Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ഇനിം മുതൽ വിശുദ്ധ വിഡ്ഢി വേഷം കെട്ടാൻ എനിക്ക് മേല...

'ഇനിം മുതൽ വിശുദ്ധ വിഡ്ഢി വേഷം കെട്ടാൻ എനിക്ക് മേല...

'ഇനിം എന്ത് സംഭവിച്ചാലും എനിക്കൊന്നുമില്ല, പണ്ടൊക്കെ ഇത്തരം കാര്യങ്ങൾ ഒക്കെ കേൾക്കുമ്പോൾ വലിയ പ്രയാസമുണ്ടായിരുന്നു, അറിയാവുന്ന കളികൾ ഒക്കെ കളിച്ചു വിജയിച്ചുകൊണ്ടിരുന്നു, ഇപ്പോൾ അത്തരം കളികളിൽ അത്ര താല്പര്യം തോന്നുന്നില്ല, ഒക്കെ ഏതെങ്കിലും വഴിക്കു പോകട്ടെ എന്നാണ് ഇപ്പോഴത്തെ മാനസീക അവസ്ഥ !

ക്രിസ്മസും വരും പുതു വത്സരവും വരും,പോകും. എന്തൊക്കെ തയ്യാറെടുപ്പുകൾ ആയിരുന്നു, ഒന്നും പറയണ്ട ആർക്കൊക്കെയോ എന്തൊക്കയോ വാങ്ങിക്കൊടുക്കാനുള്ള പരാക്രമായിരുന്നു. ആരെക്കെയോ എന്തൊക്കയോ വാങ്ങിത്തരും എന്ന പ്രതീക്ഷയിരുന്നു, ഒന്നിനും ഒരു പുതുമയില്ല ഒക്കെ, വിരസമായ ആവർത്തനങ്ങൾ. അലങ്കാരവും പോയി ആർത്തനാദങ്ങളും നിലച്ചു. ഈ ചിതറിയ വർണ്ണ പേപ്പറുകൾ വാരി വലിച്ചിട്ട മുറിയിൽ തെളിയാത്ത നിറദീപങ്ങൾ അലങ്കരിച്ച പ്ലാസ്റ്റിക് മരവും, അപൂർവമായി എത്തിച്ചേർക്കുള്ള ക്രിസ്മസ് ആശംസ കാർഡുകളും ഞാനും മാത്രം. കാർഡ് ആരാണ് അയച്ചതെന്ന് നോക്കി, എന്താണ് അച്ചടിച്ച ആശംസ എന്ന് നോക്കാന്‌പോലും തുനിഞ്ഞില്ല. കാർഡ് അയച്ചവർക്കു തിരിച്ചയക്കാനുള്ള മടി, ഒരു താല്പര്യമില്ലായ്മ.

അടുത്തകാലത്തായി മുറി ഒന്ന് അടുക്കിപ്പെറുക്കി വെയ്ക്കാൻപോലും ശ്രദ്ധിക്കാറില്ല, ആരും ഇങ്ങോട്ടു അങ്ങനെ വരാറില്ലല്ലോ, അന്വേഷണങ്ങൾ നിലച്ചപ്പോൾ അന്വേഷിക്കാറുമില്ല, ആരെയും ഒന്നിനെയും. ഹോ, എന്തൊക്കെ അന്വേഷണങ്ങൾ ആയിരുന്നു ഒരിക്കൽ, നിലക്കാത്ത ഫോൺ വിളികളും ടെസ്റ്റുകളും, ഒന്നിനും സമയം തികഞ്ഞിരുന്നില്ല, പരിഭവങ്ങൾ ഒരു ആർഭാടമായി വിചാരിച്ച നാളുകൾ,എല്ലാം ഒരു കടങ്കഥപോലെ.

എല്ലാത്തിനും താനായിരുന്നല്ലോ അവസാന വാക്ക്, അതുകൊണ്ടുതന്നെ ചെറുതും വലുതുമായ എല്ലാ വിഷയങ്ങളും എനിക്കായി കാത്തുനിന്നിരുന്നല്ലോ. വിഷയക്കുറവായിട്ടല്ല, ഇല്ലാത്ത നേരം ഉണ്ടാക്കി എത്രയോ പ്രശ്‌നങ്ങളിൽ കയറിയിറങ്ങി, പടനയിച്ചും, വേഷം കെട്ടിയും, ആട്ടം പാട്ടുമായി പൊടിപിടിച്ച എത്രയോ മതിവരാത്ത സായാഹ്നങ്ങൾ,

വിചാരിച്ചതുപോലെ കാര്യങ്ങൾ കൊണ്ടുവരാൻ നന്നേ പാടുപെട്ടു, മുന്നിൽ വന്നു നിന്നതൊക്കെ നക്ഷത്രങ്ങൾ മാത്രം, ആ മിന്നുന്ന നക്ഷത്രങ്ങളെ പിൻപറ്റി രാത്രികളിൽ സഞ്ചരിച്ചത് ഒരു പുതിയ മരുവിലേക്കു ആയിരുന്നു. ചുടലകൾക്കും കുളിരേകും രാത്രികൾക്ക് എന്ത് മാദകത്വം, അവിടെയും രാക്കിളികളും മധുഗാനത്തിന്റെ ഉയിരും പനിമലരും, ഒരിക്കലും ഉദിക്കരുതേ സൂര്യനെന്നു തോന്നിയ നിമിഷങ്ങൾ.

രാത്രികളിലെ കൂട്ടുകാരെ സ്‌നേഹിച്ച എനിക്ക് ഇപ്പോൾ രാത്രിയുടെ മടുപ്പിക്കുന്ന ഏകാന്തതകളാണ് കൂട്ടുകാർ. എന്തൊരു നിശ്ശബ്ദത. ആൽമാവിനെ ആഴത്തിൽ ആരോരുമറിയാതെ കാത്തുവച്ച, ആർക്കും പകുത്തുകൊടുക്കാൻ നിൽക്കാതെ സൂക്ഷിച്ചുവച്ച അനുരാഗം എവിടേയോ ഒലിച്ചുപോയി. നിറം വറ്റിയ നിലവിട്ട വീഴ്ചയിൽ ഒക്കെ പോയില്ലേ, എല്ലാമും എല്ലാരും പോയില്ലേ, പിടിവിട്ടുപോയ പട്ടവും കുറെ കുതിച്ചുയർന്നാണല്ലോ നിപതിക്കാറുള്ളത്. ഇല്ല, പിടിവിട്ടു പട്ടമല്ല കാറ്റിൽ അകപ്പെട്ടുപോയ പട്ടമാണ് താൻ.

കാറ്റു തിരിച്ചു അടിക്കാതിരിക്കില്ല, എപ്പോഴാണെന്നറിയില്ല, എങ്ങനെയാണെന്നറിയില്ല, എന്നാലും വയ്യ, ഈ വിശുദ്ധ വിഡ്ഢി വേഷം എനിക്കാവില്ല. അകമരുകും എന്മനം ആരും അറിയാതെ പോകുന്നുവല്ലോ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP