Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാമായണത്തിലെ അതിപ്രധാനമായ ഒരിടം; എതിരിടുന്നവന്റെ പാതിബലം തന്നിലേക്കാവാഹിച്ചെടുക്കാൻ കെല്പുള്ള ബാലി വാണ കിഷ്‌ക്കിണ്ഡ; ആഞ്ജനേയ ജന്മഭൂമിയായ അഞ്ജനാദ്രി; ഹനുമാന് ആദ്യമായി ശ്രീരാമദർശനം ലഭിച്ച പമ്പാ സരോവർ: രാമായണ ഭൂമികയിലൂടെ ഒരു യാത്ര - കിഷ്‌ക്കിണ്ഡാകാണ്ഡം: രവികുമാർ അമ്പാടി എഴുതുന്നു...

രാമായണത്തിലെ അതിപ്രധാനമായ ഒരിടം; എതിരിടുന്നവന്റെ പാതിബലം തന്നിലേക്കാവാഹിച്ചെടുക്കാൻ കെല്പുള്ള ബാലി വാണ കിഷ്‌ക്കിണ്ഡ; ആഞ്ജനേയ ജന്മഭൂമിയായ അഞ്ജനാദ്രി; ഹനുമാന് ആദ്യമായി ശ്രീരാമദർശനം ലഭിച്ച പമ്പാ സരോവർ: രാമായണ ഭൂമികയിലൂടെ ഒരു യാത്ര - കിഷ്‌ക്കിണ്ഡാകാണ്ഡം: രവികുമാർ അമ്പാടി എഴുതുന്നു...

രവികുമാർ അമ്പാടി

ബംഗലൂരുവിൽ നിന്നുള്ള ഏഴുമണിക്കൂർ നീണ്ട കാർ യാത്രക്കൊടുവിൽ ഹംപിയിൽ എത്തുമ്പോഴേക്കും ക്ഷീണിതരായിരുന്നു. ഹംപിക്കരികിലുള്ള നാരായൺപേട്ട് എന്ന ഗ്രാമത്തിലെ നാട്ടിടവഴിയിലൂടെ കാർ മെല്ലെ നീങ്ങുമ്പോൾ ഇരുവശവുമുള്ള വയലുകളിൽ അന്ധകാരം പരക്കുവാൻ ആരംഭിച്ചു. ആട്ടിടയന്മാർ അന്നത്തെ ജോലിതീർത്ത് ആട്ടിൻപറ്റങ്ങളുമായി മടങ്ങുന്നു. അതൊഴിച്ചാൽ വഴിയിലെങ്ങും ആരുമില്ല.

'ഇറ്റ്‌സ് റിയലീ എ റിമോട്ട് പ്ലേസ്, സ്റ്റിൽ ദ ലൈഫ് ഈസ് റോക്കിങ് എവരിവേർ'. നഗരാർഭാടങ്ങളിൽ ജീവിതം കണ്ടെത്തിയിരുന്ന സുഹൃത്തിന് ആഹ്ലാദം അടക്കുവാനായില്ല. പരിശുദ്ധമായ വായു, ഇരുവശത്തും പരന്നുകിടക്കുന്ന നെൽവയൽ, ഇടയ്‌ക്കൊക്കെ തലയുയർത്തി നിൽക്കുന്ന കരിമ്പനകൾ, ഒന്നു കാതോർത്താൽ അധികം ദൂരെനിന്നാല്ലാതെ എത്തുന്ന തുംഗഭദ്രയുടെ കിളിക്കൊഞ്ചലുകൾ. ജീവന്റെ തുടിപ്പുകൾ അതിന്റെ ഔന്നത്യത്തിലെത്തി നിൽക്കുന്ന അന്തരീക്ഷം.

തുംഗഭദ്രയുടെ ഒരു കരയിൽ ചരിത്രമുറങ്ങുമ്പോൾ, മറുതീരം ഇതിഹാസഭൂമിയാണ്‌. രാമായണത്തിലെ പല സുപ്രധാന സംഭവങ്ങൾക്കും സാക്ഷിയായ പുണ്യഭൂമി. ഇത്തവണത്തെ ഹംപിയാത്രയിൽ ലക്ഷ്യമിട്ടതും ഈ രാമായണഭൂമിയിലൂടെയുള്ള ഒരു യാത്രയായിരുന്നു.

കുറ്റിക്കാടുകൾ അതിരുതീർത്ത നാട്ടുപാതയും വയലുകളെ തൊട്ടുരുമ്മിയുള്ള ടാർ വിരിച്ച വഴിയും കടന്ന് ഒരല്പം വീതിയുള്ള പ്രധാനപാതയിലേക്ക്‌ കാർ തിരിഞ്ഞു. ഇടതുഭാഗം മുഴുവൻ തലയുയർത്തി നിൽക്കുന്ന പാറക്കെട്ടുകൾ. വലത് ഭാഗത്ത് താഴോട്ട് ഇറങ്ങിക്കിടക്കുന്ന താഴ്‌വരയിൽ ഇടയ്ക്കിടയ്ക്ക്‌ വീടുകളും കടകളും ഒക്കെ കാണാം. കുറച്ചു മുന്നോട്ടുപോയപ്പോൾ വഴിയരികിൽ നിറയെ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു.

'ഇവിടെ ഇറങ്ങാം.'ഗൈഡിന്റെ നിർദ്ദേശം 'ഇവിടുന്ന് ഒരല്പം മുന്നോട്ട് നടന്നാൽ മതി അഞ്ജനാദ്രിയിലേക്കുള്ള പ്രവേശനകവാടത്തിലെത്താം.'

ഞങ്ങൾ ഇറങ്ങി നടന്നു. സന്ദർശകരെ സ്വാഗതം ചെയ്തുകൊണ്ടുള്ള കമാനത്തിനരികിലായി രണ്ടുമൂന്നു ചെറിയ കടകൾ. പൂജാദ്രവ്യങ്ങളും ശീതളപാനീയങ്ങളുമൊക്കെയാണ് വില്പന. ഇടക്ക് ഒന്നുരണ്ടു കടകളിൽ നീളത്തിലുള്ള ജുബ്ബയും മുണ്ടും തൂക്കിയിട്ടിരിക്കുന്നതും കണ്ടു.

സന്ദർശകർ ഉണ്ടായിരുന്നെങ്കിലും കഠിനമായ തിരക്കൊന്നുമില്ലാത്തതിനാൽ വലിയ ബുദ്ധിമുട്ടുണ്ടായില്ല.

'ശനിയാഴ്ച ദിവസങ്ങളിലാണ് സാധാരണ തിരക്ക് അനുഭവപ്പെടുക.' ഗൈഡായി എത്തിയ രാമറാവു തന്റെ അറിവ് പകർന്നു തരാൻ തുടങ്ങി.'മൊത്തം അഞ്ഞൂറ്റി എഴുപത് പടികളുണ്ട് കയറുവാൻ...'

ഇത് അഞ്ജനാദ്രി. രാമായണത്തിൽ പ്രതിപാദിച്ചിട്ടുള്ള അഞ്ജനാദേവിയുടെ ആശ്രമം സ്ഥിതിചെയ്ത ഇടം. ആഞ്ജനേയ സ്വാമി ജന്മം കൊണ്ട പുണ്യഭൂമിക. ആ നിസ്വാർത്ഥ ഭക്തനെ ഒരു നിമിഷം മനസ്സിൽ ധ്യാനിച്ച്‌ഞങ്ങൾ പടികൾ കയറാൻ ആരംഭിച്ചു. ആദ്യത്തെ ഇരുന്നൂറോളം പടികൾ വരെ മുകളിൽ ആസ്ബസ്റ്റോഴ്‌സ് ഷീറ്റിട്ട്, ഇരുപുറവും കമ്പിവേലികൾ കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്. പിന്നീടുള്ള പടികൾ കൂടുതൽ കുത്തനെയും പാറക്കെട്ടുകൾക്കിടയിലൂടെയുള്ളതുമാണ്. ഒന്നുരണ്ടിടത്ത് പാറകൾ വഴിയിലേക്ക നീണ്ടു നിൽക്കുന്നതിനാൽ ഗുഹയ്ക്കുള്ളിലൂടെ എന്നപോലെ നൂഴ്ന്നുവേണം പോകുവാൻ.

അതിരാവിലെ മലകയറിയവർ മുകളിലെ ആഞ്ജനേയസ്വാമി ക്ഷേത്രത്തിലെ ദർശനവും കഴിഞ്ഞ്‌ പടിയിറങ്ങി വരുന്നുണ്ടായിരുന്നു. ജയ് ശ്രീരാം വിളികൾ അന്തരീക്ഷമാകെ തളം കെട്ടിനിന്നു. കാർമേഘമൊഴിഞ്ഞ ആകാശത്തിലെത്തിയ സൂര്യന് പതിവിലുമധികം ചൂട്. എങ്കിലും തുംഗഭദ്രയിൽ നിന്നുള്ള കുളിർകാറ്റ് ഒരു ആശ്വാസം നൽകി. ഇടയ്‌ക്കൊക്കെ പടവുകൾക്കരികിലെ പാറകളിൽ ഇരുന്ന് പ്രകൃതിഭംഗി ആസ്വദിച്ച്‌ഞങ്ങൾ മെല്ലെ മുകളിലെത്തി.

കിഷ്‌കിണ്ഡയിലെ പുരാതന പ്രജകളുടെ ന്യൂജനറേഷൻ നിരവധിയുണ്ടവിടെ. ഞങ്ങൾ കൊണ്ടുവന്ന ശീതളപാനീയത്തിന്റെ കുപ്പി അവരിലൊരാൾ തട്ടിപ്പറിച്ചു. മുറുക്കിയടക്കാത്ത അടപ്പ് തുറന്ന് അത് മുഴുവനും കുടിച്ചുതീർക്കുകയും ചെയ്തു അദ്ദേഹം. ആ അപൂർവ്വരംഗം കാമറയിൽ പകർത്തി ഞങ്ങൾ ക്ഷേത്രത്തിനകത്ത് കയറി.

അധികം വലുതല്ലാത്ത ഒരു ക്ഷേത്രം. അത്ര പുരാതനവുമല്ല. മാർബിൾ വിരിച്ച നിലത്ത് അവിടവിടെയായി ദർശനം കഴിഞ്ഞ്‌ ഭക്തർ ഇരിക്കുന്നു. അവരെ മറികടന്ന് ശ്രീകോവിലിനു മുന്നിലെത്തി. ചുവന്ന നിറത്തിലുള്ള വലിയൊരു ഹനുമത് വിഗ്രഹം. ആരതിയുഴിഞ്ഞ്‌ പ്രസാദവുമായി പ്രധാന പുരോഹിതൻ പുറത്തേക്ക് വന്നു. തീർത്ഥവും കൽക്കണ്ടവുമാണ് പ്രസാദമായി നൽകുന്നത്. പിന്നെ, തിളങ്ങുന്ന ഓറഞ്ച് വർണ്ണത്തിലുള്ള ചാന്ത്‌പൊട്ടും.

ദർശനം കഴിഞ്ഞ്‌ പുറത്തേക്കിറങ്ങുന്ന വഴിയുടെ വലതുഭാഗത്തായി ഒരു വലിയ കണ്ണാടിക്കൂട്. രാമസേതു നിർമ്മാണത്തിനുപയോഗിച്ച ശിലകളിൽ ഒന്ന് അതിൽ സൂക്ഷിച്ചിരിക്കുന്നു. ഏകദേശം ഇരുപത്തഞ്ച് കിലോ ഭാരം വരുന്ന, രാമപാദമേറ്റ് ധന്യമായ ആ ശിലയേ വണങ്ങി പുറത്തേക്ക് കടന്നു.

കേസരി പിച്ചവെച്ചുനടന്ന പാറക്കെട്ടുകൾക്ക് മുകളിലൂടെ നടന്നു. നാലുപുറവും അതിമനോഹരങ്ങളായ പ്രകൃതിദൃശ്യങ്ങൾ. ദൂരെ ഒരു അരഞ്ഞാണം പോലെ മനോഹരിയായ തുംഗഭദ്ര. ഹംപിയിലെ വിരൂപാക്ഷ ക്ഷേത്രത്തിന്റെ ഗോപുരവും ഇവിടെനിന്നാൽ കാണാം. അന്തരീക്ഷത്തിൽ നിറഞ്ഞ ദൈവീകഭാവത്തെ മനസ്സിൽ ആവാഹിച്ച്‌ മലയിറങ്ങാൻ തുടങ്ങി.

'ഇനിയുള്ള യാത്ര പമ്പാ സരോവറിലേക്കാണ്' രാമറാവു പറഞ്ഞു മൂന്നതിരുകളിലും തലയുയർത്തി നിൽക്കുന്ന പർവ്വതങ്ങൾക്കിടയിലെ തെളിനീർ നിറî ജലാശയം. അതിനടുത്തും ഒരു ഹനുമാൻ ക്ഷേത്രമുണ്ട്.

'സൃഷ്ടികർമ്മത്തിനൊടുവിൽ ബ്രഹ്മാവ് സൃഷ്ടിച്ച പഞ്ചസരോവരങ്ങളിൽ ഒന്നാണ് പമ്പാ സരോവർ. ഇതിന്റെ തീരത്ത് വച്ചാണ് ഹനുമാൻ ആദ്യമായി ശ്രീരാമനെ കണ്ടുമുട്ടുന്നതും രമഭക്തനായി മാറുന്നതും' ക്ഷേത്രത്തിലെ പുരോഹിതനാണ് ഐതിഹ്യം വിവരിച്ചു തന്നത്. ഏതാണ്ട് ഉപ്പുമാവിനോട് സാദൃശ്യമുള്ള ഒന്നായിരുന്നു അവിടത്തെ പ്രസാദം. അതും സ്വീകരിച്ച് പമ്പാസരോവറിനരികിൽ ഒരല്പനേരം വിശ്രമിച്ച്ഞങ്ങൾ യാത്ര തുടർന്നു.

ഏകദേശം ഒരു കിലോമീറ്റർ സഞ്ചരിച്ചശേഷം കാർ വീണ്ടും നിർത്തി.

'ഇവിടെയാണ് സർ, ബാലി ഉപാസിച്ചിരുന്ന ദേവീക്ഷേത്രം.' ഗൈഡിന്റെ നിർദ്ദേശമനുസരിച്ച്ഞങ്ങൾ ഇറങ്ങി നടന്നു. അധികം ദൂരെയല്ലാതെ, ഏതാനും കല്പടവുകൾ. അത് കയറിയാൽ ക്ഷേത്രമായി. പുരാതന ക്ഷേത്രം ഇന്ന് പുതുക്കിപ്പണിതിരിക്കുന്നു. ഭക്തരുടെ തിരക്കുണ്ട്. ദേവിക്ക് കാണിക്കയായി നൃത്തവും സംഗീതവും അവതരിപ്പിക്കുന്ന ഭക്തർ. ക്ഷേത്ര ദർശനത്തിനു ശേഷം അതിനു വലതുഭാഗത്തുള്ള നടവഴിയിലൂടെ നടത്തമാരംഭിച്ചു. ഇടക്കിടെ പാറക്കെട്ടുകളും കുറ്റിക്കാടുകളുമൊക്കെയുള്ള വഴിയിലൂടെ നടന്നാൽ ഒരു പുരാതനമായ കോട്ടയുടെ അവശിഷ്ടം കാണാം.

'ഇതാണ് ബാലിയുടെ കോട്ട...' ആരാലും ജയിക്കാനാകാത്ത ബാലി വാണരുളിയ കിഷ്‌കിണ്ഡയുടെ ഭരണസിരാകേന്ദ്രം ഇന്ന് കാടുപിടിച്ചു കിടക്കുന്നു. അതുവഴി നടക്കുവാൻ ഏറെ ക്ലേശിക്കണം. എങ്കിലും ഇതിഹാസഭൂമിയിലാണ് നിൽക്കുന്നതെന്ന തിരിച്ചറിവ് ആവേശം പകർന്നു. അരക്കിലോമീറ്ററോളം നടന്നാൽ നവഗ്രഹ ക്ഷേത്രവും ഒരു ശിവക്ഷേത്രവും ഉണ്ട്. അതും കഴിഞ്ഞ്‌ ഒരല്പം പോയാൽ ഒരു കൂറ്റൻ ഗുഹയ്ക്കരികിലെത്തും. വലിയൊരു പാറകൊണ്ട് പാതിയടച്ച കവാടമുള്ളൊരു ഗുഹ. മൊബൈലിലെ ടോർച്ചിന്റെ പ്രകാശത്തിൽ ഇരുളടഞ്ഞ ഗുഹയ്ക്കുള്ളിലേക്ക് കയറി.

'ഇതിനകത്തായിരുന്നു ബാലിയും ദുന്ദുഭി എന്ന രാക്ഷസനുമായുള്ള ദ്വന്ദയുദ്ധം നടന്നത്.' രാമറാവു ഞങ്ങളെ ഇതിഹാസത്തിന്റെ താളുകളിലേക്ക് കൊണ്ടുപോയി. യുദ്ധത്തിൽ തൻ മരിച്ചാൽ ഗുഹാമുഖത്തേയ്ക്ക് ചോരയൊഴുകുമെന്നും അങ്ങനെയായാൽ ഗുഹാമുഖമടച്ച്‌ മടങ്ങണം. ദുന്ദുഭിയെ രക്ഷപ്പെടാൻ അനുവദിക്കരുത്. ഇതായിരുന്നു ബാലി തന്റെ അനുജൻ സുഗ്രീവന് നൽകിയ നിർദ്ദേശം. യുദ്ധത്തിൽ പരാജയമടഞ്ഞ ദുന്ദുഭി, തന്റെ മായയാൽ പുറത്തേക്ക് രക്തമൊഴുക്കി. ജ്യേഷ്ഠൻ മരിച്ചെന്നു ധരിച്ച സുഗ്രീവൻ ശോകത്താലും അതിലേറെ കോപത്താലും വിറച്ചു. പിന്നെ, ജ്യേഷ്ഠന്റെ കല്പനയനുസരിച്ച് വലിയൊരു പാറയെടുത്ത് ഗുഹാമുഖം അടച്ചിട്ട് കോട്ടയിലേക്ക് യാത്രയായി.

യുദ്ധത്തിൽ വിജയിയായെങ്കിലും ക്ഷീണിതനായ ബാലി തള്ളിത്തുറന്നിട്ട ഭാഗമാണ് ഇന്ന് ഗുഹയുടെ പ്രവേശന കവാടം. ഗുഹയ്ക്കുള്ളിലൂടെ നടന്ന് മറുഭാഗത്തുള്ള മറ്റൊരു കവാടം വഴി പുറത്തുകടന്നാൽ അതിനടുത്തൊരു ഗണപതി ക്ഷേത്രവുമുണ്ട്.

ബാലിയും സുഗ്രീവനുമായുള്ള ശത്രുത ആരംഭിച്ച സ്ഥലത്ത് നിന്നു നോക്കിയാൽ അങ്ങകലെ കാണാം ബാലികേറാ മല. അതിനടുത്തായാണ് ഇപ്പോൾ ചിന്താമണി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിനും, പാറക്കെട്ടുകൾക്കിടയിലൂടെ കുലുങ്ങിച്ചിരിച്ചുകൊണ്ടൊഴുകുന്ന തുംഗഭദ്രയ്ക്കും ഇടയിലൂടെ കരിങ്കൽ പാകിയ നടവഴി. അതിലൂടെ നടന്നെത്തിയാൽ കാണാം വേറൊരു ഗുഹ.

'ബാലി വധത്തിനു മുൻപായി ശ്രീരാമൻ ധ്യാനിച്ചിരുന്നത് ഈ ഗുഹയ്ക്കകത്തായിരുന്നു.' രാമറാവുവിന്റെ വിവരണം ആരംഭിച്ചു. 'അതിനുശേഷം ഇതിനു മുന്നിൽ നിന്നാണ് രാമൻ ബാലിക്ക് നേരേ ശസ്ത്രം തൊടുത്തത്' ശ്രീരാമൻ ബാലിക്ക് നേരെ അസ്ത്രം തൊടുത്തു എന്ന് വിശ്വസിക്കുന്ന സ്ഥലത്ത്, പാറമുകളിൽ ശ്രീരാമന്റെതെന്ന് വിശ്വസിക്കുന്ന കാല്പാദങ്ങൾ കാണാം. തൊട്ടുമുൻപിലായി. പാറമുകളിൽ ഒരു വില്ലിന്റെ ആകൃതിയിൽ പോറിയ പോലുള്ള ഒരു അടയാളവും. ബാലിവധത്തിനു ശേഷം ഭഗവാൻ തന്റെ വില്ല് ഇവിടെ വച്ചുവത്രെ!

നദിക്കക്കരെയുള്ള ഒരു ചെറിയ മണ്ഡപത്തിലേക്ക് ചൂണ്ടി രാമറാവു വിവരണം തുടർന്നു.

'അവിടെയാണ് ബാലിയെ സംസ്‌കരിച്ചത്. ഇന്ന് അത് ബാലിയുടെ സ്മാരകമായി സൂക്ഷിക്കുന്നു.'

തിരിച്ചുനടക്കുന്നതിനിടെ തുംഗഭദ്രയുടെ തീരത്ത് ഒരല്പനേരം ഇരുന്നു, ഒന്നും മിണ്ടാതെ. തഴുകാൻ ഓടിയണഞ്ഞ കാറ്റിലും ഉണ്ടായിരുന്നു രാമായണശ്ശീലുകൾ. വിരഹവേദനയിൽ മനംനൊന്ത ഭഗവാന് സാന്ത്വനമാകാൻ കഴിഞ്ഞ തുംഗഭദ്രയുടെ പുണ്യം മനസ്സിലെ കളങ്കമെല്ലാം കഴുകിക്കളഞ്ഞത് പോലെ. മറയാൻ മടിച്ചെന്നപോലെ പിന്നെയും ഹംപിയുടെ ആകാശത്ത് കാത്ത് നിൽക്കുന്ന സൂര്യനോട് മനസ്സില്ലാ മനസ്സോടെ യാത്രപറഞ്ഞ്‌ കാറിൽ കയറുമ്പോൾ ഒന്ന് ഉറപ്പിച്ചിരുന്നു. ഇനിയുമെത്തണം ഈ പുണ്യഭൂമിയിലേക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP