Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാലം പായുന്ന ലോറി പോലെ.....സന്തോഷ് പണ്ഡിറ്റിനെ കൂവി വിളിക്കുന്നവർ ലാലേട്ടന്റെ ഈ കൂതറ ഗാനം കേൾക്കട്ടെ

കാലം പായുന്ന ലോറി പോലെ.....സന്തോഷ് പണ്ഡിറ്റിനെ കൂവി വിളിക്കുന്നവർ ലാലേട്ടന്റെ ഈ കൂതറ ഗാനം കേൾക്കട്ടെ

ലാലേട്ടന്റെ 'കൂതറ' സന്തോഷ് പണ്ഡിറ്റിന്റെ സിനിമയെ കവച്ചു വയ്ക്കുമോ? ഈയിടെ പുറത്തിറങ്ങിയ കൂതറയിലെ ഒരു കൂതറ പാട്ട് കേട്ടാൽ ആദ്യം തോന്നുക അതാണ്. പാട്ടിന്റെ താളവും സംഗീതവും പാട്ടുകാരന്റെ ശബ്ദവും മാത്രമല്ല പാട്ടിന്റെ വരികളും സന്തോഷ് പണ്ഡിറ്റ് സിനിമയേക്കാൾ അരോചകം. ഇത് കണ്ടാൾ തീർച്ചയായും ഈ സിനിമ കൂതറ തന്നെയായിരിക്കുമെന്ന് ആർക്കും തീർത്തു പറയാം.

'ചുമ്മാതെ എന്താ എങ്ങനാ ചോദ്യമൊന്നും വേണ്ട, എന്താണേലും കാര്യമില്ലാ' എന്നു തുടങ്ങുന്ന ഗാനം പക്ഷേ ഭരതും ജനനി അയ്യരും തമ്മിലുള്ള രസകരമായ ഒരു പ്രണയ രംഗമാണ് അവതരിപ്പിക്കുന്നത്. താളവും സംഗീതവും ഒന്നും എടുത്തു പറയാനില്ലാതെ സംസാരഭാഷയിൽ മുന്നേറുന്ന ഗാനത്തിന്റെ വരികളാണ് അതീവ രസകരം. 'കാലം പായുന്ന ലോറി പോലെ, ഊരാതെ നീ ചാടിക്കേറി വാ വീഴാതെ..... വീണാൽ വീണിടം വിഷ്ണുലോകം, ഈ നമ്മൾ ചാകുമ്പോഴും ചമഞ്ഞു കിടക്കാൻ വരം താ പൊന്നീശോ...' എന്നിങ്ങനെ പോകുന്നു വരികൾ.

ചരണത്തിലെ വരികൾ കേട്ടാൽ പണ്ഡിറ്റിനെ തെറി വിളിച്ചവെനാക്കെ ഇപ്പോ തന്നെ വിളിച്ച് മാപ്പു പറയും, 'മോങ്ങാതെ വണ്ടേ , നാലെത്തും വണ്ടേ, ആളാകും വണ്ടേ, എവരി ഡോഗ് ഹാസ് വൺഡേ.... 'വരികൾക്ക് പ്രത്യേകിച്ച് അർത്ഥമൊന്നും പ്രതീക്ഷിക്കരുതെന്ന് സാരം. ഇങ്ങനെയുമുണ്ടോ ഒരു പാട്ടെന്നാകും ആദ്യം കേൾക്കുന്നവർക്ക് തോന്നുക. താളവും സംഗീതവും മാത്രമല്ല ഗായകന്റെ ബാസുള്ള ശബ്ദവും കൂടിയാകുമ്പോൾ ആൾക്കാർ ഈ പാട്ട് കേട്ട് തെറിവിളിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. സന്തോഷ് പണ്ഡിറ്റ് പാട്ടുകൾ ആഘോഷിച്ച മലയാളിക്ക് ആഘോഷമാക്കാൻ അങ്ങനെ 'എന്താ എങ്ങനാ' എന്നൊരു പാട്ട് കൂടി ലഭിച്ചു. ജാസി ഗിഫ്റ്റിന്റെ ലജ്ജാവതിയേ എന്ന ഗാനമായിരുന്നു മുമ്പ് ഇതുപോലെ വ്യത്യസ്ത വരികളും സംഗീതവുമായി മലയാളത്തിൽ എത്തിയത്. അന്നതിനെ കളിയാക്കിയവരൊക്കെ പിന്നെ ലജ്ജാവതിയെ കൊണ്ടാടിയതു പോലെ ഈ കൂതറ ഗാനം എന്താവുമെന്ന് കണ്ടറിയാം.

യുവതാരങ്ങൾക്കൊപ്പം മോഹൻലാലും ഒന്നിക്കുന്ന കൂതറയിലെ പ്രേക്ഷകരിലേക്ക് എത്തുന്ന ആദ്യ ഗാനമാണിത്. ഗോപീസുന്ദറിന്റെ സംഗീതത്തിൽ പാട്ട് പാടിയിരിക്കുന്നത് പ്രശസ്ത ബാസ് പ്ലെയറായ ജയൻ വർമ്മയാണ്. ഹരിനാരായണന്റെതാണ് രസകരമായ വരികൾ.

പേരു കൊണ്ട് തന്നെ ശ്രദ്ധ നേടാൻ കഴിഞ്ഞ ചിത്രമാണ് ശ്രീനാഥ് രാജേന്ദ്രന്റെ കൂതറ. മോഹൻലാൽ ചിത്രത്തിലെ ഒരു കഥാപാത്രമാകുന്നു എന്ന വാർത്ത വന്നതോടെ കൂതറ തരംഗമായി. പ്രേക്ഷകരെ ഞെട്ടിച്ചാണ് ലാൽ ഗെറ്റപ്പിലിറങ്ങിയ ടീസറും ട്രെയിലറും ശ്രദ്ധ നേടിയത്. 'കൂതറ'യുടെ ഒഫീഷ്യൽ ട്രെയിലറിൽ ഈ ദുനിയാവില് കുഴപ്പം പിടിച്ചൊരു സ്ഥലമുണ്ടെങ്കി..അതെന്റെ കാലിന്റെ ചൊടെയുള്ള മണ്ണിലായിരിക്കും.. എന്ന മോഹൻലാലിന്റെ സംഭാഷണം ഇപ്പോഴേ ഹിറ്റായിരിക്കുകയാണ്. എന്നാൽ ഞെട്ടലുകൾ അവസാനിക്കുന്നില്ല എന്നാണ് പാട്ടിന്റെ വരവ് സൂചിപ്പിക്കുന്നത്.

ഭരത്, ടോവിനോ തോമസ്, സണ്ണി വെയിൻ, ഭാവന, ജനനി അയ്യർ, ഗൗതമി നായർ, ശ്രീദ്ധ ശിവദാസ് എന്നിവരാണ് കൂതറയിലെ പ്രധാന താരങ്ങൾ. വിനി വിശ്വാലാലാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP