Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വകാര്യവൽക്കരണത്തെ എതിർക്കുന്ന നിലപാടുകാരി; ഔദ്യോഗികവസതി സ്വന്തം പെയിന്റ് ചെയ്തും ഔദ്യോഗിക യാത്രകൾ സാധാരണ വിമാനത്തിലാക്കിയുമുള്ള ചെലവു ചുരുക്കൽ നടപടികളും ശ്രദ്ധ നേടി; നാട് ഭരിച്ച് മുടിച്ച ആൺസിംഹങ്ങളുടെ മുന്നിൽ ഉയർന്ന് നിൽക്കുന്ന പെൺസിംഹം: റഷ്യൻ ലോകകപ്പിൽ സൗന്ദര്യം കൊണ്ടും പെരുമാറ്റം കൊണ്ടും താരമായ കൊളീന്ദ ഗ്രാബറിനെ പരിചയപ്പെടാം: മുഹമ്മദ് ഷമീം എഴുതുന്നു

സ്വകാര്യവൽക്കരണത്തെ എതിർക്കുന്ന നിലപാടുകാരി; ഔദ്യോഗികവസതി സ്വന്തം പെയിന്റ് ചെയ്തും ഔദ്യോഗിക യാത്രകൾ സാധാരണ വിമാനത്തിലാക്കിയുമുള്ള ചെലവു ചുരുക്കൽ നടപടികളും ശ്രദ്ധ നേടി; നാട് ഭരിച്ച് മുടിച്ച ആൺസിംഹങ്ങളുടെ മുന്നിൽ ഉയർന്ന് നിൽക്കുന്ന പെൺസിംഹം: റഷ്യൻ ലോകകപ്പിൽ സൗന്ദര്യം കൊണ്ടും പെരുമാറ്റം കൊണ്ടും താരമായ കൊളീന്ദ ഗ്രാബറിനെ പരിചയപ്പെടാം: മുഹമ്മദ് ഷമീം എഴുതുന്നു

മുഹമ്മദ് ഷമീം

തുകൊളീന്ദ ഗ്രാബർ-കിതാരോവിച് (Kolinda Grabar-Kitarovic). വയസ്സ് അമ്പത്, പ്രൗഢയും അതിസുന്ദരിയും അതീവചടുലയുമായ ക്രോയേഷ്യൻ പ്രസിഡന്റ്. ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിന്നത് രണ്ട് കാരണങ്ങളാൽ. അതിലൊന്ന് റഷ്യയിലെ ലോകകപ്പ് ഫുട്ബാൾ വേദിയിലെ അവരുടെ സാന്നിധ്യം. ഇപ്പോൾ ഫൈനലിലെത്തി നിൽക്കുന്ന ടീമാണല്ലോ ക്രോയേഷ്യ. സെഗ്രെബിൽ നിന്നും മോസ്‌കോയിലേക്ക് അവർ വന്നത് ഇകോണമി ക്ലാസ്സിൽ. സാധാരണ ടിക്കറ്റെടുത്ത് സ്റ്റേഡിയത്തിൽ സാധാരണ കാണികൾക്കൊപ്പം ഇരുന്ന അവർ റഷ്യൻ പ്രധാനമന്ത്രി നിർബ്ബന്ധിച്ചപ്പോഴാണത്രേ വി.ഐ.പി ലോഞ്ചിലേക്ക് മാറിയത്. ക്രോയേഷ്യൻ ടീമിന്റെ ജഴ്സിയണിഞ്ഞ്, ജയിച്ചപ്പോൾ ടീമംഗങ്ങളെ നേരിട്ടു ചെന്നഭിനന്ദിച്ച്, അവർക്കൊപ്പം അവരിലൊരാളായി. ആ ടീമിലെ ഓരോ അംഗവും മാതൃനിർവിശേഷമായ അവരുടെ സാന്നിധ്യത്തിൽ നിന്ന് ഊർജം ഉൾക്കൊള്ളുന്നുണ്ടായിരുന്നു.

രണ്ടാമത്തെത് ബിക്കിനിയും ധരിച്ച് ഒരു പുരുഷനോടൊപ്പം കടപ്പുറത്ത് രാസലീലകളാടുന്ന അവരുടെ ചിത്രങ്ങൾ വൈറലായതാണ്. എന്നാൽ ഉടനെത്തന്നെ അത് ഫെയ്കാണെന്ന് തെളിഞ്ഞു. ആ ചിത്രങ്ങൾ അവരുടേതല്ല. അവരുമായി മുഖസാദൃശ്യമുള്ള അമേരിക്കൻ മോഡൽ കൊക്കൊ ഓസ്റ്റിനും അവരുടെ ഭർത്താവും. ഏത് കേന്ദ്രത്തിൽ നിന്നാണ് അങ്ങനെയൊന്ന് പൊട്ടിപ്പുറപ്പെട്ടതെന്നറിയില്ല. അത് നമ്മുടെ വിഷയവുമല്ല.

റിപബ്ലിക് ഒഫ് ക്രൊയേഷ്യയെ ക്രൊയേഷ്യക്കാർ വിളിക്കുന്നത് റിപബ്ലിക്ക ഹർവാത്സ്‌ക (Ripublica Hrvatska) എന്നാണ്. ചില സ്ഥലപ്പേരുകൾ അങ്ങനെയാണ്. ഒരു exonym ഉം ഒരു endonym ഉം ഉണ്ടാകും. ഉദാഹരണത്തിന് ജർമൻകാർ ജർമനിക്ക് പറയുന്ന പേര് ഡോയ്ച്ലാൻഡ് (Deutshland) എന്നാണ്. അതിന്റെ ഇംഗ്ലീഷ് എക്സോനിം ആണ് ജർമനി. ജർമനിക്ക് തന്നെ ഫ്രഞ്ചിൽ വേറൊരു എക്സോനിം ഉണ്ട്. അൽമാന്യ (Allemagne). ക്രൊയാട്ട് എന്നറിയപ്പെടുന്ന ethnic ന്റെ രാജ്യമാണ് ക്രൊയേഷ്യ. ക്രൊയേഷ്യ കഴിഞ്ഞാൽ ബോസ്നിയ ആൻഡ് ഹെർസെഗൊവീനയിലാണ് ക്രൊയാട്ടുകൾ ഉള്ളത്. ക്രൊയാട്ടുകളുടെ ഭാഷയിൽ ആ എത്നിക്കിന്റെ പേര് ഹർവതി എന്നാണ്. അതായത്, ക്രൊയാട്ട് എന്നറിയപ്പെടുന്ന ജനവിഭാഗത്തിന്റെ autonym (സ്ഥലത്തിന് പറയുന്ന എൻഡോനിം ജനസമൂഹത്തിന്റെ കാര്യത്തിലാകുമ്പോൾ ഓട്ടോനിം ആകും, ജർമൻകാരുടെ ഓട്ടോനിം ആണ് ഡോയ്ച്) ഹർവതി (Harvati) എന്നാണ്.

രസകരമായ മറ്റൊരു വസ്തുതയെന്തെന്നാൽ, ഈ ഹർവാത്സ്‌ക, ഹർവതി എന്നീ പേരുകൾ വന്നിരിക്കുന്നത് പ്രാചീന ഇറാനിയൻ ഭാഷയിൽ നിന്നാണ്. എസ്.എഫ്.ആർ യൂഗോസ്ലാവിയയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച ശേഷം ക്രോയേഷ്യയിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് എന്നതാണ് ചരിത്രത്തിൽ കൊളീന്ദ ഗ്രാബർ-കിതാരോവിച്ചിനുള്ള സ്ഥാനം. അതുമാത്രവുമല്ല, ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്നതും. 2015ൽ സ്ഥാനമേറ്റെടുക്കുമ്പോൾ അവർക്ക് വയസ്സ് നാൽപത്തേഴ്. ആർജവമുള്ള ഒരു പെണ്ണ് അധികാരമേറ്റെടുത്താൽ എന്ത് പരിവർത്തനമാണ് സമൂഹത്തിനുണ്ടാവുക എന്നതിന് തെളിവാണ് ഗ്രാബർ-കിതാരോവിച്ചിന്റെ ഭരണം. പ്രസിഡന്റ് ചുമതലയേൽക്കുന്നതിന് മുന്നേ തന്നെ ഒട്ടേറെ ഗവൺമെന്റൽ, ഡിപ്ലൊമാറ്റിക് ചുമതലകൾ അവർ വഹിച്ചിരുന്നു. യു.എസ്സിലെ ക്രോയേഷ്യൻ അംബാസഡർ, നാറ്റോവിന്റെ അസി. സെക്രട്ടറി ജനറൽ എന്നിവയുൾപ്പെടെ. എല്ലാത്തിലും അവർ നേടിയ വിജയമാണ് അവരെ പ്രസിഡന്റ് പദവിയിൽ കൊണ്ടെത്തിച്ചത്.

2010ൽ അവരുടെ ഭർത്താവ് യാക്കോവ് കിതാരോവിച്ചുമായി ബന്ധപ്പെട്ട് ഒരു വിവാദമുണ്ടായി. യു.എസ് അംബാസഡറായിരുന്ന ഭാര്യയുടെ ഔദ്യോഗിക വാഹനം സ്വകാര്യാവശ്യത്തിനുപയോഗിച്ചത്രേ. ക്രോയേഷ്യൻ മന്ത്രിസഭ ഒരു ആഭ്യന്തരാന്വേഷണത്തിന് ഉത്തരവിട്ടു. പക്ഷേ, കൊളീന്ദ ഗ്രാബർ-കിതാരോവിച് ഭർത്താവ് സ്വകാര്യാവശ്യത്തിന് കാർ ഉപയോഗിച്ചതിന്റെ പണം കൃത്യമായി പിഴയടക്കം അടച്ചു. സ്വന്തം ഷൂ പോളിഷ് ചെയ്യുന്ന ലിങ്കനെപ്പറ്റി പഠിച്ചിട്ടുണ്ടല്ലോ. ക്രോയേഷ്യൻ പ്രസിഡന്റ് സ്വന്തം ഔദ്യോഗികവസതി പെയിന്റ് ചെയ്യുന്നതിന്റെ വാർത്തകൾ വന്നിരുന്നു.

ഇവർ അധികാരത്തിൽ വന്ന ശേഷം, പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിനെ നിരുൽസാഹപ്പെടുത്തി, പ്രസിഡന്റിന്റെ ശമ്പളം മുപ്പത് ശതമാനത്തോളം കുറച്ചു (ഏതാണ്ട് രാജ്യത്തെ ഒരു ഉയർന്ന ഉദ്യോഗസ്ഥന്റെ മാത്രം തോതിൽ എത്തിച്ചു), മന്ത്രിമാരുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും പല അലവൻസുകളും റദ്ദ് ചെയ്തു, ഔദ്യോഗികയാത്രകൾ സാധാരണ വിമാനത്തിലാക്കി, വരുമാന നികുതി പരിധി ഉയർത്തുകയും സാധാരണക്കാരെ നികുതിഭാരത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്തു.

ആഭ്യന്തരയുദ്ധങ്ങളുടെ വിളനിലമാണല്ലോ ബാൾക്കൻ പ്രദേശങ്ങൾ. സെർബ്, ക്രൊയാട്ട്, ബോസ്നിയാക്, അൽബേനിയൻ തുടങ്ങിയ സ്ലാവ് വിഭാഗങ്ങൾ പരസ്പരം പോരടിക്കുന്ന പ്രദേശം. സ്വാഭാവികമായും തകർന്നടിഞ്ഞുപോയ രാജ്യത്തിന് സാമ്പത്തിക വളർച്ച ഉണ്ടാക്കാനുള്ള യത്നങ്ങളിലേർപ്പെട്ടു അവർ. അത് പക്ഷേ, നമ്മുടെ ഭരണാധികാരികൾ ചെയ്യുന്നത് പോലെയല്ല. സ്വകാര്യവൽക്കരണത്തെ നിരുൽസാഹപ്പെടുത്തുന്നതിനെപ്പറ്റി പറഞ്ഞു. രാജ്യത്തിന് സാമ്പത്തിക വരുമാനം ഉണ്ടാക്കുന്ന പദ്ധതികൾക്കല്ലാതെ കടങ്ങൾ സ്വീകരിക്കില്ല എന്നതാണ് അവരുടെ മറ്റൊരു നിലപാട്. എന്തായാലും നാട് ഭരിച്ച് മുടിച്ച് പണ്ടാരമടക്കുന്ന കുറേ ആൺസിംഹങ്ങളുടെ മുന്നിൽ ഉയർന്ന് നിൽക്കുന്നു ഈ പെൺപ്രസിഡന്റ്.

രാഷ്ട്രീയമായ ചില വിയോജിപ്പുകളും കൂടി പറയേണ്ടതുണ്ട്. ക്രോയേഷ്യൻ ഡെമോക്രറ്റിക് യൂനിയൻ ആണ് ഇവരുടെ പാർട്ടി (Hrvatska Demokratska Zajednica/ HDZ). ഒരു സെന്റർ-റൈറ്റ് പൊലിറ്റിക്കൽ പാർട്ടിയാണ് ഇത്. ലിബറൽ കൺസർവേറ്റിവിസം, ക്രിസ്ത്യൻ ഡെമോക്രസി, പ്രോ-യൂറോപ്യനിസം എന്നിവയാണ് അടിസ്ഥാന നിലപാടുകൾ. പാർട്ടി സ്ഥാപകനായ ഫ്രാഞ്ജോ തുഡ്മാൻ രാഷ്ട്രീയധനകാര്യ നിലപാടുകളിൽ താച്ചറിസത്തെ പിന്തുടരുന്ന ആളാണ്.

എന്നാൽ ക്രോയാട്ട് ദേശീയതയാണ് മുഖ്യ അടിസ്ഥാനം. അതിന്റെ അടിസ്ഥാനത്തിലാവാം, തൊണ്ണൂറുകളിലെ ബാൾക്കൻ കലാപങ്ങളോടനുബന്ധിച്ച് ബോസ്നിയൻ മുസ്ലിംകൾക്ക് നേരെ ക്രോയാട്ടുകൾ നടത്തിയ കൂട്ടക്കൊലയിൽ ആറു പേരെ ഹേഗിലെ ലോകകോടതി 2017 നവംബറിൽ ശിക്ഷിച്ചപ്പോൾ അതിനെ ഇവർ ശക്തമായി അപലപിച്ചു. ആറുപേരിലൊരാളായ സ്ലൊബോദാൻ പ്രൽജാക് വിധി പ്രസ്താവത്തെത്തുടർന്ന് കോടതിയിൽ വെച്ചു തന്നെ ആത്മഹത്യ ചെയ്തിരുന്നു. പ്രൽജാക്കിനെ ക്രൊയാട്ടുകളുടെ വീരപുരുഷനായി ഗ്രാബർ-കിതാരോവിച് വാഴ്‌ത്തി. പരമ്പരാഗത ക്രിസ്തീയ മൂല്യങ്ങളോട് പ്രതിബദ്ധത തുറന്ന് പ്രഖ്യാപിച്ചിട്ടുള്ള കൊളീന്ദ ഗ്രാബർ-കിതാരോവിച് ഉറച്ച റോമൻ കത്തോലിക്കാ വിശ്വാസിയാണ്. ക്രൊയാട്ട് ദേശീയതയുമായി ബന്ധപ്പെട്ട ചായ്വ് ഒഴിച്ചുനിർത്തിയാൽ മതത്തെ അവർ പ്രതിബദ്ധതയും മൂല്യങ്ങളുമായിത്തന്നെ വായിക്കുകയും അത് പ്രയോഗത്തിൽ വരുത്തുകയും ചെയ്യുന്നു.

(മുഹമ്മദ് ഷമീം ഫേസ്‌ബുക്കിൽ എഴുതിയതാണീ കുറിപ്പ്)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP