Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

വേറിട്ട ഇഫ്താർ അനുഭവങ്ങളൊരുക്കി ഷാർജ

വേറിട്ട ഇഫ്താർ അനുഭവങ്ങളൊരുക്കി ഷാർജ

പുണ്യ മാസത്തിന്റെ രാവുകളിൽ ആത്മീയതയും വിനോദവുമെല്ലാം ചേർത്തുവെച്ച ഇഫ്താർ അനുഭവങ്ങളൊരുക്കുകയാണ് ഷാർജയിലെ സഞ്ചാരകേന്ദ്രങ്ങൾ. രുചികരമായ വിഭവങ്ങളും വേറിട്ട കാഴ്ചകളും ആരോഗ്യക്ഷമതയുടെ സന്ദേശവുമെല്ലാം പകരുന്ന നിരവധി പാക്കേജുകളും പരിപാടികളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

മരുഭൂ കാഴ്ചകൾക്ക് നടുവിൽ പ്രേത്യേകം തയാറാക്കിയ ടെന്റിൽ നോമ്പ് തുറക്കാനുള്ള അവസരമാണ് മെലീഹ ആർക്കിയോളജി സെന്ററിലെ റമദാൻ സ്റ്റാർ ലോഞ്ച്. മണൽപ്പരപ്പിൽ ഒരുക്കിയ ക്യാമ്പ് ഫയറിനും മജ്‌ലിസിനുമൊപ്പം രുചിയേറും അറബിക് വിഭവങ്ങളും ഇവിടെയൊരുക്കിയിട്ടുണ്ട്. ഇഫ്താർ നേരത്തോടെ ആരംഭിക്കുന്ന പാക്കേജിന്റെ ഭാഗമായി വാന നിരീക്ഷണവും നടത്താം. ഗൈഡിനോടൊപ്പം മ്യൂസിയത്തിലെ ചരിത്രക്കാഴ്ചകളിലൂടെ സഞ്ചരിക്കാനുള്ള അവസരവുമുണ്ട്. നോമ്പ് തുറ നേരം തൊട്ടു തുടങ്ങുന്ന സ്റ്റാർ ലോഞ്ചിലെ അനുഭവങ്ങൾ രാത്രി വൈകുവോളം തുടരും. ഇഫ്താറും അത്താഴവും ചേരുന്ന മരുഭൂമിയിലെ രാത്രി അനുഭവം വേണ്ടവർക്ക് അതു തെരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. 175 ദിർഹമാണ് എല്ലാമടങ്ങുന്ന പാക്കേജിന്റെ നിരക്ക്. കുട്ടികൾക്ക് 100 ദിർഹം. കൂടുതൽ വിവരങ്ങൾക്ക് 050 210 3780 - 068 021 111 എന്ന നമ്പറിൽ ബന്ധപ്പെടുക.

നഗരത്തിരക്കിൽ നിന്ന് കൂടുതൽ ദൂരം സഞ്ചരിക്കാൻ ആവാത്തവർക്ക് ശാന്തവും മനോഹരവുമായ ഇഫ്താർ അനുഭവമാണ് അൽ നൂർ ഐലൻഡ് ഒരുക്കുന്നത്. ഷാർജ നഗരത്തോട് ചേർന്നുള്ള ഖാലിദ് ലഗൂണിന്റെ മനോഹരക്കാഴ്ചകൾ ആസ്വദിചിരിക്കാൻ തക്ക വിധത്തിൽ ദ്വീപിന്റെ മണൽപ്പരപ്പിൽ പ്രേത്യേകം തയാറാക്കിയ ഇഫ്താർ വിരുന്നാണ് ഇവിടത്തെ സവിശേഷത. പ്രേത്യേക ഇഫ്താർ വിഭവങ്ങളും ഷാർജയുടെ ആകാശത്തിലെ നക്ഷത്രക്കാഴ്ചകളും അൽ നൂർ ദ്വീപിലെ പച്ചപ്പിന്റെ മായികതയും കൂടി ചേരുമ്പോൾ ഓർമകളിൽ എന്നും സൂക്ഷിക്കാൻ പാകത്തിലുള്ള ഒരു റമദാൻ രാത്രിയാകും. ദ്വീപിലേക്കുള്ള പ്രവേശനവും കാഴ്ചകളും കൂടി ഉൾപ്പെടുന്നതാണ് ഇഫ്താർ പാക്കേജ്. മുതിർന്നവർക്ക് 85 ദിർഹം, കുട്ടികൾക്ക് 35 ദിർഹം എന്നിങ്ങനെയാണ് നിരക്കുകൾ. കൂടുതൽ വിവരങ്ങൾക്ക് 065 067000 എന്ന നമ്പറിൽ ബന്ധപ്പെടുക.

പ്രവാസികൾ അടക്കമുള്ള ഷാർജ നിവാസികൾക്കും സന്ദർശകർക്കും ശാരീരിക ക്ഷമത പരിശോധിക്കാനും പരിശീലിക്കാനുമുള്ള അവസരമാണ് ഷാർജ ഫ്‌ളാഗ് ഐലൻഡ് ഒരുക്കുന്നത്. റമദാൻ സ്പോർട്സ് ഹവർ എന്ന ഫിറ്റ്‌നസ് പരിപാടിയുടെ ഭാഗമായി യോഗ, വിവിധ വർക് ഔട്ടുകൾ, ബോക്‌സിങ് എന്നിവ വിദഗ്ദ്ധ പരിശീലകരുടെ കീഴിൽ പരിശീലിക്കാനുള്ള അവസരമുണ്ട്. ബ്ലഡ് ഷുഗർ, ബ്ലഡ് പ്രെഷർ എന്നിവയുടെ സൗജന്യ പരിശോധനയും ഇതേ നേരത്തു ഫ്‌ളാഗ് ഐലൻഡിൽ ഉണ്ടാവും. എല്ലാ തിങ്കളാഴ്ചയും വൈകുന്നേരം അഞ്ചു മുതൽ ആറു വരെ അരങ്ങേറുന്ന സ്പോർട്സ് ഹവർ, ഷാർജ ഫ്‌ളാഗ് ഐലൻഡ്, ഫിറ്റ്‌നസ് ഫസ്റ്റ്, അൽ സാഹിറ ആശുപത്രി എന്നിവർ സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.

ഷാർജയിലെ കുടുംബങ്ങളുടെ പ്രിയവിനോദ കേന്ദ്രമായ അൽ ഖസ്ബയും റമദാനിലെ രാത്രികൾക്കായി അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. പ്രേത്യേക അലങ്കാര വിളക്കുകളും ചെറു കച്ചവട ശാലകളും കുട്ടികളുടെ കളിയിടങ്ങളും ചേർന്ന് നോമ്പുകാല രാത്രിയെ ആഘോഷമാക്കുന്നു. ഇവിടത്തെ ഭക്ഷണ ശാലകളിൽ നൂറു ദിർഹമോ അതിനു മുകളിലോ ചിലവഴിക്കുന്നവർക്കു ആഴ്ചയിൽ പതിനായിരം ദിർഹം നേടാനുള്ള നറുക്കെടുപ്പിന്റെ ഭാഗമാവാനുള്ള അവസരവുമുണ്ട്. അൽ ഖസ്ബയിലെ പള്ളിയിൽ റമദാനിന്റെ ഭാഗമായി 'ഈമാൻ ഒയാസിസ്' എന്ന പ്രേത്യേക പ്രഭാഷണ പരമ്പരയും അരങ്ങേറുന്നുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP