Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദേശ നിക്ഷേപ സാധ്യതകൾ പങ്കുവെച്ച് ഷാർജ എഫ് ഡി ഐ ഫോറം - ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു

വിദേശ നിക്ഷേപ സാധ്യതകൾ പങ്കുവെച്ച് ഷാർജ എഫ് ഡി ഐ ഫോറം - ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

ലോകത്തെ മുൻനിര വിദേശനിക്ഷേപ ചർച്ചാവേദികളിലൊന്നായ ഷാർജ എഫ് ഡി ഐ ഫോറത്തിന്റെ അഞ്ചാം പതിപ്പിന് ഷാർജയിൽ തിരിതെളിഞ്ഞു. ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഫോറം ഉത്ഘാടനം ചെയ്തത്. യുഎഇ ധനമന്ത്രി സുൽത്താൻ ബിൻ സയീദ് അൽ മൻസൂറി ആമുഖ പ്രഭാഷണം നടത്തി. ഷുറൂഖ് എക്‌സിക്യൂട്ടീവ് ചെയർമാൻ മർവാൻ അൽ സർക്കാൽ, ഗൂഗിൾ എഎക്‌സിന്റെ മുൻ ചീഫ് ബിസിനസ് ഓഫിസറും എഴുത്തുകാരനുമായ മോ ഗൗതത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ആഗോള സാമ്പത്തികമേഖല പ്രതിസന്ധികൾ നേരിടുമ്പോഴും യുഎഇ സമ്പത്ഘടന കൈവരിച്ച വളർച്ചയിലേക്ക് വെളിച്ചം വീശിയാണ് 'വിദേശ നിക്ഷേപത്തിന്റെ ഭാവി സാധ്യതകൾ' എന്ന പ്രമേയത്തിലൊരുക്കിയ ഷാർജ വിദേശ നിക്ഷേപ ഫോറത്തിനു ഷാർജ ജവാഹിർ കൺവൻഷൻ സെന്ററിൽ തുടക്കം കുറിച്ചത്.

വൈവിധ്യമാർന്ന വിദേശ നിക്ഷേപ നിയമങ്ങൾ രാജ്യത്തിന്റെ വളർച്ചക്ക് ആക്കം കൂട്ടുന്നുണ്ടെന്നും ആഗോളതലത്തിലെ പ്രതികൂല കാലാവസ്ഥയിലും യുഎഇ പുലർത്തിയ സ്ഥിരതയിൽ ഈ വൈവിധ്യത്തിനും സാമ്പത്തിക പോളിസികൾക്കും നിർണായക പങ്കുണ്ടെന്നും ധനമന്ത്രി സുൽത്താൻ ബിൻ സയീദ് അൽ മൻസൂറി ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു. യുഎഇയുടെ നിക്ഷേപ സാഹചര്യങ്ങൾ കൂടുതൽ മികവുറ്റതാക്കുന്നതിൽ ഷാർജ എഫ്ഡിഐ ഫോറം വഹിക്കുന്ന പങ്കിനെക്കുറിച്ച് അദ്ദേഹം പ്രത്യേകം പരാമർശിച്ചു. 'വിദേശ നിക്ഷേപ കാര്യക്ഷമതയുടെ കാര്യത്തിൽ ഏഷ്യൻ തലത്തിൽ രണ്ടാമതും ലോകത്ത് ഇരുപത്തിയേഴാം സ്ഥാനത്തുമാണ് യുഎഇ. 2018 ലെ എഫ്ഡിഐ നിയമം ഈ വളർച്ചയുടെ ആക്കം കൂട്ടുന്നുണ്ട്. കാർഷികം, സാങ്കേതികം, ഊർജം എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിയായി 122ൽ അധികം വിദേശ നിക്ഷേപം ആകർഷിക്കാനായി. പുതിയ റെസിഡൻസി നിയമവും ഗോൾഡൻ കാർഡ് സംവിധാനവുമെല്ലാം വിദേശ നിക്ഷേപത്തെ സഹായിക്കുന്ന മറ്റു ഘടകങ്ങളാണ്' - അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഇരുപത് വർഷത്തിനിടെ സംഭവിച്ച അതിവേഗ സാങ്കേതിക പുരോഗതിയെക്കുറിച്ചും യുഎഇയും ഷാർജയും ആ വേഗത്തോടൊപ്പം സഞ്ചരിക്കാൻ നടത്തുന്ന ശ്രമങ്ങളേക്കുറിച്ചും സ്വാഗതപ്രസംഗത്തിൽ ശുറൂഖ് എക്‌സിക്യൂട്ടീവ് ചെയർമാൻ മർവാൻ ബിൻ ജാസിം അൽ സർക്കാൽ വിശദീകരിച്ചു. നിക്ഷേപ മേഖലയിൽ നൂതനമായ ആശയങ്ങളും സാങ്കേതികതയും ഉണ്ടായിരിക്കേണ്ട അനിവാര്യതയിലേക്ക് അദ്ദേഹം വിരൽചൂണ്ടി. 'നിർമ്മിത ബുദ്ധിയും നാലാം ഇൻഡസ്ട്രിയൽ റെവല്യൂഷനും അടിസ്ഥാനമാക്കി യുഎഇ നടത്തുന്ന പുരോഗതി ലോകതലത്തിൽ തന്നെ ശ്രദ്ധേയമാണ്. ഇവിടെ ഷാർജയിൽ ത്രീഡി പ്രിന്റിങ് സാങ്കേതികത്വവും സ്വയം ഡ്രൈവ് ചെയ്തുപോകുന്ന കാറും പുതിയ റെയിൽവേ സംവിധാനവും പരീക്ഷപ്പെടുന്നു. വിപ്ലവകരമായ മാറ്റങ്ങളാണ് സഞ്ചാര മേഖലയിൽ വരുംകാലത്തു സംഭവിക്കാൻ പോകുന്നത്. നൂതന ആശയവും ക്രിയാത്മകതയുമുള്ള നിക്ഷേപകർക്ക് കൂടുതൽ എളുപ്പമുള്ള നിക്ഷേപ അന്തരീക്ഷമാണ് വരുംകാലത്തിന്റേത്'- മർവാൻ പറഞ്ഞു.

ഷാർജയുടെ സുസ്ഥിര വികസന കാഴ്ചപ്പാടിനെയും വൈവിധ്യങ്ങളെയും കുറിച്ച് വിശദീകരിച്ച ഇൻവെസ്റ്റ് ഇൻ ഷാർജ സിഇഒ മുഹമ്മദ് ജുമാ അൽ മുഷറഖ്, ഈ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിനു കൂടുതൽ കരുത്ത് പകരാനാണ് നിക്ഷേപർക്ക് എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ഷാർജ നിക്ഷേപ സേവന കേന്ദ്രം അവതരിപ്പിച്ചതെന്നും പറഞ്ഞു. ഷാർജ നിക്ഷേപ വികസന കേന്ദ്രത്തിന്റെ (സയീദ്) ഔദ്യോഗിക പ്രവർത്തനാരംഭവും വേദിയിൽ അദ്ദേഹം പ്രഖ്യാപിച്ചു. എമിറേറ്റിന്റെ ഏതു ഭാഗത്തുമുള്ള നിക്ഷേപസംബന്ധമായ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന പുതിയ കേന്ദ്രം. മികച്ച പരിശീലനം നേടിയ സേവനദാതാക്കളും ഏറ്റവും നൂതനമായ ആശയവിനിമയ സംവിധാനങ്ങളും ഏകോപിപ്പിക്കുന്ന സേവന കേന്ദ്രം പുതിയ ബിസിനസുകൾ ആരംഭിക്കാനുള്ള നടപടിക്രമങ്ങളുടെ വേഗം കൂട്ടും. ഷാർജ അൽ ഖസ്ബ ആസ്ഥാനമാക്കിയാണ് ഷാർജ നിക്ഷേപ സേവന കേന്ദ്രത്തിന്റെ പ്രവർത്തനം.

ഷാർജ പബ്ലിഷിങ് സിറ്റി ഫ്രീസോണും ഇൻവെസ്റ്റ് ഇൻ ഷാർജയും തമ്മിലുള്ള ധാരണാപത്രം ഒപ്പു വെക്കുന്നതിനും ഷാർജ എഫ്ഡിഐ ഫോറം വേദിയായി. വിദേശ നിക്ഷേപങ്ങൾ കണ്ടെത്തുന്നതിലും വ്യാപാര ബന്ധങ്ങളുണ്ടാക്കുന്നതിലും പരസ്പരം സഹകരിക്കാൻ രണ്ടുകൂട്ടരും ധാരണയിലെത്തി. ശുറൂഖ് എക്‌സിക്യൂട്ടീവ് ചെയർമാൻ മർവാൻ അൽ സർക്കാലിന്റെയും ഷാർജ ബുക്ക് അഥോറിറ്റി ചെയർമാൻ അഹ്മദ് അൽ അമേരിയുടെയും സാന്നിധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പുവെച്ചത്. പബ്ലിഷിങ് മേഖലയിൽ വൈവിധ്യമാർന്ന വിദേശ നിക്ഷേപങ്ങൾ കണ്ടെത്തുന്നതിൽ ഈ കൂട്ടായ്മ നിർണായകമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ലോകപ്രശസ്ത എഴുത്തുകാരനും ഗൂഗിൾ എക്‌സിന്റെ മുൻ ചീഫ് ബിസിനസ് ഓഫീസറുമായ മോ ഗൗതത്ത് ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു. സാങ്കേതിക മേഖലയിലെ കുതിപ്പും രാജ്യങ്ങളുടെ സമ്പത്ഘടനയും ഇഴചേർന്നിരിക്കണം എന്നഭിപ്രായപെട്ട അദ്ദേഹം യുഎഇ മുന്നോട്ടു വെക്കുന്ന വളർച്ചാ മോഡൽ മറ്റു രാജ്യങ്ങൾ മാതൃകയാക്കണമെന്നും പറഞ്ഞു.

ഷാർജ എഫ്ഡിഐ ഫോറത്തിന്റെ പങ്കാളികളെയും പ്രയോജകരെയും ചടങ്ങിൽ ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ അൽ ഖാസിമി ആദരിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഫോറത്തിൽ പന്ത്രണ്ടു സെഷനുകളിലായി ലോകത്തെ മുൻനിര സാമ്പത്തിക വിദഗ്ധരും നിക്ഷേപകരും സർക്കാർ പ്രതിനിധികളുമടക്കം 54 പ്രഭാഷകരുണ്ട്. ആയിരത്തിയഞ്ഞൂറോളം പേരാണ് ഷാർജ എഫ്ഡിഐ ഫോറത്തിന്റെ ഭാഗമാവുന്നത്.

യുഎഇ ധനകാര്യ മന്ത്രാലയത്തിന്റെ പിന്തുണയോടെ ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അഥോറിറ്റിയുടെ (ശുറൂഖ്) കീഴിൽ പ്രവർത്തിക്കുന്ന ഷാർജ എഫ്ഡിഐ ഓഫിസാണ് (ഇൻവെസ്റ്റ് ഇൻ ഷാർജ) വിദേശ നിക്ഷേപ ഫോറം സംഘടിപ്പിക്കുന്നത്. ഷാർജ ജവാഹർ കൺവെൻഷൻ സെന്ററിലാണ് പരിപാടി നടക്കുന്നത്. ഫോറം ഇന്ന് (ചൊവ്വ) അവസാനിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP