നിന്നോടൊപ്പമിരിക്കുമ്പോഴാകട്ടെ

ഞാൻ മുഴുവൻ പ്രപഞ്ചത്തോടൊപ്പമാണ്....

എന്റെ കരവലയത്തിൽ ഒതുക്കാവുന്ന ഒരു വലിയ പ്രപഞ്ചത്തോടൊപ്പം...”

സൂര്യൻ അസ്തമിച്ചിട്ടും അവർ ഒരു പ്രകാശവലയത്തിലായിരുന്നു. എന്തുകൊണ്ടെന്നാൽ അവർ പുഞ്ചിരി തൂകുന്നുണ്ടായിരുന്നു. പ്രണയികൾക്കു മാത്രമുള്ളതരം പുഞ്ചിരി”.

എങ്കിൽപോലും, ആത്യന്തികമായി ഈ നോവൽ മർത്യജന്മത്തിന്റെ അർഥശൂന്യതയെക്കുറിച്ചുള്ള ഒരു ദീർഘോപന്യാസമാണ്. ശരീരത്തിന്റെയെന്നപോലെ ആത്മാവിന്റെയും ദുഃഖത്തെയും വേദനയെയും ദാരിദ്ര്യത്തെയും രോഗത്തെയും ഏകാന്തതയെയും നിരാസങ്ങളെയും സ്‌നേഹരാഹിത്യങ്ങളെയും വിശ്വാസനഷ്ടങ്ങളെയും മരണത്തെയും കുറിച്ചുള്ള പ്രാണസങ്കീർത്തനങ്ങൾ.

നോവലിൽ നിന്ന്:-

“ആശങ്കകൾ വിട്ടൊഴിയാത്ത ദിയയുടെ മ്ലാനമായ മുഖത്തുനിന്നും മഠത്തിന്റെ ചുറ്റുമതിലിനുമേൽ കാണാനാവുംവിധം അലക്കിവിരിച്ച കന്യാവസ്ത്രങ്ങളിലേക്ക് മിഴി തെന്നിച്ചുകൊണ്ട് ലിലിയാമ്മ ചോദിച്ചു:

ഇവിടെ നിത്യേന അലക്കി മടക്കി ഇസ്തിരിയിടാറുള്ള വെണ്മയേറുന്ന ആ തിരുവസ്ത്രങ്ങളിലേക്ക് എപ്പഴെങ്കിലും നീ സൂക്ഷിച്ച് നോക്കിയിട്ടുണ്ടോ? വളരെ വളരെ സൂക്ഷിച്ച്? മനക്കണ്ണുകൊണ്ട്? അവ തുന്നുന്നതിനുള്ള മുഴുവൻ ഇഴകളും നൂറ്റെടുക്കാനെടുത്ത ചരിത്രകാലത്തിലെ നിമിഷങ്ങളോരോന്നിൽനിന്നും അവയിലേക്കിറ്റ ചോരയും വിയർപ്പും പഴുപ്പും എത്രമാത്രമായിരുന്നു എന്നറിഞ്ഞിരുന്നുവെങ്കിൽ.... നാം അവ നിറുത്താതെ അലക്കിക്കൊണ്ടേയിരുന്നേനേ. സ്വന്തം തൊലിയുരിഞ്ഞു നഗ്നരായി നടക്കുന്നതാണ് അതിലേറെ അഭിമാനകരം എന്നു ചിന്തിച്ചുപോയേനേ...

എത്ര വിശ്വാസികൾ ബലികഴിക്കപ്പെട്ടു. എത്രയധികം ജീവിതാഹ്ലാദങ്ങൾ ത്യജിക്കപ്പെട്ടു. എത്രയേറെപ്പേർ എത്രയധികം മൃഗീയമായി പീഡിപ്പിക്കപ്പെട്ടു എന്നതാണ് ഒരു മതവിശ്വാസം എത്ര മഹത്ത്വമേറിയതാണ് എന്നതിന്റെ അളവുകോൽ... ഒരു കഥ ഓർമ്മവരുന്നു.... ഏതോ ഒരു നോവലിലെ കഥാപാത്രം മറ്റൊരാളോട് പറേന്ന കഥയാട്ടൊ. നോവലിന്റെ പേരുമറന്നു”.

പുരികത്തിന്മേൽ വിരലോടിച്ച് മിഴികൂപ്പിയിരുന്നു ലിലിയാമ്മ പറഞ്ഞു:

“പണ്ട്, വളരെ വളരെ പണ്ട്, ഏതോ ഒരു നാട്ടിലാണ് ഈ കഥനടന്നത്.

മേന്മയേറിയ അതീവ മനോഹരമായ കംബളങ്ങളുടെ നെയ്ത്തുകേന്ദ്രമെന്ന നിലയിൽ കേൾകേട്ട നാടായിരുന്നു. ആ നാട്, ഉണ്ടെങ്കിലും ഇല്ല, ഇല്ലെങ്കിലും ഉണ്ട് എന്നപോലെ അതീവ നേർമ്മയുള്ള പട്ടുനൂലുകൊണ്ടാണ് ആ കമനീയ കംബളങ്ങൾ നെയ്തിരുന്നത്. കംബളം കണ്ടാലും അങ്ങനെതന്നെ. മനോഹരമായ അദൃശ്യതയുടെ ദൃശ്യതപോലെ! ആരാണെന്നോ അവയുടെ നെയ്ത്തുകാർ? പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുറെയേറെ അടിമക്കുട്ടികൾ! കാഴ്ചകൾ കണ്ട് ചെകിടിക്കാത്ത കുരുന്നുകണ്ണുകൾക്ക് കാഴ്ചശേഷി കൂടുതലുണ്ടാവാം...! കണ്ണിൽ കാണാനില്ലാത്തത്ര നേർമ്മയുള്ള നൂലുകൾ നെയ്തുനെയ്ത് കുട്ടികളുടെ കാഴ്ചയാകട്ടെ ക്രമേണ കുറഞ്ഞുവന്ന് അവർ അന്ധരായി മാറും! ഒരു കൂട്ടർ അന്ധരായിക്കഴിയുമ്പോഴേക്കും അടുത്തകൂട്ടം അടിമപ്പിള്ളാരെ അവർ ആട്ടിത്തെളിച്ചു കൊണ്ടുവരും, പുതിയ കംബളങ്ങൾക്കായി.

അങ്ങനെ നെയ്തുതീർത്ത കംബളങ്ങളുമായി വ്യാപാരികൾ നാടൊട്ടുക്കുള്ള പ്രഭുക്കന്മാരുടെ വീടുകളിലെത്തും.... പത്ത് അടിമക്കുട്ടികളെ അന്ധരാക്കിയ കംബളത്തിന്റെ ഇരട്ടി വിലയാണ് ഇരുപത് കുട്ടികളെ അന്ധരാക്കിയ കംബളത്തിന്...

കംബളങ്ങൾ വാങ്ങുന്ന പ്രഭുക്കന്മാർ വിരുന്നുവേളകളിൽ കംബളത്തിന്റെ മനോഹാരിതയെ പ്രശംസിക്കുന്ന അതിഥികളോട് ഗമ പറയും...

“നൂറ് അടിമപ്പിള്ളാരെ അന്ധരാക്കിയ കമ്പളമാണ്... അതുകൊണ്ടെന്താ? മുന്തിയ ഒരു രത്‌നത്തിന്റെ വിലകൊടുത്തു വാങ്ങേണ്ടിവന്നു!”

സിസ്റ്റർ ലിലി പറഞ്ഞുനിറുത്തി. ദിയയെ നോക്കി. അവൾ തലകുമ്പിട്ടിരുന്നു. എത്ര വിധേയരുടെ സ്വതന്ത്രകാഴ്ചകളെയോ അവരെത്തന്നെയോ ഇല്ലായ്മചെയ്താണ് വിശ്വാസമെന്ന കമനീയകംബളം നെയ്യപ്പെടുന്നത്... എത്ര കിരാതമായ യുദ്ധമുറകൾ, കൊടും പീഡനങ്ങൾ, വിശ്വാസസംരക്ഷണക്കോടതികളുടെ വിധി പാലിക്കാൻ തൊലിയുരിച്ചും നഖം പിഴുതും തുണ്ടം തുണ്ടമായി കഷണിക്കപ്പെട്ടും വിഷം കുടിപ്പിച്ചും അറുത്തുകീറിയും അവയവങ്ങൾ പറിച്ചെടുത്തും കൊന്നൊടുക്കപ്പെട്ട എത്രയോ നിഷ്‌കളങ്കചിന്തകൾ, വ്യത്യസ്താഭിപ്രായങ്ങൾ, സത്യാന്വേഷണങ്ങൾ, സ്വതന്ത്രമായ ഉൾക്കാഴ്ചകൾ.

ഇപ്പോൾതന്നെ അവർക്കിടയിൽ പകൽവെളിച്ചംപോലെ അനീറ്റയുടെ ജീവിതം. മരണവും. അവൾ ദീർഘമായി നിശ്വസിച്ചു.

നേർക്കുനേർ കാണാവുന്ന പുറംകാഴ്ചകളുടെ വിസ്മയവഴികളിലൂടെ നടന്നുനടന്ന് അകക്കാഴ്ചകളുടെ നിഗൂഢതകളിലേക്ക് അകക്കണ്ണു മിഴിയുന്ന കാലമെത്താനിടവരുത്താതെ പിഞ്ഞിലേതന്നെ തലതുരന്ന് തലച്ചോറിൽ മതത്തിന്റെ വേറിട്ട മുദ്രകൾ പച്ചകുത്തും മതം.

ദിയ വാക്കുകൾ തിരഞ്ഞു. കുട്ടിക്കാലത്ത്, പൊട്ടിയ മുത്തുമാലയുടെ പഞ്ചാരമുത്തുകൾക്കായി മുറ്റത്തെ പൂഴിമണ്ണിൽ തിരയുമ്പോലെ ക്ലേശകരമായിരുന്നു അത്. മുത്തുകൾ പൂഴിയിൽ മറഞ്ഞുകിടക്കും. ഒരു പൊടിത്തിളക്കം കണ്ട് എടുക്കാൻ വിരൽ തൊട്ടാൽ മണ്ണിലേക്കത് കൂടുതൽ ആണ്ടുപോകുകയും ചെയ്യും.

“മതം ഒരു ചട്ടക്കൂടാണ്. പ്രൊക്രൂസ്റ്റസ്സിന്റെ കട്ടിൽപോലെ ഒന്ന്. അതിനു പാകമാകും വിധം നിന്നെ അത് മുറിക്കുകയോ വലിച്ചുനീട്ടുകയോ ചെയ്യും. അടിമ ഉടമയെ സ്‌നേഹിക്കുന്നപോലെ ദൈവത്തെ സ്‌നേഹിക്കാനേ നിനക്കു കഴിയൂ, അതിനുള്ളിൽ നിൽക്കുമ്പോൾ ഒരു ഘട്ടം വരുമ്പോ, ദൈവത്തെയാണോ സഭയെയാണോ നീ സ്‌നേഹിക്കുന്നതെന്ന് നിനക്ക് മനസ്സിലാവാതെവരും. സഭയുടെ ഇച്ഛ ദൈവേച്ഛയെന്നു സമാധാനിക്കുന്നവർക്ക് പിടിച്ചുനിൽക്കാനാവും. അല്ലാത്തവരുടെ മനസ്സ് വല്ലാത്ത സ്വത്വപ്രതിസന്ധിയിൽ സദാ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കും... മനസ്സും ശരീരവും പണയപ്പെടുത്തലല്ല, പൂർണ്ണമായും സ്വതന്ത്രമാക്കലാണ് സ്‌നേഹമെന്നും മനുഷ്യസ്‌നേഹത്തിൽനിന്നും വേറിട്ട് ദൈവസ്‌നേഹത്തിന് നിലനിൽപ്പോ അർത്ഥമോ ഇല്ലെന്നും തിരിച്ചറിയാൻ കാലമേറെ എടുക്കും. സഭയ്ക്കത് രണ്ടും രണ്ടുതന്നെയാണ്.... എന്നെ സംബന്ധിച്ച് അതു രണ്ടും ഒന്നായതുകൊണ്ടാണ് ഇതൊക്കെ ഞാൻ നിന്നോട് തുറന്ന് പറയുന്നത്...”

“അപ്പോ... സിസ്റ്ററോ...?”

“തളയ്ക്കപ്പെട്ട ഉടലിനുള്ളിൽ അനന്തതകളിലേക്കു ചിറകു വിരിക്കുന്ന മനസ്സുമായി ജീവിക്കുന്നവരുണ്ട്, എന്നാൽ സ്വതന്ത്രമായ ശരീരത്തിനുള്ളിൽ തളച്ചിട്ട മനസ്സോടെ ജീവിക്കുന്നവരും ഉണ്ട്. സ്വാതന്ത്ര്യമെന്നത് ഒരു മാനസികാവസ്ഥയാണ്. ഒരാളുടെ സ്വകാര്യമായ തെരഞ്ഞെടുപ്പുമാണ്. അല്ലാതെ, മറ്റൊരാളുടെ ഔദാര്യമല്ല. നിനക്ക് ഞാൻ പറയുന്നത് ഉറപ്പായും മനസ്സിലാകും. ഒരുപക്ഷേ, ഇപ്പോഴല്ല!

 ആദ്യം നീ നിന്റെ ഉടമയാവുക. നിന്റെ സ്വേച്ഛ എന്തെന്ന് സ്വഹൃദയം പറയുന്നതിന് കാതോർക്കുക. അത് ദൈവവിളി കേൾക്കുന്നെങ്കിൽ പോന്നോളുക മഠത്തിലേക്ക്. അതല്ലെങ്കിൽ എളേമ്മയെ കൂട്ടി നിന്റെ വീട്ടിലേക്കു പോവുക. ഇപ്പോ നിനക്ക് ഒരു തൊഴിൽ നേടാനുള്ള യോഗ്യതയുണ്ട്, സർക്കാർ സ്‌കൂളുകളിൽ ഒഴിവു വരുമ്പോൾ അപേക്ഷിക്കുക. നന്നായി പരിശ്രമിക്കുക. ഒരു തുടക്കത്തിന് അത്യാവശ്യം പണം ഞാൻ തരാം. പിന്നെ കൂലിപ്പണിയെങ്കിൽ അത് ചെയ്യണം. ചെയ്യേണ്ടിവരും. അല്ലെങ്കിൽ ആടോ കോഴിയോ വളർത്ത്.... ആദ്യം ജീവിതം നിന്നെ നയിക്കും....! പിന്നെ ജീവിതത്തെ നീയ്! തീയിൽ കിളിർത്തു, തീ അടങ്ങി. ഇനി കുറേ വെയിലുകൂടി കൊള്ളണമായിരിക്കാം. അത്രേയുള്ളൂ...”

“പക്ഷേ... ഞാന്.... എന്റെ കയ്യില്..... ഒന്നൂല്ലാതെ...”

“കുഞ്ഞേ, അതിജീവനത്തിനുള്ള മുടക്കുമുതൽ, ഒരു മുടക്കുമില്ലാത്ത മുതലാണ്... അതാണ് ഇച്ഛാശക്തി..... അതു നിനക്ക് ഉണ്ടായേ തീരൂ. പിന്നെ വേണ്ടത് ഒരു തിരിച്ചറിവാണ്. ദൈവങ്ങളും ചെകുത്താന്മാരും കൂടി ഓടിക്കുന്ന രണ്ടു സ്റ്റിയറിങ്ങുകളുള്ള ഒരേ വാഹനത്തിലെ യാത്രക്കാരാണ് എല്ലാ മനുഷ്യരും എന്ന തിരിച്ചറിവ്! അല്ലെങ്കിൽ, നന്മതിന്മകളുടെ ഇരട്ട മുഖമുള്ള ഒരു ദൈവമേ നമുക്ക് ഉള്ളൂ എന്ന തിരിച്ചറിവ്...!!”.”

തഥാഗത
നോവൽ
ലിജി മാത്യു
ഡി.സി. ബുക്‌സ്, 2019
വില : 210 രൂപ

ഷാജി ജേക്കബ്‌    
കേരള സര്‍വകലാശാലയില്‍ ഗവേഷകവിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് കലാകൗമുദി വാരികയില്‍ തുടര്‍ച്ചയായി ലേഖനങ്ങളും ഫീച്ചറുകളും എഴുതിത്തുടങ്ങി. ആനുകാലികങ്ങളിലും, പുസ്തകങ്ങളിലും, പത്രങ്ങളിലും രാഷ്ട്രീയസാംസ്‌കാരിക വിഷയങ്ങളെ സംബന്ധിച്ച നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതിയിട്ടുണ്ട്. അക്കാദമിക നിരൂപണരംഗത്തും മാദ്ധ്യമവിമര്‍ശനരംഗത്തും സജീവമായ വിവിധ വിഷയങ്ങളില്‍ ഷാജി ജേക്കബിന്റെ നൂറുകണക്കിനു രചനകള്‍ പുറത്തുവന്നിട്ടുണ്ട്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

TODAYLAST WEEKLAST MONTH
പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പഴയ പ്രണയം വീണ്ടും മൊട്ടിട്ടു; ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചപ്പോൾ തടസ്സമായത് ഭാര്യ; ആയുർവേദ ചികിൽസയുടെ പേരിൽ പേയാട് വീടെടുത്ത് ശല്യക്കാരിയെ കഴുത്തു ഞെരിച്ച് കൊന്നു; തിരുന്നൽവേലിയിൽ മൃതദഹം സംസ്‌കരിച്ച് മൊബൈൽ ഫോൺ നേത്രാവതി ട്രെയിനിൽ എറിഞ്ഞത് ഒളിച്ചോട്ടക്കഥ ശക്തമാകാൻ; പൊലീസിന്റെ സംശയം മുൻകൂർ ജാമ്യ ഹർജിയായപ്പോൾ പണി പാളി; ഉദയംപേരൂരിലെ വിദ്യയെ കൊന്നത് ഭർത്താവും കാമുകിയും; കേരളത്തെ ഞെട്ടിച്ച് പ്രേംകുമാറും സുനിതാ ബേബിയും
പഠിക്കാൻ മിടുമിടുക്കിയുടെ പത്താം ക്ലാസിലെ ആദ്യ പ്രണയം ഒളിച്ചോട്ടത്തിൽ തീർന്നു; വിദ്യയുടേത് കൂടുവിട്ട് കൂടുമാറുന്ന സ്വഭാവം; ആദ്യ മൂന്ന് വിവാഹം രജിസ്റ്റർ ചെയ്യാത്ത 48കാരി 40കാരനെ ഔദ്യോഗികമായി വിവാഹം ചെയ്തത് 15 വർഷം മുമ്പ്; ഏതോ ഒരു ബന്ധത്തിലെ മകളുടെ വിവാഹത്തിൽ നിന്ന് അകറ്റിയത് പ്രേമന് വൈരാഗ്യമായി; റീയൂണിയനിൽ ഒൻപതാം ക്ലാസിലെ പഴയ കൂട്ടുകാരി സുനിതയെ കിട്ടിയപ്പോൾ എല്ലാം നിശ്ചയിച്ചുറപ്പിച്ചു; ഉദയംപേരൂർ കൊലയിലെ അവിഹിതത്തിന്റെ കാണാക്കാഴ്‌ച്ചകൾ ഇങ്ങനെ
മധുരയിൽ നാട്ടുകാർ അടിച്ചോടിച്ചത് ഭക്തയുടെ 14കാരിയായ മകളെ കയറിപ്പിടിച്ചതിന്; തിരുവണ്ണാമലയിൽ മർദനമേറ്റത് രഹസ്യ പൂജക്കെന്ന് പറഞ്ഞ് വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ; ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ സമ്മത പത്രം എഴുതിവാങ്ങുന്നത് പീഡന പരാതി ഒഴിവാക്കാൻ; താന്ത്രിക് സെക്‌സ് തെറാപ്പിയും കന്യകമാരെവെച്ചുള്ള നഗ്നപൂജയും അടക്കമുള്ളവക്കെതിരെ പലതവണ പ്രതികരിച്ചിട്ടും അധികൃതർ അനങ്ങിയില്ല; നിത്യാനന്ദ സർക്കാർ സപോൺസേഡ് ആൾദൈവമെന്ന് തമിഴ്‌നാട്ടിലെ അന്ധവിശ്വാസ നിർമ്മാർജന സമിതി
സൺബേർഡ് ബസിലെ കിളിയുമായി പ്രണയം തുടങ്ങിയത് ഒരു മാസം മുമ്പ്; പള്ളിയിൽ പോകാനിറങ്ങിയ പെൺകുട്ടി അടൂരിലെത്തി വിളിച്ചത് കാമുകനെ; കൂട്ടുകാരന്റെ നാട്ടിലേക്ക് കറങ്ങാൻ പോയത് അടിച്ചു പൊളിക്കാൻ; കനാൽ പുറമ്പോക്കിലെ പീഡനത്തിന് ശേഷം രാത്രിയിൽ റെയിൽവേ സ്റ്റേഷനിലും കാമുകന്റെ കാമകേളി; ക്രൂരത പുറത്തെത്തിച്ചത് സുഹൃത്തിന്റെ അമ്മയും പെങ്ങലും നടത്തിയ ഇടപെടൽ; അടൂരിലെ പീഡന മൊഴിയിൽ കൂടുതൽ അറസ്റ്റുണ്ടാകും; പത്താംക്ലാസിലെ മംഗലത്ത് ബസിലെ ക്രുരതയും പുറത്ത്
അച്ഛന് ജോലി കാരണം ചെങ്ങന്നൂരുകാരൻ 9-ാക്ലാസുവരെ പഠിച്ചത് വെള്ളറടയിൽ; 25കൊല്ലത്തിന് ശേഷം ചെറുവാരക്കോണത്തെ സ്‌കൂൾ റീയൂണിയൻ വാടക വീട്ടിലെ അടിച്ചു പൊളിയായി; മൂന്ന് മക്കളുടെ അമ്മയും രണ്ട് കുട്ടികളുടെ അച്ഛനും ഉല്ലാസയാത്രയുമായി കറങ്ങിയത് പ്രണയം തലയ്ക്ക് പിടിച്ച്; വിദ്യയെ വില്ലയിൽ കൊണ്ടു വന്ന് കൊന്നത് മദ്യപാന പാർട്ടിക്ക് ശേഷം; ട്വിസ്റ്റായി മംഗലാപുരത്തെ പെൺവാണിഭ ലോബിയും; പ്രേംകുമാറിന്റെ കാമുകിയായ വില്ലത്തി സ്വകാര്യ ആശുപത്രിയിലെ നേഴ്‌സിങ് സൂപ്രണ്ടും; വിദ്യയുടേത് സിനിമയെ വെല്ലുന്ന കൊലപാതകം
ഇന്ത്യയുടെ സ്ഥാനം 129 ആവുമ്പോൾ ഏറ്റവും സുഖമായ ജീവിതം നോർവേയിലും സ്വിറ്റ്‌സർലൻഡിലും അയർലൻഡിലും; 36-ാമതെത്തി സൗദി; ഏറ്റവും കൂടുതൽ കാശുള്ളത് ഖത്തറികൾക്ക്; ജീവിതം കൂടുതൽ നീളാൻ ഹോങ്കോങ്; പഠനത്തിന് നല്ലത് ഓസ്‌ട്രേലിയയും ജർമനിയും; പട്ടിണിയുടെയും സങ്കടത്തിൻെയും കാര്യത്തിൽ മുന്നിലെത്തി നൈജീരിയയും സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കും; ലോകരാജ്യങ്ങളുടെ യഥാർഥ അവസ്ഥ
ഇന്ത്യ അതിർത്തി പങ്കിടുന്ന അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്.... എന്ന് അമിത് ഷാ; പ്രതിപക്ഷം ഉയർത്തിയത് അഫ്ഗാൻ ഇന്ത്യയുമായി അതിർത്തി പങ്കിടുന്നില്ലെന്ന പരിഹാസവും ജ്യോഗ്രഫി അറിയില്ലെന്ന കളിയാക്കലും; പാക് അധീന കാശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അവിടെ അഫ്ഗാനുമായി അതിർത്തിയുണ്ടെന്നും തിരിച്ചടിച്ച് താരമായി ആഭ്യന്തര മന്ത്രി; ഇനി രാജ്യസഭാ കടമ്പ; കോടതിയിൽ ചോദ്യം ചെയ്യാൻ പ്രതിപക്ഷവും; ആറ് മത ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാനുള്ള ഭേദഗതി ബിൽ ക്ലൈമാക്‌സിലേക്ക്
കാമുകിയെ ഒരുനോക്ക് കാണാനായി പ്രവാസിയായ കാമുകൻ ബെംഗലൂരുവിലെത്തി; മൂന്ന് ദിവസം കഴിയുമ്പോൾ താൻ തിരികെ മടങ്ങുമെന്ന് പരിഭവം പറഞ്ഞതോടെ കട്ടകലിപ്പിൽ സൈക്കോ കാമുകിയും; ബെംഗലൂരൂ റെയിൽവേ സ്റ്റേഷനിൽ കിടന്ന് അലമ്പുണ്ടാക്കിയ മലയാളികളായ കമിതാക്കൾ മൂലം വലഞ്ഞത് റെയിൽവേ സുരക്ഷാ സേനയും; ഒടുവിൽ ബന്ധുക്കളെത്തി പെൺകുട്ടിയെ കൂട്ടികൊണ്ടുപോയി
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മനോരമ ഓഫീസിൽ ദ വീക്കിന്റെ എഡിറ്റുടെ കാബിനിൽവെച്ച് അദ്ദേഹം എന്നെ സ്പർശിച്ചു; ഭയപ്പെടേണ്ട, ഞാൻ നിങ്ങളുടെ ലേഖനങ്ങൾ പതിവായി പ്രസിദ്ധീകരിക്കുമെന്ന് വാഗ്ദാനം; കണ്ണുനീരോടെ വാതിലിനടുത്തേക്ക് നീങ്ങിയപ്പോൾ അയാൾ വിട്ടില്ല; ബ്രാ സ്ട്രാപ്പ് വലിച്ചു, പിന്നങ്ങോട്ട് നിർബന്ധിത ചുംബനങ്ങളായിരുന്നു; നിലവിളിച്ച് പുറത്തേക്ക് ഓടി'; അന്തരിച്ച മാധ്യമ പ്രവർത്തകൻ ടി വി ആർ ഷേണായിക്കെതിരെയും മീടു; പത്മശ്രീ ജേതാവിനെതിരെ ഉയരുന്നത് ഗുരുതര പീഡന ആരോപണം
2008ൽ യുവതികളുടെ മുഖത്ത് ആസിഡ് വീണ് പൊള്ളിയപ്പോൾ പ്രതിഷേധാഗ്നിയിൽ ജ്വലിച്ച് വാറങ്കൽ; പ്രതികളെ കൈവിലങ്ങ് വച്ച് 48 മണിക്കൂറിനുള്ളിൽ വെടിവച്ച് കൊന്നപ്പോൾ ചർച്ചയായത് സജ്ജനാറിന്റെ പേര്; പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർത്ഥം വെടിവച്ചെന്ന വാദം വീണ്ടും ഉയർത്തുന്നതും വാറങ്കലിലെ പഴയ പുലി; 'ദിശ'യെ കൊന്നവരുടെ ജീവൻ തെലുങ്കാന പൊലീസ് എടുക്കുമ്പോൾ സൈബരാബാദിലെ കമ്മീഷണറുടെ കസേരയിലുള്ളതും അതേ വിസി സജ്ജനാർ
പൈപ്പ് ലെയിൻ റോഡിലൂടെ ബസിറങ്ങി വരുന്നതിനിടെ നാലുവയസുള്ള കുട്ടി ഓടി വന്ന് രക്ഷിക്കണേ ആന്റി എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു; പിന്നാലെ ഓടിയെത്തിയത് മൂന്നംഗ മുഖംമൂടിസംഘം; രക്ഷിക്കാനായി വാരിയെടുത്തെങ്കിലും കുട്ടിയെ തട്ടിയെടുത്ത് ഓമ്‌നി വാനിൽ കയറ്റി സംഘം മറഞ്ഞു; ആക്രമണത്തിനിടെ കയ്യിൽ മുറിവേറ്റെന്നും വിദ്യാർത്ഥിനിയുടെ മൊഴി; കളമശേരി 'കിഡ്‌നാപ്പിങ്' അന്വേഷിച്ചപ്പോൾ ഞെട്ടിയത് പൊലീസ്
ദുബായിക്കാരൻ യുവാവ് അമ്മയുടെ ചികിത്സക്കായി നാട്ടിൽ പോയപ്പോൾ ഭാര്യ മറ്റൊരാളുമായി ഒരുമിച്ച് താമസം തുടങ്ങി; ഇടയ്‌ക്കൊന്നു നാട്ടിൽ വന്ന് ഭർത്താവുമായി താമസിച്ച് ഒരു മാസം കഴിഞ്ഞ് പറഞ്ഞത് താൻ ഗർഭിണി ആയെന്ന്; ചികിത്സാ ചെലവിനെന്ന് പറഞ്ഞ് പണവും വാങ്ങി; നാട്ടിൽ നിന്ന് തിരികെ യുഎഇയിൽ എത്തി ആറു മാസമായപ്പോൾ പ്രസവിച്ചു; ചതി മനസ്സിലാക്കിയ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ ക്രെഡിറ്റ് കാർഡിൽ പണം അടക്കാത്തതിനാൽ യാത്രാവിലക്കും; ഭാര്യയുടെ വഞ്ചനക്കെതിരെ യുവാവ് പരാതിയുമായി നോർക്കയിൽ
ദിശയെ പീഡിപ്പിച്ച് അതിക്രൂരമായി കൊന്ന നാല് പേരേയും വെടിവച്ച് കൊന്ന് തെലുങ്കാന പൊലീസ്; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നാല് പ്രതികളേയും വെടിവച്ചു കൊന്നുവെന്ന് ഔദ്യോഗിക വിശദീകരണം; പൊലീസിനെ ആക്രമിച്ചപ്പോൾ തിരിച്ചു വെടിവച്ചുവെന്ന് അറിയിപ്പ്; ഏറ്റുമുട്ടൽ കൊലപാതകമെന്ന് പൊലീസ്; കൊലപാതകം പുനരാവിഷ്‌കരിച്ചു കൊണ്ടുള്ള തെളിവെടുപ്പിനിടെ നടന്നത് ഞെട്ടിക്കുന്ന ഏറ്റുമുട്ടൽ; ഹൈദരാബാദിലെ യുവ ഡോക്ടറെ വകവരുത്തിയവർ ഇല്ലാതാകുമ്പോൾ
പാടത്തെ ചെളിയിൽ കിടന്നുരുളൽ; റിസോർട്ടിലെ ബാത്ത്ടബിലെ നനഞ്ഞൊട്ടിയുള്ള ആലിംഗനം; കടൽത്തീരത്തു തിരകൾക്ക് ഇടയിലൂടെയുള്ള ഓട്ടം; പറന്നുയരുന്ന പ്രാവുകൾക്കിടയിൽ നിന്നൊരു ചൂടൻ ചുംബനം; ന്യൂജൻ 'കല്യാണക്കുറി'കൾ മുഖം മാറ്റുമ്പോൾ ഉയരുന്നത് സദാചാര ഇടപെടൽ വേണ്ടെന്ന് പൊതു അഭിപ്രായം; പോസ്റ്റ് പിൻവലിച്ചിട്ടും കേരളാ പൊലീസിന്റെ ഉപദേശത്തിൽ ചർച്ച തുടർന്ന് സോഷ്യൽ മീഡിയ; ബീച്ച് സ്‌റ്റൈലിനേക്കാൾ കളറാണ് ഈ മലയാളി പെണ്ണും ചെക്കനും: പുതിയ ലുക്കുകളിലേക്ക് വെഡ്ഡിങ് ഫോട്ടോ ഷൂട്ട് മാറുമ്പോൾ
പതിനായിരം പേർ മരിക്കേണ്ടി വന്നാലും കോതമംഗലം ചെറിയ പള്ളി വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ല; എന്തുവന്നാലും പള്ളി സംരക്ഷിക്കും; മറ്റുമതവിഭാഗങ്ങളുടെ പിന്തുണ കൂടി തങ്ങൾക്കുണ്ട്; പള്ളി സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ കടുത്ത നിലപാടുമായി യാക്കോബായ വിഭാഗം; മതമൈത്രി സംരക്ഷണ സമിതിയുമായി ആലോചിച്ച് ഭാവിനടപടികളെന്ന് ചെറിയപള്ളി ട്രസ്റ്റി സി ഐ ബേബി
എന്നെയും കൊന്നു കളഞ്ഞേക്കു എന്ന് കണ്ണീരോടെ ചിന്നകേശവലുവിന്റെ ഗർഭിണിയായ ഭാര്യ; മകന്റെ മരണവാർത്ത കേട്ട് ബോധരഹിതയായി നിലംപതിച്ചത് പ്രധാനപ്രതിയായ മുഹമ്മദ് ആരിഫിന്റെ അമ്മ; പൊലീസിന്റെ ക്രൂരകൊലപാതകമെന്ന് നവീന്റെ അച്ഛനും എല്ലാ റേപ് കേസ് പ്രതികളെയും ഇതുപോലെ കൊല്ലണമെന്ന് ജൊല്ലു ശിവയുടെ പിതാവും; കുറ്റം തെളിയിക്കും മുന്നേ ശിക്ഷ വിധിച്ച് നടപ്പിലാക്കിയ തെലങ്കാന പൊലീസിന്റെ നടപടിയെ കയ്യടിക്കുന്നവർ കാണാതെ പോകുന്ന കണ്ണുനീർ പറയുന്നത് ഇങ്ങനെ
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ