Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രക്ത ബന്ധങ്ങളേക്കാൾ വലുതാണ് ചില ബന്ധങ്ങൾ; ആപത് ഘട്ടത്തിൽ സഹായിച്ച തമിഴ്‌നാട്ടുകാരനെ കുറിച്ച് വിൻസു കൂത്തപ്പള്ളി എഴുതുന്നു

രക്ത ബന്ധങ്ങളേക്കാൾ വലുതാണ് ചില ബന്ധങ്ങൾ; ആപത് ഘട്ടത്തിൽ സഹായിച്ച തമിഴ്‌നാട്ടുകാരനെ കുറിച്ച് വിൻസു കൂത്തപ്പള്ളി എഴുതുന്നു

വിൻസു കൂത്തപ്പള്ളി

ന്യാകുമാരിയിൽ നിന്ന് ആരംഭിച്ചു കന്യാകുമാരിയിൽ അവസാനിക്കുന്ന 18 ദിവസം നീണ്ട് നിന്ന ഞങ്ങളുടെ യാത്രയുടെ ഏഴാം ദിവസമാണ് ഞങ്ങൾ കൊൽക്കത്തയിൽ നിന്ന് വരാണസിയിലേക്ക് യാത്ര ആരംഭിച്ചത്. കൊൽക്കത്തയിൽ നിന്ന് വാരാണാസിയിലേക്ക് ഏകദേശം 13 മണിക്കൂർ യാത്ര ഉള്ളതിനാൽ ഞങ്ങൾ പുലർച്ച തന്നെ കൊൽക്കത്തയിൽ നിന്ന് പുറപ്പെട്ടു, ഈ 13 മണിക്കൂർ യാത്രയിൽ ഞങ്ങൾക്ക് ജാർഖണ്ഡ് & ബീഹാർ എന്നി സംസ്ഥാനങ്ങൾ കടന്നു വേണം ഉത്തർപ്രദേശിലെ വാരണാസിയിൽ എത്തുവാൻ.

ജാർഖണ്ടിലെ ധൻബാദ് എന്ന സ്ഥലം എത്തിയപ്പോൾ മുതൽ ഞങ്ങളെ മൂന്ന് ചെറുപ്പക്കാർ അടങ്ങിയ ബീഹാർ രജിസ്ട്രേഷനുള്ള ഒരു വെളുത്ത സ്‌കോർപ്പിയോ പിന്തുടരുന്നതായി മനസ്സിലായി. സ്പീഡ് ട്രാക്കിൽ നിന്ന് സ്ലോ ട്രാക്കിലേക്ക് വാഹനം മാറ്റി അവർക്ക് കയറി പോകുവാനുള്ള അവസരം കൊടുത്തിട്ടും പോകുന്നില്ല, വാഹനം നിർത്തുവാൻ മനസ്സ് അനുവദിക്കാഞ്ഞതിനാൽ പരമാവധി സ്പീഡ് കുറച്ചു പോകുവാനും ശ്രമിച്ചു എന്നിട്ടും അവർ ഞങ്ങളെ പിന്തുടരുകയാണ്. കണ്ണാടിയിലൂടെ നോക്കുമ്പോൾ അവർ ഞങ്ങളെ നോക്കി ആർത്തു ചിരിക്കുന്നു. അവർക്ക് മനസ്സിലായി ഞങ്ങൾ രണ്ട് പേർ മാത്രമേ വാഹനത്തിൽ ഉള്ളു, അതിലുപരി കേരള രജിസ്ട്രേഷൻ വാഹനവും.

ആദ്യമൊക്കെ ഒരു നേരം പോക്കും,തമാശയോടും മാത്രമാണ് ഞങ്ങൾ ഇതിനെ നോക്കി കണ്ടത്, കുറച്ചു ദൂരം പിന്നിട്ടപ്പോൾ അവർ ഞങ്ങളുടെ വാഹനത്തിന്റെ തൊട്ടു പുറകിലായി മുട്ടി, മുട്ടിയില്ല എന്ന രീതിയിൽ വാഹനം ഓടിക്കുവാൻ തുടങ്ങി. അപ്പോൾ ഞങ്ങൾ അൽപ്പം പരിഭ്രാന്തരായി, മനസ്സിലേക്ക് അനേകം ചിന്തകൾ കടന്നു വന്നു. നാട്ടിൽ നിന്ന് ആയിരകണക്കിന് കിലോ മീറ്ററുകൾ ഇപ്പുറം ഒരു അത്യാവശ്യത്തിന് ആരെ സമീപിക്കും, വടക്കേ ഇന്ത്യയിൽ നടന്നു കൊണ്ടിരിക്കുന്ന അക്രമങ്ങളും, കൊലപാതകവും എല്ലാം ഞങ്ങളുടെ ചിന്തകളിലൂടെ കടന്നു പോയി. അതുപോലെ ഒരു ആക്രമണം ഏത് സമയവും ഞങ്ങൾക്കും നേരിടാം എന്ന് ഞങ്ങൾ ആശങ്കപ്പെട്ടു.

അങ്ങനെ അൽപ്പ ദൂരം മുന്നോട്ട് പോയപ്പോളാണ്, കുറച്ചു ട്രെയിലറുകൾ നിർത്തി ഇട്ടിരിക്കുന്ന ഒരു ചായ കട ഞങ്ങളുടെ ശ്രദ്ധയിൽപെട്ടത്, ഞങ്ങൾ രണ്ടു കൽപ്പിച്ചു ആ ചായ കടയുടെ മുൻപ്പിൽ വാഹനം നിർത്തി, കുറച്ചു ദൂരം മുന്നോട്ട് മാറ്റി ഞങ്ങളെ പിന്തുടർന്നു കൊണ്ടിരുന്ന സ്‌കോർപിയോയും നിർത്തി. അതിൽ നിന്ന് ഒരു ചെറുപ്പക്കാരൻ ഇറങ്ങി പുറത്തു നിന്നു ഫോൺ ചെയുവാൻ തുടങ്ങി. മോൾഡിയോട് കാറിനുള്ളിൽ ലോക്ക് ചെയ്തു ഇരുന്നോളാൻ പറഞ്ഞു ഞാൻ ചായ കടയിൽ കയറി രണ്ട് ചായ പറഞ്ഞു. ചായയുമായി കടയിൽ നിന്ന് ഇറങ്ങി കാറിൽ ഇരിക്കുന്ന മോൾഡിയോട് ഞാൻ പുറത്തു നിന്ന് ചായ കുടിച്ചു കൊണ്ട് സംസാരിക്കുമ്പോൾ ആരോ എന്റെ തോളിൽ തട്ടി ഞാൻ മനസ്സില്ലാ മനസ്സോടെ പുറകിലേക്ക് തിരിഞ്ഞു നോക്കി, നിറഞ്ഞ ചിരിയോടെ, നരച്ച മുടിയുമായി, കളം കളമുള്ള തോർത്തുമിട്ട് ഒരാൾ നിൽക്കുന്നു.

' നീങ്കൾ മലയാളി താനെ ' ?

ഞാൻ മനസ്സില്ല മനസ്സോടെ പറഞ്ഞു 'അതെ'

'എനക്ക് കാർ കണ്ടപ്പോഴേ തെരിഞ്ഞു'

'എൻ പേര് അൻബ്അഴകൻ, ഞാൻ തമിഴ്‌നാട്ടുകാരൻ, നാൻ 5 കൊല്ലം ഉങ്കളുടെ കേരളത്തിൽ വേല ചെയ്തിട്ട് ഉണ്ട്. കേരളം വന്നിട്ട് റൊമ്പം നല്ല ആളുകളുടെ ദേശം,'

അങ്ങനെ അൻബ്അഴകൻ തന്റെ കാര്യങ്ങൾ ഓരോന്നായി വിശദികരിക്കാനായി തുടങ്ങി. കഴിഞ്ഞ 35 വർഷമായി ഇന്ത്യൻ ഗ്യാസിന്റെ പാചക വാതകം കൊണ്ടു പോകുന്ന ടാങ്കർ ട്രെയിലർ ഓടിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നു. ഇപ്പോൾ കോയമ്പത്തൂരില് നിന്ന് വാരാണാസിയിലേക്ക് പാചക വാതകം കൊണ്ട് പോകുന്ന ജോലിയിലാണ്. മൂന്ന് പെൺ മക്കളുണ്ട് അവരുടെ മൂന്ന് പേരുടെയും വിവാഹം കഴിഞ്ഞു. ഇപ്പോഴും സ്വന്തമായി ജോലി ചെയ്തു ജീവിക്കുന്നു. അങ്ങനെ ഏകദേശം 10 മിനിറ്റോളം അൻബ്അഴകന്റെ കഥകൾ ഞങ്ങൾ കേട്ടു. ഈ സമയം അത്രയും ആ സ്‌കോർപ്പിയോ കാർ ഞങ്ങളുടെ വരവും കാത്തു അവിടെ നിർത്തിയിട്ടിരിക്കുകയായിരുന്നു.

ഞാൻ അൻബ്അഴകൻ ചേട്ടനോട് കാർ പിന്തുടരുന്ന കാര്യം സൂചിപ്പിച്ചു, അദ്ദേഹം പറഞ്ഞു ഈ പ്രദേശത്തു ഇങ്ങനെയുള്ള ആളുകൾ വളരെയധികം ഉണ്ട് , പുറത്തു നിന്ന് വരുന്ന ആളുകളെ ശല്യം ചെയുകയും അതുപോലെ അവരെ കൊള്ളയടിക്കുകയും ചെയുന്നത് ഇവിടെ പതിവാണ്. പല തവണ വാഹനം നിർത്തിയിട്ട് വിശ്രമിക്കുമ്പോൾ എനിക്ക് ഇത് നേരിടേണ്ടി വന്നിട്ട് ഉണ്ട്, അതുകൊണ്ട് ഈ പ്രദേശത്തു ഞാൻ വാഹനം നിർത്തുന്നത് ആളുകൾ കൂടുതൽ ഉള്ള സ്ഥലങ്ങളിലും, അത് പോലെ പരമാവധി രാത്രി യാത്രയും ഞാൻ ഒഴിവാക്കും എന്ന് അദ്ദേഹം പറഞ്ഞു.

ആ കാറിൽ ഉള്ളവർ ചിലപ്പോൾ ഒരു തമാശക്കായിരിക്കും നിങ്ങളെ പിന്തുടരുന്നത്, അല്ലെങ്കിൽ മറ്റ് എന്തെങ്കിലും ഉദ്ദേശത്തോടെ ആയിരിക്കാം. എന്ത് തന്നെ ആയാലും നിങ്ങൾ ഒറ്റക്ക് മുന്നോട്ട് യാത്ര ചെയ്യണ്ട, നിങ്ങളുടെ വാഹനത്തെ ഞാൻ പിന്തുടരാം അവരുടെ വാഹനം നമ്മുടെ വാഹനങ്ങളുടെ ഇടയിൽ കയറുവാൻ സ്ഥലം കൊടുക്കാതെ നമുക്ക് ഓടിക്കാം എന്ന് പറഞ്ഞു.ഒപ്പം അദ്ദേഹത്തിന്റെ ഫോൺ നമ്പറും ഞങ്ങൾക്ക് നൽകി. ഞങ്ങളുടെ സംഭാഷണങ്ങൾ എല്ലാം ശ്രദ്ധിച്ചു കൊണ്ട് ആ കാർ അപ്പോഴും അവിടെ ഉണ്ടായിരുന്നു.

അങ്ങനെ അൻബ്അഴകൻ ചേട്ടൻ പറഞ്ഞതു പോലെ ഞങ്ങൾ അദ്ദേഹത്തിന്റെ ലോറിയുടെ മുൻപ്പിൽ മറ്റൊരു വാഹനത്തിന് കയറുവാൻ ഇടം കൊടുക്കാതെ യാത്ര ആരംഭിച്ചു. ഏകദേശം 10 മിനിറ്റോളം ഞങ്ങളുടെ വാഹനങ്ങളുടെ മുന്നിലും, പിന്നിലുമായി ആ കാർ ഞങ്ങളെ പിന്തുടർന്നു. അതിന് ശേഷം വേഗത്തിൽ ശബ്ദം ഉണ്ടാക്കി അവർ വാഹനം ഓടിച്ചു പോയി. ലോഡുമായി പോകുന്ന ലോറിയുടെ ഒപ്പം വേഗത നിയന്ത്രിച്ചു പോകുന്നത് വളരെ ബുദ്ധിമുട്ടുള്ളതിനാൽ ഒരു മണിക്കൂറിന് ശേഷം ഞങ്ങൾ വാഹനം നിർത്തി.

ഞങ്ങളുടെ യാത്രയിൽ വലിയൊരു പ്രതിസന്ധി വന്നപ്പോൾ യാതൊരു മുൻ പരിചയവും ഇല്ലാഞ്ഞിട്ടും ഞങ്ങളെ സഹായിക്കുകയും, പേര് പോലെ തന്നെ അഴകുള്ള ഒരു മനസ്സിന് ഉടമയായ അൻബ്അഴകൻ ചേട്ടനോട് യാത്ര പറഞ്ഞു ഞങ്ങളുടെ യാത്ര തുടർന്നു. *അതെ രക്ത ബന്ധങ്ങളേക്കാൾ വലുതാണ് ചില ബന്ധങ്ങൾ.*

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP