Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വെളുത്ത അമേരിക്ക - ദി ലാസ്റ്റ് റിസോർട്ട്?

വെളുത്ത അമേരിക്ക - ദി ലാസ്റ്റ് റിസോർട്ട്?

കോരസൺ വർഗീസ്

ബോസ്റ്റണിലെ മസ്സാച്ചുസെറ്റ്സ് സ്റ്റേറ്റ് ഹവുസിന്റെ മുന്നിൽ വണ്ടി നിർത്തിയപ്പോൾ വലിയ ജനക്കൂട്ടം. ബീക്കൺ ഹില്ലിന്റെ നിറുകയിൽ തറച്ചു നിൽക്കുന്ന, ഇരുനൂറു വർഷങ്ങളിൽ കൂടുതൽ പഴക്കമുള്ള സ്റ്റേറ്റ് ഹവുസിന്റെ പിന്നാമ്പുറത്തുനിന്നായിരുന്നു ഗ്രേറ്റ് അമേരിക്കൻ റെവല്യൂഷൻന്റെ ആരംഭം. തെളിഞ്ഞ പ്രഭാത കിരണങ്ങൾ അടിച്ചു സ്റ്റേറ്റ് ഹവുസിന്റെ സ്വർണ്ണ മകുടം തിളങ്ങി നിന്നു.

എന്താണ് അവിടെ നടക്കുന്നതെന്ന് കാണുവാൻ അങ്ങോട്ടേക്ക് അടുത്ത് നിന്നു. സ്റ്റേറ്റ് ഹവുസിന്റെ പ്രധാന ഗേറ്റ് തുറന്നിരുന്നില്ല, എന്നാൽ വളരെയധികം ആളുകൾ അവിടെ തടിച്ചു കൂടിയിരുന്നു. ഒരു നേതാവ് മൈക്കിലൂടെ ഉച്ചത്തിൽ പ്രസംഗിക്കുകയും, ആളുകൾ കൈയടിച്ചും കൊടിവീശിയും കൂകി വിളിച്ചും അയാളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിന്നു. നാട്ടിൽ നിന്നു പോന്നതിനുശേഷം ഇത്തരം ഒരു രാഷ്ട്രീയ പ്രകടനം കാണാൻ അവസരം കിട്ടിയിരുന്നില്ല. മിക്കവാറും എല്ലാവരും വെള്ളക്കാരും, അവരാകെ അസ്വസ്ഥരും ആയിരുന്നു. മോട്ടോർ ബൈക്കിൽ എത്തിയ ഒരു വലിയ പട അവിടെ ചുറ്റുപാടും തമ്പടിച്ചിരുന്നു. അവർ അമേരിക്കൻ പതാക തലയിൽ കെട്ടിയിരിക്കുന്നു. ദേഹം മുഴുവൻ പച്ചകുത്തിയ, ജീൻസും ലെതർ ജാക്കറ്റും കൊമ്പൻ മീശയും നീണ്ട താടിയും കൂടുതൽ പേർക്കും കണ്ടു. നിറയെ പൊലീസും സന്നാഹവും അവർക്കുചുറ്റും ഉണ്ട്. പതുക്കെ അവരുടെ ഇടയിലേക്ക് കയറി നിന്നു , ഏതായാലും അമേരിക്കയിൽ വന്നിട്ട് ഒരു പ്രക്ഷോഭണത്തിനു ഇനിയും പങ്കെടുത്തില്ല എന്ന് വേണ്ട!.

'മസ്സാച്ചുസെറ്റ്സ് നോ സാങ്കച്ചുവറി സ്റ്റേറ്റ്', 'സൈൻ ദി പെറ്റീഷൻ', 'സപ്പോർട് യുഎസ് ട്രൂപ്പ്‌സ്', 'ടേക്ക് ബാക് സ്റ്റേറ്റ്' , 'കിഡ്സ് ഡിസേർവ് സേഫ് റോഡ്‌സ്' തുടങ്ങിയ പ്ലാക്ക് കാർഡുകൾ ആളുകൾ ഉയർത്തിപ്പിടിച്ചിരുന്നു. ട്രംപ്,മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയിൻ എന്ന വലിയ ബാനർ ഉയർത്തി ഇടയ്ക്കു ആളുകൾ നടക്കുന്നു. തീവ്ര വലതുപക്ഷ റിപ്പബ്ലിക്കൻ പാർട്ടിക്കാരുടെ പ്രതിഷേധ യോഗമാണെന്നു പെട്ടന്ന് മനസ്സിലായി. തിരക്കിൽ കയറി നിന്നു ആഘോഷപൂർവം പടങ്ങൾ പിടിച്ചു.

ടുറിസ്റ്റുകൾക്ക് ഗൈഡായി പ്രവർത്തിക്കുന്ന ഒരു ചൈനാക്കാരൻ അടുത്തു വന്നു പതുക്കെ പറഞ്ഞു, 'അത്ര അകത്തേക്ക് പോകണ്ട. എല്ലാവരുടെയും കയ്യിൽ തോക്കുണ്ട്, അവിടെ പൊലീസും ഒക്കെ അവരുടെ കൂട്ടരാണ്, വിഷയവും അൽപ്പം സീരിയസ് ആണ്'.

തോക്കിന്റെ കഥ പറയുന്ന അമേരിക്ക
തോക്കു ധരിക്കുക എന്നത് അമേരിക്കക്കാരന്റെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ പ്രധാന ഘടകമാണ്. വെറുതെ ധരിക്കുക മാത്രമല്ല അത് ഉപയോഗിക്കുവാനും അവൻ തയ്യാറാണ്. അമേരിക്കൻ ഭരണഘടനയുടെ രണ്ടാം ഭേദഗതി ഓരോ അമേരിക്കക്കാരനും മനഃപാഠമാണ്. ആയുധം ധരിക്കാനും സൂക്ഷിക്കാനും, ചിട്ടയുള്ള പൗരസേന നിലനിർത്താനും ഓരോ പൗരനും അവകാശമുണ്ട്. കോളനി ഭരണകാലത്തു ബ്രിട്ടീഷ് കോമൺ ലോയിൽ നിന്നും ആവേശം ഉൾക്കൊണ്ടാണ് ഇത്തരം ഒരു നിയമം ഉണ്ടാക്കിയത്. മൂന്നു നൂറ്റാണ്ടുകൾ കടക്കുമ്പോഴും ഇതിൽ നിന്നും ഒരു അണുവിട മാറ്റി ചിന്തിക്കാൻ അമേരിക്കക്കാരൻ തയ്യാറല്ല. സാഹസീകത നിറഞ്ഞ കുടിയേറ്റ ഭൂമിയിൽ അവനു ചെറുത്തു നിൽപ്പിനും സ്വയ രക്ഷക്കും തോക്കുകൾ അത്യാവശ്യമായിരുന്നു.

പ്രധാനമായിട്ടും രണ്ടു കാര്യങ്ങൾക്കാണ് അമേരിക്കക്കാരൻ തോക്കു സൂക്ഷിക്കുന്നത്. ഒന്ന് സ്വയരക്ഷ, രണ്ടാമത്, വേണമെങ്കിൽ ഭരണത്തെ തിരസ്‌കരിക്കണമെങ്കിൽ. അമേരിക്കൻ സ്വാതന്ത്ര്യ യുദ്ധകാലത്തു, ബോസ്റ്റണിൽ വച്ച് അച്ചടക്കമുള്ള ബ്രിട്ടീഷ് സേനയോടു പൊരുതാൻ ഇറങ്ങിയിരുന്നത് സാധാരണക്കാരായ അച്ചടക്കമില്ലാത്ത നാട്ടു സേനകളാണ്. പള്ളി മണിയടിച്ചു ആളേക്കൂട്ടി കയ്യിലുള്ള തോക്കുമെടുത്തു യുദ്ധത്തിന് ഇറങ്ങുകയായിരുന്നു. തിരിച്ചുവരുമെന്ന് യാതൊരു ഉറപ്പും ആർക്കും ഇല്ലായിരുന്നു. അത് അവരുടെ നിലനിൽപ്പിന്റെ ആവശ്യമായിരുന്നു.

ലോകത്തിലെ ജനസംഖ്യയിൽ അഞ്ചു ശതമാനമേ അമേരിക്കക്കാരുള്ളൂ എങ്കിലും ലോകത്തിലെ തോക്കുകളിൽ നാൽപ്പത്തി മൂന്നു ശതമാനവും അമേരിക്കക്കാരുടെ കൈകളിലാണ്. 2017- ൽ, അമേരിക്കയിൽ നാൽപ്പതിനായിരം പേരാണ് തോക്കിനു മുന്നിൽ തീർന്നത്. തോക്കിന്റെ അടുത്ത അനുഭവങ്ങൾ പങ്കുവെയ്ക്കാത്ത അമേരിക്കക്കാരനുണ്ടാവില്ല. നാൽപ്പതു ശതമാനം ഭവനങ്ങളിലും തോക്കു ഉണ്ട് എന്ന് പറയുന്നു. സ്വന്തം പറമ്പിൽ അനുവാദം ഇല്ലാതെ കടന്നാൽ സ്വയ രക്ഷയുടെ മറവിൽ വെടി ഉതിർക്കാൻ മടിക്കാത്തവരാണ് അമേരിക്കക്കാർ.

അമേരിക്കയിൽ ഓരോ ദിവസവും നൂറു പേരെങ്കിലും തോക്കിനു ഇരയാകുന്നുണ്ട്. 2019 -ൽ ജൂൺ വരെ 196 കൂട്ടമായ വെടിവെയ്‌പ്പിൽ 777 ജീവിതങ്ങളാണ് അവസാനിച്ചത്. 393 മില്യൺ സാധാരണ തോക്കുകളും, ഏതാണ്ട് ആറരലക്ഷം മിലിറ്ററി സ്‌റ്റൈൽ തോക്കുകളും സാധാരണ അമേരിക്കക്കാരുടെ പക്കലുണ്ട്. തോക്കു ഭ്രമം അമേരിക്കകാരന് ഒരിക്കലും മതിയാവില്ല. ഓരോ വലിയ വെടിവെപ്പുകളും കഴിയുമ്പോഴും, നാഷണൽ റൈഫിൾ അസോസിയേഷൻകാരുടെ പരസ്യമാണ് രസകരം, 'കൂടുതൽ തോക്കുകൾ വാങ്ങൂ സുരക്ഷിതാനാകൂ''.

പെട്ടന്ന് പിൻവലിഞ്ഞു റോഡിന്റെ മറ്റേസൈഡിൽ നിന്ന ജനക്കൂട്ടത്തിൽ അൽപ്പം മര്യാദ തോന്നിയ ആളോട് ചോദിച്ചു, എന്താണ് സംഭവം?

23 വയസ്സുകാരനായ വ്‌ലാഡിമിർ സുഖോവ്‌സ്‌ക്യ ഓടിച്ചിരുന്ന ട്രക്ക് ഗതിമാറി വന്നു കൂട്ടമായി സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിൾ യാത്രക്കാരെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. അതിൽ 7 പേര് മരണമടഞ്ഞു. പല സ്റ്റേറ്റിലും ഒട്ടേറെ ട്രാഫിക് കുറ്റങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള, ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾക്ക് എങ്ങനെ ന്യൂ ഹാംഷെയറിൽ വണ്ടി ഓടിക്കാൻ അനുമതി കൊടുത്തു? വിവരങ്ങൾ ഓരോ ഓഫീസികളിലും എത്തിക്കാൻ ഉണ്ടായ കാലതാമസമാണ് ഇതിനു കാരണമായതെന്ന് എന്ന് പറയുന്നു. ഇമ്മിഗ്രന്റ്സ് വളരെ ദ്രോഹമാണ് രാജ്യത്തിന് ചെയ്യുന്നത്. അയാൾ വളരെ പെട്ടന്ന് ഇത്രയും പറഞ്ഞിട്ട് അവിടെ പ്രസംഗം കേൾക്കാനായി തിരിഞ്ഞു.

ജാർഹെഡ് മോട്ടോർ സൈക്കിൾ ക്ലബ്ബ്
അമേരിക്കയിൽ അനേകം മോട്ടോർ ബൈക്ക് ക്ലബ്ബ്കൾ ഉണ്ട്, അവയിൽ ചിലതൊക്കെ വളരെ കുപ്രസിദ്ധങ്ങളുമാണ്. ഓരോ കാലഘട്ടങ്ങളിൽ ഓരോ ഗ്രൂപ്പുകളായി ചില അടിസ്ഥാന നീക്കുപോക്കുകൾ വഴി ഉണ്ടായതാണ് ഇവയൊക്കെ. ഇവർ സമാന ചിന്താഗതിക്കാരും തീവ്രമായ സഹവർത്തിത്വം പ്രതിജ്ഞ ചെയ്തവരുമാണ്.അങ്ങനെ ഉടലെടുത്ത ഒരു ബൈക്ക് ക്ലബ്ബായിരുന്നു ജാർഹെഡ് മോട്ടോർ സൈക്കിൾ ക്ലബ്ബ്. അവരിലെ ഏഴു പേരാണ് അപകടത്തിൽ പ്പെട്ടു മരണമടഞ്ഞവർ. ഇവർ മിലിറ്ററിയിൽ നിന്നും റിട്ടയർ ചെയ്തു വന്നവരാണ്.

തീവ്രമായ ദേശീയ വാദികളും പരുക്കന്മാരുമാണ് കൂടുതൽ പേരും. നിറത്തിലും വസ്ത്രധാരണത്തിലും അൽപ്പം പേടി തോന്നിയാൽ സംശയിക്കേണ്ടതില്ല. ജാർഹെഡ് മോട്ടോർ സൈക്കിൾ ക്ലബ്ബ് പ്രസിഡന്റ് മാനി റിബെറിയോ അന്ന് ആ ബൈക്ക് യാത്രയിൽ ഉണ്ടായിരുന്ന ആളാണ്. അദ്ദേഹം ശബ്ദമിടറി പറഞ്ഞു തുടങ്ങി, നമ്മുടെ സഹോദരങ്ങളാണ് കൈവിട്ടു പോയതെങ്കിലും അവർ ഇന്ന് രാജ്യത്തിന്റെ സംസാരഭാഷയായി മാറിക്കഴിഞ്ഞു. ഡൊണാൾഡ് ട്രംപിന്റെ ബാനർ ആവേശമായി വീശിക്കൊണ്ട് ആളുകൾ കൈയടിച്ചു പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.

അമേരിക്കയുടെ ഉൾനാടൻ പ്രിവിശ്യകളിൽ ഇത്തരം കൂട്ടരാണ് കൂടുതലും. അവർ സ്വയരക്ഷക്കോ രാജ്യത്തിനുവേണ്ടിയോ തോക്കെടുക്കാൻ ഒരു മടിയുമില്ലാത്തവർ. മിലിറ്ററിയിൽ നിന്നും വിരമിച്ചവർ ഒരു വല്ലാത്ത മാനസിക പ്രതിസന്ധി നേരിടുകയാണ്. ലഹരിക്ക് അടിമയായി, സാമ്പത്തീക തകർച്ചയും, ദാമ്പത്യ തകർച്ചയും, മാനസിക വിഭ്രാന്തികളും അവരെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഇവരിൽ ആത്മഹത്യയും പെരുകുന്നു. ഇത്തരം ബൈക്ക് ക്ലബ്ബ്കളാണ് ഇവരെ പിടിച്ചു നിറുത്തുന്നത്. ട്രംപിന്റെ വർഗ്ഗീയ പരാമർശമുള്ള പ്രസംഗങ്ങൾ ഇവരെ ആവേശഭരിതമാക്കും. കുരിശും കൂർത്ത വെള്ളത്തൊപ്പിയും അവരെ ഭ്രമിപ്പിക്കുന്നു. ഡൊണാൾഡ് ട്രമ്പിലാണ് ഇവർ ഒരു രക്ഷകനെ കാണുന്നത്. വെള്ളക്കാർ ലോകം കീഴടക്കിഭരിക്കുന്നതു അവരുടെ അടിസ്ഥാന പ്രമാണമാണ്. ഇമ്മിഗ്രന്റ്സ്, മറ്റു വർഗക്കാർ ഒക്കെ അവരുടെ ശത്രുക്കളാണ്.

'ലാസ്റ്റ് റിസോർട്ട് - ഡിക്കസ്'
1826 - ൽ തുറന്ന ബോസ്റ്റണിലെ ക്വിൻസി മാർക്കറ്റ് ഒരു സംഭവമാണെന്ന് അവിടെ ചെന്നപ്പോളാണ് മനസ്സിലായത്. അമേരിക്കയിൽ ഓരോ സ്ഥലത്തും ഒരേ രീതിയിലുള്ള കടകൾ ഉണ്ടെങ്കിലും, അവരുടെ തനതായ സ്വരൂപം പരിരക്ഷിക്കുവാൻ അവർ ശ്രദ്ധിക്കാറുണ്ട്. എന്തുകൊണ്ടും ചില പ്രത്യേകതകൾ നിറഞ്ഞ ഒരു കച്ചവട സ്ഥലമാണ് അതെന്നു ചെന്നപ്പോൾ മനസ്സിലായി. നല്ല വേനൽക്കാലം ആയിരുന്നതിനാൽ ആൾത്തിരക്കു കാരണം നടക്കാൻ തന്നെ ബുദ്ധിമുട്ടി. കൃത്യം രണ്ടുമണിക്ക് പുറപ്പെടുന്ന ബസ്സിൽ തിരിച്ചു പോരുകയും ചെയ്യണം. ഉച്ചക്ക് എന്തെങ്കിലും കഴിക്കാൻ ഫുഡ് കോർട്ടിൽ കയറിയതാണ്. അവിടെ ഒരു കൈ വയ്ക്കാൻ സ്ഥലമുള്ളിടത്തു രണ്ടു കൈകൾ കൊണ്ടും വലിച്ചു വാരി തിന്നുന്ന ആളുകൾ. പിന്നെ എങ്ങനെ ഒരു ഓർഡർ കൊടുക്കാനാവും? വെറുതെ ഒന്ന് നടന്നു നോക്കി. ഒഴുകി വരുന്ന ആൾകൂട്ടത്തിൽ അങ്ങനെ കുറെ നേരം അങ്ങോട്ടും ഇങ്ങോട്ടും നടന്നു. കൂട്ടത്തിൽ നടക്കാൻ ബുദ്ധിമുട്ടുള്ള രണ്ടുപേരെയും കൂട്ടി എവിടയെങ്കിലും ഒരു കൈ കാട്ടി എന്തെങ്കിലും വാങ്ങി ഭക്ഷിക്കുവാൻ ശ്രമിച്ചു. നടന്നില്ല.

എങ്ങനെയോ പുറത്തുചാടി അടുത്തുള്ള ഏതെങ്കിലും റെസ്റ്ററൊന്റിൽ കയറാനായി പിന്നീടുള്ള ശ്രമം. എല്ലായിടത്തും കയറിപറ്റാൻ നീണ്ട ലൈൻ. ഒരു റെസ്റ്ററെന്റ് വളരെ തുറന്നതും ശബ്ദമുഖരിതവും. പക്ഷെ ആളുകൾ വളരെ ഉല്ലാസഭരിതമായി കാണപ്പെട്ടു. ആളുകൾ വളരെ സൂക്ഷിച്ചാണ് അവിടേക്കു പോകുന്നത് എന്ന് ശ്രദ്ധിച്ചു. എന്തായാലും അമേരിക്കയല്ലേ പിടിച്ചു വെളിയിൽ തള്ളില്ല എന്ന ഒരു വിശ്വാസം, പിന്നെ വേറെ ഒരു മാർഗവും മുന്നിലില്ല, അങ്ങോട്ട് തന്നെ ചെന്നു. കൃത്യമായിരുന്നു അതിന്റെ പേരു പോലും. 'ലാസ്റ്റ് റിസോർട്ട് - ഡിക്കസ്' മറ്റു മാർഗ്ഗങ്ങൾ ഒന്നും അവശേഷിക്കാതെയാണ് അവിടെ കയറിപ്പറ്റിയത്.

അവിടെ കയറിയപ്പോൾ മുതൽ എന്തോ ഒരു പന്തികേട് തോന്നിയിരുന്നു. ആകെ വെള്ളക്കാരുമാത്രമേ അവിടെ കയറുന്നുള്ളൂ. അതിന്റെ പേര് തന്നെ ആകെ ഒരു വൃത്തികേട് (പുരുഷലിംഗം), അവിടെ പ്രദർശിപ്പിച്ചിരിക്കുന്നത് അടിവസ്ത്രങ്ങളും, എഴുതിവച്ചിരിക്കുന്നതു പൂര തെറികളൂം ആണെന്ന് ഇരുന്നു കുറച്ചു കഴിഞ്ഞപ്പോളാണ് മനസ്സിലായത്.

ഒപ്പം പ്രായമുള്ള രണ്ടു പേരുണ്ട്, അവർക്കു നടക്കാനും ബുദ്ധിമുട്ട്, മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ല, കാണാതെ, നോക്കാതെ വല്ലതും കിട്ടുന്നത് കഴിച്ചിട്ട് പോകുക എന്ന് മനസ്സുകൊണ്ട് ഉറപ്പിച്ചു. വെയിറ്റർ വന്നു ക്രൂരമായി ഉച്ചത്തിൽ എന്തോക്കയോ പറഞ്ഞു. അവളുടെ ആദ്യ ഇടപെടലിൽ ഉള്ള ശക്തിയും പോയി. ഇനി എന്താണ് വരുന്നത്? അടുത്തിരിക്കുന്ന വെള്ളക്കാർ ഏതാണ്ട് മോട്ടോർ സൈക്കിൾ ക്ലബ്ബിലെ അംഗങ്ങൾ പോലെ തോന്നിച്ചു. ചിലരൊക്കെ വെള്ള പേപ്പർകൊണ്ട് ഉണ്ടാക്കിയ നീണ്ട കോൺ തൊപ്പികൾ ധരിച്ചിരിക്കുന്നു. സാധാരണ അത് വൈറ്റ് സുപ്രമിസ്‌ററ് ലക്ഷണമാണ് കാട്ടുന്നത്.

നിൽക്കണോ അതോ പോകണോ? അന്തിച്ചു ഇരിക്കുമ്പോൾ ആരോ പുറത്തു രണ്ടു കൈകളും അമർത്തി എന്തോ പറയാൻ ശ്രമിക്കുകയാണ്. ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോൾ ഒരു മദ്ധ്യവയസ്സുള്ള വെള്ളക്കാരി ഒരു മന്ദഹാസത്തോടെയാണ് ചോദിക്കുന്നത്, ആദ്യമായിട്ടാണ് ഇവിടെ അല്ലേ? പേടിക്കണ്ട, ഇവിടുത്തെ രീതികൾ ഇങ്ങനെയാണ്, ഒക്കെ പരുക്കാനാണ്. ഹാവൂ, ആശ്വാസമായി.

ദേഷ്യപ്പെടുത്തുന്ന സ്വീകരണവും, തെറി പറഞ്ഞു വിളമ്പലും മര്യാദകെട്ട പെരുമാറ്റവും ആണ് ഈ റെസ്റ്ററെന്റിന്റെ പ്രതേകത. ഇവിടെ വരുന്നവർ ഇത് ഇഷ്ടപ്പെടുന്നവരാണ്. അപ്പോഴേക്കും അടുത്ത ടേബിളിൽ വന്നിരുന്നവരുടെ നേരെ വെയ്റ്റർ വെള്ളം കുടിക്കാനുള്ള സ്ട്രൗ വലിച്ചെറിഞ്ഞു അട്ടഹസിക്കുകയാണ്. അവിടെ വന്നിരുന്നവർ ഉറക്കെ ചിരിച്ചുകൊണ്ട് അതിന്റെ മറുപടി ഉച്ചത്തിൽത്തന്നെ തെറിയായി അഭിഷേകം ചെയ്യുന്നുണ്ട്. നിഷ്ഠുരതയുടെയും,പരുപരപ്പിന്റെയും, രൂക്ഷപരിഹാസത്തിന്റെയും നേർക്കാഴ്ച ആയിരുന്നു അവിടെ കണ്ടത്. അങ്ങനെയും ആനന്ദം കാണുന്നവർ ഉണ്ട് എന്ന് മനസ്സിലായി

പുറത്തിറങ്ങാൻ എഴുന്നേറ്റപ്പോൾ ഞങ്ങളെ സമാധാനിപ്പിച്ച അടുത്ത ടേബിളിൽ ഉണ്ടായിരുന്ന വെള്ളക്കാരിയോട് പോയി നന്ദി അറിയിച്ചു . ഞങ്ങൾ വളരെ പരിഭവത്തിലായിരുന്നു അവിടെയിരുന്നത്, ഞങ്ങൾക്ക് അറിയില്ലയിരുന്നു ഇവിടുത്തെ കാര്യങ്ങൾ, അവർ സന്തോഷത്തോടെ യാത്ര പറഞ്ഞു, കൂട്ടത്തിൽ ഉച്ചത്തിൽ ചോദിച്ചു, ഇനിയും ഒരിക്കലും നിങ്ങൾ ഇങ്ങോട്ടു വരികയില്ല എല്ലേ? ചോദ്യം തീരെ പ്രതീക്ഷിച്ചില്ല , അതിനാൽ മറുപടി ഒരു ചിരിയിൽ ഒതുക്കി. അവരോടൊപ്പം ഉണ്ടായിരുന്ന മൂന്നു പെൺകുട്ടികളും കുനിഞ്ഞു ഇരുന്നു ചിരിക്കുന്നത് കണ്ടു. അവരുടെ തലയിൽ അപ്പോൾ വലിയ വെള്ള പേപ്പർ കൊണ്ടുള്ള കോൺ തൊപ്പിയുണ്ടായിരുന്നു. അതിന്റെ പിന്നിലൂടെ നീണ്ട കുറെ വെള്ള വാലുകളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP