Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെണ്ണിന്റെ വേദനയും ആ ദിവസങ്ങളിലും അതിനു തൊട്ടു മുൻപും അവരനുഭവിക്കുന്ന ശാരീരിക മനസികാസ്വാസ്ഥ്യങ്ങളും ആരും ആർക്കും പറഞ്ഞു കൊടുത്തില്ല.. ഓരോ പെൺകുഞ്ഞും അത് സ്വയം അറിയുന്നു.. ബയോളജി പഠിപ്പിച്ച സിസ്റ്ററും അതൊരു വെറും പാഠഭാഗമായി പറഞ്ഞു പോയി: സരയു മോഹന ചന്ദ്രൻ എഴുതുന്നു

പെണ്ണിന്റെ വേദനയും ആ ദിവസങ്ങളിലും അതിനു തൊട്ടു മുൻപും അവരനുഭവിക്കുന്ന ശാരീരിക മനസികാസ്വാസ്ഥ്യങ്ങളും ആരും ആർക്കും പറഞ്ഞു കൊടുത്തില്ല.. ഓരോ പെൺകുഞ്ഞും അത് സ്വയം അറിയുന്നു.. ബയോളജി പഠിപ്പിച്ച സിസ്റ്ററും അതൊരു വെറും പാഠഭാഗമായി പറഞ്ഞു പോയി: സരയു മോഹന ചന്ദ്രൻ എഴുതുന്നു

സബ് കലക്ടറായി ചാർജെടുത്തു മൂന്നു മാസം കഴിഞ്ഞു..അന്ന് മുതൽ നെഞ്ചിൽ നീറിപ്പടരുന്ന വേദനയാണ് ഓരോ സ്ത്രീധന മരണവും inquest ഉം enquiry യും ഒക്കെ.. ആദ്യത്തെ 10 ദിവസത്തിനുള്ളിൽ 5 അസ്വാഭാവിക മരണങ്ങൾ ...വിവാഹം കഴിഞ്ഞു 7 വർഷത്തിനുള്ളിൽ ഒരു യുവതി അസ്വാഭാവികമായ സാഹചര്യത്തിൽ മരണമടഞ്ഞാൽ അതിൽ സ്ത്രീധനം ഒരു കാരണമാണോ എന്ന് വിചാരണ നടത്തി റിപ്പോർട്ട് കൊടുക്കേണ്ടത് എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് ന്റെ ഉത്തരവാദിത്തമാണ് ...ഓരോ ഇൻക്യുസ്‌റ് നടത്തുമ്പോഴും ഉള്ളിൽ എന്തൊക്കെയൊക്കെയോ വികാരങ്ങളാണ് ...ഒരു ഓഫീസർ എന്ന നിലയിൽ ഡിറ്റാച്ഡ് ആയി നിന്ന് കൊണ്ട് ചെയ്യേണ്ട ജോലിയാണിതെന്നു എല്ലാവരും പറഞ്ഞുതന്നിട്ടുണ്ട്.എങ്കിലും മോർച്ചറിയിൽ എത്തുമ്പോൾ ഞാൻ എന്തൊക്കെയോ ചിന്തിച്ചു പോവുന്നു..

രണ്ടു ദിവസമായി ശെരിക്കുറങ്ങിയിട്ട് ..ഗായത്രിയുടെ മരണം എന്റെ പന്ത്രണ്ടാവതു 174 കേസ് ആണ് ...ആ കഥയും അതെന്തു കൊണ്ട് എന്നെ ഇത്രയും വേദനിപ്പിക്കുന്നു എന്നുള്ളതും ഞാൻ വേറൊരു നാളിലേക്കു മാറ്റിവെക്കുന്നു..

ഇന്നലെ രണ്ടും കൽപ്പിച്ചു ഫോറൻസിക് സർജനെ വിളിച്ചു'..Dr രാംകുമാർ എന്നെ ഓരോ കേസിലും സഹായിക്കാറുണ്ട്. 'എന്ത് പറ്റി ഡോക്ടർ നമ്മുടെ പെൺകുട്ടികൾക്ക് ?' ഞാൻ അസ്വസ്ഥതയോടെ ചോദിച്ചു ...'എന്ത് ചെയ്യാനാണ് മാഡം ....ഞാനും ഓരോ ദിവസവും ഇതേ ഞെട്ടലിലാണ് ..' ഗായത്രിയുടെ മരണത്തെ പറ്റിയും അതിലെ ദുരൂഹതകളെപ്പറ്റിയും സംസാരിച്ചു തീർന്നപ്പോൾ ഞാൻ ഡോക്ടറോട് ചോദിച്ചു..എന്തെങ്കിലും എനിക്ക് ചെയ്യാനാവുമോ..കൗൺസിലിങ് അറേഞ്ച് ചെയ്‌തോ,ബോധവൽക്കരണത്തിലൂടെയോ ഒക്കെ..എന്നേക്കാൾ ഇളയ വയസിൽ വിവാഹം ചെയ്തു രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായി ജീവിതം മതിയാക്കി 'ഇനിയെങ്കിലും എനിക്ക് നീതി തേടി തരൂ ' എന്ന് ഫോർമാലിൻ ഗന്ധം നിറഞ്ഞ മോർച്ചറിയിൽ ആരും കാണാതെ ആരും കേൾക്കാതെ എന്നോട് പറഞ്ഞ ഗൗരിയും,രേവതിയും ഒക്കെ എന്റെ മനസിലൂടെ മിന്നി മറഞ്ഞു..'അമ്മ പോയതറിയാതെ ആർത്തലച്ചു കരയുന്ന കുഞ്ഞുങ്ങൾ എന്റെ സ്വപ്നങ്ങളിൽ വന്നു പോവാൻ തുടങ്ങിയിട്ടു കുറച്ചു നാളുകളായി ...

ഡോക്ടർ തുടർന്നു :'മാഡം ശ്രെദ്ധിച്ചിട്ടുണ്ടോന്നറിഞ്ഞൂടാ ...നമ്മൾ കണ്ട ഭൂരിഭാഗം കേസിലും പെൺകുട്ടികൾ അവരുടെ ആർത്തവ ദിവസത്തിനിടയിലാണ് ഇത് ചെയ്തിരിക്കുന്നത്.ഞാൻ കൈകാര്യം ചെയ്ത തൊണ്ണൂറു ശതമാനം കേസുകളിലും ഇത് ശെരിയാണ് ...പെൺകുട്ടികൾ ആ സമയത്തു അനുഭവിക്കുന്ന സമ്മർദ്ദം ആരും മനസിലാക്കുന്നൊ കാര്യമാക്കുന്നോ ഇല്ല എന്നതാണ് സത്യം ..അതിഭയങ്കരമായ കോപവും ദുഃഖവും മാനസിക സമ്മർദ്ദവും ഇതൊന്നും മനസിലാകാതെയുള്ള കുടുംബാംഗങ്ങളുടെ കുറ്റപ്പെടുത്തലുകളും കാര്യങ്ങൾ ശെരിക്കും വഷളാക്കുന്നു ...മാത്രമല്ല,നിറയെ കേസുകളിൽ ഈ പെൺകുഞ്ഞുങ്ങൾ കൈക്കുഞ്ഞുങ്ങൾ ഉള്ളവരുമാണ് ...പ്രസവശേഷം വരുന്ന ഡിപ്രെഷൻ പലരും മനസിലാക്കുന്നില്ല എന്നുള്ളതാണ് സത്യം.
'.
ഇവിടെയാണ് നമുക്കൊക്കെ തെറ്റുന്നത്..ആണിനും പെണ്ണിനും അതിർവരമ്പും മുള്ളുവേലിയും വെച്ച് ആർത്തവത്തിനും ആർത്തവ രക്തത്തിനും അശുദ്ധം കൽപ്പിച്ചു നമ്മൾ പറയേണ്ടതൊക്കെ പറയാതിരിക്കാൻ ശീലിച്ചു ...പെണ്ണിന്റെ വേദനയും ആ ദിവസങ്ങളിലും അതിനു തൊട്ടു മുൻപും അവരനുഭവിക്കുന്ന ശാരീരിക മനസികാസ്വാസ്ഥ്യങ്ങളും ആരും ആർക്കും പറഞ്ഞു കൊടുത്തില്ല..ഓരോ പെൺകുഞ്ഞും അത് സ്വയം അറിയുന്നു..ബയോളജി പഠിപ്പിച്ച സിസ്റ്ററും അതൊരു വെറും പാഠഭാഗമായി പറഞ്ഞു പോയി...ഇതൊന്നും മനസിലാക്കാതെ പോവുന്നതിൽ ഞാൻ ഒരാണിനെയും കുറ്റപ്പെടുത്തില്ല ..അവർക്കും ഉണ്ടായിരുന്നു വേദനിക്കുന്ന ആ ദിവസങ്ങളിൽ കോപം നിയന്ത്രിക്കാനാവാത്ത അമ്മയും ചേച്ചിയും അനിയത്തിയുമൊക്കെ..അവനൊന്നു കാരണം ചോദിച്ചപ്പോൾ കടിച്ചു കീറിക്കൊണ്ട് അവനെ ആട്ടിയോടിച്ചത് നമ്മളാണ് ...പറയേണ്ടതും പറഞ്ഞു മനസിലാക്കേണ്ടതും ആ ദിവസങ്ങളിൽ നമുക്ക് എന്ത് വിധ സമ്മര്ദങ്ങളാണ് അനുഭവിക്കേണ്ടി വരുന്നതും എന്നും തുറന്നു പറയേണ്ടത് നമ്മൾ തന്നെയാണ്..എല്ലാവരും ഈ ബുദ്ധിമുട്ടിലൂടെ കടന്നു പോവുന്നു എന്നല്ല ,അത്തരം ബുദ്ധിമുട്ടുകൾ ഉള്ളവരെ സഹായിക്കാൻ ഇത്തരം അറിവുകൾ ഏറെ സഹായിക്കും..IAS preparation ടൈമിലെ കടുത്ത സമ്മർദ്ദത്തിനിടെയിലാണ് ഞാൻ ഇതേക്കുറിച്ചു മനസിലാക്കുന്നത്..

അമ്മയെയും അനിയത്തിയേയും കൂട്ടുകാരിയേയും കൂടുതൽ അറിയുന്നത് അവരെ കൂടുതൽ സ്‌നേഹിക്കാൻ സഹായിക്കും..പതിവില്ലാതെ അവൾ ദേഷ്യപ്പെടുമ്പോൾ മനസിലാക്കാവുന്നതേ ഉള്ളു അവളെ ഹോർമോൺ കഷ്ടപ്പെടുത്തുകയാണെന്നു..'എനിക്ക് periods ആണ് ..വല്ലാതെ സങ്കടവും ദേഷ്യവും വരുന്നു' എന്ന് തുറന്നു പറയുന്നതിൽ ഒരു സദാചാരവും ഇടിഞ്ഞു വീഴുന്നില്ല...
..ആർത്തവവും PCOD പോലുള്ള രോഗങ്ങളും POSTPARTUM ഡിപ്രെഷനും ആ സമയങ്ങളിൽ എങ്ങനെ സമചിത്തതയോടെ അതിനെ കൈകാര്യം ചെയ്യണം എന്നതുമൊക്കെ സ്ത്രീയും പുരുഷനും ഒരു പോലെ അറിഞ്ഞിരിക്കേണ്ടതുണ്ട്...ഇതൊന്നും അവരോടു പറഞ്ഞിട് കാര്യമില്ലെന്നുള്ള എസ്‌ക്യൂസ്‌കൾ ദയവു ചെയ്തു വിചാരിക്കരുത്..മനസിലാക്കാനും സഹായിക്കാനും സ്‌നേഹിക്കാനും നമ്മുടെ ഓരോ കൂട്ടുകാരനും ചേട്ടനും അച്ഛനും ഒക്കെ തയ്യാറാണ്...

(തമിഴ്‌നാട്ടിൽ സബ് കലക്ടറായ സരയു ഫേസ്‌ബുക്കിൽ എഴുതിയാണ് ഈ കുറിപ്പ് )

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP