Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗവിയിലേക്ക് യാത്ര പോകാൻ ഒരുങ്ങുകയാണോ ? അങ്ങനെ പെട്ടെന്ന് ഒന്നും ഇനി പോകാൻ കഴിയില്ല; നിയന്ത്രണങ്ങൾ കർശനമാക്കിയ ഗവി യാത്രയ്ക്ക് വനംവകുപ്പ് ഓൺലൈൺ ബുക്കിങ് സംവിധാനവും ഏർപ്പെടുത്തി; ഗവിയിലേക്ക് പോകുന്ന യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഗവിയിലേക്ക് യാത്ര പോകാൻ ഒരുങ്ങുകയാണോ ? അങ്ങനെ പെട്ടെന്ന് ഒന്നും ഇനി പോകാൻ കഴിയില്ല; നിയന്ത്രണങ്ങൾ കർശനമാക്കിയ ഗവി യാത്രയ്ക്ക് വനംവകുപ്പ് ഓൺലൈൺ ബുക്കിങ് സംവിധാനവും ഏർപ്പെടുത്തി; ഗവിയിലേക്ക് പോകുന്ന യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പത്തനംതിട്ട: സമുദ്രനിരപ്പിൽ നിന്ന് 3,400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നിത്യഹരിത വനപ്രദേശമാണ് ഗവി. മലമടക്കുകളും ചോലവനങ്ങളും മൊട്ടക്കുന്നുകളാണ് ഗവിയുടെ പ്രധാന ആകർഷണം. വന്യത ആസ്വദിച്ചുകൊണ്ട് കാടിന്റെ ഹൃദയത്തിലൂടെയുള്ള യാത്ര സഞ്ചാരികൾക്ക് നവ്യാനുഭവമാണ്. ഗവിയുടെ പച്ചപ്പും തണുപ്പും തന്നെയാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാനഘടകം. അരുവികളും കൊക്കകളും താഴ്‌വരകളും എക്കോ പോയിന്റുകളും പുൽമേടുകളുമൊക്കെയായി ഗവി സഞ്ചാരികളുടെ മനംമയക്കുന്നു. ഗവിയുടെ സൗന്ദര്യത്തിൽ മയങ്ങി പഴയത് പോലെ വേഗം അങ്ങ് ഗവിയിലേക്ക് പോകാൻ ഇനി നടക്കില്ല.

ഫെബ്രുവരി ഒന്ന് മുതൽ ഗവി യാത്രയ്ക്ക് വനംവകുപ്പ് ഓൺലൈൺ ബുക്കിങ് സംവിധാനം ഏർപ്പെടുത്തി. ഈ മാസം 31ന് രാവിലെ 11 മുതൽ www.gavikakkionline.com എന്ന വെബ്‌സൈറ്റിൽ ബുക്കിങ് ആരംഭിക്കും. നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്തു. ഒരു ദിവസം പരമാവധി മുപ്പത് വാഹനങ്ങളേ കടത്തിവിടൂ. നേരത്തേ അവധി ദിവസങ്ങളിൽ മുപ്പതും പ്രവൃത്തി ദിവസങ്ങളിൽ പത്തും വാഹനങ്ങൾക്കായിരുന്നു പ്രവേശനം.

നിയന്ത്രണമറിയാതെ ദൂരെ സ്ഥലങ്ങളിൽ നിന്നു വരുന്നവർ തിരിച്ചു പോകേണ്ടിവരുന്നതും പ്രദേശവാസികളുടെ വാഹനങ്ങൾ കൂടി വിടണമെന്ന ആവശ്യത്തിന്റെ പേരിലുണ്ടാകുന്ന സംഘർഷവുമാണ് ഗവി യാത്ര ഓൺലൈനാക്കാൻ കാരണം. ബുക്ക് ചെയ്യുന്ന വാഹനങ്ങൾ രാവിലെ 11ന് മുൻപായി വനംവകുപ്പിന്റെ ആങ്ങമൂഴി ടിക്കറ്റ് കൗണ്ടറിൽ എത്തണം. വാഹനങ്ങളിലെ ആളൊന്നിന് 30 രൂപ അടച്ച് പാസ് വാങ്ങണം. വിദേശികൾ 60രൂപ അടച്ച് പാസ്‌പോർട്ടിന്റെ പകർപ്പ് ഹാജരാക്കണം. പതിമൂന്ന് വയസിനു താഴെയുള്ളവർക്ക് ടിക്കറ്റ് വേണ്ട. ബുക്ക് ചെയ്യാൻ ഉപയോഗിക്കുന്ന തിരിച്ചറിയൽ രേഖ കൈശമുണ്ടാകണം.

പത്തനംതിട്ടയിൽ നിന്ന് 45കിലോമീറ്റർ അകലെ ആങ്ങമൂഴിയാണ് ഗവി യാത്രയുടെ കവാടം. ഇവിടെ നിന്ന് ഗവി വരെ ദുർഘടമായ വനപാത 67 കിലോമീറ്റർ ദൂരമുണ്ട്. 56 കിലോമീറ്റർ അകലെയുള്ള ആനത്തോട് ഫോറസ്റ്റ് ചെക്ക്‌പോസ്റ്റ് വഴി ഉച്ചയ്ക്കു 2.30ന് മുൻപ് കടന്നുപോകണം. ഗവിയിൽ നിന്ന് വാഹനങ്ങൾ തിരികെ ആങ്ങമൂഴി വഴി വിടില്ല. വൈകിട്ട് ആറിന് മുൻപ് വള്ളക്കടവ് ചെക്ക്‌പോസ്റ്റ് കടക്കണം. യാത്രക്കാർക്ക് ഇൻഷുറൻസ് കൂടി ലഭ്യമാക്കുന്നതിന് രണ്ടു മാസത്തിനു ശേഷം നടപടികൾ പരിഷ്‌കരിക്കും. ടിക്കറ്റ് ചാർജ് ഓൺലൈൻ മുഖേനയടയ്ക്കാം. വാഹനത്തിൽ സഞ്ചരിക്കുന്ന മുഴുവൻ ആളുകളുടെ വിവരങ്ങളും ഈസമയത്ത് ഉൾപ്പെടുത്തേണ്ടി വരും.

ഗവിയിലേക്ക് യാത്രക്കാർ മദ്യം കൊണ്ടുപോകുന്നതും മദ്യപിച്ചു പോകുന്നതും പ്‌ളാസ്റ്റിക്ക് കുപ്പികളും കവറുകളും അനുവദനീയമല്ല. അനധികൃത പാർക്കിങ് നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് 500/ രൂപ പിഴ. നിയമ നടപടികൾ പിന്നാലെ. വന്യമൃഗങ്ങളെ ഉപദ്രവിക്കാനോ ഭക്ഷണം നൽകാനോ പാടില്ല. പലയിടങ്ങളും കാമറ വലയത്തിലാണ്.

മൂഴിയാർ, കക്കി, ആനത്തോട്, പമ്പ, ഗവി ഡാമുകൾക്കു മുകളിലൂടെയാണ് യാത്ര. മൂഴിയാർ, എക്കോ പോയിന്റ്, ആനത്തോട്, പച്ചക്കാനം, കൊച്ചുപമ്പ മേഖലയിൽ വാഹനം നിറുത്തി പ്രകൃതി സൗന്ദര്യം ആസ്വദിക്കാം. കാട്ടാനകളെ ചിലപ്പോൾ റോഡരികിൽ കാണാം, മൊട്ടക്കുന്നുകളിലും പുൽമേ&്വംിഷ;ടുകളിലും പോത്ത്, മാനുകൾ, കരടി, മ്‌ളാവ് തുടങ്ങിയവയുമുണ്ടാകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP