Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൂറ്റൻ കപ്പൽ മെല്ലേ നീങ്ങിയപ്പോൾ അവിശ്വാസത്തോടെ കാണികൾ; കസവുടുത്ത അഞ്ഞൂറോളം ചേച്ചിമാരും ആനപ്പുറത്തേറിയ വധൂവരന്മാരും കയ്യടി നേടി; മൊബൈൽ ലൈറ്റ് തെളിയിച്ചുള്ള നടവിളി അടിപൊളിയായി; ചെൽറ്റനാമിൽ ഇന്നലെ ക്‌നാനായ പാരമ്പര്യം നിറഞ്ഞു തുളുമ്പിയത് ഇങ്ങനെ

കൂറ്റൻ കപ്പൽ മെല്ലേ നീങ്ങിയപ്പോൾ അവിശ്വാസത്തോടെ കാണികൾ; കസവുടുത്ത അഞ്ഞൂറോളം ചേച്ചിമാരും ആനപ്പുറത്തേറിയ വധൂവരന്മാരും കയ്യടി നേടി; മൊബൈൽ ലൈറ്റ് തെളിയിച്ചുള്ള നടവിളി അടിപൊളിയായി; ചെൽറ്റനാമിൽ ഇന്നലെ ക്‌നാനായ പാരമ്പര്യം നിറഞ്ഞു തുളുമ്പിയത് ഇങ്ങനെ

ഉള്ളതുകൊണ്ട് ഓണം പോലെ എന്നതാണ് മലയാളികളുടെ പൊതുരീതി. അക്കാര്യത്തിൽ ഏറ്റവും മികച്ച മാതൃകയാണ് കോട്ടയംകാർ എന്നറിയപ്പെടുന്ന ക്‌നാനായക്കാരുടെ രീതിയും. ലോകത്ത് എവിടെ ചെന്നാലും ക്‌നാനായക്കാർ പരസ്പരം അറിയുകയും സഹകരിക്കുകയും ചെയ്യും. യുകെയിലെ മറ്റു പല സമുദായക്കാരുമായി താരതമ്യം ചെയ്യുമ്പോൾ വിലയ സമൂഹം ഒന്നുമല്ലെങ്കിൽ കൂടി ക്‌നാനായക്കാരുടെ ഐക്യത്തോടു കിടപിടിക്കാൻ ആർക്കും കഴിയില്ല. അതുകൊണ്ടാണ് വർഷം തോറും നടക്കുന്ന യുകെകെസിഎയുടെ കൺവെൻഷൻ യുകെയിലെ ഏറ്റവും വലിയ പരിപാടിയായി മാറുന്നത്.

പതിവു തെറ്റിക്കാതെ ഇത്തവണയും ക്‌നാനായ പാരമ്പര്യവും സാമുദായിക വികാരവും പ്രതിഫലിക്കുന്ന വമ്പൻ കൂട്ടായ്മയായി മാറുക ആയിരുന്നു ചെൽട്ടൺഹാമിലെ കൺവെൻഷനും. കോട്ടയം രൂപതയുടെ സഹായമെത്രാനായി മാർ ജോസഫ് പണ്ടാരശ്ശേരിക്കു പുറമെ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ, വെസ്റ്റ് മിനിസ്റ്റർ രൂപതാ ബിഷപ്പ് മാർ പോൾ മക്ക്ലീൻ എന്നിങ്ങനെ മൂന്നു മെത്രാന്മാരുടെ കാർമ്മികത്വത്തിൽ നടന് ദിവ്യബലിയോടെ നടന്ന ക്‌നാനായ കൺവെൻഷൻ പതിവുപോലെ തന്നെ യുകെ മലയാളികളെ ചരിത്രത്തിന്റെ ഭാഗമായി മാറ്റുകയായിരുന്നു.

ക്‌നാനായ പാരമ്പര്യം കാക്കുന്ന നടവിളികൾക്ക് ഇക്കുറി ഒരു പുതുമ ഉണ്ടായിരുന്നു. ഹാളിൽ തിങ്ങി നിറഞ്ഞു നിൽക്കുന്ന നാലായിരത്തോളം പേർ ഒരേ സമയം മൊബൈൽ ഫോണിൽ ലൈറ്റ് തെളിയിച്ചു കയ്യുയർത്തി നടവിളിച്ചപ്പോൾ അതൊരു പ്രത്യേക അനുഭവമായി മാറി. അഞ്ഞൂറോളം ക്‌നാനായ മങ്കമാർ ഒരുമിച്ചൊരുക്കിയ നൃത്ത വിസ്മയമായിരുന്നു മറ്റൊരു ആകർഷണം.

തുടർന്ന് പ്രത്യേക ആകർഷണമായത് റാലി മത്സരമായിരുന്നു. വീറുംവാശിയും പകർന്ന റാലി മത്സരം യൂണിറ്റുകളുടെ കരുത്ത് തെളിയിക്കുന്നതായിരുന്നു. അമ്പതു യുണിറ്റുകൾ പങ്കെടുത്ത റാലിയിൽ ക്‌നായി തൊമ്മനും, കപ്പലും, ആനപ്പുറത്ത് വധുവും വരനും, ഭീകരരുടെ പിടിയിൽ പെട്ടിരിക്കുന്ന ഫാദർ ടോം ഉഴുന്നാലും, കുടിയേറ്റവും കേരളത്തിന്റെ കലാരൂപമായ കഥകളിയുമൊക്കെ നിശ്ചല ദൃശൃങ്ങളായി അവതരിപ്പിച്ചു. കൂറ്റൻ കപ്പൽ പതുക്കെ നീങ്ങിയപ്പോൾ മുന്നിൽ കാണുന്ന കാഴ്ച വിശ്വസിക്കാനാവാതെ നിൽക്കുകയായിരുന്നു കാണികൾ. ഗ്ലോസ്റ്റർഷെയർ യൂണിറ്റാണ് ഈ കാഴ്ച കൺവെൻഷൻ വേദിയിൽ അവതരിപ്പിച്ചത്.

യുകെകെസിഎയുടെ അൻപത് യൂണിറ്റുകൾ 'സഭ - സമുദായ സ്നേഹം ആത്മാവിൽ അഗ്‌നിയായി ക്നാനായ ജനത' എന്ന ആപ്ത വാക്യത്തിലധിഷ്ഠിതമായാണ് മൈതാനത്ത് അണിനിരന്നത്. കസവു സാരി ഉടുത്ത് അഞ്ഞൂറോളം ചേച്ചിമാർ നൃത്തച്ചുവടുകൾ വച്ചു. ക്നാനായ വിമൺസ് ഫോറം ഒരുക്കിയ തനിമതൻ നടന സർഗ്ഗമെന്ന ഈ പരിപാടി കാണികളുടെ ഹൃദയം കവരുന്നതായിരുന്നു. ഓരോ യൂണിറ്റിൽ നിന്നും പ്രത്യേകം തയ്യാർ ചെയ്ത വസ്ത്രങ്ങൾ അണിഞ്ഞ സ്ത്രീകളും പുരുഷന്മാരും റാലിയെ മനോഹരമാക്കി. കഴിഞ്ഞ വർഷത്തെ പോരായ്മകളെല്ലാം പരിഹരിച്ചുകൊണ്ടുള്ള പരിപാടിയായിരുന്നു ഇത്തവണ.

സ്റ്റീവനെജ് യൂണിറ്റിന്റെ ചെണ്ടമേളം അതിമനോഹരമായിരുന്നു. ലിവർപൂൾ യുണിറ്റിന്റെ റാലിയിൽ കാനായി തൊമ്മനും, ബിഷപ്പുമാരും, കപ്പലും, ഒരേ ഡ്രസ്സ് അണിഞ്ഞ പുരുഷൻന്മാരും സ്ത്രീകളും അണിനിരന്നു. യോഗത്തിനിടയിൽ എല്ലാവരുടെയും മൊബൈൽ ഫോണിൽ ഉള്ള ടോർച്ചു തെളിച്ചു ഉയർത്തിപിടിച്ചു നടത്തിയ നടവിളിയും ശ്രദ്ധേയമായി.

യോഗത്തിനു ശേഷം നടന്ന വെൽക്കം ഡാൻസ് കഴിഞ്ഞപ്പോൾ മൂവായിരത്തോളം വരുന്ന കാണികളുടെ നിലക്കാത്ത കരഘോഷംകൊണ്ട് സമ്മേളന ഹാൾ മുഖരിതമായിരുന്നു. 150ഓളം പേർ അണിനിരന്ന വെൽക്കം ഡാൻസ് കലാഭവൻ നൈസാണ് കോറിയോഗ്രാഫ് ചെയ്തത്. കൂടാതെ യുകെകെസിഎയുടെ ചരിത്രത്തിലാദ്യമായി 150 യുവതി യുവാക്കൾ നിറഞ്ഞാടിയ സ്വാഗതഗാന നൃത്തം മാസ്മരിക പ്രകടനമാണ് കാഴ്ചവച്ചത്. വിവിധ യൂണിറ്റുകൾ അവതരിപ്പിക്കുന്ന വ്യത്യസ്തവും ഹ്രസ്വവുമായ കലാപരിപാടികൾ ക്നാനായ ആവേശം ഉയർത്തുന്നതായിരുന്നു.

ചെൽറ്റനാം ജോക്കി ക്ലബ്ബിൽ എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിക്കൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വിശാലമായ കാർ പാർക്കിങ് സൗകര്യങ്ങളും എയർ കണ്ടീഷൻഡ് ഹാളുമെല്ലാം കാണികളെ പിടിച്ചിരുത്തുന്നതായിരുന്നു. രുചികരമായ ഭക്ഷണ വിഭവങ്ങളും അണിനിരന്നിരുന്നു. ഈ കൺവെൻഷനിൽ പങ്കെടുത്ത എല്ലാവർക്കും ഒരു പുതിയ ഉന്മേഷം പകരാൻ യുകെകെസിഎ നേതൃത്വത്തിന് കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP