Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡെബിറ്റ് ദ റിസീവർ, ക്രെഡിറ്റ് ദ ഗിവർ

ഡെബിറ്റ് ദ റിസീവർ, ക്രെഡിറ്റ് ദ ഗിവർ

പ്രീഡിഗ്രീ ഒന്നാം വർഷം മുതൽ ഡിഗ്രി അവസാനം വരെ എല്ലാ വർഷവും പഠിച്ച് പരീക്ഷയെഴുതിയിരുന്ന വിഷയം ആണ് അക്കൗണ്ടിങ്ങ്. ലോക്കൽ പ്രൊഫസർമാർ എഴുതിയ കൈപ്പുസ്തകങ്ങൾ മുതൽ വിലാസിനിയുടെ ആ ഒരിക്കലും വായിച്ചാൽ തീരാത്ത നോവലിന്റെ അത്രയും ഉള്ള സുൽത്താൻ ചന്ദും സെണ്ട്രൽ ബുക്‌സും ഇറക്കിയ പുസ്തകങ്ങൾ വരെ അദ്ധ്യാപകർ പഠിപ്പിച്ചും ഞാൻ പഠിച്ചും തള്ളി. ഒടുക്കം ബിരുദം എടുത്തു തലയിൽ വച്ച് സി.ഏ.ക്കു ചെന്നു ചേർന്ന് ജീവിതത്തിൽ ആദ്യമായി ഒരു ഇടത്തരം കമ്പനിയുടെ ശരിക്കുള്ള കണക്കുപുസ്തകത്തിൽ കൈ വച്ചപ്പോഴാണ് ഞാൻ ഈ അഞ്ചുവർഷം വെറുതേ പാഴാക്കിയതാണെന്നു മനസ്സിലായത്. ഞാൻ പഠിച്ചതുകൊണ്ട് പണിയെടുക്കാൻ കഴിയുന്നില്ല. പിന്നെ ഒരു മാസം കഴിഞ്ഞപ്പോൾ മനസ്സിലായി ഈ അഞ്ചുവർഷത്തെ സിലബസ് മൊത്തം പഠിക്കാൻ ഒരു മാസം മതിയെന്നും.

ആരോ എഴുതിയ പാഠപുസ്തകങ്ങൾ വായിച്ചു പഠിച്ചു ബിരുദവും പിന്നെ അനന്തരവും എടുക്കുന്നു. അദ്ധ്യാപകൻ ആയി ജോലി തുടങ്ങുന്നു. താൻ ക്ലാസ്സിൽ ഉരുവിട്ടു പഠിച്ചത് അരമനസ്സോടെയും അലക്ഷ്യമായും അടുത്ത ജനറേഷനു ചൊല്ലിക്കൊടുക്കുന്നു. അവരും അതു പഠിക്കുന്നു. ഇവരാരും ചായക്കടക്കാരന്റെ പറ്റുപടിപ്പുസ്തകം പോലും ജീവിതത്തിൽ തൊടുന്നുമില്ല. ഇങ്ങനെ വിഴുങ്ങിയും ശർദ്ദിച്ചും പോകുന്നത് എന്തെന്നും എന്തിനെന്നും അറിയാതെ പോകുന്ന പാഠ്യരീതിയുടെ ഇരയായി ഞാൻ അഞ്ചുവർഷങ്ങൾ അക്കൗണ്ടിങ്ങ് പഠിക്കാതെപോകൽ എന്ന സമയം പാഴാക്കലിൽ തുലച്ചു . ഇതിനിടെ ഈ വിഷയം ലോകത്ത് എത്ര പുരോഗമിച്ചെന്നും തത്വങ്ങളും സമീപനങ്ങളും മൂലപ്രമാണങ്ങളും ഒക്കെ എത്രകണ്ട് മാറിയെന്നും ഒന്നും ആരുമറിഞ്ഞിരുന്നില്ല. പഠിപ്പിക്കുന്നതും പഠിക്കുന്നതും എന്തെന്ന് തന്നെ അറിയാത്തപ്പോൾ അതിലെ മാറ്റങ്ങളിൽ എന്തു കാര്യം.

അവിടെയും തീർന്നില്ല മാഷുപാരകൾ അന്ന് സി.ഏ. വിദ്യാർത്ഥികൾക്ക് പോസ്റ്റൽ ടെസ്റ്റ് സ്‌കീം എന്നൊരു പരിപാടിയുണ്ടായിരുന്നു. നമ്മൾ ഉത്തരം എഴുതി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് തപാലിൽ അയക്കും. കണക്ക്, എക്കണോമിക്‌സ്, നിയമം തുടങ്ങിയ വിഷയം ആണെങ്കിൽ അവർ അത് അവിടെയുള്ള ഏതെങ്കിലും കോളേജ് അദ്ധ്യാപകരെക്കൊണ്ട് പരിശോധിപ്പിക്കും. ഇങ്ങനെ കുറേയെണ്ണം കഴിഞ്ഞാലേ പരീക്ഷയ്ക്ക് ഇരിക്കാനുള്ള എലിജിബിലിറ്റി സർട്ടിഫിക്കേറ്റ് കിട്ടൂ.

എക്കണോമിക്‌സ് ഉത്തരക്കടലാസ് ഒരെണ്ണം ഇവാല്യുവേറ്റ് ചെയ്തു വന്നപ്പോൾ ഒരു പേജിനു കുറുകേ ചുവന്ന മഷിക്ക് വെട്ട്. 'സ്റ്റുഡന്റ്'സ് ഓൺ പൊളിറ്റിക്കൽ വ്യൂസ്' എന്ന് . ഇതെന്തു പണ്ടാരം എന്ന് നോക്കിയപ്പോൾ ഞാൻ ആ പേജിൽ ദ കാസ്റ്റ്രോയെ ഉദ്ധരിച്ചു കുറച്ചു വരികൾ എഴുതിയിട്ടുണ്ട്. അണ്ണൻ എം.എ എക്കണോമിക്‌സ് ജയിച്ച അണ്ണാമലയോ കാമരാജോ യൂണിവേഴ്‌സിറ്റിയിൽ ഹോസ്വേ ദ കാസ്റ്റ്രോയെക്കുറിച്ച് പാഠപുസ്തകത്തിൽ ഉണ്ടാവില്ല, അതുകൊണ്ട് ക്യൂബേലെ മറ്റേയാളാണെന്നു ധരിച്ചു! ഗ്രൗച്ചോ മാർക്‌സിനെക്കൂടി ഉദ്ധരിക്കാഞ്ഞതു ഭാഗ്യം. സീറോ മാർക്‌സ് കിട്ടിയേനെ എന്നു ഞാൻ അങ്ങു സമാധാനിച്ചു, വേറെന്തു ചെയ്യാൻ.

ആയിടയ്ക്കാണു എക്‌സാമിനേഷൻ സെന്റർ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും വിമൻസ് കോളേജിലേക്ക് മാറ്റിയത്. സി.ഏ. പരീക്ഷയ്ക്ക് ഇൻവിജിലേറ്റർ ആയി നിന്നു പരിചയമില്ലാത്ത അദ്ധ്യാപിക എന്റെ കാൽക്കുലേറ്ററിന്റെ പൗച്ച് അകം പുറം തിരിച്ച് കാണിക്കാൻ ആവശ്യപ്പെട്ടു. അതിനകത്തെങ്ങാൻ തുണ്ടു പേപ്പർ വച്ചിട്ടുണ്ടോ എന്ന പരിശോധനയാണ്. വീട്ടിലിരിക്കുന്ന പുസ്തകങ്ങൾ പെട്ടി ഓട്ടോ വിളിച്ച് പരീക്ഷാഹാളിൽ കയറ്റിയാലും പ്രയോജനമില്ലെന്ന് അവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കാൻ.
ഉദാഹരണങ്ങൾ പോലും തലമുറ ആവർത്തിച്ച് വിരസമായതാണ് നമ്മുടെ സ്‌കൂളിലും കോളേജിലും. പ്രോബബിലിറ്റി പഠിക്കുന്ന വെളുപ്പും കറുപ്പും ചുവപ്പും പന്തുകൾ. ക്യൂയിങ്ങ് തീയറിയിലെ ട്രാഫിക്ക് ലൈറ്റ്. കാൽക്കുലസിലെ കാറിന്റെ ഓഡോമീറ്റർ. മൂന്നാം ക്ലാസ്സിൽ മാപ്പ് നോക്കാൻ പഠിച്ചത് ഇങ്ങനെയായിരുന്നു 'ഭൂപടത്തിൽ നോക്കി നിൽക്കുന്ന ഒരാളിന്റെ മേൽഭാഗം വടക്കും കീഴ്ഭാഗം തെക്കും വലതുഭാഗം കിഴക്കും ഇടതുഭാഗം പടിഞ്ഞാറും ആയിരിക്കും.' കാണാപ്പഠം പറഞ്ഞു മടുത്തപ്പോൾ ഏതോ വിരുതൻ അത് ഇങ്ങനെയാക്കി 'ഭൂപടത്തിൽ നോക്കി നിൽക്കുന്ന ഒരാളിന്റെ മേൽഭാഗം കീഴും കീഴ്ഭാഗം മേലും ഇടതുഭാഗം വലതും വലതുഭാഗം ഇടതും ആയിരിക്കും.' കാണാപ്പഠങ്ങളിൽ നിന്നും അല്പമെങ്കിലും മോചനം കിട്ടിയിരുന്നത് ട്യൂഷനെടുത്ത ഗൗതമൻ സാറിന്റെ ഓലപ്പുരയിൽ ആയിരുന്നു.

പ്രോബബിലിറ്റി പഠിപ്പിച്ചപ്പോൾ സാറ് ബിവറേജസിൽ നിന്നും കുപ്പി വാങ്ങാൻ എത്ര നേരം ക്യൂ നിൽക്കണം എന്ന് കണക്കു കൂട്ടിച്ചു. ഇൻവെസ്റ്റ്‌മെന്റ് റിസ്‌ക് എടുക്കുമ്പോൾ ചോദ്യാവലിയിട്ട് കുട്ടികളുടെ റിസ്‌ക് റിവാർഡ് ഗ്രഡേഷൻ അളന്ന് 'രാജേഷേ നീ നിന്റെ കാശെല്ലാം അടുപ്പിൻ മൂട്ടിൽ കുഴിച്ചിട്ട് അതിന്റെ മുകളിൽ അടയിരിക്കും. പ്രമോദേ നീ തമ്പോല കളിക്കാൻ പോകും' എന്നൊക്കെ കളിയാക്കി വിഷയം മനസ്സിലാക്കി കൊടുക്കുന്ന യഥാർത്ഥ വിഷയവിദഗ്ദ്ധനായ ഗൗതമൻ സാറിനു കൊടുക്കാൻ ഒരു ഒഴിവ് നാട്ടിലെ ഒരു കോളേജിനും ഉണ്ടായില്ല.

അതിനു കൊടുക്കാനുള്ള പണം കൈവശം ഉണ്ടായിരുന്നെങ്കിൽ അതുകൊണ്ട് ഒരു റെസ്റ്റോറന്റ് തുടങ്ങിയിട്ട് തുടർന്നും ഓലപ്പുരയിൽ തന്നെ കുട്ടികളെ പഠിപ്പിച്ചേനെ എന്നായിരുന്നു സാറ് പറയാറ്. പറഞ്ഞു വന്നത്, മന്ത്രി പറയുന്നു മലയാളം മീഡിയം സ്‌കൂളുകൾക്ക് നിലവാരമില്ലെന്ന്. ശരിയാണത്. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾക്കും ഇല്ല. കോളേജുകൾക്കും ഇല്ല നമുക്ക്. മറ്റു രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളിൽ എന്തു പഠിപ്പിക്കുന്നെന്നും എങ്ങനെ പഠിപ്പിക്കുന്നെന്നും അറിയുമ്പോൾ, നിലവാരമുള്ള അദ്ധ്യാപകരും പ്രൊഫഷണൽസും ക്ലാസ് എടുക്കുമ്പോൾ, അവിടെയൊക്കെ പഠിച്ചിറങ്ങിയ ആളുകളോട് സംസാരിക്കുമ്പോൾ സ്‌കൂളിലും കോളേജിലുമായി ഞാൻ പാഴാക്കിയ കൊല്ലങ്ങളെയോർത്ത് വ്യസനിക്കുകയാണ് ബഹു. മന്ത്രീ.
നിലവാരം ഉണ്ടാക്കാനുള്ള ഒരു ശ്രമം ഉണ്ടായിരുന്നു അടുത്തിടെ.

മകന്റെ സ്‌കൂൾ സിലബസ് വായിച്ചപ്പോഴാണ് നമ്മുടെ പഴയ ഡി.പി.ഇ.പിക്ക് സമാനമായ ഒരു പാഠ്യപദ്ധതിയാണ് ബ്രിട്ടീഷ് നാഷണൽ കരിക്കുലം എന്നത് ശ്രദ്ധിച്ചത്. നമ്മൾ ഡി.പി.ഇ.പിയെ ചെറുത്തു തോല്പിച്ചു. പരിഹസിച്ച് സിനിമയെടുത്തു. നമുക്ക് കുട്ടികളെ ഭയപ്പെടുത്തിയും ശാസിച്ചും അച്ചടക്കം പഠിപ്പിച്ച് കാണാപ്പാഠം ഉരുവിടീച്ച് പറക്കൊട്ടയിൽ അളന്ന് മാർക്ക് വാങ്ങിപ്പിച്ചാൽ മതിയായിരുന്നു. അവർ വളർന്ന് എൻട്രൻസ് പരീക്ഷ പാസായാൽ മാത്രം മതിയായിരുന്നു. അവരുടെ യാതനയുടെ തോതായിരുന്നു അവർ പഠിക്കുന്നോ എന്നതിനു നമ്മൾ മാനദണ്ഡമായി എടുത്തത്.

മണ്ണിലൊരു വിത്തു കുത്താത്ത കുട്ടികൾ ഇപ്പോഴും നോട്ടുബുക്കിൽ സ്റ്റേമനും പിസ്റ്റിലും വരക്കുന്നുണ്ടാവും എന്റെ പഴയ സ്‌കൂളിൽ. ഉറക്കച്ചടവോടെ ആ കോളേജിൽ കൗമാരക്കാർ ഇപ്പോഴും നോട്ടുബുക്കിൽ കുറിക്കുന്നുണ്ടാവും 'ഡെബിറ്റ് വാട്ട് കംസ് ഇൻ, ക്രെഡിറ്റ് വാട്ട് ഗോസ് ഔട്ട്.' എന്ന്. ഒരു മീഡിയത്തിലും ഒരു ക്ലാസ്സിലും പഠനത്തിനു നിലവാരമില്ല സർ, കുട്ടികൾ വളരുമ്പോൾ അവർക്ക് നിലവാരം വേണമെന്ന് നമുക്കാഗ്രഹമില്ല എന്നതു തന്നെ കാരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP