Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എസ്എൻഡിപി ബിജെപിയിലേക്ക് ചായുമ്പോൾ എന്തിനാണ് സിപിഎമ്മിന് ചൊറിച്ചിൽ? കേരളത്തെ രാഷ്ടീയ ഇടുക്കു കൂട്ടിൽ നിന്ന് മോചിപ്പിക്കാൻ എസ്എൻഡിപിക്ക് കഴിയട്ടെ!

എസ്എൻഡിപി ബിജെപിയിലേക്ക് ചായുമ്പോൾ എന്തിനാണ് സിപിഎമ്മിന് ചൊറിച്ചിൽ? കേരളത്തെ രാഷ്ടീയ ഇടുക്കു കൂട്ടിൽ നിന്ന് മോചിപ്പിക്കാൻ എസ്എൻഡിപിക്ക് കഴിയട്ടെ!

ല്ലാവർക്കും വിലപേശൽ രാഷ്ട്രീയം കളിക്കാമെങ്കിൽ പിന്നെ, എസ്എൻഡിപിക്ക് എന്തുകൊണ്ട് അതു പാടില്ല? അടവുനയം എന്നത് അവസരവാദത്തിൽ അധിഷ്ഠിതമാണ്. സ്വന്തം അടവുനയത്തിന്റെ കാര്യം പറഞ്ഞ് അഭിമാനിക്കുന്നവരാണ് സിപിഎമ്മുകാർ. മറ്റുള്ളവർക്കും അതാകാമല്ലോ! എസ്എൻഡിപിക്കും ഈഴവ സമുദായത്തിനും സിപിഎമ്മിനോട് ലോകാവാസനം വരെ കടപ്പാടുകാട്ടേണ്ട കാര്യമുണ്ടോ? കള്ളുവ്യവസായവും ചെത്തുതൊഴിലാളികളെയും സിപിഐ(എം) വളർത്തിയിട്ടുണ്ടെങ്കിൽ ഈഴവരുടെ ശക്തമായ പിന്തുണകൊണ്ട് സിപിഐ(എം) പല പ്രാവശ്യം ഭരണത്തിൽ കയറിയിട്ടുമുണ്ട്.

കള്ളു വ്യവസായത്തെ വളർത്തിയ അതേ സിപിഐ(എം) ചെത്തുകാരെയും കള്ളുവ്യവസായത്തെയും തകർക്കാൻ കൂട്ടുനിൽക്കുകയും ചെയ്തു. വിദേശ മദ്യരാജാക്കാന്മാരും മദ്യലോബിയും ഉണ്ടാകാൻ യുഡിഎഫ് മുന്നണി ഉത്സാഹിച്ച അത്രയും തന്നെ സിപിഎമ്മും സഹായിച്ചിട്ടുണ്ട്. അന്ന് സിപിഐ(എം) ഉറച്ച നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ യുഡിഎഫിനെ കൊണ്ട് മറിച്ചൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.

എന്തായാലും ഇന്ത്യ ഭരിക്കുന്നതു ബിജെപി ആണല്ലോ. ആ പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ എന്തിന് വെള്ളാപ്പള്ളി നടേശൻ ഇത്ര പേടിക്കണം. സിപിഐ(എം) ന്യൂനപക്ഷപ്രീണനം തുടങ്ങിയിട്ട് രണ്ടുപതിറ്റാണ്ടെങ്കിലും ആയി. പത്തുകൊല്ലമായി അവരതു പരസ്യമായി ചെയ്യുന്നുണ്ട്. കോടിയേരി ബാലകൃഷ്ണൻ ആദ്യമായി മന്ത്രിയായിരിക്കുമ്പോഴാണ് സിമി തീവ്രവാദികളുടെ വാഗമൺ ക്യാമ്പും മറ്റും നടന്നത്. കോടിയേരിയും പിണറായിയും അതറിയാഞ്ഞിട്ടാണോ? അറിയാഞ്ഞിട്ടാണെങ്കിൽ കോടിയേരിയെ ആഭ്യന്തരമന്ത്രിയാക്കാൻ കൊള്ളില്ലെന്നർത്ഥം! അറിഞ്ഞിട്ട് കണ്ണടച്ചതാണെങ്കിൽ ന്യൂനപക്ഷ വോട്ടിന് വേണ്ടി തീവ്രവാദത്തെ പോലും പ്രോത്സാഹിപ്പിക്കുന്നു അല്ലെങ്കിൽ അനുവദിക്കുന്നു എന്നാണർത്ഥം.

വിദ്യാഭ്യാസ സ്ഥാപനങ്ങലും മറ്റും എൽഡിഎഫ് ഭരിക്കുമ്പോഴും ന്യൂനപക്ഷങ്ങൾക്കു വാരിക്കോരി കൊടുത്തിട്ടുണ്ട്. സിപിഎമ്മിന് ആ പഴയ ഭൂനയ ബില്ലല്ലാതെ പാവപ്പെട്ടവർക്കുവേണ്ടി എന്തെങ്കിലും ചെയ്‌തെന്നു പറയാനുണ്ടോ? ലക്ഷം വീടാണെങ്കിൽ, കുടിലുകെട്ടിക്കൊടുത്തു താമസിച്ചതിന് ശേഷം ഒന്നും ചെയ്തിട്ടില്ല.

കോട്ടയം ജില്ലയിലെങ്കിലും, സിപിഎമ്മിന്റെ കുടികിടപ്പു സമരവും, ഭൂപരിഷ്‌കരണവും കഴിഞ്ഞിട്ടും ഉണ്ടായിരുന്ന റോഡു പുറമ്പോക്കിലെ താമസക്കാരെ അടിയന്തരാവസ്ഥക്കാലത്ത് ബലമായി കുടിയിറക്കി ലക്ഷം വീടുകോളനികൾ ഉണ്ടാക്കി അവിടെ താമസിപ്പിക്കുകയായിരുന്നു. നൂറുമീറ്റർ നീളത്തിൽ റോഡരികിൽ പത്തു കുടിലുകൾ വീതമുള്ള വഴിയിലേക്കിറക്കി, റോഡുപുറമ്പോക്കിൽ പ്രദേശങ്ങൾ ഇവിടെ ധാരാളമായിരുന്നു. മിച്ചഭൂമി വിതരണവും ഭൂപരിഷ്‌കരണ നിയമത്തിന്റെ നടത്തിപ്പും ഒക്കെ എത്രത്തോളം ഫലപ്രദമായിരുന്നു എന്നതിനും സിപിഎമ്മിന് അതിൽ എത്രത്തോളം ആത്മാർത്ഥതയുണ്ടായിരുന്നു എന്നതിനും തെളിവാണല്ലോ ഇത്.

ബിജെപിയിൽ ചേർന്നാൽ ശ്രീനാരയണ ഗുരുവിന്റെയും എസ്എൻഡിപിയുടെയും ആദർശം നഷ്ടപ്പെടുമെന്ന് പറഞ്ഞ് കോടിയേരി വിലപിക്കുന്നതു കാണുമ്പോൾ ഇടതുപക്ഷ അനുഭാവിയായ എനിക്ക് ലജ്ജ തോന്നുന്നു. അതിനു കാരണങ്ങളുണ്ട്. ഒന്ന് - എസ്എൻഡിപി ഒരു സാമുദായിക സംഘടനയാണ്. സിപിഎമ്മിന് സാമുദായിക സംഘടനകളോടല്ല, വർഗ്ഗസമരം ആദർശമാക്കിയ സംഘടനകളോടാണ് കൂറുണ്ടാകേണ്ടത്. സാമുദായിക, വർഗ്ഗീയ സംഘടനകൾക്ക് ആപത്തുവരുന്നതിൽ കോടിയേരി എന്തിനു ഖേദിക്കണം. സിപിഎമ്മിനെയോർത്താണ് കോടിയേരി കരയേണ്ടത്. രണ്ട്. ശ്രീനാരയണ ഗുരുവിനോട് സിപിഎമ്മിന് എന്നുമുതലാണ് ഇത്ര മതിപ്പുണ്ടായത്? (എസ്എൻഡിപിയുടെ ശാഖകൾ കണ്ണൂർ ജില്ലയിൽ - മലബാർ പ്രദേശത്തുതന്നെ - തുറക്കുന്നതിനെ സിപിഎമ്മിന്റെ നേതാവ് ചന്ദ്രഹാസമിളക്കി, പടയ്‌ക്കൊരുങ്ങിയിട്ട് ഒരുപാടുകാലമായോ?

ഇതിനെല്ലാം ഉപരിയായി, എൽഡിഎഫും യുഡിഎഫും അല്ലാതെ ഒരു മൂന്നാം കക്ഷിയില്ലാത്തതു കൊണ്ട് കേരളത്തിലെ ജനതയെകൂട്ടു കുരങ്ങുകളിപ്പിക്കുകയാണ് ഇപ്പോഴത്തെ രാഷ്ട്രീയക്കാർ. കേരളീയരെ ഈ രാഷ്ട്രീയഗതികേടിൽ നിന്നു രക്ഷിക്കാൻ മൂന്നാമതൊരു ശക്തി - അതു ബിജെപിയെന്നല്ല ചെകുത്താനാണെങ്കിൽ പോലും - വരേണ്ടതു ചരിത്രപരമായ ആവശ്യമാണ്. (ചെകുത്താൻ അത്ര മോശം കക്ഷിയല്ല. ഏതു ചെകുത്താനുമായും കൂട്ടുകൂടുമെന്ന് ഇഎംഎസ് പണ്ട് പറഞ്ഞിട്ടുള്ളതാണ്.

മുസ്ലീങ്ങളോ ക്രിസ്ത്യാനികളോ, നായന്മാരയോ ഒന്നും ഇത്തരമൊരു ചരിത്രദൗത്യത്തിനു കിട്ടില്ല. ആ ചരിത്രദൗത്യം നിർവഹിക്കാൻ ഈഴവ സമുദായത്തിനു കഴിയും. ഇപ്പോഴത്തെ സാഹചര്യത്തിൽ അവർക്കേ കഴിയൂ. അവർ അതിനു തയ്യാറായി മുന്നോട്ടു വന്നാൽ ഇപ്പോൾ അറച്ചും, പിഴച്ചും നില്ക്കുന്ന പല വിഭാഗങ്ങളും അവരെ പിൻതുടരും. സിപിഎമ്മിനും താല്പര്യമുള്ളത് കട്ടയായി കിട്ടുന്ന വോട്ടുകളിൽ മാത്രമാണ്. അത്തരക്കാർ പ്രീണിപ്പിക്കാൻ എന്തും ചെയ്യും. വാരിക്കോരി ആനുകൂല്യങ്ങൾ കൊടുത്തും ഉദ്യോഗസ്ഥരെ സുഖിപ്പിക്കും. എൻ ജി ഒ സംഘടിത തൊഴിലാളികൾ ഇവരെ മാത്രമാണ് കെ എസ് ആർ ടിസി, കെ എസ് ഇ ബി പോലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികളെ വരെ തയ്യാറായിട്ടുണ്ട്. അതിന്റെ പരിണതഫലവും കാണുന്നുണ്ടല്ലോ. ഇതെല്ലാം അറിയാവുന്നയാളാണ് വെള്ളാപ്പള്ളി നടേശൻ.

എൽഡിഎഫും, യുഡിഎഫും ചേർന്ന് സൃഷ്ടിച്ചിട്ടുള്ള രാഷ്ട്രീയ ഇടുക്കുകൂട്ടിൽ നിന്ന് കേരള രാഷ്ട്രീയത്തെ രക്ഷിക്കുക എന്ന മഹത്തായ ദൗത്യം ഏറ്റെടുക്കാൻ ഇപ്രാവശ്യമെങ്കിലും എസ് എൻ ഡി പി നേതൃത്വം തയ്യാറാകുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. വെള്ളാപ്പള്ളി നടേശൻ കരുതുന്നതിലും അധികം ഈഴവർ സിപിഎമ്മിനെ മടുത്തുകഴിഞ്ഞിട്ടുണ്ട്. ഈഴവർ മാത്രമല്ല ക്രൈസ്തവരിലും മുസ്ലീങ്ങളിലും നായന്മാരിലും എന്നു പറയേണ്ടതില്ല, എല്ലാ വിഭാഗങ്ങളിലും പെട്ടവർ, മനസ്സുചത്തിട്ടില്ലാത്തവർ പുതിയൊരു രാഷ്ട്രീയതുറസ്സിനു വേണ്ടി കൊതിക്കുന്നവരാണ്.

വളരെ വിചിത്രമായ കാര്യം, ഏറ്റവും കൂടുതലാളുകൾ വിട്ടുപോകാനാഗ്രഹിക്കുന്നത് സി പി എമ്മിൽ തന്നെയുള്ളവരാണ്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ മനസ്സുമാറ്റം മദനിയുടെ കക്ഷിയുമായും, കെ മുരളീധരന്റെ പഴയ പാർട്ടിയുമായും ഒക്കെ സിപിഐ(എം) നേതൃത്വം കൂട്ടുകൂടാൻ ശ്രമിച്ചതും വി എസിന്റെ ഒച്ചപ്പാടുകാരണം മാത്രം അതു നടക്കാതെ പോയതും അറിയാവുന്നവരാണ് ആ പാർട്ടിയിലുള്ളത്.

തെറ്റിദ്ധരിക്കേണ്ട: ഇതെഴുതുന്നയാൾ വോട്ടവകാശം കിട്ടിയപ്പോൾ മുതൽ ഇടതു സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്തുവന്ന ആളാണ്. ആ കക്ഷി കോൺഗ്രസിനോളമോ അതിലധികമോ ചീത്തയായി എന്നു മനസിലായപ്പോൾ മുതൽ ആർക്കും വോട്ടു ചെയ്യാതായി. പിന്നീട്, കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനിൽ കോട്ടയം മണ്ഡലത്തിൽ ആംആദ്മി പാർട്ടിക്ക് വോട്ടു ചെയ്യു. ജനങ്ങൾ രാഷ്ട്രീയത്തിനു വേണ്ടിയല്ല, രാഷ്ട്രീയം ജനങ്ങൾക്കു വേണ്ടിയുള്ളതാണെന്നു ഞാൻ വിശ്വസിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP