Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്തിന്റെ പുസ്തക തലസ്ഥാനമായി ഷാർജ; ചുരുൾ ശിൽപ്പവും ഹൗസ് ഓഫ് വിസ്ഡവും അനാവരണം ചെയ്തു

ലോകത്തിന്റെ പുസ്തക തലസ്ഥാനമായി ഷാർജ; ചുരുൾ ശിൽപ്പവും ഹൗസ് ഓഫ് വിസ്ഡവും അനാവരണം ചെയ്തു

2019 ലെ 'ലോകപുസ്തക തലസ്ഥാന'മെന്ന അംഗീകാരം ആഘോഷിക്കുകയാണ് ഷാർജ. രാജ്യാന്തരതലത്തിലെ പുതിയ അംഗീകാരത്തിന്റെ ഭാഗമായുള്ള സ്മാരകശിൽപ്പം ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അനാവരണം ചെയ്തു.

വായനയുടെയും പുസ്തകങ്ങളുടെയും പ്രാധാന്യം വിളിച്ചോതുന്ന സ്മാരകശിൽപ്പം, പണ്ട് കാലങ്ങളിൽ സന്ദേശങ്ങൾ അയക്കാനും അറിവ് രേഖപ്പെടുത്തിവെക്കാനും ഉപയോഗിച്ചിരുന്ന ചുരുളിന്റെ മാതൃകയിലാണ് പണി കഴിപ്പിച്ചിരിക്കുന്നത്. യുകെയിൽ നിന്നുള്ള ലോകപ്രശസ്ത കലാകാരൻ ജെറി ജൂദയാണ് ശില്പി. 240 ടൺ കോൺക്രീറ്റ് അടിത്തറയിൽ എഴുപത്തിരണ്ട് ടൺ സ്റ്റീൽ ഉപയോഗിച്ച്, ജ്വലിക്കുന്ന പന്തത്തിന്റെ ആകൃതിയിൽ ഒരുക്കിയ ചുരുൾ ശിൽപ്പത്തിന് മുപ്പത്തിയാറര മീറ്റർ ഉയരമുണ്ട്.

വായനക്കും വിജ്ഞാനത്തിനും സാംസ്‌കാരിക കൈമാറ്റങ്ങൾക്കും എക്കാലവും പ്രാധാന്യം നൽകുന്ന ഷാർജയുടെ കാഴ്ചപ്പാട് ഉൾകൊള്ളുന്ന ശിൽപം, ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അഥോറിറ്റിയുടെ (ഷുറൂഖ്) നേതൃത്വത്തിലാണ് നിർമ്മിച്ചത്. ഷാർജയ്ക്ക് ഈ അംഗീകാരം കിട്ടുന്നതിന്റെ പ്രാരംഭനടപടികൾ ആരംഭിച്ചപ്പോൾ തന്നെ ഷുറൂഖ് 'ചുരുൾ ശില്പ' നിർമ്മാണവുമായി മുന്നോട്ട് പോവുകയായിരുന്നു.

വായനയുടെയും അറിവിന്റെയും പ്രാധാന്യം പ്രചരിപ്പിക്കാനുള്ള യുനെസ്‌കോ പ്രവർത്തങ്ങളുടെ ഭാഗമായാണ് ലോകപുസ്തക തലസ്ഥാന പട്ടം നൽകുന്നത്. ഈ അംഗീകാരം ലഭിക്കുന്ന ഗൾഫ് മേഖലയിലെ ആദ്യ നഗരം, അറബ് മേഖലയിലെ തന്നെ മൂന്നാമത്തെ നഗരം എന്ന നേട്ടങ്ങളും ഇതോടെ ഷാർജയ്ക്ക് സ്വന്തമായി. സാംസ്‌കാരിക നഗരമെന്ന ഖ്യാതിയുള്ള ഷാർജയുടെ സുസ്ഥിര വികസന കാഴ്ച്പ്പാടും വിജ്ഞാനമേഖലയിലെ നിരന്തരമുള്ള ഇടപെടലുകളും അക്ഷരപ്രേമികൾക്കു ഈ നഗരത്തോടുള്ള പ്രിയവുമെല്ലാം ഇതോടെ ലോകശ്രദ്ധയാകർഷിക്കുകയാണ്.

ഷുറൂഖിന്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന 'ഹൗസ് ഓഫ് വിസ്ഡം' എന്ന ബൃഹത് പദ്ധതിയും ചടങ്ങിൽ ഷാർജയുടെ പ്രിയഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അനാവരണം ചെയ്തു. സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ വായനയുടെയും അറിവിന്റെയും പുത്തൻലോകമൊരുക്കുന്ന അത്യാധുനിക സാംസ്‌കാരിക കേന്ദ്രമാണ് ഹൗസ് ഓഫ് വിസ്ഡം.

2020 ഓടെ നിർമ്മാണം പൂർത്തീകരിച്ചു പ്രവർത്തനമാരംഭിക്കാൻ ഉദ്ദേശിക്കുന്ന ഈ കേന്ദ്രം, ലൈബ്രറി എന്ന ആശയത്തിന്റെ ഏറ്റവും നവീനമായ പതിപ്പായിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പന്ത്രണ്ടായിരം ചതുരശ്ര അടിയിൽ, രണ്ടു നിലകളിലായി ഒരുങ്ങുന്ന ഹൗസ് ഓഫ് വിസ്ഡത്തിൽ ഒരു ലക്ഷത്തി അയ്യായിരത്തിലേറെ പുസ്തകങ്ങളുണ്ടാവും. ചർച്ചാമുറികളും വായനാമുറികളും പരിശീലനശാലകളും റസ്റ്ററന്റും കഫെയും കുട്ടികൾക്കായുള്ള കളിയിടവുമെല്ലാം ഇതിനുള്ളിൽ സജ്ജീകരിക്കും. അച്ചടി പുസ്തകങ്ങളുടെ വിപുലമായ ശേഖരത്തിനു പുറമെ ഡിജിറ്റൽ പുസ്തകങ്ങളുടെ ശേഖരവുമുണ്ടാവും. യുഎഇയിൽ താമസിക്കുന്ന വിവിധ ദേശക്കാർക്കും ഭാഷക്കാർക്കും വായനക്കും സാംസ്‌കാരിക കൈമാറ്റങ്ങൾക്കും ഈ കേന്ദ്രം വേദിയാകും. എക്‌സിഹിബിഷൻ ഹാളുകളും ഇവിടെയുണ്ടാകും.

എല്ലാ പ്രായത്തിലുമുള്ളവരുടെ താൽപര്യങ്ങളും ഉൾക്കൊണ്ടു നിർമ്മിക്കുന്ന ഹൗസ് ഓഫ് വിസ്ഡത്തിൽ ഏറ്റവും നൂതനമായ സങ്കേതങ്ങളാണ് ഉപയോഗിക്കുക. പുസ്തകപ്രേമികൾക്കായി അത്യാധുനിക പ്രിന്റിങ് സൗകര്യമാവും മറ്റൊരു സവിശേഷത. ഇതുപയോഗിച്ച് മിനുട്ടുകൾ കൊണ്ട് പുസ്തകം പ്രിന്റ് ചെയ്ത്, പുറം ചട്ടയടക്കം കയ്യിലെത്തും. വളരെ കുറച്ചു നേരം കൊണ്ട്, ആവശ്യക്കാരന്റെ താല്പര്യത്തിനനുസരിച്ചു ഒരു പുസ്തകം പ്രിന്റ് ചെയ്യാൻ ഇതിലൂടെ സാധിക്കും.

ലോകത്തെ മുൻനിര ഡിസൈൻ - എഞ്ചിനീയറിങ് പേരുകളിലൊന്നായ 'ഫോസ്റ്റർ പ്ലസ് പാർട്‌നെർസു'മായി ചേർന്നൊരുക്കുന്ന ഹൗസ് ഓഫ് വിസ്ഡത്തിന്റെ നിർമ്മാണവും ഏറെ വ്യത്യസ്തമായ രീതിയിലാണ്. നടുമുറ്റമടക്കമുള്ള പരമ്പരാഗത അറബ് രീതികളും ഏറ്റവും പുതിയ രീതികളും ഈ കെട്ടിടത്തിൽ സമന്വയിക്കപ്പെടും. ചെടികളും മരങ്ങളുമടക്കമുള്ള പച്ചപ്പ് നടുമുറ്റത്തിനു അഴക് കൂട്ടും. അതിഥികൾക്ക് പുറത്തെ കാഴ്ചകളും വെളിച്ചവും അനുഭവിക്കാവുന്ന വിധത്തിലുള്ള ചില്ലു ചുമരുകളും സ്‌ക്രീനുകളുമുണ്ടാവും. പൂന്തോട്ടവും വിശാലമായ പാർക്കിങ് സൗകര്യവും കെട്ടിടത്തോട് ചേർന്നു തന്നെ ഒരുക്കുന്നുണ്ട്.

ലോകപുസ്തക തലസ്ഥാന ആഘോഷങ്ങളുടെ പ്രെമേയങ്ങളിലൊന്നായ 'തുറന്ന പുസ്തകം, തുറന്ന മനസ്സുകൾ' എന്ന ആശയം കെട്ടിട രൂപകൽപ്പനയിൽ തെളിഞ്ഞു കാണാനാവും.

ഷാർജ എയർപോർട്ട് റോഡിനോട് ചേർന്ന് യൂണിവേഴ്‌സിറ്റി സിറ്റിക്കടുത്താണ് ചുരുൾ ശിൽപ്പം. ഇതിനോട് ചേർന്നാണ് ഹൗസ് ഓഫ് വിസ്ഡം നിർമ്മിക്കുന്നത്. ലോക പുസ്തക തലസ്ഥാനമെന്ന അംഗീകാരം ആഘോഷിക്കാനായി നിരവധി പരിപാടികൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP