Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'നിറത്തിൽ മുങ്ങിയ ജീവിതം'

'നിറത്തിൽ മുങ്ങിയ ജീവിതം'

കോരസൺ വർഗീസ്

വിചാരിതമായാണ് ജോസിനെ റെയിൽവേ സ്‌റ്റേഷനിൽ വച്ച് കണ്ടത്. മാൻഹാട്ടിൽനിന്നും ഒരേ ദിശയിലുള്ള ട്രെയിനിലാണ് ഞങ്ങൾ പതിവായി യാത്രചെയ്യുന്നത്; പരസ്പരം കാണുന്നത് അപൂർവ്വമാണെങ്കിലും വേനൽ ആയിരുന്നതിനാൽ വളരെ കാഷ്വൽ ആയ വസ്ത്രധാരണത്തിലാണ് ജോസിനെകണ്ടത്. സാധാരണ എത്ര വേനലായാലും കോട്ടും ടൈയും ഇല്ലാതെ അദ്ദേഹത്തെ കാണാൻ സാധിക്കുകയില്ലായിരുന്നു. ജോസ് അന്ന് വളരെ അസ്വസ്ഥനായിരുന്നു. കാണുമ്പോൾ ധാരാളം സംസാരിക്കുന്ന പ്രകൃതം ആയതുകൊണ്ട് അന്ന് വിഷയം മദർ തെരേസയ്ക്ക് ഇന്ത്യയിൽ വച്ച് ആദ്യകാലത്തുണ്ടായ ഒരു അനുഭവമായിരുന്നു.

കുറെ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുവാൻ വഴിയില്ലാതെ വന്നപ്പോൾ മദർ ഒരു കടയിൽ കയറി അത്യാവശ്യമുള്ള സാധനങ്ങൾ വാങ്ങി. പക്ഷേ പണം കൊടുക്കാൻ നിവൃത്തിയില്ലാതെ പരുങ്ങിയപ്പോൾ കടയുടമ, സാധാനങ്ങൾ തിരികെ വാങ്ങി, മുഖത്തുകാർക്കിച്ചു ഒരു തുപ്പും കൊടുത്തു. തുപ്പൽ തുടച്ചു കൊണ്ട് 'എനിക്കു കിട്ടേണ്ടതു കിട്ടി, നന്ദി' എന്നു കണ്ണടച്ചു തൊഴുതിട്ടു കടന്നു പോയി. ഈ സംഭവം കടയുടമയെ വല്ലാതെ ഉലച്ചു. അയാൾ സാധനം മദർ താമസിക്കുന്നിടത്തു എത്തിച്ചുവെന്നും, ഇന്നും ആ കടയിൽ നിന്നും പതിവായി സാധനങ്ങൾ സിസ്റ്റേർസ് ഓഫ് ചാരിറ്റിയുടെ അനാഥാലയത്തിൽ എത്തിക്കാറിണ്ട് എന്നും ജോസ് വികാരാധീനനായി പറഞ്ഞു. 'തിക്ത അനുഭവങ്ങൾ ഉണ്ടാവുമ്പോൾ സഹിക്കാൻ പഠിക്കുക, അതാണു ആത്മീയത' വെറുതെ കേട്ടുകൊണ്ടിരുന്നുവെങ്കിലും ജോസിന്റെ അസ്വസ്ഥതക്ക് മറ്റെന്തോ കാരണമുണ്ടെന്നു ഞാൻ ശങ്കിച്ചു.

ജോസ് മാൻഹാട്ടിനിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. കെട്ടിടത്തിൽ കയറണമെങ്കിൽ കർശനമായ സുരക്ഷാ പരിശോധന ആവശ്യമാണ്. സ്ഥിരം ജോലി ചെയ്യുന്ന ആളുകൾ ആയതിനാൽ സെക്യൂരിറ്റി, പരിമിതമായ പരിശോധനകൾ നടത്തി സ്‌നേഹപൂർവ്വമായാണ് ഇടപെടാറുണ്ടായിരുന്നത്. എന്നാൽ അന്നു പതിവിനു വിപരീതമായി, യാതൊരു പരിചയവും ഭാവിക്കാതെ കർക്കശമായി പെരുമാറുകയും സംശയത്തോടെ നോക്കിയുമാണ് ജോസിനെ കയറ്റിവിട്ടത്. അയാളുടെ അപ്രതീക്ഷിതമായ സമീപനമാണ് ജോസിൽ ആത്മനൊമ്പരമുണ്ടാക്കിയത്. കുറച്ച് ഇരുണ്ട നിറമുള്ള ജോസ് പതിവിനു വിപരീതമായി സ്യൂട്ടുധരിക്കാതെ, വെയിൽ കൊണ്ട് അൽപം വിയർപ്പോടെയാണ് നടന്നു വന്നത്. ഇരുണ്ട നിറമുള്ള അമേരിക്കകാരന് ഏതു നിമിഷവും ഇത്തരം തിക്തമായ അനുഭവങ്ങൾ നേരിടേണ്ടി വരുന്നു എന്നതാണ് യാഥാർത്ഥ്യം.

ജോസ് കേരളത്തിൽ അല്പം പ്രതാപമുള്ള തറവാട്ടുകാരനായിരുന്നതിനാൽ അഭിമാനക്ഷതം വളരെ കൂടുതലായി എന്നു മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു. 40 വർഷത്തിനു മുമ്പ് ഒരു വിദ്യാർത്ഥിയായാണ് ജോസ് അമേരിക്കയിൽ എത്തുന്നത്. വെള്ളക്കാർ കൂടുതലുള്ള മുന്തിയ ഒരു സ്ഥലത്താണ് താമസിക്കുന്നത്. കുട്ടികൾ രണ്ടും പഠിച്ച് കോളജിൽ എത്തി. ഇനിയും വലിയ വീടും വിറ്റ് മറ്റൊരിടത്ത് ഒരു ഇടത്തരം വീട് വാങ്ങണം, അല്ലെങ്കിൽ നാട്ടിൽ അടച്ചിട്ടിരിക്കുന്ന തറവാട് വീട് വൃത്തിയാക്കി ഒരു തിരിച്ചുപോക്ക്. എന്തുചെയ്യണമെന്നറിയില്ല, എത്രകാലം കഴിഞ്ഞാലും ഇത്തരം അനുഭവങ്ങൾ അടിക്കടി ഉണ്ടാവുന്നില്ലേ എന്നു ചിന്തിച്ച് ദീർഘനിശ്വാസത്തോടെ ട്രെയിനിന്റെ ശീതികരിച്ച അന്തരീഷത്തിൽ നനുനനുത്ത സീറ്റിൽ മുറുകെപിടിച്ച് വീർപ്പ് മുട്ടിയിരുന്നു. 'ടിക്ക്, ടിക്ക്' ശബ്ദത്തോടെ കണ്ടക്ടർ ടിക്കറ്റുകൾ പരിശോധിക്കുവാനെത്തി. ഞങ്ങൾ ഇരുവരും ഒരേ സീറ്റിൽ അടുത്തടുത്തായാണ് ഇരുന്നത്. ഇരുവരും ടിക്കറ്റുകൾ എടുത്തുകാട്ടി. വെള്ളക്കാരാനായ കണ്ടക്ടർ ജോസിനോട് മാത്രം ടിക്കറ്റ് ഉയർത്തിക്കാട്ടാൻ ആവശ്യപ്പെട്ടു, അതിന്റെ പിറകുവശവും കാട്ടാൻ പറഞ്ഞു. മാത്രമല്ല ഒന്നു സൂക്ഷിച്ചു നോക്കുകയും ചെയ്തിട്ടാണ് കടന്നു പോയത്.

ജോസ് വിഷണ്ണനായി എന്നെ നോക്കി പതറിയ ശബ്ദത്തിൽ പറഞ്ഞു, എന്താ ഇത്? ഇന്ന് എന്റെ ദിവസമാണെന്നു തോന്നുന്നു, അടിക്കടി പുതിയ അനുഭവങ്ങൾ, ഒക്കെ ഞാൻ ഒരു ദിവസം എന്റെ വസ്ത്രധാരണം ഒന്നു മാറ്റിയതേയുള്ളു. ഈ നാട് എന്റെ സ്വന്തമായി ഞാൻ തീർച്ചപ്പെടുത്തിയിരുന്നതാണ്, എന്നിട്ടും പതറിപ്പോകുന്നുവല്ലേ!

പുതുതായി വീടുവാങ്ങി അടുത്തു താമസം തുടങ്ങിയ ഒരു മലയാളി ഡോക്ടറും കുട്ടികളും വീട്ടിലേക്കുകടന്നു വന്നു. പരിചയം പുതുക്കുന്നതിനിടയിൽ ജോലിയും, യാത്രയും ഒക്കെ സംഭാഷണ വിഷയമായി. ഡോക്ടർ പുതിയ തലമുറയിൽ, അമേരിക്കയിൽ ജനിച്ചു, പഠിച്ചു വളർന്നയാളാണ്. യഹൂദന്മാരുടെ മാനേജ്‌മെന്റിലുള്ള ഒരു വലിയ ആശുപത്രിയിലെ ഒരു വിഭാഗത്തിന്റെ ഡയറക്ടർ എന്ന വാഗ്ദാനം ഉപേക്ഷിച്ച്, സർക്കാറിന്റെ ഒരു സൈനീക ആശുപത്രിയിൽ ജോലി സ്വീകരിച്ചു. സമയവും കാലവും നോക്കാതെ, കുട്ടികളെയും കാണാനാവാതെ യഹൂദനു വേണ്ടി മരിച്ചു ജീവിക്കാൻ ഇനിയും തയ്യാറല്ല എന്നും, അവർ നമുക്കു മുമ്പിൽ ഒരു വര വരച്ചിട്ടുണ്ട്, അതിനു മുകളിലേക്ക് എത്തിനോക്കാൻ സാധിക്കില്ല എന്നും കൂട്ടിച്ചേർത്തു. ഡോക്ടർ ആണെങ്കിലും ഇരുണ്ടനിറം ഒരു വഴിമുടക്കി തന്നെയാണ് അമേരിക്കയിൽ പലയിടത്തും എന്ന് പുതിയ തലമുറയുടെ നാവിൽ നിന്നും കേട്ടപ്പോൾ തന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടി.

പൗരസ്വാതന്ത്യത്തിന്റെയും അവസരങ്ങളുടേയും നാടാണ് അമേരിക്ക എന്നത് വാസ്തവം തന്നെ. മുൻപ് പറഞ്ഞതൊക്കെ ചില ഒറ്റപ്പെട്ട സംഭവങ്ങളാണെന്നു പറഞ്ഞു തള്ളുവാനും മനസുവരുന്നില്ല. അറുപതുകൾ മുതൽ ലോകത്താകമാനം മാനുഷീക മൂല്ല്യത്തെപ്പറ്റി പാശ്ചാത്യ സംസ്‌കാര സമൂഹത്തിൽ ഒരു പുതിയ കാഴ്ചപ്പാട് തുകിലുണർത്തിയിരുന്നു. മതേതര സമൂഹം നിലനിൽക്കുമ്പോൾ തന്നെ, വ്യക്തി സ്വാതന്ത്യത്തിന്റെ പവിത്രതയും, ചെറുത്തു നിൽപ്പിന്റെ ശക്തിയും, സമൂഹത്തെ പരസ്പരം മനസ്സിലാക്കുനാനും, നിലനിർത്തുവാനും പ്രേരകമായി. ഇതിനായി കാലങ്ങളായി വിദ്യാഭ്യാസത്തിലും, ധാർമ്മീകത നില നിർത്തുന്ന മത വിശ്വാസത്തിലും കൂടുതൽ സമയവും, ധനവും, പൊതു നിക്ഷേപങ്ങളും എഴുത്തുകളും എല്ലാം ഇതിനെ നിരന്തരം പ്രോത്സാഹിപ്പിക്കയും ചെയ്തു വന്നിരുന്നു.

നാം അറിയാതെ തന്നെ, സമൂഹമായി നാം പരസ്പര വിരുദ്ധമായ വൈകാരികമായ നിലപാടുകൾ (Ambivalence) കാട്ടിത്തുടങ്ങി. ലാഭത്തിൽ മാത്രം ഊന്നൽ നൽകിയ പുതിയ ലോകക്രമങ്ങൾ മൂലം ഒന്നൊന്നായി മനുഷ്യ സമൂഹത്തെ പരിവർത്തനം ചെയ്തുവന്ന സാധ്യതകൾ പടിപടിയായി കൈവിട്ടു. ഇതിന്റെ സംഭാവനയായി പുനർജനിക്കപ്പെട്ട വർഗ്ഗ-വർണ്ണ വ്യതിയാനങ്ങൾ അമേരിക്കയിൽ മാത്രമല്ല, ലോകത്തിലെ പൊതു സമൂഹത്തിന്റെ ഒരു വെല്ലുവിളി ഉയർത്തിരിക്കയാണ്. വിരൽ ചുണ്ടുന്നവനെ ഭസ്മമാക്കി, മാദ്ധ്യമങ്ങളെ അനുസരണയുള്ള ചട്ടുകങ്ങളാക്കി, മത നേതൃത്തത്തിനു മനുഷ്യ ചൂഷണത്തെ ചോദ്യം ചെയ്യാത്ത അധികാരങ്ങളും നൽകി, സഹിഷ്ണത എന്നപദം തന്നെ അപ്രസക്തമാക്കി; നമുക്കു ചുറ്റും നാം അറിയാതെ നരകം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഞാനെന്തു ചെയ്യും എന്ന നിസ്സംഗതയോടെ നാം എങ്ങോട്ടോ പോകുന്നു. ഞാൻ ജോസിനെ ഒന്ന് നോക്കി ട്രെയിനിന്റെ വിരസമായ താളത്തിൽ ഇപ്പോഴും ജോസ് വിഷണ്ണനായി ഇരിക്കുന്നു. എവിടേക്കെന്നറിയില്ലല്ലോ ഈ യാത്ര?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP