Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നഴ്‌സാകാൻ ആഗ്രഹിക്കാതെ നഴ്‌സായ എനിക്ക് പറയാനുള്ളത്

നഴ്‌സാകാൻ ആഗ്രഹിക്കാതെ നഴ്‌സായ എനിക്ക് പറയാനുള്ളത്

ഞാൻ ഒരു നഴ്‌സാവണം എന്ന് ഒരിക്കൽ പോലും ആഗ്രഹിച്ചിരുന്നില്ല... ഒരു പക്ഷെ എന്റെ ചേച്ചിയായിരിക്കാം ഞങ്ങളുടെ ഗ്രാമത്തിൽ നിന്നും ആദ്യമായി നഴ്‌സിങ് പഠിക്കാൻ പോയ വ്യക്തി. 1999 ലാണ് ഞാൻ നഴ്‌സിങ് പഠിക്കാനായി ആന്ധ്രയിലെ കർനൂൽ എന്ന സ്ഥലത്തേക്ക് തീവണ്ടി കേറുന്നത്. പ്രീഡിഗ്രിക്ക് മലയാളത്തിന് 100 ൽ 97 മാർക്കുണ്ടായിരുന്നു എനിക്ക്. അങ്ങനെ ബിഎ മലയാളം, എംഎ മലയാളം പിന്നെ ഒരു ടീച്ചറായി എവിടേലും ഒരു ജോലി. ആ സ്വപ്നമാണ് അമ്മയുടെ നിർബന്ധത്തിനും ചേച്ചിയുടെ ഉപദേശത്തിനും വഴിമാറി അന്ന് ദൂരെ എനിക്ക് പരിചിതമല്ലാത്ത ഒരു ലോകത്തേക്ക് പറന്നത്!

പി റ്റി എസ് പിരീഡിൽ വെള്ള സാരി ഉടുക്കുക എന്ന ദുഷ്‌കരമായ കാര്യം എന്നെ അലട്ടിയിരുന്നുവെങ്കിലും സുന്ദരി മണികളായ എന്റെ കൂട്ടുകാരുടെ സാമീപ്യവും സഹായവും അത് പരിഹരിച്ചു പോന്നു. ക്ലാസിനു പോകുക ഡ്യൂട്ടിക്ക് പോകുക എന്ന ബോറൻ ആശയങ്ങൾ എന്നെ ഒരു 'വിപ്ലവ' നായിക ആക്കി. ജിജിഎച്ചിലെ ഹൗസ് സർജന്മാരെ പ്രണയിക്കാനോ വാർഡ് സിസ്റ്ററെ സഹായിക്കാനോ അല്പം 'ഫെമിന്സ്റ്റ്‌ന' ആയ എനിക്ക് യാതൊരു താല്പര്യവുമില്ലായിരുന്നു. എങ്കിലും ഞാൻ ഈ ജിവിതത്തിൽ ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്ന, ഓർത്തുവയ്ക്കുവാൻ ഏറെ ഇഷ്ടപ്പെടുന്ന എന്റെ ഓർമ്മകൾ ജനിച്ചതും ഇപ്പോൾ ജിവിക്കുന്നതും എസ്യുഎം നഴ്‌സിങ് സ്‌കൂളിലെ 1999 - 2002 കാലയളവുകളാണ്!

ജോലിക്കനുസരിച്ചുള്ള വേതനമില്ലായ്മ വർദ്ധിച്ച ജോലി ഭാരം സമൂഹം കല്പിക്കുന്ന ചില 'അയിത്തങ്ങൾ' ഇതൊക്കെ ഈ ജോലിയുടെ വെല്ലുവിളികളാണ് എങ്കിലും കേരളത്തെ ഇന്നത്തെ കേരളമാക്കുന്നതിൽ ഈ നഴ്‌സ് കുഞ്ഞുങ്ങൾ വഹിച്ച പങ്ക് ചില്ലറയല്ല. പട്ടിണി വഴി മാറി മുതലാളിമാരായ പുതു പണക്കാരുടെ വീടുകളിൽ ഒരു നഴ്‌സെങ്കിലും ഉണ്ടാകും! തീർച്ച പെൺകുട്ടികളുടെ മേഖല ആയിരുന്നുവെങ്കിലും സഹനവും ക്ഷമയും, സേവന താല്പര്യവും (പിന്നെ വായിനോക്കാൻ ഇതിലും നല്ല ഫീൽഡ് ഉണ്ടോ?) തങ്ങൾക്കും കഴിയും എന്ന് തെളിയിക്കാനായി മെയിൽ നഴ്‌സുമാരും തയ്യാറായതോടെ പൊതു ജന ചിന്തകളിൽ 'ഛെ ഒരു നഴ്‌സോ' എന്ന പുച്ഛം വഴി മാറി സ്ഥിര വരുമാനം ഉള്ള ഒരു 'വിദേശ ജോലിന' എന്ന അഭിമാന ചിന്തകളിലേക്ക് ചിറക്വിടർത്തി.

കാലം കടന്നു പോയി പല നിയമ വ്യവസ്ഥകൾ വന്നുവെങ്കിലും നമ്മുടെ നാട്ടിലെ നഴ്‌സുമാരുടെ നീറുന്ന പ്രശ്‌നം പരിഹരിക്കാൻ ഒരു കോത്താഴത്ത് രാഷ്ട്രീയക്കാരനും ശ്രമിച്ചില്ല, പൊതു ജനങ്ങളും മൗനം പാലിച്ചു. വിദേശ നഴ്‌സുമാർ നാട്ടിലെ നഴ്‌സുമാരുടെ കണ്ണീരു കാണാൻ ചില ശ്രമങ്ങൾ നടത്തിയെങ്കിലും (ജുലിടെൻസിൽ) അതും ചില ദുഷ്ട ശക്തികളുടെ ഇടപെടൽ മൂലം വിജയം കണ്ടില്ല. അങ്ങനെ മൂഷിക സ്ത്രീ പിന്നെയും മൂഷിക സ്ത്രി ആയി. ഇവിടെയും ഉണ്ട് വർണ്ണ, വർഗ്ഗ വിവേജനങ്ങൾ പക്ഷെ പൊരുതി നിൽക്കാൻ കഴിവുള്ളവരെ അത്ര ബാധിക്കുന്നില്ല എന്ന് മാത്രം!

മനസ്സ് കൊണ്ട് ഞാൻ ഒരു നഴ്‌സാവാൻ ശ്രമിക്കാറില്ല (കഴിയാറില്ല എന്നതാണ് വാസ്തവം) പക്ഷെ പ്രവർത്തി കൊണ്ട് ഞാൻ ചില ശ്രമങ്ങൾ നടത്താറും ഉണ്ട്. അതുകൊണ്ട് കഞ്ഞി കുടിച്ചു പോണു! എന്റെ ഏറെ പ്രിയപ്പെട്ട സുന്ദരികളായ എല്ലാ നഴ്‌സുകുട്ടികൾക്കും, കുട്ടുകാരന്മാർക്കും നല്ല ഒരു ദിനം ആശംസിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP