Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെൻസർ ബോർഡ് അനുമതിയും ലഭിച്ചു; ഒക്ടോബർ 16ന് ബിലാത്തി പ്രണയം ലണ്ടനിലെ തീയേറ്ററിൽ; ട്രെയ്‌ലർ പുറത്തിറങ്ങി

സെൻസർ ബോർഡ് അനുമതിയും ലഭിച്ചു; ഒക്ടോബർ 16ന് ബിലാത്തി പ്രണയം ലണ്ടനിലെ തീയേറ്ററിൽ; ട്രെയ്‌ലർ പുറത്തിറങ്ങി

ചിത്രീകരണം പൂർത്തിയാക്കിയ ശേഷം നീണ്ട ഒരു വർഷം നടത്തിയ കാത്തിരിപ്പിന്റെ വേദന യുകെയിലെ ഒരു സംഘം മലയാളി കലാകാരന്മാർക്ക് മാറി കിട്ടി. യുകെയിലെ മലയാളികൾ ചേർന്ന് എഴുതിയും അഭിനയിച്ചും, സംവിധാനം ചെയ്തു മലയാളികളുടെ മുമ്പിൽ എത്തിക്കുന്ന ബിലാത്തി പ്രണയം എന്ന സിനിമയാണ് ഒക്ടോബർ 16ന് റിലീസ് ചെയ്യുന്നത്. സെൻസർ ബോർഡിന്റെ അനുമതി ലഭിക്കുക കൂടി ചെയ്തതോടെയാണ് റിലീസിങ്ങിന് കളം ഒരുങ്ങിയത്. ഇന്നലെ റിലീസ് ചെയ്ത ട്രെയ്‌ലർ സിനിമയുടെ ആവേശം മുഴുവൻ വ്യക്തമാക്കുന്നുണ്ട്.

നിരവധി പ്രത്യേകതകളോട് കൂടിയാണ് ഒരു ബിലാത്തി പ്രണയം പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. വൻ താര നിരയില്ലാതെ യുകെയിലെ പ്രവാസി മലയാളികളുടെ സമ്പൂർണ്ണ ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ബിലാത്തി പ്രണയത്തിനു തിയേറ്ററിൽ എത്തുവാൻ ഒരുപാട് കടമ്പകൾ കടക്കേണ്ടി വന്നു. എന്നിരുന്നാലും സിനിമ പ്രേമികളായ ഒരു പറ്റം യുകെ മലയാളികളുടെ ദൃഢ നിശ്ചയവും ഒത്തൊരുമയും ഒടുവിൽ ബിഗ് സ്‌ക്രീനിൽ ബിലാത്തി പ്രണയത്തെ എത്തിച്ചിരിക്കുകയാണ്. പിജെ എന്റർടെയ്മെന്റ്സ് വഴിയാണ് ചിത്രം യുകെയിലെ തിയേറ്ററുകളിൽ എത്തുന്നത്.

പ്രവാസി മലയാളികളുടെ വാനമ്പാടി ആയ ചന്ദ്ര ലേഖ പാടിയ പാട്ടുകളിൽ ആദ്യം റിലീസ് ആകുന്ന സിനിമാ ഗാനം ബിലാത്തിയിലേതാണ്. കൂടാതെ സോഷ്യൽ മീഡിയയിലൂടെ പ്രസിദ്ധനായ ഗായകൻ സുമേഷ് ഐരൂരിന്റെ ആദ്യ സിനിമാ ഗാനം എന്ന പ്രേത്യേകതയും ഉണ്ട്. 80 കളിൽ ബിബിസി ചാനലിലെ സ്റ്റാന്റിങ് കൊമേഡിയനായ സ്റ്റാൻ ബോർഡ്മാൻ അതിഥി താരമായി എത്തുന്നു എന്ന പ്രത്യേകതയും ബിലാത്തിക്ക് സ്വന്തം. അക്കര കാഴ്ചകളിലൂടെ മലയാളികളെ ഏറെ ചിരിപ്പിച്ച ജോസ് കുട്ടി വലിയ കല്ലുങ്കൽ മുഴു നീള ഹാസ്യ കഥാപാത്രമായി ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. ഇതിനെല്ലാം ഉപരി ആദ്യമായി പ്രവാസി മലയാളികൾ മാത്രം അഭിനയിച്ച, പൂർണ്ണമായും യുകെയിൽ ചിത്രീകരിച്ച സിനിമ എന്ന രീതിയിലും ഒരു ബിലാത്തി പ്രണയം മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമാക്കുകയാണ്.

ഈ സിനിമ പുറത്തു വരുന്നതോടെ സിനിമയെ സ്നേഹിക്കുന്ന പ്രവാസികൾ അവർ താമസിക്കുന്ന നാട്ടിൽ തന്നെ മലയാള സിനിമ എടുക്കാൻ മുന്നിട്ടിറങ്ങും, അത്തരം ഒരു ട്രെൻഡ് ഭാവിയിൽ യുകെയിലും ഓസ്ട്രേലിയയിലും അമേരിക്കയിലും ഗൾഫ് നാടുകളിലും ഒക്കെ ഉണ്ടാകും എന്നാണ് തന്റെ പ്രതീക്ഷ എന്നും ഒരു ബിലാത്തി പ്രണയം അതിനു തുടക്കം കുറിക്കുമെന്നാണ് താൻ കരുതുന്നതെന്നും സിനിമയുടെ സംവിധായകൻ കനേഷ്യസ് അത്തിപ്പൊഴിയിൽ പറഞ്ഞു.

നിലവിൽ നിരവധി ചിത്രങ്ങൾ യൂടൂബിൽ റിലീസ് ചെയ്യുന്നുണ്ട്. ആ പ്രവണത മാറി ഭാവിയിൽ തിയറ്ററിൽ തന്നെ റിലീസ് ചെയ്യുന്ന തലത്തിലേക്ക് എത്തുമെന്നും കനേഷ്യസ് അത്തിപ്പൊഴിയിൽ കൂട്ടി ചേർത്തു. ഒട്ടനവധി കലാകാരന്മ്മാരെ മലയാളത്തിന് സമ്മാനിച്ച യുകെയിലെ മലയാള കലാ സാംസ്‌കാരിക ലോകത്തിന് ഈ ചിത്രം തീർച്ചയായും പുത്തൻ ഉണർവ് നൽകും. സിനിമ പ്രേമികളുടെ ശ്രദ്ധേയമായ നിരവധി ഹ്രസ്വ ചിത്രങ്ങൾ ഉണ്ടായിട്ടുള്ള യുകെയിൽ നിന്നും ആദ്യമായി ഒരു ചിത്രം ബിഗ് സ്‌ക്രീനിൽ എത്തുന്നത് യുകെ കലാ ലോകത്തിന് അഭിമാന മുഹൂർത്തം കൂടിയാണ്.

ഗർഷോം മീഡിയയുടെ ബാനറിൽ ബിനു ജോർജ് നിർമ്മിക്കുന്ന ഈ ചിത്രത്തിലൂടെ ഒരുപാട് പുതുമുഖ താരങ്ങൾ ആണ് മലയാള സിനിമയുടെ ഭാഗം ആകുന്നത്. ഒരു പറ്റം സ്റ്റുഡന്റ് വിസാക്കാരുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് യുകെയിൽ കലാ സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന കനേഷ്യസ് അത്തിപ്പൊഴിയിലാണ്. നിരവധി സംഗീത ആൽബങ്ങളിലുടെ പ്രവാസി മലയാളികൾക്ക് സുപരിചിതനായ കനേഷ്യസ് ആത്തിപ്പൊഴി തന്നെയാണ് ചിത്രത്തിന്റെ സംഗീതവും ചെയ്തിരിക്കുന്നത്. ഇതിനോടകം ഹിറ്റായി കഴിഞ്ഞ ചിത്രത്തിലെ ഗാനങ്ങൾ നിരവധി ആളുകൾ കണ്ടു കഴിഞ്ഞു. ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് എഴുത്തുകാരനായ ജിൻസൻ ഇരിട്ടിയാണ്.

കേരളത്തിൽ നിന്ന് ഉന്നത വിദ്യാഭ്യാസത്തിന്റെ പേരിൽ നടക്കുന്ന തട്ടിപ്പിന് വിധേയരായി ലണ്ടനിൽ എത്തുന്ന നാല് ചെറുപ്പക്കാരിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാ വികാസം. ഇല്ലാത്ത യൂണിവേഴ്സിറ്റിയുടെ പേരിലുള്ള ഈ തട്ടിപ്പ് ലണ്ടനിൽ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്ന കാര്യമാണ്. ലക്ഷങ്ങൾ കടം എടുത്ത് ഏജന്റ്മാർക്ക് കൊടുത്ത് ഇവിടെ എത്തുന്ന നാല് ചെരുപ്പക്കാർക്ക് പഠിക്കുന്ന കോളേജിന് ലൈസൻസ് നഷ്ടപ്പെട്ടത് മൂലം വലിയ സാബത്തിക ബാധ്യതകളിൽ എത്തുകയും ഈ ചെറുപ്പക്കാർ വെറും കയ്യോടെ നാട്ടിലേക്കുള്ള മടക്കം ഏറെ ബുദ്ധിമുട്ടായിരുന്നതിനാൽ ചില ഇരുട്ടിന്റെ ശക്തികളുടെ പ്രേരണയാലും സഹായത്താലും എളുപ്പ മാർഗ്ഗത്തിലുടെ പണമുണ്ടാക്കാനുള്ള വഴികളിൽ എത്തിപ്പെടുകയാണ്. ആഗ്രഹിച്ച രീതിയിൽ പണം ഉണ്ടാക്കാൻ കഴിഞ്ഞെങ്കിലും അതിനു പക്ഷെ അവർ വലിയ വില നൽകേണ്ടി വന്നു. സുഹൃത്ത് ബന്ധത്തിന്റെ ആഴവും ആത്മാർത്ഥയുമൊക്കെ ചോദ്യം ചെയ്യുന്ന പുതിയ സംഭവ വികാസങ്ങൾ അതോടെ അവരുടെ ജീവിതത്തിൽ ആരംഭിക്കുകയായിരുന്നു. ഇവിടെ ജെറിൻ ജോയ്, ജിൻസൻ ഇരിട്ടി, പ്രവീൺ ആന്റണി, കോളിൻ മാവേലി എന്നിവരാണ് ബോബി, ജിക്കു, നെൽസൻ, ടോണി എന്നീ നാല് ചെറുപ്പക്കാരെ പ്രതിനിധീകരിക്കുന്നത്.

ലെറ്റിഷിയാ കുഞ്ചെറിയാ സുപ്രിയ എന്ന നായിക കഥാ പാത്രത്തെ അവതരിപ്പിക്കുന്നു. കനേഷ്യസ് അത്തിപ്പൊഴിയിൽ, കുര്യാക്കോസ് ഉണ്ണിട്ടൻ, സി എ ജോസഫ്, മുജിബ്, രശ്മി ഫിലിപ്പ്, ബിനോയ് ജോർജ്, ഫെമി മാത്യു, ബെന്നി അഗസ്റ്റിൻ, ഫ്രെഡിൻ സേവ്യർ എന്നിവരും ഇംഗ്ലിഷ് അഭിനേതാക്കളായ ലോറൻസ് ലാർക്കിൻ, ലൂസി ജെയിൻ എൺപതുകളിലെ ബിബിസിയിലെ കോമഡി താരമായ സ്റ്റാൻ ബോർഡ്മാനും ഈ ചിത്രത്തിൽ അണിനിരക്കുന്നു. സ്റ്റാൻ ബോർഡ്മാന്റെ ആദ്യ ഇന്ത്യൻ സിനിമയാണ് ഇത്.

കനേഷ്യസ് അത്തിപ്പൊഴിയും കുരിയാക്കോസ് ഉണ്ണിട്ടനുമാണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ഗാനങ്ങൾ പാടിയിരിക്കുന്നത് മലയാളത്തിന്റെ ഹിറ്റ് മെയ്ക്കർ ജാസി ഗിഫ്റ്റും, സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് പ്രിയങ്കരരായ ചന്ദ്രലേഖയും, സുമേഷും ആണ്. ജെയിസൻ ലോറൻസ്, പോളിഷ് ക്യാമറാമാൻ മാർക്കിനുമാണ് ച്ചായാഗ്രാഹകർ, എഡിറ്റിങ് സോബി തോമസ്, പ്രൊഡക്ഷൻ കൺട്രോളർ എസ്. വിജയകുമാർ. ചിത്രത്തിന്റെ പിആർഒ ആയി പ്രവർത്തിക്കുന്നത് മലയാളികൾക്ക് സുപരിചിതനായ വാഴൂർ ജോസാണ്.
തീർച്ചയായും കുടുംബ പ്രേഷകർക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിൽ കോമഡിയും സസ്പെൻസും ത്രില്ലറുമൊക്കെയായി ആർക്കും ആസ്വദിക്കാവുന്ന ഒരു ചിത്രമായിരിക്കും ഇത് എന്നും സർവോപരി യുകെയിലെ ജീവിത സാഹചര്യത്തിൽ നിന്ന് കൊണ്ട്, ജോലിക്കും, കുടുംബ കാര്യങ്ങൾക്കിടയിലും ഇങ്ങനെ ഒരു ചിത്രം പൂർത്തിയാക്കി തിയറ്ററിൽ എത്തിക്കുന്ന ഞങ്ങളെ, യുകെയിലെ കലാസ്വാദകരായ സുഹൃത്തുക്കൾ തിയറ്ററിൽ വന്നു, സിനിമ കണ്ടു അനുഗ്രഹിക്കണമെന്നും ഓരോ യുകെ മലയാളിയെയും പ്രത്യേകം ചിത്രം കാണുവാനായി ക്ഷണിക്കുന്നതായും, ഒരു ബിലാത്തി പ്രണയം ടീമിന് വേണ്ടി ചിത്രത്തിന്റെ സംവിധായകൻ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP