Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രവാസി ചിട്ടിയെ ആരാണ് ഭയക്കുന്നത്? തുടക്കമിട്ടത് എല്ലാ നിയമങ്ങളും അനുസരിച്ചു തന്നെ; പ്രവാസികൾക്ക് സുരക്ഷിതമായി വിശ്വസിച്ച് നിക്ഷേപിക്കാം; കെഎം മാണിയുടെ വിമർശനങ്ങളെല്ലാം പൊളിച്ചടുക്കി മന്ത്രി തോമസ് ഐസക് എഴുതുന്നു

പ്രവാസി ചിട്ടിയെ ആരാണ് ഭയക്കുന്നത്? തുടക്കമിട്ടത് എല്ലാ നിയമങ്ങളും അനുസരിച്ചു തന്നെ; പ്രവാസികൾക്ക് സുരക്ഷിതമായി വിശ്വസിച്ച് നിക്ഷേപിക്കാം; കെഎം മാണിയുടെ വിമർശനങ്ങളെല്ലാം പൊളിച്ചടുക്കി മന്ത്രി തോമസ് ഐസക് എഴുതുന്നു

മന്ത്രി ഡോ. ടി.എം.തോമസ് ഐസക്

കെഎസ്എഫ്ഇ ആരംഭിക്കുന്ന പ്രവാസിച്ചിട്ടി പൂർണമായും കേന്ദ്ര ചിട്ടി നിയമത്തിലെ നിബന്ധനകൾക്ക് അനുസൃതമാണെന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ഈ ചിട്ടിയുടെ നടത്തിപ്പിന് ആവശ്യമായ എല്ലാ ഉത്തരവുകളും ഇതിനോടകം കെഎസ്എഫ്ഇ നേടിയിട്ടുണ്ട്. ഒരുപക്ഷേ ഈ തയ്യാറെടുപ്പുകളെ കുറിച്ച് പൂർണ്ണ ധാരണ ഇല്ലാത്തതുകൊണ്ടാകാം മുൻ മന്ത്രി ശ്രീ കെ.എം. മാണി ചില വിമർശനങ്ങൾ ഉന്നയിച്ചിട്ടുള്ളത്.അവയിൽ പല കാര്യങ്ങളും അദ്ദേഹം ധനമന്ത്രിയായിരുന്ന കാലത്ത് പൂർത്തീകരിച്ചിട്ടുള്ളവയുമാണ്.

ആദ്യത്തെ പ്രശ്നം പ്രവാസിച്ചിട്ടി നടത്തിപ്പ് ഫെമാ നിയമങ്ങളുടെ ലംഘനമാണോ എന്നുള്ളതാണ്. പ്രവാസിച്ചിട്ടി നടത്തിപ്പിനുള്ള വിലക്കുകൾ നീക്കം ചെയ്യുന്നതിനുള്ള പരിശ്രമങ്ങൾ കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ആരംഭിച്ചതാണ്. അവ ഫലവത്തായില്ല. എന്നാൽ കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ ഭരിക്കുമ്പോൾ, 2015ൽ റിസർവ്വ് ബാങ്ക് വിദേശ പണ വിനിമയ ചട്ടത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തി.

1. റിസർവ്വ് ബാങ്ക് നോട്ടിഫിക്കേഷൻ നമ്പർ 337/2015 തീയ്യതി 2/03/2015
2. റിസർവ് ബാങ്ക് നോട്ടിഫിക്കേഷൻ നമ്പർ 338/2015 തീയ്യതി 2/03/2015

ഈ രണ്ടു നോട്ടിഫിക്കേഷന്റേയും രത്‌നച്ചുരുക്കം, പ്രവാസിയായ ഇന്ത്യക്കാരിൽ നിന്നു പണം സ്വീകരിക്കുന്നതിന് ചിട്ടിക്കമ്പനികളെ അതതു സംസ്ഥാന സർക്കാരുകൾക്ക് അനുവദിക്കാവുന്നതും, പ്രവാസികൾക്ക് ബാങ്കിങ് ചാനലുകൾ വഴി നോൺ റെപാട്രിയേഷൻ വ്യവസ്ഥയിൽ പ്രവാസ രാജ്യത്തിരുന്നുകൊണ്ടുതന്നെ അവയിൽ പണമടക്കാനും സാധിക്കും എന്നതാണ്. 29/07/2015 ന് ഇറങ്ങിയ കേരള ഗവണ്മെന്റിന്റെ GO(MS) No. 136/2015/TD ഉത്തരവു പ്രകാരം കെ.എസ്.എഫ്.ഇയ്ക്ക് പ്രവാസി ഇന്ത്യക്കാരിൽ നിന്നു ചിട്ടി അടവുകൾ സ്വീകരിക്കുന്നതിന് അനുമതി നൽകി. ഇത്രയും സംഭവിച്ചത് ശ്രീ.കെ.എം.മാണി ധനമന്ത്രിയായിരിക്കുമ്പോൾ ആണ്. അതുകൊണ്ടു തന്നെ വിദേശപ്പണ വിനിമയ ചട്ടം (ഫെമ) മറികടന്നാണ് കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി നടത്തുന്നത് എന്ന ആരോപണം അടിസ്ഥാനരഹിതമാണ്.

മറ്റൊരു ആരോപണം പ്രവാസിച്ചിട്ടി കേന്ദ്ര ചിട്ടി നിയമം 1982ന് അനുസൃതമല്ല എന്നതാണ്. കെ.എസ്.എഫ്.ഇ, കേരള നിവാസികൾക്കു വേണ്ടി കഴിഞ്ഞ അഞ്ചുപതിറ്റാണ്ടുകളായി എങ്ങനെയാണോ ചിട്ടി നടത്തിപ്പോരുന്നത് അതുപോലെ തന്നെയാണ് പ്രവാസിച്ചിട്ടികളും നടത്തുന്നത്. അതായത് 1982ലെ കേന്ദ്ര നിയമവും 2012ലെ കേരള ചിട്ടി റൂൾസും അനുസരിച്ചു മാത്രം. പ്രവാസി ചിട്ടിയിലെ പ്രധാന വ്യത്യാസം അത് ഓൺലൈൻ ആയി ചെയ്യുന്നു എന്നതും മറ്റു ചില ആനുകൂല്യങ്ങൾ അതിൽ ചേർത്തിട്ടുണ്ട് എന്നതും മാത്രമാണ്.

കേന്ദ്ര ചിട്ടി നിയമം പറയുന്നത് ആ നിയമത്തിലെ ഏതു വകുപ്പുകളും സംസ്ഥാന ഗവണ്മെന്റുകൾക്ക് ഭേദഗതി ചെയ്യാവുന്നതും ഒഴിവാക്കാവുന്നതുമാണ് എന്നാണ്. അത് റിസർവ്വുബാങ്കിനെ അറിയിക്കണം എന്നു മാത്രം. ഇതിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ ആയി ചിട്ടി നടത്താനുള്ള അനുമതി 24/01/2018ൽ GO(MS) 6/2018/taxes പ്രകാരം കെ.എസ്.എഫ്.ഇ യ്ക്ക് ലഭിക്കുകയുണ്ടായി.

ഫോർമാൻ നൽകുന്ന സെക്യൂരിറ്റി, കിഫ്ബിയിൽ നിക്ഷേപിക്കുന്നത് കേന്ദ്ര നിയമത്തിനു വിരുദ്ധമാണെന്നതാണ് മറ്റൊരു ആരോപണം. ചിട്ടി നിയമത്തിന്റെ സെക്ഷൻ 14 (1)(സി) പ്രകാരവും 20(1)(സി) പ്രകാരവും അംഗീകൃത സെക്യൂരിറ്റികളിൽ ചിട്ടിപ്പണം നിക്ഷേപിക്കാൻ വ്യവസ്ഥയുണ്ട്. 1882ലെ ഇന്ത്യൻ ട്രസ്റ്റ് നിയമത്തിന്റെ 20-ാം വകുപ്പ് പ്രകാരം മുതലിനും പലിശയ്ക്കും സംസ്ഥാന സർക്കാരുകൾ റദ്ദാക്കാനാകാത്ത ഗ്യാരണ്ടി നൽകുന്ന സെക്യൂരിറ്റികളാണ് അംഗീകൃത സെക്യൂരിറ്റികൾ.

2016ലെ കിഫ്ബി നിയമപ്രകാരം കിഫ്ബി ബോണ്ടുകൾക്ക് സർക്കാർ നൂറുശതമാനം ഗ്യാരണ്ടി നൽകുന്നതിനാൽ ചിട്ടി തുക കിഫ്ബിയിൽ ബോണ്ടായി നിക്ഷേപിക്കുന്നത് പൂർണമായും നിയമവിധേയമായിട്ടാണ്. ഇതുകൂടാതെ 2012ൽ ചിട്ടി തുക സർക്കാർ ട്രഷറിയിൽ നിക്ഷേപിക്കുന്നതിന് ശ്രീ കെ.എം.മാണി കെഎസ്എഫ്ഇക്ക് അനുമതി നൽകിയിട്ടുണ്ട്. അടുത്തപ്രശ്നം പ്രവാസി ചിട്ടിയിൽ നൽകുന്ന ആനുകൂല്യങ്ങൾ സംബന്ധിച്ചാണ്.

കേരള നിവാസികൾക്കു വേണ്ടി നടത്തുന്ന ബ്രാൻഡഡ് ചിട്ടികളിൽ സമ്മാനങ്ങളും ആനുകൂല്യങ്ങളും നൽകി വരുന്നുണ്ട്. ധനകാര്യമന്ത്രിയായ ശ്രീ. കെ.എം. മാണിയുടെ കാലത്ത് സ്വർണ വർഷ, സുവർണ്ണ ശ്രേയസ് എന്നീ ചിട്ടികൾ അവതരിപ്പിക്കുകയുണ്ടായി. ആനുകൂല്യങ്ങൾ നൽകുന്ന രീതി പ്രവാസി ചിട്ടികളിലും അവലംബിച്ചു എന്നു മാത്രം. പ്രവാസി ചിട്ടിയിലെ ഇൻഷുറൻസ് അപകട പരിരക്ഷയും പെൻഷൻ പദ്ധതിയും വളരെ ആകർഷകമാണ്. ഈ ആനുകൂല്യങ്ങൾ നിയമസഭയിൽ സമർപ്പിച്ച ചട്ട ഭേദഗതിയിൽ ഉണ്ടായിരുന്നില്ല എന്ന ആക്ഷേപം ശരിയാണ്. ഇവ പിന്നീടാണ് ആവിഷ്‌കരിക്കപ്പെട്ടത്. അതുകൊണ്ട് അത് അടുത്ത നിയമസഭാസമ്മേളനത്തിൽ സമർപ്പിക്കും.

കെ.എസ്.എഫ്.ഇ മിസ്സെലേനിയസ് ബാങ്ക് ആണെന്ന് വെബ്‌സൈറ്റിൽ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടോ? കെ.എസ്.എഫ്.ഇ ഒരു ബാങ്കല്ല. റിസർവ്വ് ബാങ്കിന്റെ കീഴിലുള്ള മിസെലേനിയസ് നോൺ ബാങ്കിങ് കമ്പനിയാണ്. ഇക്കാര്യം വ്യക്തമായി വെബ്‌സൈറ്റിൽ about us എന്ന തലക്കെട്ടിനു താഴെ രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, നോൺ ബാങ്കിങ്ങ് കമ്പനികൾക്കു മാത്രമേ ചിട്ടി നടത്താൻ പറ്റൂ. ബാങ്കുകൾക്ക് പറ്റില്ല. റിസർവ്വ് ബാങ്കിന്റെ നിബന്ധന അതാണ്. വസ്തുതകൾ ഇതായിരിക്കേ ശ്രീ. കെ.എം.മാണിയുടെ ഈ ആരോപണവും വസ്തുതാവിരുദ്ധമാണ്. കെ.എസ്.എഫ്.ഇ സ്വയം ഒരു ബാങ്കായി അവകാശപ്പെടുന്നതിനുള്ള മൗഢ്യം ഞങ്ങൾക്കില്ല.

കിഫ്ബി നിയമം കേരളനിയമസഭ ഏകകണ്ഠമായി പാസാക്കിയതാണ്. അതിലെ നിർമ്മാണ പ്രവൃത്തികൾ അനുവദിച്ചതു സംബന്ധിച്ച് ഒരു ആക്ഷേപവും ഉന്നയിക്കപ്പെട്ടിട്ടില്ല. ഇപ്പോൾ കിഫ്ബി പിന്തുണയോടു കൂടി പദ്ധതികൾ നടപ്പാക്കിതുടങ്ങി. വിഭവ സമാഹരണത്തിന് തയ്യാറായി കൊണ്ടിരിക്കുകയുമാണ്. ഇതിനവലംബിക്കുന്ന പല മാർഗങ്ങളിൽ ഒന്നാണ് പ്രവാസിച്ചിട്ടി. ഇത് സംബന്ധിച്ച് അനാവശ്യ വിവാദങ്ങൾ സംസ്ഥാനത്തിന്റെ ഉത്തമ താൽപ്പര്യത്തിന് വിരുദ്ധമാണ്. എന്ത് വിമർശനങ്ങളുണ്ടെങ്കിലും തുറന്ന മനസ്സോടെ പരിശോധിക്കുന്നതിനും, തിരുത്തലുകൾ വരുത്തുന്നതിനും സർക്കാർ സന്നദ്ധമാണ്. ഇത്തരം ഒരു സംവാദമാണ്, വിവാദമല്ല നമുക്കിന്ന് ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP