Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹാർട്ട് ഓഫ് ഷാർജയിൽ ആഘോഷമായ് അൽ ബസ്ത ഉത്സവം; സന്ദർശകരുടെ മനം നിറച്ച് സംഗീത നിശകളും, കൈത്തറി വിപണന മേളയും ഭക്ഷണമേളയും

ഹാർട്ട് ഓഫ് ഷാർജയിൽ ആഘോഷമായ് അൽ ബസ്ത ഉത്സവം; സന്ദർശകരുടെ മനം നിറച്ച് സംഗീത നിശകളും, കൈത്തറി വിപണന മേളയും ഭക്ഷണമേളയും

ഷാർജയുടെ പരമ്പരാഗത കാഴ്ചകളും ചരിത്രവും പങ്കുവയ്ക്കുന്ന 'ഹാർട്ട് ഓഫ് ഷാർജ'യിൽ ആഘോഷത്തിന്റെ നിറം പകർന്ന് അൽ ബസ്ത ഉത്സവം. സംഗീത നിശകൾ, പ്രത്യേക വർക് ഷോപ്പുകൾ, കൈത്തറി വിപണന മേള, എമിറാത്തി രുചികൾ തുടങ്ങി സന്ദർശകരുടെ മനം നിറക്കാൻ പാകത്തിലുള്ള നിരവധി പരിപാടികളാണ് ഉത്സവത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. മാർച്ച് ഒൻപതു വരെയുള്ള എല്ലാ വെള്ളി, ശനി ദിവസങ്ങളിലും ഹാർട്ട് ഓഫ് ഷാർജയിലെ 'സൂഖ് അൽ ഷാനാസിയയിലാണ്' അൽ ബസ്ത അരങ്ങേറുന്നത്.

രുചിമേളകൾക്കും സംഗീത നിശകൾക്കും പുറമെ യുഎഇയുടെ പൈതൃക കാഴ്ചകളും അറിവുകളും പങ്കുവെക്കുന്ന പ്രേത്യേക വർക് ഷോപ്പുകൾ അൽ ബസ്തയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. കൈത്തറിയിൽ പ്രഗൽഭരായ എമിറാത്തി സ്ത്രീകളുടെ നേതൃത്വത്തിൽ പാവ നിർമ്മാണം, നെയ്തു രീതികൾ എന്നിവയുടെ തത്സമയ വിവരണങ്ങളുണ്ടാവും. മൈലാഞ്ചിയിടൽ, വൈവിധ്യമാർന്ന കൈത്തറി ഉത്പന്നങ്ങളുടെ വിപണി തുടങ്ങി സൂഖ് അൽ ഷാനാസിയയിലെ കാഴ്ചകൾക്ക് മാറ്റ് കൂട്ടുന്ന മറ്റു നിരവധി ആകർഷണങ്ങളും അൽ ബസ്തയിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്.

'ഷാർജയുടെ ചരിത്രവും തനതു രീതികളും സന്ദർശകരുമായി പങ്കുവക്കുക, അതുമായി ബന്ധപ്പെട്ട അറിവുകൾ പകരുക എന്നതാണ് ഹാർട്ട് ഓഫ് ഷാർജയുടെ ലക്ഷ്യം. അതിന്റെ തുടർച്ചയാണ് അൽ ബസ്ത ഉത്സവം. പ്രായത്തിന്റെയും ദേശത്തിന്റെയും വ്യത്യാസമില്ലാതെ എല്ലാവർക്കും ആസ്വദിക്കാനും പങ്കെടുക്കാനും പാകത്തിലുള്ള നിരവധി അത്യാകർഷകമായ പരിപാടികളാണ് ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. എമിറാത്തി സംസ്‌കാരവും പൈതൃകവും അടുത്തറിയാൻ എന്തുകൊണ്ടും അനുയോജ്യമായ ഇടമാണ് ഹാർട്ട് ഓഫ് ഷാർജയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃക സൂക്കുകൾ' - ഹാർട്ട് ഓഫ് ഷാർജ ജനറൽ മാനേജർ ഖാലിദ് ദീമാസ് പറഞ്ഞു.

ഷാർജയുടെയും എമിറാത്തിന്റെയും ഇന്നലെകളിലേക്കു വെളിച്ചം വീശുന്ന അനവധി കാഴ്ചകളാൽ സമ്പന്നമാണ് ഷാർജയുടെ ഹൃദയ ഭാഗത്തുള്ള 'ഹാർട്ട് ഓഫ് ഷാർജ' പ്രദേശം. പൈതൃക കാഴ്ചകൾ സംരക്ഷിക്കാനും പുതുതലമുറയിലേക്കു പകരാനും ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന ഈ വിനോദ കേന്ദ്രത്തിൽ നിരവധി മ്യൂസിയങ്ങൾ, സൂഖുകൾ, കുട്ടികൾക്കായുള്ള കളിയിടങ്ങൾ എന്നിങ്ങനെ നിരവധി വിശേഷങ്ങളുണ്ട്. സൂഖ് അൽ സക്കർ, സൂഖ് അൽ അർസ, സൂഖ് അൽ ഷാനാസിയ എന്നീ പരമ്പരാഗത ശൈലി ഇന്നും പിന്തുടരുന്ന സൂഖുകളിലൂടെയുള്ള സഞ്ചാരം പണ്ട് കാലത്തെ എമിറാത്തി തെരുവുകളെ അനുസ്മരിപ്പിക്കുന്നതാണ്. യുഎഇയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന കച്ചവട കേന്ദ്രങ്ങളിലൊന്നാണ് സൂഖ് അൽ ഷാനാസിയ കരുതപ്പെടുന്നത്. പണ്ടുകാലങ്ങളിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി കച്ചവടബന്ധം പുലർത്തിയിരുന്നതിന്റെ തെളിവുകൾ ഇവിടെ മ്യൂസിയത്തിൽ കാണാം.

മലയാളികളടക്കമുള്ള ഇന്ത്യൻ സമൂഹത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ റോളയോട് ചേർന്നാണ് ഹാർട്ട് ഓഫ് ഷാർജ നിലകൊള്ളുന്നത്. ഫോട്ടോഗ്രഫിക്കും വിനോദത്തിനും വൈകുന്നേരത്തെ വെറുംനടത്തങ്ങൾക്കുമെല്ലാം അനുയോജ്യമായ ഹാർട്ട് ഓഫ് ഷാർജയിലെ സൂഖുകളിൽ ഹൽവയടക്കമുള്ള മലയാളി രുചികളും സുലഭമാണ്. റോള ക്രീക്കിനോടുള്ള ചേർന്നുള്ള ഹാർട്ട് ഓഫ് ഷാർജയിലെ കോഫീ ഷോപ്പുകളിലെ വൈവിധ്യമാർന്ന രുചിയും, അസ്തമയ കാഴ്ചകളും ഏതൊരു സഞ്ചാരിയുടെയും മനം കവരും.

മാർച്ച് ഒൻപതു വരെ എല്ലാ വെള്ളി, ശനി ദിവസങ്ങളിലും വൈകുന്നേരം നാല് മുതൽ ഒൻപതു വരെയാണ് അൽ ബസ്ത ഉത്സവം അരങ്ങേറുക. വർക് ഷോപ്പുകളിൽ പങ്കെടുക്കാൻ അമ്പതു ദിർഹമാണ് ഫീസ്. സൂഖുകൾ, ഹാർട്ട് ഓഫ് ഷാർജയിലെ മറ്റു പൊതു ഇടങ്ങൾ എന്നിവിടങ്ങളിലേക്ക് പ്രവേശനം സൗജന്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP