Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മരണാസന്നരായിക്കിടക്കുന്ന രോഗികൾക്ക് ചികിത്സ നിർത്തി മരണം വരെ ഗാഢനിദ്ര; വിവാദമുയർത്തി ഡീപ് സ്ലീപ് ബിൽ പാർലമെന്റിൽ ചർച്ചയ്ക്ക്; ദയാവധത്തിന്റെ മറ്റൊരു രൂപമെന്ന് മതസംഘടനകൾ

മരണാസന്നരായിക്കിടക്കുന്ന രോഗികൾക്ക്  ചികിത്സ നിർത്തി  മരണം വരെ ഗാഢനിദ്ര; വിവാദമുയർത്തി ഡീപ് സ്ലീപ് ബിൽ പാർലമെന്റിൽ ചർച്ചയ്ക്ക്; ദയാവധത്തിന്റെ മറ്റൊരു രൂപമെന്ന് മതസംഘടനകൾ

പാരീസ്: മരണം പ്രതീക്ഷിച്ചുകൊണ്ട് ആശുപത്രിക്കിടക്കയിൽ കഴിയുന്ന രോഗികളായവർക്ക് ചികിത്സ നിർത്തി അവർ സ്വാഭാവിക മരണത്തിന് കീഴടങ്ങും വരെ ഗാഢനിദ്രയിലാക്കുന്ന തരത്തിൽ നിയമം പരിഷ്‌ക്കരിക്കാൻ ഫ്രാൻസ്. ദയാവധത്തിന്റെ മറ്റൊരു രൂപമാണ് ബിൽ എന്നാരോപിച്ച് മതസംഘടനകൾ പ്രക്ഷോഭം ആരംഭിച്ചിരിക്കേ വിവാദ ബിൽ ഉടൻ പാർലമെന്റിൽ ചർച്ചയ്‌ക്കെടുക്കും. മതേതര രാഷ്ട്രമാണെങ്കിലും പരമ്പരാഗതമായി കത്തോലിക്കാ വിശ്വാസം പിന്തുടരുന്ന ഫ്രാൻസിൽ ഡീപ് സ്ലീപ് ബിൽ വൻ പ്രതിഷേധമാണ് വരുത്തിവച്ചിരിക്കുന്നത്.

ബിൽ പാർലമെന്റിൽ പാസാകുന്ന പക്ഷം മരണത്തെ മുഖാമുഖം കണ്ട് കിടക്കുന്ന രോഗികളുടെ ചികിത്സാകാര്യത്തിൽ സ്വന്തമായി തീരുമാനമെടുക്കാൻ പൗരന്മാർക്ക് സാധിക്കും. കൂടാതെ 2012-ൽ സ്വവർഗ വിവാഹത്തിന് നിയമാനുമതി നൽകിയതിലൂടെ സാമൂഹിക പരിഷ്‌ക്കർത്താവ് എന്ന ഖ്യാതി നേടിയ പ്രസിഡന്റ് ഫ്രാങ്കോ ഒലന്ദോയുടെ പ്രതിഛായയ്ക്ക് മാറ്റുകൂട്ടുന്നതായിരിക്കും പുതിയ ബിൽ.
മരിക്കാൻ ദിവസങ്ങളോ മണിക്കൂറുകളോ ബാക്കിയുള്ള രോഗികളുടെ ചികിത്സാ കാര്യത്തിൽ തീരുമാനമെടുക്കാൻ പുതിയ ബിൽ സഹായകമാകുമെന്നാണ് ബിൽ രൂപകല്പന ചെയ്ത ജീൻ ലിയോനെറ്റി വ്യക്തമാക്കുന്നത്. മരണം ഉറപ്പായിരിക്കുന്ന രോഗികൾക്ക് തങ്ങളുടെ ചികിത്സ നിർത്തലാക്കി മരണം വരെ മയക്കത്തിലേക്ക് തള്ളിവിടാൻ ആവശ്യപ്പെടാം. ഇപ്രകാരം അവരെ മരണം വരെ ഗാഢനിദ്രയിൽ ആഴ്‌ത്തുന്നതാണ് ഡീപ് സ്ലീപ് ബിൽ. എന്നാൽ ദയാവധം, ഡോക്ടറുടെ സഹായത്തോടുകൂടിയുള്ള ആത്മഹത്യ എന്നിവയുമായി വലിയ വ്യത്യാസമില്ല ഡീപ് സ്ലീപ് ബില്ലിന് എന്നാണ് മതവാദികൾ പറയുന്നത്.

നിലവിൽ ഫ്രാൻസിലെ ഡോക്ടർമാർക്ക് രോഗികളുടെ സാഹചര്യമനുസരിച്ച് അവരുടെ നിർദേശപ്രകാരം ചികിത്സ നിർത്താവുന്നതാണ്. എന്നാൽ രോഗത്തിന്റെ ഭാഗമായുള്ള വേദനകൾ പരിഹരിക്കുന്നതിനായി പാലിയേറ്റീവ് കെയർ സംവിധാനമുണ്ടെങ്കിൽ മാത്രമേ ചികിത്സ നിർത്താൻ ഡോക്ടർക്ക് അധികാരമുള്ളൂ. യൂറോപ്പിൽ ബെൽജിയം, നെതർലാൻഡ്‌സ്, സ്വിറ്റ്‌സർലാൻഡ് എന്നിവിടങ്ങളിൽ മാത്രമേ ദയാവധം അനുവദിക്കുകയുള്ളൂ. അതേസമയം അമേരിക്കയിലെ ഒറിഗോൺ, വാഷിങ്ടൺ, വെർമന്റ് എന്നിവിടങ്ങളിൽ ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യ സാധ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP