Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മനുഷ്യൻ സൃഷ്ടിയോ പരിണാമമോ?

മനുഷ്യൻ സൃഷ്ടിയോ പരിണാമമോ?

പൊതുവേ മനുഷ്യരെല്ലാവരും പല തരത്തിലുള്ള ധാരണകൾ വച്ചുപുലർത്തുന്നവരാണ്. നമ്മുടെ അറിവും അനുഭവവും മാറുന്നതിനനുസരിച്ച് ഈ ധാരണകൾ മാറിക്കൊണ്ടിരിക്കുന്നു. സത്യമെന്നും മാറ്റമില്ലാത്തതെന്നും നാം ധരിച്ചിരുന്ന പല ധാരണകളും പുതിയ അറിവിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തിൽ പൊളിച്ചെഴുതിയിട്ടുള്ളവരാണ് നാമെല്ലാവരും. അറിവിന്റെ നിറകുടങ്ങളെന്ന് പലരും കരുതുന്ന പണ്ഡിതന്മാരും ശാസ്ത്രജ്ഞന്മാരും ഇതിന് അതീതരല്ല. പുതിയ അറിവിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തിൽ ശാസ്ത്രജ്ഞന്മാർ അന്നുവരെ അംഗീകരിച്ചിരുന്ന തിയറികളിലും പഠിപ്പിക്കലുകളിലും കാലോചിതമായ മാറ്റങ്ങൾ വരുത്തുന്നു. അന്വേഷിച്ചു കണ്ടുപിടിക്കാവുന്നവയെപ്പറ്റിയുള്ള ധാരണകളുടെ സ്ഥിതിയിതാണെങ്കിൽ മറഞ്ഞിരിക്കുന്നതായ പൂർണ്ണമായി വെളിപ്പെട്ടിട്ടില്ലാത്ത താത്വികമായ വിഷയങ്ങളുടെ കാര്യം പറയണ്ട.

ഈ എഴുത്തുകാരൻ ഒരു കാലത്തു ദൈവം ഉണ്ട് എന്ന് വിശ്വസിച്ചിരുന്നു എങ്കിലും ആ വിശ്വാസം ദൃഢമല്ലായിരുന്നു. അല്പമൊക്കെ പഠിച്ചു കഴിഞ്ഞപ്പോൾ ദൈവം ഇല്ല എന്ന ധാരണ കുറച്ചു കാലം കൊണ്ടു നടന്നു.

മനുഷ്യജീവിതത്തെ സ്വാധീനിക്കുന്ന എല്ലാ വിഷയങ്ങളെപ്പറ്റിയും എഴുത്തുകാരും ചിന്തകരും ജനങ്ങൾക്ക് മാർഗ്ഗനിർദ്ദേശം കൊടുക്കേണ്ടവരാണ്. ആ നിലക്ക് നാം എവിടെ നിന്ന് വന്നു എന്ന ചോദ്യത്തെ അഭിമുഖീകരിക്കാത്ത എഴുത്തുകാർ ചുരുക്കമാണ്.

യഥാർത്ഥ അറിവ് നമ്മെത്തന്നെ അറിയുക എന്നതാണ്. നാം ആരാണ്? നാം എവിടെ നിന്ന് വന്നു? എവിടേക്കു പോകുന്നു? എത്ര കാലം ഇവിടെ കാണും? ഇവിടെ ആയിരിക്കുന്നതിന്റെ ഉദ്ദേശ്യം എന്ത്? ലക്ഷ്യത്തിൽ എത്തിച്ചേരുന്നതിനുള്ള വഴികൾ എന്തൊക്കെയാണ്? ഈ അറിവുതന്നെയാണ് യഥാർത്ഥ അറിവ്. ഈ അറിവിനനുസരിച്ച് ജീവിതം ക്രമീകരിക്കുകയായിരിക്കണം ജീവിതലക്ഷ്യം. ലക്ഷ്യത്തെപ്പറ്റിയും സഞ്ചരിക്കേണ്ട മാർഗ്ഗത്തെപ്പറ്റിയും വ്യക്തമായ അറിവില്ലയെങ്കിൽ ലക്ഷ്യത്തിലെത്താതെ അലഞ്ഞു തിരിയേണ്ടി വരും.

യഥാർത്ഥത്തിൽ നാമാരാണ്? നാമെങ്ങനെ ഇവിടെ വന്നുപെട്ടു. നാം കുരങ്ങിൽ നിന്നും പരിണാമപ്രക്രിയയിലൂടെ പതിനായിരക്കണക്കിന് വർഷങ്ങൾകൊ ണ്ട് ആവിർഭവിച്ചതാണോ? ശാസ്ത്രത്തിന്റെ പേരിൽ ശാസ്ത്രജ്ഞന്മാരെന്ന് അവകാശപ്പെടുന്ന ചിലർ മുന്നോട്ടു വച്ച തിയറികൾ എന്നതിൽ കവിഞ്ഞ് ഈ തിയറികൾ പഠിപ്പിക്കുന്നവർക്കുപേലും അവർ പഠിപ്പിക്കുന്നത് സത്യമാണോ എന്ന് നിശ്ചയമില്ല. ശാസ്ത്രമെന്നു പറയുമ്പോൾ പരീക്ഷണശാലകളിൽ തെളിയിച്ചിട്ടുള്ളതായിരിക്കണം എന്നാണ് വിവക്ഷിക്കുന്നത്. ഈ പരിണാമതിയറികൾ ചിലരുടെ സങ്കല്പങ്ങളെന്നതിൽ കവിഞ്ഞ് അതിൽ ശാസ്ത്രീയമായി ഒന്നുമില്ല എന്നു പറയാം.

കാരണമില്ലാതെ ഒരു കാര്യം ഉണ്ടാവുക സാദ്ധ്യമല്ല എന്ന് ശാസ്ത്രജ്ഞന്മാർ അംഗീകരിക്കുന്ന അലംഘനീയമായ ഒരു നിയമവും തത്വസംഹിതയുമാണ്. ശാസ്ത്രജ്ഞന്മാരുടെ ശ്രമം തന്നെ കാര്യത്തിന്റെ കാരണം അന്വേഷിക്കുകയാണല്ലോ? പരിണാമസിദ്ധാന്തത്തിന് സകലത്തിന്റെയും ഉറവിടമായ മൂലകങ്ങളുടെ കാരണത്തെപ്പറ്റി ഒന്നും പറയാനില്ല. മൂലകങ്ങൾ കോമ്പൗണ്ടുകളായി മാറി എന്നും അതിൽ നിന്നും ജീവൻ ഉത്ഭവിച്ചു എന്നാണല്ലോ അവരുടെ വാദം. എന്നാൽ ഈ പ്രക്രിയയിൽ ഉയർന്നുവരുന്ന പല ചോദ്യങ്ങൾക്കും ഉത്തരമില്ല എന്നതാണ് യാഥാർത്ഥ്യം. ഒരിക്കൽ ബയോളജി ക്ലാസ്സിൽ പരിണാമസിദ്ധാന്തം പഠിപ്പിച്ച അദ്ധ്യാപകൻ അഭിപ്രായപ്പെട്ടത് മൂലകങ്ങൾ ദൈവം സൃഷ്ടിച്ചു എന്ന് വിശ്വസിക്കുകയല്ലാതെ മറ്റു വഴിയൊന്നുമില്ല എന്നാണ്. മൂലകങ്ങളെ ദൈവം സൃഷ്ടിച്ചുവെങ്കിൽ ശാസ്ത്രജ്ഞന്മാരെന്ന് അവകാശപ്പെടുന്ന ചിലരുടെ പരിണാമസിദ്ധാന്തത്തിന്റെ സഹായം കൂടാതെ തന്നെ ദൈവത്തിന് ജീവൻ സൃഷ്ടിക്കാൻ കഴിയും എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു.

മാറ്റമില്ലാത്ത തെളിയിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലല്ല ഈ തിയറികൾ രൂപപ്പെടുത്തിയിരിക്കുന്നത്. ഉദാഹരണമായി ഒരു വസ്തുവിന്റെ നീളം 10 സെന്റിമീറ്റർ എന്നും സമയം ഒരു മണിക്കൂർ എന്നും പറയുമ്പോൾ നിശ്ചിതമായ ഒരു മാനദണ്ഡത്തോടെയുള്ള താരതമ്യത്തിലാണ് ഒരു നിഗമനത്തിൽ എത്തുന്നത്. എന്നാൽ പരിണാമസിദ്ധാന്തത്തിൽ അവകാശപ്പെടുന്ന കാലഘട്ടത്തിനെ താരതമ്യം ചെയ്യാൻ ആവശ്യമായ മാനദണ്ഡം അല്ലെങ്കിൽ കാലപ്പഴക്കം തെളിയിക്കാൻ ആവശ്യമായ മാനദണ്ഡങ്ങൾ ലഭ്യമല്ലാത്തതുകാരണം ചില ഊഹങ്ങളുടെ അടിസ്ഥാനത്തിലാണ് കാലനിർണ്ണയം നടത്തിയിരിക്കുന്നത്. ഉദാഹരണമായി ഒരു വസ്തുവിന് 1000 വർഷത്തെ പഴക്കമുണ്ട് എന്നു പറയണമെങ്കിൽ 10,000 വർഷം പഴക്കമുള്ള ഒരു വസ്തു മാനദണ്ഡമായി ഉണ്ടായിരിക്കണം. ആ മാനദണ്ഡത്തിലുള്ള താരതമ്യത്തിലാണ് നാം കാലദൈർഘ്യം ഗണിക്കേണ്ടത്. അതുകൊണ്ട് ഈ തിയറികളൊന്നും ശാസ്ത്രീയമാണ് എന്ന് പറയുക സാദ്ധ്യമല്ല. കാർബൺ ഡേറ്റിങ് ചില ഊഹങ്ങളുടെ അടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്തിട്ടുള്ളതാണ്.

ശാസ്ത്രീയമാണ്, സത്യമാണ് എന്ന് ചിന്തിച്ചിരുന്ന പല വിഷയങ്ങളും അടുത്ത കാലത്തു തന്നെ അത് ശരിയല്ലായിരുന്നു എന്നു തെളിയുന്നതിനുകാരണം ശാസ്ത്രീയം എന്നു പറയുന്ന പഠനരീതികളിലുള്ള ശാസ്ത്രീയത ഇല്ലായ്മ കാരണമാണ്. ഉദാഹരണമായി ഒരു വസ്തുവിന് മനുഷ്യശരീരത്തിലുള്ള അതിന്റെ സ്വാധീനം അറിയുവാൻ പഠിക്കാനുദ്ദേശിക്കുന്ന വസ്തുവൊഴികെ അതുമായി ബന്ധപ്പെട്ട മറ്റു ഘടകങ്ങൾ എല്ലാം സ്ഥിതമായി വച്ചിട്ട് പഠിക്കാനുദ്ദേശിക്കുന്ന വസ്തു ശരീരത്തിലുളവാക്കുന്ന പ്രതികരണം അളക്കുകയാണ് ശാസ്ത്രജ്ഞന്മാർ ചെയ്യുന്നത്. എന്നാൽ ഒരേ വസ്തുവിന് വ്യത്യസ്ത രീതികളിൽ മനുഷ്യരിൽ പ്രതികരണം ഉളവാക്കുന്നതുകൊണ്ടും പഠിക്കാൻ ഉപയോഗിച്ച വസ്തുവിനെ സ്വാധീനിക്കുന്ന എല്ലാ ഘടകങ്ങളും ശാസ്ത്രജ്ഞന്മാർക്ക് നിശ്ചയമില്ലാത്തതുകാരണം നിഗമനങ്ങൾ താമസിയാതെ തന്നെ മാറ്റിയെഴുതേണ്ടി വന്നിട്ടുള്ള സ്ഥിതിവിശേഷം സാധാരണമാണ്.

ശാസ്ത്രജ്ഞന്മാർ എന്ന് അവകാശപ്പെടുന്ന ചിലർ മുന്നോട്ടുവച്ച മറ്റൊരു തിയറിയാണ് ബിഗ്‌ബാംഗ് തിയറി അഥവാ ആദിയിൽ നടന്നതെന്നു പറയപ്പെടുന്ന ഒരു പൊട്ടിത്തെറി. ഒരു ദിവാസ്വപ്നം എന്നതിൽ കവിഞ്ഞ് ഈ തിയറിയിൽ ശാസ്ത്രീയമായി ഒന്നുമില്ല എന്നു പറയാം. പൊട്ടിത്തെറിയുടെ കാരണത്തെപ്പറ്റിയോ അതിലെ വസ്തുവിന്റെ ഉറവിടത്തെപ്പറ്റിയോ ചോദിച്ചാൽ അതിന് അവർക്ക് വ്യക്തമായ ഉത്തരമില്ല.

നിത്യജീവിതത്തിൽ നാം പലപ്പോഴും പൊട്ടിത്തെറികൾ കാണാറുണ്ട്. അതിനുശേഷം ചുറ്റുപാടും നിരീക്ഷിച്ചാൽ കാര്യങ്ങൾക്കൊന്നും ഒരു അടുക്കും ചിട്ടയും ഉണ്ടാവില്ല. ബിഗ്‌ബാംഗ് എന്ന പൊട്ടിത്തെറിക്കുശേഷം അനേക ലക്ഷങ്ങളായ നക്ഷത്രങ്ങളും ഗ്രഹസമൂഹങ്ങളും ഇന്ന് കാണുന്നതുപോലെ കിറുകൃത്യമായി സഞ്ചരിക്കുന്ന ഭ്രമണപഥത്തിൽ വന്നുവീണുവെന്ന് ചിന്തിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നവർക്ക് മാത്രമേ സാധിക്കുകയുള്ളൂ.
അതിനുശേഷം പരിണാമം മൂലമാണ് മനുഷ്യൻ ഉടലെടുത്തതെങ്കിൽ മനുഷ്യൻ ഉടലെടുക്കുന്നത് അനുകൂലമായ സാഹചര്യം ഭൂമിയിൽ തന്നെ പല സ്ഥലങ്ങളിലും നിലനിന്നിരുന്നതു കാരണം ഒരേസമയത്ത് പല സ്ഥലങ്ങളിൽ മനുഷ്യർ പരിണാമം മൂലം വെളിപ്പെടണമായിരുന്നു. എന്നാൽ ശാസ്ത്രം സമ്മതിക്കുന്നത് ഇന്ന് ഭൂമിയിലുള്ള മനുഷ്യരെല്ലാം ഒരേ മാതാപിതാക്കളിൽ നിന്ന് ജന്മമെടുത്തവരാണെന്നാണ്.

ചിലർ ചിന്തിക്കുന്നതുപോലെ ശാസ്ത്രം ദൈവത്തിന്റെ അധികാരപരിധിക്കു പുറത്തല്ല. ശാസ്ത്രത്തിലെ തത്വങ്ങളും കണ്ടുപിടുത്തങ്ങളും ദൈവം രൂപകല്പന ചെയ്തിട്ടുള്ളതാണ്. ദൈവം അതതു സമയങ്ങളിൽ ശാസ്ത്രസത്യങ്ങൾ വെളിപ്പെടുത്താൻ നാം ശാസ്ത്രജ്ഞർ എന്നു വിളിക്കുന്ന ചില വ്യക്തികളെ തിരഞ്ഞെടുത്തു. പടിപടിയായി അവരിൽക്കൂടി ശാസ്ത്രസത്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

ക്രിസ്തുവിന് 2000 വർഷം മുമ്പ് ജീവിച്ചിരുന്ന ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന അബ്രഹാമിന്റെ കാലഘട്ടം ഇന്നുള്ള ആധുനികയുഗവുമായി തട്ടിച്ചുനോക്കുമ്പോൾ വളരെ പ്രാകൃത അവസ്ഥയിലായിരുന്നു. ഇന്നുള്ള ജീവിതസൗകര്യങ്ങൾ ഒന്നും തന്നെ അന്നില്ലായിരുന്നു. എന്തുകൊണ്ട് ബുദ്ധിക്ക് അടിസ്ഥാനമായ ഡി.എൻ.എ അവരിലും നമ്മിലും ഒന്നായിട്ടും ഇന്നു കാണുന്ന കണ്ടുപിടുത്തങ്ങൾ ഒന്നും അവർ നടത്തിയില്ലാ? ദൈവം ആ കാലത്ത് അത് വെളിപ്പെടുത്തിയില്ല എന്ന് ചിന്തിക്കുന്നതായിരിക്കും ഉചിതം.

പ്രകൃതിയിൽ പരിണാമം നടക്കുന്നുണ്ടെന്നത് സത്യമാണ്. സാഹചര്യങ്ങൾക്കനുസരിച്ച് പരിണമിക്കത്തക്ക രീതിയിലാണ് സൃഷ്ടികൾ ഓരോന്നും. അതുകൊണ്ട് സൃഷ്ടി അല്ല എന്നു വരുന്നില്ല.

സൃഷ്ടികർമ്മത്തിന്റെ വിശദവിവരം മറച്ചു വച്ചിരിക്കുന്നതുകൊണ്ട് അന്വേഷിച്ചു കണ്ടുപിടിക്കുക സാദ്ധ്യമല്ല. എങ്കിലും വസ്തുവിനെ ഊർജ്ജവും, ഊർജ്ജത്തെ വസ്തുവായും മാറ്റാമെന്ന് ശാസ്ത്രജ്ഞന്മാർ സമ്മതിക്കുന്ന സ്ഥിതിക്ക് ഊർജ്ജത്തിന്റെ പരമോന്നത സ്രോതസ്സായ ദൈവത്തിന് ഊർജ്ജത്തെ വസ്തുവാക്കി മാറ്റി ഈ അഖിലാണ്ഡത്തെ സൃഷ്ടിക്കുക അസാദ്ധ്യമാണോ?

സൃഷ്ടിയുടെ കാര്യം പറയുമ്പോൾ ദൈവം സ്വവർഗ്ഗരതിക്കാരെ ആ നിലയിലാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് ഒരു പ്രചാരം കേൾക്കുന്നുണ്ട് അത് പ്രചരണം എന്നല്ലാതെ അതിൽ വസ്തുത ഒന്നും തന്നെയില്ല. സ്വവർഗ്ഗരതിക്ക് കാരണമായ ഒരു ജീൻ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.
നമ്മിൽ പലരും കണ്ണടച്ച് ഇരുട്ടാക്കുന്നതിൽ ബഹു സമർത്ഥരാണ്. നമ്മുടെ സ്വാർത്ഥതാല്പര്യങ്ങൾക്ക് അങ്ങിനെ വിശ്വസിക്കുന്നതും പറഞ്ഞു പരത്തുന്നതുമാണ് വേണ്ടതെങ്കിൽ അതിന് മടിക്കാത്തവരാണ് പലരും. കുട്ടികളിൽ കാണുന്ന മത്സരസ്വഭാവം കാരണം മാതാപിതാക്കൾ സത്യമെന്നും പരിപാവനമെന്നും വിശ്വസിക്കുന്ന കാര്യങ്ങൾ അതല്ല എന്ന് പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിൽ ഒരു ആന്തരിക സന്തോഷം കാണുന്നവരാണ് ചില കുട്ടികൾ. മുതിർന്നവരും മനസ്സിന്റെ ഈ വിക്രിയയിൽ നിന്നും പൂർണ്ണമായും വിമുക്തരല്ല. നമുക്ക് ഒരു വ്യക്തിയേയോ പ്രസ്ഥാനത്തേയോ ഇഷ്ടമല്ല എങ്കിൽ ആ വ്യക്തിയും പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഒരു കാര്യവും ചിലർ ഇഷ്ടപ്പെടില്ല. ചിലരുടെ ശത്രു റിപ്പബ്ലിക്കൻ എങ്കിൽ അവർ ഡെമോക്രാറ്റിന്റെ വശം പിടിക്കും. രണ്ടും തമ്മിലുള്ള കാതലായ വ്യത്യാസത്തെപ്പറ്റി വലിയ നിശ്ചയം ഇല്ല എങ്കിൽപ്പോലും. ഒരാൾ ഒരു ദൈവവിശ്വാസിയെങ്കിൽ മറ്റെയാൾ നിരീശ്വരവാദിയായി ചമഞ്ഞെന്നിരിക്കും. അവർ ശത്രുവിനെ വേദനിപ്പിക്കുന്നതിൽ ആന്തരിക സന്തോഷം കാണുന്നു. ദൈവത്തിലുള്ള വിശ്വാസം പഴഞ്ചനാണെന്നും പുരോഗമന ചിന്താഗതിക്കാരനെന്ന ലേബലിന് നിരീശ്വരവാദിയായിരിക്കണമെന്ന് ചിന്തിക്കുന്നവരും കുറവല്ല.
വരുംവരാഴികളെക്കുറിച്ചുള്ള ഭയം ഇല്ല എങ്കിൽ മനുഷ്യർ പൊതുവേ എന്തും ചെയ്യാൻ മടിക്കുകയില്ല. ഒരു വ്യക്തിയെ എന്തു നീചകൃത്യവും ചെയ്യുന്നതിന് പ്രേരിപ്പിക്കുവാൻ ആദ്യം ആ വ്യക്തിയുടെ ഈശ്വരവിശ്വാസം എടുത്തുകളഞ്ഞാൽ വളരെ എളുപ്പമായി. ഈ ഉദ്ദേശ്യത്തോടെ നിരീശ്വരവാദം പ്രചരിപ്പിക്കുന്നവരും കുറവല്ല. ഇങ്ങനെയുള്ള ചിന്തകൾ കൊണ്ട് സത്യത്തിന് ഒരു മാറ്റവും ഉണ്ടാവുന്നില്ല സത്യം എന്നും സത്യമായി നിലനിൽക്കുന്നു. ആ വ്യക്തിയുടെ വിശ്വാസം മാത്രമാണ് മാറുന്നത്.

സത്യം അന്വേഷിച്ച് കണ്ടുപിടിക്കുക നമ്മുടെ ഓരോരുത്തരുടെ ഉത്തരവാദിത്വമാണ്. ഒരു നല്ല കൂട്ടം ആളുകൾ സത്യത്തെപ്പറ്റി ആലോചിച്ച് തല പുണ്ണാക്കാറില്ല. സത്യം എന്താണ് എന്നറിയില്ല എന്ന് അവർ സമ്മതിക്കുന്നു. അതറിയാൻ അവർക്ക് വലിയ താല്പര്യവുമില്ല.

ഇവരെ മഴിീേെശര എന്നു വിളിക്കുന്നു. ജീവിതയാത്രയിലെ കമനീയമായ ആകർഷകമായ വസ്തുക്കളിലും കാഴ്ചകളിലും കേന്ദ്രീകരിച്ച് അവരങ്ങനെ നീങ്ങുകയാണ്.
നിരീശ്വരവാദികളായ പലരും അവർ ഇപ്പോൾ ആയിരിക്കുന്ന ജീവിതരീതിയാണ് അവരെ അതിനു പ്രേരിപ്പിക്കുന്നത്. ആ ജീവിതരീതിയിൽ മാറ്റം വരുത്താൻ അവർക്ക് താല്പര്യമില്ല. അതിന് കണ്ണടച്ച് ഇരുട്ടാക്കുകയാണ് അഭികാമ്യം.

ദൈവം ഇല്ല എന്നതിന് കാരണങ്ങൾ ചിലർ പറയുന്നത് അവർ പ്രാർത്ഥിച്ച കാര്യത്തിന് മറുപടി ലഭിച്ചില്ല എന്നതാണ്. ദൈവം പ്രാർത്ഥന കേൾക്കുന്നു അല്ലെങ്കിൽ കേൾക്കാത്തതിനു കാരണം അന്വേഷിക്കാൻ അവർ മിനക്കെടാറില്ല.

മറ്റൊരു കൂട്ടർ ചോദിക്കുന്നത് ദൈവം ഉണ്ടെങ്കിൽ എന്തുകൊണ്ട് എനിക്ക് പ്രത്യക്ഷപ്പെടുന്നില്ല എന്നാണ്. ദൈവം ഈ കൂട്ടർ പ്രതീക്ഷിക്കുന്ന രീതിയിൽ പ്രത്യക്ഷപ്പെടാതെയിരിക്കുന്നതാണ് നല്ലത്. ദൈവം എനിക്കു പ്രത്യക്ഷപ്പെട്ടുവെന്ന് ഞാൻ കൂട്ടുകാരോടും ബന്ധുക്കളോടും പങ്കുവച്ചാൽ അവർ എന്നെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും സംശയദൃഷ്ട്യാ നോക്കുന്നതിനും ഈ വാർത്ത കാട്ടുതീ പോലെ പരക്കുന്നതിനും പലരും എന്നിൽ നിന്ന് അകലാനും ഇടവരും. താമസിയാതെ ഞാൻ മാനസീകാശുപത്രിയിൽ പ്രവേശിക്കപ്പെട്ടു എന്നു വരാം. അതുകൊണ്ട് പ്രത്യക്ഷപ്പെട്ടാലും അത് എല്ലാവരോടും പറയരുത്.

ദൈവം ഉണ്ട് എന്നതിന് തെളിവ് പ്രകൃതിയിൽ തന്നെയുണ്ട്. കാരണമില്ലാതെ ഒരു കാര്യം (പ്രകൃതി) ഉണ്ടാകുകയില്ലല്ലോ? പ്രകൃതി തന്നെ അതിന്റെ പുറകിലുള്ള സൃഷ്ടാവിനെ അഥവാ ഡിസൈനറിനെ വെളിപ്പെടുത്തുന്നുണ്ട്. വാക്കും ഭാഷണവുമില്ലാതെ പ്രകൃതി അത് വെളിപ്പെടുത്തുന്നു. കണ്ണടച്ച് ഇരുട്ടാക്കുന്നവർക്ക് മാത്രമേ അത് കാണാതിരിക്കുവാൻ സാധിക്കുകയുള്ളൂ.
ഒരു വ്യക്തിക്ക് സൃഷ്ടിയുടെ പുറകിലുള്ള സൃഷ്ടാവിനെ കാണണമെങ്കിൽ ഒരു പ്രത്യേക മതത്തിന്റെ ആവശ്യമില്ല. ഇന്നും പല ആദിവാസികളുടേയും ഇടയിൽ പ്രത്യേക മതവിശ്വാസമോ എഴുതപ്പെട്ട പ്രമാണമോ ഇല്ല ദൈവം പ്രകൃതിയിൽക്കൂടി അവർക്ക് തന്നെത്തന്നെ വെളിപ്പെടുത്തുന്നു. ഇവർക്ക് ശരിയെപ്പറ്റിയും തെറ്റിനെപ്പറ്റിയും മനസാക്ഷിയിൽക്കൂടി ബോധനം നൽകുന്നുണ്ട്. അവർ അതനുസരിച്ച് ജീവിക്കുന്നു.

ജെ.സി ദേവിന്റെ അഭിപ്രായത്തിൽ ''ദൈവാഭിമുഖ്യം, ദൈവവബോധം എന്നീ പദങ്ങൾ ഹൃദയത്തിൽ കുറിച്ചുവച്ചിട്ടുണ്ട്. അതുകൊണ്ടാണ് അവൻ ദൈവത്തെ അന്വേഷിക്കുന്നത്. ദൈവത്തെപ്പറ്റി ചിന്തിക്കുന്നത്. മനുഷ്യന്റെ മനസ്സിൽ ആദ്യം പതിഞ്ഞത് ദൈവമാണ്, ആസ്തിക്യബോധമാണ്. ദൈവം ഉണ്ട് എന്നതാണ് അതിന്റെ കാരണം. ദൈവം ഇല്ലായിരുന്നുവെങ്കിൽ ആ ഒരു ചിന്തപോലും മനുഷ്യമനസ്സിൽ കയറിക്കൂടുകയില്ലായിരുന്നു. മനുഷ്യന് തികച്ചും വ്യക്തിപരമായ ബോധ്യമായി ദൈവം മാറിയിരിക്കുന്നു. നിരീശ്വരവാദം എന്ന പദവും ചിന്തയും രണ്ടാമതാണ് മനുഷ്യമനസ്സിൽ കയറിക്കൂടിയതി. ആദ്യപാഠമായ ആസ്തിക്യബോധത്തെ അടിച്ചമർത്തിയിട്ടേ നിരീശ്വരവാദത്തിനു നിലനിൽക്കാനാവൂ. അതിനാലാണ് നിരീശ്വരവാദി നാസിതകവാദ പ്രഭാഷണത്തിനിടയിൽ പോലും അറിയാതെ ''ദൈവമേ'' എന്നു വിളിച്ചുപോകുന്നത്. നാസ്തികവാദത്തിനു കൂട്ടുപിടിക്കുന്നത് പലപ്പോഴും ''സയൻസി''നെയാണ്. ദൈവം ഇല്ല എന്ന് ഏതു ശാസ്ത്രമാണ് തെളിയിച്ചിട്ടുള്ളത്? ദൈവാസ്തിക്യത്തെ നിഷേധിക്കുവാൻ പ്രേരിപ്പിക്കുന്ന ഏതു കണ്ടുപിടിത്തുമാണ് ശാസ്ത്രവേധിയിൽ നടന്നിട്ടുള്ളത്? നിരീശ്വരവാദം ശാസ്ത്രീയമായി തെളിയിക്കാനാവില്ല എന്നതു തന്നെ സത്യം.

ഡോ. ആൽബർട്ട് ഐൻസ്റ്റെൻ എഴുതി: ''ദൈവത്തെ കൂടാതെയുള്ള ശാസ്ത്രം മുടന്തുള്ളതാണ്.'' പരിണാമവാദത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിൻ നിരീശ്വരവാദിയായിരുന്നില്ല. സ്റ്റീഫൻ ഹോക്കിങുപോലും പറയുന്നത്, പ്രപഞ്ചോല്പത്തി ശാസ്ത്രത്തിനു തെളിയിക്കുവാൻ കഴിഞ്ഞിട്ടില്ല'' എന്നാണ്. പരിണാമവാദവും ബിഗ് ബാങ് തിയറിയും എല്ലാ സയൻസിന്റെ അപ്രൂവൽ സർട്ടിഫിക്കേറ്റു കിട്ടാതെ ''റേയ്ഞ്ചിനു പുറത്ത്'' കഴിയുകയാണ്. ഏതെങ്കിലും ഒരു യുക്തിവാദി സംഘത്തിൽ അംഗത്വം ലഭിച്ചതുകൊണ്ട് അയാൾക്ക് യുക്തിബോധവും യുക്തിവിചാരവും സ്രഷ്ടാവായ ദൈവത്തിൽ നിന്നു സൃഷ്ടിയായ മനുഷ്യന്റെ മനസ്സിൽ രൂപംകൊണ്ട ദൈവാഭിമുഖ്യത്തിന്റെ ഭാഗമാണ്. ഈ ബോധം നിഷേധത്തിലേക്കോ ശൂന്യതയിലേക്കോ അല്ല അസ്തിത്വത്തിലേക്കാണ് ചിന്തിക്കുന്ന മനുഷ്യനെ കൊണ്ടെത്തിക്കുക.

''ഞാൻ ചിന്തിക്കുന്നു, അതുകൊണ്ട് ഞാനുണ്ട്'' എന്നാണ് ദെകാർത് എഴുതിയത്. യുക്തിവാദമല്ല യുക്തിബോധമാണ് മനുഷ്യനു ഗുണംചെയ്യുക. ശാസ്ത്രീയവും ശാസ്ത്രംകൊണ്ടു തെളിയിക്കാനുവുന്നതു മാത്രമേ യുക്തിവാദി വിശ്വസിക്കൂ എന്നൊരു മുദ്രാവാക്യമുണ്ട്. യുക്തിവാദിയുടെ സ്വപ്മാണല്ലോ നിരീശ്വരവാദം. ശാസ്ത്രത്തിനു തെളിയിക്കാൻ കഴിഞ്ഞിട്ടില്ലാത്ത നിരീശ്വരവാദം യുക്തിവാദി ഏറ്റുപറയുന്നത് ഏതടിസ്ഥാനത്തിലാണ്? ശാസ്ത്രം അന്വേഷണം തുടരുമ്പോൾ യുക്തിവാദി കണ്ടെത്തിക്കഴിഞ്ഞു എന്ന് വീരവാദം മുഴക്കുന്നത് അജ്ഞതകൊണ്ടോ അഹന്തകൊണ്ടോ അല്ലേ? സത്യത്തിലേക്കുള്ള പ്രയാണത്തിൽ സത്യാന്വേഷികൻ സാധാരണഗതിയിൽ കണ്ടെത്തുന്ന വ്യത്യസ്തങ്ങളായ ചിന്താധാരകളുണ്ട്, വ്യവസ്ഥിതികളുണ്ട്, സംവിധാനങ്ങളുണ്ട്. അവയെല്ലാം ഓരോ അളവിൽ സത്യാന്വേഷകനെ സത്യത്തിലേക്കു നയിക്കുന്നുണ്ട്.''
പ്രകൃതിയിൽക്കൂടിയുള്ള വെളിപ്പാടുകൾക്കപ്പുറം സൃഷ്ടാവിനെ നേരിട്ടറിയാൻ മനുഷ്യൻ സദാ ശ്രമിച്ചുകൊണ്ടിരുന്നു. ദൈവത്തെപ്പറ്റി അറിയാനുള്ള ആഗ്രഹം ദൈവം എല്ലാ മനസ്സുകളിലും കൊടുത്തിട്ടുണ്ട്. ആ അന്വേഷണത്തിന്റെ ഫലമാണ് ഇന്നുകാണുന്ന മതങ്ങളെല്ലാം തന്നെയെന്നു പറയാം.

അതതു കാലങ്ങളിൽ ദൈവം അതതു മതപ്രവാചകന്മാരിൽക്കൂടി വിവിധ ജനസമൂഹങ്ങൾക്ക് തന്നെത്തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വെളിപ്പെടുത്തലുകളിൽ സ്ഥലകാലസംസ്‌കാരവ്യത്യാസമനുസരിച്ച് ദൈവശാസ്ത്രപരമായ വിഷയത്തിൽ വ്യത്യാസം ഉണ്ടായിരുന്നു എങ്കിലും മറ്റു ജീവജാലങ്ങളോടുള്ള ബന്ധത്തിൽ പാലിക്കേണ്ട നിയമങ്ങൾ മിക്കവാറും ഒന്നുതന്നെയായിരുന്നു. ജീവിതം എങ്ങനെയാണ് ക്രമീകരിക്കേണ്ടതെന്നും സഹജീവികളോടുള്ള ബന്ധത്തിൽ പാലിക്കേണ്ടതും പാലിക്കേണ്ടാത്തതുമായ നിയമങ്ങളുടെ കാര്യത്തിൽ മതങ്ങളെല്ലാം തമ്മിൽ മിക്കവാറും യോജിക്കുന്നു. ഇതിൽ സ്ഥലകാലസസ്‌കാര വ്യത്യാസമനുസരിച്ച് അല്പസ്വൽപ വ്യത്യാസങ്ങൾ കാണാൻ സാധിക്കും. കാലാന്തരത്തിൽ ദൈവം പ്രവാചകന്മാരിൽക്കൂടി കൊടുക്കാത്ത ആചാരങ്ങൾ എല്ലാ മതങ്ങളിലും കയറിപറ്റി എന്നതും പരമാർത്ഥമാണ്. ദൈവത്തെപ്പറ്റിയുള്ള അറിവ് വിവിധ മതപ്രവാചകന്മാരിൽക്കൂടി വെളിപ്പെട്ടു വന്നത് പടിപടിയായിട്ടാണ്. അതുകൊണ്ട് ചരിത്രത്തിൽ ഒരു മതം മറ്റൊരു മതത്തിന് വഴി മാറിക്കൊടുക്കുന്ന പ്രതിഭാസം കാണുവാൻ സാധിക്കും. ഇന്ത്യയിലെ ആദിവാസികളായ ദ്രാവിഡർ പാലിച്ചിരുന്ന മതം ഇന്നു കാണുന്ന ഹിന്ദുമതമായിരുന്നില്ല. ഇന്ന് മതമാറ്റത്തെ രാഷ്ട്രീയവൽക്കരിച്ചുകൊണ്ടിരിക്കുകയാണല്ലോ.

പുരാതനകാലത്തെ ജനങ്ങളുടെ പരിമിതമായ അറിവും സാങ്കേതിക വിദ്യയും കാരണം അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ കഥകളിൽക്കൂടിയാണ് ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയത്. വേദപുസ്തകത്തിലെ ഉല്പത്തിക്കഥകൾ ഓർക്കുമല്ലോ.

മതഗ്രന്ഥങ്ങൾ ഒന്നും തന്നെ ജനങ്ങളെ ശാസ്ത്രസത്യങ്ങളോ ചരിത്രമോ പഠിപ്പിക്കുന്നതിനു എഴുതിയിട്ടുള്ളതല്ല. ജനങ്ങൾക്ക് ഭൂമി പരന്നതായി അനുഭവപ്പെടുകയും അത് ഉരുണ്ടതാണെന്നു തെളിയിക്കുന്നതിനാവശ്യമായ അറിവോ സാങ്കേതിക വിദ്യയോ വെളിപ്പെട്ടിട്ടില്ലാത്ത സ്ഥിതിക്ക് ഭൂമി ഉരുണ്ടതാണെന്നു പ്രവാചകന്മാർ അവരോടു പറഞ്ഞാൽ പ്രവാചകന്മാർ പറയുന്നതൊന്നും വിശ്വസിക്കാൻ കൊള്ളില്ല എന്നായിരിക്കും ജനങ്ങൾ ചിന്തിക്കുക. എന്നിട്ടുപോലും പ്രവാചകൻ ഭൂമിയെ വൃത്തമായിട്ടും നാസ്തികത്തിൽ തൂക്കിയിട്ടിരിക്കുന്നതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബൈബിൾ ശാസ്ത്രമോ ചരിത്രമോ പഠിപ്പിക്കുന്നതിന് എഴുതിയിട്ടുള്ളതല്ല എങ്കിലും ശാസ്ത്രത്തിനോ ചരിത്രത്തിനോ നിരക്കാത്തതായ കാര്യങ്ങൾ അതിലുള്ളതായി അറിയില്ല.

വിവിധ മതഗ്രന്ഥങ്ങൾ പഠിച്ചതിൽ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നതിൽ ഏറ്റവും ഉന്നതമായി നിൽക്കുന്ന മതഗ്രന്ഥം ബൈബിൾ ആണെന്ന് ഈ എഴുത്തുകാരൻ വിശ്വസിക്കുന്നു. ആ വെളിപ്പാട് എല്ലാവർക്കും ഉണ്ടാകണമെന്നില്ല. ഓരോരുത്തരും അവരവർ അർഹിക്കുന്ന വെളിപ്പാടാണ് അന്വേഷണത്തിന്റെ ഭാഗമായി ലഭിക്കുന്നത്.

ഇപ്പോൾ ന്യായമായും ഒരു ചോദ്യം വായനക്കാരുടെ മനസ്സിൽ ഉദിക്കാം. ഈ പറയുന്നതൊക്കെ ശരിയാണെങ്കിൽ ദൈവത്തെ ആരു സൃഷ്ടിച്ചു. ദൈവത്തെപ്പറ്റി നമുക്കുള്ള അറിവ് ദൈവം നമുക്ക് വെളിപ്പെടുത്തി തന്നതിൽ പരിമിതപ്പെട്ടിരിക്കുന്നു. വായനക്കാരുടെ മനസ്സിൽ രഹസ്യമായി സൂക്ഷിക്കുന്ന ഒരു വിഷയം മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നില്ലയെങ്കിൽ അതു കണ്ടുപിടിക്കാൻ മറ്റു വഴികളൊന്നുമില്ല. അതുപോലെ ദൈവം തന്നെപ്പറ്റിയുള്ള ചില വിഷയങ്ങൾ മറച്ചു വച്ചിരിക്കുന്നു അത് അപ്രമേയമായതിനാലും വെളിപ്പെട്ടിട്ടില്ലാത്തതിനാലും അന്വേഷിച്ചു കണ്ടുപിടിക്കുക അസാദ്ധ്യമാണ്.

എല്ലാ പ്രധാന മതങ്ങളും ദൈവത്തിൽ നിന്നുള്ളതാകയാൽ മത അസഹിഷ്ണുതയുടെ ഈ കാലത്ത് നാം എല്ലാ മതങ്ങളെയും ബഹുമാനിക്കാൻ പഠിക്കണം. ഉന്നതഭാവവും, തന്റെ വിശ്വാസം, പാരമ്പര്യം അല്ലെങ്കിൽ സംസ്‌കാരമാണ് ഏറ്റവും ശ്രേഷ്ഠം എന്നൊക്കെയുള്ള ചിന്താഗതി മാനസികമായ പാപ്പരത്വത്തിൽ നിന്നുളവാകുന്നതാണ്. എല്ലാ മതങ്ങളും മനുഷ്യനെ കൊണ്ടെത്തിക്കുന്നത് നിത്യതയിലാണ്. അവിടെ സ്വർഗ്ഗമാണോ നരകമാണോ എന്നുള്ളത് ദൈവത്തിന്റെ അധികാരപരിധിയിൽ പെട്ടതുകാരണം ആരും അതിൽ കൈവെക്കാതിരിക്കുകയായിരിക്കും നല്ലത്.

അതുകൊണ്ട് ഈ 21ാം നൂറ്റാണ്ടിൽ ഓരോരുത്തരും ദൈവത്തെ അന്വേഷിച്ച് വിവിധ വഴിയായി തിരിയുന്നതിനും ശരിയെന്നു വെളിപ്പെടുന്ന വഴി യഥേഷ്ടം തിരഞ്ഞെടുക്കുന്നതിനുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. അതിനെതിരായി ഉയരുന്ന ചിന്തകളൊക്കെ സുരക്ഷിതത്വമില്ലായ്മയിൽ നിന്നും ഉന്നതഭാവത്തിൽ നിന്നും ഉടലെടുക്കുന്ന അസഹിഷ്ണുതയിൽ നിന്നുമാണ്.
ഇന്ത്യയുടെ പ്രധാനമന്ത്രി മോദി വികസനത്തെപ്പറ്റി പ്രഘോഷണം ചെയ്യുമ്പോൾ അ വികസനം യാഥാർത്ഥ്യമാകണമെങ്കിൽ ആരോഗ്യമുള്ള ശരീരവും മനസ്സും ഒത്തുചേർന്ന് വികസനത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒരു ജനതയും ആവശ്യമാണ്. ഒത്തുചേർന്ന് പ്രവർത്തിക്കുന്നില്ലായെങ്കിൽ വികസനം വെറും മരീചികയായി അവശേഷിക്കും. ഇന്ത്യയെന്റെ രാജ്യമാണ് ജാതിമതഭേദമന്യേ ഓരോ ഇന്ത്യാക്കാരനും എന്റെ സഹോദരീസഹോദരന്മാരാണെന്ന്, മതമൗലികവാദികളുടേയും മതഭ്രാന്തന്മാരുടേയും മസ്തിഷ്‌കപ്രഷാളനത്തിന് ഇരയാകാതിരിക്കാൻ ഓരോരുത്തരും സ്വയം മന്ത്രിക്കേണ്ടത് ആവശ്യമാണ്.

പലപ്പോഴും മതഭ്രാന്തന്മാരുടെ ദൈവത്തിലുള്ള വിശ്വാസക്കുറവുകൊണ്ടുണ്ടാകുന്ന സുരക്ഷിതമില്ലായ്മയും അരക്ഷിതാവസ്ഥയും കാരണം മറ്റുള്ളവരെ നിർബ്ബന്ധമായി ഒരു പ്രത്യേക മതത്തിന്റെ സ്വാധീനവലയത്തിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഹിറ്റ്‌ലർ വളരെയധികം അരക്ഷിതാവസ്ഥ അഥവാ സുരക്ഷിതത്വബോധമില്ലാത്ത വ്യക്തിയായിരുന്നു എന്നു കേട്ടിട്ടുണ്ട്. അത് അയാൾ ഒരു ജനതയിലേക്കു പകർന്നതു കാരണം രക്തപ്പുഴ ഒഴുകുകയും അത് ഒരു രാഷ്ട്രത്തിന്റെ നാശത്തിൽ കലാശിക്കുകയും ചെയ്തു. നാം ചരിത്രത്തിൽ നിന്നു പഠിക്കുന്നില്ല എങ്കിൽ ചരിത്രം വീണ്ടും ആവർത്തിക്കപ്പെടുമെന്നതു മാറ്റമില്ലാത്ത ചരിത്രസത്യമാണ്.

ദൈവത്തിലുള്ള വിശ്വാസവും ദൈവത്തിൽ എന്റെ ഭാവി സുരക്ഷിതമാണെന്നുള്ള വിശ്വാസവും, ആ സുരക്ഷിതത്വബോധത്തിന്റെ അഭാവവുമാണ് ഇന്ന് ലോകത്തിൽ കാണുന്ന പ്രശ്‌നങ്ങൾക്കെല്ലാം കാരണം. ദൈവത്തിലുള്ള വിശ്വാസം നശിക്കുമ്പോൾ സുരക്ഷിതത്വബോധം ഇല്ലായ്മയും സ്വാർത്ഥതയും വർദ്ധിക്കുന്നു. തൊമ്മനയയുമ്പോൾ ചാണ്ടി മുറുകും എന്നു പറയുന്നതുപോലെയാണ്. ദൈവത്തിലുള്ള വിശ്വാസം കൊണ്ട് മനസ്സിന്റെ ആന്തരിക സമാധാനവും സഹജീവികളോടുള്ള സ്‌നേഹവും കരുതലും വർദ്ധിക്കുന്നു. തന്നിൽ നിന്നും വ്യത്യസ്തരായ വ്യക്തികളേയും സമൂഹങ്ങളേയും ശത്രുക്കളായി വീക്ഷിക്കുന്നത് ദൈവം കൊടുക്കുന്നതായ സമാധാനവും സുരക്ഷിതത്വബോധവും ഇല്ലാത്തതുകൊണ്ടാണെന്നു പറയാം. ഒരു മതത്തിന്റെ ലേബലിൽ നിൽക്കുന്ന വ്യക്തിക്ക് ഉള്ളിന്റെ ഉള്ളിൽ ദൈവം വിശ്വാസം ഉണ്ടായിരിക്കണമെന്നില്ല. സ്വാർത്ഥതയും അരക്ഷിതാവസ്ഥയും ആകാം ആ വ്യക്തിയുടെ മുഖമുദ്ര. ഈ സുരക്ഷിതത്വമില്ലായ്മ അവർ അണികളിലേക്കും പകരുന്നു.

അതുകൊണ്ട് ശോഭനമായ സമാധാനവും ശാന്തിയും വിളങ്ങുന്ന ഒരു നല്ല ഭാവി വാർത്തെടുക്കാൻ നാം സത്യം അറിയുന്നവരും അന്വേഷിക്കുന്നവരും ആയിരിക്കണം. അതിന് ജഗദീശ്വരൻ ഏവരേയും സഹായിക്കട്ടെ എന്ന് ആശിക്കുന്നു.
ശുഭം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP