Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഴയെയും പ്രകൃതിയെയും അറിയാൻ ജീവൻ ടിവിയുടെ 'മഴ യാത്ര': ഒരു മാദ്ധ്യമപ്രവർത്തകന്റെ യാത്രാ വിവരണ കുറിപ്പ്

മഴയെയും പ്രകൃതിയെയും അറിയാൻ ജീവൻ ടിവിയുടെ 'മഴ യാത്ര': ഒരു മാദ്ധ്യമപ്രവർത്തകന്റെ യാത്രാ വിവരണ കുറിപ്പ്

ഴ എത്തുമ്പോൾ 'ശ്ശൊ എന്തൊരുമഴ' എന്നതിന് പകരം 'ഹായ് മഴ' എന്ന് കുട്ടികൾ ആർത്തിരമ്പി പറഞ്ഞപ്പോൾ, കോഴിക്കോട് നടക്കാവ് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ പരിസരത്ത് നിന്നും ആരംഭിച്ച ജീവൻ ക്യൂട്ടി മഴയാത്രയ്ക്ക് വിദ്യാലയങ്ങളിൽ നല്ല സ്വീകാര്യത ലഭിക്കുമെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു.ഞാറ്റുവേല തുടങ്ങുന്നതിന് തലേദിവസമായ ജൂൺ 22ന് ആരംഭിച്ച മഴയാത്ര, മലബാറിലെ ഒരോ വിദ്യാലയങ്ങളിലേയും പ്രയാണം ലക്ഷ്യമിട്ടപ്പോൾ ഞങ്ങളിലും വിദ്യാർത്ഥികളിലും സന്തോഷത്തിന്റെ ആഹ്ലാദമഴ പെയ്തിറങ്ങുന്നുണ്ടായിരുന്നു.

'മഴയെ അറിയാൻ.... പ്രകൃതിയേയും' എന്ന സന്ദേശവുമായി ജീവൻ ടിവി ഈ മഴക്കാലത്ത് മലബാറിലെ വിദ്യാലയങ്ങളിലേക്ക് പ്രയാണമാരംഭിച്ച ജീവൻ ക്യൂട്ടി മഴയാത്ര പുതുതലമുറയുടെ മറന്നുപോയ പ്രകൃതി സ്‌നേഹത്തിന് മാറ്റേകിയ മഴയോർമ്മക്കാലം കൂടിയാകുമായിരുന്നു. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ തന്നെ ഇതാദ്യമായി പ്രകൃതി സന്ദേശസംരക്ഷണ വിനോദയാത്ര നടത്തിയതോടെ ജീവന്റെ ക്യൂട്ടി മഴയാത്ര ചരിത്രമായി.

മഴക്കാലത്തെക്കുറിച്ച് ഒരു സെമിനാർ അല്ലെങ്കിൽ ചർച്ചയോ ആകാമെന്ന ആലോചനയിൽ ജീവൻടിവി മാനേജിങ് ഡയറക്ടർ ബേബിസാറുമായുള്ള കൂടി കാഴ്ചയിൽ, ചർച്ച വഴിമാറി മഴയാത്രയിൽ എത്തിചേരുകയുണ്ടായിരുന്നു. യാത്രക്ക് സ്‌പോൺസറെ കണ്ടെത്താനുള്ള ആലോചനയിൽ മഴയുമായി ബന്ധപ്പെട്ടതായതിനാൽ കുട കമ്പനികളെ ലക്ഷ്യമാക്കി നീങ്ങി. വടകരയിലെ ക്യൂട്ടി അമ്പ്രല്ല, പദ്ധതി ഏറ്റെടുത്തു. ട്രാവൽ പാർട്ണറായി ആപ്‌കോ ഹോണ്ടയും റോട്ടർ ക്ലബ് സൈബർ സിറ്റിയുടെ സഹകരണവും എത്തിയതോടെ ജീവൻക്യൂട്ടി മഴയാത്ര യാഥാർത്ഥ്യമാക്കുകയായിരുന്നു.

ഒരു മാസത്തെ യാത്ര പദ്ദതിയിട്ടെങ്കിലും മഴപെയ്യുന്നത് കുറവെന്ന തിരിച്ചറവിൽ 20ദിവസത്തെ പര്യടനമായി ചുരുക്കി. മഴയാത്രക്കായുള്ള പ്രസ് റിലീസ് എഴുതുമ്പോഴാണ് പ്രോഗ്രാമിൽ എന്തെല്ലാം ഉൾപ്പെടുത്തണമെന്ന കൂടുതൽ ആശയം വന്ന് കൂടിയത് തന്നെ. ന്യൂസ് എഡിറ്റർ ബാബു വെളപ്പായ സാറും എക്‌സിക്യൂട്ടീവ് എഡിറ്റർ പി.ജെ. ആന്റണി സാറും മീരാസാഹിബ് സാറും പിന്തുണയുമായെത്തി. ഒരേ സമയം ന്യൂസ് പ്രോഗ്രാം, പ്രൊമോഷൻ, ബിസിനസ് റിലേഷൻ, എന്റർടെയിന്മെന്റ് എന്നിവ ഒത്ത്‌ചേരുന്നതിനാൽ ചാനലിന്റെ എല്ലാ വിഭാഗങ്ങളുമായുള്ള സഹകരണം മഴയാത്രക്ക് അനിവാര്യമായിരുന്നു. ചാനലിൽ സ്‌ക്രോളിങ് ആരംഭിച്ചപ്പോൾ തന്നെ ഫോൺ വിളികൾ തുടങ്ങി. ആദ്യദിവസം തുടങ്ങിയത് ഉച്ച സമയം ആയതിനാൽ അടുത്ത സ്‌കൂളിലേക്കുള്ള യാത്ര 4 മണിക്ക് മുമ്പാകണമെന്ന് പദ്ധതി ചെയ്തിരുന്നു.

നടക്കാവ് സ്‌കൂളിലെ വിശാലമായ ഹാളിൽ തിങ്ങിനിറഞ്ഞ വിദ്യാർത്ഥികൾ നിറഞ്ഞ കരഘോഷത്തോടെയാണ് മഴയാത്രക്ക് തുടക്കമിട്ടത്. ജീടെക് എജ്യുക്കേഷൻ മാനേജിങ് ഡയറക്ടർ മെഹറൂഫ് മണലൊടി ഫ്‌ളാഗ് ഓഫ് ചെയ്ത ചടങ്ങിൽ റോട്ടറി ക്ലബ് സൈബർസിറ്റി സെക്രട്ടറി സന്നാഫ് പാലക്കണ്ടി, ആപ്‌കോ ഹോണ്ട പ്രതിനിധി രാജേന്ദ്രൻ, നടക്കാവ് സ്‌കൂൾ പ്രിൻസിപ്പൽ ശശിമാസ്റ്റർ, നടക്കാവ് സ്‌കൂൾ പി.ടി.എ. വൈസ് പ്രസിഡണ്ട്, എക്‌സിക്യൂട്ടീവ് എഡിറ്റർ പി.ജെ. ആന്റണി തുടങ്ങി ഒട്ടേറെപേർ യാത്രക്ക് ആശംസനേരാനെത്തി.

ആദ്യദിവസത്തെ രണ്ടാമത്തെ പര്യടനം തിരുവങ്ങൂർ ഹയർസെക്കണ്ടറി സ്‌കൂളിലേക്കായിരുന്നു.ആർത്തിരമ്പിയെത്തിയ മഴ അകമ്പടിയായി. സ്‌കൂൾലെത്തിയപ്പോഴേക്കും മഴ, ചാറ്റൽമഴയായി. കുട്ടികൾ മഴ വകവെക്കാതെ ഓടിയെത്തി. ഈ കാഴ്ച കണ്ടപ്പോൾ 35 വർഷം മുമ്പുള്ള കുട്ടിക്കാലം ഓർമ്മയിലേക്ക് ഓടിയെത്തി. റബ്ബർ ബാന്റുകൊണ്ട് കെട്ടിയ പുസ്തകകെട്ട്, തോളിലെറ്റിയ കുട്ടിക്കാലം. വള്ളി ട്രൗസറിന് മുകളിൽ നനഞ്ഞൊട്ടിയ ഷർട്ടിട്ട്, കോട്ടൺ തുണിയുടെ കുട കയ്യിലുണ്ടായിരുന്നിട്ടും മഴകൊണ്ട് വീട്ടിലേക്ക് എത്തിയ ആ നല്ല കാലം. ചേമ്പില ചൂടിയാണത്രെ അച്ഛനും അമ്മയുമൊക്കെ സ്‌കൂളിൽ പോയത്. ആ കാലങ്ങളിൽ അന്നത്തെ നാലാം ക്ലാസുകാരുടെ ചർച്ച ഇങ്ങനെയൊക്കെയായിരുന്നു, നാല് ജില്ലകളിലെ പര്യടനം ഷെഡ്യൂൾ ചെയ്ത്, ഓരോ ജില്ലയിലും 5 ദിവസം യാത്ര. എന്തായാലും; രാത്രിയാകുമ്പോഴേക്കും അടുത്ത സ്‌കൂളിലേക്ക് ക്ഷണം ലഭിച്ചിരുന്നു. നാടൻപാട്ടും കുസൃതി ചോദ്യങ്ങളും കുട്ടികൾ ഏറ്റെടുക്കുമ്പോഴേക്കും കുട്ടികൾക്കിടയിലേക്ക് അദ്ധ്യാപകർ തന്നെ പ്രകൃതി സംരക്ഷണ വിഷയം അവതരിപ്പിക്കും.സീരിയസ്സായ വിഷയം കുഞ്ഞുമനസ്സിലേക്ക് എത്തിക്കാൻ എന്റർടെയിന്മെന്റ് വഴിയാണ് നല്ലതെന്ന് അനുഭവമായതോടെ മഴയാത്രക്ക് വളരെ വേഗം സ്വീകാര്യത ലഭിച്ചു.

നഗരങ്ങളിലെ വിദ്യാലയങ്ങളിൽ നിന്നും ഗ്രാമങ്ങളിലെ സ്‌കൂളിലേക്കായി ഞങ്ങളുടെ അടുത്ത ലക്ഷ്യം. വിദ്യാർത്ഥികൾക്കായുള്ള ഉച്ചകഞ്ഞി വിതരണവും സർക്കാർ വിദ്യാലയങ്ങളിലെ പുതിയ രീതികളും പഴയ വിദ്യാഭ്യാസകാലത്തിൽ നിന്നും വിഭിന്നം തന്നെയാെണന്ന് വ്യക്തം. എയ്ഡഡ് സ്‌കൂളും സർക്കാർ സ്‌കൂളും തിരിച്ചറിയാൻ പ്രയാസകരമായി മാറി. സർക്കാർ അദ്ധ്യാപകർ പഴയപോലെ ക്ലാസ്സിൽ കയറി കിടന്നുള്ള ഉറക്കമില്ല. ക്ലാസ്സെടുക്കാതെ മുങ്ങി നടക്കുന്ന പതിവില്ല. മറ്റ് ജോലി ചെയ്ത് വരുമാനം ഉണ്ടാക്കുന്നവരെയും മഷിയിട്ടാൽ കാണാനുമില്ല. അദ്ധ്യാപകർ വിദ്യാർത്ഥികളുമായുള്ള സൗഹാർദ്ദം ദൃഡം, പരിസ്ഥിതി ക്ലബ്, സൗഹൃദം, ക്ലബ്, ടജഇ, ചഇഇ തുടങ്ങി ഒട്ടേറെ പ്രസ്ഥാനങ്ങളുമായി നിരന്തരം ഇടപെടൽ, പഴയ വാധ്യാർ സ്റ്റൈൽമാറി; കുട്ടികളുടെ നല്ല സുഹൃത്തായി മാറിയ കുറേ അദ്ധ്യാപകസമൂഹത്തെ മഴയാത്രയിലൂടെ കണ്ടു. 5 ദിവസത്തെ പര്യടനം പൂർത്തിയാക്കി കണ്ണൂർ ജില്ലയിലേക്കുള്ള യാത്രക്കൊരുങ്ങവെയാണ് മുക്കത്തെ ദയാപുരം റസിഡന്റഷ്യൽസ്‌കൂളിൽ നിന്നും പി.ആർ.ഒ സക്കീനമാഡത്തിന്റെ ക്ഷണം ലഭിച്ചത്. ആ സ്‌കൂളിന്റെ രാജ്യാന്തര നിലവാരം ഞങ്ങളെ വേറൊരു ലോകാേത്തക്കാണ് എത്തിച്ചത്.

പ്രധാന അദ്ധ്യാപകരും മാനേജ്‌മെന്റും നോമ്പുവിഭവം നൽകി സ്വീകരിച്ചു. ആട്ടവും പാട്ടും പ്രകൃതി സന്ദേശവും പ്രകൃതി സംരക്ഷണ ക്ലാസുമെല്ലാം നടക്കുമ്പോഴും പുറത്ത് മഴ കണ്ട് കുട്ടികൾ മഴയോട് കിന്നാരം പറയാനും മറന്നില്ല .ഈ യാത്രക്കിടയിലാണ് കോതമംഗലത്തെ 5 പിഞ്ചു കുട്ടികൾ മരം വീണ് ദാരുണ അന്ത്യം ഏറ്റുവാങ്ങിയ വാർത്ത ഫ്‌ളാഷ് ന്യൂസായി ചാനലിലൂടെ ലോകം അറിയുന്നത്. ചർച്ചകൾക്കിടയിൽ മരം മുറിക്കൽ നടക്കുന്നില്ലെന്നും മരം അപകടമാകുന്നതിനെകുറിച്ചും കുട്ടികൾ ആശങ്കപ്പെട്ടു. മരം മുറിക്കലല്ല മരത്തിന്റെ ശാഖയാണ് വെട്ടേണ്ടതെന്നും അതിനാരും തടസ്സമാകില്ലെന്ന് പരിസ്ഥിതപ്രവർത്തകൻ ശോഭീന്ദ്രന്മാസ്റ്റർ മഴയാത്രയിൽ ആശംസ നേർന്ന് കൊണ്ട് ആഹ്വാനം ചെയ്തത് മഴയാത്രയ്ക്ക് പുത്തൻ ഉണർവാകുകയായിരുന്നു. 18 വരികളുള്ള പ്രകൃതി സന്ദേശപ്രതിജ്ഞ എഴുതി ഏൽപ്പിച്ചാണ് ശോഭീന്ദ്രൻ മാഷ് കോഴിക്കോട് നിന്ന് ഞങ്ങളെ കണ്ണൂരിലേക്ക് യാത്രയാക്കിയത്.

യാത്രയുടെ 7-ാം ദിനം തലശ്ശേരി കാവുംഭാഗം സ്‌കൂളിലെത്തിയതോടെ കണ്ണൂരിലെ മഴയാത്രക്ക് തുടക്കമായി. കാർമേഘം മൂടികെട്ടിയ അന്തരീക്ഷം, കുട്ടികളെ ഗ്രൗണ്ടിലേക്കിറക്കണോ ഹാളിേലക്ക് വിടണോ? അദ്ധ്യാപകരുടെ ചോദ്യങ്ങൾക്ക് മുമ്പിൽ ഞങ്ങൾ കുഴഞ്ഞു. ഒടുവിൽ നടുമുറ്റം പോലെയുള്ള ചെറിയ ഗ്രൗണ്ടിൽ കുട്ടികളെ എത്തിച്ചു. കുട്ടികൾ മഴ കാത്തിരുന്നത് പോലെ, പ്രോഗ്രാം തുടങ്ങിയതും മഴ കനത്ത് പെയ്തു തുടങ്ങി. ശോഭീന്ദ്രന്മാസ്റ്ററിന്റെ പ്രതിജ്ഞ ചൊല്ലിയ കുട്ടികൾ ഒരു വൃക്ഷതൈ നട്ട് തിരികെയെത്തിയപ്പോഴേക്കും ആർത്തിരമ്പി വന്ന മഴ അൽപം മാറി നിന്നാണ് അടുത്ത സകൂളിലേക്ക് ഞങ്ങളെ യാത്രയാക്കിയത്.

ഓരോ ദിവസവും മഴയാത്രയിൽ പുതുമ വേണമെന്ന് ചർച്ച ചെയ്തപ്പോൾ വിദ്യാലയത്തിന് സമീപത്തുള്ള ഏറ്റവും പ്രായം കൂടിയ വ്യക്തിയെ വേദിയിലെത്തിച്ച് മഴക്കാല ഓർമ്മകൾ പങ്കുവെക്കാൻ അവസരമൊരുക്കി. ഓരോ നാട്ടിലെയും ഗായകർക്കും, മിമിക്രിക്കാർക്കും മഴയാത്രയിൽ പങ്കെടുക്കാൻ അവസരം നൽകി. ചിലയിടങ്ങളിൽ പൂർവ്വ വിദ്യാർത്ഥികളാണ് മഴയാത്ര വരവേറ്റതെങ്കിൽ മറ്റ് ചിലയിടങ്ങളിൽ എൻ.എസ്.എസ്. പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രൊജക്ട് വർക്കായി ഏറ്റെടുത്തു. വിദ്യാലയങ്ങളിലെ ബാഹുല്യവും അദ്ധ്യാപകരുടെ നിർബന്ധവും കുട്ടികളിലെ ആവേശവും കൂടിയായപ്പോൾ കണ്ണൂരിലും ഒരു ദിവസം അധികമായി.

കൂത്ത്പറമ്പ് റാണിജി സ്‌കൂളിലെ പര്യടനം പൂർത്തിയാക്കി സംഘ കേളകം വഴി വയനാട് ജില്ലയിലെത്തി. നൂൽ മഴ പെയ്തിറങ്ങുന്ന കാഴ്ചകളും കോടമഞ്ഞും ചുരത്തിലൂടെയുള്ള യാത്രകളുമെല്ലാം പ്രകൃതിയെ തൊട്ടറിഞ്ഞ യാത്രതന്നെയായിരുന്നു വയനാട്ടിലേക്കുള്ള ക്യൂട്ടി മഴയാത്ര. രാത്രി എത്തുമ്പോഴേക്കും താമസം ഒരുക്കിയ ഏണിച്ചിറയിലെ സുഹൃത്തുക്കൾ ഞായറാഴ്ച രണ്ട് സ്ഥലങ്ങളിലായി മഴയാത്രക്ക് സ്വീകരണം ഏർപ്പെടുത്തിയിരുന്നു. വിദ്യാലയങ്ങളിലൂടെ അത് വരെ നടത്തിയ പര്യടനത്തിൽ നിന്നും വ്യത്യസ്ഥമായ അനുഭവമായിരുന്നു ക്ലബ്ബുകൾ നൽകിയ സ്വീകരണം. ഒരു ചാനൽ ആ ഗ്രാമത്തിൽ ആദ്യമായാണ് എത്തുന്നതെന്ന മുഖവുരയോടെയാണ് ഗ്രാമീണർ ഞങ്ങളെ സ്വീകരിച്ചത്. സ്‌പോർട്‌സിലും കലാരംഗത്തും പ്രോത്സാഹിപ്പിക്കുന്ന ഉദയ പപ്ലശ്ശേരി ക്ലബ്ബ് ആ നാട്ടിലെ ഏറ്റവും വലിയ ഗ്രൗണ്ടിൽ ഗ്രാമീണരെയെല്ലാം ഒന്നിപ്പിച്ച്‌കൊണ്ട് വൻ സ്വീകരണം നൽകി. നന്മയുടെ ഗ്രാമം ഇനിയും അന്യമായില്ലെന്ന് ഓർപ്പെടുത്തലായിരുന്നു ഗ്രാമീണരുടെ സ്‌നേഹപ്രകടനങ്ങൾ. തുടർന്നുള്ള ദിവസങ്ങളിലെ വിദ്യാലയ പര്യടനത്തിൽ, നാടൻ കലകളെയും പ്രകൃതി സംരക്ഷണം ജീവവായുവായി കൊണ്ടുനടക്കുന്ന നാരായണൻ മാസ്റ്ററും ജയരാജൻ മാസ്റ്ററും ജില്ലയിലെ ഒട്ടുമിക്ക സ്‌കൂളിലെയും മുന്നൊരുക്കങ്ങൾക്ക് പിന്തുണയും നേതൃത്വം നൽകാനെത്തിയതും സ്‌നേഹം പങ്കുവെയ്ക്കലിന്റെ നനുത്ത മഴയോർമ്മയാകുകയായിരുന്നു.

ടീം അംഗങ്ങളായ ഷിനിത്ത് രാജ്, പുഷ്പരാജ്, ഷംസീർ വയനാട്, മുഹമ്മദലി വലിയാട്, അനീഷ് കെ.ജി., ബാബു, ഫിജോ സേവ്യർ, അഖിൽ ബാബു, മണിദാസ്, അനിലാൽ കലാഭവൻ എന്നിവർ മഴയും വെയിലും മഞ്ഞും മാറിയെത്തിയ അന്തരീക്ഷത്തിൽ ഒട്ടും തളരാതെ ആവേശത്തോടെ പര്യടനത്തിന് ശക്തി പകരുന്നുണ്ടായിരുന്നു. യാത്രയ്ക്കിടയിലെ വീണുകിട്ടിയ ഇടവേളയിൽ ഓരോ സ്‌കൂളിൽ നിന്നും ലഭിച്ച അനുഭവങ്ങൾ കോമഡിയായി പറയുന്നതായിരുന്നു ഞങ്ങളുടെ പ്രധാന വിനോദം.

വയനാട്ടിലെ അവസാന ദിവസത്തെ പര്യടനം കഴിഞ്ഞ മടങ്ങുമ്പോഴാണ് സുഹൃത്ത് രൂപേഷ് ദേവ് വയനാട്ടിലെ ഏറ്റവും വലിയ ടവർഹിൽ റിസോർട്ടിനെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നത്. മലപ്പുറത്തേക്കുള്ള യാത്രയ്ക്കിടയിൽ നേരെ സേവ്യറച്ചായന്റെ ടവർഹിൽ ലക്ഷ്യമാക്കി നീങ്ങി. വയനാട് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ ഈ സ്ഥലങ്ങൾ നിന്നും ഒരേ സമയം കർണ്ണാടകം, കേരളം ഒന്നിച്ചു കാണാൻ കഴിയുന്ന അത്യപൂർവ്വ ദൃശ്യവിരുന്നാണ് ഒരുക്കിയിട്ടുള്ളത്. റിസോർട്ട് പൂർത്തിയായിട്ടില്ല. ഇപ്പോൾ വരുന്നവർക്ക് ടെന്റിലാണ് താമസം, ഫയർ ഡാൻസും കോടമഞ്ഞിന്റെ ദൃശ്യചാരുതയിലും ടവർ ഹിൽ നന്നേ ആസ്വദിച്ചു. ഒപ്പം വയനാട്ടിലെ സ്വന്തം നൂൽമഴ പുറത്തും ഞങ്ങളുടെ മനസ്സിലും പെയ്തുകൊണ്ടെയിരുന്നു. ഉറക്കത്തിന്റെ ആലസ്യം വിട്ട് മാറുമുമ്പേ ഞങ്ങൾ മലപ്പുറം ജില്ലയിലേക്ക് കടന്നിരുന്നു.

മഴയറിവുകൾ പകർന്നും മഴയെ ഉത്സവമാക്കിയും മഴയാത്ര പര്യടന വേളയിൽ മാനന്തവാടി ഏണിച്ചിറ ശങ്കരാശ്ശേരി വീട്ടിൽ ഷിംനയുടെയും 3 പെൺകുട്ടികളുടെയും കുടുംബത്തിന്റെ ദുരിത ജീവിതം ഒപ്പിയെടുക്കാനും ഞങ്ങൾ മറന്നില്ല. ഏണിച്ചിറ പാപ്ലശ്ശേരിയിൽ സ്വീകരണം നടക്കവെയാണ് ഷിംനയുടെ ദുരിതം ഞങ്ങൾ അറിയുന്നത്. മഴയെ ആഘോഷമാക്കുന്നവരും മഴയെ ഭീതിയോടെ കാണുന്നവരും മഴയാത്ര സംഘത്തിന് വേറിട്ട അനുഭവ മഴകാഴ്ചയാണ് സമ്മാനിച്ചത്.

ജീവന്റെ വാർത്തയിലൂടെ ഷിംനയുടെ കഥ പുറം ലോകമറിഞ്ഞപ്പോൾ സഹായഹസ്തവുമായി ആദ്യമെത്തിയ ഫോൺ കോൾ എന്റെ മാദ്ധ്യമഗുരുക്കന്മാരിൽ ഒരാളായ തിരുവല്ലം ഭാസി സാറിന്റെതായിരുന്നു. ഓസ്‌ട്രേലിയയിലെ മെൽബണിൽ നിന്ന്. പിന്നീട് ഒട്ടേറെ പേർ വിളിച്ച് വാഗ്ദാന പെരുമഴ തന്നെ നൽകി. എല്ലാവരും വാക്കുപാലിച്ചാൽ ഷിംനയ്ക്കും കുട്ടികൾക്കും ആശ്വാസമാകും.

പകൽ മുഴുവൻ വ്രതാനുഷ്ഠാനവും രാത്രിയിലെ ബിരിയാണി മണവും അകമ്പടിയായി ഇടക്കിടെ പെയ്‌തെത്തിയ മഴയുമായാണ് മലപ്പുറം ജില്ല ഞങ്ങളെ വരവേറ്റത്. വേങ്ങര സ്‌കൂളിലേക്കായിരുന്നു ആദ്യ ക്ഷണം. കാർഷിക രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ചേറൂര് പാണക്കാട് പൂക്കോയ തങ്ങൾ സ്മാര സ്‌കൂളിലെത്തിയപ്പോൾ കുട്ടികളുടെ പ്രതീക്ഷകൾ ആകാശത്തോളം ഉയരുന്നത് കാണാമായിരുന്നു. പ്രകൃതി സംരക്ഷണ വിഷയം കുട്ടികളുടെ പ്രസംഗ മത്സരത്തിലൂടെ കത്തികയറുമ്പോൾ മഴക്കാല ഓർമ്മകൾ പങ്കുവെക്കാനെത്തിയ അഹമ്മദ് കുട്ടിഹാജി പുളിക്കലിന്റെ പ്രസംഗത്തിലൂടെ തന്റെ അരയേക്കർ സ്ഥലം നെൽകൃഷിക്കായി വിദ്യാലയത്തിന് വിട്ടുകൊടുക്കാൻ തയ്യാറായത് ജീവൻ ക്യൂട്ടി മഴയാത്രക്ക് ലഭിച്ച അംഗീകാരം കൂടിയായി.

കാർഷിക സംസ്‌കൃതിയിലേക്കുള്ള തിരനോട്ടത്തിനുള്ള വേദികൂടിയായി മാറി ക്യൂട്ടി മഴയാത്ര. പകൽ സമയങ്ങളിലെ വ്രതാനുഷ്ഠാനവും അത് ആചരിക്കുന്നവരുടെ എണ്ണക്കൂടുതലുള്ള ജില്ലയായതിനാൽ മലപ്പുറത്ത് മഴയാത്ര ഷെഡ്യൂൾ വെട്ടിക്കുറച്ച് രണ്ട് ദിവസമായി ചുരുക്കി, ജൂലായ് 9 ന് പര്യടനം അവസാനിപ്പിക്കുകയായിരുന്നു.

19 ദിവസം കൊണ്ട് 27 ഓളം വിദ്യാലയങ്ങളിലൂടെയുള്ള യാത്രകളിൽ ഓർമ്മക്കായി നട്ട വൃക്ഷത്തൈ കാണാനും വിദ്യാർത്ഥിമനസ്സിൽ വീണ്ടുമൊരു മഴയോർമ്മ പങ്കുവെക്കാനും കാറും കോളും നിറഞ്ഞ അടുത്ത കാലവർഷക്കാലത്ത് എത്തുമെന്ന് പ്രതീക്ഷ നൽകിയുമാണ് ജീവൻ ക്യൂട്ടി മഴയാത്ര സംഘം പര്യടനം താൽക്കാലികമായി അവസാനിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP