Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആറളം യാത്ര

ആറളം യാത്ര

ത്സവ ദിനങ്ങളെത്തിയാൽ മിക്കവരും യാത്രപോകാനുള്ള തിരക്കിലായിരിക്കും. നമ്മുടെ കൊച്ചു കേരളത്തിലെ കാഴ്ച കാണാൻ തയ്യാറാവാതെ മിക്കവരും അന്യ സംസ്ഥാനങ്ങളിലേക്കായിരിക്കും യാത്ര തിരിക്കുക. കേരളത്തിൽ തന്നെ ഒട്ടേറെ പ്രകൃതിരമണീയമായ സ്ഥലങ്ങൾ കാണാനുണ്ടെന്ന് നാം ഓർക്കണം. അത്തരത്തിലുള്ള ഒരു സ്ഥലം നമുക്ക് പരിചയപ്പെടാം. കണ്ണൂരിലേക്ക് കാഴ്ചകൾ കാണാൻ വരുന്ന സഞ്ചാരികൾക്ക് യാത്ര പോകാൻ നിരവധി സ്ഥലങ്ങളുണ്ട്. അതിലൊന്നാണ് ആറളം വന്യജീവി സങ്കേതം. പ്രകൃതിയെ സ്‌നേഹിക്കുന്ന ആരും ആറളത്തേക്ക് പോകാൻ മറക്കരുത്. കണ്ണൂർ ജില്ലയിലെ ഏക വന്യജീവി സങ്കേതമായ ആറളം, കണ്ണൂർ നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. കണ്ണൂരിൽ നിന്ന് ആറളത്തേക്കുള്ള യാത്ര വളരെ രസകരമായിരിക്കും. ആറളത്ത് എത്തിയാൽ പ്രകൃതിയുടെ സൗന്ദര്യ കാഴ്ചകളും നമ്മളെ കൂടുതൽ ആനന്ദിപ്പിക്കും.

കണ്ണൂരിൽ നിന്ന് കൂത്തുപറമ്പ് വഴിയാണ് ആറളത്തേക്ക് പോകേണ്ടത്. കണ്ണൂരിൽ നിന്ന് വയനാട്ടിലേക്ക് യാത്രപോകുന്നത് നിടുംപോയിൽ വഴിയാണ്. ഇവിടെ നിന്ന് ഏകദേശം ഒമ്പത് കിലോമീറ്ററിനടുത്ത് യാത്ര ചെയ്താൽ ആറളം വന്യജീവി സങ്കേതത്തിൽ എത്താം. അൻപത്തി അഞ്ച് ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ ആണ് ആറളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ഈ വനമേഖലയുടെ അതിരുകൾ ആറളം, കൊട്ടിയൂർ, കേളകം എന്നീ ഗ്രാമങ്ങളാണ്. ആറളം വന്യജീവി സങ്കേതത്തിലൂടെയുള്ള യാത്രയിൽ നിങ്ങൾക്ക് ആന, കാട്ടുപോത്ത്, മാൻ, കാട്ടുപന്നി, പുള്ളിപ്പുലി, കാട്ടുപൂച്ച തുടങ്ങിയ നിരവധി ഇനത്തിലുള്ള മൃഗങ്ങളെ കാണാൻ കഴിയും. ആറളം യാത്രകഴിഞ്ഞ് വന്നാൽ ഒരു നല്ല യാത്ര കഴിഞ്ഞതിന്റെ അനുഭൂതി ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ആറളം വന്യജീവി സങ്കേതം രൂപീകരിച്ചത് 1984ൽ ആണ്. ഇതിനോട് അനുബന്ധിച്ചാണ് ആറളം ഫാമും സ്ഥിതി ചെയ്യുന്നത്. ആറളത്തെ ചുറ്റി ഒരു പുഴ ഒഴുക്കുന്നുണ്ട്. ചീങ്കണ്ണി പുഴ എന്നാണ് ഇത് അറിയപ്പെടുന്നത്. വളപ്പട്ടണം പുഴയിലേക്കണ്ണ് ചീങ്കണ്ണി പുഴ ചെന്നെത്തുന്നത്. ഇതുകൂടാതെ ചെറുതും വലുതുമായ നിരവധി തോടുകൾ ആറളത്ത് കാണാം. 200ലറെ ഇനം പക്ഷികൾ ആറളത്ത് ുണ്ട്. സിംഹവാലൻ, ഹനുമാൻ കുരങ്ങ്, നാടൻ കുരങ്ങ്, കരിങ്കുരങ്ങ്, കോഴിവേഴാമ്പൽ, പാണ്ടൻ, നാട്ടുവേഴാമ്പൽ തുടങ്ങിയവയാണ് പ്രധാന ആകർഷണങ്ങൾ. ആറളം ഫാമിലും വനത്തിലും ഡിസംബർ, ജനുവരി മാസങ്ങളിൽ വിരുന്നെത്തുന്ന ആൽബട്രോസ് പൂമ്പാറ്റകൾ സഞ്ചാരികൾക്ക് നൽകുന്നത് നയനാനന്ദകരമായ കാഴ്ചകളാണ്. കുടക് മലനിരകളിൽനിന്നും പുറപ്പെടുന്ന പതിനായിരക്കണക്കിന് പൂമ്പാറ്റകൾ ചീങ്കണ്ണിപ്പുഴയുടെ തീരത്തുകൂടി വയനാടൻ കാടുകളിലേക്ക് വർണം വിതറി കടന്നുപോകുന്നു. ആറളം വന്യജീവി സങ്കേതത്തിൽ ചെല്ലുമ്പോൾ പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയാതെ ശ്രദ്ധിക്കണം. പ്ലാസ്റ്റിക്കിന് എതിരെ അതീവ ജാഗ്രത പുലർത്തുന്നവരാണ് അവിടുത്തെ ജീവനക്കാർ.അത്രയും സുരക്ഷിതമായാണ് ഇവിടത്തെ ജീവനക്കാർ കാടിനെ സംരക്ഷിക്കുന്നത്. താമസിക്കാൻ ആറളം വന്യജീവി സങ്കേതത്തിൽ ഡോർമിറ്ററി സൗകര്യമുണ്ട്. സെപ്റ്റംബർ മുതൽ മെയ് മാസം വരെയുള്ള കാലയളവാണ് ആറളം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. രാവിലെ എട്ടുമണിമുതൽ വൈകുന്നേരം നാലു മണിവരെ മാത്രമേ ഇവിടെ സന്ദർശകരെ അനുവദിക്കുകയുള്ളു.

കാലിക്കറ്റ് പ്രസ് ക്ലബിൽ പഠിക്കുമ്പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ബാലകൃഷ്ണൻ സാറാണ് ആറളം വന്യജീവി സങ്കേതത്തിലേക്ക് നമുക്കൊരു ട്രിപ്പടിക്കാമെന്ന് ആദ്യമായി പറയുന്നത്. ക്ലാസിലെ മുതിർന്ന വ്യക്തിത്വങ്ങളായ ഫഹീമും,പ്രദീപേട്ടനും മൂസക്കയും അതിനെ പിന്താങ്ങി. അങ്ങനെ ഡേറ്റും നിശ്ചയിച്ചു. എല്ലാവരും ആവേശഷത്തിലായിരുന്നു. ഒരുമിച്ചുള്ള ഒരു യാത്രയല്ലേ എല്ലാവരിലും നല്ലോണം സന്തോഷവുമുണ്ടായി. 30 പേരുമായി ഞങ്ങൾ യാത്രക്കൊരുങ്ങി. നല്ലൊരു എയർ ബസിൽ തന്നെയായായിരുന്നു യാത്ര. യാത്ര തുടങ്ങും മുമ്പേ നാല് കുല വാഴപ്പഴവും പിന്നെ കുറച്ച് ബോട്ടിൽ വെള്ളവുമായി ഫഹീമും ജോയലും ആദ്യം ബസിൽ കയറി.. ചിലർ പഴം ഓരോന്നായി കയ്യിലെടുത്ത് ഏറെ ആവേശത്തോടെ ആറളം യാത്രക്ക് തയ്യാറായി ബസിൽ കയറിയിരുന്നു. ബസ് കോഴിക്കോട് പിന്നിട്ടപ്പോഴേക്ക് കൂട്ടത്തിലെ അദ്ധ്യാപകനായിരുന്ന ശാബിൽ യാത്രയെ കുറിച്ചും ആറളത്തെ കുറിച്ചും വാതോരാതെ പറഞ്ഞ് തുടങ്ങി.

പുഴകളുടെ നാട് എന്ന അർത്ഥത്തിലാണ് ഈ സ്ഥലത്തിന് ആറളം (ആറിന്റെ അളം) എന്ന് പേര് വന്നത്. വടക്കു കിഴക്കായി പശ്ചിമഘട്ട മലമടക്കുകളാലും തെക്ക് പടിഞ്ഞാറ് ആറളം പുഴയാലും കാൽത്തളയിടപ്പെട്ട പ്രകൃതി രമണീയമായ സ്ഥലമാണ് ആറളം ഫാമും വന്യജീവി സങ്കേതവും. വിശുദ്ധ ബാവലിപ്പുഴയുടെ നീരൊഴുക്ക് കൊണ്ടും വനഭൂമിയുടെ സൗന്ദര്യം വഴിഞ്ഞൊഴുകുന്നതുമായ മനോഹര ഭൂപ്രദേശം. വളപട്ടണം പുഴയുടെ പ്രധാന നീർച്ചാലായ ചീങ്കണ്ണിപ്പുഴയുൾപ്പെടെ നിരവധി ചെറുതും വലുതുമായ അരുവികളും തോടുകളും ഈ വന്യജീവിസങ്കേതത്തിനുള്ളിലൂടെയും അതിരുകളിലൂടെയും ഒഴുകിയിറങ്ങുന്നു എന്നിങ്ങനെ കുറേ കാര്യങ്ങൾ ശാബിൽ പറഞ്ഞുകൊണ്ടിരുന്നു.യാത്രക്കിടയിൽ പല രസകരമായ കാഴ്ചകളും കളിയും ചിരിയുമായി ആറളത്തിന്റെ ഗന്ധം.
Displaying aralam1.JPG
ചീങ്കണ്ണിപ്പുഴയുടെ പാലം കടന്ന് വൈകീട്ട് നാലര കഴിഞ്ഞപ്പോൾ ഞങ്ങൾ ഫാമിന്റെ ഗേറ്റിലെത്തി. അകത്തേക്കും പുറത്തേക്കും പോകുന്ന വണ്ടികളൊക്കെ ആദ്യത്തെ ഗേറ്റിൽ നമ്പർ രേഖപ്പെടുത്തി പാസ്സ് വാങ്ങണം. കുരുമുളകു കുപ്പായമിട്ട നിറയെ കായ്ച്ച തെങ്ങിൻ തോട്ടത്തിന്റെയും കശുമാവ്, കാപ്പി, പേരത്തോട്ടങ്ങളുടേയും നടുവിലൂടെയുള്ള റോഡിലൂടെയുള്ള യാത്ര കുറച്ച് കഴിഞ്ഞപ്പോൾ ഞങ്ങൾ കാടിന്റെ എൻട്രൻസിലെ വനംവകുപ്പ് ഓഫീസിലെത്തി. ഞങ്ങൾ നേരത്തെ ബുക്ക് ചെയ്തതായത്‌കൊണ്ട് തന്നെ വേഗത്തിൽ കടത്തിവിട്ടു. ഞങ്ങൾ എല്ലാവരും വാഹനത്തിൽ നിന്നിറങ്ങി. നല്ല തണുത്ത കാറ്റും. ചെറിയൊരു കുളിരും. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും നോക്കിയിരുന്നു. ആ കാട്ടിലുള്ള അപൂർവ്വ ഇനം പക്ഷികളെപറ്റിയുള്ള വിവരങ്ങൾ അവിടെ എഴുതിവച്ചിട്ടുണ്ട്. കൂടാതെ കുറേ നിർദ്ദേശങ്ങളും.

ആറളത്തെ താമസം

ങ്ങൾ മൊത്തം മുപ്പത് പേരാണ് ഉണ്ടായിരുന്നത്. 40 ആളുകൾക്ക് താമസിക്കാൻ കഴിയുന്ന ഡോർമെട്രിയിലാണ് താമസം. വിന്നിയുടെ നേതൃത്വലുള്ള പെൺസംഘം ഒരു ഡോർമെട്രിയിലും, ഫഹീമിന്റെ നേതൃത്വത്തിലുള്ള ഞങ്ങൾ മറ്റൊരു ഡോർമെട്രിയിലും ഇടംപിടിച്ചു. കൊണ്ടുവന്ന വസ്ത്രങ്ങളും മറ്റും റൂമിൽവച്ചു. ഇന്ന് വൈകീട്ട എട്ട് മണിക്ക് ആറളം വന്യജീവി സങ്കേതത്തെ കുറിച്ചുള്ള ക്ലാസാണെന്ന് ബാലകൃഷ്ണൻ സാർ വന്ന പറഞ്ഞു. കാട്ടിലും ക്ലാസോ, അവിടെ നിന്നും ബോറടിച്ചാണ് ഇവിടെ വന്നതെന്ന് കൂട്ടത്തിലെ വില്ലൻ റാഫി കോട്ടക്കൽ പറഞ്ഞപ്പോൾ എല്ലാവരും ഉച്ചത്തിൽ ചിരിച്ചു. ആറളത്തിന്റെ പ്രത്യേകതയെ കുറിച്ചും മറ്റും ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു തന്നു. കേരളത്തിലെ തന്നെ ഏറ്റവും ശുദ്ധമായവെള്ളം ലഭിക്കുന്ന പുഴയാണ് ചീങ്കണ്ണിപ്പുഴ. മറ്റുകാടുകളിൽ നിന്നും ആറളത്തിനുള്ള വ്യത്യാസം തുടങ്ങി ഒട്ടനേകം കാര്യങ്ങൾ വിവരിച്ചു.ഇടയ്ക്ക് വച്ച് പുറത്തേന്ന് ഒരു അലറൽ. ഒരു കാട്ടാനയായിരുന്നു. ശബ്ദം കേട്ട് ആദ്യമെല്ലാവരും ഒന്ന് പേടിയോടെ നോക്കി.പിന്നെ ശബ്ദമൊന്നും കേട്ടില്ല. ആദ്യായിട്ടാണ് എല്ലാവരും കാട്ടിനുള്ളിൽ താമസിക്കുന്നത്. അങ്ങനെ കുറച്ചു നേരത്തെ ക്ലാസിന് ശേഷം ഭക്ഷണവുമായി നാൽവർസംഘം എത്തി. ചിക്കനും ബീഫുമൊന്നും ഇവിടെ നിന്ന് ലഭിക്കില്ല. മുഴുവൻ പച്ചക്കറി. അതും ഒരു പ്രത്യേകതരം ഭക്ഷണം. അങ്ങനെ എല്ലാവരും നന്നായി ഭക്ഷണം കഴിച്ചു. നേരം 10 മണി. ആരും ഉറങ്ങാൻ പോയില്ല. എല്ലാവരും പുറത്തിരിക്കുന്നത് കണ്ട ഫോറസ്റ്റ് ഉദ്യോഗസ്ഥൻ അജിത്ത് കുമാർ(ഞങ്ങളെല്ലാവരും ശിക്കാരിശംഭു)എന്നാണ് വിളിച്ചിരുന്നത്. വിളിച്ചതിന്റെ കാരണം കഥയിൽ തന്നെ ഉണ്ട്. കാട്ടിനുള്ളിൽ രാത്രി പുറത്തിറങ്ങി നിന്നാൽ പറക്കും പാമ്പിന്റെ വിഷം മേലേക്ക് ചീറ്റുമെന്ന് പേടിപ്പിക്കാൻ വേണ്ടി ഞങ്ങളോട് പറഞ്ഞു. പലർക്കും ആപത്ത് സംഭവിച്ചെന്നും ചില കഥകളുംകൂടെ പറഞ്ഞപ്പോൾ എല്ലാവരും വേഗത്തിൽ റൂമിലോട്ട കയറി. ആദ്യ ദിവസമല്ലേ..മൂപ്പരെ കുറിച്ച ഞങ്ങൾക്കാണേൽ ഒന്നും അറിയില്ല. എങ്കിലും പിന്നെ റൂമിന്റെ ഉള്ളിലായി സൊറ പറച്ചിൽ. പിറ്റന്ന് ആറരയോടെ തന്നെ ചീങ്കണ്ണിപ്പുഴയിലായിരുന്നു കുളി. ഹോ..എന്തൊരു നല്ല വെള്ളം. ഞങ്ങളാരും ഇത്രേം നല്ല വെള്ളത്തിൽ അവിടെ പോകുംവരേക്ക് കുളിച്ചിട്ടുണ്ടാകില്ല എന്ന് ഉറപ്പാണ്. അത്രേം ശുദ്ധമായ വെള്ളം. ചീങ്കണ്ണിപ്പുഴയുടെ തീരത്തുകൂടെ ആയിരകണക്കിന് ശലഭങ്ങളാണ് ഈ കാലത്ത് പറന്നു പോകുന്നത്. അതും വളരെ മനോഹരമായ ഒരു കൂട്ട യാത്ര..
ശംഭുവിനൊപ്പം കാട്ടിനുള്ളിലേക്ക്

അതി രാവിലെ തന്നെ കട്ടൻ ചായയും ഒരു ബിസ്‌കറ്റും തിന്ന് ഞങ്ങൾ കാട് കാണാനായി ഗെയ്ഡ് ശംഭുവിനടുത്തെത്തി. ശംഭു ആദ്യം എല്ലാവരേയും ഒന്ന് നോക്കി. ചുവന്ന വസ്ത്രമിട്ട് വന്ന റീജിത്തിനോടും,ഷെർഷാദിനോടും അത് മാറ്റിവരാൻ പറഞ്ഞു. കാട്ടിനുള്ളിൽ ചുവന്ന വസ്ത്രം പാടില്ല.അര മണിക്കൂർ കഴിഞ്ഞപ്പോൾ ശംഭുവിനൊപ്പം ഞങ്ങൽ കാട്ടിനുള്ളിലേക്ക് വച്ചടിവച്ചടി നടത്തം തുടങ്ങി. പോകുന്ന വഴിക്കൊക്കെ ആദിവാസികളുടെ യാഗകൾ കാണാമായിരുന്നു. അവിടെ ആദിവാസികൾ അവരുടെ കുടിലിനെ യാഗാന്നാണു വിളിക്കുന്നത്. ആദിവാസികളിൽ പലരും തുറിച്ച് നോക്കുന്നു. എന്തോ ഞങ്ങൾ അവരെ കളിയാക്കുകയാണെന്ന് അവർക്ക് തോന്നിയിട്ടുണ്ടാകും.യാത്രക്കിടയിൽ ശംഭു കാട്ടിലെ മൃഗങ്ങളെ കുറിച്ച് ഞങ്ങൾക്കുപറഞ്ഞു തന്നു. ആന വരുമ്പോൾ നമ്മൾ നല്ലോണം ശ്രദ്ധിക്കണം. പിന്നാലെ വന്നാൽ തന്നെ വളഞ്ഞ്പുളഞ്ഞ് ഓടിയാൽ ആനക്ക് നമ്മെ ഒന്നും ചെയ്യാൻ കളിയില്ല. നേരെ ഓടിയാൽ നമ്മൾ ആനയുടെ പിടിയിലാവുമെന്നും ശംഭു പറഞ്ഞു. കഥ പറച്ചിലിനിടയിലാണ് ശംഭു തന്റെ സ്വന്തം സാഹസങ്ങൾ വിവരിച്ചു തന്നത്. മദമിളകിയ ആനയെ കുഴിയിൽ വീഴ്‌ത്തിയതും, കടുവ പിന്നാലെ വന്നപ്പോൾ സാഹസികതയിലൂടെ രക്ഷപ്പെട്ട കഥയും. പിന്നെ ചിലത് കേട്ട് അപ്പോൾ തന്നെ മനസിൽ നിന്ന് കളഞ്ഞു. കാരണം അത്രേം വിശ്വസിക്കാനുള്ള ത്രാണി ഞങ്ങൾക്കാർക്കും ഇല്ലായിരുന്നു. എന്നാലും അങ്ങേര് ഞങ്ങളെ കൂടെ തന്നെ ഉണ്ടായിരുന്നു. ഇടയ്ക്ക് വച്ച കാട്ടിനുള്ളിലെ മരങ്ങച്ചില്ലകളിൽ തൂങ്ങിയും മറ്റും ഫോട്ടോയെടുപ്പ് തുടങ്ങി. വളരെ വ്യത്യമായ കാഴ്ച തന്നെയാണ് കാട്ടിനുള്ളിൽ . വിവധ തരത്തിലുള്ള മരങ്ങൾ.ഒക്കെ നേരിൽ കണ്ടു തന്നെ അത് ആസ്വദിക്കണം അത്രയും മനോഹരം.

മരക്കൊമ്പുകളിൽ തൂങ്ങിയും ചുരുണ്ടും ചില പാമ്പുകളും ഞങ്ങൾക്ക് സ്വാഗതമോതി. ഇടക്കിടക്ക് നുരഞ്ഞ് പതഞ്ഞ് കാടിന്റെ മാറിലൂടെ കുലുങ്ങിയൊഴുകുന്ന, വെള്ളിച്ചിലങ്കയണിഞ്ഞൊരു പെൺകിടാവിനെപ്പോലെ ചില അരുവികൾ. കാട്ടിനുള്ളിലെ അരുവിയിയിൽ കുറേപർ ഇറങ്ങി. മനോഹരം തന്നെ കാട്ടിനുള്ളിലായതുകൊണ്ട് വെള്ളത്തിനുമുണ്ട് അതിന്റയൊരു മനോഹാര്യത. കുറേനരം അവിടെ തന്നെയിരുന്നിട്ടും മതിവന്നില്ല. അങ്ങനെ ശംഭുവിന്റെ നിർബന്ധത്തിന് വഴങ്ങി ഒരുവിധം എല്ലാവരും കയറി.
Displaying aralam7.JPG
പാറക്കല്ലുകളും വളവുകളും തിരിവുകളും കടന്ന് ഓരങ്ങളിൽ വാത്സല്യത്തിന്റെ കനിവുറയുമായി ഞങ്ങൾക്കു മുന്നിൽ കാട് മാത്രം.ദൂരം ചെല്ലും തോറും നാടും നഗരവും വിട്ട് മറ്റെങ്ങോ എന്നു തോന്നിപ്പിച്ചു കൊണ്ടേയിരുന്നു മനസ്സ്. ശ്വാസം വലിക്കുമ്പോൾ മൂക്കിലേക്ക് അടിച്ചു കയറുന്ന അപരിചിതമായ കാട്ടു ഗന്ധങ്ങൾ.

കാട്ടിലെ തന്നെ ചില സ്ഥലങ്ങൾ കണ്ടപ്പോൾ തികച്ചും അൽഭുതം തോന്നി. പ്ലാസ്റ്റിക്കോ മറ്റ് മനുഷ്യനിർമ്മിത മാലിന്യങ്ങളോ ഏതുമില്ലാത്ത വനഭൂമി. വളരെ ശ്രദ്ധയോടെ ഒട്ടും നശിക്കാതെ ഇവിടം പരിപാലിച്ചു പോരുന്നുണ്ട്്്.. അവരുടെ ജാഗ്രതയെ മാനിച്ച് ഒരു മിഠായി കവർ പോലും ഞങ്ങൾ അവിടെ കളഞ്ഞില്ല.കാരണം ഞങ്ങളാരുടയടുത്തും മിഠായി ഉണ്ടായില്ലെന്നതാണ് സത്യം രണ്ട് മണിക്കൂറിനു ശേഷം കാട്ടിന്നതിരിൽ ചെങ്കുത്തായ കയത്തിന്റെ കരയിൽ ഞങ്ങളുടെ യാത്ര അവസാനിച്ചു. പിന്നെ ശംഭു വീണ്ടും തന്റെ പതിവു ശൈലി തുടങ്ങി. നേരത്തെ പറഞ്ഞപോലത്ത അതേ കഥ. കുറച്ച് നേരം അവിടെ നിന്ന ശേഷം തിരികെ പോരാൻ തുടങ്ങി. ഇടയ്ക്ക് വച്ച് കുറച്ച് പെണ്ണുങ്ങൾ ഓടി മാറി. കാട്ടിനുള്ളിൽ നിന്ന് ഏഴ് ആദിവാസി പെണ്ണുങ്ങൾ വിറക് പെറുക്കുകയായിരുന്നു. ശംഭുവിന്റെ ഉച്ഛത്തിലുള്ള ശബ്ദം കേട്ട് മൂന്ന് പേർ ഓടി. ചുള്ളിക്കൊമ്പെല്ലാം തലയിൽ വച്ച് ഓടാൻ സാധിക്കാത്തതിനാൽ മറ്റുള്ളവർ അവിടെ തന്നെ നിന്നു. ശംഭു തിരിഞ്ഞും മറിഞ്ഞും നോക്കി. പിന്നെ ചെറുതായൊന്നു ശാസിച്ചു. പിന്നെ തിരിഞ്ഞു നടന്ന് ശംഭു ഞങ്ങളോട് പറഞ്ഞു. പാവങ്ങളാണ്....എന്നെ നല്ല പേടിയാണവർക്ക്.....ഒരുവിധം നടന്ന് ഞങ്ങൾ റൂമിലേക്കെത്തി. വേഗം കുളിക്കാനായി ചീങ്കണ്ണിപ്പുഴയിലേക്ക്.

ചീങ്കണ്ണിപ്പുഴ

ശ്ചിമഘട്ടത്തിന്റെ തെക്കേ ചെരിവിലാണ് ആറളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. തെക്കുഭാഗത്ത് വേനലിലും തണുത്ത വെള്ളവുമായി ഒഴുകുന്ന ചീങ്കണ്ണിപ്പുഴ. കർണാടകത്തിലെ ബ്രഹ്മഗിരി മലനിരകൾ കിഴക്കുഭാഗത്ത് അതിരിടുന്നു. പടിഞ്ഞാറു ഭാഗത്താണ് ആറളം ഫാമും മറ്റ് വനപ്രദേശങ്ങളും സ്ഥിതി ചെയ്യുന്നത്. തണുപ്പായതുകൊണ്ടുതന്നെ ഇറങ്ങാൻ എല്ലാവർക്കും ചെറിയ മടിയുണ്ടായിരുന്നു. മുണ്ടുമുടുത്തിരുന്ന റീജിത്തിനേയും ഷറഫൂനേം അരുണ് ആഞ്ഞ് തള്ളി. വെള്ളത്തിലിറങ്ങി മുങ്ങിക്കൊണ്ടിരിക്കുന്ന സമയത്താണ് രണ്ട് ആദിവാസി കുട്ടികൾ കുളിക്കാനിറങ്ങിയത്. അവരെ കണ്ടപ്പോൾ അടുത്തേക്ക് ചെന്ന് ഞാൻ പേരും ക്ലാസുമൊക്കെ ചോദിച്ചു. എന്താന്നറിയില്ല ഞങ്ങൾ അവരുടെ പഠനത്തെ കുറിച്ച് ചോദിച്ചറിഞ്ഞപ്പോൾ അവര് കളിയാക്കാണെന്ന് കരുതി മാറിനിന്നു. അവരുടെ മനസിൽ നമ്മളെല്ലാം അവരെ കളിയാക്കി ചോദിക്കുകയാണെന്നാണ് വിചാരം.

ഇതിനിടയിലാണ് തോടിനു കുറുകെ ഈ തൂക്കുപാലം കണ്ടത്. അതിലൂടെ നടക്കാൻ ഒരു ശ്രമം നടത്തി. ചിലർ പേടിയോടെ മാറിനിന്നെങ്കിലും ഞങ്ങൾ പലരും അതിലൂടെ നടന്നുപോയി. അവിടത്തെ നാട്ടുകാരാക്കെ കൂളായി ആ പാലത്തിലൂടെ പോകുന്നുണ്ട്.പിന്നെ വീണ്ടും വെള്ളത്തിലേക്ക്...നീന്താനറിയാത്ത ഷറഫുവിന് പോലും വെള്ളത്തിൽ നിന്ന് കയറാൻ തോന്നിയില്ല. കുന്തിപ്പുഴയിലും നല്ല തെളിർമയുള്ള വെള്ളം ഞാൻ കണ്ടിട്ടുണ്ട്. പിന്നെ ആറളത്താണ് ഇത്രം തെളിമയുള്ള വെള്ളം കാണുന്നത്.

ഊഷ്മള യാത്രയപ്പ്.........

ങ്ങൾ ചെന്ന് മൂന്ന് ദിവസവും നല്ല സ്വീകരണമാണ് ആറളം ഫാമിലെ ഉദ്യോഗസ്ഥർ നൽകിയത്. ഫാമിലെ ജീവനക്കാർ ഒരുക്കിത്തന്ന പായസ സഹിതമുള്ള സുഭിക്ഷമായ ഊണും കഴിച്ചു. എല്ലാവർക്കും ഭക്ഷണം നല്ല ഇഷ്ടായി. പിന്നെ നല്ല ഒരു ഉറക്കം. ഉറക്കമെണീറ്റുകഴിഞ്ഞപ്പോൾ നല്ലൊരു കട്ടൻ ചായയും കുടിച്ചു.....പിന്നെ ചീങ്കണ്ണിപ്പുഴയരോത്തൂടെ ഒന്ന് നടന്നു....നല്ല നേർത്ത കുളിർക്കാറ്റിലൂടെ സൊറ പറഞ്ഞ് നടക്കാൻ ഏറെ രസകരം തന്നെയാണ്.

വൈകീട്ട് കലാ സാഹിത്യപരിപാടിയാണ്. ജയേഷിന്റെ നേതൃത്വത്തിൽ പാട്ട് കച്ചേരി തുടങ്ങി. സിനിമാ പാട്ടും മാപ്പിളപ്പാട്ടും നാടൻ പാട്ടുമായി ഞങ്ങൾ ആഘോഷഭരിതമാക്കി. ഫോറസ്റ്റ് ഓഫീസർമാർക്കെല്ലാം ഞങ്ങളെ വല്ലാതങ്ങ് ബോധിച്ചു. അന്ന് രാത്രി ഉറക്കം വന്നില്ല. പിറ്റേന്ന് തിരികെ പോകുകയല്ലേ...ഇനി എന്ന്.....എല്ലാവരും പരസ്പരം കഥയും പറഞ്ഞ് നേരം വെളുത്തു. വീണ്ടും ചീങ്കണ്ണിപ്പുഴയിലെ കുളി. വേഗത്തിൽ തന്നെ ചായയും തയ്യാറാക്കി ഉദ്യോഗസ്ഥർ ഞങ്ങൾക്ക് ഊഷ്മളമായ യാത്രയപ്പും നൽകി. എല്ലാവരുകൂടെ ഫോട്ടോയെടുത്തു. പോരുമ്പോൾ എല്ലാവർക്കും സങ്കടം. പ്രത്യേകിച്ചു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ശഭുവേട്ടന്. മൂപ്പര് ഫോൺ നമ്പറ് തന്ന് ഇടക്കൊക്കെ വിളിക്കണം ട്ടോ..എന്നും പറഞ്ഞു.... തിരിഞ്ഞ് നടക്കുമ്പോൾ എന്തോ ഒരു ഇഷ്ടം കൈയിൽ നിന്ന് വഴുതിപ്പോകുന്നതുപോലെ ഒരു തോന്നൽ.കാട്,പുഴ,കുളിർമയുള്ള കാറ്റ്,അങ്ങനെ അങ്ങനെ ഒത്തിരി....... തിരികെ വരണം. ഇനിയും ഒരുപാട് തവണ.......

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP