Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൺമണി കലോത്സവത്തിന്റെയും പൊന്മണിയായി! ജെ ബി ജംഗ്ഷനിലൂടെ ബ്രിട്ടാസ് പരിചയപ്പെടുത്തിയ മിടുക്കിക്ക് സംസ്‌കൃത ഗാനാലാപനത്തിന് എ ഗ്രേഡും മൂന്നാം സ്ഥാനവും

കൺമണി കലോത്സവത്തിന്റെയും പൊന്മണിയായി! ജെ ബി ജംഗ്ഷനിലൂടെ ബ്രിട്ടാസ് പരിചയപ്പെടുത്തിയ മിടുക്കിക്ക് സംസ്‌കൃത ഗാനാലാപനത്തിന് എ ഗ്രേഡും മൂന്നാം സ്ഥാനവും

കോഴിക്കോട്: മാദ്ധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസ് കൈരളി ടിവിയിൽ അദ്ദേഹത്തിന്റെ ജെബി ജംഗ്ഷൻ എന്ന പരിപാടിയിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തിയ കൺമണിയെ ഓർക്കുന്നില്ലേ..? ഇരും കൈകളും ഇല്ലെങ്കിലും അതീവ സുന്ദരമായി പാട്ടുപാടുകയും കാലുകൊണ്ട് പടംവരയ്ക്കുകയും ചെയ്യുന്ന മിടുക്കി കുട്ടിയെ. അന്ന് ചാനൽ പരിപാടിയിൽ എല്ലാവരുടെയും മനംകവർന്ന കൺമണി ഇപ്പോൾ കോഴിക്കോട് നടക്കുന്ന കലോത്സവത്തിന്റെയും സുവർണ്ണ താരമായി. വൈകല്യങ്ങളെ എല്ലാം തോൽപ്പിച്ച് സംസ്‌ക്കൃതം ഗാനാലാപനത്തിൽ എ ഗ്രേഡും മൂന്നാം സ്ഥാനവുമാണ് ആലപ്പുഴ താമരക്കുളം വിഎച്ച്എസ്എസിലെ എട്ടാം ക്ലാസിലെ വിദ്യാർത്ഥിനിയായ കൺമണി നേടിയത്.

മാവേലിക്കര സ്വദേശി ടാക്‌സി ഡ്രൈവറായ ശശികുമാറിനും ഭാര്യ രേഖയ്ക്കും ഇരുകൈകളുമില്ലാതെ ജനിച്ചുവീണ കൺമണി ഇന്ന് മലയാളക്കര അറിയുന്ന കലാകാരിയാണ്. എന്നാൽ ആരുടെയും സഹതാപ പരിഗണന തനിക്ക് വേണ്ടെന്ന് വിശ്വസിക്കുന്ന കൺമണി സംസ്ഥാന സ്‌കൂൾ കലോത്സവത്തിലൂടെ ഒരിക്കൽ കൂടി അത് തെളിയിക്കുകയായിരുന്നു. രണ്ട് കൈകൾ ഇല്ലാതെ ജനിച്ച കൺമണിക്ക് കാലുകൾക്കും സ്വാധീനക്കുറവുണ്ട്. വൈകല്യമുള്ള മകളെയാണ് തങ്ങൾക്ക് ദൈവം തന്നതെങ്കിലും അവളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാൻ മുന്നിൽ നിന്നത് മാതാപിതാക്കൾ തന്നെയായിരുന്നു.

മറ്റുള്ളവർ കൈകൊണ്ട് ചെയ്യുന്ന പല കാര്യങ്ങളും കൺമണി കാലുകൾ കൊണ്ട് ചെയ്യും. കൺമണി മനോഹരമായ ജലച്ചായ ചിത്രങ്ങൾ വരയ്ക്കുന്നത് പോരായ്മകളുള്ള തന്റെ രണ്ട് കാലുമുപയോഗിച്ചാണ്. നാലാം ക്ലാസ് മുതൽ വാട്ടർ കളർ മത്സരത്തിൽ പങ്കെടുക്കാൻ തുടങ്ങിയ കൺമണി ജില്ലാതലം വരെ നിരവധി സമ്മാനങ്ങൾ നേടി. കൺമണിയെ മത്സരങ്ങളിൽ പങ്കെടുക്കാൻ വേണ്ടി ഇപ്പോൾ വാട്ടർ കളർ അഭ്യസിപ്പിക്കുന്നത് ഉണ്ണികൃഷ്ണനാണ്.

കൺമണി സംസ്‌കൃത ഗാനാലാപനം, ശാസ്ത്രീയ സംഗീതം, അക്ഷരശ്ലോകം, വാട്ടർകളർ എന്നീ നാലിനങങ്ങളിൽ ജില്ലാ കലോത്സവത്തിൽ മത്സരിച്ച് എഗ്രേഡ് നേടിയെങ്കിലും സംസ്‌കൃത ഗാനാലാപനത്തിന് മാത്രമാണ് സംസ്ഥാന കലോത്സവത്തിൽ മത്സരിക്കാൻ യോഗ്യത ലഭിച്ചത്. കുട്ടിക്കാലത്ത് തന്നെ നന്നായി പാട്ടുകൾ പാടിയിരുന്ന കൺമണി നാല് വർഷം മുമ്പ് മാത്രമാണ് ശാസ്ത്രീയസംഗീതം പഠിച്ചു തുടങ്ങിയത്. ആദ്യ ഗുരു പ്രിയംവദയായിരുന്നു. ഇപ്പോൾ പിഎസ് ജയറാം, വീണാ ചന്ദ്രൻ എന്നിവരുടെ കീഴിലും കൺമണി സംഗീതാഭ്യാസം തുടരുന്നു.

ഇപ്പോൾ സ്ഥിരമായി ക്ഷേത്രങ്ങളിലും മറ്റും കൺമണി കച്ചേരി അവതരിപ്പിച്ചുവരുന്നുണ്ട്. കലോത്സവത്തിൽ മത്സരിക്കാൻ വ്യാഴാഴ്ച രാത്രി കോഴിക്കോട്ടെത്തിയത് തന്നെ ഒരിടത്തെ കച്ചേരി കഴിഞ്ഞ ശേഷമാണ്. ഉത്സവസീസണായതിനാൽ മിക്കവാറും എല്ലാ ദിവസങ്ങളിലും കൺമണിക്ക് കച്ചേരിയുണ്ട്. ബ്രിട്ടാസ് ജെ ബി ജംഗ്ഷനിലൂടെ കൺമണിയെ അവതരിപ്പിച്ചതോടെ ഈ മിടുക്കിയുടെ സംഗീതക്കച്ചേരികൾക്കായി നിരവധി പേർ രംഗത്തെത്തിയിരുന്നു.

<iframe src="//www.youtube.com/embed/XoFb8ueC_EA" width="600" height="400"></iframe>

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP