Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പത്തനംതിട്ടയിൽ നിന്നും ബസിൽ കയറുമ്പോൾ വെറും നാലു പേർ മാത്രം; പമ്പാ ഗണപതിയുടെ മുന്നിൽ എന്നും കത്തി നിൽക്കുന്ന കർപ്പൂര ആഴിയിൽ ഒരു തരി കനൽ പോലും ഇല്ല; മരക്കൂട്ടത്തും, ശബരി പീഠത്തിലും ഒക്കെ സാധാരണ മാസ പൂജ സമയത്ത് ഉള്ള അത്രത്തോളും അയ്യപ്പന്മാരെ ഉള്ളു;  ആൾ ഒഴിഞ്ഞ നടപ്പന്തലിൽ നിറയെ കാക്കി ഇട്ട പൊലീസുകാർ മാത്രം;  ശ്രീകോവിലിനു സമീപം പോയി തൊഴുവാനും ശ്രീകോവിലിൽ നിന്നും നേരിൽ പ്രസാദം വാങ്ങാനും സാധിച്ചു: പ്രതിഷേധങ്ങൾ കത്തി നിൽക്കുമ്പോൾ ഭഗവാനെ കണ്ടു മടങ്ങിയ ഒരു ഭക്തൻ എഴുതുന്നു

പത്തനംതിട്ടയിൽ  നിന്നും  ബസിൽ കയറുമ്പോൾ  വെറും  നാലു പേർ  മാത്രം; പമ്പാ ഗണപതിയുടെ മുന്നിൽ എന്നും കത്തി നിൽക്കുന്ന കർപ്പൂര ആഴിയിൽ ഒരു തരി കനൽ പോലും ഇല്ല; മരക്കൂട്ടത്തും, ശബരി പീഠത്തിലും ഒക്കെ സാധാരണ മാസ പൂജ സമയത്ത് ഉള്ള അത്രത്തോളും അയ്യപ്പന്മാരെ ഉള്ളു;  ആൾ ഒഴിഞ്ഞ നടപ്പന്തലിൽ നിറയെ കാക്കി ഇട്ട പൊലീസുകാർ മാത്രം;  ശ്രീകോവിലിനു സമീപം പോയി തൊഴുവാനും ശ്രീകോവിലിൽ നിന്നും നേരിൽ പ്രസാദം വാങ്ങാനും സാധിച്ചു: പ്രതിഷേധങ്ങൾ  കത്തി  നിൽക്കുമ്പോൾ  ഭഗവാനെ  കണ്ടു മടങ്ങിയ  ഒരു  ഭക്തൻ  എഴുതുന്നു

ഗിരീഷ് കല്ലൂപ്പാറ

ഴിഞ്ഞ രണ്ടര പതിറ്റാണ്ടിലധികമായി അയ്യപ്പ കൃപയാൽ മുടങ്ങാതെ ശബരിമല ദർശനം നടത്തുന്ന ഒരു അയ്യപ്പഭക്തനാണ് ഞാൻ. ഇക്കുറി ശബരിമല സന്ദർശിച്ചപ്പോൾ എനിക്ക് തോന്നിയ അനുഭവങ്ങൾ ആണ് ഇവിടെ കുറിക്കുന്നത്. കഴിഞ്ഞ വർഷവും ഇതേ ദിവസം തന്നെയാണ് ഞാൻ ദർശനം നടത്തിയത്. മുൻവർഷങ്ങളിലെപ്പോലെ പത്തനംതിട്ട ബസ് സ്റ്റാൻഡിലെത്തി, അവിടെ ഉള്ള പമ്പാ ബസ്സിൽ കയറിയപ്പോൾ ആകെ നാല് പേർ മാത്രമേ ഉള്ളൂ... ബസ് നിറയുമ്പോൾ മാത്രമാണല്ലോ പമ്പയിലേക്ക് സർവീസ് നടത്തുക. മുൻ വർഷവും ഇതേ സമയത്ത് എത്തി ഏകദേശം 10 മിനിറ്റിനകം ബസ് നിറഞ്ഞ് പമ്പയിലേക്ക് പുറപ്പെട്ടു. ഇക്കുറി ഏകദേശം ഒരു മണിക്കൂർ ആയപ്പോൾ 25 പേരുമായി ആണ് ബസ് പുറപ്പെട്ടത്.

കഴിഞ്ഞ വർഷം ഏകദേശം പന്ത്രണ്ട് ദിവസംകൊണ്ട് 30 ഡ്യൂട്ടി ചെയ്യാൻ സാധിച്ചതായി കണ്ടക്ടർ പറഞ്ഞു. എന്നാൽ ഇക്കുറി 14 ദിവസമായിട്ടും ആകെ 10 ഡ്യൂട്ടി ആയുള്ളൂ എന്നും വേദനയോടെ അദ്ദേഹം പറഞ്ഞു.

ഇതിൽതന്നെ കുറച്ചുപേർ അവിടെയുള്ള ഉദ്യോഗസ്ഥരും കച്ചവടക്കാരും പിന്നെ ഒന്നുരണ്ടുപേർ ഇടയ്ക്ക് ഇറങ്ങാനുള്ള വരുമായിരുന്നു. നിലയ്ക്കൽ ഇടത്താവളത്തിൽ എത്തിയപ്പോൾ ബസ് നിറഞ്ഞു. അയ്യപ്പന്മാരുടെ സൗകര്യാർത്ഥം ആവാം അവിടെ ലോഫ്‌ളോർ ബസുകളും എസി ബസുകളുമാണ് കാണുവാൻ സാധിച്ചത്. മറ്റെങ്ങും നിരക്ക് വർധിച്ചു ഇല്ലെങ്കിൽ പോലും പത്തനംതിട്ടയിൽ നിന്നും പമ്പയിലേക്ക് ചാർജ് 100 രൂപയാക്കി. നമ്മുടെ സർക്കാർ ബസ് അല്ലേ, നന്നാവണമെങ്കിൽ നന്നാവട്ടെ.

പ്രളയം സംഹാരതാണ്ഡവമാടിയ പമ്പയിൽ ചിത്രങ്ങളിലും മറ്റും കാണുന്ന പോലെ, ഒരു യുദ്ധം കഴിഞ്ഞ അവസ്ഥ. ബലി പുരകളിൽ ആണ് ആദ്യമെത്തിയത്. മുൻപ് തിങ്ങിനിറഞ്ഞിരുന്ന അവിടം, ശിവരാത്രി കഴിഞ്ഞ ആലുവ മണപ്പുറം പോലെ.

പമ്പാ ഗണപതിയുടെ മുന്നിൽ എന്നും കത്തി നിൽക്കുന്ന, കർപ്പൂര ആഴിയിൽ, ഒരു തരി കനൽ പോലും ഇല്ല. പമ്പ മുതൽ എവിടെയും പൊലീസ് ഉദ്യോഗസ്ഥരുടെ വർധിത സാന്നിധ്യം കാണാനുണ്ട്. തീർത്ഥാടകർ വളരെ കുറവാണെങ്കിലും, മുൻ വർഷങ്ങളിൽ ഉള്ളതിന്റെ വളരെ ഇരട്ടി, പൊലീസുകാരുണ്ട്. വിർച്വൽ ക്യൂ സിസ്റ്റം വഴി ബുക്ക് ചെയ്തവരുടെ പരിശോധനയും ഗണപതി കോവിലിനു സമീപം ആണ്. സേവന സന്നദ്ധരായ ഉദ്യോഗസ്ഥർ അവിടെ ഉണ്ട്. നീലിമല കയറുമ്പോൾ, മുൻവർഷങ്ങളിൽ ഉള്ള പോലെ കുടിവെള്ള വിതരണം നന്നായി നടക്കുന്നുണ്ട്. മരക്കൂട്ടത്തും, ശബരി പീഠത്തിലും ഒക്കെ സാധാരണ മാസ പൂജ സമയത്ത് ഉള്ള അത്രത്തോളും അയ്യപ്പന്മാരെ ഉള്ളു. ആൾ ഒഴിഞ്ഞ ശരണ വീഥികൾ കാണുമ്പോൾ എവിടെയോ ഒരു വേദന.

സന്നിധാനത്ത് ഏകദേശം 8 മണിക്ക് എത്തുമ്പോൾ ആൾ ഒഴിഞ്ഞ നടപ്പന്തൽ, എങ്കിലും കാക്കി ഇട്ട ധാരാളം പൊലീസ് സ്വാമിമാരെ കാണാൻ സാധിച്ചു. (പൊലീസ് സ്വാമിമാർ എന്നു പറയാമോയെന്നു അറിയില്ല). കഴിഞ്ഞ വർഷം ഇതേ സമയത്ത്, ഏകദേശം ഒരു മണിക്കൂർ കാത്ത് നിന്നാണ് പടി ചവിട്ടാൻ സാധിച്ചത്. പടിതൊട്ടു 'വന്ദനമേ.... ശരണമയ്യപ്പ' എന്നു ശരണം വിളിക്കുന്ന ഓരോ അയ്യപ്പ ഭക്തന്റെ ആഗ്രഹമാണ്, ഓരോ പടിയിലും നമസ്‌കരിച്ചു കയറുക എന്നത്. അത് സാധ്യമാക്കി തന്ന അധികാരികളോട് നന്ദി പറയേണ്ടതല്ലേ? ഒരു തിരക്കും ഇല്ലാതെ, മണ്ഡല കാലത്ത് ദർശനം, അതിലും ഉപരിയായി ശ്രീകോവിലിനു സമീപം പോയി തൊഴുവാനും ശ്രീകോവിലിൽ നിന്നും നേരിൽ പ്രസാദം വാങ്ങാനും സാധിച്ചു. മണ്ഡല കാലത്ത് ഇത്ര ശാന്തമായ ദർശന ത്തിനു അനുകൂല സാഹചര്യം ഒരുക്കിയ ദേവസ്വം ബോർഡിനോട് നന്ദി പറയാൻ എന്തോ, പഴകിയ മനസ്സിന് സാധിക്കുന്നില്ല.

മാളികപ്പുറത്തമ്മയെയും ഉപദേവതകളെയും വണങ്ങി, അന്നദാനം കഴിച്ചു, ആ മണ്ഡപത്തിനു മുകളിൽ വിരിവെച്ചു.

വാവർ നടയുടെ മുന്നിൽ പൊലീസ് സ്വാമിമാർ, പൂർണ യൂണിഫോമിൽ, നിരന്നു നിൽക്കുന്നു. തലേ ദിവസം അവിടെ നാമജപം നടന്നതുകൊണ്ടാവും, അവിടെ അധിക സമയം നിൽക്കാൻ അനുവദിക്കുന്നില്ല. അവരുടെ പെരുമാറ്റവും നല്ല രീതിയിൽ തന്നെയാണ്. എന്നാൽ അവിടെ അധിക നേരം ഇരിക്കാനോ, നിൽക്കാനോ അനുവദിക്കില്ലന്നു പറഞ്ഞപ്പോൾ, മുൻവർഷം അവിടെ കൂടിയിരുന്നു നെയ്‌ത്തേങ്ങ പൊട്ടിച്ച്, അഭിഷേകത്തിനു തയ്യാറാവുന്ന അയ്യപ്പന്മാരെ, അവിടെ ഇരുന്നു കർപ്പൂരം കത്തിച്ചു ശരണം വിളിച്ചിരുന്ന പ്രത്യേകിച്ചും ഇതരസംസ്ഥാന അയ്യപ്പന്മാരുടെ ചിത്രം മനസിലൂടെ കടന്നു പോയി. അപ്പുറത്തുള്ള ഒരിക്കലും തിരക്കൊഴിഞ്ഞ കണ്ടിട്ടില്ലാത്ത അപ്പം അരവണ കൗണ്ടറിനു സമീപം നാമമാത്രമായ ഭക്തരും പൊലീസ് സ്വാമിമാരും.

അവിടെ വെച്ചു, നെയ്‌ത്തേങ്ങ പൊട്ടിച്ച്, നെയ്യു പാത്രത്തിലേക്കു പകരാൻ നോക്കിയപ്പോൾ, പൊലീസ് ഉദ്യോഗസ്ഥൻ വന്നു. സർ, ഇവിടെ വെച്ചു നെയ്‌ത്തേങ്ങ പൊട്ടിക്കരുതെന്നും, അതിനായി മാളികപ്പുറത്തിനു സമീപം പോകണം എന്നും അല്ലെങ്കിൽ ഓഫീസറോട് അനുവാദം വാങ്ങാൻ ഓഫീസറ് കാട്ടിത്തരികയും ചെയ്തു. അപ്രകാരം ഓഫീസറെ സമീപിച്ചു, തിരക്ക് ഇല്ലാത്തതു കൊണ്ടാവും, അദ്ദേഹത്തിന്റെ അനുവാദത്തോടെ ഞങ്ങൾ ഇരുവരും നെയ്യ് വേർതിരിച്ച്, നാളികേരത്തിൽ പാതി യജ്ഞകുണ്ഡത്തിൽ സമർപ്പിച്ചു. എല്ലാം വിഴുങ്ങും വണ്ണം ഹുങ്കാരത്തോടെ ഉയർന്നു കത്തിയിരുന്ന ആഴി, യുവതി പ്രവേശനത്തിലെ ചിലരുടെ വേണ്ടണം, നിലപാടുപോലെ കത്തണോ അണയണമോ എന്ന പോലെ ആണ് കത്തുന്നത്. മുൻപ് അതിനു സമീപം, ചൂടുകൊണ്ട് നിൽക്കാൻ സാധിക്കയില്ലായിരുന്നു.

ഇത് എഴുതാൻ കാരണം, ചില സ്ഥലങ്ങളിൽ പൊലീസ് വക നിയന്ത്രണം ഉണ്ട്. അവർ അത് ഉറപ്പു വരുത്തുന്നുമുണ്ട്. സാഹചര്യം അനുസരിച്ചു ഓഫീസർമാർ അതിൽ ഇളവ് അനുവദിക്കുന്നുമുണ്ട്. എന്നാൽ അന്യദേശത്തു നിന്നും ഒക്കെ വരുന്ന അയ്യപ്പന്മാർ, യൂണിഫോം ഇട്ട ഒരു പൊലീസുകാരൻ, അദ്ദേഹത്തിന് കിട്ടിയ നിർദ്ദേശ പ്രകാരം, (ആരും അവിടെ ഇല്ലെങ്കിൽ പോലും) ഇരിക്കരുത് എന്നു പറയുമ്പോൾ അവർ നാട്ടിൽ ചെന്ന് പറയുന്നത് എന്താവും? പൊലീസുകാർ പലയിടത്തും ഇരിക്കാൻ പോലും സമ്മതിക്കില്ല, എന്നാവില്ലേ? അത് പോലെ മുൻകാലങ്ങളിൽ, നമ്മളിൽ ഒരാൾ ആയി, സ്വാമി എന്നു വിളിച്ചവർ, സർ എന്നു വിളിക്കുമ്പോ, അത് ഒരു മാറ്റം ആണ്, തത്വമസി യുടെ മണ്ണിൽ ആശാസൃമല്ലാത്ത മാറ്റം. ( അവരുടെ പെരുമാറ്റം വളരെ നല്ലതാണ്, ശബരിമലയിൽ പരസ്പരം സ്വാമി എന്നു വിളിച്ചാൽ പോരെ? സ്വാമി വിളി ആരെയാണ് അലോസരപ്പെടുത്തുന്നത്).

സാധാരണ പോലെ പലസ്ഥലത്തും നാമ ജപയജ്ഞം കണ്ടു. അന്ന് മാളികപ്പുറത്തിന് സമീപം ആയിരുന്നു ഭജന. എന്നാൽ വലിയ നടപ്പന്തലിൽ ആരെയും കണ്ടില്ല, ആ സ്റ്റേജിലും. തലേ ദിവസം, വാവർ സ്വാമി നടയുടെ മുന്നിൽ ശരണം വിളിച്ചവരെ അറസ്റ്റ് ചെയ്തതുകൊണ്ടാവാം, അന്ന് അവിടെ ഇരിക്കാൻ ആരെയും അനുവദിച്ചില്ല. തലേ ദിവസം ആ ശരണം വിളിയും അറസ്റ്റും തത്സമയം കണ്ട, സുഹൃത്തുക്കളിൽ പലരും വിളിച്ചു, ശബരിമല യാത്ര നീട്ടിവെയ്ക്കരുതോ എന്നു ചോദിച്ചതും സ്മരിക്കുന്നു. ഹരിവരാസനത്തിനു ശേഷം, അറസ്റ്റ് എന്നത് പുതിയ ആചാരം ആവുമോ എന്ന് ഭയന്നിരുന്നെങ്കിലും, ഞാൻ പോയ ദിവസം അറസ്റ്റ് ഉണ്ടായില്ല.

ഇത്രയും അയ്യപ്പന്മാരെ വലയം തീർത്തു, അറസ്റ്റ് ചെയ്തു പമ്പ വരെ എത്തിച്ചു, ഈ പൊലീസ്സ് കാർ വീണ്ടും ഡ്യൂട്ടി ചെയ്യാൻ മുകളിലേക് പോകേണ്ട അവരുടെ കഷ്ടപ്പാട് എങ്കിലും അറസ്റ്റിനു നിർദ്ദേശം നൽകുന്നവർ ഓർത്തിരുന്നെങ്കിൽ എന്നു ചിന്തിച്ചു പോകുന്നു.

ശരണം വിളിച്ചതിന് ആരുടെയോ നിർദ്ദേശപ്രകാരം ഇങ്ങനെ താഴേക്ക് ഇന്ന് അയ്യപ്പന്മാരെ കാണുമ്പോൾ മാന്യത മറ്റുള്ളവരുടെ മനസ്സിൽ ഉണ്ടാകുന്ന വേദന എങ്കിലും മനസ്സിലാക്കിയാൽ നന്നായിരുന്നു. പിന്നീട് ന്യായീകരിക്കാൻ പറയുന്നത് അവർ സംഘപരിവാർ ആണ് എന്നതാണ്. സംഘപരിവാറിന് നാമം ജപിച്ചു കൂടെ?

വലിയ നടപ്പന്തൽ സൂന്യമായി കിടക്കുമ്പോൾ, അത്ര സൗകര്യം ഇല്ലത്തുടത്തു വിരിവെയ്‌ക്കേണ്ടി വരുന്നുണ്ട്.

ഭക്തജനങ്ങളുടെ എണ്ണതിലെ കുറവു വലിയ പ്രത്യാഘാതം ഉണ്ടാക്കും എന്ന് മനസ്സിലാക്കി പരിശോധിച്ച് അതിന്റെ പരിഹാരങ്ങൾ കാണണം.

അവിടെ കലാപ അന്തരീക്ഷമല്ല ഉള്ളതെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തണം.

ഈ മണ്ഡലകാലം കഴിയുംവരെ എങ്കിലും തൽസ്ഥിതി തുടരുവാനുള്ള തീരുമാനം എടുക്കേണ്ടതാണ്.

പൊലീസിന് പൂർണ്ണ യൂണിഫോം നൽകിയതിന് പകരം മരക്കൂട്ടത്തിനു മുകളിൽ എങ്കിലും മുൻവർഷങ്ങളിലെ പോലെയുള്ള യൂണിഫോം ആക്കണം. പരസ്പര സംബോധന മുൻപത്തെ പോലെ സ്വാമി എന്നാക്കി മാറ്റണം.

അതിനായി അനാവശ്യമായി വെച്ചിരിക്കുന്ന ബാരിക്കേഡുകൾ നീക്കുകയും പൊലീസിനെ എണ്ണം കുറയ്ക്കുകയും ചെയ്യണം.

ഇത്തരം കാര്യങ്ങൾക്ക് ദൃശ്യ മാധ്യമങ്ങളിലൂടെയും മറ്റും പരമാവധി പ്രചരണം നൽകണം . അതായത് ശബരിമലയിൽ സമാധാന അന്തരീക്ഷം ആണ് ഉള്ളത് എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തണം.

സന്നിധാനത്ത് ശരണംവിളിയുടെ റെക്കോർഡ് എല്ലാ സമയത്തും ഇടുകയും എവിടെയും ശരണം വിളിക്കാൻ പറ്റുന്ന സാഹചര്യം സൃഷ്ടിച്ച് അതിലൂടെ ഭക്തിപരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടണം.

സന്നിധാനത്ത് പലസ്ഥലത്തും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് മറ്റും മുൻകാലങ്ങളിൽ ഉണ്ടായ അനുഭവം മുൻനിർത്തി ആയിരിക്കുമല്ലോ? പമ്പ മുതൽ മുകളിലേക്ക് ഇപ്പോൾ പൂർണ്ണമായും പൊലീസിനെ നിയന്ത്രണത്തിലാണ്. യുവതികൾ എത്തിയാൽ തടയാൻ സാധ്യതയുമുണ്ട്. ഏതെങ്കിലും യുവതി പമ്പയിൽ എത്തിയാൽ മാത്രം ഇപ്പോഴുള്ള നിയന്ത്രണം ഏർപ്പെടുത്തിയാൽ പോരെ? എന്നെങ്കിലും വരുമെന്ന് പ്രതീക്ഷിക്കുന്ന ഒരു അതിഥിയെ കാത്ത്, ഇന്ന് വന്നുകൊണ്ടിരിക്കുന്ന ആബാലവൃദ്ധം ജനങ്ങളെ കഷ്ടപ്പെടുത്തണോ? നാമമാത്രമായ ആർക്കോ വേണ്ടി കഷ്ടപ്പെട്ട് വ്രതമെടുത്ത് വരുന്ന കുറേ പേരെ ദ്രോഹിക്കുകയും അല്ലെങ്കിൽ അവിടെ അത്തരത്തിലൊരു സാഹചര്യം ഉണ്ട് എന്ന ഭീതി വളർത്തുകയും ചെയ്യുന്നത് ആശാസ്യമല്ല.

ഇവിടേക്ക് വരുന്ന വാഹനങ്ങളിൽ ഇന്ധനം നിറക്കുമ്പോൾ ലഭിക്കുന്ന നികുതി തുകയുടെ പകുതി നേരിട്ട് ഖജനാവിൽ എത്തുന്നതാണ്. കേരളത്തിന്റെ സാമ്പത്തികസ്ഥിതിയെ തന്നെ ഇത് ഇനിയും മോശമായി ബാധിക്കാൻ സാധ്യതയുണ്ട്. മറ്റ് സാധനസാമഗ്രികൾ വാങ്ങുമ്പോഴും ഹോട്ടലുകളിലും മറ്റും കഴിക്കുമ്പോഴും ഉണ്ടാകുന്ന വരുമാനം വേറെ. അതുപോലെ ഈ സമയം മുഴുവൻ കേരളവും ഒരു വലിയ ഭക്ത കമ്പോളമായി മാറാറുണ്ട്.

ഇത്തവണ കണ്ട മറ്റൊരു പ്രത്യേകത, പൊലീസുകാർ യൂണിഫോമിന്റെ ഭാഗമായി ഷൂസ് ധരിക്കുന്നതാണ്. സന്നിധാനം ഒഴികെ എല്ലായിടത്തും ഇത് കാണാം. സാധാരണ അമ്പലങ്ങൾ പോലെ, അമ്പലത്തിലേക്ക് കയറുന്ന വടക്കേനടയിലും മറ്റുമുള്ള പടികളിലും ചെരുപ്പുകൾ കണ്ടു. മാളികപ്പുറം ക്ഷേത്രത്തിന്റെ പിൻഭാഗത്ത് ചെരുപ്പുകൾ കാണാൻ സാധിച്ചു. സന്നിധാനത്ത് ചിലർ ജീൻസ് ധരിച്ചുകൊണ്ട് ഡ്യൂട്ടി ചെയ്യുന്നതും കണ്ടു. കുറച്ചു ശ്രദ്ധിച്ചാൽ ഇതൊക്കെ ഒഴിവാക്കാൻ പറ്റും. ഇത്തരം മാറ്റങ്ങൾ അല്ല കാനന ക്ഷേത്രമായ അവിടെ വേണ്ടത്. യുവതികൾ ആരും വന്നില്ലെങ്കിലും സന്നിധാനത്തുള്ള വനിത എണ്ണം കുറയ്ക്കുകയോ, ആവശ്യമെങ്കിൽ വിളിക്ക് തക്ക രീതിയിൽ അവരെ അവിടെ തന്നെയുള്ള, റെസ്റ്റ് റൂമിൽ ഇരുത്തുകയോ ചെയ്താൽ നന്നായിരിക്കും.

എന്നും ശരണമന്ത്രം മുഴങ്ങി കൊണ്ടിരുന്ന ഭക്തിയുടെയും ശാന്തിയുടെയും അന്തരീക്ഷം ഉണ്ടായിരുന്ന ഇവിടെ ഇപ്പോൾ ഒരു മൂകതയാണ്.

ശബരിമല അതിന്റെ പൂർവ്വകാല ശോഭയോടെ എന്നും നിലനിൽക്കും. എന്നാൽ ഈ മണ്ഡലകാലത്ത്, ഇനിയും താഴേക്ക് പോകാൻ അനുവദിച്ചുകൂടാ. ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടം ഉണ്ടായാൽ കുറച്ചുകൂടി സ്ഥിതി മെച്ചപ്പെടും. അടിയന്തരാവസ്ഥ പിൻവലിച്ചാൽ കുറച്ചു കൂടി സ്ഥിതിഗതികൾ നന്നായിരിക്കും. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ജനത്തെ ഒഴിച്ച് നിർത്തേണ്ട സ്ഥലമല്ല, മറിച്ച് ശാന്തിയും സമാധാനവും നൽകുന്ന ഒരിടമാണ് ശബരിമല. അത് അങ്ങിനെ തന്നെ നിലനിൽക്കാൻ ദേവസ്വം ബോർഡ് ആണ് മുൻകൈ എടുക്കേണ്ടത്. അവർക്ക് അതിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

ഇത്ര തിരക്കിലും, അനേകം തവണ ദർശനം നടത്താൻ സാധിച്ചെങ്കിലും, മുൻകാലങ്ങളിൽ ഒരു നിമിഷം മാത്രം അയ്യപ്പനെ കണ്ടു തൊഴുന്ന ആ തിരക്കേറിയ കാലം തന്നെ ഇന്നും ഇഷ്ടം. ആളും ആരവവും ഇല്ലാതെ ഒരു മണ്ഡലകാലം കടന്നുപോകുന്നത് വേദനയോടെ കണ്ടു നിൽക്കാൻ ആവുന്നുള്ളൂ. എല്ലാം ശരിയാവും എന്ന പ്രതീക്ഷയിൽ... സ്വാമിയേ ശരണമയ്യപ്പാ!!!

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP