Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

125-ാം ജന്മദിനത്തിൽ ഭരണഘടനാശിൽപ്പിയും സാമൂഹ്യ പരിഷ്‌കർത്താവുമായ ഡോ. ബി ആർ അംബേദ്കറെ ഓർക്കുമ്പോൾ

125-ാം ജന്മദിനത്തിൽ ഭരണഘടനാശിൽപ്പിയും സാമൂഹ്യ പരിഷ്‌കർത്താവുമായ ഡോ. ബി ആർ അംബേദ്കറെ ഓർക്കുമ്പോൾ

ഭരണഘടനാ ശില്പിയും സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ നിയമമന്ത്രിയുമായ ഡോ. ബി ആർ അംബേദ്കറിന്റെ 125-ാം ജന്മദിനമാണിന്ന്. സാമൂഹ്യപരിഷ്‌കർത്താവും മികച്ച വാഗ്മിയും അനീതിക്കെതിരായ പോരാട്ടത്തിലെ നായകനുമായ ഈ വ്യക്തിത്വത്തെ ഇന്നത്തെ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങളിൽ വീണ്ടും വായിക്കേണ്ടതുണ്ട്.

അനുസ്മരിക്കാൻ ഏറെയുണ്ട് ഡോ.ബി.ആർ. അംബേദ്കറെപ്പറ്റി. സ്വാതന്ത്ര്യത്തിന് വേണ്ടിമാത്രമല്ല, നൂറ്റാണ്ടുകളായി മനുഷ്യാവകാശങ്ങളും നീതിയും നിഷേധിക്കപ്പെട്ട ജനതയുടെ മോചനത്തിന് വേണ്ടിക്കൂടിയാണ് അദ്ദേഹം ജീവിതാവസാനം വരെ പോരാടിയത്. രോഹിത് വെമുല വിഷയവും ദളിതർക്കു നേരെയുള്ള അതിക്രമങ്ങൾ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഡോ. ബി ആർ അംബേദ്കറുടെ ദർശനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്.

സൈനികനായ രാംജി സക്പാൽ, ഭീമാബായ് ദമ്പതികളുടെ പതിനാലാമത്തെ മകനായിട്ടാണ് 1891ൽ ഏപ്രിൽ 14ന് അംബേദ്കർ ജനിച്ചത്. മഹാരാഷ്ട്രയിലെ മഹർ എന്ന ദളിത് സമുദായത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പല സാമൂഹിക, സാമ്പത്തിക പ്രതിസന്ധികളും തരണം ചെയ്ത് അംബേദ്കർ കലാലയ വിദ്യാഭ്യാസം നേടി. തുടർന്ന്  ഉന്നതപഠനത്തിനായി ന്യൂയോർക്ക്, കൊളംബിയ സർവകലാശാലകളിലും പിന്നീട് ഇംഗ്ലണ്ടിലും പോയി. നിയമബിരുദവും രാഷ്ട്രതന്ത്രം, നിയമം, സാമ്പത്തികശാസ്ത്രം എന്നീ വിഷയങ്ങളിൽ ഡോക്ടറേറ്റും നേടി ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം നിയമപരിശീലനമാരംഭിച്ചു. ഈ സമയത്ത് അധഃസ്ഥിതരുടെ സാമൂഹിക സ്വാതന്ത്ര്യം, രാഷ്ട്രീയാവകാശങ്ങൾ എന്നീ വിഷയങ്ങളിൽ ലേഖനങ്ങളും എഴുതാൻ തുടങ്ങി.

മഹാഡ് മുൻസിപ്പാലിറ്റിയിലെ പൊതുകുളത്തിൽ നിന്ന് വെള്ളം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് അംബേദ്കർ ആദ്യമായി സമരത്തിറങ്ങിയത്. 1927 ലായിരുന്നു ഇത്. 1930 ൽ വട്ടമേശസമ്മേളനത്തിൽ പങ്കെടുത്ത അംബേദ്കർ മുസ്ലിങ്ങൾക്ക് ന്യൂനപക്ഷ സീറ്റ് സംവരണം വേണമെന്ന നിർദ്ദേശത്തെ ശക്തമായി എതിർത്തു. 1932 സെപ്റ്റംബർ 24 ന് അംബേദ്കറുടേയും ഗാന്ധിജിയുടേയും നേതൃത്വത്തിലാണ് പുനെ ഉടമ്പടി ഒപ്പുവച്ചത്.

മുംബൈ ലോ കോളേജിന്റെ പ്രിൻസിപ്പാളായി 1935 ൽ അദ്ദേഹം ചുമതലയേറ്റു. ഭാരതീയ റിസർവ് ബാങ്കിന്റെ രൂപീകരത്തിലും അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു. രാജ്യത്തെ പട്ടികജാതിക്കാരുടെ പുരോഗതിക്ക് വേണ്ടി സംവരണം എന്ന ഭരണഘടനാപരിരക്ഷ നേടിയെടുക്കാൻ കഴിഞ്ഞത് അംബേദ്കറുടെ പോരാട്ടങ്ങളുടെ ഭാഗമായിട്ടാണ്. താഴ്ന്ന ജാതിക്കാർക്ക് തെരഞ്ഞുപ്പിൽ മത്സരിക്കാൻ സംവരണം നൽകുന്ന ദ്വയാംഗ മണ്ഡലവും അംബേദകറിന്റെ ശ്രമഫലമായി രൂപമെടുത്തതാണ്. ഭാരതത്തിന് സ്വന്തമായി ഒരു ഭരണഘടന ആവശ്യമായി വന്നപ്പോൾ ആ ചുമതലയും അദ്ദേഹത്തിൽ വന്നു ചേർന്നു. 1947 ഓഗസ്റ്റ് 29ന് ഭരണഘടന നിർമ്മാണസഭ രൂപപ്പെട്ടത് അംബേദ്കറുടെ നേതൃത്വത്തിലായിരുന്നു. 141 ദിവസം കൊണ്ടാണ് ഭരണഘടനയുടെ ആദ്യരൂപം തയ്യാറായത്.

വിവിധ രാജ്യങ്ങളുടെ ഭരണഘടനകളിൽ നിന്ന് വേണ്ടത് ഉൾപ്പെടുത്തിക്കൊണ്ട്, ഭാരതത്തിന്റെ ബഹുസ്വരത നഷ്ടപ്പെടാതെ മഹത്തരമായ ഒരു ഭരണഘടന രൂപപ്പെടുത്താൻ അംബേദ്കറിനായി. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ അംബേദ്കർ പങ്കെടുത്തത് ജാതി വ്യവസ്ഥയെ തുടച്ച് നീക്കാനായിരുന്നു.

ജനാധിപത്യവാദികളുടെ ദീർഘകാലത്തെ ശ്രമങ്ങൾക്കുശേഷം ഏപ്രിൽ 14 ദേശവ്യാപകമായി പൊതു അവധി ദിവസമായി പ്രഖ്യാപിച്ചിട്ടുണ്ട് ഇന്ന്. ഇന്ത്യൻ ഭരണഘടനാ ശിൽപി, ആധുനിക ഇന്ത്യയുടെ ശിൽപി, ആധുനിക ബുദ്ധൻ, അയിത്തജാതിക്കാരുടെ മിശിഹ എന്നിങ്ങനെ നിരവധി പേരുകളിൽ അദ്ദേഹം അറിയപ്പെടുന്നുണ്ട്. അതുപോലെതന്നെ നിരവധി വിമർശങ്ങൾക്കും അദ്ദേഹം പാത്രമായിട്ടുണ്ട്. എന്നാൽ, അദ്ദേഹത്തിനെതിരെ ഉയർന്നുവന്ന പല വിമർശങ്ങൾക്കും പിൽക്കാലത്ത് നിലനിൽപില്ലാതെ വരുകയാണുണ്ടായത്. കോളനി ഭരണകാലഘട്ടത്തിൽ ഡോ. അംബേദ്കർ പുലർത്തിയ നിലപാടുകൾ, ദലിത്പിന്നാക്ക സമൂഹങ്ങളുടെ സാമൂഹിക സാഹചര്യങ്ങൾ ചർച്ചചെയ്യപ്പെട്ടുതുടങ്ങിയ കാലഘട്ടത്തോടുകൂടി പ്രാധാന്യം വർധിച്ചുവരുകയാണ് ചെയ്തത്. ഭാരതീയ സാമൂഹിക ക്രമങ്ങളാൽ അരികുകളിലാക്കപ്പട്ട സ്ത്രീകൾ, അയിത്തസമൂഹങ്ങൾ, ശൂദ്രസമൂഹങ്ങൾ, സാമൂഹികമായി നിരവധി വെല്ലുവിളികളിലൂടെ കടന്നുപോയ ന്യൂനപക്ഷ സമൂഹങ്ങൾ തുടങ്ങിയവരുടെ പ്രശ്‌നങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ അദ്ദേഹം നടത്തിയ ശ്രമങ്ങളും ചരിത്രം, സമ്പദ്ശാസ്ത്രം, തത്ത്വശാസ്ത്രം, നിയമം തുടങ്ങിയ മേഖലകളിൽ അദ്ദേഹം തുറന്നിട്ട വഴികളും ഇന്ന് വളരെ പ്രധാനപ്പെട്ട സംഭവങ്ങളായി വിലയിരുത്തപ്പെടുന്നുണ്ട്. ഭാരതീയ സാമൂഹിക സാഹചര്യങ്ങളിൽ ചരിത്രപരമായ കാരണങ്ങളാൽ മറക്കപ്പെട്ടുപോയവരുടെ ശബ്ദത്തെ ഉയർത്തിക്കൊണ്ടുവന്നു എന്നതാണ് അദ്ദേഹത്തിന്റെ സംഭാവനകളിൽ ഏറ്റവും പ്രധാനമായ മറ്റൊരു മണ്ഡലം. ഇന്ത്യയിൽ മുഖ്യധാര വൈജ്ഞാനിക, സാമ്പത്തിക, സാംസ്‌കാരിക, അധികാര ബന്ധങ്ങളാൽ തിരസ്‌കൃതരായിത്തീരുകയും മൂടിപ്പോവുകയും ചെയ്ത ഭാരതീയ യാഥാർഥ്യങ്ങളെ ദേശീയവും അന്തർദേശീയവുമാക്കി മാറ്റിത്തീർത്തു എന്നതാണ് അതിലൊന്ന്. ഭാരതീയ ജാതിവ്യവസ്ഥയെയും വർണാശ്രമ ധർമങ്ങളെയും മേൽക്കീഴ് നിലകളെയും സംബന്ധിച്ച അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ പരമ്പരാഗത ഭാരതീയ അന്ധതകളിൽ അടിസ്ഥാനപ്പെട്ട നിലപാടുകളെ അസ്ഥിരപ്പെടുത്തുകയും അടിത്തട്ടുകളിൽനിന്നുള്ള പുതിയ കാഴ്ചപ്പാടുകളും പാരായണങ്ങളും വികസിപ്പിച്ചെടുക്കുകയും ചെയ്യുന്നതിന് വഴിയൊരുക്കുകയുണ്ടായി.

ഡോ. ബി.ആർ. അംബേദ്കർ മറ്റൊരു ഇന്ത്യയെ നിർമ്മിച്ചെടുക്കുകയായിരുന്നു. ശ്രീബുദ്ധനും കബീറും ജ്യോതി ബാഫൂലെയുമാണ് തന്റെ ഗുരുനാഥന്മാർ എന്ന നിരീക്ഷണവും സ്വാതന്ത്ര്യാനന്തരമുള്ള ദേശരാഷ്ട്ര രൂപവത്കരണത്തിൽ പങ്കാളിത്തമുറപ്പിക്കുകയും ഭരണഘടനാ നിർമ്മാണത്തിൽ അധ്യക്ഷനായിക്കൊണ്ട് മുഖ്യമായ പങ്ക് നിർവഹിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു. ഇന്ത്യയുടെ ജനാധിപത്യം ബുദ്ധദർശനങ്ങളിലാണ് കണ്ടത്തൊനാവുക എന്ന് പാർലമെന്റിലെ പ്രസംഗങ്ങളിലൂടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

1990ൽ രാഷ്ട്രം പരമോന്നത പൗരബഹുമതിയായ ഭാരതരത്‌ന നല്കി അംബേദ്കറെ ആദരിച്ചു. 1956 ഡിസംബർ 6ന് 65ാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP