Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആര്യൻ അധിനിവേശ സിദ്ധാന്തം' ശുദ്ധ അസംബദ്ധമോ? നമ്മുടെ മുൻഗാമികൾ ദ്രാവിഡരാണോ; പൗരാണിക ജനതയുടെ ഡിഎൻഎ ഘടനയിൽ ദ്രാവിഡ ജനതയുടെയും, ഇറാനിയൻ ജനതയുടെയും ജനിതക ഘടകങ്ങൾ; രാഷ്ട്രീയ സമ്മർദ്ദങ്ങൾ ഭയന്ന് ഇന്ത്യൻ ഗവേഷകർ മൂടിവെച്ച ഗവേഷണ ഫലം ചരിത്രത്തെ തകിടം മറിക്കുന്നു; സി ബി അനൂപ് എഴതുന്നു

ആര്യൻ അധിനിവേശ സിദ്ധാന്തം' ശുദ്ധ അസംബദ്ധമോ? നമ്മുടെ മുൻഗാമികൾ ദ്രാവിഡരാണോ; പൗരാണിക ജനതയുടെ ഡിഎൻഎ ഘടനയിൽ ദ്രാവിഡ ജനതയുടെയും, ഇറാനിയൻ ജനതയുടെയും ജനിതക ഘടകങ്ങൾ; രാഷ്ട്രീയ സമ്മർദ്ദങ്ങൾ ഭയന്ന് ഇന്ത്യൻ ഗവേഷകർ മൂടിവെച്ച ഗവേഷണ ഫലം ചരിത്രത്തെ തകിടം മറിക്കുന്നു; സി ബി അനൂപ് എഴതുന്നു

ന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ നിന്നും 150 കിലോമീറ്റർ അകലെ ഹരിയാനയിലെ രാഖിഗഡി എന്ന ഗ്രാമത്തിൽ 1997ൽ ഒരു ഹെക്ടറോളം വിസ്തൃതിയിൽ ഒരു പൗരാണിക സംസ്‌കാരത്തിന്റെ ശേഷിപ്പുകൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (അടക)യുടെ നേതൃത്വത്തിൽ നടന്ന ഖനനത്തിൽ കണ്ടെടുത്തപ്പോൾ അത് രാജ്യത്തിന്റെ ചരിത്രത്തെയും, സാമുദായിക രാഷ്ട്രീയ ധ്രുവീകരണത്തെയും മാറ്റിയെഴുതുന്ന ഒരു കണ്ടെത്തലായി മാറുമെന്ന് ആ പ്രോജക്ടിന് നേതൃത്വം നൽകിയ ഗവേഷകരോ, ചരിത്രകാരന്മാരോ, സാംസ്‌കാരിക മന്ത്രാലയമോ പ്രതീക്ഷിച്ചിരുന്നില്ല. വിദേശികൾ ഉൾപ്പെട്ട ചരിത്രഗവേഷണ സംഘം ഈ പ്രദേശത്ത് നടത്തിയ തിരച്ചിലിനെത്തുടർന്ന് ഉദ്ദേശം ആഇ 2500ൽ മണ്മറഞ്ഞ, ഹാരപ്പൻ സംസ്‌കാര കാലത്തെ ഒരു നഗരമാണിതെന്ന് വ്യക്തമായി. ഇപ്പോൾ പാക്കിസ്ഥാനിൽ പെട്ട മോഹൻജദാരോ നഗരത്തിന്റെ ഇരട്ടിയിലധികം വിസ്തൃതിയുള്ള ഈ പൗരാണിക നഗരത്തിലെ ശവക്കല്ലറകളിൽ നിന്നായി 2015 ൽ കണ്ടെടുത്ത 50 ഓളം ശവശരീരാവശിഷ്ടങ്ങളുടെ ഡിഎൻഎയിൽ നടത്തിയ ഗവേഷണം ഇന്ത്യൻ സംസ്‌കാരത്തിന്റെ ചരിത്ര സങ്കൽപ്പത്തെ മൊത്തത്തിൽ തകിടം മറയ്ക്കുന്ന ഫലങ്ങളാണ് പുറത്തു കൊണ്ടുവന്നിരിക്കുന്നത്.

'ആര്യൻ അധിനിവേശ സിദ്ധാന്തം' ശുദ്ധ അബദ്ധം

ഇന്ത്യൻ ചരിത്ര അവലോകങ്ങളിൽ ഏറെ കൊട്ടിഘോഷിക്കപ്പെട്ട അധ്യായമായ 'ആര്യൻ അധിനിവേശ സിദ്ധാന്തം' ശുദ്ധ അബദ്ധമാണെന്നതാണ് രാഖിഗഡിയിലെ ചരിത്ര ഗവേഷണത്തിൽ പുറത്തു വന്ന സുപ്രധാനമായ ഒരു വസ്തുത.'ഞ1മ' എന്ന 'ആര്യൻ ജെനിറ്റിക് മാർക്കർ' രാഖിഗഡിയിലെ ശരീരാവശിഷ്ടങ്ങളുടെ ഡിഎൻഎ വിശകലനത്തിൽ കണ്ടെത്താനായിട്ടില്ല. ഈ പൗരാണിക ജനതയുടെ ഡിഎൻഎ ഘടനയിൽ ദ്രാവിഢ ജനതയുടെയും, ഇറാനിയൻ ജനതയുടെയും ജനിതക ഘടകങ്ങളുടെ പിന്തുടർച്ച പ്രകടമാണ് എന്ന ഞെട്ടിക്കുന്ന വിവരമാണ് മറ്റൊന്ന്. നീലഗിരി കുന്നുകളിലെ ഇരുള സമുദായത്തിന്റെ ജനിതക ഘടനയോടാണ് രാഖിഗഡിയിലെ പൂർവ്വികർക്ക് ഏറെ സാമ്യം എന്ന് ജനിതക വിശകലനത്തിന് നേതൃത്വം നൽകിയ ഹൈദരാബാദിലെ ഡിഎൻഎ ലാബ് തലവനായ നീരജ് റായ് പറയുന്നു.രാജ്യത്തിന് പുറത്തു നിന്നുള്ള മറ്റൊരു സാമ്യം കണ്ടെത്തിയതാകട്ടെ പൗരാണിക ഇറാനിയൻ ജനതയോടും.

മദ്ധ്യപൂർവ്വ ദേശത്തു നിന്നും, യൂറേഷ്യയിൽ നിന്നും വന്ന ഉത്കൃഷ്ട സംസ്‌കാരത്തിന്റെ വാഹകരായ ആര്യന്മാർ ദ്രാവിഡരെ തെക്കേ ഇന്ത്യയിലേക്ക് ഓടിച്ചുവെന്നും തുടർന്ന് ആര്യന്മാർ വേദങ്ങളും, ശാസ്ത്രവും ഉത്ഭവിക്കാൻ കാരണക്കാരായി എന്നുമാണ് മോട്ടിമർ വീലറെ പോലുള്ള ബ്രിട്ടീഷ് ആർക്കിയോളജിസ്റ്റുകൾ തങ്ങളുടെ ആര്യൻ അധിനിവേശ സിദ്ധാന്തത്തിലൂടെ സ്ഥാപിക്കാൻ ശ്രമിച്ചിരുന്നത്. ഈ ആര്യൻ അധിനിവേശ സിദ്ധാന്തത്തെ പ്രസിദ്ധരായ ചരിത്രകാരന്മാരെല്ലാം പിൽക്കാലത്ത് തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതേ സമയം ആര്യന്മാരല്ല, വേദിക് കാലഘട്ടങ്ങളിൽ ഉണ്ടായിരുന്ന ജനതയാണ് ഇന്ത്യയിലെ ഹൈന്ദവ സംസ്‌കാരത്തിന്റെ പിതൃക്കൾ എന്നും, അവരുടെ യഥാർത്ഥ പിന്തുടർച്ചക്കാർ ഇപ്പോഴത്തെ ഉത്തരേന്ത്യൻ ബ്രാഹ്മണ സമുദായക്കാരായ ശർമ, തിവാരി എന്നിവരാണെന്നുമുള്ള സിദ്ധാന്തം ആണ് രാജ്യത്തെ പ്രമുഖ ഹൈന്ദവ സംഘടനകൾ മുന്നോട്ട് വെച്ചത്. ചരിത്രരചന ചിലപ്പോഴെങ്കിലും സ്വജനപക്ഷപാത ചിന്തയിലൂന്നിയത് കൂടിയാണെന്നതിന്റെ കേവല ദൃഷ്ട്ടാന്തമാണ് ഈ രണ്ട് വിഭാവനകളും. രാഖിഗഡി ഗവേഷണഫലങ്ങൾ ഇവ രണ്ടും ശുദ്ധ അസംബന്ധമാണെന്ന് തെളിയിച്ചു.

ഭരണകൂടത്തിൽനിന്നുണ്ടായത് കടുത്ത സമ്മർദം

രാഖിഗഡിയിലെ ഗവേഷണഫലം തങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഹൈന്ദവസംസ്‌കൃതിവാദങ്ങൾ തെളിവ് സഹിതം നിരാകരിക്കുന്നവയാണെന്ന സൂചന ഉയർന്നതോടെ ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ ഉണർന്ന് പ്രവർത്തിച്ചു. ഇക്കൊല്ലം മാർച്ചിൽ കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശർമ്മ ഹിസ്റ്ററി കമ്മറ്റിയുടെ ഒരു യോഗം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനത്ത് വിളിച്ചു ചേർത്തതായി അന്താരാഷ്ട്ര മാധ്യമം 'റോയിട്ടേഴ്‌സ്' റിപ്പോർട്ട് ചെയ്തിരുന്നു. രാഖിഗഡിയിലെ ഗവേഷണഫലങ്ങൾ തങ്ങൾ വിവക്ഷിക്കുന്ന ഹൈന്ദവ പാരമ്പര്യത്തിലധിഷ്ഠിതമായ പ്രാചീന ഇന്ത്യ എന്ന സങ്കൽപ്പത്തിന്റെ അടിസ്ഥാനത്തിൽ മാറ്റിയെഴുതി കേന്ദ്ര സർക്കാരിനെ സഹായിക്കണമെന്നുള്ള ആവശ്യമായിരുന്നു യോഗത്തിന്റെ അജണ്ട എന്ന് ചില കമ്മറ്റി വൃത്തങ്ങൾ പറയുന്നു.

രാഷ്ട്രീയപരവും, മതപരവുമായ വൻ വിവാദങ്ങൾക്ക് ഈ ചരിത്ര പഠനഫലം തുടക്കം കുറിച്ചേക്കാം എന്നതിനാൽ തങ്ങളുടെ കണ്ടെത്തലുകൾ പൂർണ്ണമായി വെളിപ്പെടുത്താതിരിക്കാൻ ഭരണകൂടത്തിൽ നിന്ന് സമ്മർദ്ദമുണ്ടായിയെന്ന് ഗവേഷകസംഘത്തിന് നേതൃത്വം നൽകിയ ആർക്കിയോളജിസ്റ്റും, പൂണെ ഡക്കാൻ കോളജിന്റെ വൈസ് ചാൻസലറുമായ ഡോ. വസന്ത് ഷിൻഡെയും വെളിപ്പെടുത്തുന്നു. 2015ൽ ആരംഭിച്ച മൃതദേഹങ്ങളുടെ ജനിതക വിശകലനം വെളിവാക്കിയ വിവരങ്ങൾ രാഷ്ട്രീയ സമ്മർദ്ദങ്ങൾ ഭയന്ന് ഇന്ത്യൻ ഗവേഷകർ മൂടി വെയ്ക്കുകയായിരുന്നു. ഇതിനിടെ വിദേശ ചരിത്രകാരന്മാർ ഈ കണ്ടെത്തലുമായി മുന്നോട്ട് പോകാനുറച്ചതോടെ ഇക്കൊല്ലം ഫെബ്രുവരിയിൽ ഷിൻഡെയും സംഘവും തങ്ങളുടെ പേപ്പർ ജേർണൽ സയൻസ് മാഗസിനിൽ പ്രസിദ്ധീകരിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഈ വിഷയം സെപ്റ്റംബർ ലക്കത്തിലെ കവർസ്റ്റോറിയാക്കി ഇന്ത്യ ടുഡേയും രംഗത്തെത്തിയതോടെയാണ് വിഷയം ഇന്ത്യയിൽ ചൂട് പിടിച്ച ചർച്ച ആയിരിക്കുന്നത്.

അസ്വസ്ഥരായി ഉത്തരേന്ത്യൻ ഹൈന്ദവ ബെൽറ്റ്

തങ്ങൾ രണ്ടാംകിടക്കാർ എന്ന് കണക്കാക്കിയ ദ്രാവിഡർ ആണ് വേദകാലഘട്ടത്തോളം പഴക്കമുള്ള രാഖിഗഡിയിലെ പൗരാണിക ജനതയുടെ മുൻഗാമികൾ എന്ന കണ്ടെത്തൽ ഉത്തരേന്ത്യൻ ഹൈന്ദവ ബെൽറ്റിനെ ഏറെ അസ്വസ്ഥരാക്കിയിട്ടുണ്ട്. രാഖിഗഡിയിലെ പൗരാണിക ജനത സംസാരിച്ചിരുന്ന ഭാഷ പോലും ദ്രാവിഡഭാഷകളുടെ ആദ്യകാല വകഭേദം ആയിരിക്കാം എന്ന ചരിത്രകാരന്മാരുടെ വാദം ഇന്ത്യൻ ചരിത്രത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ട ദ്രാവിഢ സംസ്‌കൃതിയുടെ ഉയിർത്തെഴുന്നേൽപ്പായി ചിലർ വ്യാഖ്യാനിക്കുന്നു.

അതേ സമയം തന്നെ വർത്തമാനകാലത്തെ ഇന്ത്യയിലെ ഏതെങ്കിലും ഒരു പ്രത്യേക ജനവിഭാഗമോ, വംശമോ ഇന്ത്യക്കാരുടെ മൊത്തം പൂർവ്വികർ ആയിരുന്നു എന്നത് അബദ്ധ ധാരണയാണെന്ന് രാഖിഗഡിയിലെ കണ്ടെത്തലുകളെക്കുറിച്ച് പേപ്പർ പ്രസിദ്ധീകരിച്ച ഗവേഷകരിൽ ഒരാളായ ഹാർവാർഡ് സർവ്വകലാശാലയിലെ ജെനിറ്റിസിസ്റ്റ് ഡേവിഡ് റെയിക്ക് ഓർമ്മിപ്പിക്കുന്നു.മോഹൻജെദാരോയിലെയും, ഹാരപ്പൻ സംസ്‌കാര കാലത്തെയും ജനവിഭാഗം മൾട്ടി എത്തിനിക് ആയിരുന്നു എന്നത് നാം മറക്കരുതെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇന്ന് കാണുന്ന നാനാത്വവും , ബഹുസ്വരതയും വേദിക് കാലഘട്ടത്തിനും മുൻപ് സംജാതമായതാണ്. വിഭാഗീയതകൾ കൊണ്ട് പ്രക്ഷുബ്ധമായ വർത്തമാനകാല രാഷ്ട്രീയത്തിൽ ഇന്ത്യ എല്ലാവരുടേതുമാണെന്ന് രാഖിഗഡി ഗവേഷണ ഫലങ്ങൾ നിശ്ശബ്ദമായി അടയാളപ്പെടുത്തുന്നുണ്ട്. എന്നിരുന്നാലും രാഖിഗഡിയിലെ ഗവേഷണ ഫലങ്ങൾ വർത്തമാന ഇന്ത്യയിലെ മതപരവും, രാഷ്ട്രീയപരവുമായ സമവാക്യങ്ങളിൽ ഏറെ സ്വാധീനം ചെലുത്തുമെന്ന കാര്യം അവിതർക്കമാണ്.

References

1. Journal Science article - https://journals.plos.org/plosone/article?id=10.1371/journal.pone.0192299#abstract0

2. India today article 1 - https://www.indiatoday.in/magazine/cover-story/story/20180910-rakhigarhi-dna-study-findings-indus-valley-civilisation-1327247-2018-08-31

3. India today article 2 - https://www.indiatoday.in/india/story/rakhigarhi-excavation-indus-valley-vedic-hindu-civilisation-1328933-2018-08-31

4. India today article 3 - https://www.indiatoday.in/magazine/guest-column/story/20180910-3-strands-of-ancestry-1328485-2018-08-31

5. Economic times article - https://economictimes.indiatimes.com/news/politics-and-nation/harappan-site-of-rakhigarhi-dna-study-finds-no-central-asian-trace-junks-aryan-invasion-theory/articleshow/64565413.cms

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP