Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കായലരികത്ത് വലയെറിഞ്ഞപ്പം വളകിലുക്കിയ സുന്ദരീ.. രാഘവൻ മാഷിൽ നിന്നും ഒരു അനശ്വര ഗാനം പിറന്നകഥ

കായലരികത്ത് വലയെറിഞ്ഞപ്പം വളകിലുക്കിയ സുന്ദരീ.. രാഘവൻ മാഷിൽ നിന്നും ഒരു അനശ്വര ഗാനം പിറന്നകഥ

കായലരികത്ത് വലയെറിഞ്ഞപ്പോൾ..' എന്ന പാട്ട് മൂളാത്ത മലയാളികൾ ഉണ്ടാവില്ല.. മലയാളത്തിലെ ലളിതഗാനശാഖയുടെ തലവര മാറ്റിയെഴുതിയ പാട്ടായി അതു മാറിയെന്നു പറഞ്ഞാലും അധികമാവില്ല. കാലത്തെ അതിജീവിക്കുന്ന സൃഷ്ടികളുടെ രൂപപ്പെടലിന്റെ കഥ സൃഷ്ടിയെപ്പോലെ രസകരമായിരിക്കും. പാട്ടിന്റെ ജനനത്തെക്കുറിച്ച് കെ രാഘവൻ മാഷ് പറയുന്നു:

ലളിതഗാനവിഭാഗത്തെ ഏറ്റവും ശ്രദ്ധേയവും സമ്പന്നവുമാക്കിയത് കോഴിക്കോട് ആകാശവാണിയാണെന്നു നിസ്സംശയം പറയാം. മറ്റൊരു നിലയത്തിലും ഇത്രയേറെ പ്രഗല്ഭന്മാർ ഒരുമിച്ച് ഒരേകാലത്ത് പ്രവർത്തിച്ചിട്ടില്ല. പൊൻകുന്നം വർക്കിയുടെ 'കതിരുകാണാക്കിളി' എന്ന നാടകം സിനിമയാക്കാൻ ചിലർ തീരുമാനിച്ചു. അതിന്റെ പ്രവർത്തനച്ചുമതലയും ഗാനരചനയും പി. ഭാസ്‌കരനായിരുന്നു. ഗാനങ്ങൾ ചിട്ടപ്പെടുത്താൻ പി. ഭാസ്‌കരൻ എന്നോടാവശ്യപ്പെട്ടു. സിനിമയുമായി എനിക്കൊരു ബന്ധവുമില്ലെന്നും സംഗീതസംവിധാനത്തിൽ ഞാൻ അപ്രാപ്തനാണെന്നും പറഞ്ഞുനോക്കി. ഭാസ്‌കരൻ സമ്മതിച്ചില്ല. അദ്ദേഹം പറഞ്ഞു:'നമ്മൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെത്തന്നെ മതി.' അതെനിക്ക് ആത്മവിശ്വാസം പകർന്നു. ആ സിനിമയുടെ ഗാനങ്ങളെ കുറച്ചു ദിവസത്തെ ശ്രമഫലമായി സംഗീതത്തിന്റെ സ്‌കെയിലിൽ ഒതുക്കാൻ കഴിഞ്ഞു. പക്ഷേ, അതിനു വെളിച്ചത്തുവരാനുള്ള യോഗമുണ്ടായില്ല.

കുറെക്കാലം കഴിഞ്ഞ് എസ്.കെ. പൊറ്റെക്കാട്ടിന്റെ 'പുള്ളിമാൻ' എന്ന കഥ സിനിമയാക്കാൻ നീക്കമുണ്ടായി. പി. ഭാസ്‌കരൻതന്നെ അതിലെയും ഗാനരചന. എന്നെ നിർബന്ധിച്ച് തിരുവനന്തപുരത്ത് പട്ടത്ത് ഒരു വീട്ടിലേക്കു കൊണ്ടുപോയി. അവിടെവച്ച് ഏതാനും ദിവസത്തെ ശ്രമംകൊണ്ട് ഗാനങ്ങളെ സംഗീതത്തിന്റെ വരുതിയിൽ നിർത്തി. തുടർന്ന് പല സിനിമകളും വരുമെന്നും അവയ്‌ക്കെല്ലാം സംഗീതം ചെയ്യേണ്ടിവരുമെന്നുമുള്ള ധാരണ വല്ലാതെ ശക്തമായി. മരീചികയിൽ ഭ്രമിച്ച് ഞാൻ ആകാശവാണിയിലെ ജോലി രാജിവച്ചു. ജോലി കളഞ്ഞത് അവിവേകമായി എന്നു പിന്നീട് ബോധ്യമായി. കാരണം, ആ സിനിമയുടെ പ്രവർത്തനങ്ങളെല്ലാം ഗതിമുട്ടി നിദ്രാവസ്ഥയിലായിരുന്നു. അതു മനസ്സിനേറ്റ കനത്ത പ്രഹരമായിരുന്നു. ജീവിതത്തിൽ ഒരുപാട് അല്ലലും ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമെല്ലാം വന്നുപെട്ടിട്ടുണ്ട്. അന്നൊക്കെ അതിനെ നേരിടാൻ കഴിഞ്ഞു. ഒരിക്കലും അതിന്റെ മുമ്പിൽ തളർന്നുനിന്നിട്ടില്ല. ഇപ്പോൾ ആ തന്റേടം നഷ്ടപ്പെട്ടതുപോലെ.

ആകാശവാണിയിൽ ജോലിയില്ലാത്ത സ്ഥിതിക്ക് കോഴിക്കോട്ടു താമസിക്കേണ്ട ആവശ്യമില്ല. നാട്ടിലേക്കു മടങ്ങി. തലായിൽ ഒരു വാടകവീട്ടിൽ താമസമായി. ജോലിയില്ല. സിനിമയില്ല, സംഗീതവുമില്ല. വാടക തുച്ഛമാണെങ്കിലും അത് മഹാഭാരമായി തോന്നി. വീട്ടുചെലവ്, കുട്ടികളുടെ പഠിത്തം, വീട്ടിലെ മറ്റാവശ്യങ്ങൾ എല്ലാം പരിഹാരംതേടി മുമ്പിൽ നിരന്നുനില്ക്കുകയാണ്. ഭാര്യയുടെ ആഭരണങ്ങൾ ഓരോന്നായി പടിയിറങ്ങി. ഒരു കൊല്ലക്കാലം ആരുമല്ലാതെ, ഒന്നുമല്ലാതെ കഴിഞ്ഞു. ഒരു യുഗം പിന്നിട്ട പ്രതീതി. ശീലിച്ച ജീവിതനിലവാരത്തിൽനിന്നു താഴാൻ ആർക്കും കഴിയില്ലല്ലോ. ഉയരാനേ കഴിയൂ. ഈ ജീവിതതത്ത്വം തൊട്ടറിഞ്ഞ നാളുകൾ.

ആയിടെ പി. ഭാസ്‌കരന്റെ ഒരു കത്ത് എന്നെ തേടിവരുന്നു. എറണാകുളത്തുള്ള ഒരു ടി.കെ. പരീക്കുട്ടി സിനിമയെടുക്കുന്നു. പാട്ടിന്റെ ചുമതല നമുക്കാണ്. അതിനെക്കുറിച്ച് ചർച്ച ചെയ്യാൻ കോഴിക്കോട്ട് ആര്യഭവനിൽ എത്തണം. ഇതാണ് കത്തിലെ ഉള്ളടക്കം. സുഹൃത്തും കവിയും സഹപ്രവർത്തകനുമായ ഭാസ്‌കരൻ എന്ന നല്ല മനുഷ്യന്റെ കത്താണ്. രണ്ടാമതൊന്നും ചിന്തിക്കേണ്ടതില്ല. പണി ഒന്നുമില്ല. ആവശ്യങ്ങളോ ഒട്ടേറെ. പോവുകതന്നെ. ആര്യഭവനിലെത്തുമ്പോൾ പി. ഭാസ്‌കരൻ, ഉറൂബ്, രാമു കാര്യാട്ട്, ടി.കെ. പരീക്കുട്ടി ഇവരെല്ലാവരുമുണ്ട്. കഥ ഉറൂബിന്റേതാണ്. ടി.കെ. എന്നെല്ലാവരും വിളിക്കുന്ന പരീക്കുട്ടി പറഞ്ഞു:'ഞാൻ വലിയ പണക്കാരനൊന്നുമല്ല. നിങ്ങളെല്ലാവരുംകൂടി സഹകരിക്കുകയും സഹായിക്കുകയും ചെയ്താൽ നമുക്ക് ഈ സിനിമ പിടിക്കാം. സംഗീതം ചെയ്യുന്നതിന് ആയിരംരൂപ തരും. സംരംഭം വിജയിച്ചാൽ വേണ്ടതു പോലെ ചെയ്യാം.' സമ്മതിച്ചു. ആയിരംരൂപ അക്കാലത്തു മോശമായ തുകയല്ല. കഥാ നായകനായി അഭിനയിക്കുന്നതു സത്യനാണ്. അദ്ദേഹത്തിന്റെ പ്രതിഫലം മൂവായിരംരൂപയാണ്.

ആലുവാപ്പുഴയുടെ തീരത്തെ ഒരു വാടകവീട്. അവിടിരുന്ന് പാട്ടെഴുത്തും ചിട്ടപ്പെടുത്തലും മറ്റു കടലാസ്സുപണികളും. എല്ലാ ദിവസവും വൈകുന്നേരം ടി.കെ. എറണാകുളത്തുനിന്നു വരും. അന്നത്തെ പ്രവർത്തനം വിലയിരുത്തും. ഉറൂബിന്റെ കഥയുടെ പേര് 'നീലക്കുയിൽ.' രാമു കാര്യാട്ടും പി. ഭാസ്‌കരനുമാണ് സംവിധാനത്തിന്റെ ചുമതല. ഭാസ്‌കരന്റെ തീവ്രപരിശ്രമമാണ് ആ ചിത്രത്തിന്റെ പിന്നിലെന്നു മനസ്സിലായി. ദിവസങ്ങൾ പലതു കഴിഞ്ഞു. ഭാസ്‌കരന്റെ ഗാനങ്ങൾ പലതും നൃത്തംചെയ്യാൻ തുടങ്ങി. ഒരു ദിവസം 'കായലരികത്തു വലയെറിഞ്ഞപ്പോൾ'ന' എന്ന പാട്ടിന്റെ ഫൈനൽ ട്യൂണിലെത്തി. അന്നു വൈകുന്നേരം ടി.കെ. വന്നപ്പോൾ ഭാസ്‌കരൻ പറഞ്ഞു:'ടി.കെ., കായലരികത്തു വലവീശുന്ന ആ പാട്ടുണ്ടല്ലോ, അതു ശരിയാക്കിയിട്ടുണ്ട്.''ഒന്നു കേൾക്കട്ടെ.'ഞാൻ ഹൈ പിച്ചിൽ ആ പാട്ടു പാടി. ടി.കെ.യുടെ മുഖം സന്തോഷം കൊണ്ടു തുടുക്കുന്നതു ഞാൻ കണ്ടു. ആ ദീർഘദർശി പറഞ്ഞു:'ന്നാ കേട്ടോ. ഇതായിരിക്കും. നമ്മുടെ സിനിമയിലെ ഏറ്റവും നല്ല പാട്ട്. എന്നും നിലനില്ക്കുന്ന പാട്ടുമായിരിക്കും ഇത്.'

ഞാൻ ചിരിച്ചതേയുള്ളൂ. കാരണം ഞാൻ ചൂടുവെള്ളത്തിൽ വീണ പൂച്ചയാണല്ലോ. പച്ചവെള്ളം കാണുമ്പോഴും പേടിവരും. മുമ്പ് രണ്ടു സിനിമയ്ക്ക് സംഗീതം ചെയ്തു. കേട്ടവരെല്ലാം അഭിനന്ദിക്കുകയും ചെയ്തു. എന്നിട്ടെന്തായി. എല്ലാം ചാപിള്ളയായില്ലേ.പക്ഷേ, സംഗീതത്തെക്കുറിച്ചോ സിനിമാഗാനത്തെക്കുറിച്ചോ ഒന്നും അറിയാത്ത ആ നാടന്മനുഷ്യന്റെ വാക്കുകൾ എന്റെ മനസ്സിലെവിടെയോ ചില ചലനങ്ങളുണ്ടാക്കി.പിന്നെ എന്നും ടി.കെ.യ്ക്ക് ആ പാട്ടു കേൾക്കണം. അദ്ദേഹം വന്നു സിനിമാപ്രവർത്തനങ്ങൾ വിലയിരുത്തിക്കഴിഞ്ഞിട്ടു പറയും:'രാഘവൻ മാഷേ, ആ കായലരികത്ത് ഒന്നു പാടൂ. ഞാൻ തയ്യാറായിരിക്കും. പാടൂ.'ഓരോ പാട്ടും ആരെക്കൊണ്ടൊക്കെ പാടിക്കണമെന്ന് പി. ഭാസ്‌കരനും കാര്യാട്ടുമെല്ലാം തീരുമാനിച്ചു. ആകെ ഒൻപതു പാട്ടുകളാണ്. അതിൽ കായലരികത്തുള്ള പാട്ട് കൊച്ചിയിലെ അബ്ദുൽഖാദറെക്കൊണ്ട് പാടിക്കണമെന്നു തീരുമാനിച്ചു. ഹാജി എന്നാണയാളെ എല്ലാവരും വിളിക്കുക. അറിയിച്ചതനുസരിച്ച് ഹാജി ആലുവായിലെ ക്യാമ്പിലെത്തി. എനിക്കയാളെയോ അയാൾക്ക് എന്നെയോ പരിചയമില്ലായിരുന്നു. പി. ഭാസ്‌കരൻ ഞങ്ങളെ അന്യോന്യം പരിചയപ്പെടുത്തി. ഹാജിക്ക് ഞാൻ പാട്ടു പഠിപ്പിച്ചു കൊടുത്തു. അയാൾ പാടി. ശാരീരം വേണ്ടത്ര കനം പോര എന്നതൊഴികെ വേറേ കുഴപ്പമൊന്നുമില്ല.

പതിവുപോലെ വൈകുന്നേരം ടി.കെ. വന്നു. കാര്യങ്ങളുടെ പുരോഗതി വിലയിരുത്തി. അപ്പോഴാണ് ഹാജിയെ കണ്ടത്. ടി.കെ. നേരത്തേ അറിയും:'ഹാജി എപ്പോ വന്നു? എന്തെല്ലാമാണു വിശേഷം?'
പി. ഭാസ്‌കരനാണു മറുപടി കൊടുത്തത്:''കായലരികത്തെ'ന്ന പാട്ട് ഹാജിയെക്കൊണ്ടു പാടിക്കാമെന്നു വിചാരിച്ചു വിളിച്ചതാണ്.' എല്ലാവരും വട്ടമിട്ടിരുന്നു. ഹാജി പാടാൻ തയ്യാറായി. ഞാൻ ഹാർമോണിയം മെല്ലെ ടച്ചുചെയ്തുകൊടുത്തു. ഹാജി പാടിത്തുടങ്ങി.രണ്ടു വരി പാടിക്കേട്ടപ്പോൾ ടി.കെ. പുറത്തിറങ്ങി. ഹാജി പാടിക്കൊണ്ടിരുന്നു.എനിക്ക് എന്തോ പന്തികേടു തോന്നി. പാട്ട് അവസാനിച്ചപ്പോൾ എന്നെ പുറത്തേക്ക് വിളിച്ച് ടി.കെ. പറഞ്ഞു:'ഈ പാട്ട് ഹാജി പാടിയാൽ ശരിയാവില്ല. രാഘവന്മാഷുതന്നെ പാടണം.'
ഭാസ്‌കരൻ പറഞ്ഞു:മ്പോൾ ശരിയാകും.'
ടി.കെ. പറഞ്ഞു:
'പക്കമേളത്തോടെ ഹാജി പാടു
'എന്തോ, എനിക്കു തോന്നുന്നില്ല.'

സിനിമാസംബന്ധമായ എല്ലാ ജോലികളും പൂർത്തിയായി. റെക്കോഡിങ്ങിന് മദിരാശിയിലെ വാഹിനിയിലെത്തി. ഹാജിയെയും കൊണ്ടുപോയിരുന്നു. അന്ന് ഇന്നത്തെപ്പോലെ റെക്കോഡിങ് ഇത്രമണിവരെയെന്നുവ്യവസ്ഥയില്ല. തീരുവോളം എന്നാണ്. രാത്രിയും റെക്കോഡിങ് ഉണ്ട്. ഇന്നത്തെ സൗകര്യവുമായി താരതമ്യം ചെയ്യാനേ ആവില്ല. രാത്രി ഒരു മണി ആയിട്ടുണ്ടാവും. കായലരികത്ത് പാടാൻ പക്കമേളം റെഡി. പാടാൻ ഹാജിയെ ഞാൻ വിളിച്ചു. ഉടനെ ടി.കെ. പറഞ്ഞു:'വേണ്ട. ഈ പാട്ട് മാഷുതന്നെ പാടണം.'

ടി.കെ.യ്ക്കു വഴങ്ങുകയല്ലാതെ ഞങ്ങൾക്ക് മറ്റൊന്നും ചെയ്യാൻ വയ്യാ യിരുന്നു. പ്രത്യേക തയ്യാറെടുപ്പില്ലാതെ ഒറ്റ ടേക്കിൽ ഞാൻ പാടി. ടി.കെ.യ്ക്കു സന്തോഷമായി.സിനിമ പുറത്തുവന്നു. ആ നല്ല മനുഷ്യൻ പ്രവചിച്ചതുപോലെ പാട്ട് ഹിറ്റായി. ആ പാട്ട് എനിക്കു ജീവിതപാതയിൽ ചുകപ്പു പരവതാനി വിരിച്ചു തന്നു. അന്നോളം കേട്ടിട്ടില്ലാത്ത ഈണം ജനങ്ങൾക്കിഷ്ടമായി. ആ പാട്ട് എനിക്കു വച്ചുനീട്ടിയ സൗഭാഗ്യം ചെറുതായിരുന്നില്ല. ഭാസ്‌കരനെയും ടി.കെ.യെയും ഒരിക്കലും എനിക്കു മറക്കാനാവില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP