Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവോണച്ചിന്തകൾ : മുതലാളിത്വത്തിന്റെ നേട്ടങ്ങളും, രാജകീയതയുടെ ഗുണങ്ങളും കമ്മ്യുണിസത്തിന്റെ മഹനീയതയും സ്‌പോർട്‌സിന്റെ ഒത്തൊരുമയും ഈ മഹത്തായ ഉത്സവത്തിൽ സമന്വയിക്കുന്നു

തിരുവോണച്ചിന്തകൾ : മുതലാളിത്വത്തിന്റെ നേട്ടങ്ങളും, രാജകീയതയുടെ ഗുണങ്ങളും കമ്മ്യുണിസത്തിന്റെ മഹനീയതയും സ്‌പോർട്‌സിന്റെ ഒത്തൊരുമയും ഈ മഹത്തായ ഉത്സവത്തിൽ സമന്വയിക്കുന്നു

വിൽസൺ കരിമ്പന്നൂർ

ലയാളിക്കു ഓണം സന്തോഷത്തിന്റെയും ഉണർവിന്റെയും വസന്തോത്സവം ആണ്. എന്നാൽ പ്രവാസി മലയാളിക്ക് അതിലുപരിയാണ്. അവനു ഓണം ഗൃഹാതുരത്വത്തിന്റെ വികാരവിസ്‌ഫോടനദിനമാണ്.

ഓരോ പ്രവാസിക്കും ഓണവും ആയി ബന്ധപ്പെട്ട എന്തെങ്കിലും ഒരു അനുഭവം അയവിറക്കുവാനുണ്ടാകും. അങ്ങനെ നോക്കുമ്പോൾ ഓണം കേരളത്തിനേക്കാൾ പ്രവാസികളുടെ ഭൂവിൽ ആണ് കൂടുതൽ മധുരകരം.

എവിടെ കഴിഞ്ഞാലും മലയാളിക്ക് ഒഴിവാക്കാനാവാത്ത ഒരു വികാരം ആണ് ഓണം. അത് തന്നെയാണ് ഓണത്തിന്റെ മഹത്വം. 

നമ്മുടെ മറ്റെല്ലാ ഉത്സവങ്ങൾക്കും ജാതിയുടെയൊ മതത്തിന്റെയൊ അതിർവരമ്പുകൾ വേലികെട്ടുമ്പോൾ,
യാതൊരു ബന്ധനവും ഇല്ലാതെ ഓരോ മലയാളിയും അവന്റെ സ്വത്വത്തിന്റെ ഭാഗമായി ഈ ഉത്സവത്തെ കണ്ട്, ആർപ്പോടും ആനന്ദത്തോടും കൂടി അതിനെ വരവേൽക്കുന്നു.

ഓണമെന്ന മധുരാനുഭുതിയിൽ ലയിക്കുമ്പോഴും മനോമുകരത്തിൽ പൊട്ടി വിടർന്ന ചില ഓണച്ചിന്തകൾ ഇവിടെ കുറിക്കുന്നു.

ഓണം മറ്റു പല ദേശീയ ഉത്സവങ്ങളെപ്പോലെ ഒരു വിളവെടുപ്പ് ഉത്സവമാണ്. മണ്ണിൽ അദ്ധ്വാനിക്കുന്നവന്റെ മനസ്സിൽ മാധുര്യത്ത്തിന്റെ തേൻ നിറയ്ക്കുന്ന അനുഭൂതിയാണ് വിളവെടുപ്പ്.ആ അനുഭൂതിയെ അവൻ ആർപ്പോടെ, ആനന്ദത്തോടെ, ആവേശത്തോടെ വരവേൽക്കും.അതിന്റെ മലയാളപ്പതിപ്പാണ് തിരുവോണം

എല്ലാ ഉത്സവങ്ങൾക്കും പിന്നിൽ ഒരു കച്ചവട താല്പര്യം രഹസ്യമായ അവസ്ഥയിൽ നിലനിൽക്കുന്ന്ടായിരിക്കും . അത് ഓണാഘോഷത്തിന്റെ പിന്നിലും പൂക്കളം ഒരുക്കി നില്ക്കുന്നുണ്ട്. ഓണപ്പുടവയിലും (ഓണക്കോടി),ഓണസമ്മാനത്തിലും, ഓണക്കളികളിലും, ഓണസദ്യയിലും, ഓണസിനിമയിലും, ഓണപ്പതിപ്പുകളിലും (വാരികകൾ) , ഓണ സിഡികളിലും ഒക്കെ ആ കച്ചവടതാല്പര്യം പീലി വിടർത്തിയാടുന്നു. ഈ താല്പര്യം സർക്കാർ വിനോദയാത്രക്കായുള്ള കെട്ടിഘോഷങ്ങളിലൂടെ വിദഗ്ദ്ധമായി അവതരിപ്പിച്ചു കൈയടി നേടുന്നു.

കൊർപ്പ്രെറ്റുകൾ ഓണക്കിഴവുകൾ നല്കി ലാഭം കൊയ്തു കൂട്ടുമ്പോൾ ചെറുകിടക്കാരും പരസ്യതന്ത്രങ്ങളിലുടെയും മറ്റു പ്രാദേശിക കളികളിലൂടെയും കച്ചവടം പൊടിപൂരമാക്കുന്നു.ചാനലുകൾ പുതിയ സിനിമകളും മറ്റും കാട്ടി അടിച്ചു പൊളിക്കുന്നു . പുതിയ തലമുറക്കാർ ഓൺലൈൻ കച്ചവടം നടത്തി ഓണത്തിന്റെ ഇ മുഖം കാട്ടുന്നു. എസ് എം എസ് , ഇന്റർനെറ്റ് , വാട്ട്‌സ് അപ്പ് സന്ദേശങ്ങളിലൂടെയും കോടികൾ ഒഴുകുന്നു.
എല്ലാ കച്ചവടങ്ങളിലും മുതാളിത്വത്തിന്റെ ഒരു കൈഒപ്പ് ഉണ്ട്.ഓണത്തിന്റെ പിന്നിലും കച്ചവട താല്പര്യം ശക്തമായിരിക്കുമ്പോൾ ഓണത്തിന് ഒരു മുതലാളിത്തപരിപോഷണം ഉണ്ടെന്നു പറയാതിരിക്കുവാൻ കഴിയില്ല

ഓണത്തിന്റെ രാജകീയത വെളിവാക്കുന്നതാണല്ലോ മഹാബലിയെന്ന അസുര രാജാവിന്റെ ഐതീഹ്യം.പ്രജാതല്പരനായ രാജാവിനെ ജനങ്ങൾ ഇഷ്ടപ്പെടുമെന്നതിനു രണ്ടു പക്ഷമില്ല. ഇന്ന് ഈ ജനാധിപത്യഭരണത്തിന്റെ മദ്ധ്യത്തിലും മലയാളി ഒരു രാജ്യഭരണവും രാജാവിനെയും സ്വപ്നം കാണുന്നുണ്ടെന്നതിന്റെ തെളിവാണ് ഓണത്തിനും മഹാബലിക്കും ലഭിക്കുന്ന സ്വീകാര്യത.രാജ്യം വാഴുന്ന പൊന്നുതമ്പുരാനെ പൂജ്യക്കുന്ന ഒരു മനോഭാവം മലയാളിയുടെ മനസ്സിൽ നിറഞ്ഞു നില്ക്കുന്നുണ്ട്.
അതിനാൽ ആണ്, ജനാധിപത്യത്തിലൂടെ അധികാരത്തിൽ എത്തിയ പലരും ആദ്യം ജനോപകാരികളായി ഭരിച്ച് ജനപിന്തുണ ആർജ്ജിച്ചതിനു ശേഷം, രാജാക്കമാരെപ്പോലെ എകാധിപതികളായി മാറുന്ന പ്രവണത ഇന്ന് ഇവിടെ നില നില്ക്കുന്നത്. അവർ ആയുഷ്‌ക്കാല മന്ത്രിമാരോ മറ്റോ ആയി രാജതുല്ല്യർ ആയി വിലസുന്നു .

എല്ലാരും ഒന്നു പോലെ എന്ന ഓണസങ്കൽപം ഒരു സോഷ്യലിസ്റ്റു,കമ്മുണിസ്റ്റു വ്യവസ്ഥിതിക്കു അടിവര ഇടുന്നു. ജനങ്ങൾ എല്ലാരും ഒരു പോലെ സുഖസമൃദ്ധിയിൽ ഒന്നായി ജീവിക്കുകയെന്ന സുന്ദരസ്വപ്നമാണല്ലോ സോഷ്യലിസം . എല്ലാരും അദ്ധ്വാനിക്കുന്ന (കാർഷിക) സമൂഹമായ കമ്യുണുകൾ ആണല്ലോ കമ്മ്യുണിസ്റ്റ് ചിന്താഗതിയുടെ അടിത്തറ. ചുരുക്കത്തിൽ ഓണം വിഭാവന ചെയ്യുന്ന ഒരു ഭരണക്രമം കള്ളമില്ലാത്ത, ചതിയില്ലാത്ത,പൊളിവചനമില്ലാത്ത, ആപത്തുകളും അനർത്ഥങ്ങളും ഇല്ലാത്ത,വർണ്ണവർഗ്ഗവിവേചനമില്ലാത്ത ഒരു സുന്ദരസുരഭില ഭരണക്രമം;അത് സ്വപ്നം കാണാത്തവരായി ആരുണ്ട്?
അത് മലയാളിയുടെ സ്വപ്നരാജ്യം തന്നെയാണ്. ആ സ്വപ്നരാജ്യം പ്രാവർത്തികമാകാനാണ് മലയാളി ലോകത്തിലാദ്യമായി ബാലറ്റുപേപ്പറിലൂടെ കമ്മ്യുണിസത്തെ അധികാരത്തിലേറ്റിയത്.

ഓണം കളികളുടെ ഉത്സവമാണ്; എന്തെന്ത് വ്യത്യസ്തമായ കളികളും വിനോദങ്ങളും . കൈകൊട്ടിക്കളി, കിളിത്തട്ട് കളി, വള്ളംകളി ,പുലികളി, തുമ്പിതുള്ളൽ, വടംവലി, ഊഞ്ഞാലാട്ടം അങ്ങനെ അനവധി കളികളും വിനോദങ്ങളും നിറഞ്ഞു നില്ക്കുന്ന ഉത്സവം. ഏറ്റവും മികച്ച സമൂഹമാണ് സ്പോർട്സ്‌കാരുടെത് . വിജയവും തോൽവിയും ഒരുപോലെ ഉൾക്കൊള്ളുവാൻ കഴിയുന്ന സമൂഹമാണല്ലോ അവരുടേത്.
ഏറ്റവും മഹത്തായ സ്വഭാവമാണ് 'സ്പോർട്സ്മാൻസ്പിരിറ്റ്',അത് കളിക്കാർക്ക് വളരെകൂടുതൽ ആണ്. ജാതിയും മതവും അതിർ തിരിക്കാത്ത സമൂഹമാണ് കളിക്കാരുടെത്. ഓണത്തിനും ജാതിയും മതവും ഇല്ലല്ലോ.

മഹാബലിയുടെ വിനയമാണല്ലോ ഓണത്തിന്റെ മഹത്വം. ആദർശധീരനായ മഹാബലി അസൂയ പൂണ്ടവരുടെ മുമ്പിൽ വിനയപൂർവ്വം തല കുനിക്കുന്നു. അങ്ങനെ ഒരു രാജാവിനെ ലോകചരിത്രത്തിൽ കാണുവാൻ കിട്ടുമോ?
ആ രാജാവിന്റെ പ്രത്യേകതയോ പിന്നോക്കക്കാരനായ അസുരൻ.ദേവഗണം സത്യത്തിൽ ഈ അസുരന്റെ വിനയത്തിന്റെ മുമ്പിൽ തോല്ക്കുകയാണല്ലോ.

ചുരുക്കത്തിൽ പല മഹത്വങ്ങൾ ചേരുന്നതാണ് തിരുവോണം . മുതലാളിത്വത്തിന്റെ നേട്ടങ്ങളും, രാജകീയതയുടെ ഗുണങ്ങളും കമ്മ്യുണിസത്തിന്റെ മഹനീയതയും സ്‌പോർട്‌സിന്റെ ഒത്തൊരുമയും ആദർശവാന്റെ വിനയവും ഒക്കെയും ഇവിടെ സമന്വയിക്കുന്നു. എല്ലാ ചിന്തകളുടെയും, ഇസ്സങ്ങളുടെയും നന്മ മാത്രം സ്വാംശീകരിച്ച ഒരു മഹത്തായ ഉത്സവമാണ് തിരുവോണം. അതിൽ അടങ്ങിയിരിക്കുന്ന എല്ലാ നന്മകളും ഓരോ മലയാളിക്കും ഓണം ആഘോഷിക്കുന്നതിലൂടെ ലഭിക്കട്ടെ .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP