1 usd = 71.26 inr 1 gbp = 91.80 inr 1 eur = 81.03 inr 1 aed = 19.40 inr 1 sar = 18.99 inr 1 kwd = 234.82 inr

Jan / 2019
19
Saturday

ചൈനയിലെ എൻട്രൻസ് കോച്ചിങ് ഫാക്ടറി

January 07, 2015 | 12:01 PM IST | Permalinkചൈനയിലെ എൻട്രൻസ് കോച്ചിങ് ഫാക്ടറി

ബ്രൂക്ക് ലാർമർ

കോച്ച് ഫാക്ടറി എന്നു മിക്കവരും കേട്ടിട്ടുണ്ടാകും. കോച്ചിങ് ഫാക്ടറി എന്നാരും കേട്ടിരിക്കയില്ല. ലേഖനത്തിന്റെ ശീർഷകത്തിൽ തെറ്റു കടന്നുകൂടിയിട്ടുണ്ടോ എന്ന സംശയം വേണ്ട. ഈ ലേഖനം ഒരു കോച്ചിങ് ഫാക്ടറിയെക്കുറിച്ചുള്ളതു തന്നെയാണ്.

പല കാര്യങ്ങളിലും നാം ചൈനയെ അനുകരിക്കാറുണ്ട്, ചൈനയുമായി മത്സരിക്കാൻ ശ്രമിക്കാറുമുണ്ട്. എന്നാൽ എൻട്രൻസ് കോച്ചിംഗിൽ വിദ്യാർത്ഥികളെ മാനസിക, ശാരീരികസമ്മർദ്ദങ്ങൾക്കു വിധേയരാക്കുന്ന ചൈനീസ് മാതൃക അനുകരണീയമല്ലെന്ന് ബ്രൂക്ക് ലാർമർ ന്യൂയോർക്ക് ടൈംസിൽ 'ഇൻസൈഡ് എ ചൈനീസ് ടെസ്റ്റ് പ്രെപ് ഫാക്ടറി' എന്ന ശീർഷകത്തിൽ ഈയിടെ എഴുതിയിരുന്ന ലേഖനത്തിൽ നിന്നു തെളിയുന്നു. ലേഖനത്തിന്റെ സ്വതന്ത്രവിവർത്തനം താഴെ കൊടുക്കുന്നു. ഒരു മുന്നറിയിപ്പ്: നാലായിരത്തിലേറെ വാക്കുകളുള്ള, നീണ്ട ലേഖനമാണിത്. സമയമുള്ളപ്പോൾ മാത്രം വായിക്കുക. ചില പദങ്ങളുടെ വിശദീകരണങ്ങൾ അടിക്കുറിപ്പുകളായി ലേഖനത്തിന്റെ അന്ത്യത്തിൽ കൊടുത്തിട്ടുണ്ട്.

ലേഖനം:-

മാവോതൻച്യാങ്ങിലെ പ്രധാന തെരുവ് വിജനമായിരുന്നു. പൂർവ്വചൈനയിലെ കുന്നിൻപ്രദേശമായ ആങ്ഹുവെയ് പ്രവിശ്യയിലുള്ള ഒറ്റപ്പെട്ടൊരു പട്ടണമാണ് മാവോതൻച്യാങ്ങ്. മോട്ടോർ ഘടിപ്പിച്ച ഒരു റിക്ഷയിൽ ഒരാളിരുന്ന് ഉറക്കം തൂങ്ങുന്നു. പ്രായം ചെന്ന രണ്ടു സ്ത്രീകൾ മൺവെട്ടികളുമായി പട്ടണത്തിനു പുറത്തുള്ള നെല്പാടങ്ങളിലേയ്ക്ക് ധൃതിയിൽ നടന്നു പോകുന്നു. കഴിഞ്ഞ വസന്തത്തിലെ ഒരു ഞായറാഴ്ച ഉച്ചയോടടുത്ത സമയമായിരുന്നു അത്. സമയം 11:44. ഭക്ഷണവും ചായയും പുസ്തകങ്ങളും വിൽക്കുന്ന കടകളായിരുന്നു തെരുവിന്റെ ഒരു വശത്ത്. അവയിലും ആരുമുണ്ടായിരുന്നില്ല. പട്ടണമദ്ധ്യത്തിലുണ്ടായിരുന്ന പുണ്യവൃക്ഷത്തിനു പോലും ഭക്തരെ ആകർഷിക്കാനായില്ല. പന്തലിച്ചുനിന്നിരുന്ന അതിന്റെ ചുവട്ടിൽ, ചാരത്തിന്റെ ഒരു കൂമ്പാരത്തിൽ സുഗന്ധദ്രവ്യങ്ങൾ പുകഞ്ഞുകൊണ്ടിരുന്നു.

ഒരു മിനിറ്റു കഴിഞ്ഞപ്പോൾ, കൃത്യം 11:45ന്, ആ പരിസരം ശബ്ദമുഖരിതമായി. ആയിരക്കണക്കിന് കൗമാരപ്രായക്കാർ മാവോതൻച്യാങ്ങ് ഹൈസ്‌കൂളിന്റെ ഉയരമുള്ള ഗേറ്റിലൂടെ പുറത്തേയ്‌ക്കൊഴുകി. അവരിൽ ഒട്ടേറെപ്പേർ കറുപ്പും വെളുപ്പും നിറങ്ങളുള്ള, കനംകുറഞ്ഞ വിന്റ്‌ബ്രേക്കർ ജാക്കറ്റുകൾ ധരിച്ചിരുന്നു. ജാക്കറ്റുകളുടെ മുൻവശത്ത്, ഇംഗ്ലീഷിൽ, 'ഐ ബിലീവ് ഇറ്റ്, ഐ ക്യാൻ ഡു ഇറ്റ്' എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിയിരുന്നു. ചൈനയുടെ ഏറ്റവും നിഗൂഢമായ ക്രാം സ്‌കൂളുകളിൽ ഒന്നിലെ ഉച്ചഭക്ഷണസമയമായിരുന്നു അത്. അക്ഷരാർത്ഥത്തിൽ ഒരു കാണാപ്പാഠഫാക്ടറി! അവിടെ ഇരുപതിനായിരത്തോളം വിദ്യാർത്ഥികൾ (മാവോതൻച്യാങ്ങിലെ ആകെ ജനസംഖ്യയുടെ നാലിരട്ടി) ചൈനയുടെ ഗ്യാവോകാവോ എന്നറിയപ്പെടുന്ന ദേശീയ കോളേജ് പ്രവേശനപ്പരീക്ഷയ്ക്കുള്ള കോച്ചിങ്ങിനു വിധേയരായിക്കൊണ്ടിരിക്കുന്നു. എല്ലാ വർഷവും ജൂൺ മാസത്തിൽ ഗ്യാവോകാവോ നടക്കുന്നു. രണ്ടോ മൂന്നോ ദിവസം നീണ്ടു നിൽക്കുന്ന പരീക്ഷ അതികഠിനമായ ഒന്നാണ്. ചൈനീസ് സർവ്വകലാശാലകളിലേയ്ക്കുള്ള പ്രവേശനം ഈ ഗ്യാവോകാവോ പരീക്ഷയിലൂടെയാണ്. ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇവരിൽ ഭൂരിഭാഗവും. തീവ്രയത്‌നം കൊണ്ടു നേടുന്ന ഉന്നതപരീക്ഷാഫലം വയലുകൾക്കും ഫാക്ടറികൾക്കും അപ്പുറത്തുള്ള സുഖസമൃദ്ധമായൊരു ജീവിതം വാഗ്ദാനം ചെയ്യുന്നു.

ഈ സ്‌കൂളിലെ ഒരു പന്ത്രണ്ടാം ക്ലാസ്സുവിദ്യാർത്ഥിയായ യാങ്ങ് വെയ് എന്നെ ജനക്കൂട്ടത്തിനിടയിലൂടെ കൂട്ടിക്കൊണ്ടുപോയി. ഒരു പീച്ചുപഴക്കർഷകന്റെ മകനായ യാങ്ങ് അർദ്ധലേസുകൾ മാത്രമുള്ള, ഉയരമുള്ള ഷൂ ധരിച്ചിരുന്നു. യാങ്ങിന്റെ ആദ്യത്തെ ക്ലാസ്സ് രാവിലെ ആറ് ഇരുപതിന് ആരംഭിക്കുന്നു. അവസാനത്തേത് രാത്രി പത്ത് അൻപതിനു കഴിയുന്നു. അതിനു ശേഷം മാത്രം തന്റെ മുറിയിലേയ്ക്കു മടങ്ങുന്നു. ആഴ്ചയിൽ ഏഴു ദിവസവും മുടക്കമോ വ്യത്യാസമോ കൂടാതെ ഇതു തുടരുന്നു. മൂന്നു വർഷമായി യാങ്ങ് ഈ ഷെഡ്യൂൾ പിന്തുടരുന്നു. ഞായറാഴ്ച ഉച്ചയ്ക്കു മുൻപുള്ള പരിശീലനപ്പരീക്ഷയ്ക്കു ശേഷം മൂന്നു മണിക്കൂർ ഇടവേളയുണ്ട്. ഒരാഴ്ചയ്ക്കിടയിൽ ആകെ കിട്ടുന്ന ഒഴിവുസമയം ഇതു മാത്രം. ഇന്ന് ഇത്തരമൊരു ഇടവേളയുള്ളതുകൊണ്ടാണ് യാങ്ങിനും എനിക്കും പരസ്പരം കാണാനായത്. ഗ്യാവോകാവോ വെറും 69 ദിവസം മാത്രം അകലെ. ഈ നമ്പർ താഴോട്ടെണ്ണുന്ന കലണ്ടറുകൾ ടൗണിൽ എല്ലായിടങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. കോച്ചിങ്ങിന്റെ ഭ്രാന്തമായ അന്ത്യത്തിലേയ്ക്കു കടന്നിരുന്നു യാങ്ങ്. 'കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഞാനെഴുതിയ പ്രാക്ടീസ് ടെസ്റ്റുകൾ നിരത്തിവച്ചാൽ അവ ഭൂഗോളത്തെ പൊതിയും,' യാങ്ങ് ചിരിച്ചുകൊണ്ടു പറഞ്ഞു. യാങ്ങിന്റെ ചിരിയിൽ കയ്പുരസം കലർന്നിരുന്നു.


യാങ്ങും ഞാനും തമ്മിൽ സോഷ്യൽ മീഡിയയിൽ ആഴ്ചകളായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഒരമേരിക്കൻ പ്രവാസിയെ അതിഥിയായി ലഭിച്ചത് യാങ്ങിനെ ആവേശഭരിതനാക്കിയതായി തോന്നിപ്പിച്ചിരുന്നു. എന്നാൽ ആ ആഹ്ലാദത്തിനിടയിലും ഒരു ഗുരുതരപ്രശ്‌നം ഉടലെടുത്തുകൊണ്ടിരുന്നു. അശ്രാന്തപരിശ്രമം നടത്തിയിട്ടും യാങ്ങിന്റെ സ്‌കോർ താഴോട്ടായിരുന്നു. യാങ്ങിന്റെ കുടുംബത്തോടൊപ്പം ഞാൻ ഉച്ചഭക്ഷണം കഴിക്കുമ്പോൾ ഈ പ്രശ്‌നം അന്തരീക്ഷത്തെ മ്ലാനമാക്കിയിരുന്നു. പുണ്യവൃക്ഷത്തിനടുത്തുള്ള ഒറ്റമുറിയിലാണ് യാങ്ങും മാതാവും ഒരുമിച്ചു താമസിച്ചിരുന്നത്. യാങ്ങിന്റെ പിതാവും, യാങ്ങിന്റെ നാട്ടിലെ ഉറ്റ സുഹൃത്തും സഹപാഠിയുമായ ക്യാവോ യിങ്‌ഷെങ്ങും ഞങ്ങളോടൊപ്പം ആഹാരം കഴിക്കാനെത്തിയിരുന്നു. തട്ടുകളുള്ള കട്ടിൽ, ഡെസ്‌ക്, റൈസ് കുക്കർ ഇവയ്ക്കുള്ള സ്ഥലം മാത്രമേ ആ കൊച്ചുമുറിയിലാകെക്കൂടി ഉണ്ടായിരുന്നുള്ളു. പക്ഷേ മുറിവാടക ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ് നഗരത്തിലേതിനോളം തന്നെ ഉയർന്നതായിരുന്നു. കോളേജുവിദ്യാഭ്യാസം സിദ്ധിക്കുന്ന തങ്ങളുടെ കുടുംബത്തിലെ ആദ്യ അംഗമാകാൻ മകനെ സഹായിക്കാൻ വേണ്ടി യാങ്ങിന്റെ മാതാപിതാക്കൾ അനുഷ്ഠിച്ച പല ത്യാഗങ്ങളിലൊന്നായിരുന്നു ആ ഉയർന്ന മുറിവാടക.

ഗ്യാവോകാവോ കോച്ചിംഗിന്റെ അവസാനവർഷം യാങ്ങിനെ സഹായിക്കാൻ വേണ്ടി യാങ്ങിന്റെ അമ്മ ലിൻ ജിയമിൻ ഒരു വസ്ത്രനിർമ്മാണ ഫാക്ടറിയിൽ അവർക്കുണ്ടായിരുന്ന ജോലി രാജി വച്ചു. ലിന്നിനെപ്പോലെ ക്യാവോയുടെ അമ്മയും ക്യാവോയോടൊപ്പം താമസിച്ചു. 'വലിയൊരു സമ്മർദ്ദമാണത്,' ക്യാവോ പറഞ്ഞു. ഹൈസ്‌കൂൾ പ്രവേശനത്തിന് ക്യാവോയ്ക്കു കിട്ടിയിരുന്ന മാർക്കു കുറവായിരുന്നു. അതു മൂലം ഗ്യാവോകാവോ കോച്ചിംഗിൽ ക്യാവോയ്ക്കു പ്രവേശനം കിട്ടാൻ വേണ്ടി യാങ്ങിന്റേതിനേക്കാൾ കൂടുതൽ ഫീസ് (രണ്ടായിരം ഡോളർ) ഓരോ സെമസ്റ്ററിലും കൊടുക്കാൻ ക്യാവോയുടെ കുടുംബം നിർബദ്ധരായിത്തീർന്നു. 'നന്നായി പഠിക്കണമെന്ന് അമ്മയെന്നെ എപ്പോഴും ഓർമ്മിപ്പിക്കുന്നു. കാരണം, എന്റെ ഫീസു കൊടുക്കാൻ വേണ്ടി അച്ഛന് വീട്ടിൽ നിന്നും വളരെയകലെ, കല്പണി ചെയ്യേണ്ടിവന്നിരിക്കുന്നു,' ക്യാവോ പറഞ്ഞു. ഒരു മിനിറ്റു നേരത്തേയ്ക്ക് മുറിയാകെ നിശ്ശബ്ദമായി. ഗ്യാവോകാവോയിൽ മികച്ച വിജയം കൈവരിക്കാൻ ഈ കുട്ടികൾക്കു കഴിയാതിരുന്നാൽ അവരുടേയും വിധി അതുതന്നെയാകുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു. 'ഡഗോംഗ്,' യാങ്ങ് പറഞ്ഞു; 'കൂലിപ്പണി'; പരീക്ഷാഫലം മോശമായാൽ യാങ്ങിനും ക്യാവോയ്ക്കും ചൈനയുടെ ഇരുപത്താറു കോടിയോളം വരുന്ന, സഞ്ചരിക്കുന്ന കൂലിപ്പണിക്കാരുടെ കൂട്ടത്തിൽ ചേരേണ്ടി വരും.

നല്ല ഒരാതിഥേയനാകാനുള്ള ആകാംക്ഷയുണ്ടായിരുന്നു, യാങ്ങിന്. പക്ഷേ, യാങ്ങിന്റെ അമ്മ ഞങ്ങളുടെ മുന്നിൽ കൂമ്പാരം കൂട്ടിവച്ച ചിക്കനും സെസാം തോഫുവും കഴിച്ചു കഴിഞ്ഞപ്പോൾ യാങ്ങിന്റെ കണ്ണുകളടയാൻ തുടങ്ങി. പഠനം തുടരാൻ ഉച്ചഭക്ഷണം കഴിഞ്ഞയുടനെ യാങ്ങിന്റെ അമ്മ ആവശ്യപ്പെട്ടെങ്കിലും യാങ്ങിന്റെ അച്ഛൻ ഇടപെട്ടു. 'തലച്ചോറിനും വിശ്രമം ആവശ്യമാണ്,' അദ്ദേഹം യാങ്ങിന്റെ അമ്മയോടു പറഞ്ഞു. തുടർന്ന് ഒരു വാക്കു പോലും ഉരിയാടാതെ, ഷൂ അഴിച്ചു മാറ്റുക പോലും ചെയ്യാതെ യാങ്ങ് കട്ടിലിന്റെ മുകൾത്തട്ടിൽ കയറിക്കിടന്ന് ഉറക്കം തുടങ്ങി.

അതിവേഗം അടുത്തുവന്നുകൊണ്ടിരിക്കുന്ന ഗ്യാവോകാവോയോളം മറ്റൊന്നും തന്നെ ചൈനീസ് കുടുംബങ്ങളെ അലട്ടുന്നില്ല. ഗ്യാവോകാവോയ്ക്ക് രണ്ടു ശാഖകളുണ്ട്. ഒന്ന് സയൻസിൽ കേന്ദ്രീകരിക്കുന്നു, മറ്റേത് മാനവികവിഷയങ്ങളിലും. പ്രാചീനകാലം മുതലുണ്ടായിരുന്ന, രാജകീയമായിരുന്ന കേജുവിന്റെ ആധുനിക അവതാരമാണ് ഗ്യാവോകാവോ. സ്ഥിരനിലവാരം ഉറപ്പുവരുത്തുന്ന ലോകത്തെ പ്രഥമടെസ്റ്റായി കേജു കണക്കാക്കപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ, ആയിരത്തി മുന്നൂറു വർഷത്തോളം, ചൈനയുടെ സിവിൽ സർവ്വീസിലേയ്ക്ക് യുവാക്കളെ പ്രവേശിപ്പിച്ചിരുന്നത് കേജുവിലൂടെയായിരുന്നു. ഇന്ന്, തൊണ്ണൂറു ലക്ഷത്തിലേറെ വിദ്യാർത്ഥികൾ ഓരോ വർഷവും ഗ്യാവോക്കാവോ പരീക്ഷയെഴുതുന്നു. (അമേരിക്കയിലെ സാറ്റ്, ആക്റ്റ് എന്നീ പരീക്ഷകളെഴുതുന്ന വിദ്യാർത്ഥികളുടെ ആകെ എണ്ണം പ്രതിവർഷം മുപ്പത്തഞ്ചു ലക്ഷത്തിൽ താഴെ മാത്രമാണെന്നോർക്കുക). അറിവുകൾ ഹൃദിസ്ഥമാക്കാനും അവ ആവർത്തിച്ചാവർത്തിച്ച് ഉരുവിടാനുമുള്ള സമ്മർദ്ദം കിന്റർ ഗാർട്ടൻ ക്ലാസ്സിൽ ചേരുമ്പോൾ മുതൽ ചൈനീസ് വിദ്യാർത്ഥികൾ അനുഭവിക്കാൻ തുടങ്ങുന്നു. ബെയ്ജിംഗിലെ ഇരട്ടഭാഷകളിൽ പഠിപ്പിക്കുന്ന, താരതമ്യേന കൂടുതൽ സ്വതന്ത്രമായ കിന്റർ ഗാർട്ടനിലാണ് എന്റെ പുത്രന്മാർ പഠിച്ചിരുന്നത്. അവിടെപ്പോലും ചൈനീസ് മാതാപിതാക്കൾ തങ്ങളുടെ അഞ്ചുവയസ്സു മാത്രമുള്ള കുട്ടികളെ ഗുണനപ്പട്ടികയും ശരിയായ ഉച്ചാരണത്തോടു കൂടിയ ചൈനീസ് ഭാഷയും ഇംഗ്ലീഷും പഠിക്കാൻ നിർബന്ധിച്ചിരുന്നു. തങ്ങളുടെ കുട്ടികൾ അവരുടെ സഹപാഠികളുടെ പിന്നിലായിപ്പോകരുത് എന്നായിരുന്നു അവരുടെ ലക്ഷ്യം. 'സത്യം പറഞ്ഞാൽ, ജനനം മുതൽ തന്നെ ഗ്യാവോകാവോ മത്സരത്തിനുള്ള തയ്യാറെടുപ്പ് ആരംഭിക്കുന്നു,' എന്റെയൊരു ചൈനീസ് സുഹൃത്ത് ഒരിക്കലെന്നോടു പറഞ്ഞിരുന്നു.

അവിരാമം പ്രവർത്തിക്കുന്നൊരു യന്ത്രത്തെപ്പോലെ, ചൈനയുടെ ഈ ടെസ്റ്റുകൾ, ഉയർന്ന സാക്ഷരതയുടേയും സർക്കാർ നിയന്ത്രണങ്ങളുടേയും സഹായത്തോടെ, ലോകത്തിലെ ഏതു കഠിനമായ ടെസ്റ്റും നേരിടാൻ ഏറ്റവുമധികം കഴിവുള്ള ഏറെപ്പേരെ ഇതിനകം ഉത്പാദിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. അമേരിക്കയിലെ പ്രോഗ്രാം ഫോർ ഇന്റർനാഷണൽ സ്റ്റുഡന്റ് അസ്സസ്സ്‌മെന്റിന്റെ അവസാനം നടന്ന രണ്ടു പരീക്ഷകളിലും ചൈനയിലെ ഷാങ്ഹായ് ഹൈസ്‌കൂൾ വിദ്യാർത്ഥികളായിരുന്നു ഏറ്റവും മുന്നിൽ. ചൈനീസ് പ്രഭാവം സ്പുട്ട്‌നിക്ക് പോലെ കുതിച്ചുയർന്നുകൊണ്ടിരിക്കുന്നതിന്റെ വ്യക്തമായ ചിഹ്നമാണിതെന്നു ചൂണ്ടിക്കാട്ടാൻ ഒന്നിലേറെ അമേരിക്കൻ അധികൃതരെ ഇതു നിർബ്ബദ്ധരാക്കുകയും ചെയ്തു. പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കാൻ ചൈനക്കാർ നേടിയെടുത്തിരിക്കുന്ന ഈ അന്യാദൃശകഴിവിന്റെ രഹസ്യം കണ്ടെത്താൻ അമേരിക്കൻ വിദ്യാഭ്യാസവിദഗ്ദ്ധർ തീവ്രശ്രമം നടത്തിക്കൊണ്ടിരിക്കുന്നു.


എന്നാൽ ഇതേ സമയം തന്നെ, നൂതനമായ ആശയാ!വിഷ്‌കാരങ്ങളെ നിരുത്സാഹപ്പെടുത്തുകയും വിദ്യാർത്ഥികളെ അമിതമായ സമ്മർദ്ദത്തിനു വിധേയരാക്കുകയും ചെയ്യുന്ന ഗ്യാവോകാവോ ആധുനികകാലത്തിന് അനുയോജ്യമായ ഒന്നല്ല എന്ന വിമർശം ചൈനയിൽ തന്നെ ഉയർന്നു കഴിഞ്ഞിട്ടുണ്ട്. ഗ്യാവോകാവോ അടുത്തുവരുന്തോറും കൗമാരപ്രായക്കാരുടെ ആത്മഹത്യാനിരക്ക് ഉയരുന്നത് പതിവായിത്തീർന്നിരിക്കുന്നു. രണ്ടു വർഷം മുൻപ് ഒരു വിദ്യാർത്ഥി നടുക്കുന്നൊരു ചിത്രം ഓൺലൈനിൽ പോസ്റ്റു ചെയ്തു. ഒരു ഹൈസ്‌കൂൾ ക്ലാസ്സുമുറിയിലെ വിദ്യാർത്ഥികൾ പുസ്തകങ്ങളുടെ മേൽ കൂനിക്കൂടിയിരിക്കുന്നതായിരുന്നു ആ ചിത്രം. ആ തീവ്രയത്‌നം അതേ രീതിയിൽ തുടർന്നുകൊണ്ടുപോകാനാവശ്യമായ ശക്തി പകർന്നുകൊടുക്കാൻ വേണ്ടി വിദ്യാർത്ഥികൾക്ക് ഞരമ്പിലൂടെ ഡ്രിപ്പു നൽകിക്കൊണ്ടിരുന്നത് ആ ചിത്രത്തിൽ വ്യക്തമായിരുന്നു.

വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കാനും, മുഖ്യകോഴ്‌സുകൾക്കപ്പുറത്തേയ്ക്ക് പാഠ്യപദ്ധതി വികസിപ്പിക്കാനും, സർവ്വകലാശാലകളെക്കൊണ്ട് ഗ്യാവോകാവോയ്ക്കു പുറമെയുള്ള ഘടകങ്ങൾ കൂടി പരിഗണിപ്പിക്കാനും ലക്ഷ്യമിടുന്ന വിദ്യാഭ്യാസരംഗ പരിഷ്‌കരണപരിപാടികൾ ബെയ്ജിങ് ആസൂത്രണം ചെയ്തു നടപ്പാക്കിത്തുടങ്ങിയിരിക്കുന്നു. സർക്കാരിന്റെ ശ്രമങ്ങൾക്ക് ഉദ്യോഗസ്ഥവൃന്ദത്തിന്റെ ഭാഗത്തു നിന്ന് വലുതായ പിന്തുണ ലഭിച്ചിട്ടില്ലെന്നു മാത്രമല്ല, അവയുടെ നേരേ വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ നിന്ന് കടുത്ത എതിർപ്പുണ്ടായിട്ടുമുണ്ട്. വിദ്യാർത്ഥികളുടെ മേലുള്ള സമ്മർദ്ദത്തിനു കുറവു വന്നാലത് അവരുടെ പരീക്ഷാഫലത്തെ പ്രതികൂലമായി ബാധിക്കുമെന്ന് രക്ഷിതാക്കൾ ഭയപ്പെടുന്നു. 'ചൈന തടവുപുള്ളികളുടെ ആശയക്കുഴപ്പത്തിൽ പെട്ടിരിക്കുന്നു,' എന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഓറിഗണിലെ വിദ്യാഭ്യാസവകുപ്പു പ്രൊഫസ്സറും, 'ഹൂയീസ് അഫ്രെയ്ഡ് ഓഫ് ദ ബിഗ് ബാഡ് ഡ്രാഗൺ' എന്ന പുസ്തകത്തിന്റെ രചയിതാവുമായ യോങ്ങ് സാവോ നിരീക്ഷിച്ചു. 'ആരും മാറ്റം ആഗ്രഹിക്കുന്നില്ല. കാരണം ഗ്യാവോകാവോ തന്നെയാണ് അവർക്കിപ്പോഴും സ്വർഗ്ഗത്തിലേയ്ക്കുള്ള ഏകവഴി.'


നഗരപ്രദേശങ്ങളിൽ ഇത്തരം ക്രാം സ്‌കൂളുകൾ പെരുകിയിട്ടുണ്ട്. മാവോതൻച്യാങ്ങ് ഹൈസ്‌കൂൾ അവയിൽ നിന്നെല്ലാം വളരെ വ്യത്യസ്തമാണ്. മാവോതൻച്യാങ്ങ് ഒരു ഏകവ്യവസായ പട്ടണമാണെന്നു പറയാം. പരീക്ഷകളെഴുതുന്ന യന്ത്രമനുഷ്യരെ ഉത്പാദിപ്പിക്കുന്ന വ്യവസായമാണ് അതിന്റേത്. മറ്റു ചൈനീസ് പട്ടണങ്ങൾ കാലുറകളും ക്രിസ്തുമസ് ആഭരണങ്ങളും ഉണ്ടാക്കുന്നതിൽ പതിപ്പിക്കുന്നതിലേറെ പ്രതിബദ്ധതയും അർപ്പണമനോഭാവവും മാവോതൻച്യാങ്ങ് തങ്ങളുടെ വ്യവസായത്തിൽ പ്രദർശിപ്പിക്കുന്നു. ബിരുദധാരികൾക്കിടയിൽ തൊഴിലില്ലായ്മയും അർഹതപ്പെട്ട തൊഴിലിന്റെ ദൗർലഭ്യവും രൂക്ഷമായിത്തീർന്നിരിക്കുന്നു. അതിനിടയിൽ സർവ്വകലാശാലാവിദ്യാർത്ഥികളുടെ എണ്ണത്തിൽ അമിതവർദ്ധനയുമുണ്ടായിരിക്കുന്നു. ഇതു മൂലം കോളേജ്ബിരുദങ്ങളുടെ മൂല്യത്തിന് ഇടിവു വന്നിരിക്കുന്നു. അനേകം ധനികകുടുംബങ്ങൾ ചൈനീസ് വിദ്യാഭ്യാസരംഗത്തു നിന്നു പിന്മാറിക്കൊണ്ടിരിക്കുന്നു. അവർ തങ്ങളുടെ കുട്ടികളെ ചൈനയിൽത്തന്നെ സ്വകാര്യമേഖലയിലുള്ള ഇന്റർനാഷണൽ സ്‌കൂളുകളിൽ ചേർത്തുപഠിപ്പിക്കുന്നു. ഏറെപ്പേർ കുട്ടികളെ വിദേശങ്ങളിൽ അയച്ചും വിദ്യാഭ്യാസം ചെയ്യിപ്പിക്കുന്നു. പക്ഷേ യാങ്ങിനെപ്പോലെ സാമ്പത്തികക്കഴിവു കുറഞ്ഞവർക്ക് ഗ്യാവോകാവോ മത്സരത്തിൽ പങ്കെടുക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല. ഏതാനും മാർക്കിന്റെ വ്യത്യാസം വിലപ്പെട്ടൊരു ബിരുദത്തിലേയ്ക്കുള്ള വാതിൽ തുറന്നു കൊടുക്കുകയോ കൊട്ടിയടയ്ക്കുകയോ ചെയ്‌തെന്നു വരാം. 'മത്സരം മുൻപത്തേക്കാൾ കടുത്തതായിത്തീർന്നിരിക്കുന്നു,' സിങ്ഹ്വാ യൂണിവേഴ്‌സിറ്റി ഹൈസ്‌കൂളിലെ അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പലായ ജിയാങ് സെക്വിൻ പറയുന്നു. 'മത്സരത്തിൽ ഗ്രാമപ്രദേശങ്ങളിലെ വിദ്യാർത്ഥികൾ പുറകിലാകുകയും ചെയ്യുന്നു.'

ഏറ്റവും അടുത്ത നഗരത്തിൽ നിന്ന് രണ്ടു മണിക്കൂറോളം അകലെ, ആങ്ഹുവെയ് കുന്നുകളുടെ ഇടയിൽ, ഒറ്റപ്പെട്ടുകിടക്കുന്ന മാവോതൻച്യാങ്ങ് ഇത്തരം വിദ്യാർത്ഥികളെയാണു സേവിക്കുന്നത്. ആധുനികജീവിതത്തിൽ പതിവുള്ള ആകർഷണങ്ങളെയെല്ലാം ഫലപ്രദമായി ഒഴിവാക്കിയിരിക്കുന്നെന്ന് അഭിമാനിക്കുകയും ചെയ്യുന്നുണ്ട് മാവോതൻച്യാങ്ങ് സ്‌കൂൾ. സെൽഫോണുകളും ലാപ്‌ടോപ്പുകളും നിരോധിക്കപ്പെട്ടിരിക്കുന്നു. വിദ്യാർത്ഥികളിൽ പകുതിയോളം പേരും ഡോർമിറ്ററികളിൽ താമസിക്കുന്നു. വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കാനാകാത്ത തരത്തിലാണ് അവ രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്. പ്രണയവും നിരോധിതം. പകുതിയോളം വിദ്യാർത്ഥികൾ അമ്മമാരോടൊപ്പം ചെറു മുറികളിൽ താമസിക്കുന്നു. വലിയ മുറികൾ വിഭജിച്ചുണ്ടാക്കിയവയാണ് ഈ ചെറുമുറികൾ. പ്രാദേശികഭരണകൂടം എല്ലാ തരം വിനോദോപാധികളും അടച്ചുപൂട്ടിയിരിക്കുന്നു. രാജ്യത്തെ വീഡിയോ ആർക്കേഡും ബില്യാർഡ്‌സ് ഹാളും ഇന്റർനെറ്റ് കഫേയുമില്ലാത്ത ഏക പട്ടണവും ഇതു തന്നെയായിരിക്കും. 'പഠിക്കുകയല്ലാതെ മറ്റൊന്നും ഇവിടെ ചെയ്യാനില്ല,' യാങ്ങു പറയുന്നു.

തങ്ങളുടെ ഗ്രാമത്തിലെ ഏറ്റവും വികൃതിയായ കുട്ടി എന്നാണ് യാങ്ങിന്റെ അച്ഛൻ യാങ്ങിനെ വിശേഷിപ്പിക്കുന്നത്. യുവെജിനിൽ നിന്നുള്ള യാങ്ങ് വിനോദങ്ങളിഷ്ടപ്പെടുന്ന ഒരു സാധാരണ കുട്ടിയാണ്. യാങ്ങിനെപ്പോലുള്ള കുട്ടികളിൽ അച്ചടക്കബോധമുണ്ടാക്കാൻ വേണ്ടി നഗരസഭയുടെ ആസൂത്രണത്തെ മാത്രമല്ല സ്‌കൂൾ ആശ്രയിക്കുന്നത്. മാവോതൻച്യാങ്ങിലെ പുരുഷന്മാർ മാത്രമടങ്ങിയ അദ്ധ്യാപകസൈന്യം പട്ടാളത്തിലെന്ന പോലെയാണ് കുട്ടികളെ പാഠങ്ങൾ പഠിപ്പിക്കുന്നതും ശിക്ഷകൾ നൽകുന്നതും. അദ്ധ്യാപകരുടെ ജോലിസുരക്ഷയും ബോണസ്സും വിദ്യാർത്ഥികളുടെ പരീക്ഷാഫലത്തെ ആശ്രയിച്ചാണിരിക്കുന്നത്. 165 ഏക്കർ കാമ്പസ്സിൽ സെക്യൂരിറ്റി ഗാർഡുകൾ ഗോൾഫ്‌വണ്ടികളിലും മോട്ടോർസൈക്കിളുകളിലുമായി സദാസമയവും ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നു. നിരീക്ഷണക്യാമറകൾ ക്ലാസ്സുമുറികളിലും ഡോർമിറ്ററികളിലും ടൗണിലെ മുഖ്യകവലകളിലും വിദ്യാർത്ഥികളുടെ നീക്കങ്ങൾ ഇരുപത്തിനാലു മണിക്കൂറും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇത്തരത്തിൽ പുറംലോകത്തേയ്ക്കുള്ള കവാടങ്ങളുടെ ബന്ധനം ഫലമുണ്ടാക്കിയിട്ടുണ്ടെന്ന് ഒരസിസ്റ്റന്റ് പ്രിൻസിപ്പലായ ലി സെൻഹുവാ പറയുന്നു. 1998ൽ മാവോതൻച്യാങ്ങിലെ വിദ്യാർത്ഥികളിൽ 98 പേർ മാത്രം വിജയം നേടിയെങ്കിൽ, പതിനഞ്ചു വർഷത്തിനു ശേഷം 9312 വിദ്യാർത്ഥികൾ പാസ്സായി; വിജയസംഖ്യയെ പതിനായിരം കടത്താനുള്ള തീവ്രശ്രമത്തിലാണ് സ്‌കൂൾ. യാങ്ങും ക്യാവോയും അക്കൂട്ടത്തിൽ പെടുമെന്ന് അവരാശിക്കുന്നു.


'നാം ഇപ്പോളവനെ ശല്യപ്പെടുത്താൻ പാടില്ല,' യാങ്ങ് ഉറക്കത്തിലേയ്ക്കു വഴുതിവീണുകൊണ്ടിരിക്കെ യാങ്ങിന്റെ അച്ഛൻ, യാങ്ങ് ക്വി മന്ത്രിച്ചു. അദ്ദേഹം തന്റെ വൈമാനികക്കണ്ണട ധരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഓറഞ്ചു നിറത്തിലുള്ള വസ്ത്രവും, മിനുങ്ങുന്ന ചെറു വട്ടത്തകിടുകൾ പതിച്ച, ഉയർന്ന മടമ്പുള്ള ചെരിപ്പുകളുമണിഞ്ഞ്, അലങ്കാരക്കുട കൈയിലെടുത്തു. സ്‌കൂൾകാമ്പസ്സിനു ചുറ്റുമുള്ള ഒരു നടപ്പിനായി അവരെന്നെ കൊണ്ടുപോയി. സ്‌കൂൾകാമ്പസ്സിൽ സന്ദർശകർക്ക് അനുവാദമുണ്ടായിരുന്നില്ല. എന്നാൽ ഞായറാഴ്ചകളിലെ മദ്ധ്യാഹ്നത്തിനു ശേഷമുള്ള ഈ മൂന്നു മണിക്കൂറുകൾക്കിടയിൽ മാത്രം അത് അനുവദനീയമായിരുന്നു. സ്‌കൂളിലെ ബുള്ളറ്റിൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ലിസ്റ്റുകളിൽ യാങ്ങിന്റെ ഒടുവിലത്തെ സ്‌കോർ തിരഞ്ഞു കണ്ടുപിടിക്കാൻ വേണ്ടിയാണ് യാങ്ങിന്റെ മാതാപിതാക്കൾ ഈ സമയം വിനിയോഗിക്കാറ്. അവർക്ക് ഈ ചടങ്ങ് സ്‌കൂൾവർഷത്തിന്റെ ആരംഭത്തിൽ സന്തോഷകരമായ ഒന്നായിരുന്നു. അന്നെല്ലാം യാങ്ങിന്റെ മാർക്ക് ചൈനയുടെ നൂറ്റിരുപതോളം ഒന്നാംനിര സർവ്വകലാശാലകളിൽ പ്രവേശനം ലഭിക്കാനാവശ്യമുള്ള തലത്തിനടുത്തെത്തിയിരുന്നു. പക്ഷേ ഇപ്പോൾ രണ്ടാംനിര സർവ്വകലാശാലകളിൽ പോലും സ്ഥാനം കിട്ടുമോയെന്നു സംശയമായിരിക്കുന്നു. 'ലിസ്റ്റു നോക്കേണ്ട കാര്യമില്ല,' യാങ്ങ് ക്വി പറഞ്ഞു. 'ഞങ്ങളുടെ മകൻ തീവ്രയത്‌നം നടത്തിയിരിക്കണം എന്നേ ഞങ്ങൾക്കുള്ളു. കാരണം സ്‌കൂൾവിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അവന്റെ അമ്മയ്ക്കും എനിക്കും അധികമൊന്നും മുന്നോട്ടു പോകാനായിരുന്നില്ല.'

നുഴഞ്ഞുകയറിക്കൊണ്ടിരിക്കുന്ന ഈ ഭീതിക്കിടയിലും യാങ്ങിന്റെ മാതാപിതാക്കൾ സ്‌കൂൾ കൈവരിച്ചു കഴിഞ്ഞിരുന്ന വിജയത്തിന്റെ തെളിവുകൾ കാണിച്ചു തരാൻ തത്പരരായിരുന്നു. തങ്ങളുടെ ഉയർച്ച സ്‌കൂളിന്റെ വിജയത്തെ ആശ്രയിച്ചിരിക്കുന്നു എന്ന് അവർ വിശ്വസിക്കുന്നുവെന്നു വ്യക്തമായിരുന്നു. 1939ൽ ആങ്ഹുവെയുടെ തലസ്ഥാനമായ ഹെഫൈയിൽ ജപ്പാൻകാർ നടത്തിയ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ട വിദ്യാർത്ഥികൾക്കുള്ള മരുപ്പച്ചയെന്ന നിലയിൽ, താത്കാലികമായി, വളരെ ലളിതമായ തോതിൽ തുടങ്ങിയതായിരുന്നു മാവോതൻച്യാങ്ങ് സ്‌കൂൾ. 1949ലെ കമ്മ്യൂണിസ്റ്റു വിപ്ലവത്തെ തുടർന്ന് അതൊരു സ്ഥിരം സ്‌കൂളായി മാറി. എന്നാൽ അര ശതാബ്ദം കഴിഞ്ഞ് ചൈനയുടെ തീരപ്രദേശങ്ങൾ സാമ്പത്തികമായി കുതിച്ചുയർന്നപ്പോൾ മാവോതൻച്യാങ്ങ് സ്‌കൂൾ ഉപേക്ഷിക്കപ്പെട്ടൊരു കപ്പലിനു സമാനമായിത്തീർന്നു. ഗ്രാമപ്രദേശങ്ങളിൽ നിന്ന് നഗരങ്ങളിലേയ്ക്ക് വൻതോതിലുണ്ടായ കുടിയേറ്റം സ്‌കൂളിനെ വിജനമാക്കിയതോടൊപ്പം കടക്കെണിയിലുമാഴ്‌ത്തി. ഉന്നതവിദ്യാഭ്യാസത്തിൽ 'മഹത്തായ കുതിച്ചുചാട്ടം' എന്ന പേരിൽ പരാമർശിക്കപ്പെടുന്ന തീവ്രയത്‌നത്തിനു തുടക്കമിടാൻ ചൈന 1999ൽ തീരുമാനമെടുത്തപ്പോൾ മാവോതൻച്യാങ്ങ് സ്‌കൂളിനു പുനർജ്ജന്മം ലഭിച്ചു. വിദ്യാഭ്യാസ സമ്പ്രദായത്തിൽ വരുത്തിയ മൗലികമായ പരിഷ്‌കരണങ്ങൾ മൂലം ചൈനീസ് സർവ്വകലാശാലകളിലെ വിദ്യാർത്ഥികളുടെ എണ്ണം മൂന്നു മടങ്ങുയർന്ന് മുപ്പത്തൊന്നു ദശലക്ഷത്തിലെത്തി. (അമേരിക്കയിലേത് ഇരുപത്തൊന്നു ദശലക്ഷം മാത്രം.) എല്ലാ വിദ്യാർത്ഥികളും ആദ്യം തന്നെ ഗ്യാവോകാവോ പാസ്സാകണം എന്ന നിബന്ധനയും നിലവിൽ വന്നു.

പ്രാചീനകാലം മുതലുണ്ടായിരുന്ന കേജു എന്ന രാജകീയ പരീക്ഷയെപ്പോലെ തന്നെ, അർഹതയുള്ളവരെ തെരഞ്ഞെടുക്കാനുദ്ദേശിച്ച് നടപ്പാക്കപ്പെട്ടതായിരുന്നു ഗ്യാവോകാവോയും. ഉന്നതകുലജാതർക്കു മാത്രമായി വിദ്യാഭ്യാസം പരിമിതപ്പെടുന്നതിനു പകരം, താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും ഉന്നതിയിലേയ്ക്കുള്ള പാതയൊരുക്കിക്കൊടുക്കാൻ ഗ്യാവോകാവോ ലക്ഷ്യമിട്ടു. (കേജുവിൽ ഏറ്റവുമുയർന്ന സ്‌കോർ നേടിയവർക്ക്, ദിവസങ്ങളോളം ജയിലിനു സമാനമായ, ജനലുകളില്ലാത്ത, ഇടുങ്ങിയ മുറികളിൽ അടച്ചുപൂട്ടിയിരുന്ന് പരീക്ഷയ്ക്കു വേണ്ടിയുള്ള പഠനം നടത്തിയ ശേഷം, ബെയ്ജിങ്ങിലെ 'നിരോധിതനഗര'ത്തിലേയ്ക്ക് ചക്രവർത്തിയുടെ മദ്ധ്യകവാടത്തിലൂടെത്തന്നെ പ്രവേശിക്കാനുള്ള അർഹത കൈവന്നപ്പോൾ അതൊരു ബഹുമതിയായിത്തന്നെ ആദരിക്കപ്പെട്ടിരുന്നു.) പക്ഷേ ഗ്യാവോകാവോയുടെ കാര്യത്തിൽ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അനുകൂലമായൊരു പരിതസ്ഥിതി ഇപ്പോഴും കൈവന്നിട്ടില്ല. യാങ്ങിന്റെ പിതാവ് കമ്മ്യൂണിസ്റ്റു പാർട്ടി സെക്രട്ടറിയായ യുവെജിനെപ്പോലുള്ള ഗ്രാമങ്ങളിലെ സ്‌കൂളുകളിൽ നിലവാരമുള്ള സൗകര്യങ്ങളും വിദഗ്ദ്ധപരിശീലനം സിദ്ധിച്ച അദ്ധ്യാപകരും കുറവാണ്. നഗരങ്ങളിലെ ധനികകുടുംബങ്ങൾക്ക് പ്രൈവറ്റ് ട്യൂഷൻ ഏർപ്പാടു ചെയ്യാനും, കോച്ചിങ്ങ് കോഴ്‌സുകളുടെ ഭാരിച്ച ചെലവു താങ്ങാനും, കൈക്കൂലി കൊടുത്ത് നഗരത്തിലെ ഏറ്റവും നല്ല സ്‌കൂളുകളിൽ പ്രവേശനം വാങ്ങാനും സാധിക്കുന്നു. സർവ്വകലാശാലകളിൽ നിലവിലുള്ള ക്വോട്ടാസമ്പ്രദായവും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കെതിരാണ്; അവർക്കു ലഭിക്കുന്നതിനേക്കാൾ കൂടുതൽ സീറ്റുകൾ നഗരങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അനുവദിക്കപ്പെടുന്നു.

നാട്ടിൻപുറങ്ങളിലെ കുട്ടികൾക്ക് കൂടുതൽ സഹായം ആവശ്യമായി വന്നു. അവരുടെ ആവശ്യം നിറവേറ്റാൻ മാവോതൻച്യാങ്ങ് ഉടൻ തയ്യാറായി. ആദ്യം പതിവു പാഠ്യപദ്ധതിക്കു പുറമെ, ചെറിയൊരു ഫീസിന് പരീക്ഷാപരിശീലനകോഴ്‌സുകൾ നൽകാൻ സ്‌കൂൾ തയ്യാറായി. 2004ൽ പബ്ലിക് സ്‌കൂളുകളിൽ ട്യൂഷൻ കോഴ്‌സുകൾ സർക്കാർ നിരോധിച്ചപ്പോൾ സ്‌കൂളിന്റെ ഭരണാധികാരികൾ സ്‌കൂളിന്റെ പാഠ്യപദ്ധതിയെ തീവ്രമായൊരു ക്രാം കോഴ്‌സാക്കി മാറ്റി. (പത്ത്, പതിനൊന്ന് എന്നീ ഗ്രേഡുകളിൽ ആഴ്ച തോറും തങ്ങൾക്കിഷ്ടമുള്ള വിഷയം പഠിക്കാൻ വിദ്യാർത്ഥികൾക്ക് രണ്ടു മണിക്കൂർ വീതം കിട്ടി. ഐച്ഛികവിഷയങ്ങൾ: സംഗീതം, കല, ശാരീരിക അഭ്യാസം. പന്ത്രണ്ടാമതു ഗ്രേഡിൽ ഐച്ഛികവിഷയങ്ങൾ അനുവദനീയമല്ല. ഊന്നൽ മുഴുവനും ഗ്യാവോകാവോ കോഴ്‌സുകളിൽ തന്നെ.) ഗ്യാവോകാവോ കോഴ്‌സിൽ വീണ്ടും ചേർന്നു പഠിക്കാനാഗ്രഹിക്കുന്ന ആവർത്തനവിദ്യാർത്ഥികൾക്കായി പ്രൈവറ്റ്‌ഫോർപ്രോഫിറ്റ് അടിസ്ഥാനത്തിൽ ഒരു പ്രത്യേകവിഭാഗം തുടങ്ങി. ഉയർന്ന പരീക്ഷാഫലം നേടാനാകാതെപോയ അനേകം ഹൈസ്‌കൂൾ ബിരുദധാരികൾ തങ്ങളുടെ സ്‌കോർനില മെച്ചപ്പെടുത്താനുള്ള തത്രപ്പാടിൽ ഗ്യാവോകാവോ കോച്ചിങ് കോഴ്‌സിൽ വീണ്ടും ചേർന്നു പഠിക്കാനുള്ള അവസരം വിനിയോഗിക്കാൻ തയ്യാറായി. ഈ ചുവടുവയ്പ് അസാമാന്യവിജയം കണ്ടു. ഈ ആവർത്തനവിഭാഗം ഇപ്പോൾ സ്‌കൂളിന് ഏറ്റവുമധികം ലാഭം നേടിക്കൊടുക്കുന്നു. ഈ വിഭാഗം പബ്ലിക് സ്‌കൂൾ വിഭാഗത്തോടൊപ്പം സ്‌കൂൾക്യാമ്പസ്സിൽ തന്നെ സ്ഥിതി ചെയ്യുന്നു, ഒരേ വിഭവസ്രോതസ്സുകൾ ഉപയോഗിക്കുകയും ചെയ്യുന്നു. മുന്നൂറോ നാനൂറോ ഡോളർ മുതൽ എണ്ണായിരം ഡോളർ വരെ പ്രതിവർഷം ട്യൂഷനു വേണ്ടി ചെലവാക്കുന്ന ആറായിരത്തോളം വിദ്യാർത്ഥികൾ ഈ ആവർത്തനവിഭാഗത്തിൽ പഠിക്കുന്നുണ്ട്. (ഏറ്റവും താഴ്ന്ന സ്‌കോറുകൾ കിട്ടിയിരിക്കുന്ന വിദ്യാർത്ഥികൾ ഏറ്റവുമുയർന്ന ഫീസു കൊടുക്കേണ്ടി വരുന്നു. ഈ സംവിധാനം സ്‌കൂളിന് ഉന്നതശ്രേണിയിലുള്ള വിജയത്തോടൊപ്പം വൻ തോതിലുള്ള വരുമാനവും നേടിക്കൊടുക്കുന്നു.) 'ഈ സ്‌കൂൾ സങ്കല്പിക്കാനാകുന്നതിലുമേറെ സമ്പന്നമാണ്,' ഗേറ്റിലുണ്ടായിരുന്ന സെക്യൂരിറ്റി ഗാർഡുകൾക്കിടയിലൂടെ എന്നെ കൈപിടിച്ചു നയിക്കവെ യാങ്ങ് ക്വി പറഞ്ഞു. സ്‌കൂളിനോടുള്ള അമർഷമല്ല, അഭിനന്ദനമാണ് അദ്ദേഹത്തിന്റെ സ്വരത്തിലുണ്ടായിരുന്നത്.

സ്‌കൂൾ സമീപകാലത്തു നടത്തിയ 32 മില്യൻ ഡോളർ വികസനത്തിന്റെ ഫലങ്ങൾ ഗേറ്റിനകത്തു കടന്നയുടനെ യാങ്ങ് ക്വി ചൂണ്ടിക്കാണിച്ചു തന്നു. ഭീമാകാരമായൊരു എൽ ഇ ഡി സ്‌ക്രീൻ, ഒരു സ്‌പോർട്ട്‌സ് കോമ്പ്‌ലക്‌സ്, ചെയർമാൻ മാവോയുടേയും ഡെംഗ് സിയാവോ പിങ്ങിന്റേയും വലിപ്പമേറിയ പ്രതിമകൾ, ഏറ്റവും ഉയർന്ന ശിഖരത്തിൽ ചൊരിമണൽ ഘടികാരത്തിന്റെ ആകൃതിയിലുള്ളൊരു കെട്ടിടം. ഭരണസിരാകേന്ദ്രം സ്ഥിതിചെയ്തിരുന്ന ആ കെട്ടിടം വിമാനത്താവളങ്ങളിലെ കൺട്രോൾ ടവർ പോലെയോ വൻ ജയിലുകളിലെ നിരീക്ഷണടവർ പോലെയോ തോന്നിച്ചിരുന്നു. ക്യാമ്പസ്സിന്റെ ഉപരിതലം മുഴുവനും അമേരിക്കൻ കോളേജ് ക്യാമ്പസ്സുകളെപ്പോലെ ചെത്തി, പെയിന്റു ചെയ്തു മനോഹരമാക്കിയിരുന്നു. ഒരു വ്യത്യാസം മാത്രം: ഭിത്തിയിൽ പതിച്ചുവച്ചിരുന്ന അലംകൃതമായൊരു മാർബിളിൽ സ്‌കൂളിന്റെ ആദർശം കൊത്തിവച്ചിരുന്നു: 'ബുദ്ധിശക്തികൊണ്ടല്ല, കഠിനാദ്ധ്വാനം കൊണ്ടാണു ഞങ്ങൾ മത്സരിക്കുന്നത്!'

ആവർത്തനവിദ്യാർത്ഥികളുടെ ക്ലാസ്സുമുറികളുള്ള, ഇഷ്ടിക കൊണ്ടു നിർമ്മിച്ച അഞ്ചുനിലക്കെട്ടിടമാണ് ഏറ്റവും പ്രധാനപ്പെട്ട നവനിർമ്മാണം. ആയിരക്കണക്കിന് ആ!വർത്തനവിദ്യാർത്ഥികൾ ആ കെട്ടിടത്തിലേയ്ക്കു കയറിപ്പോകുന്നതു നോക്കിനിൽക്കുമ്പോൾ 'സ്‌കൂളിലെ ഏറ്റവും പരവശരായ വിദ്യാർത്ഥികൾ ഇവരാണ്' എന്നു യാങ്ങ് പറഞ്ഞതു ഞാനോർത്തു. ഞായറാഴ്ചകളിൽ ഇക്കൂട്ടർക്കു കിട്ടുന്ന ഇടവേള തൊണ്ണൂറു മിനിറ്റിന്റേതു മാത്രമാണ്. ഓരോ ക്ലാസ്സുമുറിയിലും വിദ്യാർത്ഥികൾ തിങ്ങിനിറഞ്ഞിരിക്കുന്നതു മൂലം നൂറ്റൻപതിലേറെ അദ്ധ്യാപകർ പാഠങ്ങൾ പഠിപ്പിക്കുന്നത് കോളാമ്പി മൈക്കിലൂടെ ഉച്ചത്തിൽ പറഞ്ഞുകൊണ്ടാണ്. യാങ്ങിന്റെ തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്നത് ആവർത്തനവിദ്യാർത്ഥികളിൽപെട്ട ഒരാളായിരുന്നു. അയാൾക്ക് മുൻ വർഷത്തെ ഗ്യാവോകാവോയിൽ മികച്ച ഫലം നേടാനായിരുന്നില്ല. അയാളിപ്പോൾ എല്ലാ ദിവസവും രാത്രി ഒന്നര വരെ പഠനം നടത്തുന്നു. ഇപ്പോളയാളുടെ റാങ്കിൽ സ്‌കൂൾ തുടങ്ങിയപ്പോഴുണ്ടായിരുന്നതിനേക്കാൾ രണ്ടായിരത്തിന്റെ മികവുണ്ടായിരിക്കുന്നു. ക്ലാസ്സിൽ മൂന്നാമനാണ് അയാളിപ്പോൾ. 'അയാളൊരു ഭൂതത്തെപ്പോലെയാണ്,' യാങ്ങു പറഞ്ഞു. 'പക്ഷേ അയാളെനിക്ക് പ്രോത്സാഹനം തരുന്നു. കാരണം ഇനിയൊരു തവണ കൂടി ഇതു ചെയ്യാൻ എനിക്ക് യാതൊരാഗ്രഹവുമില്ല.' യാങ്ങിന്റെ അമ്മ ക്ഷുഭിതയായി: 'നീ തോറ്റാൽ വീണ്ടുമൊരു കൊല്ലം കൂടി നിന്നെ ഇവിടെ പഠിപ്പിക്കാനുള്ള ചെലവു താങ്ങാൻ ഞങ്ങൾക്കാവില്ല.'

യാങ്ങ് മാവോതൻച്യാങ്ങിൽ ആദ്യത്തെ രണ്ടു വർഷം ചെലവഴിച്ച ഡോർമിറ്ററികളുടെ നിരയ്ക്കു മുന്നിൽ യാങ്ങിന്റെ മാതാപിതാക്കളും ഞാനും നിന്നു. ഓരോ മുറിയിലും പല തട്ടുകളുള്ള കട്ടിലുകളിൽ പത്തു വിദ്യാർത്ഥികൾ കഴിഞ്ഞു കൂടി. ചില മുറികളിൽ പന്ത്രണ്ടു വിദ്യാർത്ഥികൾ വരെയുണ്ടായിരുന്നു. എല്ലാ ജനലുകളിലും കമ്പിവലയടിച്ചിരുന്നു. ആത്മഹത്യ തടയാനായിരുന്നു ഇതെന്ന് വിദ്യാർത്ഥികളിലൊരാൾ പകുതി കളിയായും പകുതി കാര്യമായും എന്നോടു പറഞ്ഞു. ഉണങ്ങാനുള്ള സോക്‌സുകളും അടിവസ്ത്രങ്ങളും ടീഷർട്ടുകളും ഷൂസുമെല്ലാം ഈ കമ്പിവലകളിൽ നിറഞ്ഞിരുന്നു. ഡോർമിറ്ററികളിൽ സൗകര്യങ്ങൾ കുറവായിരുന്നു. വൈദ്യുതിയുപയോഗം അനുവദിക്കുന്ന പ്ലഗ്ഗുകൾ എവിടേയുമില്ലായിരുന്നു. അലക്കുമുറിയുമില്ല. കഴിഞ്ഞ വർഷം വേർതിരിച്ച ഒരു കുളിപ്പുര നിർമ്മിക്കുന്നതു വരെ ചൂടുവെള്ളവും ലഭ്യമായിരുന്നില്ല. എന്നാൽ ഒരു ഹൈടെക് ഉപകരണമുണ്ടായിരുന്നെന്നു വിദ്യാർത്ഥികൾ പറഞ്ഞു: വിരലടയാളം സ്‌കാൻ ചെയ്യുന്ന യന്ത്രം. ഓരോ മുറിയിലേയും കിടക്കകളുടെ നിർബന്ധപരിശോധന നടത്തിയെന്ന് ഉറപ്പു വരുത്താൻ വേണ്ടി അദ്ധ്യാപകന് ഓരോ രാത്രിയും ലോഗിൻ ചെയ്യാനുള്ളതായിരുന്നു അത്.

ഒരു പക്ഷേ മാവോതൻച്യാങ്ങിലെ അഞ്ഞൂറ് അദ്ധ്യാപകരോളം പ്രചോദിതരായവരായി പരവശരായവരും മറ്റാരുമുണ്ടാവില്ല. ഈ അദ്ധ്യാപകരുടെ ജോലി അവരുടെ വിദ്യാർത്ഥികളുടെ വിജയത്തെ ആശ്രയിച്ചിരിക്കുന്നു. അവരുടെ അടിസ്ഥാനശമ്പളം ചൈനയിലെ സാധാരണ പബ്ലിക് സ്‌കൂളുകളിലെ അദ്ധ്യാപകരുടേതിന്റെ രണ്ടോ മൂന്നോ ഇരട്ടിയാണ്. ഇതിനു പുറമേ കിട്ടുന്ന ബോണസ്സ് അവരുടെ വരുമാനത്തെ അനായാസേന ഇരട്ടിപ്പിക്കുകയും ചെയ്യുന്നു. ഒരു വിദ്യാർത്ഥിക്ക് ഒന്നാം നിര സർവ്വകലാശാലയിൽ പ്രവേശനം കിട്ടിയാൽ, ആ വിദ്യാർത്ഥിയെ പഠിപ്പിച്ച ആറംഗ അദ്ധ്യാപകസമിതിക്ക് (ഒരു മുഖ്യ അദ്ധ്യാപകനും അഞ്ച് വിഷയാദ്ധ്യാപകരും) അഞ്ഞൂറു ഡോളർ പ്രതിഫലം പങ്കു വയ്ക്കാനാകും. 'അവർക്ക് നല്ല പണം കിട്ടുന്നുണ്ട്,' യാങ്ങ് എന്നോടു പറഞ്ഞു, 'പക്ഷേ ഞങ്ങൾ നേരിടുന്നതിനേക്കാൾ വലിയ സമ്മർദ്ദമാണ് അവർ നേരിടുന്നത്.'

മുഖ്യാദ്ധ്യാപകരുടെ ദിനചര്യ കടുപ്പമേറിയതാണ്. നൂറു മുതൽ നൂറ്റെഴുപതു വിദ്യാർത്ഥികൾ വരെയുള്ള ക്ലാസ്സുകളെ 17 മണിക്കൂർ പഠിപ്പിക്കുക. ജോലിയുടെ കാഠിന്യം മൂലം അവിവാഹിതരായ യുവാക്കളെ മാത്രമേ ജോലിക്കെടുക്കാവൂ എന്ന നിബന്ധന സ്‌കൂൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥാനങ്ങൾക്കായുള്ള മത്സരവും കടുത്തതാണ്. അദ്ധ്യാപകമുറിയുടെ ചുവരുകളിൽ പതിച്ചിരിക്കുന്ന ചാർട്ടുകളിൽ അതുവരെ കിട്ടിയിരിക്കുന്ന ആകെ മാർക്കിന്റെ അടിസ്ഥാനത്തിൽ ക്ലാസ്സുകളുടെ റാങ്കിങ് നടത്തിയിരിക്കുന്നു. വർഷാവസാനം ഏത് അദ്ധ്യാപകരുടെ ക്ലാസ്സുകൾ റാങ്ക് ലിസ്റ്റിന്റെ ചുവട്ടിലേയ്ക്കു തള്ളപ്പെടുന്നുവോ ആ അദ്ധ്യാപകർ പിരിച്ചുവിടപ്പെടുമെന്ന് ഉറപ്പാണ്. അതുകൊണ്ട് വിദ്യാർത്ഥികളെ പ്രചോദിപ്പിക്കാൻ അദ്ധ്യാപകർ സ്വീകരിക്കുന്ന രീതികളും കടുത്തതാണ്. റൂളർ കൊണ്ട് വിരല്പുറങ്ങളിൽ മുട്ടുന്നതിനു പുറമെ, ചില അദ്ധ്യാപകർ വിദ്യാർത്ഥികളെ പരസ്പരം ടെസ്റ്റുകളെഴുതി മത്സരിപ്പിക്കുകയും ചെയ്യുന്നു. 'മരണക്കളി' എന്നാണ് ഈ മത്സരങ്ങൾ അറിയപ്പെടുന്നത്. അതിൽ പരാജയപ്പെടുന്നവർക്ക് പ്രഭാതം മുഴുവനും നിൽക്കേണ്ടി വരുന്നെന്ന് ചില വിദ്യാർത്ഥികൾ എന്നോടു പറഞ്ഞു. ഒരിക്കൽ അമാന്തം കാണിച്ച ഒരു വിദ്യാർത്ഥിക്കുള്ള ശിക്ഷയായി അയാളുടെ അമ്മയ്ക്ക് മകന്റെ ക്ലാസ്സിനു വെളിയിൽ ഒരാഴ്ചയോളം നിൽക്കേണ്ടി വന്നു. ഈ സംഭവം വളരെയധികം ചർച്ച ചെയ്യപ്പെട്ടു. ആവർത്തനവിദ്യാർത്ഥികൾക്ക് അദ്ധ്യാപകർ ദയവില്ലാതെ ഓതിക്കൊടുക്കുന്ന ഒരു മന്ത്രമുണ്ട്: 'എപ്പോഴും നിങ്ങളുടെ പരാജയം ഓർമ്മിക്കുക!'

മാവോതൻച്യാങ്ങിലെ ഏറ്റവും പ്രശസ്തനായ ബിരുദധാരി മെലിഞ്ഞ, കണ്ണുകളുടെ മുകളിൽ മുടി ചിതറിക്കിടക്കുന്ന ഒരു പത്തൊൻപതുകാരനാണ്. അയാളുടെ പേര് സു പെംഗ് എന്നാണ്. ക്രൂരപീഡനം മിക്കവരും ഭയപ്പെടുന്നു. എന്നാൽ അത് ആസ്വദിക്കുന്ന ചിലരുണ്ട്. സു പെംഗ് അക്കൂട്ടത്തിൽ പെടുന്നയാളല്ല. എങ്കിലും ക്രാം സ്‌കൂളിലേയ്ക്കു വന്നത് എന്തുകൊണ്ടെന്ന് അയാൾ വിശദീകരിച്ചു, 'ക്രൂരമായൊരു സ്ഥലം ഞാനാഗ്രഹിച്ചു.'

ചൈനയുടെ ആറു കോടി 'ഉപേക്ഷിക്കപ്പെട്ട' കുട്ടികളിൽ ഒരാളായാണ് സു പെംഗ് വളർന്നത്. സു പെംഗിന്റെ മാതാപിതാക്കൾ ദൂരെയുള്ള വുക്‌സി നഗരത്തിൽ പഴക്കച്ചവടം നടത്തിയിരുന്നതുകൊണ്ട് ഹോങ്ജിങ് വില്ലേജിൽ താമസിച്ചിരുന്ന മുത്തച്ഛനും മുത്തശ്ശിയുമാണ് സു പെംഗിനെ പോറ്റിവളർത്തിയത്. അതിനിടെ സു നിയന്ത്രണം വിട്ടു. ക്ലാസ്സുകൾ നഷ്ടപ്പെടുത്തി. പഠനത്തിൽ ശ്രദ്ധ കുറഞ്ഞു. സുഹൃത്തുക്കളുമൊത്ത് ചുറ്റിക്കറങ്ങി. വീഡിയോ ഗെയിമിൽ ആകൃഷ്ടനായി. മുത്തച്ഛൻ സു പെംഗിന്റെ മാതാപിതാക്കളെ വീട്ടിലേയ്ക്കു വിളിച്ചുവരുത്തി. സു പെംഗിന്റെ വിദ്യാഭ്യാസത്തിൽ ശ്രദ്ധിക്കാൻ വേണ്ടി സു പെംഗിന്റെ അമ്മ ജോലിക്കു പോകുന്നതു നിർത്തിയപ്പോൾ കുടുംബത്തിന്റെ വരുമാനം കുറഞ്ഞു. അമ്മയെ പ്രീതിപ്പെടുത്താൻ വേണ്ടി സു ശ്രമിച്ചെങ്കിലും, ഹൈസ്‌കൂൾ പ്രവേശനപരീക്ഷയിൽ സു വീണ്ടും പതറി. ആ പ്രദേശത്തെ ഏറ്റവും നല്ല ഹൈസ്‌കൂളിൽ പ്രവേശനം കിട്ടാനുള്ള അർഹത ഇല്ലാതായി. നീരസപ്പെട്ട അമ്മ സുവിനോട് ദിവസങ്ങളോളം സംസാരിക്കാതിരുന്നു. ഹൈസ്‌കൂളിൽ പ്രവേശനം കിട്ടാനുള്ള മാർഗ്ഗങ്ങളില്ലാതായപ്പോൾ സു മാവോതൻച്യാങ്ങിലേയ്ക്കു തിരിഞ്ഞു. 'സ്‌കൂൾ വളരെ കർശനമായിരുന്നു എന്നു മാത്രമേ എനിക്കറിയാമായിരുന്നുള്ളു,' സു എന്നോടു പറഞ്ഞു. 'സ്‌കൂളിന്റെ കാർക്കശ്യം മൂലം ചില വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു എന്നും കേട്ടിരുന്നു. 'അത്തരമൊരു സ്‌കൂളിൽ മാത്രമേ എന്റെ പഠനം നടക്കുകയുള്ളു എന്നെനിക്കു ബോദ്ധ്യമായി. മറ്റൊരു തരത്തിലും ഞാൻ അച്ചടക്കമുള്ളവനാകുകയില്ല എന്നെനിക്ക് ഉറപ്പായിരുന്നു.'

മാവോതൻച്യാങ്ങിൽ എത്തിയ സു അധികനാൾ കഴിയും മുൻപു തന്നെ തന്റെ അദ്ധ്യാപകർക്ക് ആവശ്യത്തിനുള്ള ക്രൂരതയുണ്ടായിരുന്നില്ല എന്നു തീരുമാനിച്ചു. വിജയശതമാനം ഉയർത്തുകയായിരുന്നു സ്‌കൂളിന്റെ മുഖ്യലക്ഷ്യം. സ്‌കൂളിന്റെ ഖ്യാതിയും അതിലായിരുന്നു. പക്ഷേ ആ ലക്ഷ്യത്തിന് ഒരു ന്യൂനതയുണ്ടായിരുന്നു. താഴ്ന്ന നിലവാരത്തിലുള്ള വിദ്യാർത്ഥികളെ രണ്ടാംകിട, മൂന്നാംകിട സർവ്വകലാശാലകളിൽ പ്രവേശനത്തിന് ആവശ്യമുള്ള മിനിമം സ്‌കോർ കടത്തിവിടാനായിരുന്നു അദ്ധ്യാപകരുടെ തീവ്രപ്രയത്‌നം മുഴുവനും. 'സകലരേയും ആ തലത്തിനു മുകളിലെത്തിക്കുന്നതിലായിരുന്നു അവരുടെ ഊന്നൽ,' സു പറഞ്ഞു. 'പക്ഷേ, പാസ്സാകാൻ മതിയായ സ്‌കോറുകൾ നിങ്ങൾക്കു കിട്ടിക്കഴിഞ്ഞാൽ, നിങ്ങളെ ശ്രദ്ധിക്കുന്നത് അവർ നിർത്തുന്നു.' ആദ്യത്തെ രണ്ടു കൊല്ലത്തിനിടയിൽ ഭ്രാന്തമായ സ്വയനിയന്ത്രണം വികസിപ്പിച്ചെടുക്കാൻ സു തീരുമാനിച്ചു. ക്ലാസ്സുകൾക്കിടയിലുള്ള നിമിഷങ്ങളിൽ, ശൗചാലയത്തിനുള്ളിൽ, കഫെറ്റീരിയയിൽ, അങ്ങനെ അധികം കിട്ടിയ നിമിഷങ്ങൾ പോലും സു പഠനം കൊണ്ടു നിറച്ചു. രാത്രിയിൽ, പതിനൊന്നരയ്ക്ക് ലൈറ്റുകൾ അണഞ്ഞ ശേഷം ബാറ്ററിവിളക്കുപയോഗിച്ച് സു പഠനം തുടർന്നു.

മാവോതൻച്യാങ്ങിൽ സുവിന്റെ മൂന്നാം വർഷത്തിൽ അമ്മ സുവിനോടൊപ്പം പട്ടണത്തിലെ ഒരു വാടകമുറിയിൽ താമസിക്കാൻ തുടങ്ങിയപ്പോൾ സുവിന്റെ ടെസ്റ്റ് സ്‌കോറുകൾ ഉയർന്ന് ആയിരങ്ങളിൽ ആദ്യമായെത്തിച്ചേർന്നു. ബെയ്ജിംഗിലെ പ്രശസ്തമായ സിങ്ഹ്വാ സർവ്വകലാശാലയിൽ പ്രവേശനം സിദ്ധിക്കുന്ന മാവോതൻച്യാങ്ങിൽ നിന്നുള്ള പ്രഥമ വിദ്യാർത്ഥിയാകാനുള്ള സാദ്ധ്യത കാണുന്നുണ്ടെന്ന് 2013ലെ വസന്തത്തിന്റെ തുടക്കത്തിൽ സുവിന്റെ മുഖ്യ അദ്ധ്യാപകൻ സുവിനോടു പറഞ്ഞു. സിങ്ഹ്വാ സർവ്വകലാശാല ചൈനയിലെ എം ഐ ടി എന്നറിയപ്പെടുന്നു. രണ്ടാം കിട സർവ്വകലാശാലകളിലേയ്ക്ക് ധാരാളം കുട്ടികളെ സ്ഥിരമായി ലഭ്യമാക്കുന്ന ഒരു സ്‌കൂൾ എന്ന പ്രശസ്തി മാവോതൻച്യാങ്ങിനു വർഷങ്ങളായി കൈവന്നു കഴിഞ്ഞിരുന്നു. ചൈനയിലെ ഒന്നാം കിട സർവ്വകലാശാലകളിൽ ഏതിലെങ്കിലും മാവോതൻച്യാങ്ങിൽ നിന്നുള്ള ഒരു വിദ്യാർത്ഥിക്കെങ്കിലും പ്രവേശനം കിട്ടിക്കാണാൻ സ്‌കൂൾ ഭരണാധികാരികൾ അതിയായി ആഗ്രഹിക്കുന്നെന്നും, അതിനായി വലിയൊരു തുക പാരിതോഷികമായി നൽകാൻ തീരുമാനിച്ചിരിക്കുന്നെന്നും അദ്ധ്യാപകൻ സുവിനോടു പറഞ്ഞു. അൻപതിനായിരം ഡോളറായിരിക്കും ആ തുകയെന്നും ആ തുക സുവിന്റെ കുടുംബത്തിനും മിഡിൽ സ്‌കൂളിനും മാവോതൻച്യാങ്ങിലെ സുവിന്റെ അദ്ധ്യാപകർക്കും തുല്യമായി വീതിക്കുമെന്നും അദ്ധ്യാപകൻ അറിയിച്ചു.

ഗ്യാവോകാവോയ്ക്കു മുൻപ് ലുവാൻ നഗരത്തിലെ പരീക്ഷാകേന്ദ്രത്തിനടുത്തുള്ള ഒരു ഹോട്ടലിൽ സു മുറിയെടുത്തു താമസിച്ചു. നാല്പത്തെട്ടു മണിക്കൂർ സമയം സു മുറിയിൽ നിന്നു പുറത്തിറങ്ങിയില്ല. 'എനിക്കു ഭ്രാന്തായി എന്നു പോലും എന്റെ മാതാപിതാക്കൾ സംശയിച്ചു,' സു എന്നോടു പറഞ്ഞു. 'മുറിയിൽ നിന്നു താഴെ വരാൻ ഞാനെന്തുകൊണ്ടു വിസമ്മതിച്ചെന്ന് അവർക്കു മനസ്സിലായില്ല. പക്ഷേ ഒളിമ്പിക്‌സിനു വേണ്ടി പരിശീലനം നടത്തുന്നതു പോലെ തന്നെയാണ് ഗ്യാവോകാവോയ്ക്കുള്ള പാഠങ്ങൾ ഹൃദിസ്ഥമാക്കുന്നതും. പഠനത്തിന്റെ വേഗത ഒട്ടും കുറയാതെ നോക്കണം. ഒന്നോ രണ്ടോ ദിവസം വിട്ടുകളഞ്ഞാൽ നിങ്ങളുടെ സ്പീഡ് വളരെ കുറഞ്ഞുപോകും.' അധികശ്രമം നടത്തിയത് സുവിനു സഹായകമായിത്തീർന്നിരിക്കണം. ഗ്യാവോകാവോയ്ക്കു കിട്ടാവുന്നതും എന്നാൽ ഒരിക്കലും ആർക്കും കിട്ടിയിട്ടില്ലാത്തതുമായ 750 മാർക്കിൽ 643 മാർക്ക് സുവിനു കിട്ടി. സിങ്ഹ്വാ യൂണിവേഴ്‌സിറ്റിയിൽ പ്രവേശനം കിട്ടാൻ വേണ്ടി ആങ്ഹുവെയ് പ്രവിശ്യയിൽ നിന്നുള്ള സയൻസു വിദ്യാർത്ഥികൾക്ക് കിട്ടിയിരിക്കേണ്ട മിനിമം മാർക്ക് 641 ആയിരുന്നു. രണ്ടു മാർക്ക് സുവിന് അധികം കിട്ടി. സിങ്ഹ്വയിൽ പ്രവേശനവും കിട്ടി.

സുവിന്റെ നേട്ടം മാവോതൻച്യാങ്ങിൽ വളരെ പ്രസിദ്ധമായിത്തീർന്നു. ഒരു ആരാധനാമൂർത്തിയായാണ് യാങ്ങ് സുവിനെ വീക്ഷിക്കുന്നത്. മുൻ കൊല്ലം അമ്മയോടൊത്ത് സു താമസിച്ച ചെറു മുറി 'ഷുവാൻഗ്യുവാൻ മുറി' എന്ന പേരിൽ പ്രസിദ്ധമായിത്തീർന്നു. മുറിക്കു നൽകിയ പേരിൽ, പ്രാചീനകാലം മുതൽ നടന്നു പോന്നിരുന്ന കേജു പരീക്ഷയുടെ ചരിത്രത്തിൽ ഏറ്റവുമുയർന്ന സ്‌കോർ നേടിയ വിദ്യാർത്ഥിയോടുള്ള ആദരവും പ്രതിഫലിച്ചിരുന്നു. പ്രത്യേകം തെരഞ്ഞെടുത്ത മുന്നൂറു വിദ്യാർത്ഥികൾക്കായി പ്രചോദിപ്പിക്കുന്ന ഒരു പ്രസംഗം നടത്താൻ വേണ്ടി മാവോതൻച്യാങ്ങ് സ്‌കൂൾ ഭരണാധികാരികൾ സുവിനെ തിരികെ സ്‌കൂൾ ക്യാമ്പസ്സിലേയ്ക്കു കൊണ്ടുവന്നു. അവരെല്ലാവരും ഓരോ ക്ലാസ്സിലേയും ഏറ്റവുമുയർന്ന മാർക്കു നേടിയവരായിരുന്നു. മാതൃഭൂമിക്കുവേണ്ടി സ്വജീവൻ ബലികഴിച്ച, നിസ്സ്വാർത്ഥനായൊരു മാതൃകായോദ്ധാവായിരുന്ന ലെയ് ഫെങ്ങിന്റെ ചരിത്രം പഠിക്കാൻ എപ്പോഴും ചൈനീസ് ജനത ആഹ്വാനം ചെയ്യപ്പെടുന്നു. അതേ പോലെ, സു പെംഗിനെ മാതൃകയാക്കാനാണ് മാവോതൻച്യാങ്ങിലെ വിദ്യാർത്ഥികൾ ആഹ്വാനം ചെയ്യപ്പെടുന്നത്.

കഴിഞ്ഞ വസന്തത്തിൽ, സുവിന്റെ പ്രഥമവർഷത്തിന്റെ അവസാനത്തോടടുത്ത് സിങ്ഹ്വാ ക്യാമ്പസ്സിലെ പുൽപരപ്പിൽ വച്ച് ഞാൻ സുവിനെ കണ്ടു. മനോഹരമായ ആ ചുറ്റുപാടുമായി സു അപ്പോഴും ഇണങ്ങിച്ചേർന്നിട്ടില്ലെന്നു തോന്നി. യുവാവായ ഒരു ഗ്രാമവാസി. കനം കുറഞ്ഞൊരു ജാക്കറ്റു ധരിച്ച്, അതിന്റെ കൈകൾ മുട്ടിനു മുകളിലേയ്ക്ക് തെരുത്തു കയറ്റിവച്ചിരിക്കുന്നു. ഞങ്ങൾക്കു ചുറ്റുമുണ്ടായിരുന്ന വിദ്യാർത്ഥികളിൽ അനേകം പേർ ചൈനയിലെ സമ്പന്നകുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. ആധുനികലോകത്തെ പരിഷ്‌കൃതരായ യുവാക്കൾ. അവരുടെ പക്കൽ ഐഫോണും ഫ്രിക്വന്റ് ഫ്‌ലൈയർ കാർഡുകളുമുണ്ടായിരുന്നു. ഹാരി പോട്ടറേയും ദ ബിഗ് ബാങ്ങ് തിയറിയേയും കുറിച്ചുള്ള സൂക്ഷ്മവിവരങ്ങൾ പോലും അവർക്കറിയാമായിരുന്നു.

ഞാൻ കണ്ടുമുട്ടിയപ്പോൾ സു മെലിഞ്ഞിരുന്നു. സു തന്റെ വിദ്യാർത്ഥി ഐഡിയിലെ ഫോട്ടോ എന്നെ കാണിച്ചു തന്നു. അതിനു മുൻപുള്ള ശരത്കാലത്ത് എടുത്തിരുന്ന ആ ഫോട്ടോയിൽ സുവിന്റെ മുഖം ഉരുണ്ടതും മാംസളവുമായിരുന്നു. 'എന്റെ തൂക്കം ഏഴു കിലോ കുറഞ്ഞു' പതിനഞ്ചു പൗണ്ട് 'കാരണം എനിക്ക് ഇവിടുത്തെ ഭക്ഷണവുമായി പൊരുത്തപ്പെടാനാകുന്നില്ല,' സു പറഞ്ഞു. സർവ്വകലാശാലയിലെ സ്വതന്ത്രജീവിതവുമായി പരിചയപ്പെടാൻ സമയമെടുത്തു. 'ഇവിടെ നിയമങ്ങളൊന്നുമില്ല,' സു പറഞ്ഞു. 'പ്രഥമ സെമസ്റ്ററിൽ ഞാനാകെ ആശയക്കുഴപ്പത്തിലായിരുന്നു. കാരണം, എന്തെല്ലാമാണു ചെയ്യേണ്ടതെന്ന് ആരുമെനിക്കു പറഞ്ഞുതന്നിരുന്നില്ല.' എഞ്ചിനീയറിംഗിനു പഠിച്ചുകൊണ്ടിരിക്കുന്ന സു ഇപ്പോൾ പുതിയ കാര്യങ്ങൾ ആസ്വദിക്കാനും പഠിച്ചുകൊണ്ടിരിക്കുകയാണ്: സ്‌നേഹിതരൊത്തു പുറത്തു പോകുക, സൗജന്യസേവനങ്ങൾ ചെയ്തു കൊടുക്കുക, ആഴ്ചയവസാനങ്ങൾ പാർക്കിൽ ചെലവഴിക്കുക, അങ്ങനെയങ്ങനെ. 'ഞാനിപ്പോഴും കഠിനമായി ജോലി ചെയ്യുന്നുണ്ട്', സു പറഞ്ഞു. അമേരിക്കൻ ഐക്യനാടുകളിൽ ബിരുദധാരികൾക്കുള്ള കോഴ്‌സിൽ ചേർന്നു പഠിക്കണം എന്നാണ് സുവിന്റെ ആഗ്രഹം. 'പക്ഷേ, എനിക്കിപ്പോൾ സ്വതന്ത്രമായി ശ്വാസോച്ഛ്വാസം ചെയ്യാനാകുന്നുണ്ട്.'

ജൂണിൽ ഞാൻ മാവോതൻച്യാങ്ങിലേയ്ക്കു മടങ്ങിച്ചെന്നു. ഗ്യാവോകാവോയ്ക്കു വേണ്ടി വിദ്യാർത്ഥികളെല്ലാവരും സ്‌കൂൾ വിട്ടുപോകുന്നതിന്റെ തലേന്നു രാത്രി വായുവിൽ ഒഴുകിനടക്കുന്ന അനേകം കടലാസുറാന്തലുകൾ ഇരുണ്ട ആകാശത്തെ പ്രകാശമാനമാക്കി. ഓറഞ്ചു നിറത്തിലുള്ള ആ പ്രകാശഗോളങ്ങൾ ഉയർന്നുയർന്ന് ആകാശത്ത് പ്രതീക്ഷകളുടെ ഒരു നക്ഷത്രജാലം സൃഷ്ടിച്ചു. കടലാസുറാന്തലുകളുടെ ഉറവിടം ഞാൻ കണ്ടെത്തി. സ്‌കൂളിന്റെ ഒരു വശത്തുള്ള ഗേറ്റിനടുത്ത് തുറന്നുകിടക്കുന്ന കുറച്ചു സ്ഥലമുണ്ടായിരുന്നു. അവിടെ കുറേ കുടുംബങ്ങൾ കടലാസുറാന്തലുകൾക്കകത്ത് എണ്ണയിൽ മുക്കിയ തുണിത്തിരികൾ കത്തിച്ചു വച്ചുകൊണ്ടിരിക്കുകയായിരുന്നു. റാന്തലിനകത്തെ വായു ചൂടുപിടിച്ച് റാന്തലുയരുമ്പോൾ കുടുംബങ്ങളുടെ പ്രാർത്ഥനകളും ഉയരുന്നു. 'എന്റെ മകനെ വര കടത്തിവിടണേ!' ഒരമ്മ ഉറക്കെ പ്രാർത്ഥിച്ചു.

പ്രകാശിക്കുന്ന കടലാസുറാന്തലുകൾ തടസ്സമൊന്നും കൂടാതെ ആകാശത്തേയ്ക്കുയർന്നപ്പോൾ കുടുംബങ്ങൾ ആഹ്ലാദംകൊണ്ട് ആർത്തുവിളിച്ചു. റാന്തലുകളിൽ ഒരെണ്ണം വൈദ്യുതക്കമ്പികളിൽ ഉടക്കിക്കിടന്നു പോയി. ആ റാന്തൽ മുകളിലേയ്ക്കയച്ച അമ്മ നിരാശയായി. കാരണം, ആ പ്രദേശത്തെ വിശ്വാസങ്ങളനുസരിച്ച് അത് ഒരശുഭചിഹ്നമായിരുന്നു: ഗ്യാവോകാവോയിൽ അവരുടെ മകൻ പാസ്സാകുകയില്ല എന്നതിന്റെ അടയാളമായിരിക്കാം അതെന്ന് അവർ ഭയന്നു.

പരീക്ഷാപരിശീലനത്തെ കേവലം യാന്ത്രികമായി പാഠങ്ങൾ ഹൃദിസ്ഥമാക്കലും പഠിച്ചവ തന്നെ ആവർത്തിക്കലുമാക്കി മാറ്റിയ പട്ടണമായിരുന്നു അതെങ്കിലും മാവോതൻച്യാങ്ങ് വിശ്വാസത്തിന്റേയും അന്ധവിശ്വാസത്തിന്റേയും രംഗം കൂടിയായിരുന്നു. ഭൂരിഭാഗം വിദ്യാർത്ഥികളും എന്തെങ്കിലും തരത്തിലുള്ള ഭാഗ്യചിഹ്നം അണിഞ്ഞിരുന്നു. അതു ചിലപ്പോൾ ചുവന്ന അടിവസ്ത്രമായിരിക്കാം (ചുവപ്പു വസ്ത്രം ഭാഗ്യമുള്ളതാണെന്നു വിശ്വസിക്കപ്പെടുന്നു), ആന്റാ എന്നൊരു കമ്പനി നിർമ്മിച്ച ഷൂകളായിരിക്കാം (ആ കമ്പനിയുടെ ചിഹ്നം 'ശരി' എന്ന ടിക് മാർക്കായിരുന്നു; ഇതൊരു ശരിയുത്തരത്തെ സൂചിപ്പിച്ചു.), അല്ലെങ്കിൽ സ്‌കൂൾ ഗേറ്റിനു പുറത്തുള്ള കച്ചവടക്കാരിൽ നിന്നു വാങ്ങിയ, ബുദ്ധിയെ ഉത്തേജിപ്പിക്കുന്ന ചായയുമാകാം. പട്ടണത്തിലെ ഏറ്റവുമധികം വില്പനയുള്ള പോഷകപദാർത്ഥങ്ങൾ ക്ലിയർ മൈൻഡ്, സിക്‌സ് വാൽനട്ട്‌സ് എന്നിവയായിരുന്നു. (നട്ടുകൾ അഥവാ അണ്ടിപ്പരിപ്പുകൾക്ക് തലച്ചോറിന്റെ ആകൃതിയുള്ളതുകൊണ്ട് അവ ബുദ്ധിശക്തി വർദ്ധിപ്പിക്കും എന്ന വിശ്വാസവും വ്യാപകമായുണ്ട്. യാങ്ങിന്റെ മാതാപിതാക്കൾ വലുതായ അന്ധവിശ്വാസങ്ങളുള്ളവരായി തോന്നിയില്ല. പക്ഷേ, നിഗൂഢതയുള്ള വൃക്ഷത്തിന്റേയും അതിന്റെ ചുവട്ടിലെ മൂന്നടി ഉയരമുള്ള ചാരക്കുന്നിന്റേയും സമീപത്തുതന്നെയായിരുന്നു അവർ മുറിയെടുത്തിരുന്നത്. 'വൃക്ഷത്തോടു നിങ്ങൾ പ്രാർത്ഥിക്കുന്നില്ലെങ്കിൽ പരീക്ഷയിൽ നിങ്ങൾക്കു ജയിക്കാനാവില്ല,' യാങ്ങ് പറഞ്ഞു. അത് ആ പ്രദേശത്തു നിലവിലിരുന്നിരുന്നൊരു പഴഞ്ചൊല്ലായിരുന്നു.

യാങ്ങിന്റെ മുറിയിൽ നിന്ന് അല്പമകലെ, ഇടവഴിയിലൊരിടത്ത്, ഒരു സ്റ്റൂളിന്മേൽ ഒരു ജ്യോതിഷി ഇരിക്കുന്നതു കണ്ടു. തൊട്ടടുത്ത് ഒരു ക്യാൻവാസ് ചാർട്ട് നിവർത്തി വച്ചിരിക്കുന്നു. 3.40 ഡോളർ കൊടുത്താൽ, പാകമല്ലാത്തൊരു പിൻസ്‌ട്രൈപ്പ് സ്യൂട്ടു ധരിച്ചിരുന്ന ആ ജ്യോതിഷി ഭവിഷ്യം മുഴുവനും പ്രവചിച്ചു തരും: വിവാഹം, കുട്ടികൾ, മരണം പിന്നെ ഗ്യാവോകാവോ സ്‌കോറും. 'കുറച്ചു ദിവസമായി കച്ചവടം നന്നായിട്ടുണ്ട്,' അർദ്ധസ്മിതത്തോടെ ജ്യോതിഷി പറഞ്ഞു. ഡയമണ്ടിന്റെ ഡിസൈനുകളുള്ള ആർഗൈൽ സ്വെറ്റർ ധരിച്ച, ചെയർമാൻ മാവോയുടെ രീതിയിൽ തലമുടി വെട്ടിയിരിക്കുന്ന, പ്രായം ചെന്ന ഒരാൾ ഞങ്ങളുടെ സംഭാഷണം കണ്ടുനിന്നു. അത് യാങ്ങ് ക്വിമിങ്ങ് ആയിരുന്നു. പെൻഷൻ പറ്റിയ ഒരു കെമിസ്ട്രി അദ്ധ്യാപകൻ. 1980ൽ അദ്ദേഹം മാവോതൻച്യാങ്ങ് സ്‌കൂളിൽ അദ്ധ്യാപകനായി ചേരുമ്പോൾ എണ്ണൂറു വിദ്യാർത്ഥികൾ മാത്രമുള്ള, സാമ്പത്തികപരാധീനതകളും സൗകര്യക്കുറവുകളുമുള്ള സ്ഥിതിയിലായിരുന്നു സ്‌കൂൾ. ഇന്നത്തെ വിപുലമായ സ്ഥാപനമായി സ്‌കൂൾ വളർന്നത് അദ്ദേഹം നോക്കിനിൽക്കെ ആയിരുന്നു. ഗ്രാമപ്രദേശങ്ങളിലുണ്ടായിരുന്ന സ്‌കൂളുകളിൽ മിക്കവയും ആ കാലഘട്ടത്തിൽ തളരുകയോ അടച്ചുപൂട്ടപ്പെടുകയോ ചെയ്തു. പക്ഷെ ആ പ്രതികൂലപരിതസ്ഥിതികളെ അതിജീവിച്ചുകൊണ്ട് മാവോതൻച്യാങ്ങ് അസാമാന്യവളർച്ച നേടുകയാണുണ്ടായത്. സ്‌കൂളിന്റെ വളർച്ചയെ പ്രശംസിക്കുന്നതിനിടയിലും യാങ്ങ് ക്വിമിങ്ങ് അന്ധമായ കാണാപ്പാഠം പഠിക്കലിനെ നിശിതമായി വിമർശിച്ചു. 'ഇത്തരം പഠനം കൊണ്ട് കുട്ടികളുടെ തലച്ചോറ് മരവിച്ചുപോകുന്നു,' അദ്ദേഹം പറഞ്ഞു. 'ഒരു പരീക്ഷയെഴുതേണ്ടത് എങ്ങനെയെന്ന് അവർക്കറിയാം, പക്ഷേ അവർക്ക് സ്വന്തം ചിന്താശക്തിയില്ലാതാകുന്നു.'

ആ രാത്രി എല്ലാവരും മാവോതൻച്യാങ്ങിലെ തങ്ങളുടെ അന്തിമചടങ്ങുകൾ നിർവ്വഹിക്കുന്നതായി തോന്നി. സ്‌കൂൾ യൂണിഫോമണിഞ്ഞ രണ്ടു പെൺകുട്ടികൾ മാവോയുടെ പ്രതിമയിലേയ്ക്കുള്ള നീണ്ട ചവിട്ടുപടികൾ മുട്ടിന്മേൽ ഇഴഞ്ഞു കയറി. കനിവിന്നായി പ്രാർത്ഥിക്കുന്നതുപോലെ ഓരോ ചവിട്ടിന്മേലും അവർ ശിരസ്സുമുട്ടിച്ചു വണങ്ങി. പുണ്യവൃക്ഷത്തിനു മുൻപിൽ അനേകം ഭക്തർ വിദ്യാർത്ഥികളും മാതാപിതാക്കളും ഒരുപോലെ സുഗന്ധദ്രവ്യങ്ങളുടെ കെട്ടിന് ഒടുവിലത്തെ തവണ തീകൊളുത്തി. ആ തീ രാത്രി മുഴുവനും ആളിക്കത്തിക്കൊണ്ടിരിക്കും. ഗ്യാവോകാവോ പരീക്ഷയെഴുതാനുള്ള പതിനായിരത്തോളം വിദ്യാർത്ഥികളെ അടുത്ത പ്രഭാതത്തിൽ പരീക്ഷാകേന്ദ്രത്തിലെത്തിക്കാൻ വേണ്ടി ഡസൻ കണക്കിനു ബസ്സുകൾ അല്പമകലെ തയ്യാറായിക്കിടന്നു. എല്ലാ ബസ്സുകളുടേയും രജിസ്‌ട്രേഷൻ നമ്പറുകൾ എട്ട് എന്ന അക്കത്തിൽ അവസാനിച്ചിരുന്നു. എട്ട് ഏറ്റവും വലിയ ഭാഗ്യനമ്പറാണെന്നാണ് ചൈനക്കാരുടെ വിശ്വാസം.

തനിക്കു വലിയ ഭാഗ്യമുള്ളതായി യാങ്ങിന് എന്തുകൊണ്ടോ തോന്നുന്നുണ്ടായിരുന്നില്ല. യാങ്ങിന്റെ മന്ദഹാസം അപ്രത്യക്ഷമായിരുന്നു. ബാസ്‌കറ്റ്ബാളിനെപ്പറ്റിയും ഷാങ്ഹായിയിലെ കസിനോടൊപ്പം ചേരുന്നതിനെപ്പറ്റിയും യാങ്ങ് പറയാറുണ്ടായിരുന്ന കളിതമാശകളും നിലച്ചു. യാങ്ങിന്റെ അമ്മയും പൊയ്ക്കഴിഞ്ഞിരുന്നു. അവരുടെ ഉത്കണ്ഠ യാങ്ങിന്റെ പരിഭ്രമം വർദ്ധിപ്പിക്കുകയും ഇടയ്ക്കിടെ യാങ്ങിനെ അസ്വസ്ഥനാക്കുകയും ചെയ്തു. അതുകൊണ്ട്, അവസാനത്തെ ആഴ്ചകളിൽ അമ്മയ്ക്കു പകരമായി കൂടെ വന്നു നിൽക്കാമോയെന്ന് യാങ്ങ് മുത്തച്ഛനോടു ചോദിച്ചിരുന്നു. ഇപ്പോളിനിയാകെ ഒരു ദിവസം മാത്രം അവശേഷിച്ചിരിക്കെ, പഠനത്തിനല്ലാതെ മറ്റൊന്നിനും യാങ്ങിനു സമയമില്ല. വർഷങ്ങളായി നടത്തിപ്പോന്ന, വിരാമമില്ലാത്ത ശ്രമങ്ങളുടെ ഫലത്തെപ്പറ്റി യാങ്ങിന്റെ തന്നെ വിലയിരുത്തൽ 'ഏകദേശം തീർത്തിട്ടുണ്ട്' എന്നു മാത്രമായിരുന്നു.

ല്യുവാൻ നഗരത്തിലെ പരീക്ഷാകേന്ദ്രത്തിനടുത്തു തന്നെ എടുത്തിരുന്ന ഒരു വാടകമുറിയിലേയ്ക്ക് യാങ്ങിനെ കൊണ്ടു പോകുന്നതിനായി യാങ്ങിന്റെ മാതാപിതാക്കൾ യുവെജിനിലെ തങ്ങളുടെ ഭവനത്തിൽ നിന്ന് അടുത്ത ദിവസം നേരം പുലരും മുൻപുതന്നെ വാഹനമോടിച്ചെത്തി. പട്ടണത്തിനു പുറത്തുള്ളൊരു ഹോട്ടലിലായിരുന്നു ഞാൻ തലേന്നു രാത്രി താമസിച്ചിരുന്നത്. ഹോട്ടലിൽ നിന്ന് മാവോതൻച്യാങ്ങിലേയ്ക്ക് തങ്ങളുടെ മിനിവാനിൽ തങ്ങളോടൊപ്പം സഞ്ചരിക്കാൻ അവരെന്നെ ക്ഷണിച്ചു. പീച്ചുപഴങ്ങൾ കൊണ്ടുപോകാനുപയോഗിച്ചിരുന്ന ആ വാനിൽ ചെളിപുരണ്ടിരുന്നു. ക്യാബിനിൽ പിൻസീറ്റുകളുണ്ടായിരുന്നില്ല. വാനിന്റെ വിചിത്രമായ ആകൃതി മൂലം 'മിയാൻബാവോ ചെ' അഥവാ 'റൊട്ടിക്കഷ്ണട്രക്ക്' എന്നായിരുന്നു അത്തരം വാനുകൾ ചൈനയിൽ അറിയപ്പെട്ടിരുന്നത്. വാനിൽ ചരക്കുകയറ്റാനുള്ളിടത്ത് യാങ്ങിന്റെ അച്ഛൻ എനിക്കൊരു മരക്കസേര ഇട്ടു തന്നു. ഞാനതിൽ കയറിയിരുന്നു. യാങ്ങിന്റെ അച്ഛൻ വാഹനമോടിക്കവെ സമീപത്ത് യാങ്ങിന്റെ അമ്മ ഉൽക്കണ്ഠയോടെ, നിശ്ശബ്ദയായി ഇരുന്നു. വാഹനം വളവുകൾ തിരിഞ്ഞപ്പോൾ ഞാൻ എന്റെ കസേരയോടൊപ്പം അങ്ങോട്ടുമിങ്ങോട്ടും ഇഴുകിനടന്നു. ആ സമയത്ത് യാങ്ങിന്റെ അച്ഛൻ താൻ 'ബിഗ് ലവ്' എന്ന അരുമപ്പേരിട്ടു കൃഷിചെയ്യുന്ന കാലിഫോർണിയാപീച്ചുപഴങ്ങളെപ്പറ്റി വർണ്ണിച്ചുകൊണ്ടിരുന്നു.

തങ്ങളുടെ മക്കൾ ഗ്യാവോകാവോ പാസ്സാകാനുള്ള സാദ്ധ്യതകൾ വർദ്ധിപ്പിക്കാൻ വേണ്ടി എന്തിനും തയ്യാറാണ് മാവോതൻച്യാങ്ങിൽ താമസിക്കാൻ വരുന്ന പതിനായിരത്തോളം മാതാപിതാക്കൾ. ലിന്നിനെപ്പോലുള്ള അനേകം അമ്മമാർക്ക് ഔപചാരികവിദ്യാഭ്യാസം സിദ്ധിച്ചിട്ടേയില്ല. എങ്കിലും വിദ്യാർത്ഥികളുടെ ഉറക്കസമയത്ത് ടെലിവിഷൻ കാണാനും അലക്കുപണി നടത്താനും പാത്രങ്ങൾ കഴുകാനും പാടില്ലെന്ന അലിഖിതനിയമങ്ങൾ ഏറ്റവും കർക്കശമായി നടപ്പിൽ വരുത്തുന്നത് ഈ അമ്മമാർ തന്നെയാണ്. ഏതാനും വർഷം മുൻപ് പട്ടണത്തിൽ ഒരു ഇന്റർനെറ്റ് കഫേ തുറന്നു. വിദ്യാർത്ഥികളുടെ ശ്രദ്ധ പഠനത്തിൽ നിന്നു തിരിയാൻ അതിടയാക്കിയേയ്ക്കുമെന്ന ഭീതിയുയർന്നപ്പോൾ അമ്മമാർ സ്‌കൂളുമായി സഹകരിച്ച് ഇന്റർനെറ്റ് കഫേയെ ഫലപ്രദമായി ബോയ്‌ക്കോട്ടു ചെയ്യിച്ചു. അധികം കഴിയും മുൻപേ ഇന്റർനെറ്റ് കഫേ അടച്ചുപൂട്ടുകയും ചെയ്തു. ഒരിക്കൽ യാങ്ങിന്റെ സ്‌കോർ ഇടിഞ്ഞപ്പോൾ യാങ്ങിന്റെ അമ്മ യാങ്ങിന്റെ സെൽ ഫോൺ പിടിച്ചെടുക്കുകയും രാത്രിയേറെച്ചെല്ലുന്നതു വരെ പഠിക്കാൻ യാങ്ങിനെ നിർബന്ധിക്കുകയും ചെയ്തു. രാത്രി യാങ്ങ് പഠിച്ചുകൊണ്ടിരിക്കെ, യാങ്ങിന്റെ അമ്മ ഉണർന്നിരുന്ന് ചിത്രശലഭത്തിന്റേയും മത്സ്യങ്ങളുടേയും ഡിസൈനുകളോടുകൂടിയ സ്ലിപ്പറുകൾ സൂചിയും നൂലും കൊണ്ടു നെയ്തുണ്ടാക്കി. പകൽസമയത്തെ പാചകം യാങ്ങിന്റെ ഇടവേളകൾക്കൊപ്പിച്ചു ക്രമീകരിച്ചു. അതുകൊണ്ട് ആഹാരം കഴിക്കാൻ വേണ്ടി യാങ്ങിന് വിലപ്പെട്ട പഠനസമയം ഒരു മിനിറ്റു പോലും പാഴാക്കിക്കളയേണ്ടി വന്നില്ല. 'നമുക്കു ചെയ്യാനാകുന്നതെല്ലാം നാം ചെയ്യണം,' ലിൻ പറഞ്ഞു. 'അല്ലെങ്കിൽ എല്ലാക്കാലവും നാം നമ്മെത്തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും.'

ഞങ്ങൾ മാവോതൻച്യാങ്ങിലെത്തിയപ്പോൾ വെളുപ്പിന് അഞ്ചുമണിയേ ആയിരുന്നുള്ളു. പക്ഷേ, പുണ്യവൃക്ഷത്തിനു ചുറ്റും അമ്മമാർ കൂട്ടം കൂടി നിന്നിരുന്നു. അവർ കത്തിച്ച സുഗന്ധദ്രവ്യക്കെട്ടുകളിൽ നിന്നും കൂമ്പാരം കൂടിക്കിടക്കുന്ന കനലുകളിൽ നിന്നുമുള്ള ചൂട് ശക്തമായിരുന്നതിനാൽ ഞങ്ങൾക്ക് യാങ്ങിന്റെ വാടക മുറിയിലേയ്ക്കു ചെന്നെത്താൻ ബുദ്ധിമുട്ടേണ്ടി വന്നു. യാങ്ങിന്റെ അമ്മയും സുഗന്ധദ്രവ്യക്കോലുകൾക്കു തീകൊളുത്തി ചാരക്കൂമ്പാരത്തിൽ തറച്ചുനിർത്തുകയും ശിരസ്സ് മുൻപോട്ടും പുറകോട്ടും ചലിപ്പിച്ച് ഭക്തിയോടെ പ്രാർത്ഥിക്കുകയും ചെയ്തു. അവരുടെ സമീപത്ത്, മറ്റൊരു സ്ത്രീ മുട്ടകൾ നിറച്ച ഒരു സഞ്ചി കനൽക്കൂമ്പാരത്തിൽ നിന്നുള്ള പുകയിൽ പല തവണ ആട്ടി. ശിരസ്സിന്റെ ആകൃതിയുള്ളതുകൊണ്ട് മുട്ടകൾ ബുദ്ധിശക്തിയുടെ ചിഹ്നമാണെന്നാണു വിശ്വാസം.

യാങ്ങിന്റെ അമ്മ ജനലിൽ മുട്ടിയപ്പോൾ യാങ്ങ് ഉണരുന്നേയുണ്ടായിരുന്നുള്ളു. യാങ്ങിന്റെ ലഗ്ഗേജ് തലേന്നു രാത്രി തന്നെ പായ്ക്കു ചെയ്തു കഴിഞ്ഞിരുന്നു. ഒരു ചെറിയ ബാഗു നിറയെ വസ്ത്രങ്ങൾ. വലിയൊരു ബാഗു നിറയെ പുസ്തകങ്ങൾ. യാങ്ങിന്റെ മുത്തച്ഛൻ അസ്വസ്ഥനായിരുന്നു. നൂറുകണക്കിനു കാറുകളും ബസ്സുകളും പട്ടണത്തിൽ ഗതാഗതക്കുരുക്കുകൾ സൃഷ്ടിക്കുന്നതിനു മുൻപു തന്നെ സ്ഥലം വിടണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ അസ്വസ്ഥതയ്ക്ക് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. ഞാനുമായി സംസാരിച്ചാൽ അദ്ദേഹത്തിന് ആപത്തുകളുണ്ടാകുമെന്ന് ആരോ ഒരാൾ സ്‌കൂളിലെ ഉദ്യോഗസ്ഥനോ? ഒരയൽവാസിയോ? താക്കീതു നൽകിയിരുന്നു. സ്വന്തം വിജയത്തെപ്പറ്റി ഒരു വർഷത്തോളം ചൈനീസ് പത്രമാദ്ധ്യമത്തിലൂടെ, ശബ്ദകോലാഹലത്തോടെ പൊതുജനത്തെ വിളിച്ചറിയിച്ചുകൊണ്ടിരുന്ന മാവോതൻച്യാങ്ങ് ഇപ്പോൾ പ്രസിദ്ധി അധികം വേണ്ടെന്ന നിലപാടിലേയ്ക്കു പിൻവാങ്ങിയിരിക്കുന്നു. 'പന്നി തടിച്ചുകൊഴുക്കുന്നതു ഭയപ്പെടുന്നതുപോലെ ജനങ്ങൾ പ്രസിദ്ധിയെ ഭയപ്പെടുന്നു' എന്ന അർത്ഥം വരുന്ന ഒരു ചൈനീസ് ചൊല്ലുണ്ടത്രെ. വിറയാർന്ന ശബ്ദത്തോടെ യാങ്ങിന്റെ മുത്തച്ഛൻ എന്നോടു പോകാൻ പറഞ്ഞു. ഞാൻ ആ കുടുംബത്തോടു യാത്ര പറഞ്ഞു. യാങ്ങിന്റെ ഗ്യാവോകാവോ യാത്രയ്ക്കു വേണ്ടി അവരെല്ലാവരും 'റൊട്ടിക്കഷ്ണട്രക്കിൽ' കയറുന്നത് ഞാൻ അല്പമകലെ നോക്കി നിന്നു. അവരെന്നെ കടന്നു പോകുമ്പോൾ യാങ്ങിന്റെ അച്ഛൻ ഹോൺ ശബ്ദിപ്പിച്ചു.

മൂന്നു മണിക്കൂർ കഴിഞ്ഞ്, കൃത്യം 8:08ന്, ബസ്സുകളുടെ ആദ്യസംഘം മാവോതൻച്യാങ്ങ് ഹൈസ്‌കൂളിന്റെ ഗേറ്റു കടന്ന് പുറത്ത് ആഹ്ലാദാരവം മുഴക്കിക്കൊണ്ടിരുന്ന മാതാപിതാക്കളുടേയും പട്ടണവാസികളുടേയും മദ്ധ്യത്തിലൂടെ യാത്രയാരംഭിച്ചു. മുൻ കാലങ്ങളിൽ ഈ ഘോഷയാത്രയോടൊപ്പം പെരുമ്പറമുഴക്കവും വെടിക്കെട്ടും ഉണ്ടാകാറുണ്ടായിരുന്നു. ഇത്തവണ സ്‌കൂളിന്റെ അഭ്യർത്ഥനപ്രകാരം ആഘോഷങ്ങൾ ലളിതമാക്കിയിരുന്നു. എങ്കിലും ചില ആചാരങ്ങൾ തുടരുകതന്നെ ചെയ്തു. സംഘത്തെ നയിച്ച ബസ്സിലെ ഡ്രൈവർ കുതിരയുടെ വർഷത്തിൽ ജനിച്ചയാളായിരുന്നു. കുതിരയുടെ വർഷത്തിൽ ജന്മമെടുത്ത ഡ്രൈവർക്ക് സംഘത്തിന്റെ നേതൃത്വം നൽകിയത് നടപ്പു വർഷത്തെപ്പറ്റിയുള്ള സൂചന മാത്രമായിരുന്നില്ല. 'മാ ഡാവോ ചെങ് ഗോങ്ങ്' എന്ന ചൈനീസ് പഴഞ്ചൊല്ലിനേയും അത് അർത്ഥമാക്കിയിരുന്നു. 'കുതിരയുടെ ആഗമനത്തോടെ വിജയം' എന്നാണ് ആ പഴഞ്ചൊല്ലിന്റെ അർത്ഥം. ദിവസത്തിന്റെ അന്ത്യത്തോടെ മാവോതൻച്യാങ്ങ് ശൂന്യമാകും. വിദ്യാർത്ഥികളും മാതാപിതാക്കളും അവരെ ആശ്രയിച്ചിരുന്ന വ്യാപാരികളുമെല്ലാം അപ്പോഴേയ്ക്ക് ഒഴിഞ്ഞുപോയിട്ടുമുണ്ടാകും.

ആഴ്ചകൾക്കു ശേഷം ഗ്യാവോകാവോ പരീക്ഷാഫലം പുറത്തുവന്നപ്പോൾ ഞാൻ യാങ്ങിനെ വിളിച്ചു. യാങ്ങ് പരീക്ഷയിൽ ശോഭിച്ചുകാണില്ലെന്നും എന്റെ സാന്നിദ്ധ്യവും അതിനുള്ള കാരണങ്ങളിൽ ഒന്നായിരുന്നിരിക്കാമെന്നും ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ചയ്ക്കു ശേഷം ഞാൻ ഭയന്നിരുന്നു. എന്നാൽ യാങ്ങ് ഉത്സാഹഭരിതനായിരുന്നു. സമീപകാലത്തെ പരിശീലനപ്പരീക്ഷകളിൽ നേടിയിരുന്നതിനേക്കാൾ വളരെ മികച്ച സ്‌കോറുകൾ ഗ്യാവോകാവോയിൽ യാങ്ങിനു നേടാനായി. യാങ്ങ് സ്വപ്നം കണ്ടിരുന്ന ഷാങ്ഹായിയിലെ ഒന്നാംകിട സർവ്വകലാശാലകളിൽ പ്രവേശനം സിദ്ധിക്കാൻ മതിയായതായിരുന്നില്ല ആ സ്‌കോറുകൾ. എന്നാലവ ആങ്ഹുവെയ് പ്രവിശ്യയിലെ ഏറ്റവും നല്ല രണ്ടാംകിട സർവ്വകലാശാലകളിലൊന്നിൽ പ്രവേശനം സിദ്ധിക്കാൻ മതിയായതായിരുന്നു. ബിരുദം നേടിക്കഴിയുമ്പോൾ ഒരു ജോലി കിട്ടുമെന്ന് ഉറപ്പില്ലെങ്കിലും മാവോതൻച്യാങ്ങ് ഹൈസ്‌കൂളിനും തന്റെ ഗ്രാമത്തിലെ ഇടുങ്ങിയ സ്‌കൂളിനും പുറത്തുള്ള ലോകത്തെപ്പറ്റി അറിയാനുള്ള അതിയായ ആകാംക്ഷ യാങ്ങിനുണ്ടായിരുന്നു. 'സ്‌കൂളിൽ ഞാൻ സയൻസു പഠിച്ചു. പക്ഷേ, കലയും സംഗീതവും എഴുത്തും അതുപോലുള്ള സർഗ്ഗാത്മകപ്രവർത്തനങ്ങളുമാണ് ഞാനിഷ്ടപ്പെടുന്നത് എന്നതാണു സത്യം,' യാങ്ങു പറഞ്ഞു. 'ഗ്യാവോകാവോ പരീക്ഷയെഴുതുന്നതിലുപരിയായി അധികമൊന്നും അറിവില്ലാത്ത എന്നെപ്പോലുള്ള ഒരുപാടു വിദ്യാർത്ഥികളുണ്ടെന്നു ഞാൻ കരുതുന്നു.' യാങ്ങിന് ഒന്നറിയാം: തന്റെ മാതാപിതാക്കൾ ബിഗ് ലവ് ഫാമിൽ നയിക്കുന്ന ജീവിതത്തിൽ നിന്നും വളരെ വ്യത്യസ്തമായിരിക്കും തന്റെ ജീവിതം.

ആ ദിവസം കിട്ടിയ എല്ലാ വാർത്തകളും ഒരേ പോലെ ആഹ്ലാദപ്രദമായിരുന്നില്ല. യാങ്ങിന്റെ ബാല്യകാലസുഹൃത്ത്, ക്യാവോ, പരീക്ഷയിൽ തോറ്റു. ക്യാവോവിനെ പെട്ടെന്നൊരു ഭയം ആക്രമിച്ചു കീഴടക്കിയിരുന്നെന്ന് യാങ്ങു പറഞ്ഞു. ക്യാവോവിന്റെ കുടുംബത്തിന്റെ ഹൃദയം തകർന്നു. ക്യാവോവിന്റെ പഠനത്തെ വർഷങ്ങളായി അമ്മ സഹായിച്ചിരുന്നു. മാവോതൻച്യാങ്ങിലേയ്ക്കുള്ള ഫീസടയ്ക്കാൻ വേണ്ടി അച്ഛൻ ദിവസേന പന്ത്രണ്ടു മണിക്കൂറും വർഷത്തിൽ അൻപതാഴ്ചയും കിഴക്കൻ ചൈനയിൽ ആകാശം മുട്ടെയുള്ള കെട്ടിടനിർമ്മാണങ്ങളിൽ പണിയെടുത്തിരുന്നു. ക്യാവോ ഇപ്പോഴും ഇംഗ്ലീഷ് അദ്ധ്യാപകനായിത്തീരുന്നതിനെപ്പറ്റി അവ്യക്തമായി സംസാരിക്കുന്നുണ്ടെന്ന് യാങ്ങു പറഞ്ഞു. പക്ഷേ ക്യാവോവിന്റെ ഭാവി ഇരുണ്ടതായിരുന്നു. മാവോതൻച്യാങ്ങിൽ വീണ്ടുമൊരാവർത്തനം താങ്ങാൻ ഒരിക്കലും ക്യാവോവിന്റെ കുടുംബത്തിനാവില്ല. ക്യാവോവിന്റെ മുന്നിൽ ഒരേയൊരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളു. 'ഡഗോങ്ങ്,' യാങ്ങു പറഞ്ഞു. 'അവൻ പോയിക്കഴിഞ്ഞു.' ഗ്യാവോകാവോയിൽ തോറ്റെന്നറിഞ്ഞയുടനെ ക്യാവോ നാടും വീടും വെടിഞ്ഞ്, തൊഴിലന്വേഷിച്ച് ചൈനയുടെ തീരപ്രദേശങ്ങളിലെ മിന്നിത്തിളങ്ങുന്ന നഗരങ്ങളിലേയ്ക്കു പുറപ്പെട്ടു.

(ലേഖനം അവസാനിച്ചു - വിവർത്തനം : സുനിൽ എം എസ്‌)

അടിക്കുറിപ്പുകൾ

ക്രാം സ്‌കൂൾ എൻട്രൻസ് പോലുള്ള പരീക്ഷകൾക്കായി പ്രത്യേകതരം ഹ്രസ്വകാല ക്രാഷ് കോഴ്‌സുകൾ നടത്തുന്ന സ്‌കൂളുകൾക്കാണ് ക്രാം സ്‌കൂൾ എന്നു പറയുന്നത്.

സെസാം എള്ള് - തോഫു സോയമിൽക്കിൽ നിന്നുള്ള പാൽക്കട്ടി.

ബങ്ക് - പല തട്ടുകളുള്ള കട്ടിൽ

SAT - Standardised Test; അമേരിക്കയിൽ കോളേജ് അഡ്‌മിഷനു വേണ്ടി നടത്തപ്പെടുന്ന ഒരു ടെസ്റ്റ്.

ACT - American College Testing- ഇതും അമേരിക്കയിൽ കോളേജ് അഡ്‌മിഷനു വേണ്ടി നടത്തപ്പെടുന്ന ഒരു ടെസ്റ്റു തന്നെ.

'തടവുപുള്ളികളുടെ ആശയക്കുഴപ്പം' 'ഇന്നസെന്റ് പ്രിസണേഴ്‌സ് ഡിലമ്മാ' – ചെയ്യാത്ത കുറ്റം ആരോപിക്കപ്പെട്ടു തടവിലായ ഒരു നിരപരാധിക്കു തെരഞ്ഞെടുക്കാനായി രണ്ടു മാർഗ്ഗങ്ങൾ നിർദ്ദേശിക്കപ്പെടുന്ന സ്ഥിതി. ഒന്ന്, ചെയ്യാത്ത കുറ്റം ചെയ്‌തെന്നു സമ്മതിച്ച് പരോൾ നേടി പുറത്തു കടക്കുക. രണ്ട്, കുറ്റം നിഷേധിച്ച് ജയിൽശിക്ഷ വരിക്കുക.

'നിരോധിതനഗരം' ബെയ്ജിങ് നഗരമദ്ധ്യത്തിലുള്ള 'നിരോധിതനഗരം' (ഫർബിഡൻ സിറ്റി) മിങ്ങ് സാമ്രാജ്യകാലം (1368 – 1644) മുതൽ ക്വിങ്ങ് സാമ്രാജ്യകാലം (1644 – 1912) വരെ അര സഹസ്രാബ്ദത്തോളം ചക്രവർത്തിയുടെ കൊട്ടാരമായിരുന്നു. 1925നു ശേഷം 'നിരോധിതനഗരം' പാലസ് മ്യൂസിയത്തിന്റെ ഭാഗമായി മാറി.

32 മില്യൻ ഡോളർ 203 കോടി രൂപ

ആർഗൈൽ സ്വെറ്റർ ഡയമണ്ടിന്റെ ആകൃതിയിൽ, വ്യത്യസ്ത നിറങ്ങളിലെ ഡിസൈനുകളുള്ള സ്വെറ്റർ.

പിൻസ്‌ട്രൈപ്പ് നേരിയ വരകളുള്ള

'പന്നി തടിച്ചുകൊഴുക്കുന്നതു ഭയപ്പെടുന്നതുപോലെ ജനങ്ങൾ പ്രസിദ്ധിയെ ഭയപ്പെടുന്നു' പന്നി തടിച്ചുകൊഴുത്താൽ അധികം താമസിയാതെ കശാപ്പു ചെയ്യപ്പെടുന്നു

(ലേഖകനെപ്പറ്റി: ബ്രൂക്ക് ലാർമർ ന്യൂയോർക്ക് ടൈംസിന്റെ ഒരു ലേഖകനാണ്. ചൈനീസ് ടെന്നീസ് കളിക്കാരി ലി നായെപ്പറ്റി അദ്ദേഹമെഴുതിയ ലേഖനം 2014ലെ ഏറ്റവും മികച്ച അമേരിക്കൻ സ്‌പോർട്ട്‌സ് ലേഖനങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.)

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ആദ്യം തെളിഞ്ഞതുകൊല്ലത്തെ ചിത്രം; പ്രേമചന്ദ്രനും കെഎൻ ബാലഗോപാലും ഏറ്റുമുട്ടുമ്പോൾ ജനം ആർക്കൊപ്പം നിൽക്കും; എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗം കലഞ്ഞൂർ മധുവിന്റെ സഹോദരനെ സുകുമാരൻ നായർ കൈവിടുമോ? സുരേഷ് ഗോപി മുതൽ സിവി ആനന്ദബോസ് വരെയുള്ളവരുടെ പേരുയർത്തുമ്പോഴും ഒരു സ്ഥിരീകരണവുമില്ലാതെ ബിജെപിക്ക് കിതപ്പ്; ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ കൊല്ലം ചർച്ചയാകുമ്പോൾ
തുഷാർ മത്സരിച്ചില്ലെങ്കിൽ തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, കൊല്ലം, തൃശ്ശൂർ, പാലക്കാട്, കാസർകോട് മണ്ഡലങ്ങളിൽ ബിജെപി നേരിട്ടു മത്സരിക്കും; കുമ്മനം വരില്ലെന്ന് ഉറപ്പായതോടെ കെ സുരേന്ദ്രനെ നിർത്താൻ സമ്മർദ്ദം ശക്തം; പത്തനംതിട്ടയിലും തൃശ്ശൂരും കണ്ണന്താനത്തിന്റെ പേരും സജീവം; എന്തുവില കൊടുത്തും തിരുവനന്തപുരത്തെ വിജയം ഉറപ്പിക്കാൻ കൂടിയാലോചനകളുമായി ബിജെപി നേതാക്കൾ
പഠിത്തം അവസാനിപ്പിച്ച് ഞാൻ നടന്നു കയറിയ ജീവിതം ഒരു പേടിസ്വപ്നമായിരുന്നു; അന്ന് ഒരുപാട് കരഞ്ഞു; ആരോടും ഒന്നും പങ്കുവച്ചില്ല; ആ സ്വപ്ന ജീവിതം വിട്ടിറങ്ങുമ്പോൾ ഉണ്ടായിരുന്നത് രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞും സീറോ ബാലൻസ് അക്കൗണ്ടും; അഹങ്കാരിയെന്നും ഒന്നിനും കൊള്ളാത്തവളെന്നും മുദ്രകുത്തി; ഇപ്പോൾ ഞാൻ ആരാണെന്ന് എനിക്കറിയാം: അമൃത സുരേഷ് ജീവിതം പറയുന്നു
കടംവാങ്ങിയയും കൈയിലുള്ളതുമായി മുടക്കിയത് ആറു കോടി; എല്ലാം തീർന്നപ്പോൾ അണിയറക്കാരുടെ പാസ്‌പോർട്ട് വരെ സ്‌പോൺസറുടെ കൈയിലായി; ബാങ്കോക്കിൽ സെറ്റിൽ ചെയ്യാനുള്ളത് രണ്ടരക്കോടി; കടം കൊടുത്ത ഫിനാൻസർ പടം പൂർത്തിയാക്കാൻ തയ്യാറെങ്കിലും പ്രൊഡ്യൂസർ പദവി വിട്ടുകൊടുക്കില്ലെന്ന് നിർബന്ധം പിടിച്ച് സനൽ തോട്ടം; നടിയെ ആക്രമിച്ച കേസ് അനുഗ്രഹമാക്കി രാമചന്ദ്രബാബുവിനേയും സംഘത്തേയും ബാങ്കോക്കിൽ വിട്ട് ദിലീപ് കൊച്ചിയിലുമെത്തി; പ്രൊഫ ഡിങ്കൻ സർവ്വത്ര പ്രതിസന്ധിയിൽ
ശബരിമല ദർശനത്തിന് എത്തിയ രേഷ്മ നിശാന്തിനെയും ഷാനിലയെയും പൊലീസ് മടക്കി അയച്ചു; സുരക്ഷ നൽകാനാവില്ലെന്ന് പൊലീസ് അറിയിച്ചതോടെ നിലയ്ക്കലിൽ നിന്നും യുവതികൾ അടങ്ങുന്ന എട്ടംഗ സംഘം എരുമേലിയിലേക്ക് മടങ്ങി; യുവതികൾ ദർശനത്തിന് എത്തുന്നതറിഞ്ഞ് പ്രതിഷേധക്കാർ സംഘടിച്ചതോടെ കൈയൊഴിഞ്ഞു പൊലീസ്; നൂറ് ദിവസത്തോളം വ്രതം നോറ്റ് മൂന്ന് തവണ മലകയറാൻ എത്തിയിട്ടും ഭക്തപ്രതിഷേധത്തിൽ കണ്ണൂരുകാരി രേഷ്മക്ക് നിരാശയോടെ മടക്കം; ഇന്ന് കൂടുതൽ യുവതികളുമായി മലകയറാൻ എത്തുമെന്ന് ശ്രേയസ് കണാരൻ
അജിത്ത് ഡോവലിന്റെ മകന്റെ കള്ളപ്പണ ബിസിനസിൽ ചർച്ചയാകുന്നത് യുസഫലിയുടെ കൊച്ചപ്പയുടെ മകന്റെ പേര്; പിതൃ സഹോദര പുത്രനെ ലുലു ഗ്രൂപ്പിന്റെ ഖത്തർ ചുമതല ഏൽപ്പിച്ചത് 2000ത്തിൽ; വിവാദ വ്യവസായി കേരള സർക്കാരിന്റെ ഇൻകെലിലും ഡയറക്ടർ; ഖത്തറിൽ താമസിക്കുന്ന അമ്പതുകാരനെ കുറിച്ച് 'ലുലു ഗ്രൂപ്പിൽ' ഉള്ളവർക്ക് പറയാനുള്ളത് നല്ലതു മാത്രം; വിവാദത്തിലാകുന്നത് നാട്ടികയിലെ സൗമ്യനും ശാന്തശീലനുമായ ശതകോടീശ്വരൻ; 8300 കോടിയുടെ കള്ളപ്പണ ഇടപാടിൽ കുടുങ്ങിയ മുഹമ്മദ് അൽതാഫ് മുസ്ലിം വീട്ടിലിന്റെ കഥ
ഓണപ്പതിപ്പിനായി ദിലീപിന്റെയും കുടുംബത്തിന്റെയും ഫോട്ടോ എടുക്കാനാണ് വീട്ടിൽ പോയത്; ഇറങ്ങാൻ നേരം ദിലീപ് എന്നോടു പറഞ്ഞു: ഒരുനടൻ എന്നെ വല്ലാതെ ദ്രോഹിക്കുന്നു... അവനെ കയറൂരി വിട്ടാൽ എനിക്ക് ഭീഷണിയായി വളരും..അതുകൊണ്ട് അവന്റെ വളർച്ച തടയണം: കുഞ്ചാക്കോ ബോബൻ- അവനെ ഒന്ന് ഒതുക്കി തരണം..ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം; പല്ലിശേരിയുടെ പരമ്പര തുടരുന്നു
ഓപ്പറേഷൻ തിയേറ്ററിൽ വച്ച് സിവിൽ സർജനും സുന്ദരിയായ നഴ്‌സും തമ്മിൽ ചൂടൻ ചുംബനം ! ഉജ്ജൈനിലെ ആശുപത്രിയിൽ വച്ച് നടന്ന സംഭവം പുറംലോകമറിഞ്ഞത് വാട്‌സാപ്പ് വീഡിയോ വഴി; നഴ്‌സുമാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡോക്ടറുടെ പണി തെറിച്ചു; ആശുപത്രിയിലെ ചൂഷണത്തിന്റെ മറ്റൊരു മുഖമിങ്ങനെ
പീഡിപ്പിച്ച ശേഷം വിവരം ഭർത്താവറിയാതിരിക്കാൻ കാശു ചോദിച്ച് ബ്ലാക് മെയിലിംഗും ചെയ്തു; ഓർത്തഡോക്‌സ് സഭാ വൈദികന്റെ പീഡനം അതിരു കടന്നപ്പോൾ വീട്ടമ്മ ആത്മഹത്യ ചെയ്തു; നീതി തേടി പൊലീസിന്റെ മുമ്പിലും സഭാ നേതൃത്വത്തിന്റെ മുമ്പിലും കയറി ഇറങ്ങി മടുത്ത് ഒരു പാവം ഭർത്താവ്; നേതി തേടിയുള്ള കുറിച്ചിക്കാരൻ റെജിയുടെ പോരാട്ടം വിജയിക്കുമോ?
കോബാറിലെ കുടുംബവീട്ടിൽ ജിഫിലി ഉറങ്ങാൻ കിടക്കുമ്പോൾ ആരുകരുതി ഉണരില്ലെന്ന്! ജിഫിന്റെ മുറിയിൽ കിടക്കാൻ വാശിപിടിച്ചും അവന്റെ പുതപ്പ് പുതച്ചും വഴുതി വീണത് അവസാന ഉറക്കത്തിലേക്ക്; ഒരുമാസം മുമ്പേ സഹോദരൻ വിടവാങ്ങിയപ്പോൾ ജിഫിലി ഹൃദയം പൊട്ടി പാടിയ 'മറുകരയിൽ നാം കണ്ടീടും' എന്ന ഗാനം ഓർത്ത് അച്ഛൻ ജോർജും കുടുംബവും; ഇത്തവണ ആ ഗാനം മുഴങ്ങുക ജിഫിലിക്കായ്; സൗദിയിൽ രണ്ടുമക്കളുടെയും മരണം ഹൃദയാഘാതം മൂലം; ചെങ്ങന്നൂരിലെ കുടുംബത്തിന്റെ ദുരന്തത്തിൽ ആശ്വാസവാക്കുകളില്ലാതെ ഉറ്റവർ
തിരക്കേറിയ സന്ദർശനത്തിനിടയിൽ രാഹുൽ ഗാന്ധി യൂസഫലിയുടെ അബുദാബിയിലെ ആഡംബര വസതിയിലുമെത്തി; കണ്ടാൽ കൊതി തീരാത്ത അത്യാഡംബരത്തിൽ മയങ്ങി ഭാവി ഇന്ത്യൻ പ്രധാനമന്ത്രി; യൂസഫലിയും ഭാര്യയായ സാബിറയും മകൾ ഷിഫയും മരുമകൻ ഷംസീറും ചേർന്ന് വിശിഷ്ടാതിഥിയെ വീട് ചുറ്റി കാണിച്ചു; ഷെയ്ഖ് സെയ്ദ ഗ്രാന്റ് പള്ളിയും കണ്ട് ദുബായിലേക്ക് തിരിച്ച രാഹുൽ ഇന്ന് ഡൽഹിയിൽ മടങ്ങിയെത്തും
അകമണ്ണിൽ ചതരഞ്ഞത് തീർന്നത് രണ്ട് കുരുന്നുകളും അവരുടെ അമ്മയും നാത്തൂനും മകളും അടക്കം ഒരു കുടുംബത്തിലെ ആറു പേർ; എതിരെ വന്ന ബസ് കാണാതെ ടിപ്പർ ലോറിയെ അമിത വേഗത്തിൽ ഓവർടേക്ക് ചെയ്തത് ദുരന്തകാരണമായി; ബസിനിടയിലേക്ക് ഇടിച്ചു കയറിയ കാറിൽ നിന്നും പുറത്തേക്ക് തെറിച്ചത് ചോരയും മാംസകഷ്ണങ്ങളും; ചാമുണ്ടേശ്വരിയെ കണ്ടിട്ടുള്ള യാത്ര കൊടിയ ദുരന്തമായപ്പോൾ ദുബായിൽ ഇരുന്ന് മനോജ് അലറി വിളിച്ചു; ഇന്നലെ നടന്നത് എംസി റോഡ് കണ്ട ദാരുണ അപകടങ്ങളിൽ ഒന്ന്
ആറു വയസ് മുതൽ ദിവസവും നാലു തവണ പിതാവിന്റെ ക്രൂര ലൈംഗിക പീഡനത്തിന് ഇരയായി ! 'രണ്ടു തവണ ഗർഭം ധരിച്ച ഞാൻ പതിമൂന്നാം വയസിൽ പിതാവിന്റെ കുഞ്ഞിനെ പ്രസവിച്ചു; ഗൂഗിളിൽ നോക്കി ഗർഭം അലസിപ്പിക്കാനുള്ള വഴികൾ തിരഞ്ഞ് അച്ഛൻ നിർബന്ധിച്ച് ചെയ്യിപ്പിച്ചത് കഠിന വ്യായാമങ്ങൾ'; താൻ വർഷങ്ങളായി അനുഭവിച്ച നരകയാതന തുറന്ന് പറഞ്ഞ് 18കാരി ഷാനോൺ
ഇന്നലെ വരെ ബുർഖക്കുള്ളിൽ പൊതിഞ്ഞ് അടിമയെ പോലൊരു ഒറ്റപ്പെട്ട ജീവിതം; ഇന്ന് തലമുണ്ടില്ലാത്ത ബർമുഡയും ധരിച്ച ന്യൂജെൻ സ്‌റ്റൈൽ; പുതു ജീവിതത്തിലേക്ക് ഇറങ്ങിയ റാഫ് മുഹമ്മദിനെ ടൊറന്റോ എയർപോർട്ടിൽ സ്വീകരിക്കാൻ മന്ത്രിമാർ വരെ എത്തി; സൗദിയിൽ നിന്നും രക്ഷപ്പെട്ട് ബാങ്ക്കോംഗിൽ എത്തി കാനഡയിൽ രാഷ്ട്രീയ അഭയാർത്ഥിയായ 18കാരിക്ക് ഇനി സുഖജീവിതം
അവസരം നൽകാമെന്ന് പറഞ്ഞ് ഫ്‌ളാറ്റിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയെ തുടർന്ന് നിർമ്മതാവായ വൈശാഖ് രാജനെ തേടി പൊലീസ്; മറുനാടൻ പുറത്തു വിട്ട സിനിമാ പീഡനക്കേസിൽ നിർമ്മതാവിന്റെ പേരിൽ പൊലീസ് ചുമത്തിയിരിക്കുന്നത് ബലാത്സംഗ കേസ്; ഒത്തുതീർപ്പ് ശ്രമങ്ങൾ പൊളിഞ്ഞതോടെ ഒട്ടേറെ ദിലീപ് സിനിമകളുടെ നിർമ്മാതാവായ ഗൾഫ് വ്യവസായിയെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും; ബ്ലാക് മെയിൽ ശ്രമമെന്ന് ആരോപിച്ച് നിർമ്മാതാവ്; മലയാള സിനിമയെ പിടിച്ചു കുലുക്കി പുതിയ പീഡന കേസ്
മലയാള സിനിമയെ ഞെട്ടിച്ച് വീണ്ടും ലൈംഗിക പീഡന പരാതി; പ്രമുഖ യുവനടിയുടെ ആരോപണം പ്രമുഖ നടന്മാരെ വെച്ച് ഹിറ്റ് സിനിമകൾ ഒരുക്കിയ നിർമ്മാതാവിനെതിരെ; കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി ഒതുക്കിത്തീർക്കാൻ ശ്രമങ്ങൾ തകൃതി; പ്രാഥമിക അന്വേഷണത്തിന്റ പേരിൽ ആരോപണ വിധേയനെതിരെ എഫ്‌ഐആർ ഇടാതെ നടപടികൾ നീട്ടി ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് അവസരമൊരുക്കി ഉദ്യോഗസ്ഥൻ; അന്വേഷണത്തിന്റെ വാസ്തവം ബോധ്യമാകട്ടെ എന്ന് കൊച്ചി സിറ്റി പൊലീസ്
വിപണിയുടെ താരം ലാലേട്ടൻ, പ്രേക്ഷകരുടെ താരം ഫഹദ്; മമ്മൂട്ടിക്ക് ആശ്വസിക്കാൻ 'അബ്രഹാമിന്റെ സന്തതികൾ' മാത്രം; ടൊവീനോയ്ക്ക് സൂപ്പർ സ്റ്റാറുകൾക്ക് പോലുമില്ലാത്ത മിനിമം ഗ്യാരണ്ടി; വെടി തീർന്ന് ദിലീപ്; പ്രതീക്ഷ നിലനിർത്തി നിവിൻ; പൃത്ഥിയുടെ വിജയം 'കൂടെ ' മാത്രം; ദൂൽഖറിന് ചിത്രങ്ങളില്ല; ബോറടിപ്പിച്ച് കുഞ്ചാക്കോ ബോബൻ; നടിമാർ പൊടി പോലുമില്ല, സാന്നിധ്യം മഞ്ജു തന്നെ; പുതിയ താരോദയമായി പ്രണവ്; 2018ലെ മലയാളത്തിന്റെ താരങ്ങളുടെ പ്രകടനം ഇങ്ങനെയാണ്
ട്രെയിൻ ബെർത്തിലും വിമാനത്തിലും കാട്ടിലും അടക്കം വിചിത്രമായ സ്ഥലങ്ങളിൽ വച്ച് സ്വയംഭോഗം ചെയ്ത അനുഭവം സുഹൃത്തുക്കൾ ലാഘവത്തോടെ പറയുന്നത് കേട്ട് അത്ഭുതം തോന്നി; അന്ന് ഞാൻ പുരുഷനെക്കുറിച്ച് അറിയാത്ത ഒരിക്കലും അറിയാൻ സാധ്യത ഇല്ലാത്ത കുറേ കാര്യങ്ങൾ അറിഞ്ഞു; സ്വയംഭോഗത്തെക്കുറിച്ച് ബ്ലോഗിലൂടെ തുറന്നെഴുതി അർച്ചന കവി
ഓണപ്പതിപ്പിനായി ദിലീപിന്റെയും കുടുംബത്തിന്റെയും ഫോട്ടോ എടുക്കാനാണ് വീട്ടിൽ പോയത്; ഇറങ്ങാൻ നേരം ദിലീപ് എന്നോടു പറഞ്ഞു: ഒരുനടൻ എന്നെ വല്ലാതെ ദ്രോഹിക്കുന്നു... അവനെ കയറൂരി വിട്ടാൽ എനിക്ക് ഭീഷണിയായി വളരും..അതുകൊണ്ട് അവന്റെ വളർച്ച തടയണം: കുഞ്ചാക്കോ ബോബൻ- അവനെ ഒന്ന് ഒതുക്കി തരണം..ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം; പല്ലിശേരിയുടെ പരമ്പര തുടരുന്നു
ശ്രീലങ്കക്കാരിക്ക് പുറമെ മൂന്ന് മലേഷ്യൻ യുവതികൾ.. ഒരു മഹാരാഷ്ട്രക്കാരി... രണ്ട് വിദേശികൾ; കനകദുർഗയും ബിന്ദുവും ഉൾപ്പെടെ ഇതുവരെ പൊലീസ് മലചവിട്ടിച്ചത് പത്ത് യുവതികളെ; എല്ലാം സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകാൻ സർക്കാർ ഒരുക്കിയ നാടകം; ശബരിമലയിൽ സംഘപരിവാറിനെ പൊളിക്കാൻ പിണറായിയെ തുണച്ചത് ബെഹറയുടെ അതിബുദ്ധി; ഡിജിപി തയ്യാറാക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ; ആക്ഷൻ സീനുകളില്ലാതെ ക്ലൈമാക്സ് ഗംഭീരമാക്കി പൊലീസ് മേധാവി
ഓപ്പറേഷൻ തിയേറ്ററിൽ വച്ച് സിവിൽ സർജനും സുന്ദരിയായ നഴ്‌സും തമ്മിൽ ചൂടൻ ചുംബനം ! ഉജ്ജൈനിലെ ആശുപത്രിയിൽ വച്ച് നടന്ന സംഭവം പുറംലോകമറിഞ്ഞത് വാട്‌സാപ്പ് വീഡിയോ വഴി; നഴ്‌സുമാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡോക്ടറുടെ പണി തെറിച്ചു; ആശുപത്രിയിലെ ചൂഷണത്തിന്റെ മറ്റൊരു മുഖമിങ്ങനെ
കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിയാതെ മമ്മൂട്ടി; ഇത്തവണത്തെ സൂപ്പർ ഫ്ളോപ്പുകളിൽ കൂടുതലും മമ്മൂട്ടി ചിത്രങ്ങൾ; എട്ടുനിലയിൽ പൊട്ടിയവയിൽ മുൻപന്തിയിൽ ദിലീപ് ചിത്രം കമ്മാരസംഭവം; പ്രതീക്ഷിച്ച വിജയം നേടാനാവതെ മോഹൻലാലിന്റെ നീരാളിയും; ആമിയും പൂമരവും രണവും തീയേറ്ററുകളിൽ ആവിയായി; 2018ൽ മലപോലെ വന്ന് എലിപോലെ പോയ സിനിമകൾ ഇവയാണ്!
ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ തെളിവായി നൽകി പ്രമുഖ നടി; ബ്‌ളാക്ക് മെയിൽ സംഭാഷണത്തിന്റെ ചുവയുള്ള സംഭാഷണം പൊലീസിന് നൽകി പ്രമുഖ നിർമ്മാതാവ്; നടപടികൾ മനഃപൂർവം വൈകിപ്പിച്ച് കൊച്ചി പൊലീസ്; എഫ്‌ഐആർ അടക്കമുള്ള നടപടികൾ വൈകിപ്പിക്കാൻ വേണ്ടി പൊലീസിൽ സമ്മർദ്ദം ചെലുത്തി മലയാളം സിനിമാരംഗത്തെ പ്രമുഖരും; നടിയുടെ ലൈംഗിക പരാതിയിൽ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവിന് മേൽ കൈവിലങ്ങ് വീഴുമോ? ആകാംക്ഷയുമായി സിനിമാ ലോകം