Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സൗഹൃദം പൂക്കുന്ന ഈദ് ഗാഹുകൾ

സൗഹൃദം പൂക്കുന്ന ഈദ് ഗാഹുകൾ

പെരുന്നാൾ ആഘോഷത്തിലെ സുപ്രധാന കർമ്മം പെരുന്നാൾ നമസ്‌കാരമാണ്. ഒരു പ്രദേശത്തെ സ്ത്രീകൾ ഉൾപ്പെടെയുള്ള ആബാലവയോധികം ജനങ്ങൾ ഒരു മൈതാനിയിൽ ഒരുമിച്ചുകൂടി പ്രോജ്ജ്വലമായി അല്ലാഹുവിന്റെ മാഹാത്മ്യം പ്രഖ്യാപിച്ചും നമസ്‌കാരത്തിലും പ്രാർത്ഥനയിലുമെല്ലാം പങ്കുകൊണ്ടും പ്രൗഢഗംഭീരമായി പെരുന്നാൾ ആഘോഷത്തിന് സമാരംഭം കുറിക്കപ്പെടുക എന്നതാണ് പ്രവാചക പ്രഭു(സ) പഠിപ്പിച്ച മഹിതമാതൃക. അതിനാൽ സമൂഹത്തിന്റെ പാതിയായ സ്ത്രീകളെ അവഗണിച്ചുകൊണ്ട് പുരുഷകേന്ദ്രീകൃതമായ ആഘോഷമായി പെരുന്നാളിനെ ചുരുക്കുകയും പെരുന്നാൾ നമസ്‌കാരം മൈതാനിയിൽവച്ച് നിർവഹിക്കുകയെന്ന സുന്നത്തിനോട് വിമുഖത കാണിക്കുകയും ചെയ്യുന്നത് അപലനീയമാണ്.

പ്രവാചകന്റെ പെരുന്നാൾ നമസ്‌കാരത്തെ കുറിച്ച വിശദാംശങ്ങളാൽ ഹദീസ് ഗ്രന്ഥങ്ങൾ സമൃദ്ധമണെങ്കിലും ദുർവ്യഖ്യാനങ്ങൾ ചമച്ച് ഒരു സുന്നത്തിനെ തള്ളാൻ ചിലർക്ക് യാതൊരു സങ്കോചവുമില്ല. നബി (സ)യുടെ കാലത്ത് മദീനയിൽ ഒരു പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും അതു മുഴുവൻ വിശ്വാസികളേയും ഉൾക്കൊള്ളാൻ മാത്രം വിശാലമല്ലാതിരുന്നതുകൊണ്ടാണ് പ്രവാചകൻ മുസ്വല്ലയിൽ പെരുന്നാൾ നമസ്‌കാരം നിർവഹിച്ചത്. എന്നൊക്കെയാണ് വ്യാഖ്യാനങ്ങൾ. യഥാർഥത്തിൽ ഈ വാദം തെറ്റാണ്. മദീനയിൽ മസ്ജിദ്ദന്നബവിക്ക് പുറമെ മസ്ജിദ്ദൽ ഖിബ്ലത്തൈൻ, മസ്ജിദ്ദുഃഖുബ, മസ്ജിദ്ദുൽഫത്ഹ് തുടങ്ങി നിരവധി പള്ളികൾ ഉണ്ടായിരുന്നുവെന്ന് ഹാഫ്ദ് ഇബ്നുഹജറിൽ അസ്ഖലാനി ഫത്ഹുൽ ബാരിയിൽ രേഖപ്പെടുത്തുന്നു. ഇന്നത്തെപ്പോലെ പല പള്ളികളിലായി അവർക്ക് പെരുന്നാൾ നമസ്‌കാരം നിർവഹിക്കാമായിരുന്നു. പക്ഷേ അവരതു ചെയ്തില്ല. മറിച്ച് അവരെല്ലാം മൈതാനിയിൽ (മുസ്വല്ല) വച്ചാണ് അതി നിർവഹിച്ചത്. മഴ പോലുള്ള ന്യായമായ കാരണങ്ങളുണ്ടെങ്കിൽ പള്ളിയിൽ വച്ചും നമസ്‌ക്കരിക്കാം. അപ്രകാരം ഒരു പ്രവാചകൻ ചെയ്തതായി ഒരു റിപ്പോർട്ടുണ്ട്. അത് പ്രബലമാണെങ്കിൽ തന്നെ മുസ്വല്ലയിൽ വച്ചുള്ള നമസ്‌കാരമാണ് ശ്രേഷഠം എന്നാണ് അത് വ്യക്തമാക്കുന്നത്.(മഴ കാരണം പെരുന്നാൾ നമസ്‌കാരം പള്ളിയിൽ നടത്തിയെന്ന ഹദീസ് ബലഹീമാണെന്ന് ഇബ്നുഹജർ അസ്ഖലാനി ബുലുഗുൽ മറാമിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പോരാത്തതിന് നമ്മളെപ്പോലെയുള്ള മടിയന്മാർ അന്നില്ലായിരുന്നില്ല.

പ്രവാചകൻ പതിവായി മൈതാനിയിൽ വച്ചാണ് പെരുന്നാൾ നമസ്‌കാരം നിർവ്വഹിച്ചിരുന്നതെന്ന് എല്ലാ ഹദീസ് ഗ്രന്ഥങ്ങളും വ്യക്തമാക്കുന്നു ഉദാഹരണം : അബൂസഈദിൽ ഖുദരി പറയുന്നു. നബി(സ)ഫിഖർ പെരുന്നാളിലും ബലി പെരുന്നാളിലും മുസ്വല്ലയിലേക്ക് (ഈദ്ഗാഹിലേക്ക്) പുറപ്പെടുമായിരുന്നു (ബുഖാരി, മുസ്ലിം) 

അബ്ദുല്ലാഹിബനു ഉമർ പറയുന്നു. പ്രവാചകൻ പെരുന്നാൾ ദിവസം രാവിലെ മുസ്വല്ലയിൽ എത്തിയാൽ അതു മുമ്പിൽ നാട്ടിവച്ച് നമസ്‌കരിക്കും. കാരണം മുസ്വല്ല മുമ്പിൽ മറയൊന്നുമില്ലത്ത വിധം വളരെ വിശാലമായിരുന്നു (ബുഖാരി,മുസ്ലിം) പ്രസ്തുഹദീസുകളുടെ അടിസ്ഥാനത്തിൽ മുസ്വല്ലയിൽ വച്ച് പെരുന്നാൾ നമസ്‌കാരം നിർവ്വഹിക്കലാണ് സുന്നത്തെന്നും അതാണ് ശ്രോഷ്ഠമെന്നും ഭൂരിപക്ഷം പണ്ഡിന്മൊരും അഭിപ്രായപ്പെടുന്നു.

പെരുന്നാൾ നമസ്‌കാരംത്തിന് പള്ളിയാണ് ശ്രേഷ്ഠമെന്നും മസ്ജിദുന്നബലി വിശാലമല്ലാതിരുന്നതുകൊണ്ടാണ് പ്രവാചകൻ മുസ്വല്ലയിലേക്ക് പോയതെന്നുംമുള്ള വാദത്തിന് യാതൊരടിസ്ഥാനവുമില്ല ഇമാംബൈഹഖി അസ്സുനനുൽ കുബ്റായിൽ ഉദ്ധരിച്ച ദുർബലമായ ഒരു രിവായത്തിന്റെ ചുവട് പിടിച്ചാണ് അത്തരമൊരു വാദം ഉന്നയിക്കപ്പെടുന്നത്. ബുഖാരിയും നസാഈയുമുൾപ്പെടെയുള്ള ഹദീസ് പണ്ഠിതന്മാർ അസ്വീകാര്യനായി വിധിയെഴുതിയ ആളാണ് അത് നിവേദനം ചെയ്തിട്ടുള്ളത്. അതോടൊപ്പം പ്രവാചകന്റെ പള്ളി മദീനയിലെ വിലാസികളെ മുഴുവൻ ഉൾക്കൊള്ളും വിധം വിശാലമായിരുന്നില്ല എന്ന വാദം ബാലിശമാണ്. മഴ കാരണം ഒരിക്കൽ നബി(സ) പള്ളിയിൽ വച്ച് പെരുന്നാൾ നമസ്‌കരിച്ചു എന്ന നിവേദനം തന്നെ ഈ വാദത്തെ ഖണ്ഡിക്കുന്നു. അതുപോലെ ജ്ജുഅ നിർവഹിച്ചിരുന്നത് പള്ളിയിലായിരുന്നു. മദീനയുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നു പോലും ആളുകൾ അതിൽ പങ്കെടുത്തിരുന്നു.ജ്ജുഅക്കും പെരുന്നാളിനും സംഗമിക്കുന്ന ആളുകളുടെ എണ്ണത്തിൽ പറയത്തക്ക അന്തരമൊന്നുമുണ്ടായിരുന്നുമില്ല.

അപ്രകാരം തന്നെ പള്ളിയാണ് ശ്രേഷ്ഠമെങ്കിൽ മസ്ജിദ്ദുൽഹറാം ഒഴികെയുള്ള പള്ളികളിൽ വച്ചുള്ള ആയിരം നമസ്‌കാരത്തേക്കാൾ ശ്രേഷ്ഠമാണ് എന്റെ ഈ പള്ളിയിലെ ഒരു നമസ്‌കാരം എന്ന് പ്രവാചകൻ തന്നെ പരിചയപ്പെടുത്തിയ മസ്ജിദുന്നബവി ഒഴിവാക്കിക്കൊണ്ട് പതിവായി മുസല്ലയിൽ വച്ച് അദ്ദേഹം പെരുന്നാൾ നമസ്‌കാരം നിർവ്വഹിക്കില്ലായിരുന്നു. മറിച്ച് പള്ളി വിശാലമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ് ചെയ്യുക. പള്ളിയിലുള്ള നമസ്‌കാരമാണ് ശ്രേഷ്ഠമെന്നിരിക്കെ, പള്ളി വിശാല മാക്കാൻ ശ്രമിക്കാതെ പ്രവാചകൻ ശ്രേഷ്ഠമല്ലാത്ത മൈതാനിയിൽവച്ച് അതു നിർവ്വഹിച്ചുവെന്ന് സങ്കൽപ്പിക്കുക സാധ്യമല്ല.

പള്ളികൽക്കു മറ്റു പ്രദേശങ്ങളേക്കാൾ ശ്രേഷ്ഠതയുണ്ടെന്ന വസ്തുത അനിഷേധ്യമാണ്. പക്ഷേ എല്ലാ ഇബാദത്തുകൾക്കും ഉത്തമ പള്ളിയാണെന്ന് ഇസ്ലാം പറയുന്നില്ല. ഉദാഹരണമായി റവാത്തിബ് സുന്നത്തുകൾ, അവ നിർവ്വഹിക്കാൻ ഉത്തമം പള്ളിയല്ല, മറിച്ച് സ്വന്തം വീടാണ്. ഇപ്രകാരം തന്നെയാണ് പെരുന്നാൾ നമസ്‌കാരംങ്ങളും. അതിന് പള്ളികളേക്കാൾ ശ്രേഷ്ഠ ഈദുഗാഹുകളാണ്. ഇബ്രാഹിം പുത്തൂർ ഫൈസിയുടെ സ്വഹീഹുൽ ബുഖാരി സമ്പൂർണ്ണ വ്യാഖ്യാനം ഈദ്ഗാഹ് വിമർശകർക്ക് ഈ വിഷയകമായി വായിച്ച് നോക്കാവുന്നതാണ്. നിരവധി ഹദീസുകൾ പെരുന്നാൾ നമസ്‌കാരവുമായി ബന്ധപ്പെട്ട് അതിൽ കാണാം. അതുപോലെ ഈ വിമർശകർ തന്നെ പ്രസിദ്ധീകരിച്ച ഇഹ്യഉലൂമിദ്ദീൻ പരിഭാഷയിൽ ഇങ്ങനെ വായിക്കാം. മക്കയും ബൈത്തൂൽ മുഖദ്ദിസും ഒഴികെയുള്ള രാജ്യങ്ങളിൽ പെരുന്നാൾ നമസ്‌കാരം പള്ളിയിൽ വച്ച് നടത്തപ്പെടുന്നതിന് ദൂഷ്യമില്ല (ഇഹ്യഉലൂമിദ്ദീൻ പരിഭാഷ 5 :97 എം വികുഞ്ഞി അഹ്മദ് മുസ്ലിയാർ മുദരിസ്) ഇഹ്യുഉലൂമിദ്ദീൻശൈഖ് പറയുന്ന . പെരുന്നാൾ നമസ്‌കാരം മൈതാനത്ത് നടത്തപ്പെടുകയാണ് ഏറ്റവും ഉത്തമം കാരണമില്ലാതെ പള്ളിയിൽ വച്ച് നമസ്‌കാരിക്കുന്നത് വെറുക്കപ്പെട്ടതാണ് സ്ത്രീകൾ ഹാരജരാകുന്നതിൽ തെറ്റില്ല (അൽഗുൻയാത്ത് 2:127 ) 

ഇബ്നുഖുഭാമ പറയുന്നു. നബി(സ) അവിടുത്തെ തന്നെ പള്ളി ഒഴിവാക്കികൊണ്ട് മുസ്വല്ലയിലേക്ക് പുറപ്പെടുമായിരുന്നു. തിരുമേനിക്ക് ശേഷം അവിടുത്തെ ഖലീഫമാരും അങ്ങനെ തന്നെയായിരുന്നു. ചെയ്തിരുന്നത് അടുത്തു നിൽക്കുന്നതും ഏറ്റവും നല്ലതും ഉപേക്ഷിച്ചിട്ട് വിദൂരത്തുള്ളതും നന്മകുറഞ്ഞതും നബി(സ) ചെയ്യുക എന്നത് അസംഭവ്യമാണ്. അവിടുന്ന് തന്റെ ഉമ്മത്തിന് ഉത്തമമായതിനെ ഉപേക്ഷിക്കാൽ നിയമമാക്കുകയില്ല. നബി(സ)യെ പിന്തുടരുവാനും അനുഗമിക്കാനുമാണല്ലോ നാം കലപിക്കപ്പെട്ടിട്ടുള്ളത്. കൽപ്പിക്കപ്പെട്ടത് അപൂർണ്ണവും വിരോധിക്കപ്പെട്ടത് പൂർണ്ണവുമാവുക എന്നത് സംഭവ്യമല്ലല്ലോ. ഒരു കാരണവുമില്ലാതെ നബി(സ) പള്ളിയിൽ വച്ച് നമസ്‌കാരിച്ചുവെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇത് മുസ്ലിംകളുടെ ജ്ജുഅ ആണ്. ഏത് ദേശത്തായാലും ഏത് കാലത്തായാലും പള്ളി തുടങ്ങിയതായാലും വിശാലമായതായാലും ജനങ്ങൾ മുസ്വല്ലയിൽ വച്ചായിരുന്നു പെരുന്നാൾ നമസ്‌കാരം നമസ്‌കാരിച്ചിരുന്നത്. പള്ളിക്ക് വിടിനേക്കാൾ ശ്രേഷ്ഠതയുണ്ടായിരിക്കെ തന്നെ സുന്നത്ത് നമസ്‌കാരം നബി(സ) വീട്ടിൽവച്ചായിരുന്നു നമസ്‌കാരിച്ചിരുന്നതു. അലി(എ)യിൽ നിന്ന് റിപ്പോർട്ട്. അദ്ദേഹത്തോട് പറയപ്പെടുകയുംണ്ടായി.ദുർബ്ബലരും അന്ധന്മാരും പള്ളിയിൽ ഒരുമിച്ചു കൂടിയിട്ടുണ്ട്. അതിനാൽ താങ്കൾക്ക് അവരെയും കൊണ്ട് നമസ്‌കാരിച്ചു കൂടേ ? അപ്പോൾ അലി(റ) പറഞ്ഞു. ഞാൻ സുന്നത്തിന് എതിര് ചെയ്യണമോ? നമുക്ക് മുസല്ലയിലേക്ക് തന്നെ പുറപ്പെടാം. 

(കിതാബു മുഗ്‌ന് 3/260)  ഇഷാം ശഅറാനി പറയുന്നു: പെരുന്നാൾ നമസ്‌കാരം നാട്ടിലുള്ള പുറം സ്ഥലങ്ങളിൽ വച്ച് നിർവഹിക്കൽ സുന്നത്താണെന്ന് 'ഇജ്മാഅ് ഉണ്ട്. അതിൽ പങ്കെടുക്കുവാൻ ശേഷിയില്ലാത്തവർക്ക് പള്ളിയിൽ വച്ച് അതു നിർവഹിക്കാം.(അൽഷീസനുൽ കുബ്റാ1/ററ)

പെരുന്നാൾ സ്ത്രീ പുരുഷ ഭേദമന്യേ വിശ്വാസികളുടെ മുഴുവൻ ആഘോഷമാണ്. പെരുന്നാളിന്റെ അകക്കാമ്പാകട്ടെ പെരുന്നാൾ നമസ്‌കാരവും അതിൽ സ്ത്രീകൾ മാറ്റി നിർത്തപ്പെടുന്നത് പ്രവാചകചര്യക്കെതിരാണ്. ആർത്തവകാരികൾ പോലും അതിൽ സന്നിഹിതരാകട്ടെ എന്ന പ്രവാചക നിർദ്ദേശം മാനിച്ച് നാം അത് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ഇസ്ലാമിക സംസ്‌കാരം ഉയർത്തിപ്പിടിക്കുന്ന വേഷവിധാനങ്ങളോടെയാവണമെന്ന് മാത്രം. സ്ത്രീകൾ പെരുന്നാൾ നമസ്‌കാരത്തിന്് മുസ്വല്ലയിലേക്ക് പോകുന്നതിന്റെ നിയമസാധ്യത നിരവധി പ്രബലമായ ഹദീസുകളിൽ നിന്ന് സ്പഷ്ടമാണെന്നിരിക്കെ ചിലർ അതേപ്പറ്റി അജ്ഞത നടിക്കുകയാണ്. ഉമ്മ അത്വിയ്യയുടെ ഹദീസ് തന്നെ മതിയായ തെളിവാണ്. ഉമ്മ അത്വിയ്യയിൽ നിന്ന് ഈദുൽ ഫിത്വറിലും അദ്ഹായിലും കന്യകമാരെയും ഋതുമതികളേയും അന്ത:പുര(മറയിൽ കഴിയുന്ന) സ്ത്രീകളേയും പുറത്തേക്ക്(മുസ്വല്ലയിലേക്ക) കൊണ്ടുപോകാൻ റസൂൽ ഞങ്ങളോട് കൽപ്പിച്ചിരുന്നു. എന്നാൽ ആർത്തവകാരികൾ നമസ്‌കാരത്തിൽ നിന്ന് വിട്ടു നിൽക്കണം. അവർ അവർ നന്മക്കും (നന്മയുടെ സദസ്സിലും) മുസ്ലീങ്ങളുടെ പ്രാർത്ഥനക്കും സാക്ഷികളാവണം. ഞാൻ ചോദിച്ചു, അല്ലാഹുവിന്റെ ദൂതരേ ! ഞങ്ങളിലൊരുത്തിക്ക് മൂടുപടമില്ലെങ്കിലോ? അവളുടെ സഹോദരി തന്റെ മൂടുപടം അവളെ ധരിപ്പിക്കട്ടെ- അവിടന്ന് പറഞ്ഞു. (ബുഖാരി,മുസ്ലിം) 

പെരുന്നാൾ നമസ്‌കാരം മൈതാനിയിലാക്കിയതിന് പിന്നിൽ വലിയ യുക്തിയുണ്ട്. ഒരു പ്രദേശത്തെ മുഴുവൻ പെരുന്നാൾ നമസ്‌കാരം വിശ്വാസി-വിശ്വാസിനികളും കുട്ടികളും വർഷത്തിൽ രണ്ട് തവണ ഒരിടത്ത് ഒരുമിച്ച് കൂടുകയും ഒരേവിധം തക്‌ബീർ ധ്വനികൾ മുഴക്കി, ഒരു ഇമാമിന്റെ പിന്നിൽ അണി നിരന്ന് ഒരേ ഹ്യദയത്തോടെ പ്രാർത്ഥന നിർവഹിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹത്തിൽ സന്തുഷ്ടരായി ആനന്തം പങ്കുവെക്കുക എന്നതാണിത്. അപ്പോഴാണ് പെരുന്നാൾ പെരുന്നാളാകുന്നത്. അതിനാലാണ് വസ്ത്രം കടം വാങ്ങിയിട്ടെങ്കിലും സ്്ത്രീകൾ- അവർ അശുദ്ധിയുള്ളവരാകട്ടെ അല്ലാതിരിക്കട്ടെ- പെരുന്നാൾ നമസ്‌കാര സ്ഥലത്ത് എത്തുകയും വിശ്വാസികളുടെ പ്രാർത്ഥനക്കും നന്മക്കും സാക്ഷികളാവുകയും ചെയ്യട്ടെയെന്ന് പ്രവാചകൻ നിർദ്ദേശിച്ചത്. അതുപോലെ പള്ളിയിൽ വരാൻ പറ്റാത്തവർക്കും മുസ്വല്ലയിൽ വരാമല്ലോ. പ്രവാചകന്റെ ചര്യയെ പിന്തുടരുന്നതിനാലാണ് വിശ്വാസികളുടെ വിജയം കുടികൊള്ളുന്നത്.' അല്ലയോ സത്യ വിശ്വാസികളേ? അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും വിളി കേൾക്കുവിൻ-ദൈവദൂതർ നിങ്ങളെ സജീവരാക്കുന്നതിലേക്കു വിളിക്കുമ്പോൾ' (അൽ അൻഫാൻ:24)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP