Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്മമനസ്സ്

അമ്മമനസ്സ്

ലിസ് ലോന

നസ്സ് വല്ലാതെ അസ്വസ്ഥമാണ്...

പേടിയോ ദേഷ്യമോ സങ്കടമോ ഇതൊന്നുമല്ല, എനിക്കൊന്നും ചെയ്യാൻ സാധിക്കില്ലല്ലോ എന്ന നിസ്സഹായാവസ്ഥ.

ഓർക്കുമ്പോൾ, ശരീരം മൊത്തം തണുപ്പിന്റെ മരവിപ്പ് അരിച്ചിറങ്ങി മരണം പുൽകുമ്പോളുള്ള ശൂന്യത.

സോഷ്യൽ മീഡിയ മുഴുവൻ പെൺകുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ട മുറവിളി ആണ്.

'ഗുഡ് ടച്ച് ' ബാഡ് ടച്ച് ' നിറഞ്ഞു നിൽക്കുന്ന വിഡിയോകൾ.

ഇതെല്ലാം നോക്കി ഇരിക്കുമ്പോൾ മനസ്സും ശരീരവും കടന്നൽ കുത്തേറ്റ പുകച്ചിലാണ്.

ഹാഷ് ടാഗിട്ടു പ്രേതിഷേധമറിയിച്ചും വീഡിയോ ഷെയർ ചെയ്തും കടമ നിർവഹിച്ചു കഴിഞ്ഞവർ നേരെ ഇറങ്ങുകയാണ്. ബസിനുള്ളിലെ തിരക്കിലേക്ക് നീട്ടിയ, വൃത്തി കെട്ട കൈകളും പെണ്ണെന്നോ കുഞ്ഞെന്നോ തിരിച്ചറിയാൻ കഴിയാത്ത വികലമായ മനസ്സുമായി.

കാത്തിരിക്കുന്നുണ്ടവർ....

ബന്ധു വീട്ടിലോ, അയൽവീട്ടിലോ, സിനിമാ കൊട്ടകയിലെ ഇരുട്ടിലോ, എന്തിന് ! മനസ്സ് തകർത്തു കൊണ്ട് സ്വന്തം വീട്ടിലോ.

പെൺകുഞ്ഞുങ്ങളെ പെറ്റു, നെഞ്ചിലിട്ടു വളർത്തുന്ന അമ്മമാരിൽ ചിലരെങ്കിലും നെഞ്ച് പൊടിഞ്ഞു ചിന്തിച്ചു കൂട്ടുന്നുണ്ടാവണം. 'എന്തു ചെയ്ത് ന്റെ മക്കളെ കേടു പറ്റാതെ വളർത്തിയെടുക്കണം' എന്ന്.

ഒരു വഴിയുമില്ല എന്നു തിരിച്ചറിയുന്ന ആ നിസ്സഹായാവസ്ഥ ആണ് ഭീകരം..

വീഡിയോ കാണിച്ചു കൊടുത്ത് പ്രതികരിക്കാൻ പഠിപ്പിച്ചിട്ടും സൂക്ഷ്മ ദൃഷ്ടികളോടെ അടക്കി പിടിച്ചു വളർത്തിയാലും ചിലപ്പോളെങ്കിലും വിധി തോല്പിക്കുന്ന ആ നിമിഷം വന്നു പെട്ടേക്കുമോ, എന്നു പേടിച്ചു പേടിച്ചുള്ള ജീവിതം അതിന് ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല.

ഗർഭിണി ആണെന്നറിഞ്ഞതിനു ശേഷം തുടങ്ങുന്ന ആധി പണ്ടൊക്കെ, കുഞ്ഞു ആണാണെങ്കിലും പെണ്ണാണെങ്കിലും കേടു കൂടാതെ തരണേ എന്നായിരുന്നു. കാലത്തിന്റെ മാറ്റത്തിൽ ഇന്നത്
പെണ്ണാണെങ്കിൽ ഒരു കേടും പറ്റാതെ വളർത്താൻ പറ്റണേ എന്നായി മാറി.

പെണ്ണു, പെണ്ണായി മാറുന്നതിനായി ഋതുമതി ആവുമ്പോൾ മുതൽ തുടങ്ങുന്ന മാറ്റങ്ങളുണ്ടല്ലോ.

അടിവയറ്റിൽ സൗമ്യതയില്ലാതെ ആരോ ചവിട്ടി തിരുമ്മും പോലെ അല്ലെങ്കിൽ പേറ്റുനോവിനൊപ്പം നിൽക്കുന്ന കടവയറ്റിലെ വേദന അതുമല്ലെങ്കിൽ സഹിക്കാൻ പറ്റാത്ത നടുവേദന ഈ സുഖങ്ങളെല്ലാം ഒരിക്കലല്ല മാസാമാസം അനുഭവിച്ചാണവൾ പെണ്ണാകുന്നത്.

പാഡ് മാറ്റാൻ വൈകുമ്പോൾ അനുഭവിക്കുന്ന അസ്വസ്ഥതയും ആവലാതിയും ഉണ്ടല്ലോ പറഞ്ഞറിയിക്കാൻ കഴിയില്ല.

അമ്മയാവുന്നതിനു മുൻപേ കടന്നു പോകുന്ന ഭയാനകമായ വേദന ഇതിലും ഭേദം മരണമല്ലേ എന്നു വരെ തോന്നിപ്പിക്കും.

ഗർഭകാലം തുടങ്ങുമ്പോളെ കൂട്ട് ശർദിയും ക്ഷീണവുമാണ് പിന്നെ അത് അവനവനു താങ്ങാൻ പറ്റാത്ത ശരീരഭാരം കൂടി നടുവേദനയും കൈ കാൽ കടച്ചിലും വയറെരിച്ചിലും ആയി മാറി ഒടുക്കം വരെയുണ്ടാവും.

അപ്പോൾ മുതൽ നഷ്ടപെടുന്ന ഉറക്കം പിന്നീട് ജീവിതത്തിലൊരിക്കലും പെൺകുഞ്ഞിന്റെ അമ്മക്ക് കിട്ടുന്നില്ല എന്നതാണ് സത്യം.

ആദ്യം നഷ്ടപെടുന്ന ഉറക്കം ഗർഭാവസ്ഥയുടെ അസ്വസ്ഥകൾ കൊണ്ടാണെങ്കിൽ പിന്നീടത് മനസ്സിന്റെ ആവലാതികൾ കൊണ്ടാണ്.

അപൂർവമായെങ്ങാനും ഒന്നുറങ്ങി പോയാൽ ഇടവപ്പാതിയിൽ പറയാതെ വരുന്ന ഇടിയും മിന്നലും കണക്കു കാലിലെ മസിലങ്ങു കേറി ഒറ്റ വരവാണ്, ഈരേഴു പതിനാലു ലോകവും അപ്പൊ കാണാം.

പ്രസവവേദനയുടെ മുന്നോടിയായി ചെറുതായി തുടക്കമിടുന്ന നടുവേദന ഇടക്ക് വച്ചു അടിവയറ്റിലൂടെ ഒരു മിന്നൽ പിണർ തരും ശരീരം പിളർത്തികൊണ്ട്, അതാണു പ്രസവവേദന എന്ന ആഘോഷത്തിന്റെ തുടക്കം.

കുഞ്ഞു പുറത്തേക്കു വരാനായോ എന്നു നോക്കാനായി ഡോക്ടർമാരും നഴ്‌സുമാരും ഇടക്കിടെ ഒരു പരിശോധനയുണ്ട് കയ്യിട്ട്. അതിനൊരിക്കലും രതിസുഖമല്ല എന്നോർമിപ്പിക്കട്ടെ.

വിരലിട്ട് നോക്കി എത്രെ വ്യാസത്തിൽ ഗർഭാശയമുഖം വികസിച്ചെന്നും ഇനി വികസിച്ചത് കുറവാണെങ്കിൽ പെട്ടെന്ന് ആവാനും വേണ്ടി വിരല് കൊണ്ട് ഒരു ഓതിരം കടകം തിരിയുണ്ട് അറിഞ്ഞിരിക്കേണ്ട ഒന്നാണ്.

കുഞ്ഞു പുറത്തു വരാൻ നേരം, കുഞ്ഞു വരുന്ന വഴി കീറി മുറിക്കൽ എന്നൊരു ചടങ്ങുണ്ട്.പ്രസവം കഴിഞ്ഞാൽ അത് തുന്നുമ്പോളുള്ള സുഖവും പിറ്റേ ദിവസം മുതൽ മൊട്ടുസൂചികളുടെ മേൽ ഇരിക്കുന്ന പോലെ സ്റ്റിച്ചിന്റെ കുത്തലിന്റെ സുഖവും പറഞ്ഞറിയിക്കാൻ കഴിയില്ല.

മുറിവുണങ്ങുന്ന വരെ തുടകളിൽ സൈക്കിൾ ബാലൻസുകാരെ തോൽപ്പിച്ച് ബാലൻസ് ചെയ്ത് ഇരിക്കണം. നിങ്ങൾ വികാരത്തോടെ മാത്രേം നോക്കുന്ന മാറ്, കുഞ്ഞു കുടിക്കാതെ വരുമ്പോൾ പാല് നിറഞ്ഞു പാറക്കല്ലെടുത്തു നെഞ്ചിൽ വച്ചപോലെ ഭാരം തോന്നും.

മുലക്കണ്ണുകൾ പൊട്ടി ചോരയൊലിക്കുമ്പോളും കരയുന്ന കുഞ്ഞിന് പാല് കൊടുത്ത്, കണ്ണീരൊഴുകുമ്പോളും കുഞ്ഞിന്റെ മുഖത്തു നോക്കി ചിരിക്കുന്ന പെണ്ണിനേയും കാണാം.

ഇങ്ങനെയെല്ലാം എത്രെ സിംപിളായിട്ടാണെന്നോ ഒരു പെണ്ണ് അമ്മയാവുന്നത്.

ഇതെല്ലാമാണ് പെണ്ണ്.

പെണ്ണിനെ പെണ്ണെന്നു മാത്രേം കാണാതെ അമ്മയായും മകളായും ഭാര്യയായും ഒരു വ്യക്തിയായും കാണുന്ന ആണുങ്ങളെ നേരുള്ള ആണായി മാറ്റി നിർത്തി, ബാക്കിയുള്ള മൃഗങ്ങൾക്ക് ഇതെല്ലാം ഒരിക്കലെങ്കിലും ഉപദ്രവിക്കാൻ വരുന്ന.... 'മാന്യന്മാരായ കാട്ടാളന്മാരെ' അനുഭവിപ്പിക്കണം അങ്ങനെയെങ്കിലും പെണ്ണിനെ അവർ ഒരു ഭോഗവസ്തു മാത്രമായി കാണാതിരിക്കട്ടെ.

തൂക്കി കൊന്നതുകൊണ്ടോ,വികാരദണ്ഡ് അറുത്തു മാറ്റിയോ കാര്യമില്ല.
തലച്ചോറ് തുറന്നു ഈ വികാരമേ വരാത്ത വിധം മരവിപ്പിച്ചു കളയണം.

പറഞ്ഞു കൊടുത്തും കാര്യങ്ങൾ മനസിലാക്കിച്ചും കണ്ണിലെ കൃഷ്ണമണി പോലെ നമുക്ക് പെൺമക്കളെ വളർത്താം,അവർ അവരുടെ സുരക്ഷ നോക്കട്ടെ അതിനായി അവർക്ക്, നമുക്ക് സാഹചര്യവും സൗകര്യവും ഒരുക്കികൊടുക്കാം......

അതു മാത്രേ ഇന്നത്തെ സാഹചര്യങ്ങൾ മനസിലാക്കിയ ഒരമ്മ എന്ന നിലയിൽ എനിക്ക് പറയാൻ കഴിയൂ...

ഇതെല്ലാം എന്റെ മാത്രേം ചിന്തകളാണ്, മൂന്നു പെണ്മക്കളുള്ള ഒരമ്മയുടെ ചിന്തകൾ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP