Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കവി(ത)യുടെ മെയ്പാടുകൾ

കവി(ത)യുടെ മെയ്പാടുകൾ

ഷാജി ജേക്കബ്

'We are heterosexuals statistically or in molar terms, but homosexuals personally, whether we know it or not, and finallyt ranssexuals elementarily, molecularly' Deleuze and Guattari, 1972. 

കാല്പനികതയുടെ ധൂർത്തും ധാരാളിത്തവും കൊണ്ട് കാവ്യാസ്വാദകരെ വിസ്മയിപ്പിച്ച കവിയായി മാത്രം (കളിയച്ഛൻ പഠനങ്ങളൊഴികെ) വിലയിരുത്തപ്പെട്ടുപോന്ന പി. കുഞ്ഞിരാമൻനായരെ ചരിത്രനിഷ്ഠമായി പുനർവായിക്കുന്ന വിമർശനപഠനമാണ് സന്തോഷ് മാനിച്ചേരിയുടെ 'വിജയിച്ച പുരുഷൻ, പരാജിതനായ കാമുകൻ'. ക്വീർ (Queer)  സിദ്ധാന്തം മുൻനിർത്തി മലയാളത്തിൽ ഒരെഴുത്തുകാരന്റെ രചനാലോകത്തെക്കുറിച്ചുണ്ടാകുന്ന സമഗ്രമായ ആദ്യ നിരൂപണം. കൊളോണിയൽ ആധുനികതയും അതിന്റെ ഭിന്നവ്യവഹാരങ്ങളും ചേർന്നു നിർമ്മിച്ച ആൺകോയ്മകളെ മർത്യകാമനകളുടെ ബഹുസ്വരതകൊണ്ടു മറികടക്കാൻ ശ്രമിച്ച കാവ്യവ്യക്തിത്വമായിരുന്നു. പി. കുഞ്ഞിരാമൻനായരുടേത് എന്നു സമർഥിക്കുന്ന ദീർഘപ്രബന്ധം. എം.എൻ. വിജയന്റെ വൈലോപ്പിള്ളിപഠനം പോലെ, മലയാളകവിതാ വിമർശനത്തിൽ വിരളമായി മാത്രം സംഭവിക്കുന്ന മൗലികമായ സൈദ്ധാന്തികവായനാശ്രമങ്ങളിലൊന്ന്. 'ആമുഖ'ത്തിൽ സന്തോഷ് തന്റെ കാവ്യവായനാപദ്ധതി ഇങ്ങനെ കുറിച്ചിടുന്നു.

'പി കുഞ്ഞിരാമൻനായർ ജാതികൊണ്ടും ആൺപദവികൊണ്ടും കവിപദവികൊണ്ടും സവർണ സാഹിതീയ മണ്ഡലത്തിൽ സ്ഥാനികത്വമുള്ളയാളാണ് (Majoritarian).

എന്നാൽ അദ്ദേഹത്തിന്റെ കവിത അടിസ്ഥാനപരമായി അവയെ നിർവീര്യമാക്കുന്നുണ്ട് (becoming - minoritarian). തൃഷ്ണാബദ്ധമായ ജീവിതത്തെ ദർശനമാക്കുകയും ബോധത്തെ കവിയുന്ന അബോധങ്ങൾക്കും അവയുടെ ഭാവതീവ്രതകൾക്കും സ്വയം തീനായി മാറുകയും ചെയ്യുന്നതിലൂടെയാണ് അത് അധീശസ്വരൂപത്തിൽനിന്നു മോചനം തേടുന്നത്. കുഞ്ഞിരാമൻനായർ ജീവിതത്തിലുടനീളം പുലർത്തിയ ചരരാശിത്വം കവിതയിലുമുണ്ട്. സ്ഥാപനങ്ങളിൽനിന്നു മുക്തമായ ഒരു അബോധലോകം കവിതയിൽ അദ്ദേഹം സൂക്ഷിക്കുന്നുണ്ട്. ആധുനികതയുടെ വിചാരപദ്ധതികലിൽ നിലീനമായ അധീശതാത്പര്യങ്ങളിൽ സന്ദേഹിയായിരുന്നു, ആ കവിത. എല്ലാ സർഗാത്മകതകളേയും കൂട്ടിലടച്ച വിക്ടോറിയൻ സാമൂഹ്യാദർശങ്ങളിൽനിന്നും കുതറുകയും ആധുനികപൂർവ്വമായ ബലങ്ങളിലേക്കു ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്, ആ കവിത. നവോത്ഥാനത്തിന്റെ വെളിച്ചങ്ങളെ സ്വാംശീകരിക്കുമ്പോൾത്തന്നെ അവ മുന്നോട്ടുവെക്കുന്ന 'യുക്തി'യുടെ നിരപ്പുകേടിൽ സന്ദേഹിയാവുന്നുമുണ്ട്. കാവ്യപഠനം യാഥാർത്ഥ്യങ്ങൾ കുഴിച്ചെടുക്കുന്ന കഠിനവൃത്തിയല്ല, ഇന്ന്. ഈ അന്വേഷണം കുഞ്ഞിരാമൻനായർ കവിത എന്താണു സംസാരിച്ചതെന്നു കണ്ടെത്താനുള്ള പരിശ്രമമല്ല. കുഞ്ഞിരാമൻനായർ കവിത സമകാലികനായ, ഒരാണിൽ പ്രവർത്തിക്കുന്നതിന്റെ പ്രകാരങ്ങളാണ് ഈ പുസ്തകം. ഒരുപക്ഷേ, സമകാലിക ലോകത്തുനിന്ന് ഒരാൾ രൂപപ്പെടുത്തുന്ന പുതിയ കുഞ്ഞിരാമൻനായർ കവിത.

കവിത ഉടലുണർവ്വുകളും (Affects) അനുഭൂതിക (Percepts)ളുമാണ് പ്രാഥമികമായും ഉത്പാദിപ്പിക്കുന്നത്. കുഞ്ഞിരാമൻനായർ കവിത നിർമ്മിക്കുന്ന തീവ്രമായ ഉടലുണർച്ചകളും അനുഭൂതികളും എന്നിലെ ആണിനെ അഴിച്ചുപണിയാൻ പ്രേരിപ്പിക്കുന്നു. പെൺമയിലേക്കു നടക്കാൻ പ്രേരിപ്പിക്കുന്നു. സ്വയം അപനിർമ്മിക്കാൻ പ്രചോദിപ്പിക്കുന്നു. തൃഷ്ണകളുടെയും കാമനകളുടെയും നിരന്തരശക്തികളെ വിന്യസിക്കുന്ന ജീവിതത്തിന്റെ കവിതയായി, അവയുടെ നടപ്പു സാംസ്‌കാരികാർത്ഥങ്ങളെ കൊഴിച്ചുകളഞ്ഞ് എനിക്കുമുന്നിൽ പ്രത്യക്ഷപ്പെടുന്നു. തൃഷ്ണാശക്തിയുടെ ഊർജ്ജവേഗങ്ങളുമായി അദ്ഭുതകരമായ ജീവിതത്തെ പുണരാൻ പ്രേരിപ്പിക്കുന്നു'.

ദലൂസിയൻ പരികല്പനയായ ഭാവശക്തി/ഉടലുണർവ് (affect) പിൻപറ്റിയും 'പുരുഷൻ' എന്നത് ആണിന്റെ അധീശരൂപകവും അവസ്ഥയും 'കാമുകൻ' എന്നത് ദുർബ്ബലരൂപകവും അവസ്ഥയുമായി വ്യാഖ്യാനിച്ചുമാണ് പി. കവിതകളുടെ പഠനം സന്തോഷ് നടത്തുന്നത്. ഭാവാനുഭൂതികളുടെ ഉറവിടം വൈകാരികവും മാനവികവും മാത്രമല്ല ഭൗതികവും ശാരീരികവുമാണ് എന്ന ദലൂസിയൻ വാദം, അനുഭൂതികളെ ചരിത്രവൽക്കരിക്കാനുള്ള സാധ്യതകളാണ് തുറന്നിടുന്നത്. ഭദ്രവും സയുക്തികവുമായ ഇത്തരമൊരു സൈദ്ധാന്തിക രീതിശാസ്ത്ര പദ്ധതിയുടെ സ്വീകരണം ഈ പഠനത്തെ മൗലികവും പുതുമയുള്ളതുമാക്കുന്നു. ആധുനികാനന്തര സാംസ്‌കാരിക പരികല്പനകൾ മുൻനിർത്തി, ആധുനിക-ആധുനികതാപൂർവ സാഹിത്യത്തെ പുനർവായിക്കുന്നതിന്റെ മികച്ച മലയാള മാതൃകകളിലൊന്നായി അതുവഴി ഈ പഠനം മലയാള വിമർശനചരിത്രത്തിൽ ഇടംപിടിക്കുകയും ചെയ്യുന്നു.

മുഖ്യമായും മൂന്നു നിരീക്ഷണങ്ങളാണ് ഈ പഠനത്തിൽ സന്തോഷ് മുന്നോട്ടുവയ്ക്കുന്നത്. ഒന്ന്, ആധുനിക ആണത്തത്തെക്കുറിച്ചുള്ള വരേണ്യ അധീശയുക്തികൾ മറികടക്കുന്ന സ്വത്വകല്പനകൾക്കു രൂപം കൊടുക്കുന്നു, പി. കവിത. രണ്ട്, പ്രണയത്തിന് കൊളോണിയൽ ആധുനികതയുംവിക്ടോറിയൻ സദാചാരവും കല്പിച്ചുനൽകിയ ആദർശാത്മക സ്വരൂപത്തെ പി. കവിത പലനിലകളിൽ കയ്യൊഴിയുന്നു. മൂന്ന്, 'ശരീര'ത്തിന്റെ രൂപകാത്മകവും രാഷ്ട്രീയവുമായ സാന്നിധ്യംകൊണ്ട് സമകാലിക കാവ്യഭാവുകത്വത്തിൽനിന്നും ഏറെ മുന്നോട്ടു സഞ്ചരിക്കാൻ പി. കവിതക്കു കഴിഞ്ഞിരുന്നു.

സ്ത്രീ, പുരുഷകർതൃത്വങ്ങളെയും പ്രണയം, ലൈംഗികത തുടങ്ങിയ മൂല്യങ്ങളെയും കുടുംബം, ദാമ്പത്യം തുടങ്ങിയ സ്ഥാപനങ്ങളെയും ആധുനികതയുടെ സംഘർഷമണ്ഡലങ്ങൾക്കുള്ളിൽനിന്ന് അഭിസംബോധന ചെയ്ത കവിയാണ്, പി. ആദർശാത്മകവും പിതൃകേന്ദ്രിതവും സവർണവുമായ കർതൃ-മൂല്യ-സ്ഥാപനങ്ങളുടെ നിരാകരണവും മറികടക്കലും സാധ്യമാക്കി, പി. കവിതയെന്ന നിലപാടിലാണ് ഈ കാവ്യവിചാരങ്ങൾ സന്തോഷ് ക്രമപ്പെടുത്തുന്നത്. ആദർശാത്മക പ്രണയത്തിൽ ശരീരവും ലൈംഗികതയും നിഷിദ്ധമായിരുന്നു. പി. അവയെ തന്റെ കവിതയിൽ തിരികെ കൊണ്ടുവന്നു. എന്നുമാത്രമല്ല, ശരീരത്തിന്റെ കൂടി നിർമ്മിതിയായ ഭാവബന്ധങ്ങളിലേക്ക് പ്രണയത്തെ സന്നിവേശിപ്പിക്കുകയും ചെയ്തു. ഈവിധം, ആദർശാത്മകതയെ മറികടന്ന പ്രണയത്തെയും അതിന്റെ കർതൃസ്വരൂപമായ ആണിനെയും അവയുടെ ചരിത്രബദ്ധവും ഭൗതികവാദപരവും ശരീരനിഷ്ഠവുമായ വ്യാഖ്യാനസാധ്യതകൾ കൊണ്ടു പൂരിപ്പിക്കുകയാണ് സന്തോഷ്. ഒൻപതധ്യായങ്ങളിലായി നിർവഹിക്കുന്ന പി. കവിതാപഠനവും തുടർന്ന് ചുള്ളിക്കാടിന്റെയും സച്ചിദാനന്ദന്റെയും കവിതകളിൽ കാണുന്ന ആണത്തത്തിന്റെ തുടർസാന്നിധ്യങ്ങളെക്കുറിച്ചുള്ള ഓരോ പഠനവും ചേർന്നതാണ് ഈ പുസ്തകം.
'വിജയിച്ച പുരുഷൻ, പരാജിതനായ കാമുകൻ' എന്ന ആദ്യലേഖനം/അധ്യായം, ഭാവഗീതത്തിന്റെ കാല്പനികാനുഭൂതികളെ മറികടക്കുന്ന ആഖ്യാനകവിതയുടെ ചരിത്രപരതയാണ് പി.യുടെ ഭാവലോകമെന്നു വിശദീകരിക്കുന്നു. 'നിത്യകന്യക'യുടെ കാമുകനായി പരാജയമേറ്റുവാങ്ങുമ്പോഴും വിജയിച്ച പുരുഷനായി അവിടെ ആഖ്യാതാവ് മാറുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ രൂപംകൊണ്ടുവന്ന പുതിയ കേരളീയ സവർണസമുദായപുരുഷന്റെ സ്വത്വമാണ് അയാൾക്കുള്ളത്.

അതേയമയംതന്നെ ആധുനിക വിവാഹവ്യവസ്ഥക്കും ഭദ്രകുടുംബത്തിനും പിടികൊടുക്കാത്തയാളുമാണ്. 'അയാൾ ഒന്നിലധികം സ്ത്രീകളോടു പ്രണയമുള്ളയാളാണ്. പാലകനോ അധികാരിയോ ആയ പുരുഷനല്ല. ദുർബലനും തന്റെ ശീലങ്ങളിൽ പരിമിതനും അതേസമയം പ്രണയിയും സുഹൃദ്ഭാവമുള്ളവനും കാമിയുമായ അയാൾ ലിംഗവ്യക്തിത്വമെന്ന മിത്തിൽ വിശ്വാസമില്ലാത്തയാളാണെന്ന തോന്നലുണ്ടാക്കും. 'കവിയുടെ കാല്പാടുകളി'ൽ പഴയ കുഞ്ഞിരാമൻനായരെ കൊഴിച്ചുകളഞ്ഞ് പുതിയ 'ഞാനി'നെ സങ്കല്പിക്കുന്ന ഒരു ദൃശ്യമുണ്ട്.'. ഈ പുതിയ 'ഞാനാ'കട്ടെ, ലിംഗസ്വത്വങ്ങൾ കുഴമറിയുന്ന ഒരു കാവ്യജീവിതവ്യക്തിത്വവുമാണ്. എങ്ങനെയെന്നോ? സന്തോഷ് എഴുതുന്നു: 'ആധുനികതയുടെ അടിസ്ഥാനമായ വിരുദ്ധലൈംഗികതയുടെ വ്യവസ്ഥീകരണത്തിലും ലിംഗപദവിയുടെയും പിതൃക്രമത്തിന്റെയും ആശയലോകത്തിലും കുഞ്ഞിരാമൻനായർകവിതയിലെ കാമുകപദവിയെ തളച്ചിടാനാവില്ല. ഈ പരാജിതകാമുകൻ വിരുദ്ധലൈംഗിക ജീവിയായിരിക്കെത്തന്നെ ആണും ആണത്തമില്ലാത്തവനും ദുർബ്ബലനും വിവാഹവിരുദ്ധനും കുടുംബത്തെ നിരാകരിക്കുന്നവനുമെല്ലാമായിത്തീരുന്നു. 'ക്വീർ' എന്ന ജർമ്മൻ പദത്തിന് 'to tsrange' എന്നാണർത്ഥം.

എല്ലാത്തരം മാനകവും സമ്മതവുമായ സങ്കല്പനങ്ങളിൽനിന്നു പുറത്തുള്ളയാൾ എന്നാണതിന് അർത്ഥം. ലൈംഗികന്യൂനപക്ഷങ്ങളെ കുറിക്കുന്നതിനുപയോഗിക്കപ്പെട്ട ആ പദത്തിന് ഇന്നു വിശാലമായ അർത്ഥം വന്നുചേർന്നിട്ടുണ്ടെന്നു കോൾ ക്ലെയർ ബ്രൂക്ക് എഴുതുന്നുണ്ട്. സമൂഹത്തിന്റെ നിർബന്ധിത മാനകങ്ങളിൽ വിശ്വസിക്കാത്ത ഏതൊരാൾക്കും ക്വീറാവാം. ഈയർത്ഥത്തിൽ കുഞ്ഞിരാമൻനായർകവിതയിൽ ഒരു ക്വീറുണ്ട്. ലിംഗവ്യവസ്ഥീകരണത്തിലും ലിംഗത്തിന്റെ ജൈവികാസ്തിത്വമെന്ന മിത്തിലും വിക്‌ടോറിയൻ സദാചാര പദ്ധതികളിലും അവിശ്വാസിയായ ഒരാൾ. അയാൾ പരാജിതനാണ്. പില്കാലകവിതയിലെ പുരുഷനെന്നും സ്ത്രീയെന്നുമുള്ള വ്യവസ്ഥപ്പെടലിലും ആണത്താഘോഷങ്ങളിലും ഈ പരാജയത്തിന്റെ സാന്നിധ്യമുണ്ട്. ഈയർത്ഥത്തിൽ കുഞ്ഞിരാമൻ നായർ കവിതയിലെ സംഘർഷങ്ങളെ വിജയിച്ച പുരുഷന്റെയും പരാജയപ്പെട്ട കാമുകന്റെയും ഭാവലോകമായി എണ്ണാം. ' ഈ കാഴ്ചപ്പാടുകളും നിലപാടുകളും മുൻനിർത്തി, സാന്ദർഭികമായി പി.യുടെ ആത്മകഥയിൽ നിന്നുള്ള സൂചനകൾകൂടി ചേർത്ത്, പി.കവിതയുടെ ഭിന്നങ്ങളായ ഏഴെട്ടു സ്വഭാവങ്ങൾ വിശകലനം ചെയ്യുകയാണ്, തുടർന്നങ്ങോട്ട്.

'കളിയച്ഛൻ' എന്ന പി.യുടെ ക്ലാസിക് കവിതയുടെ ശരീര-തൃഷ്ണാ വായനകളാണ് ഇതിൽ ആദ്യത്തേതും ഏറ്റവും ശ്രദ്ധേയവും. ഗുരു-ശിഷ്യകല്പനയിൽ ഉള്ളടങ്ങുന്ന രണ്ടുതരം ആണത്തങ്ങളുടെ സംഘർഷാത്മകമായ ശരീരനിർമ്മിതികളെക്കുറിച്ചുള്ള അസാധാരണമായ ഒരു വായനയായി ഈ രചന മാറുന്നു. ഗുരു, വിജയിച്ച പുരുഷനാണെങ്കിൽ ശിഷ്യൻ പരാജയപ്പെട്ട കാമുകനാണ്. ബോധാബോധങ്ങളുടെ സംഘർഷഭൂമികയിൽ രൂപംകൊള്ളുന്ന രണ്ടു ചരിത്രസന്ദർഭത്തിന്റെ, രണ്ടു സമൂഹഘടനയുടെ, രണ്ടു ലിംഗമൂല്യങ്ങളുടെ പ്രതീകങ്ങളാണവർ. സവർണ, സദാചാരബദ്ധപുരുഷന്റെ മുറുകിയ സ്വരം ഗുരുവിലൂടെയും ഇടയുന്ന ആണിന്റെ അയഞ്ഞ സ്വരം ശിഷ്യനിലൂടെയും പുറത്തുവരുന്നു. കുടുംബത്തിനും ആദർശാത്മക ദാമ്പത്യത്തിനും അകത്തും പുറത്തുമായി യുദ്ധം ചെയ്യുന്ന രണ്ടു കാമനാലിംഗപദവികളാണവർ. പാപബോധത്തിന്റെയും പിതൃഹത്യയുടെയും പാഠങ്ങളായി പലകുറി വായിക്കപ്പെട്ടിട്ടുള്ള 'കളിയച്ഛ'ന്റെ വേറിട്ട വായന.

കളിയച്ഛനിലുൾപ്പെടെ പി. കവിതകളിൽ വ്യാപകമായുള്ള 'ഇരുട്ട്' എന്ന രൂപകത്തെക്കുറിച്ചാണ് അടുത്ത ലേഖനം. യാഥാർഥ്യത്തിലെ കാമുകനും ആദർശത്തിലെ പുരുഷനും തമ്മിലുള്ള സംഘർഷം ഉടലെടുക്കുന്ന സർഗമണ്ഡലമാകുന്നു, പി.കവിതകളിൽ ഇരുട്ട്. ജീവിതത്തിന്റെ രഥോത്സവവേദി. ആണും പെണ്ണും ഒരുപോലെ കുതറിമാറാൻ ശ്രമിക്കുന്ന ലിംഗവ്യവസ്ഥകളുടെ സ്ഥലരാശി. 'പേടി'യെന്ന ഭാവാനുഭൂതിയുടെ കാവ്യഘടന അപനിർമ്മിക്കുന്നു, അടുത്ത ലേഖനം. ഏകാന്തതയും മൃത്യുഭീതിയും നിർമ്മിക്കുന്ന പേടിയുടെ ഒരു ആൺലോകം പി.കവിതകളിലുണ്ട്. ശരീരത്തിന്റെ ശേഷികളും മനസ്സിന്റെ ഉറപ്പുകളും നഷ്ടമായ ആണിന്റെ സംഭീതലോകമാണത്. പി. കവിതകളിലെ കുറ്റബോധത്തിന്റെ വിചാരണയാണ് തുടർന്നുള്ള ലേഖനം. പെണ്ണും ലൈംഗികതയും നിർണയിക്കുന്ന ആണിന്റെ കുറ്റബോധം ആധുനികതയുടെ നാനാതരം മൂല്യങ്ങൾ നിർമ്മിച്ച മെരുങ്ങുന്ന, അച്ചടക്കമുള്ള പുരുഷനിൽ നിന്നുള്ള തെന്നിമാറലാണ്. കാമനകളുടെ, വിശേഷിച്ചും പ്രണയത്തിന്റെ ഉത്സവത്തിലൂടെ കുടുംബത്തിനും ആദർശ പൗരുഷത്തിനും പുറത്തുപോകുന്ന ആണിന്റെ തൃഷ്ണാബന്ധങ്ങളാണ് പല പി.കവിതകളും. ഈ കുറ്റബോധത്തെ വളർത്തിയെടുക്കുന്നതിൽ അമ്മയെക്കുറിച്ചുള്ള ഓർമകൾ സൃഷ്ടിക്കുന്ന പങ്കിന്റെ ചർച്ചയാണ് ഇനിയുള്ള ലേഖനം. കുടുംബത്തെ മറികടന്നുപോകുന്ന സഞ്ചാരവഴികളിൽ 'ഭാര്യ'യെക്കാൾ അമ്മയാണ് പി.കവിതകളിലെ നിറസാന്നിധ്യം.

ഇവിടെ വീണ്ടും നിരൂപകൻ 'കവിയുടെ കാല്പാടുകൾ' തേടിയെത്തുന്നു. വീടുവിട്ടിറങ്ങുന്ന ആണ് 'രാഷ്ട്ര'ത്തിലെത്തിച്ചേരുന്നുണ്ടോ എന്ന അന്വേഷണമാണ് അടുത്ത രചന. 'നരബലി'യെന്ന കവിതയാണ് ഇവിടെ മുഖ്യ ആലംബം. ശരീരത്തിന്റെ ആഖ്യാനസാധ്യതകളിലൂടെ മരണത്തിന്റെയും പ്രണയത്തിന്റെയും ഭാവാനുഭൂതികൾ നിർമ്മിക്കുന്നതിൽ പി. കവിതക്കുള്ള സർഗശേഷിയെക്കുറിച്ചാണ് മറ്റൊരു ലേഖനം. 'തൃഷ്ണ'കളിലൂടെ ജീവിതത്തോടും ശരീരത്തോടും അപനിർമ്മിക്കുന്ന ഭാവലോകങ്ങളോടും നിരന്തരം ചേർന്നുനിൽക്കുന്ന അസാധാരണമായൊരു കാവ്യഭാവന പി.യിലുണ്ട് എന്നു സമർഥിക്കുന്നു, അവസാന ലേഖനം. പഞ്ചേന്ദ്രിയങ്ങൾ കൊണ്ടും ജീവിതം ആസ്വദിക്കുന്ന, അനുഭവിക്കുന്ന കവിതകൾ. പി.യിൽ ഈ തൃഷ്ണകളുടെ ഏറ്റവും മൂർത്തമായ ഭാവമാകുന്നു, പ്രണയം.

പി. കവിതകളിലെ ആദർശപുരുഷന് ആധുനികതാവാദ കവിതയിലുണ്ടായ തുടർച്ചയെന്ന നിലയിൽ ചുള്ളിക്കാടിന്റെ 'മാപ്പുസാക്ഷി'യുൾപ്പെടെയുള്ള രചനകളും പെണ്ണായിത്തീരാനാഗ്രഹിക്കുന്ന ആണിന്റെ രൂപകങ്ങൾ സൃഷ്ടിക്കുന്ന സച്ചിദാനന്ദന്റെ കാവ്യലോകവും ചർച്ചചെയ്യപ്പെടുന്നു, തുടർന്നുള്ള രണ്ടു ലേഖനങ്ങളിൽ. ലിംഗത്തിന്റേതുൾപ്പെടെ പലതരം പരകായപ്രവേശങ്ങളുടേതാണ് ആധുനികാനന്തര കവിതയുടെ രാഷ്ട്രീയമെന്നതിനാൽ സച്ചിദാനന്ദന്റെ ഈ ഇടപെടൽ ആധുനികതയുടെ പുരുഷാധീശ പ്രത്യയശാസ്ത്രങ്ങളുടെ ചരിത്രപരമായ നിരാസംതന്നെയായി മാറുന്നു. 'ബോധവതി' മുൻനിർത്തി ഈ വിഷയം സന്തോഷ് ചർച്ചചെയ്യുന്നു.


ചുരുക്കിപ്പറഞ്ഞാൽ, ലിംഗസ്വത്വങ്ങളുടെ പ്രകടനപരതയും ശരീരത്തിന്റെ രാഷ്ട്രീയവും മുൻനിർത്തുന്ന ക്വീർ സിദ്ധാന്തത്തിന്റെ ചുവടുപിടിച്ച് പി. കവിതകളിൽ സംഭവിക്കുന്ന ആധുനികതയുടെ രാഷ്ട്രീയങ്ങളെ അപനിർമ്മിക്കുന്ന ശരീരത്തിന്റെയും ഭാവങ്ങളുടെ നിർമ്മിതിയിൽ അതുവഹിക്കുന്ന ചരിത്രപരമായ പങ്കിന്റെയും അപഗ്രഥനം നടത്തുകയാണ് സന്തോഷ് മാനിച്ചേരി. ആധുനികാനന്തര മലയാളകവിതാവിമർശനത്തിലെ ശ്രദ്ധേയമായ ചുവടുവയ്പുകളിലൊന്ന്.

പുസ്തകത്തിൽനിന്ന്

 

 

 

 

 

 

 

 

 

 

 

രീരനിയന്ത്രണവും അടക്കവും അഭ്യാസബലവുമൊക്കെയാവശ്യമുള്ള അരങ്ങിൽ ഗുരുശാപത്താൽ മനസ്സു തകർന്നു തോറ്റുപോവുന്നതിന്റെ വേദനയാണ് 'കളിയച്ഛൻ'. ഈ അരങ്ങിനെ, പ്രാപഞ്ചിക ജീവിതത്തിന്റെ അരങ്ങ് എന്ന മട്ടിൽ സനാതനമാക്കുന്ന വ്യവസ്ഥാപിത
കാവ്യയുക്തിയെ 'കഥകളി'യുടെ തിരഞ്ഞെടുപ്പിലൂടെ കവിതതന്നെ പരാജയപ്പെടുത്തുന്നുണ്ട്. പ്രാചീനത്വത്തെ കലാചിഹ്നങ്ങളിലും കാഴ്ചയിലും പ്രതീതമാക്കുമ്പോൽത്തന്നെ ആധുനികതയുടെയും ദേശീയതാ നിർമ്മിതിയുടെയും മാദ്ധ്യമസ്വരൂപമായിരിക്കാൻ കഴിഞ്ഞ കലയാണ് കഥകളി. കഥകളി അനുശീലനത്തിന്റെയും അഭ്യാസബലത്തിന്റെയും സൗന്ദര്യാവിഷ്‌കാരമാണ്. ആധുനികതയുടെ അനുശീലനപദ്ധതിയിലെ ശരീരനിർമ്മിതിയുടെയും അവയുടെ സംഘർഷങ്ങളുടെയും കാവ്യസ്ഥലത്തെ സങ്കല്പിക്കുന്നുവെന്നതാണ് കളിയച്ഛനിലെ കഥകളിയെ കാവ്യൗചിത്വത്തിന്റെ ഉദാത്ത സന്ദർഭമാക്കുന്നത്.

'കളിയച്ഛൻ' ഒരു ശരീരനിർമ്മിതിയുടെ കഥയും കളിയുമാണ്. ആധുനികപുരുഷന്റെ രൂപീകരണത്തിലെ കഥയും കളിയുമാണത്. അതിനിശിതവും കഠിനവുമായ ഒരു വഴക്കപ്പെടലിലൂടെയാണ് ആധുനിക പുരുഷസ്ഥാപനം രൂപപ്പെടുന്നത്. വിവാഹ പരിഷ്‌കരണമെന്ന അരങ്ങിനു പിന്നിൽ കെട്ടിമറച്ച അണിയറയിലാണ് ഈ സൂക്ഷ്മപ്രക്രിയ യഥാർത്ഥത്തിൽ അരങ്ങേറിയത്. വിവാഹത്തെയും വിവാഹേതരതയെയും വിശദമാക്കുകയും വിവാഹത്തെ നിർവചിക്കുകയും ചെയ്ത ഈ പ്രക്രിയയ്ക്കകത്ത്, മാതൃദായക്രമവിരുദ്ധതയുടെ പ്രത്യയശാസ്ത്രമാണുണ്ടായിരുന്നത്. പാരമ്പര്യമൂല്യങ്ങളുടെ സമുദ്ധാരകനും പാലകനും ലൈംഗികദമനത്തെ വ്യക്തിഭാവമായി പരിവർത്തിപ്പിച്ചവനും സ്ഥൈര്യമുള്ളവനും സർവ്വോപരി ഭർത്താവു (ഭരിക്കുന്നയാൾ) മായ പുരുഷൻ ഈ പ്രക്രിയയിലൂടെ രൂപം കൊണ്ടു. ലൈംഗികത ഒരാളുടെ സത്തയും സ്വഭാവവുമായി മുദ്രിതമാക്കപ്പെടുന്ന ഈ അടക്ക (disciplining)ത്തിന്റെ സൂക്ഷ്മവൃത്തികൾ പലവഴിയിൽ കളിയച്ഛനിൽ വിവൃതമാവുന്നുണ്ട്. കളിയച്ഛനിൽ കടലുപോലെ നിരന്തരം ചിതറുന്ന ആസക്തിയുടെ തിരയടികൾ അടങ്ങിപ്പോയ ആനന്ദാനുഭവത്തിന്റെ തിരയടികളാണ്. ആർത്തലച്ചുവരുന്ന തിരമാലകളെ ബോധത്തിൽ നിഷേധിക്കുകയും അബോധത്തിൽ വാരിപ്പുണരുകയും ചെയ്യുന്ന രീതി കുഞ്ഞിരാമൻ നായർ കവിതയിൽ കാണാം.

വിജയിച്ച പുരുഷൻ, പരാജിതനായ കാമുകൻ
സന്തോഷ് മാനിച്ചേരി, കറന്റ്ബുക്‌സ്, 2015, വില : 90 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP