Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുബൈ കെ.എം.സി.സി സഹിഷ്ണുതാ സമ്മേളനം മന്ത്രി ശൈഖ് നഹ്യാൻ ഉദ്ഘാടനം ചെയ്യും

ദുബൈ കെ.എം.സി.സി സഹിഷ്ണുതാ സമ്മേളനം മന്ത്രി ശൈഖ് നഹ്യാൻ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ

ദുബൈ:ദുബൈ കെ.എം.സി.സി ആഭിമുഖ്യത്തിൽ 48-മത് യുഎഇ ദേശീയ ദിനാഘോഷ സമാപന സമ്മേളനവും,കെഎംസിസിയുടെ 45-മത് വാർഷികാഘോഷവും,യുഎഇ സഹിഷ്ണുതാ വർഷ പരിപാടികളും ഈ മാസം 13ന് വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ ദുബൈ അൽ നാസർ ലെഷർ ലാൻഡിൽ വെച്ച് അതിവിപുലമായി സംഘടിപ്പിക്കും.സഹിഷ്ണുതാ സമ്മേളനം യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽനഹ്യാൻ ഉദ്ഘാടനം ചെയ്യും.മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ,ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ പത്മശ്രീ എം.എ യൂസുഫലി തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും.മുസ്ലിം ലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി, ദുബൈ കമ്യൂണിറ്റി ഡെവലപ്മെന്റ് അഥോറിറ്റി ഡയറക്ടർ ജനറൽ അഹ്മദ് അബ്ദുൽ കരീം ജുൽഫാർ,ജനറൽ ഡയക്ടറേറ്റ് ഓഫ് റെസിഡെൻസി ആൻഡ് ഫോറീനഴ്സ് അഫയേഴ്സ് ദുബൈ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽമർറി,ജനറൽ മാനേജർ ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് സിഐ.ഡി ഡോ: അഹമ്മദ് ശൈബാനി, പി.വി അബ്ദുൽ വഹാബ് എംപി,പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ,ഡോ.എം.കെ മുനീർ എംഎൽഎ,എം.സി ഖമറുദ്ദീൻ എംഎൽഎ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും.

പരിപാടികളുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി അൽബറാഹ കെഎംസിസി ആസ്ഥാനത്ത് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ,ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങര,ട്രഷറർ പി.കെ ഇസ്മായിൽ,ഓർഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി,മീഡിയ ചെയർമാൻ ഒ.കെ ഇബ്രാഹിം എന്നിവർ അറിയിച്ചു.അൽ നാസർ ലെഷർ ലാൻഡ് ക്ലബിലെ ഗേറ്റുകൾ വൈകുന്നേരം 4 മണിക്ക് തുറക്കും.5 മണിയോടെ പരിപാടികൾക്ക് തുടക്കമാകും. പരിപാടിയിൽ പങ്കെടുക്കുന്നവർക്കായി ആകർഷക സമ്മാനങ്ങൾ ഏർപ്പെടുത്തി യിട്ടുണ്ട്.20 പേർക്ക് നറുക്കെടുപ്പിലൂടെ ലുലുവിന്റെ 500 ദിർഹമിന്റെ പർചേസ് വൗചർ സമ്മാനമായി നൽകും.റിട്ടേൺ വിമാന ടിക്കറ്റുകളും നൽകും.മറ്റു സമ്മാനങ്ങളുമുണ്ടാകും.കഴിഞ്ഞ വർഷങ്ങളിലെ പരിപാടികളെക്കാൾ കൂടുതൽ വിപുലമായാണ് ഇത്തവണ ആഘോഷം ഒരുക്കിയിരിക്കുന്നത്.സഹിഷ്ണുതാ വർഷ ഭാഗമായി പ്രത്യേക പരിപാടികൾ അരങ്ങേറും.കെ.എം.സി.സിയുടെ 45-മത് വാർഷികം കൂടിയായതിനാൽ പൊലിമയോടെയാണ് ആഘോഷം.ഇന്ത്യക്കാരും ഇമാറാത്തികളുമായ പ്രമുഖ വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിക്കും.കൂടുതൽ ആളുകൾക്ക് സൗകര്യപ്പെടുന്നതിനായാണ് ഈ വർഷം ദുബൈ അൽ നാസർ ലെഷർ ലാൻഡിലെ പുതിയ വേദിയാണ് സജ്ജമാക്കിയിരിക്കുന്നത്.ഊദ് മേത്ത മെട്രോ സ്റ്റേഷന് സമീപം ആണ് അൽ നാസർ ലെഷർ ലാൻഡ് സ്ഥിതി ചെയ്യുന്നത്. മെട്രോ സ്റ്റേഷൻ സമീപത്തായതിനാൽ ഇവിടേക്ക് ആളുകൾക്ക് എത്താൻ സൗകര്യമുണ്ട്. കൂടാതെ, ബസ് സൗകര്യവും ഏർപ്പെടുത്തും.യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് കലാ-സാംസ്‌കാരിക പരിപാടികൾ ഇതിനകം വിപുലമായി സംഘടിപ്പിച്ചതായി ഭാരവാഹികൾ പറഞ്ഞു.

സർഗോൽസവം,കായികോൽസവം,വനിതാ സമ്മേളനം പ്രത്യേകമായി തന്നെ ഒരുക്കി. രക്തദാന പരിപാടി കഴിഞ്ഞ മാസം 27ന് നായിഫ് പൊലീസ് സ്റ്റേഷൻ പരിസരത്ത് നടന്നു.നവംബർ 30ന് രക്തസാക്ഷി ദിനാചരണ പരിപാടികൾ ഒരുക്കി. ചിത്രപ്രദർശനവും നടത്തി.ഡിസംബർ 6ന് തലമുറ സംഗമവും കാമ്പസ് മീറ്റും ഒരുക്കി. കെഫ് ഹോൾഡിങ്സ് ചെയർമാൻ ഫൈസൽ കോട്ടിക്കൊള്ളോൻ നേതൃത്വം നൽകിയ ബിസ് ടോക്സ് കഴിഞ്ഞ ദിവസം അൽബറാഹ ആസ്ഥാനത്ത് നടന്നു. ഇന്നോവ ഗ്രൂപ് ചെയർമാൻ ജോയ് അറക്കൽ, യുഎഇ സർക്കാറിന്റെ 'ദി പയനിയർ' അവാർഡ് ലഭിച്ച മിഡിൽ ഈസ്റ്റ് ഗ്രൂപ് എം.ഡി സജി ചെറിയാൻ എന്നിവർ സംസാരിച്ചു.ദുബൈ പൊലീസുമായി ചേർന്ന് ഈ മാസം 5ന് ദുബൈ പൊലീസ് അക്കാദമിയിൽ നടന്ന, ഗിന്നസ് റെക്കോർഡ് നേടിയ ഏറ്റവും വലിയ പതാക തീർക്കുന്ന യജ്ഞത്തിലും ദുബൈ കെഎംസിസി പങ്കാളിയായി.

പ്രവാസ ലോകത്തെ ഏറ്റവും വലിയ പ്രസ്ഥാനമായ കെഎംസിസി സാമൂഹിക പ്രസക്തവും സാംസ്‌കാരിക-പൈതൃക പ്രാധാന്യമുള്ളതുമായ നിരവധി പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.ദുബൈ മുനിസിപ്പാലിറ്റി ആഭിമുഖ്യത്തിൽ വർഷം തോറും നടത്തി വരുന്ന ക്ളീനപ് ദി വേൾഡ് ശുചീകരണ യജ്ഞത്തിൽ ഈ വർഷം ഏറ്റവും കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിച്ച് ദുബൈ കെഎംസിസി അതിന്റെ പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു.എണ്ണമറ്റ ജീവകാരുണ്യ-ആതുര ശുശ്രൂഷാ-വിദ്യാഭ്യാസ-നിയമ-തൊഴിൽ സംരംഭങ്ങളും പ്രവർത്തനങ്ങളും സംഘടന നിരന്തരം നിർവഹിച്ചു വരുന്നുണ്ട്.

സമ്മേളന സ്ഥലത്തേക്ക് ബസ് ഏർപ്പെടുത്തുന്നതാണ്.പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.പ്രവേശനം പാസ് മുഖേന നിയന്ത്രിക്കുന്നതാണ്.പ്രവേശന പാസുകൾക്ക് 04 2727773 (കെഎംസിസി ഓഫീസ്, അൽബറാഹ), 04 2274899 (കെഎംസിസി ഓഫീസ്, അൽസബ്ഖ) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

പത്രസമ്മേളനത്തിൽ പങ്കെടുത്തവർ

ഇബ്രാഹിം എളേറ്റിൽ (പ്രസിഡന്റ് ദുബൈ കെ.എം.സി.സി )

മുസ്തഫ വേങ്ങര (ജന:സെക്രട്ടറി ദുബൈ കെ.എം.സി.സി )

ഹംസ തോട്ടി (ഓർഗ: സെക്രട്ടറി ദുബൈ കെ.എം.സി.സി )

റഈസ് തലശ്ശേരി ( വൈസ് പ്രസിഡന്റ് ദുബൈ കെ.എം.സി.സി )

എൻ കെ ഇബ്രാഹിം (മീഡിയ വിങ് ചെയർമാൻ )

യൂസുഫ് മാഷ് (വൈസ് പ്രസിഡന്റ് ദുബൈ കെ.എം.സി.സി )

നിസാമുദ്ദീൻ കൊല്ലം (സെക്രട്ടറി ദുബൈ കെ.എം.സി.സി)

കെ.പി.എ സലാം (സെക്രട്ടറി ദുബൈ കെ.എം.സി.സി)

നിഹ്മത്ത് മങ്കട (ദുബൈ കെ.എം.സി.സി മീഡിയ കോർഡിനേറ്റർ)

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP