Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

യുക്മ ദശാബ്ദി: ശശി തരൂർ എംപി ഉദ്ഘാടനം ചെയ്യും; വിടി ബൽറാം, റോഷി അഗസ്റ്റിൻ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും

യുക്മ ദശാബ്ദി: ശശി തരൂർ എംപി ഉദ്ഘാടനം ചെയ്യും; വിടി ബൽറാം, റോഷി അഗസ്റ്റിൻ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും

സജീഷ് ടോം

ലോക പ്രവാസി മലയാളികളുടെ ഏറ്റവും വലിയ ദേശീയ സംഘടനയായ യുക്മ (യൂണിയൻ ഓഫ് യു കെ മലയാളി അസ്സോസിയേഷൻസ്) പത്താം പ്രവർത്തന വർഷത്തിലേക്ക് കടക്കുന്നു. യു.കെയിൽ അങ്ങോളമിങ്ങോളം, ഒൻപത് റീജിയണുകളിലായി, നൂറ്റീരുപതിലധികം അംഗ അസോസിയേഷനുകളുടെ കരുത്തിൽ വിജയകരമായ പത്താം വർഷത്തിലേക്ക് യുക്മ യാത്ര തുടരുകയാണ്. സമാനതകളില്ലാത്ത ഈ വിജയ ഗാഥ യു.കെ മലയാളികൾക്ക് ചരിത്ര സംഭവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് യുക്മ ദേശീയ നേതൃത്വം.

2018 ജൂലൈ ഒന്ന് മുതൽ, 2019 ജൂൺ മുപ്പതുവരെയുള്ള ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് യുക്മ വിഭാവനം ചെയ്യുന്നതെന്ന് ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് അറിയിച്ചു. ദശവത്സരാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം 'കേരളാ പൂരം 2018' നഗറിൽ, ജൂൺ മുപ്പതാം തീയതി ശനിയാഴ്ച അതിവിശിഷ്ട അതിഥികളുടെ സാന്നിധ്യത്തിൽ, ആയിരങ്ങളെ സാക്ഷിയാക്കി ലോകപ്രശസ്തനായ മലയാളി ശ്രീ ശശി തരൂർ എം പി നിർവഹിക്കും. വി.ടി ബൽറാം എംഎ‍ൽഎ, റോഷി അഗസ്റ്റിൻ എംഎ‍ൽഎ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ബ്രിട്ടണിലെയും നാട്ടിൽനിന്നുള്ളവരുമായ മറ്റ് നിരവധി വിശിഷ്ടവ്യക്തികളും 'കേരളാ പൂരം 2018' അനുബന്ധിച്ചുള്ള പരിപാടികൾക്ക് മിഴിവേകുന്നതിനായി എത്തിച്ചേരുന്നതായിരിക്കും. ഓക്‌സ്‌ഫോർഡിലെ ഫാർമൂർ തടാകത്തിലെ കുഞ്ഞോളങ്ങൾക്ക് പാടിനടക്കാൻ ഒരു ഇന്ത്യൻ വീരഗാഥതന്നെ വിരചിക്കാൻ തക്കവിധം ഗംഭീരമായ ഉദ്ഘാടന പരിപാടികളുടെ രൂപരേഖ തയ്യാറായിക്കഴിഞ്ഞു.


2018 നവംബർ മാസം പ്രകാശനം ചെയ്യത്തക്കവിധം സംഘടനയുടെ പത്തുവർഷത്തെ ചരിത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള 'യുക്മ ദശാബ്ദി സ്മരണിക'യുടെ അണിയറ പ്രവർത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. യു കെ മലയാളികളുടെ സാമൂഹ്യ ജീവിതവുമായി ഇഴ പിരിഞ്ഞ യുക്മയുടെ ചരിത്രം, യു.കെ മലയാളിസമൂഹത്തിന്റെ ഒരു ദശാബ്ദക്കാലചരിത്രത്തിന്റെ പരിഛേദം തന്നെ ആകുമെന്നതിൽ തർക്കമില്ല. ഓക്‌സ്‌ഫോർഡ് മാത്യു അർനോൾഡ് സ്‌കൂളിൽ നടന്ന യുക്മ ദേശീയ നിർവാഹക സമിതി യോഗത്തിലാണ് ദശാബ്ദി ആഘോഷങ്ങളെ കുറിച്ചുള്ള വിപുലമായ ചർച്ചകളും പ്രഖ്യാപനവും നടന്നത്.

യുക്മ നേതൃത്വത്തിന്റെ അഭ്യർത്ഥനപ്രകാരം പ്രത്യേകം കൂടിക്കാഴ്‌ച്ച അനുവദിച്ച ശരി തരൂരുമായി ലണ്ടനിൽ യുക്മ ദേശീയ ജനറൽ സെക്രട്ടറി റോജിമോൻ വർഗ്ഗീസ്, 'കേരളാ പൂരം 2018' ജനറൽ കൺവീനർ അഡ്വ. എബി സെബാസ്റ്റ്യൻ, ഓഫീഷ്യൽ ലെയ്‌സണിങ് ചുമതലയുള്ള അഡ്വ. സന്ദീപ് പണിക്കർ എന്നിവർ നടത്തിയ കൂടിക്കാഴ്‌ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം എത്തിച്ചേരാമെന്ന് അറിയിച്ചത്. തിരക്കിട്ട കാര്യപരിപാടികളാണ് അദ്ദേഹത്തിന് ആ ദിവസങ്ങളിൽ ഉള്ളതെങ്കിലും മലയാളികൾ സംഘടിപ്പിക്കുന്ന യൂറോപ്പിലെ ജലമാമാങ്കം വീക്ഷിക്കുന്നതിനും ആഗോളപ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലിയ സംഘടനകളുടെ കൂട്ടായ്മ എന്ന നിലയിൽ 120ലധികം അംഗസംഘടനകളുള്ള യുക്മയുടെ ദശാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിനും താനെത്തുമെന്ന ഉറപ്പാണ് അദ്ദേഹം ഭാരവാഹികൾക്ക് നൽകിയത്.

ആഗോളപ്രശസ്തനായ സാമൂഹിക-രാഷ്ട്രീയ നേതാവും ഈ കാലഘട്ടത്തിലെ മികച്ച പ്രഭാഷകനും കൂടിയായ അദ്ദേഹത്തിന്റെ വാക്കുകൾക്കായി ലോകം കാതോർക്കുമ്പോൾ യു.കെയിലെ മലയാളികൾക്ക് മാത്രമായി യുക്മയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹം എത്തിച്ചേരുന്നു. ഈ വിശേഷാവസരത്തിന് സാക്ഷ്യം വഹിക്കുവാൻ യു.കെയിലെ എല്ലാ മലയാളികളെയും യുക്മ ദേശീയ സമിതി ജൂൺ 30 ശനിയാഴ്‌ച്ച ഓക്‌സ്ഫഡിലെ ഫാർമൂർ തടാകത്തിലേയ്ക്ക് സഹർഷം സ്വാഗതം ചെയ്യുകയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആസ്വദിക്കുന്നതിനായി മുഴുവൻ ദിനപരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 8 മണി മുതൽ പൊതുജനങ്ങൾക്ക്പ്രവേശനം ഉണ്ടായിരിക്കുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP