Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

1803 ന് ശേഷം ആദ്യമായി നോട്രെഡാം കത്തീഡ്രലിൽ ക്രിസ്മസ് ആഘോഷം നടത്താനായില്ല

1803 ന് ശേഷം ആദ്യമായി നോട്രെഡാം കത്തീഡ്രലിൽ ക്രിസ്മസ് ആഘോഷം നടത്താനായില്ല

മൊയ്തീൻ പുത്തൻചിറ

പാരീസ്: 200 വർഷത്തിനുശേഷം ആദ്യമായി പാരീസിലെ നോട്രെഡാം കത്തീഡ്രലിന് ഈ വർഷത്തെ ക്രിസ്മസ് ഈവ് കുർബ്ബാന നടത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ ഏപ്രിലിൽ തീപിടിത്തമുണ്ടായതിനെത്തുടർന്നാണിത്.

ഫ്രഞ്ച് കത്തോലിക്കർ കത്തീഡ്രലിന്റെ റെക്ടർ പാട്രിക് ചൗവെറ്റിനോടൊപ്പം നൂറുകണക്കിന് മീറ്റർ അകലെയുള്ള സെന്റ് ജെർമെയ്ൻ എൽ ആക്‌സറോയിസിന്റെ പള്ളിയിലാണ് ഇത്തവണ കൃസ്മസ് ആഘോഷത്തിന് തടിച്ചുകൂടിയത്.

'എന്തു തന്നെയായാലും ഇത് ക്രിസ്മസ് അല്ലേ... എവിടെ ആഘോഷിച്ചാലും ഇന്ന് രാത്രി നോട്രെഡാമിനെക്കുറിച്ച് ഓർക്കാതിരിക്കാൻ കഴിയില്ല,' 16 കാരിയായ ജൂലിയറ്റ് പറഞ്ഞു. കുടുംബത്തോടൊപ്പം 700 കിലോമീറ്റർ യാത്ര ചെയ്താണ് ജൂലിയറ്റ് എത്തിയത്.

'ഏപ്രിൽ 15 മുതൽ ഞങ്ങൾ വളരെ ദുഃഖിതരാണ്. ഇന്ന് അതിലും കൂടുതൽ ദുഃഖമനുഭവിക്കുന്നു,' പാരീസിലെ ആ ലാൻഡ്മാർക്കിൽ കഴിഞ്ഞ വർഷം നടന്ന ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത പാരീസുകാരി ഡാനിയേല പറഞ്ഞു. എന്നിരുന്നാലും, ക്രിസ്മസ് രാവിലെ മാസ് അവതരിപ്പിച്ച നോട്രെഡാം ഗായകസംഘത്തെ അവർ അനുമോദിച്ചു.

അതേസമയം, തൊഴിലാളികൾ കത്തീഡ്രൽ പുനർനിർമ്മിക്കാനുള്ള പ്രവർത്തനത്തിൽ രാപകൽ പരിശ്രമിക്കുകയാണ്.

സീൻ നദിയുടെ തീരത്ത് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയുടെ ഭാഗമായ നോട്രെഡാമിന് ഗോതിക് സ്‌പൈറും മേൽക്കൂരയും വിലപിടിപ്പുള്ള നിരവധി പുരാവസ്തുക്കളും തീപിടിത്തത്തിൽ കത്തി നശിച്ചിരുന്നു. വലിയൊരു ജനക്കൂട്ടം നോക്കിനിൽക്കെയാണ് അവ കത്തിയമർന്നത്.

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ കത്തോലിക്ക ദൈവാലയങ്ങളിൽ പ്രമുഖ സ്ഥാനമാണ് ഈ കത്തീഡ്രലിന്. ഏതാണ്ട് 200 വർഷം നീണ്ട പണികൾക്കുശേഷം 12ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ തുറന്ന ദൈവാലയം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിരിന്നു. ഫ്രഞ്ച് ഗോഥിക് നിർമ്മാണരീതിയിൽ പണികഴിപ്പിച്ചിരിക്കുന്ന ഈ ദൈവാലയത്തിന് 387 പടികളാണുള്ളത്. സതേൺ ഗോപുരത്തിലുള്ള ഇമ്മാനുവൽ ബെൽ എന്നറിയപ്പെടുന്ന 13 ടൺ ഭാരമുള്ള മണിയും ഈ ദൈവാലയത്തെ മറ്റ് ദൈവാലയങ്ങളിൽ നിന്ന് മാറ്റി നിർത്തുന്ന സവിശേഷതകളാണ്. യുദ്ധത്തെയും വിപ്ലവത്തെയും അതിജീവിച്ച് നൂറ്റാണ്ടുകൾ ഫ്രാൻസിന്റെ പ്രതീകമായി നിന്ന ആരാധനാലയം കൂടിയായിരിന്നു നോട്രെഡാം കത്തീഡ്രൽ.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കത്തോലിക്കാ വിരുദ്ധ വിപ്ലവ കാലഘട്ടത്തിൽ അടച്ചുപൂട്ടാൻ നിർബന്ധിതമായ, രണ്ടാം ലോക മഹായുദ്ധത്തിലെ നാസി അധിനിവേശം ഉൾപ്പെടെ രണ്ട് നൂറ്റാണ്ടുകളുടെ പ്രക്ഷുബ്ധമായ ചരിത്രത്തിലൂടെ കടന്നുപോയിട്ടുള്ള ഈ കത്തീഡ്രൽ ക്രിസ്മസിനായി തുറന്നിരുന്നു.

എട്ട് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കത്തീഡ്രൽ പൂർണ്ണമായും നന്നാക്കാൻ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അഞ്ച് വർഷത്തെ സമയം നിശ്ചയിച്ചിട്ടുണ്ട്.

പാരിസ് പ്രൊസിക്യൂട്ടർമാർ തീ പിടിത്തം അട്ടിമറിയാണെന്ന് സംശയിക്കുകയും ജൂണിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. അലസമായി എറിഞ്ഞ സിഗരറ്റ് കുറ്റിയോ അല്ലെങ്കിൽ വൈദ്യുത തകരാറോ ആകാനും സാധ്യതയുണ്ടെന്നാണ് അവർ അഭിപ്രായപ്പെട്ടത്. ഫ്രാൻസിലെ തന്നെ വിവിധ ദൈവാലയങ്ങളിൽ അജ്ഞാതർ ഇത്തരത്തിൽ തീയിടുകയും നശീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നതായി നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല, പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കിടയിലാണ് തീപിടിച്ചത്. അതുകൊണ്ടുതന്നെ ഇത് ആസൂത്രിതമാണെന്നാണ് സൂചന. എങ്കിലും ഇക്കാര്യത്തിൽ വ്യക്തമായ സ്ഥിരീകരണമുണ്ടായിട്ടില്ല.

കത്തീഡ്രലിന്റെ പുനർനിർമ്മാണത്തിനായി ഒരു ബില്യൺ യൂറോ (1.1 ബില്യൺ ഡോളർ) വാഗ്ദാനം ലഭിക്കുകയോ സമാഹരിക്കുകയോ ചെയ്തതായി സാംസ്‌കാരിക മന്ത്രാലയം ഒക്ടോബറിൽ അറിയിച്ചിരുന്നു. ഫ്രാങ്കോയിസ് ഹെന്റി എന്ന ഫ്രഞ്ച് ബില്യനെയർ പുനർനിർമ്മാണത്തിനായി 100 മില്ല്യൻ യുറോ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ വിശ്വവിഖ്യാത ദൈവാലയത്തിന്റെ പുനർനിർമ്മാണത്തിനായി ലോകത്തിന്റെ പല ഭാഗത്തുനിന്നും സമാനമായ പിന്തുണകൾ ഉണ്ടാകുമെന്നുമാണ് കണക്കാക്കപ്പെടുന്നത്.

കത്തീഡ്രൽ തീപിടിക്കുന്നതിന്റെ വീഡിയോ ലിങ്ക്: https://youtu.be/znbd8v02slg

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP