Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഷ്ട്രീയത്തെ പടിയടച്ച് പിണ്ഡം വച്ച കാമ്പസ്സുകൾ വിദ്യാർത്ഥികളുടെ ശവപ്പറമ്പുകളാകുകയാണോ?

രാഷ്ട്രീയത്തെ പടിയടച്ച് പിണ്ഡം വച്ച കാമ്പസ്സുകൾ വിദ്യാർത്ഥികളുടെ ശവപ്പറമ്പുകളാകുകയാണോ?

രവികുമാർ അമ്പാടി

ൺപതുകളിലെ കലാപകലുഷിതമായ കലാലയ ജീവിതം കുരുപ്പിടിച്ച മനോധൈര്യത്തിന്റെ പിൻബലത്തിൽ, ജീവിതത്തിൽ ഒന്നിനു പിറകേ ഒന്നായി വന്ന ദുരന്തങ്ങളെയൊക്കെ സമചിത്തതയോടെ നേരിടാനായതിന്റെ അനുഭവത്തിലാണ് ഇതെഴുതുന്നത്.

അന്ന് കലാലയങ്ങൾ പഠിപ്പുമുറികൾ മാത്രമായിരുന്നില്ല. ഓരോ വിദ്യാർത്ഥിയുടേയും ഉള്ളിലുറങ്ങുന്ന സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്ന കലാലയങ്ങൾ തന്നെയായിരുന്നു. അതിൽ വിദ്യാർത്ഥി സംഘടനകൾ വഹിച്ചിരുന്ന പങ്ക് ചില്ലറയൊന്നുമായിരുന്നില്ല.

ഇടവേളകളിൽ നടത്തുന്ന സർഗ്ഗ സംവാദങ്ങളും, കലാപ്രകടങ്ങളുമൊക്കെ നിരവധി പ്രതിഭകളെ പുൽകിയുണർത്തിയിട്ടുണ്ടെങ്കിൽ അവയൊക്കെ സംഘടിപ്പിക്കുന്നതിൽ ഓരോ വിദ്യാർത്ഥി സംഘടനയും നല്ല പങ്ക് വഹിച്ചിട്ടുണ്ട്. ഒരു ഭാഗത്ത് കെ എസ് യൂവിന്റെ സാഹിത്യസമ്മേളനം നടക്കുമ്പോൾ മറുഭാഗത്ത് എസ് എഫ് ഐയുടെ തെരുവു നാടകമരങ്ങേറിയിട്ടുണ്ട്. വർഷത്തിലൊരിക്കലുള്ള കലോത്സവങ്ങളേക്കാളേറെ വിദ്യാർത്ഥികളിലെ സർഗ്ഗവാസനയെ തൊട്ടുണർത്തിയിട്ടുള്ളത്, മത്സരബുദ്ധി തീരെയില്ലാതുള്ള ഇത്തരം ചെറു പരിപാടികളായിരുന്നു എന്നതിൽ സംശയമൊന്നുമില്ല. ഇന്ന് സിനിമ ഉൾപ്പടെ പല രംഗങ്ങളിലും പ്രഗത്ഭരായിട്ടുള്ളവർ പലപ്പോഴായി ഇത്തരം പരിപാടികൾ അവരുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം പലപ്പോഴായി പറഞ്ഞിട്ടുള്ളത് നാം കേട്ടിട്ടുമുണ്ട്.

വിദ്യാർത്ഥികളിലെ സർഗ്ഗശക്തിയെ തൊട്ടുണർത്തുകമാത്രമല്ല, മറിച്ച് അവരിൽ ധാർമ്മിക ബോധം വളർത്താനും കലാലയ രാഷ്ട്രീയത്തിനായിട്ടുണ്ട്. വിദ്യാർത്ഥികളെ നേരിട്ട് ബാധിക്കാത്ത പല സാമൂഹ്യ വിഷയങ്ങളിലും വിദ്യാർത്ഥി സമൂഹം അന്ന് എടുത്തിരുന്ന നിലപാടുകൾ ശ്രദ്ധിച്ചാൽ അത് ബോദ്ധ്യമാകും. അനീതിക്കും അധർമ്മത്തിനുമെതിരെ ശക്തമായി പ്രതികരിക്കുന്ന ഒരു തലമുറയെയാണ് അന്നത്തെ കലാലയങ്ങൾ വാർത്തെടുത്തിരുന്നത്.

വിദ്യാർത്ഥികൾക്കിടയിൽ മാത്രമല്ല, നമ്മുടെ പൊതു സമൂഹത്തിലും വിശ്വാസപ്രമാണങ്ങളോട് വികാരപരമായി പ്രതികരിക്കുന്ന ചിലരുണ്ട്. അത്തരത്തിലുള്ളവരുടെ പ്രവർത്തികൾ അക്രമങ്ങളിൽ എത്തിയിട്ടുമുണ്ട്. എന്നാൽ അതുമുഴുവൻ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പേരിൽ ചാർത്തിനൽകി, വിദ്യാർത്ഥി രാഷ്ട്രീയത്തെ ദുർബ്ബലപ്പെടുത്താൻ ചില സ്താപിത താത്പര്യങ്ങൾക്കായി എന്നിടത്താണ് കലാലയങ്ങൾ പഠിപ്പുമുറികളായി മാറാൻ തുടങ്ങിയത്.

പണ്ട് വിദ്യാർത്ഥി സമരങ്ങളിൽ ആവേശപൂർവ്വം പങ്കെടുത്തിരുന്നവർ പോലും, രക്ഷിതാക്കളായി മാറിയപ്പോൾ സമരത്തെ എതിർക്കുന്ന രീതി നിലവിൽ വന്നു. തങ്ങളുടെ തൊഴിലിടങ്ങളിൽ ശമ്പളവർദ്ധനക്കും മറ്റുമായി സമരം ചെയ്യുന്നവർക്ക് പോലും വിദ്യാർത്ഥി സമരങ്ങൾ അരോചകമാകാൻ തുടങ്ങി. ആഗോളവത്ക്കരണത്തിന്റെ ഉപോൽപ്പന്നമായി നമ്മളെയൊക്കെ ബാധിച്ച മധ്യവർഗ്ഗ കാപട്യമാണ് നമ്മളെക്കൊണ്ട് അങ്ങനെയൊക്കെ ചിന്തിപ്പിച്ചത്. പൊതുസമൂഹത്തിന്റെ മാനസികാവസ്ഥ മാറ്റുന്നതിലുള്ള വെല്ലുവിളി ഏറ്റെടുക്കാതെ, അതോടൊപ്പം നിന്ന് തിരഞ്ഞെടുപ്പ് നേട്ടം കൊയ്യാൻ തയ്യാറായ രാഷ്ട്രീയ സംഘടനകളും വിദ്യാർത്ഥി രാഷ്ട്രീയത്തെ സംരക്ഷിക്കുവാൻ വേണ്ടത്ര ശ്രദ്ധകാണിച്ചില്ല. കോടതി വിധികൾക്കെതിരെ അപ്പീൽ പോകാനോ, അല്ലെങ്കിൽ നിയമനിർമ്മാണം നടത്താനോ അവർ തയ്യാറായില്ല.

തീർച്ചയായും വിദ്യാർത്ഥി രാഷ്ട്രീയം ശക്തിയാർജ്ജിച്ചിരുന്ന കാലഘട്ടങ്ങളിൽ പഠിപ്പ് മുടക്കലുകൾ ഉണ്ടായിട്ടുണ്ട്, സംഘട്ടനങ്ങൾ ഉണ്ടായിട്ടുണ്ട്, രാഷ്ട്രീയ കൊലപാതകങ്ങൾ വരെ ഉണ്ടായിട്ടുമുണ്ട്. എന്നാൽ അതോടൊപ്പം തന്നെ നിരവധി പ്രശസ്തരും കഴിവുള്ളവരുമായ ഡോക്ടർമാരും, എഞ്ചിനീയർമാരും, വക്കീലന്മാരും അദ്ധ്യാപകരുമൊക്കെയുണ്ടായിട്ടുണ്ട്. ഈ സമരങ്ങൾക്കിടയിലും ഭൂരിഭാഗം വിദ്യാർത്ഥികളും, പഠിക്കുക എന്ന തങ്ങളുടെ കടമ നിർവ്വഹിക്കുക തന്നെ ചെയ്തിരുന്നു.

വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ഭാഗമായി നടന്നിട്ടുള്ള സംഘട്ടനങ്ങളേയും കൊലപാതകങ്ങളേയും ന്യായീകരിക്കുകയല്ല, മറിച്ച്, ഒരു സമൂഹത്തിന്റെ പരിഛേദമായ വിദ്യാർത്ഥികളിൽ, ആ സമൂഹത്തിന്റെ നല്ലതും ചീത്തയുമായ വശങ്ങൾ ഉണ്ടാകുമെന്ന് ഓർമ്മിപ്പിക്കുക മാത്രമാണ്.

രാഷ്ട്രീയത്തെ ഇനിയും പക്വതയോടെ സമീപിക്കുവാൻ തയ്യാറാകാത്ത ഒരു സമൂഹമാണ് ഇന്ത്യയിലേത്. ആരോഗ്യകരമായ സംവാദങ്ങൾക്കോ ആശയപ്രചരണങ്ങൾക്കോ ഇവിടെ ഇടമില്ല. വികാരങ്ങളാണ് ഇവിടെ വിചാരങ്ങളെ ഭരിക്കുന്നത്. ഈ വികാരത്തിനെ തൊടുമ്പോളാണ് അക്രമങ്ങൾ രാഷ്ട്രീയത്തിൽ ഉടലെടുക്കുന്നത്. പൊതുരാഷ്ട്രീയത്തിൽ കാണുന്ന ഈ ചീത്ത പ്രവണത, സ്വാഭാവികമായും വിദ്യാർത്ഥി രാഷ്ട്രീയത്തിലും പ്രതിഫലിക്കും. അതു മാത്രമാണ് കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സംഭവിച്ചിട്ടുള്ളത്.

കേരളത്തിൽ മാത്രമല്ല, മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും മുഖ്യധാരാ രാഷ്ട്രീയപാർട്ടികളുടെ അണികൾ തമ്മിൽ സംഘട്ടനങ്ങൾ ഉണ്ടായിട്ടുണ്ട്. കൊലപാതകങ്ങളും നടന്നിട്ടുണ്ട്. എന്നാൽ അതിന്റെ പേരിൽ രാജ്യത്ത് രാഷ്ട്രീയം നിരോധിക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടുവോ? അങ്ങനെ ഒരു ആവശ്യം അംഗീകരിക്കാനാകുന്നതാണോ?

അതുപോലെയാണ് സമരങ്ങളും. അവകാശങ്ങൾ മനസ്സറിഞ്ഞ് നൽകാൻ അധികാരികൾ മടിക്കുമ്പോഴാണ് സമരങ്ങളുടെ ആവശ്യമുയരുക. ഇന്ന്, വിവിധ മേഖലകളിൽ പല രീതിയിലുള്ള സമരങ്ങൾ നടക്കുന്നുണ്ട്. തൊഴിലാളികൾ മാത്രമല്ല, ചില സാമുദായിക സംഘടനകൾ, മത സംഘടനകൾ തുടങ്ങിയവയും സമരങ്ങൾ നടത്താറുണ്ട്. അവർക്കൊക്കെ സമരങ്ങൾ നടത്താമെങ്കിൽ, സമരത്തിലൂടെ അവകാശങ്ങൾ നേടാമെങ്കിൽ, വിദ്യാർത്ഥികൾ അത് ചെയ്യുമ്പോൾ മാത്രം എന്തിനെതിർക്കുന്നു?

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ അതിപ്രധാനമായ ഒരു പങ്ക് വഹിച്ചത് അന്നത്തെ വിദ്യാർത്ഥി സമൂഹമായിരുന്നു എന്ന കാര്യം മറക്കരുത്. ഒരു ജനാധിപത്യ രാഷ്ട്രത്തിൽ രാഷ്ട്രബോധമുള്ള, രാഷ്ട്രീയബോധമുള്ള ഒരു തലമുറ വളർന്ന് വരേണ്ടത് ജനാധിപത്യത്തിന്റെ ആരോഗ്യകരമായ നിലനില്പിന് ആവശ്യമാണെന്ന് കണ്ടറിഞ്ഞുകൊണ്ടു തന്നെയാണ് വിദ്യാർത്ഥി രാഷ്ട്രീയവും, യൂണിയൻ തെരഞ്ഞെടുപ്പുകളുമൊക്കെ അന്നത്തെ സർക്കാർ അംഗീകരിച്ചതും അതിനാവശ്യമായ നിയമനിർമ്മാണങ്ങൾ നടത്തിയതും.

വിദ്യാർത്ഥി രാഷ്ട്രീയം ശക്തമായിരുന്ന കാലഘട്ടത്തിൽ ക്യാമ്പസ്സുകളിൽ ഇന്നത്തേതുപോലെ മദ്യവും മയക്കു മരുന്നുകളും സുലഭമായിരുന്നില്ല. അന്ന് അതൊക്കെ ലഭ്യമല്ലാതിരുന്നതുകൊണ്ടല്ല, മറിച്ച്, ഉത്തരവാദിത്വബോധത്തോടെ നിലപാടുകളെടുത്തിരുന്ന വിദ്യാർത്ഥി സംഘടനകളുടെ സാന്നിദ്ധ്യമായിരുന്നു അന്ന് മയക്ക് മരുന്ന് കച്ചവടക്കാർക്ക് കലാലയത്തിൽ കാലുകുത്താൻ കഴിയാതിരുന്നതിന്റെ പ്രധാന കാരണം.

അന്ന് ഒരദ്ധ്യാപകനും പീഡനത്തിനു മുതിരില്ലായിരുന്നു. അദ്ധ്യാപകരെ ബഹുമാനിക്കുമ്പോഴു, ആ ബഹുമാനം ഏതറ്റം വരെ പോകാം എന്ന് കൃത്യമായി ബോധമുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക്, സംഘടന ബലംകൂടി ഉണ്ടായിരുന്നതുകൊണ്ട്, വട്ടോളിമാർക്കൊന്നും കുട്ടികളെ തല്ലുവാനോ തെറി അഭിഷേകം നടത്തുവാനോ ഉള്ള ധൈര്യമുണ്ടായിരുന്നില്ല. അഡ്‌മിനിസ്‌ട്രേഷൻ സ്റ്റാഫാണെങ്കിൽ ഒരിക്കലുംവിദ്യാർത്ഥി പ്രശ്‌നങ്ങളിൽ ഇടപെടുകയുമില്ലായിരുന്നു.

എന്നാൽ അക്കാലത്തും അദ്ധ്യാപക വിദ്യാർത്ഥി ബന്ധം നല്ല രീതിയിൽ തന്നെയായിരുന്നു. സംഘടനാബലത്തിന്റെ മറവിൽ അദ്ധ്യാപകരോട് മോശമായി പെറുമാറിയിട്ടുമില്ല. അന്ന്, സ്വകാര്യ ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് അയിത്തം കല്പിക്കാൻ ബസ്സ് ജീവനക്കാർ ഒന്നറക്കുമായിരുന്നു. കാരണം അതി ശക്തമായ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ സാന്നിദ്ധ്യംതന്നെ.

സംഘംചേർന്നുള്ള ഗുണ്ടാപ്പണിയാകരുത് വിദ്യാർത്ഥി രാഷ്ട്രീയം, മറിച്ച്, വിദ്യാർത്ഥിയുടെ വ്യക്തിത്വ വികസനത്തിൽ കാര്യമായ പങ്ക് വഹിക്കാവുന്ന വിധത്തിലുള്ള, അവന്റെ അഭിമാനബോധത്തെ സ്പർശിക്കുവാൻ ആരെയും അനുവദിക്കാത്ത സംഘടിത ശക്തിയാണ് വിദ്യാർത്ഥി രാഷ്ട്രീയം അത് അങ്ങനെയായിരുന്നു താനും.

സ്വാശ്രയ മാനേജ്‌മെന്റുകൾക്ക് അതിക്രമത്തിനുള്ള അവസരമൊരുക്കാൻ, ആ സംഘടിത ശക്തിയെ തകർക്കാൻ ശ്രമിച്ചവർക്ക് അറിഞ്ഞോ അറിയാതെയോ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും പിന്തുണയേകുകയാണുണ്ടായത്. ഇനിയെങ്കിലും ഈ നയം മാറ്റണം. ജനാധിപത്യ രാഷ്ട്രത്തിൽ രാഷ്ട്രീയവും രാഷ്ട്രീയപ്പാർട്ടികളും അകറ്റി നിർത്തേണ്ട ഒന്നല്ല, മറിച്ച് ജനാധിപത്യ വ്യവസ്ഥതയുടെ ആണിക്കല്ലുകൾ തന്നെ രാഷ്ട്രീയ പാർട്ടികളാണ്. അതിനാൽ വരും തലമുറക്ക് രാഷ്ട്രീയ പാർട്ടികളെയും വിവിധ പാർട്ടികളുടെ നയങ്ങളേയും പരിചയപ്പെടുത്തിയേ പറ്റു. ഇതിനായി വിദ്യാർത്ഥി രാഷ്ട്രീയം അനിവാര്യമാണ്. അതുപോലെ തന്നെ, ഈ നെഹ്‌റു കോളേജിലേതുപോലുള്ള മാനേജ്‌മെന്റുകളുടെ മുഷ്‌ക് അവസാനിപ്പിക്കാനും.

പഴയ രീതിയിലുള്ള കലാലയാന്തരീക്ഷവും വിദ്യാർത്ഥി രാഷ്ട്രീയവും പുനഃസ്ഥാപിക്കുവാൻ സർക്കാർ നിയമ നടപടികൾ സ്വീകരിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ളവയിൽ അംഗീകൃത വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ പ്രവർത്തനം നിരോധിക്കുന്നതും, രാഷ്ട്രീയ പ്രവർത്തനം തടയുന്നതും നിയമവിരുദ്ധമാക്കിക്കൊണ്ടുള്ള നിയമ നിർമ്മാണം വരെ നടത്തണം. ഇതിനായി എല്ലാ വിദ്യാർത്ഥി സംഘടനകളും ഒന്നിച്ച് പ്രയത്‌നിക്കണം. ഇനി ഒരു വിദ്യാർത്ഥിയുടെ ദേഹത്ത് കൈ വയ്ക്കാൻ ഒരു കലാലയാധികാരിയും ധൈര്യപ്പെടരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP