പടേനിയുടെ ചൂട്ടുവെളിച്ചം
October 07, 2012 | 12:38 PM IST | Permalink

സ്വന്തം ലേഖകൻ
മദ്ധ്യതിരുവിതാംകൂറിലെ അനുഷ്ഠാന കലയായ പടേനി (പടയണി)ക്ക് ചരിത്രപരമായ അടിത്തറയും ശാസ്ത്രീയമായ പ്രയോഗ സാധ്യതകളും സൃഷ്ടിച്ചത് കടമ്മനിട്ട വാസുദേവൻ പിള്ളയാണ്. കേവലമായ ഒരു അനുഷ്ഠാനകല എന്നതിലുപരി, വ്യത്യസ്തങ്ങളായ കലാസങ്കേതങ്ങൾ സമന്വയിച്ച ഒരു മഹാകലാശില്പത്തിന്റെ അവതരണ സാക്ഷാത്കാരമാണ് പടേനിയെ
ന്ന് ആധുനിക സമൂഹത്തോട് യുക്തിദ്രമായി സംവേദിച്ചത് അദ്ദേഹമാണ്. നിരന്തരമായ ഗവേഷണ പഠനങ്ങളുടെ വെളിച്ചത്തിലൂടെയും വൈവിധ്യമാർന്ന രംഗാവതരണങ്ങളുടെ നിരീക്ഷണങ്ങളിലൂടെയുമാണ് വാസുദേവൻ പിള്ള പടേനിക്ക് സുശക്തമായ അവതരണ പാഠം മെനഞ്ഞെടുത്തത്.
കടമ്മനിട്ടയിലെ ഏതൊരു സാധാരണ കൗമാരക്കാരനെയുംപോലെ, ഭക്തിയും അല്പം കലാകൗതുകവും ചേർന്ന താത്പര്യമാവാം വാസുദേവൻ പിള്ളയെ പടേനിയിലേക്ക് നയിച്ചത്. പക്ഷേ, ചുവടുകൾക്കും താളങ്ങൾക്കും വർണങ്ങൾക്കുമപ്പുറത്തുള്ള ഐതിഹ്യപരവും ചരിത്രപരവുമായ പടേനിയുടെ തുടർച്ചയെക്കുറിച്ചുള്ള അനേ്വഷണത്തിനാണ് അദ്ദേഹം തുടക്കം മുതൽ തന്നെ മുതിർന്നത്. പടേനിയിലെ മഹാഗുരുക്കന്മാരിലൊരാളായ രാമൻ നായരാശാന്റെ ഗുരുമുഖത്തുനിന്ന് ലഭിച്ച കലാജ്ഞാനത്തെ ചരിത്രവത്കരിക്കാനുള്ള ദൗത്യം ആദ്യം മുതലേ സ്വയം ഏറ്റെടുത്തു.
ഒരു ഗണിതശാസ്ത്രാദ്ധ്യാപകന്റെ സൂക്ഷ്മമായ നിർദ്ധാരണപാടവം, പടേനിയുടെ ചരിത്ര സൃഷ്ടിക്ക് വെളിച്ചം പകർന്നു. മദ്ധ്യതിരുവിതാംകൂറിലെ വിവിധ ദേശങ്ങളിൽ പടർന്നുകിടക്കുന്ന പടേനിയുടെ വേരുകളും പ്രയോഗവും സൂക്ഷ്മതയോടെയാണ് നിരീക്ഷിച്ചത്. സാമൂഹികശാസ്ത്രത്തിന്റെയും ഭാഷാ ശാസ്ത്രത്തിന്റെയും ചരിത്ര ഗവേഷണ പഠനങ്ങളുടെയും അടിത്തറകളിൽ നിന്നുകൊണ്ടാണ് നിരീക്ഷണങ്ങളും പഠനങ്ങളും നിർവഹിച്ചത്. ഇതിന്റെ സഫലമായ ഫലശ്രുതിയാണ് പടേനി എന്ന ഗ്രന്ഥം തന്നെ. തുടർന്നുവന്ന ക്ലപടേനിക്കയിലെ പാളക്കോലങ്ങളും അനേ്വഷണത്തിന്റെ തുടർച്ച തന്നെയാണ്.
പടേനിയെക്കുറിച്ചുള്ള വാസുദേവൻ പിള്ളയുടെ ചരിത്ര വിചാരങ്ങൾ, ഒരു കാലഘട്ടത്തിലെ കേരളീയ സാംസ്‌കാരിക ചരിത്രത്തിലേക്കുള്ള അനേ്വഷണം കൂടിയാണ്. പടേനിയുടെ പരിധിക്കുള്ളിൽ നിൽക്കാതെ, അക്കാലത്തുണ്ടായിരുന്ന സവിശേഷ രംഗകലകളിലേക്കും നാടൻ കലാവതരണ സമ്പ്രദായങ്ങളിലേക്കും പ്രാചീന അനുധ്യാനരീതികളിലേക്കും വാസുദേവൻ പിള്ള കടക്കുന്നുണ്ട്. മാത്രമല്ല, മലയാള ഭാഷയുടെ സവിശേഷതകൾ പഠിക്കാനും ശ്രമിക്കുന്നു. ഡോ. അയ്യപ്പപ്പണിക്കർ പടേനി എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തിൽ ഇങ്ങനെ എഴുതി : മലയാള ഭാഷയുടെ ചില സവിശേഷതകൾ പഠിക്കുന്നതിനും കേരള വൃത്തങ്ങളുടെ വൈവിധ്യം മനസ്സിലാക്കുന്നതിനും താളവട്ടങ്ങളെ വൃത്തശാസ്ത്രവുമായും സംഗീതവുമായും ചേർത്തു പഠിക്കുന്നതിനും ഇതിലെ പഴംപാട്ടുകൾ ഉപകരിക്കും. കേരളീയ ജീവിതത്തിൽ സ്വാധീനം ചെലുത്തിയിട്ടുള്ള ആരാധനാക്രമങ്ങളും വിശ്വാസ സംഹിതയും മനസ്സിലാക്കാൻ ഉതകുന്ന രീതിയിലാണ് ഈ പാട്ടുകൾ ഇതിൽ സജ്ജീകരിച്ചിട്ടുള്ളത്.ക്കക്ക
ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ നിന്ന് പൊതു സാംസ്‌കാരിക സമൂഹത്തിന്റെ മുമ്പിലേക്കും പടേനിയെ ആനയിക്കാൻ വാസുദേവൻപിള്ളയ്ക്ക് കഴിഞ്ഞു. കേവലമായ ഒരു രംഗാവതരണത്തെയല്ല ഇതിലൂടെ അദ്ദേഹം മുന്നിൽ കണ്ടത്. മറിച്ച് ഈ അവതരണങ്ങളെ തന്റെ പഠന നിഗമനങ്ങളെ ചർച്ചയ്ക്ക് വിധേയമാക്കാനുള്ള ഒരവസരം കൂടിയായി മാറ്റി. അതുകൊണ്ട് എൺപതുകളുടെ തുടക്കത്തിൽ തന്നെ പടേനി കേരളത്തിലെ കലാഗ്ലസാംസ്‌കാരിക വിചാരങ്ങളിൽ സ്ഥാനം നേടി. നിരവധി കലാകാരന്മാരുടെ വ്യത്യസ്തമായ പാരമ്പര്യത്തിലൂടെയാണ് വാസുദേവൻ പിള്ള ഇത് സാധിച്ചെടുത്തത്.
കവിതാലാപനത്തിന് താളത്തിന്റെ സാന്ദ്ര സാന്നിദ്ധ്യം ശക്തിപകരുമെന്ന് കണ്ടെത്തിയതും ഒരർത്ഥത്തിൽ വാസുദേവൻപിള്ളയാണ്. കടമ്മനിട്ടയുടെ കവിയരങ്ങുകളിൽ വാസുദേവൻ പിള്ളയും തപ്പും ഒരു നിത്യസാന്നിദ്ധ്യമായിരുന്നു. കാട്ടാളനും കുറത്തിയും കിരാതവൃത്തവുമൊക്കെ തപ്പിന്റെ താളത്തിലൂടെ കേരളീയർക്കിടയിലേക്ക് പടർന്നു കയറിയ അനുവം മറക്കാവുന്നതല്ല. ഈ താള അകമ്പടി കടമ്മനിട്ടക്കവിതയുടെ പൊരുളും അർത്ഥവും തേടിയുള്ള യാത്രയിലേക്കാണ് അദ്ദേഹത്തെ നയിച്ചത്. കടമ്മനിട്ട കവിതകൾക്കുണ്ടായിട്ടുള്ള ഏറ്റവും ശക്തവും സൂക്ഷ്മവുമായ പഠന നിരൂപണങ്ങളിലൊന്ന് വാസുദേവൻ പിള്ളയുടേതാണ്.
അക്കാഡമിക് ഔദാര്യങ്ങളും പുരസ്‌കാര സമൃദ്ധിയും വാസുദേവൻ പിള്ളയിൽ നിന്ന് ഏറെ അകലെയാണ്. പടേനിയെക്കുറിച്ചുള്ള അനേ്വഷണത്തിനും പഠനത്തിനും വേണ്ടി മാറ്റിവയ്ക്കപ്പെട്ട ആ ജീവിതത്തിന്റെ കർമ്മകാണ്ഡം ഇന്നും സജീവമാണ്.
കടപ്പാട്-കൗമുദി
