Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മനുഷ്യന്റെ സ്വതന്ത്രഇച്ഛകൾക്കെതിരെ ഒരു സർജിക്കൽ സ്‌ട്രൈക്ക്

മനുഷ്യന്റെ സ്വതന്ത്രഇച്ഛകൾക്കെതിരെ ഒരു സർജിക്കൽ സ്‌ട്രൈക്ക്

'ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഈ പള്ളിയിൽ പത്രവിതരണം നിരോധിച്ചിരിക്കുന്നു ' എന്ന അറിയിപ്പ് കേട്ടപ്പോൾ ചിലരുടെ പുരികം ചുളിഞ്ഞു , വായ് അറിയാതെ തുറന്നു. അമേരിക്കൻ പള്ളിയിലെ മലയാള പ്രസംഗ സമയത്തു മലയാളം അറിയാത്ത കുട്ടികൾ ഫേസ്‌ബുക്കിൽ ചാറ്റ് ചെയ്യുന്നു; കൂർക്കം വലിച്ചു ഉറങ്ങാൻ കഴിയാത്ത ബോർ അടിച്ച മലയാളി വിശ്വാസികൾ അവിടെ എന്ത്കണ്ടാലും ചാടിപ്പിടിച്ചു വായിക്കുവാനും തുടങ്ങുന്നു. ഏതോ 'മണിയടി' കക്ഷികൾ അവിടെയിരുന്ന പത്രക്കെട്ടുകൾ അപ്പാടെ എടുത്തു ഗാർബേജിൽ തട്ടി. വല്ലപ്പോഴും പ്രിന്റ് ചെയ്തു ഇറക്കുന്ന മലയാള പത്രങ്ങൾ പള്ളി കഴിഞ്ഞു തിരിച്ചു പോകുമ്പോൾ താല്പര്യമുള്ളവർക്ക് ഫ്രീആയി എടുത്തുകൊണ്ടു പോകാൻ പാകത്തിൽ ബേസ്മെന്റിൽ വച്ചിരിക്കുന്ന പതിവ് അങ്ങനെ നിലച്ചു. പത്ര മാദ്ധ്യമത്തോട് ക്രിയാത്മകമായി പ്രതികരിക്കാൻ തന്നെ ഉറച്ച തീരുമാനത്തിലാണ് പള്ളി അധികാരികൾ.

അന്നത്തെ വേദവായന ഇതായിരുന്നു. ''ഒരു ശബ്ബത്തിൽ അവൻ വിളഭൂമിയിൽകൂടി കടന്നുപോകുമ്പോൾ അവന്റെ ശിഷ്യന്മാർ കതിർ പറിച്ചു കൈകൊണ്ടു തിരുമ്മി തിന്നു. പരീശന്മാരിൽ ചിലർ ശബ്ബത്തിൽ വിഹിതമല്ലാത്തതു നിങ്ങൾ ചെയ്യുന്നതു എന്തു എന്നു പറഞ്ഞു. യേശു അവരോടു: .''ദാവീദ് തനിക്കും കൂടെയുള്ളവർക്കും വിശന്നപ്പോൾ ചെയ്തതു എന്തു? അവൻ ദൈവാലയത്തിൽ ചെന്നു. പുരോഹിതന്മാർ മാത്രമല്ലാതെ ആരും തിന്നരുതാത്ത കാഴ്ചയപ്പം വാങ്ങി തിന്നുകയും കൂടെയുള്ളവർക്കു കൊടുക്കയും ചെയ്തു എന്നുള്ളതു നിങ്ങൾ വായിച്ചിട്ടില്ലയോ'' എന്നു ഉത്തരം പറഞ്ഞു'' (ലൂക്കോസ് 6 :1 ). ക്രിസ്തു എന്നും പരീശന്മാർക്കും പള്ളി അധികാരികൾക്കും ഒരു തലവേദന തന്നെ ആയിരുന്നല്ലോ. അധികാരവർഗം തങ്ങളുടെ പ്രമാണിത്തം ചെലുത്തേണ്ടി വരുമ്പോൾ, മോശയുടെ ന്യായപ്രമാണവും, സിംഹാസനവും വടിയും കോലും എല്ലാം എടുത്തു പെരുമാറാൻ ഒട്ടും മടിക്കയുമില്ല, മാത്രമല്ല 'മുട്ടില്ലാതാക്കാനും' പച്ചയായ പുല്പുറത്തിലേക്കു ആട്ടി പായിക്കാനും വേദവാക്യം തന്നെ ഉപയോഗിക്കുകയും ചെയ്യും.. അധികാര വർഗത്തിന്റെയും, അവരുടെ പിണയാളുകളുടെയും സ്വഭാവം വിരൽചൂണ്ടിക്കാട്ടിയതായിരുന്നു കുരിശിലേക്കുള്ള ക്രിസ്തുവിന്റെ വഴി തുറന്നത്. കാലമെത്ര പോയാലും ഈ ക്രൂശിത രൂപത്തിന്റെ മുന്നിൽ ഇപ്പോഴും ഇതേ നാടകങ്ങൾ അരങ്ങേറുന്നു.

ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ യോഗ്യതാ മത്സരം ഇറാനും സൗത്തുകൊറിയയും തമ്മിലായിരുന്നു. ടെഹ്‌റാനിലെ ആസാദി സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ലക്ഷക്കണക്കിന് ഇറാൻ ഫുട്‌ബോൾ പ്രേമികൾ, ഇറാൻ ഒരു ഗോളിന് ജയിച്ചത് നെഞ്ചു പൊട്ടി ആഘോഷിച്ചത് കരഞ്ഞുകൊണ്ടാണ്. മനഃപൂർവ്വമല്ല കരഞ്ഞത്, ഇങ്ങനെ കരഞ്ഞില്ലെങ്കിൽ അവരുടെ പ്രീയപ്പെട്ട കളി തന്നെ ഇറാനിയൻ വൈദീകർ മുടക്കിയേനെ. അപ്രതീക്ഷിതമായി ഈ കളി നടക്കുന്ന ദിവസം ഇറാന്കാരുടെ ഏറ്റവും വലിയ ദുഃഖ ദിനമായിരുന്നു. 1300 വർഷത്തിന് മുൻപ് മുഹമ്മദ് നബിയുടെ ചെറുമകൻ ഹുസൈൻ മരണമടഞ്ഞ ദിനം. എല്ലാവരും കറുത്ത വസ്ത്രം ധരിച്ചു കളി കാണാൻ പോകണം, ആഹ്ലാദം തോന്നുമ്പോൾ 'ഓ ഹുസൈനെ - ഓ ഹുസൈനെ ' എന്ന് ഉറക്കെ വിളിച്ചു കരയണം എന്ന അറിയിപ്പ് നേരെത്തെ നൽകിയിരുന്നു. 'നമ്മുടെ പാരമ്പരാഗതമായ വിശ്വാസങ്ങൾ പരിപാലിക്കണ' മെന്നു അയത്തൊള്ള മുഹമ്മദ് യസ്ദിയുടെ പ്രസംഗം സ്റ്റേഡിയത്തിൽ അലയടിച്ചുകൊണ്ടിരുന്നു. ഈ കളി നടന്നില്ല എങ്കിൽ 2018 ലെ വേൾഡ് കപ്പ് മത്സരത്തിൽ കളിക്കാൻ കഴിയാതെ വരും എന്നുള്ളതുകൊണ്ട് മാത്രം അനുവദിക്കപ്പെട്ട സൗജന്യം ആണ് ഇറാനികൾക്കു കരഞ്ഞു ആഘോഷിക്കേണ്ടി വന്ന പന്തുകളി. അറിയാതെ ആരെങ്കിലും സന്തോഷം പ്രകടിപ്പിക്കാൻ ശ്രമിച്ചാൽ ടി വി യിൽ കറുത്ത ബാനർ വന്നു നിറയും , പിന്നെ കരച്ചിലും തേങ്ങലുകളും മാത്രം കേൾക്കാം. 

ലക്ഷ്മണ രേഖ കടന്നുള്ള ആക്രമണങ്ങളെയാണ് ഇവിടെ വിഷയമാക്കുന്നത്. കാലമെത്രയായാലും , മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളും താല്പര്യങ്ങളും ദൈവ നിഷേധമാണെന്നു കാട്ടിക്കൂട്ടാനുള്ള വ്യഗ്രത വൈദീക മേധാവിത്തത്തിനു ഉണ്ട്. മതം മനുഷ്യനെ പൂര്ണതയിലേക്കു നയിക്കുവാനും അവന്റെ ആന്തരീകതലത്തെ ശുദ്ധി ചെയ്തു സമൂഹ നന്മക്കും മനുഷ്യ ബന്ധങ്ങൾക്കും ഉതകുന്ന പൊതു ഇടങ്ങൾ ഉണ്ടാക്കാനും ആണ് ശ്രമിക്കേണ്ടത്. പുരോഗമന പാതയിൽ മനുഷ്യ സമൂഹം സഞ്ചരിച്ചു തുടങ്ങിയിട്ട് കാലം അധികം ആയിട്ടില്ല, എന്നാൽ വളരെ പെട്ടന്ന് അവന്റെ ഗോത്ര സംസ്‌കാരത്തിലേക്കും അറിവിന്റെ കിരണം അടിക്കാത്ത മരുഭൂമിയിലേക്കും ഒരു തിരിച്ചുപോക്ക് നടത്തുന്നത് വിസ്മയം ഉളവാക്കുന്നു. മതത്തെ പൂർണമായി ഉപേക്ഷിക്കുന്നതിലല്ല, മതത്തിന്റെ മേന്മകളെ ഉൾക്കൊണ്ടുകൊണ്ട് മനുഷ്യനായി തീരുന്നതിലാണ് നാം പരാജയപ്പെട്ടു കൊണ്ടിരിക്കുന്നത്.

'സ്വതന്ത്ര ഇച്ഛ' എന്ന ഒരു സംഗതി മനുഷ്യന് ഉണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും തർക്കം തുടരുന്നുണ്ട്. ചില ഘടകങ്ങൾ നമ്മുടെ സ്വതന്ത്ര ചിന്തയെയും ധാർമ്മികമായ നേർ വഴികളെയും എന്നും സ്വാധീനിക്കുന്നു. ചിലപ്പോൾ ചങ്ങലയിൽ കുടുങ്ങിക്കിടക്കുന്നതാണ് നമുക്ക് പ്രിയം, സർവ്വവ്യാപിയായ ദൈവീക ശക്തിക്കു വ്യക്തികളുടെ ഇച്ഛയിലോ തീരുമാനത്തിലോ പൂർണ നിയന്ത്രണമില്ല എന്നതിന് തെളിവാണല്ലോ മനുഷ്യന് പാപം ചെയ്യാനുള്ള സ്വാതന്ത്ര്യം. സ്വന്തമായ തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യ ആൽമാവിന്റെ നൈസർഗീകമായ കഴിവാണ് എന്ന ഒരു ചിന്തയും നിലനിൽക്കുന്നുണ്ട്.

സ്വതന്ത്രമായ ചിന്തകൾ ഉണ്ടാവണമെങ്കിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള നല്ല അവബോധം ഉണ്ടാവണം. അതിനു ഉറപ്പായ കലർപ്പില്ലാത്ത മാദ്ധ്യമങ്ങൾ അത്യന്താപേക്ഷിതമാണ്. മാദ്ധ്യമങ്ങൾക്കു കൂച്ചുവിലങ് ഇടുകയാണ് അധികാരം ഉറപ്പിക്കാനുള്ള ആദ്യപടി. അതാണ് ചരിത്രം നമുക്ക് കാട്ടി തരുന്നതും. ഇന്നത്തെ വിശ്വാസം നഷ്ട്ടപ്പെട്ട മാദ്ധ്യമ സംസ്‌കാരം സ്വതന്ത്ര ഇച്ഛയെ ഒളിയാക്രമിക്കാനുള്ള വഴി തുറന്നിടുണ്ട്, പക്ഷം പിടിച്ചുള്ള മാദ്ധ്യമ ധർമ്മം ഒട്ടൊന്നുമല്ല നേരിനെ മറയ്ക്കുന്നത്. സ്വതന്ത്ര ചിന്തയുള്ള മനുഷ്യരുടെ മേൽ, അധികാരത്തിലുള്ളവരുടെ വ്യക്തമായ ധാരണയോടെയുള്ള 'മാദ്ധ്യമ മൂടിവയ്ക്കൽ', മനുഷ്യ സംസ്‌കാരത്തെ മാത്രമല്ല, മനുഷ്യൻ എന്ന അർദ്ധ തലത്തെ തന്നെ നെല്ലിപ്പലകയുടെ കീഴിലേക്ക് പിടിച്ചു താഴ്‌ത്തുകയാണ്.

''ആട്ടം കാണുന്നതിനിടയിൽ എന്തെങ്കിലും ശബ്ദം ഉണ്ടാക്കിയാൽ തല വെട്ടും'' എന്ന രാജ കല്പന നിലനിൽക്കുമ്പോൾ തന്നെ, ഒരു നല്ല രസികൻ 'തലപോയാലും പോട്ടെ, ബലെ ഭേഷ് ', എന്ന് തന്റെ ഉള്ളു തുറന്നു വിളിച്ചു കൂവിയപ്പോൾ, ആ ധൈര്യത്തിനു മുൻപിൽ രാജാവുപോലും നമിച്ചുപോയി എന്ന് കേട്ടിരിക്കുന്നു. ഇത്തരം ഒരു ഉൾക്കാഴ്ചയാണ് നമുക്ക് വേണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP